ജയറാം അല്ലാതെ എന്താണ്
ഓസ്‍ലറിലുള്ളത്?

നിരവധി സൈക്കോ ത്രില്ലറുകൾ ഇറങ്ങുന്ന ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ പുതിയൊരു ത്രില്ലർ സിനിമയിറക്കി എങ്ങനെയാണ് പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കാൻസാധിക്കുന്നത്?

ഗരത്തിൽ എവിടെയെങ്കിലും തുടർച്ചയായ കൊലപാതകങ്ങൾ നടക്കുന്നു, അത് ഭരണവ്യവസ്ഥയെ പൂർണമായും സമ്മർദ്ദത്തിൽ പെടുത്തുകയും അത് സംസ്ഥാനത്തിന്റെ ആഭ്യന്തരപ്രശ്‌നമായി മാറുകയും ചെയ്യുന്നു. അവിടേക്ക് കഥനായകനായ അന്വേഷണ ഉദ്യോസ്ഥൻ വരുകയും തുടർന്ന് അയാൾ നടത്തുന്ന കണ്ടെത്തലുകൾ അയാളുടെ ഇന്റ്യൂഷൻസ്, പ്രേക്ഷകർക്കു മുമ്പിലേക്ക് വെക്കുന്ന ചോദ്യങ്ങൾ തുടങ്ങി രണ്ടര മണിക്കൂർ നീളുന്ന കേസന്വേഷണ കഥ.

രണ്ടാം പകുതിയിൽ വരുന്ന ട്വീസ്റ്റുകൾ ടേണുകൾ തുടങ്ങി വില്ലനായി വരുന്ന കഥാപാത്രത്തിന്റെ ഫ്‌ലാഷ്ബാക്കും തുടർച്ചയായ കൊലപാതകങ്ങളിലേക്ക് അയാളെ നയിച്ച മോട്ടീവും വരെ കാണിക്കുന്നു. ഇത് കേൾക്കുമ്പോൾ മനസിലേക്ക് വരുന്ന ത്രില്ലർ സിനിമയേതാണ്, മെമ്മറീസ്, രക്ഷസൻ, ഡിക്ടറ്റീവ്, ഒരു തണുത്ത വെളുപ്പാൻ കാലത്ത്… ഇതിലേതുമാകാം. ഏതാണ്ട് ത്രില്ലർ സിനിമകളുടെ അടിസ്ഥാന ഫോർമാറ്റ് ഇതാണ്. ഇത്തരത്തിൽ നിരവധി സൈക്കോ ത്രില്ലറുകൾ ഇറങ്ങുന്ന ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ പുതിയൊരു ത്രില്ലർ സിനിമയിറക്കി എങ്ങനെയാണ് പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കാൻസാധിക്കുന്നത്?

പറഞ്ഞുവരുന്നത് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്‍ലർ എന്ന സിനിമയെ കുറിച്ചാണ്. തന്റെ തന്നെ മുൻസിനിമയിൽഉപയോഗിച്ച അതേ ടെംപ്ലേറ്റിൽ തന്നെയാണ് സംവിധായകൻ ഓസ്‍ലറിനെ സമീപിച്ചിരിക്കുന്നത്. മിഥുന്റെ തന്നെ സിനിമയായ അഞ്ചാംപാതിര അതിന്റെ ആദ്യ പത്തുമിനിറ്റിൽ തന്നെ പ്രേക്ഷകരെ സിനിമയുടെ ലൂപ്പിലേക്ക് കുരുക്കുന്നുണ്ട്. എന്നാൽ ഓസ്‍ലർ പരാജയപ്പെട്ട് പോകുന്നത് അവിടെയാണ്. തിയേറ്ററിൽ എത്തുന്ന പ്രേക്ഷകർക്ക് ഇമോഷണലി കണക്ട് ചെയ്യാൻ കഴിയുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും കഥയിൽ നിന്ന് വിട്ട് പോവുകയും ചെയ്യുന്നുണ്ട്. വീണ്ടും ഒരു അഞ്ചാംപാതിര സൃഷ്ടിക്കാനുള്ള ശ്രമം ഇവിടെ നടക്കുന്നുണ്ട്. എന്താണ് ഇവിടെ നടക്കുന്നത്, ഇതൊക്കെ എങ്ങനെയാണ് സംഭവിക്കുന്നത് തുടങ്ങി പ്രേക്ഷകനെ അരക്ഷിതാവസ്ഥയിലാക്കാൻ സിനിമ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല.

ഓസ്‍ലറിൽ ജയറാം

ത്രില്ലർ സിനികൾ എല്ലാം തന്നെ ടെംപ്ലേറ്റ് സിനിമകളാകമ്പോഴും കഥാപാത്രങ്ങളോട് പ്രേക്ഷകർക്കുണ്ടാകുന്ന ഇമോഷണൽ കണക്ട്, പ്രേത്യേകിച്ച് നായകനോടും വില്ലനോടും. ജീവിതത്തിൽ കരിയറിലൊക്കെ അങ്ങേയറ്റം തകർന്നുപോയ നായകൻ, അതായത് ജീത്തു ജോസഫിന്റെ മെമ്മറീസിലൊക്കെ അവതരിപ്പിക്കുന്നത് പോലെ വ്യക്തിജീവിതത്തിൽ വലിയ ട്രാജഡികൾ നേരിട്ട നായകൻ. നായകനുമായി പ്രേക്ഷകരെ അടുപ്പിക്കുന്നതിന് വേണ്ടി ഇത്തരം ചില രീതികളാണ് ത്രില്ലർ സിനിമകളിൽ ഉപയോഗിക്കുന്നത്. ഈ ആഖ്യാനം സിനിമ കാണാനെത്തുന്നവരെ നായകനൊപ്പം ഉടനീളം സഞ്ചരിക്കാൻ പ്രാപ്തരാക്കുന്നു. അയാളുടെ ജയത്തിൽ പ്രേക്ഷകർ സന്തോഷിക്കുകയും പരാജയത്തിൽ അവരും അസ്വസ്ഥരാവുകയും ചെയ്യും. അതേ രീതി ഓസ്‍ലറിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും കഥപറച്ചിൽ രീതിയിൽ വരുന്ന പിശകുകൾ നായകനുമായി പ്രേക്ഷകർക്കുണ്ടാകേണ്ട കണക്ടിനെ ഇല്ലാതാക്കുന്നുണ്ട്.

അതുപോലെ തന്നെ വില്ലനുമായും ക്രൈമിലേക്ക് അയാളെ നയിച്ച കാരണവുമായും പ്രേക്ഷകരെ വൈകാരികമായി അടുപ്പിക്കാൻ കഴിയണം. അഞ്ചാംപാതിരയിൽ ആ ഫോർമുല മിഥുൻ കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ അവസാനം സൈക്കോ കില്ലറിനൊപ്പം നിൽക്കാൻ തിരക്കഥ പ്രേക്ഷകരെ സജ്ജരാക്കുന്നുണ്ട്. എന്നാൽ ഓസ്‍ലറിൽ അയാളുടെ കഥയോ, പ്രതികാരമോ, പകയോ, എന്തിന് കൊലപാതകിയാരാണ് എന്ന ക്യൂരിയോസിറ്റി പോലും സിനിമ പ്രേക്ഷകരിലുണ്ടാക്കുന്നില്ല.

മെമ്മറീസ് സിനിമയിൽ പൃഥ്വിരാജ്

ഇവിടെ എടുത്തുപറയേണ്ടത് ജയറാം എന്ന നടൻ എടുത്ത എഫേർട്ടിനെ കുറിച്ചാണ്. അടിമുടി കഥാപാത്രമായി മികച്ച അഭിനയ മുഹൂർത്തങ്ങളാണ് അയാൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നടപ്പിലും നോട്ടത്തിലും ഭാവത്തിലുമൊക്കെ അയാൾ എബ്രഹാം ഓസ്‍ലർ എന്ന ടൈറ്റിൽ കഥാപാത്രമാണ്. അടിമുടി തകർന്ന ഒരു മനുഷ്യൻ ഒട്ടും എക്‌സൈറ്റഡാകാത്ത, വല്ലാത്തൊരു മാനസികാവസ്ഥയിൽ കൂടിയാണ് ആ കഥാപാത്രം കടന്നുപോകുന്നത്. പിന്നെ ജഗദീഷ് അവതരിപ്പിച്ച സേവി, സിനിമയിൽ വൗ ഫീൽ തരുന്നത് ജഗദീഷ്, ജയറാം എന്ന നടന്മാരുടെ മികച്ച പ്രകടനങ്ങളാണ്.

മെമ്മറീസ്, മെമ്മറീസ് ഓഫ് മർഡർ തുടങ്ങിയ സിനിമകളുടെ സ്വാധീനം ഓസ്‍ലറിലുമുണ്ട്. കഥപറച്ചിൽ രീതിയും മേക്കിങ്ങുമൊക്കെ ആ സിനിമകളെ ഓർമിപ്പിക്കുന്നുണ്ട്. ത്രില്ലർ സിനിമകളെ വ്യത്യസ്തമായി സമീപിക്കാനുള്ള ഒരു ശ്രമം മിഥുനും തിരക്കഥാകൃത്തായ രൺഥീർ കൃഷ്ണനും നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കേസന്വേഷണത്തേക്കാൾ പ്രാധാന്യം നൽകുന്നത് രണ്ടാം പകുതിയിൽ വരുന്ന ഫ്ലാഷ്ബാക്കിനാണ്. അവിടെയാണ് സിനിമ തിരക്കഥയിലും മേക്കിങ്ങിലും പാളിപ്പോകുന്നതും. ഫ്ലാഷ്ബാക്ക് കഥ കൺവീൻസിങ്ങാവുന്നില്ല എന്നുമാത്രമല്ല, ചിലയിടത്തൊക്കെ അരോചകമാകുന്നുമുണ്ടായിരുന്നു. മെഡിക്കൽ ക്രൈം, അവിടെയുണ്ടാകുന്ന അനാസ്ഥകൾ തുടങ്ങി സമകാലിക സംഭവങ്ങളുമായിട്ടൊക്കെ കണക്ട് ചെയ്യാവുന്ന ചില സാഹചര്യങ്ങൾ തിരക്കഥ ഒരുക്കുന്നുമുണ്ട്.

അഞ്ചാംപാതിരയിൽ നിന്നും

അങ്ങനെ വരുമ്പോഴും മുമ്പ് പറഞ്ഞതുപോലെ ഒട്ടും പക്വതയില്ലാത്ത തിരക്കഥാസൃഷ്ടി സിനിമയെ മൊത്തത്തിൽ ബാധിക്കുന്നുണ്ട്. എക്‌സൈറ്റഡ് മൊമന്റുകൾ സൃഷ്ടിക്കുന്നതിലും, അതിനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന മൊമന്റുകളെ വൃത്തിയായി അവതരിപ്പിക്കുന്നതിലും സിനിമ പരാജയപ്പെടുന്നു. രണ്ടാം പകുതിയിൽ കഥയിലുണ്ടാകുന്ന വഴിത്തിരിവിൽ, ഒരൊറ്റ മൊമന്റിൽ മാത്രമാണ് തിയേറ്ററിലെത്തുന്ന പ്രേക്ഷകരിൽ അഡ്രിനാലിൻ റഷുണ്ടാക്കാൻ സംവിധായകന് സാധിക്കുന്നത്. എന്നാൽ ആ സീനിൽ വരുന്ന കഥാപാത്രത്തിന്റെ മേക്കപ്പ്.... ശരാശരിയിലും താഴെയാണ്. ആ സീനിലെ ലൈറ്റ് ഗ്രേഡിങ്ങൊക്കെ അബദ്ധമായിരുന്നു എന്നുതന്നെ പറയാം. പിന്നെ അതിനാടകീയമായ സംഭാഷണങ്ങളും അതി നാടകീയ പ്രകടനങ്ങളും സിനിമയുടെ മറ്റൊരു പോരായ്മയാണ്.

മെഡിക്കൽ ക്രൈം, അവിടെയുണ്ടാകുന്ന അനാസ്ഥകൾ തുടങ്ങി സമകാലിക സംഭവങ്ങളുമായിട്ടൊക്കെ കണക്ട് ചെയ്യാവുന്ന ചില സാഹചര്യങ്ങൾ തിരക്കഥ ഒരുക്കുന്നുമുണ്ട്.

ത്രില്ലർ സിനിമയുടെ പ്രധാന ഘടകം ബാക്ക്ഗ്രൗണ്ട് സ്‌കോറാണ്, സിനിമയെ മികച്ച അനുഭവമാക്കുന്നതിൽ അതിന് വലിയൊരു പങ്കുണ്ട്. തിയേറ്റർ വിട്ടാലും സംഗീതം പ്രേക്ഷകരെ ഹോണ്ട് ചെയ്യും. എന്നാൽ ഓസ്‍ലറിൽ മിഥുൻ മുകുന്ദന്റെ സംഗീതം ഒരു തരത്തിലുമുള്ള ഇംപാക്ട് സൃഷ്ടിക്കുന്നില്ല. കളർ ഗ്രേഡിങ്ങിലേക്ക് വരുമ്പോൾ മുമ്പ് പറഞ്ഞ സീനൊഴികെ ബാക്കിയെല്ലായിടത്തും ഡീസന്റായ ഒരു സമീപനം ഉണ്ടാകുന്നുണ്ട്. സിനിമയുടെ മേക്കേഴ്‌സ് പറഞ്ഞതുപോലെ ഇതൊരു ത്രില്ലർ സിനിമയല്ല, ഇത് അഞ്ചാംപാതിരയുമല്ല. മറിച്ച് ഇമോഷണമൽ ഡ്രാമയാണ്. ഒരു ശരാശരി ഇമോഷണൽ ഡ്രാമ.

Comments