വെള്ളിത്തിരയിലെ പഴയ തലമുറയിലെ ഹാസ്യനടന്മാരെ പറ്റി പറയുമ്പോൾ അപൂർവമായി മാത്രം കടന്നുവരുന്ന പേരാണ് പി. കുഞ്ഞാവയുടേത്. ബഹദൂർ, അടൂർഭാസി, എസ്. പി പിള്ള, കുതിരവട്ടം പപ്പു, മാള അരവിന്ദൻ, ജഗതി ശ്രീകുമാർ എന്നിങ്ങനെ സിനിമാരംഗം വാണ നടന്മാരിൽ ബോധപൂർവമോ അല്ലാതെയോ ഉള്ള തമസ്കരണത്തിന് വിധേയമായ നടനാണ് കുഞ്ഞാവ. പി ഭാസ്കരൻ സംവിധാനം ചെയ്‌ത രാരിച്ചൻ എന്ന പൗരൻ (1956) മുതൽ എ .ടി. അബുവിന്റെ ധ്വനി (1988) വരെ മൂന്നു പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ അഭിനയജീവിതം വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. നാടകങ്ങളിലൂടെ വന്ന് സിനിമയിൽ തിളങ്ങുകയും സിനിമയിൽ നിന്ന് അപ്രതീക്ഷിതമായി തിരോഭവിക്കുകയും ചെയ്ത കഥയാണ് കുഞ്ഞാവയുടെ ജീവിതം.
കുഞ്ഞാവ സിനിമയിൽ കൊണ്ടുവന്ന കുതിരവട്ടം പപ്പുവിന് അഭിനയരംഗത്ത് പിടിച്ചുനിൽക്കാൻ പറ്റിയിട്ടും കുഞ്ഞാവയ്ക്ക് സാധിച്ചില്ല.
കോഴിക്കോട് നഗരത്തിൽ ബോംബെ ഹോട്ടലിനോട് ചേർന്ന് നിൽക്കുന്ന പട്ടുതെരുവിലാണ് പള്ളിത്താഴത്ത് കുഞ്ഞാവ എന്ന പി. കുഞ്ഞാവ ജനിച്ചത്. ചായക്കട നടത്തിയിരുന്ന കുഞ്ഞാമുവിന്റെയും പാത്തുമ്മായുടെയും ഒൻപത് മക്കളിൽ രണ്ടാമൻ. ഹിമായത്തുൽ ഇസ്ലാം സ്കൂളിലും സെന്റ് ജോസഫ് ഹൈസൂളിലുമായിരുന്നു വിദ്യാഭ്യാസം. പഠനത്തിൽ പിന്നാക്കമായ കുഞ്ഞാവ നാടകത്തിലും സ്പോർട്സിലും കഴിവ് തെളിയിച്ചു. സ്കൂൾ നാടകത്തിലൂടെയാണ് ആദ്യമായി അരങ്ങിൽ കയറിയത്. അതിന് നിമിത്തമായത് കെ.എസ്. രാമൻ എന്ന അധ്യാപകനും. ഹാസ്യ നാടകങ്ങൾ അഭിനയിക്കാൻ കുഞ്ഞാവയ്ക്ക് പ്രത്യേക സിദ്ധിയുണ്ടായിരുന്നു. സഹപാഠികളെ തമാശ പറഞ്ഞ് രസിപ്പിച്ചിരുന്നതുകൊണ്ട് കൊമേഡിയൻ എന്ന പേരിലാണ് വിദ്യാർഥികൾക്കിടയിൽ അറിയപ്പെട്ടത്. മികച്ച ഫുട്ബാൾ കളിക്കാരനായ കുഞ്ഞാവ ക്യാപ്റ്റനായ വർഷമാണ് ഹിമായത്ത് സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്റർ ഹൈസ്കൂൾ ട്രോഫി നേടിയത്.
സെന്റ് ജോസഫ് സ്കൂൾ വാർഷികത്തിൽ അരങ്ങേറിയ നാടകത്തിലെ അഭിനയം കണ്ട് ആകാശവാണി നിലയം ഡയറക്ടർ കുഞ്ഞാവയെ ആകാശവാണിയിലേക്ക് ക്ഷണിച്ചു. അവിടെ മുതൽ തുടങ്ങി മൂന്ന് പതിറ്റാണ്ടോളം റേഡിയോ നാടകങ്ങൾ അവതരിപ്പിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം എം.എസ്.എ ഡ്രമാറ്റിക് അസ്സോസിയേഷന്റെ നാടകങ്ങളിലൂടെ അരങ്ങിലെത്തി. ഗാനരചയിതാവായ എം.എ. സൈദ് അഹമ്മദ് ഷിഹാബുദീന്റെ ഓർമ്മയ്ക്കായി സുഹൃത്തുക്കൾ സ്ഥാപിച്ച നാടകസംഘം പരപ്പിൽ പ്രദേശത്താണ് പ്രവർത്തനം ആരംഭിച്ചത്. സാമുദായിക പരിഷ്കരണ സ്വഭാവമുള്ള നാടകങ്ങളായിരുന്നു എം.എസ്എ. ചെയ്തിരുന്നത്. തുടക്കത്തിൽ യാഥാസ്ഥിതികരുടെ കടുത്ത എതിർപ്പിനെ അവർക്ക് നേരിടേണ്ടിവന്നു.
എം.എസ്.എ യുടെ പിറവിക്കുപിന്നിൽ പകരം വീട്ടലിന്റെ കഥയുണ്ടായിരുന്നു. ‘ആരാണപരാധി’ എന്നൊരു നാടകം 1948 ജൂൺ 4 ന് മദ്രസത്തുൽ മുഹമ്മദിയ സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നാടകത്തിൽ സ്ത്രീകഥാപാത്രങ്ങൾ ഉള്ളതുകൊണ്ട് അതിന് അവതരണാനുമതി നിഷേധിക്കപ്പെട്ടു. അന്ന് പുരുഷന്മാരായിരുന്നു സ്ത്രീവേഷം കെട്ടിയിരുന്നത്. എന്നിട്ടും യാഥാസ്ഥിതികർ നാടകം അവതരിപ്പിക്കാൻ അനുവദിക്കില്ല എന്ന നിലപാടെടുത്തു. എങ്ങനെയും നാടകം കളിക്കണമെന്ന വാശിയിലായി അണിയറ പ്രവർത്തകർ. രണ്ടു വർഷത്തെ പരിശ്രമത്തിന് ശേഷം 1950 ജൂലൈ 18 ന് രാധ തിയേറ്ററിൽ നാടകം അരങ്ങേറി. സംഘാടകരെ അമ്പരപ്പിച്ചു കൊണ്ട് ഒട്ടേറെ സ്ത്രീകൾ പ്രേക്ഷകരായി എത്തി. മുസ്ലിം സമുദായത്തിൽ കോളിളക്കമുണ്ടാക്കിയ ഈ നാടകത്തിലൂടെ എം.എസ്.എ ഡ്രമാറ്റിക് അസോസിയേഷൻ അറിയപ്പെട്ടു. സമുദായത്തിലെ അനാചാരങ്ങൾക്കും അനീതികൾക്കും എതിരെ നാടകം എന്ന മാധ്യമം ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുമെന്ന തിരിച്ചറിവിനെ തുടർന്ന് എം.എസ്എ. കൂടുതൽ ശക്തമായ പ്രമേയങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി. എം.എസ്.എ യുടെ പ്രധാന കലാകാരന്മാരായിരുന്നു കെ.പി. ഉമ്മർ. ഹാജി അബ്ദുറഹിമാൻ, കെ.ടി. മുഹമ്മദ്, ബി. മുഹമ്മദ്, പി.എൻ.എം. ആലിക്കോയ, പി.എം. കാസിം തുടങ്ങിയവർ.
സി.കെ.എം കോയയുടെ ‘തിലകൻ’ എന്ന നാടകത്തിലൂടെയാണ് കുഞ്ഞാവ അരങ്ങിലെത്തിയതെങ്കിലും എം.എസ്.എയുടെ ‘വമ്പത്തി നീയാണ് പെണ്ണ്’, ‘എളാമ’, ‘തറവാടും മടിശീലയും’ എന്നീ നാടകങ്ങളിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. എളാമയിൽ നാടക കൃത്തായ പി.എൻ.എം. ആലിക്കോയ, കവി മാഷ് (ബി. മുഹമ്മദ്) എന്നിവരോടൊപ്പമായിരുന്നു അഭിനയം.
അഖില മലബാർ കേന്ദ്ര കലാസമിതിയുടെ നാടകോത്സവത്തിൽ ‘വമ്പത്തി നീയാണ് പെണ്ണ്’ എന്ന നാടകത്തിൽ ഇരുപതുകാരനായ കുഞ്ഞാവ എഴുപതുകാരനായ വൃദ്ധന്റെ വേഷം ചെയ്ത് മികച്ച നടനുള്ള സ്വർണ്ണമെഡൽ നേടി. അടുത്ത വർഷം അതേ നാടകസംഘത്തിന്റെ ‘തറവാടും മടിശീലയും’ എന്ന നാടകത്തിൽ വേഷമിട്ട് സഹനടനുള്ള സമ്മാനവും നേടി.
കുഞ്ഞാവയ്ക്ക് മികച്ച നാടകങ്ങൾ നൽകിയ എം. എസ്.എയുടെ പ്രവർത്തനം അറുപതുകളുടെ മധ്യത്തോടെ നിലച്ചു. അതിനുശേഷം എ.കെ. പുതിയങ്ങാടി, തിക്കോടിയൻ, കെ.ടി. മുഹമ്മദ്, ഉറൂബ് എന്നിവരുടെ നാടകങ്ങളിലും അഭിനയിച്ചു.
കോഴിക്കോട് നഗരത്തിൽ എല്ലാവർഷവും അരങ്ങേറുന്ന കാർണിവൽ പരിപാടികളിൽ കുഞ്ഞാവയും സംഘവും അവതരിപ്പിക്കുന്ന നിമിഷ നാടകങ്ങൾ പതിവായിരുന്നു. സ്ക്രിപ്റ്റിന്റെ പിൻബലമില്ലാതെ സ്റ്റേജിൽ കയറി അപ്പോൾ തോന്നുന്ന രസകരമായ സംഭവങ്ങളാണ് നാടകമായി കളിച്ചിരുന്നത്. അതിനെ കുറിച്ച് തിക്കോടിയൻ അരങ്ങുകാണാത്ത നടനിൽ എഴുതുന്നു: “ഇത്രയും പറഞ്ഞപ്പോഴാണ് ഒരു കാലത്ത് കോഴിക്കോടിനെ മതിമറന്നു ചിരിപ്പിച്ച മൂന്നുപേർ അതിശക്തമായി എന്റെ ഓർമ്മയിലെത്തുന്നത്. പപ്പു, വേണു, കുഞ്ഞാവ. പപ്പു സിനിമയിലുണ്ട്, നാട്ടിലില്ല. വേണു വീട്ടിലുണ്ട്, സിനിമയിലും നാടകത്തിലുമില്ല. കുഞ്ഞാവ ഭൂമിയിലില്ല. സ്വർഗ്ഗത്തിലുണ്ട്. ഈ മൂന്നു പേരും മുമ്പ് പലപ്പോഴായി എന്റെ ഓർമ്മയിൽ വന്നിട്ടുണ്ടാകണം. ഒന്നിച്ചല്ല. ഇപ്പോഴാണ് ഒന്നിച്ചുവരുന്നത്. ഇവരൊന്നിച്ചു വരുമ്പോഴാണ് രേഖപ്പെടുത്താവുന്ന പല സംഭവങ്ങളും ഉണ്ടാകുന്നത്. ഏതു സദസ്സിനെയും രണ്ടു രണ്ടര മണിക്കൂർ പിടിച്ചിരുത്തി രസിപ്പിക്കാനുള്ള കോപ്പുകൾ അന്നിവരുടെ കയ്യിലുണ്ടായിരുന്നു. ഒരു മുഴുനീള നാടകം വേണോ, തയ്യാർ. ആരുടേതാണ് നാടകം? ചോദിക്കരുത്. എന്ത് നാടകമാണ്? കണ്ടു മനസ്സിലാക്കിക്കോളണം. ചോദ്യങ്ങൾക്കു മുഴുവനും കനപ്പെട്ട ഉത്തരമാണ്. മറിച്ച് മറ്റൊന്ന് ചോദിക്കാൻ ചോദ്യകർത്താവിനിടം കൊടുക്കില്ല. കാരണം വളരെ രഹസ്യമാണ്. ആരും എഴുതിക്കൊടുത്ത നാടകമല്ല. നാടകത്തിനു പേരില്ല. സദസ്സു ചേർന്ന് അവതരണത്തിന് സമയമാകുമ്പോൾ ഒരു പേരങ്ങുണ്ടാകും. നറുക്കിട്ടെടുക്കുന്നതാണോ എന്നറിയില്ല. യവനിക നീങ്ങിത്തുടങ്ങുമ്പോൾ മൂവരിൽ ആരെങ്കിലുമൊരാൾ രംഗത്തുണ്ടാകും. അവിടെ നിന്ന് എന്തെങ്കിലുമൊന്ന് പറയും. ഏറ്റു പറഞ്ഞുകൊണ്ട് രണ്ടാമൻ വരും. മൂന്നാമന് വന്നു ചേരാനുള്ള സന്ദർഭം ഈ രണ്ടുപേരും ചേർന്നുണ്ടാക്കും. അങ്ങനെ മൂന്നുപേരും ഒത്തുചേർന്നു കഴിഞ്ഞാൽ ഒരു ഹാസ്യ നാടകം പുറന്തോട് പൊളിച്ചു പതുക്കെ വെളിച്ചത്തിലേക്ക് കഴുത്തു നീട്ടി, ഉടൽ കുടഞ്ഞ്, ഇടറുന്ന അടികളോടെ നടന്നു പിന്നെ ചിറകിട്ടടിച്ച് കൂവാൻ തുടങ്ങും. സദസ്സു ചിരിച്ചു ചിരിച്ചു തളരും. നാടകകൃത്ത് വേണ്ട, സംവിധായകൻ വേണ്ട, സ്ക്രിപ്റ്റ് വേണ്ട. നടികൾ വേണ്ട, നടന്മാരും. നിങ്ങളെ രസിപ്പിക്കാൻ ഈ ത്രിമൂർത്തികൾ മതി. ആണായാലും പെണ്ണായാലും വേഷം മാറാതെ ഭാവാഭിനയങ്ങളിലൂടെ സംഗതി രസകരമായി ഒപ്പിച്ചെടുക്കും. ആസ്വാദകന് വിഭവസമൃദ്ധമായ സദ്യ കൊടുക്കും. ഞാനാദ്യം പറഞ്ഞതുപോലെ കുഞ്ഞാവ ഇന്ന് സ്വർഗത്തിലാണ്. പപ്പു സിനിമയിലും അല്പകാലത്തെ ഇടവേളയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത വേണു തൊഴിലില്ലാതെ നാടകവേദിയോ വെള്ളിത്തിരയോ വിളിക്കുമെന്ന പ്രതീക്ഷയോടെയും ദിവസം കഴിക്കുന്നു’’.
രാരിച്ചൻ എന്ന പൗരനിലെ (1956) പരദൂഷണം തൊഴിലാക്കിയ ഖാദർ എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെ അരങ്ങേറ്റം കുഞ്ഞാവ ഗംഭീരമാക്കി. നാടകത്തിലെ അനുഭവ പരിചയം ക്യാമറയ്ക്ക് മുമ്പിൽ പതറാതെ നിൽക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. പി. ഭാസ്കൻ സംവിധാനം ചെയ്‌ത രാരിച്ചൻ എന്ന പൗരൻ മികച്ച ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ സിനിമയായിരുന്നു. എസ്.കെ പൊറ്റെക്കാട്ടിന്റെ കഥയിൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടത്തിൽ (1963) കുഞ്ഞാവയുടെ അത്രുമാൻ എന്ന കഥാപാത്രം കൂടെക്കൂടെ ഇങ്ങനെ പറയുന്നുണ്ട്: “ഇജ്ജ് എന്തറിഞ്ഞു മോനെ ബോംബയിലെ മജ”. ആ കഥാപാത്രത്തിന്റെ ഭാവവും ശരീരഭാഷയും പ്രേക്ഷകരെ നന്നായി രസിപ്പിച്ചു. നായര് പിടിച്ച പുലിവാലിൽ (1958 ) കുഞ്ഞാവയുടെ കഥാപാത്രം കടം കൊടുത്ത പണം തിരികെ വാങ്ങാൻ പൈതൽ നായരുടെ വീട്ടിൽ വരുമ്പോൾ കൂട്ടിൽ ഉറങ്ങികിടക്കുന്ന സിംഹത്തെ നോക്കി പറയുന്നു, “മൂപ്പര് ആളൊരു തറവാടിയാ…” എം.ടിയുടെ തിരക്കഥയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്തത ഓളവും തീരത്തിലെ (1970) കുഞ്ഞാവയുടെ മുസല്യാർ യഥാർത്ഥ ജീവിതവുമായി അത്രയേറെ താദാമ്യം പ്രാപിച്ചിരുന്നു. പകൽക്കിനാവിലെ (1966) ഗുമസ്തൻ, യത്തീമിലെ (1977) തുർക്കിതൊപ്പി ധാരിയായ മമ്മൂട്ടിക്ക, കുട്ട്യേടത്തി (1971), അസുരവിത്ത് (1968) എന്നിവയിലെ മൊല്ലാക്ക കഥാപാത്രങ്ങൾ എന്നിവയും പ്രേക്ഷകർ നന്നായി സ്വീകരിച്ചു.
‘ആരാണപരാധി’ എന്ന നാടകത്തിൽ സ്ത്രീകഥാപാത്രങ്ങൾ ഉള്ളതുകൊണ്ട് അതിന് അവതരണാനുമതി നിഷേധിക്കപ്പെട്ടു. അന്ന് പുരുഷന്മാരായിരുന്നു സ്ത്രീവേഷം കെട്ടിയിരുന്നത്.
ഐ.വി. ശശിയുടെ അഹിംസ (1981) യിൽ ശ്രീനിവാസന്റെയും കുതിരവട്ടം പപ്പുവിന്റെയും അച്ഛനായി വേഷമിട്ടു. സ്ഥിരം മുസ്‍ലിം കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായ വേഷം ചെയ്തത് അവസാന ചിത്രമായ ധ്വനി (1988) യിലാണ്. അതിൽ സത്യസന്ധനായ രാഷ്ട്രീയ പ്രവർത്തകനാണ്. “വിഴുപ്പലക്കിയതുകൊണ്ട് വലിയ കാര്യമൊന്നുമില്ല ഭാസ്‌കരാ, പാർട്ടിയെ രക്ഷപ്പെടുത്താൻ കഴിയുമോന്ന് നോക്ക്’’ എന്ന സംഭാഷണം പടം കണ്ടവർ മറക്കാനിടയില്ല.
ശ്യാമളച്ചേച്ചി (1965), മുറപ്പെണ്ണ് (1965), കുഞ്ഞാലി മരയ്ക്കാർ (1967), ഞാവൽപ്പഴങ്ങൾ (1976), ഉമ്മാച്ചു (1971) പാതിരാവും പകൽ വെളിച്ചവും (1974), തെമ്മാടി വേലപ്പൻ (1976), അനുഗ്രഹം (1977), പതിനാലാം രാവ് (1978), ചുവന്ന വിത്തുകൾ (1979) തുടങ്ങി മുപ്പതോളം സിനിമകളിൽ കുഞ്ഞാവ അഭിനയിച്ചു.
കുഞ്ഞാവ സിനിമയിൽ കൊണ്ടുവന്ന കുതിരവട്ടം പപ്പുവിന് അഭിനയരംഗത്ത് പിടിച്ചുനിൽക്കാൻ പറ്റിയിട്ടും കുഞ്ഞാവയ്ക്ക് സാധിച്ചില്ല. അതിനു കാരണം കിട്ടിയ വേഷങ്ങളിൽ ഭൂരിഭാഗവും ഒരേ രീതിയിലുള്ളതും അപ്രധാനങ്ങളുമായിരുന്നു എന്നതാണ്. അദ്ദേഹം അഭിനയരംഗത്ത് വന്ന അമ്പതുകളിൽ ബഹദൂർ, അടൂർഭാസി, എസ്.പി. പിള്ള എന്നിവരെപോലെ ഒരു ശൈലി ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല എന്നതായിരിക്കാം മറ്റൊരു കാരണം.
നിത്യജീവിതത്തിൽ ഫലിതപ്രിയനായ കുഞ്ഞാവയുടെ കുടുംബ ജീവിതം രണ്ടുമാസം മാത്രമാണ് നിലനിന്നത്. തൂവെള്ള ഖദറിലും വെള്ള മുണ്ടിലും എപ്പോഴും കാണപ്പെടുന്ന കുഞ്ഞാവയ്ക്ക് വിപുലമായ സൗഹൃദവലയമുണ്ടായിരുന്നു. സിനിമാ നിരൂപകനായ കോഴിക്കോടൻ എഴുതിയ ‘കുഞ്ഞാവ എന്ന കൊമേഡിയൻ’ എന്ന ലേഖനത്തിൽ ഇങ്ങനെ കാണാം:
‘‘അധിക ദിവസവും ഞാൻ അദ്ദേഹത്തെ കണ്ടിരുന്ന കാലമുണ്ടായിരുന്നു. കോഴിക്കോട് കടപ്പുറത്ത് സ്ഥിതി ചെയ്യുന്ന കമ്പി ആപ്പീസിലാണ് എനിക്ക് ജോലി. ആപ്പീസിൽ നിന്ന് ഒരു നാലഞ്ചുവാര ഇപ്പുറത്തുള്ള ബോംബെ ഹോട്ടൽ കടന്നുവേണം ആപ്പീസിലെത്താൻ. ഹോട്ടലിന് മുന്നിൽ മിക്കപ്പോഴും കുഞ്ഞാവയുണ്ടാവും. ചങ്ങാതിമാരുമായി ഉറക്കെ സംസാരിച്ചും ചിരിച്ചും നിൽക്കുന്നു. കുഞ്ഞാവ അരങ്ങത്തുണ്ടെങ്കിൽ ഒരു നാടകവും നാടക സദസ്സും മുഷിയില്ലെന്ന് ജനം. ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് കുഞ്ഞാവ’’.
സൗഹൃദങ്ങൾ അദ്ദേഹത്തെ മദ്യപാന സദസ്സുകളിൽ തളച്ചിടാനും കാരണമായി. അമിതമായ മദ്യപാനം കുഞ്ഞാവയെ മരണത്തിലേക്ക് കൂട്ടികൊണ്ടുപോയി. 1990 ഒക്ടോബർ 5 ന്, 58-ാമത്തെ വയസ്സിൽ കുഞ്ഞാവ ജീവിതത്തിൽനിന്ന് വിടവാങ്ങി. അവസാന കാലത്ത് സഹോദരി നബീസയുടെയും അവരുടെ മക്കളോടും ഒപ്പമായിരുന്നു താമസം.
മരണശേഷം കുഞ്ഞാവയെ പറ്റിയുള്ള കുറിപ്പുകൾ അപൂർവമായേ പ്രത്യേക്ഷപ്പെട്ടിരുന്നുള്ളൂ. അദ്ദേഹം വാസുപ്രദീപിനെ ഏൽപ്പിച്ച ഒരു നോട്ടുപുസ്തകത്തിൽ, അഭിനയിച്ച നാടകങ്ങളെയും സിനിമകളെയും പറ്റി വിശദമായ കുറിപ്പുണ്ടായിരുന്നു. വാസുപ്രദീപിന്റെ മരണത്തോടെ അത് കാണാതെയായി. കുഞ്ഞാവയുടെ മരണശേഷം ചെറിയ രീതിയിലുള്ള അനുസ്മരണങ്ങൾ കഴിഞ്ഞ് 2015- ൽ 25-ാം ചരമവാർഷികം വിപുലമായ പരിപാടികളോടെ നടന്നു. അദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ ഫിറോസ് പട്ടുതെരുവ്, അഡ്വ എൻ. രാജൻ എന്നിവരുടെ പരിശ്രമങ്ങൾ ഈ അനുസ്മരണങ്ങൾക്ക് പിന്നിലുണ്ട്.