വി.എച്ച്.പിയുടെ വികാരം വ്രണപ്പെടുത്തുന്ന എന്താണ് ‘അന്നപൂരണി’യിലുള്ളത്?

ഹിന്ദുത്വ ആശയം പേറുകയും ഇതരമതവിദ്വേഷം മടിയേതുമില്ലാതെ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രോപ്പഗാന്റ സിനിമകൾക്ക് ഭരണകൂടം ഒത്താശ ചെയ്യുന്ന സന്ദർഭത്തിൽ ‘അന്നപൂരണി’യെപ്പോലുള്ള സിനിമകൾക്കുനേരെ ഉയരുന്ന നിരോധന ആക്രോശങ്ങൾ അപകടകരമായ ഒരു രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൂടിയാണ്.

ലയെ നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യം ഗവൺമെന്റിന്റെയോ ഏതെങ്കിലും സംഘടനകളുടെയോ കൈവശമാവുക എന്നത് ഒരു ജനാധിപത്യരാജ്യത്തിന് ഭൂഷണമല്ല. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആർട്ടിക്കിൾ 19, അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽ കൈകടത്താനുള്ള അവകാശം ഒരു സംവിധാനങ്ങൾക്കുമില്ല എന്ന് നിരുപാധികം പറഞ്ഞുവെക്കുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളെയും ബ്രാഹ്‌മണിക് ആധിപത്യത്തെയും എക്കാലത്തും പ്രതിരോധിക്കുകയും ദ്രാവിഡ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നവരാണ് തമിഴ് ജനത. അവിടെനിന്നുള്ള സിനിമകളും ആ രാഷ്ട്രീയം മറയേതുമില്ലാതെ പ്രതിഫലിപ്പിക്കാറുണ്ട്. അതു തന്നെയാണ് നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത അന്നപൂരണി എന്ന സിനിമയും ചെയ്യുന്നത്.

ഭരണകൂടങ്ങൾ എക്കാലത്തും എന്തിനാണ് സിനിമയെ അല്ലെങ്കിൽ ഏതെങ്കിലും ഒരു ആർട്ട് ഫോമിനെ ഭയക്കുന്നത്. അതിന് നിരവധി കാരണങ്ങളുണ്ട്. കലയ്ക്ക് ഒരു തലമുറയുടെയും അവർ ജീവിക്കുന്ന കാലഘട്ടത്തിന്റെയും ചിന്താധാരകളെ ഏറെ സ്വാധീനിക്കാനാകും എന്നതുകൊണ്ടുകൂടിയാണത്. അത്തരത്തിലൊരു തിരുത്തൽ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നത് സിനിമയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. അത് ഭാഷക്കതീതമായി, പല തലങ്ങളിലുള്ള ബഹുസ്വരമായ ഒരു കാണിസമൂഹത്തെ സൃഷ്ടിക്കുകയും ആശയകൈമാറ്റം നടത്തുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് ഹിറ്റ്‌ലർ മുതലിങ്ങോട്ടുള്ള ഏകാധിപതികൾ സിനിമയെ നിരോധിക്കുക എന്ന ഏകപക്ഷീയ നിലപാടെടുക്കുന്നത്. ഹിറ്റ്‌ലർ തന്റെ ഭരണകാലത്ത് നാൽപ്പതോളം സിനിമകളാണ് നിരോധിച്ചത്.

നാസി ജെർമനിക്കെതിരെയുള്ള സിനിമകളെ നിയന്ത്രിക്കുന്ന സെൻസർ ഓഫീസർ ജോസഫ് ബ്രീൻ(മധ്യത്തിൽ)

സിനിമ മുന്നോട്ടുവെക്കുന്ന ആശയം എന്താണ് എന്നതിനല്ല ഇവിടെ പ്രാധാന്യം. അതിന്റെ ഉള്ളടക്കവും അതിന്റെ ആശയപരിസരവും എന്തു തന്നെയാണെങ്കിലും, ആ രചനയെ പൂർണമായി കാൻസൽ ചെയ്യുക എന്നത് അങ്ങേയറ്റത്തെ സ്വാതന്ത്ര്യനിഷേധമാണ്. കേരള ജനത ഒറ്റക്കെട്ടായി പ്രതിരോധിച്ച, കേരളത്തെയും അവിടുത്തെ സാമൂഹ്യാന്തരീക്ഷത്തെയും അപനിർമിക്കാൻ ശ്രമിച്ച പ്രൊപ്പഗാന്റ സിനിമയായ കേരള സ്റ്റോറി പോലും നിരോധിക്കണമെന്ന് ജനാധിപത്യ വിശ്വാസികൾ ആവശ്യപ്പെട്ടിരുന്നില്ല. മറിച്ച് അത് മുന്നോട്ടുവെക്കുന്ന പ്രതിലോമകരമായ രാഷ്ട്രീയത്തെ സകല ശക്തിയും ഉപയോഗിച്ച് ആശയപരമായി ചെറുക്കുക എന്നതുമാത്രമാണ് പോംവഴി. അങ്ങനെയാണ് ആ സിനിമയുടെ വ്യാജങ്ങളെ തുറന്നുകാട്ടിയതും. അതിനുമപ്പുറത്തേക്ക് സിനിമയെ നിരോധിക്കുക എന്ന അത്യന്തം അപകടകരമായ ഒരു തീരുമാനമുണ്ടാകുമ്പോൾ, ഗുരുതരമായ ഒരു രാഷ്ട്രീയ സാഹചര്യം കൂടി മുന്നിൽ കാണേണ്ടതുണ്ട്.

ഹിന്ദുത്വ ആശയം പേറുകയും ഇതരമതവിദ്വേഷം മടിയേതുമില്ലാതെ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രോപ്പഗാന്റ സിനിമകൾക്ക് ഭരണകൂട ഒത്താശയുള്ള രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് ഇന്ത്യ ഇന്ന് കടന്നുപോകുന്നത്. അവിടെ വർഗീയ രാഷ്ട്രീയത്തെ ചെറുക്കുന്ന സിനിമകൾ നിരോധിക്കപ്പെടുന്നത് മുമ്പ് പറഞ്ഞതുപോലെ സ്വതന്ത്ര്യനിഷേധം തന്നെയാണ്. വീണ്ടും ഓർമപ്പെടുത്തട്ടെ, കല, അത് ഏത് രാഷ്ട്രീയം ഉൾക്കൊള്ളുന്നതാണെങ്കിലും നിരോധനം അംഗീകരിക്കാവുന്ന മാതൃകയല്ല. അത് കേരള സ്റ്റോറിയാണെങ്കിലും.

വിശ്വഹിന്ദു പരിഷത്തിനെ പ്രകോപിച്ച, അവരുടെ മതവികാരത്തെ മുറിവേൽപ്പിച്ച എന്താണ് അന്നപൂരണി എന്ന സിനിമയിലുള്ളത്? ഡിസംബറിൽ തിയേറ്റർ റിലീസായ സിനിമ നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടരവെയാണ് മതവികാരം വ്രണപ്പെട്ടു എന്ന ആരോപണം ഉന്നയിച്ച് വി.എച്ച്.പി സിനിമക്കെതിരെ രംഗത്ത് വരുകയും അത് നിരോധിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുകയും ചെയ്യുന്നത്. തുടർന്ന് നെറ്റ്ഫ്ലിക്സ് പ്ലാറ്റ്‌ഫോമിൽ സിനിമ നീക്കുകയും നിർമാതാക്കളായ സീ സ്റ്റുഡിയോസ് പരസ്യമായി മാപ്പ് പറയുകയും ചെയ്തു. നടി നയൻതാരക്കെതിരെ കേസെടുക്കുകയും ചെയ്തു.

അന്നപൂരണി സിനിമയിൽ നിന്നും

ഭക്ഷണത്തിന് ജാതിയും മതവുമില്ല, ഭക്ഷണം വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്, തൊഴിലും വിശ്വാസവും തമ്മിൽ യാതൊരു ബന്ധവുമില്ല, പ്രണയത്തിന് മതത്തിന്റെ അതിർവരമ്പുകളില്ല- അന്നപൂരണി മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ സ്വഭാവം ഏതാണ്ട് ഇതാണ്. ഭക്ഷണത്തിനുമേൽപോലും വിലക്കുകൾ ഏർപ്പെടുത്താനും ഭിന്നതകൾ സൃഷ്ടിക്കാനും തീവ്ര ഹിന്ദുത്വശക്തികളും സർക്കാർസംവിധാനങ്ങളും കച്ചകെട്ടി ഇറങ്ങിയ ഒരു രാജ്യത്ത് ഇത്തരത്തിലൊരു രാഷ്ട്രീയം പറയുന്ന സിനിമ അനിവാര്യത തന്നെയാണ്. ഭക്ഷണം തീർക്കുന്ന സാഹോദര്യത്തിന്റെ ഇടങ്ങളെ ഭയക്കുന്ന കൂട്ടർക്ക് ഈ സിനിമ ദഹിക്കാൻ വഴിയില്ല.

എന്നാൽ ഇതു മാത്രമല്ല, ഹിന്ദുത്വ ശക്തികളെ പ്രകോപിപ്പിച്ച ഘടകം. വാൽമീകി രാമായണത്തെ ഉദ്ധരിച്ച് സിനിമയിലെ നായകനായ ജയ് അവതരിപ്പിച്ച ഫർഹാൻ എന്ന കഥാപാത്രം- പേര് ശ്രദ്ധിക്കുക, ഫർഹാൻ- വനവാസക്കാലത്ത് രാമൻ മാംസാഹാരം കഴിച്ചിരുന്നു എന്ന് പറയുന്നുണ്ട്. ഇതിലൂടെ എങ്ങനെയാണ് മതവികാരം വ്രണപ്പെടുന്നത്? ഇന്ത്യയിൽ പ്രചാരത്തിലുള്ളത് ഒരു രാമകഥ മാത്രമല്ല. രാമനെയും ആ മിത്തിന്റെ ഉൽഭവത്തെയും സംബന്ധിച്ച് നിരവധി കഥകൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ട്. അതുകൊണ്ടുതന്നെ രാമനുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഒരു തരത്തിലുമുള്ള പ്രസക്തിയുമില്ല.

നായക കഥാപാത്രം ഫർഹാൻ, നായിക ബ്രാഹ്‌മിൺകുടുംബത്തിൽ നിന്നു വരുന്ന അന്നപൂരണി. സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തെ ചൊടിപ്പിക്കാൻ മതിയായ കോംബോ. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണവും സിനിമക്കെതിരെ സംഘപരിവാർ ശക്തികൾ ഉയർത്തുന്നുണ്ട്. ഏത് ലൗ ജിഹാദ്?, ഇവിടുത്തെ സർക്കാർ സംവിധാനങ്ങൾ അന്വേഷണവും പഠനങ്ങളും നടത്തി, ഇന്ത്യയിൽ ഇതുവരെയും സംഭവിച്ചിട്ടില്ല എന്നുപറഞ്ഞ അതേ ലൗ ജിഹാദ്. കൂടുതൽ ഒന്നും പറയേണ്ടതില്ലല്ലോ.

അന്നപൂരണി സിനിമയിൽ നടൻ ജയ്, നയൻതാര

ഒരു സിനിമക്കെതിരെയോ അത് മുന്നോട്ടുവെക്കുന്ന ആശയത്തിനെതിരെയോ ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പുകൾ വ്യക്തികൾക്കോ സംഘടനകൾക്കോ ഉണ്ടെങ്കിൽ, അത് ഉന്നയിക്കുകയും ആരോഗ്യകരമായ രാഷ്ട്രീയ ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്യണം. അല്ലാതെ അതിനെ നിരോധിച്ച് ഇല്ലാതെയാക്കാം എന്നത് ഫാഷിസ്റ്റ് മനോഭാവമാണ്. ഇത്തരത്തിലൊരു ആരോപണം ഉയരുമ്പോൾ എന്തുകൊണ്ട് നെറ്റ്ഫ്ലിക്സിന് സിനിമ പിൻവലിക്കേണ്ടിവന്നു എന്നും പരിശോധിക്കണം. കാരണം, ഇത്തരം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ സർക്കാർ നിയന്ത്രണത്തിലാക്കുന്ന നിയമം അടുത്തിടെയാണ് പാസാക്കിയത്.

അന്നപൂരണി, മേൽ സൂചിപ്പിച്ച രാഷ്ട്രീയം പറയുമ്പോഴും ഓണം, ക്രിസ്മസ് കാലത്ത് പ്രചരിക്കുന്ന പൊള്ളയായ മതസൗഹാർദ ചിത്രങ്ങളുടെ(PHOTOS) അതേ സ്വഭാവത്തിലാണ് ഈ സിനിമയും നിലനിൽക്കുന്നത്. ബിരിയാണിയെ മുസ്‍ലിം ബിരിയാണിയാക്കി മാറ്റിയും, അതുവരെ പറഞ്ഞുവന്ന രാഷ്ട്രീയത്തെ അപ്പാടെ റദ്ദാക്കി, ഭക്ഷണത്തെ വിശ്വാസവും മതവുമായി കൂട്ടിച്ചേർത്തുമുള്ള ഒരുതരം പിന്തിരിപ്പൻ നിലപാടും സിനിമ ഒടുവിൽ സൃഷ്ടിച്ചെടുക്കുന്നുണ്ട്. ഇത് പക്ഷേ, സിനിമക്കുനേരെ ഉയരുന്ന ആക്രോശങ്ങളുടെ ന്യായമായി വരേണ്ടതില്ല. കാരണം, പ്രതിലോമകരമായ കലയുടെ തിരുത്തൽ നടക്കേണ്ടത് അതേ പ്രതിലോമകതയുടെ തലത്തിൽനിന്നുകൊണ്ടല്ല.

Comments