തനിക്ക് വ്യക്തിപരമായി ഒത്തിരി സന്തോഷവും അഭിമാനവും ഉണ്ടായ ദിവസമായിരുന്നു ഇന്നലെയെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ പ്രതികരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നുവെന്നും നടൻ ആസിഫ് അലി. രമേശ് നാരായണനുമായി ഇന്ന് രാവിലെ ഫോണിൽ സംസാരിച്ചിരുന്നതായും അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നുവെന്നും മാപ്പ് പറയുന്ന അവസ്ഥ വരെ ഉണ്ടായെന്നും അതിലൊക്കെ തനിക്ക് നല്ല വിഷമമുണ്ടെന്നും ആസിഫ് അലി വ്യക്തമാക്കി.
എം.ടി. വാസുദേവൻ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ 'മനോരഥങ്ങൾ' ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ സംഗീതസംവിധായകൻ രമേശ് നാരായണൻ അപമാനിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ആസിഫ് അലി:
‘‘ഇതുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം ഞാൻ കണ്ടിരുന്നു. ഇത്രത്തോളം എന്നെ സ്‌നേഹിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കലയോളം കലാകാരനെയും സ്‌നേഹിക്കുന്നവരാണ് മലയാളികൾ എന്ന് ഇന്നലെ തെളിയിച്ചു’’.
‘‘എന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ ഇടപെടുന്നതും മറ്റൊരാൾക്കുള്ള ഹേറ്റ് ആയി മാറരുത്. അദ്ദേഹം എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ആ സമയത്ത് അദ്ദേഹം അനുഭവിച്ചിരുന്ന എന്തെങ്കിലും പിരിമുറക്കം കൊണ്ടായിരിക്കണം. ഈ വിഷയം അവസാനിച്ചതായി ഞാൻ ആഗ്രഹിക്കുകയാണ്’’, ആസിഫ് അലി മാധ്യമങ്ങളോടു പറഞ്ഞു.
''ഈ വിഷയത്തിൽ അഭിപ്രായം പറയാൻ വിചാരിച്ചിരുന്നില്ല. എന്നാൽ ഇന്നലെ മുതൽ അദ്ദേഹത്തിനെതിരെ നടക്കുന്ന ഹേറ്റ് കാമ്പയിൻ കണ്ടപ്പോഴാണ് അഭിപ്രായം പറയണം എന്ന് തീരുമാനിച്ചത്. അദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള ഹേറ്റ് ഉണ്ടാവുന്നതിൽ എനിക്ക് താൽപര്യമില്ല. അദ്ദേഹം മനഃപൂർവം ചെയ്തതല്ല. ഒരു കലാകാരനും അങ്ങനെ ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ പ്രതികരണത്തോടെ ഈ വിഷയം അവസാനിപ്പിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.''
‘‘ആ അവസരത്തിൽ അദ്ദേഹം എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആ സമയത്ത് അനുഭവിച്ചിരുന്ന എന്തെങ്കിലും പിരിമുറക്കം കൊണ്ടായിരിക്കണം. ഈ വിഷയത്തിൽ ഒരുതരത്തിലുമുള്ള വിഷമമോ പരിഭവമോ എനിക്ക് ഉണ്ടായിട്ടില്ല. എന്റെ അപ്പോഴത്തെ പ്രതികരണത്തിലും നിങ്ങൾ അത് കണ്ടതാണ്. അദ്ദേഹം ജയരാജ് സാറിനെ വിളിക്കുന്ന സമയത്ത് ഞാൻ മാറിനിൽക്കുകയും ചെയ്തു. കാരണം ഞാൻ ചെയ്യാനുള്ള കാര്യം ഞാൻ ചെയ്തു കഴിഞ്ഞിരുന്നു. പിന്നെ ഞാൻ അവിടെ നിൽക്കുന്നതിൽ കാര്യമില്ല’’.
‘‘മതപരമായൊക്കെ ചർച്ച ചെയ്യുന്ന ഘട്ടത്തിലേക്ക് ഇത് എത്തി. ഒരു നിമിഷത്തിൽ അദ്ദേഹത്തിനുണ്ടായ തോന്നൽ അല്ലെങ്കിൽ മിസ് അണ്ടർസ്റ്റാന്റിംഗ് ആണത്’’, അദ്ദേഹം പറഞ്ഞു.
നടൻ ആസിഫ് അലിയിൽ നിന്ന് സംഗീതസംവിധായകൻ രമേശ് നാരായണൻ മെമന്റോ ഏറ്റുവാങ്ങിയ രീതിയും ആസിഫ് അലിയോടുള്ള അധിക്ഷേപകരമായ പെരുമാറ്റവും സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ച്, താരസംഘടനയായ ‘അമ്മ’ അടക്കം വിവിധ മേഖലയിലെ നിരവധിപേർ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പ്രതികരണവുമായി ആസിഫ് അലി രംഗത്തെത്തിയത്.