പ്ലൂട്ടോ: ഫാൻ്റസിയുടെ
ടെംപ്ലേറ്റിൽ സയൻസ് ഫിക്ഷൻ
പരീക്ഷണം

പാറ്റേണിൽ പുതുമ പറയാനില്ലെങ്കിലും അതിനുപയോഗിക്കുന്ന കോസ്മിക് സയൻസും അന്യഗ്രഹജീവി സാന്നിധ്യത്തിൻ്റെ പശ്ചാത്തലവും അനുബന്ധമായി വരുന്ന സ്വാഭാവിക തമാശകളും ജെൻസി ജീവിതങ്ങളെ ഒപ്പിയെടുത്ത ദൃശ്യങ്ങളും പ്ലൂട്ടോ എന്ന സിനിമയെ സാധാരണ നിലവാരത്തിലേക്ക് എത്തിക്കുന്നുണ്ട്- ഡോ. അർഷാദ് അഹമ്മദ് എ. എഴുതുന്നു.

ടുത്ത കാലത്തായി വളരെയേറെ പരീക്ഷണചിത്രങ്ങൾ ഇറങ്ങുന്ന മലയാളത്തിൽ ആ ഗണത്തിലേക്ക് ചേർക്കാവുന്ന സിനിമയാണ് ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രം പ്ലൂട്ടോ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ഗ്രഹാന്തരബന്ധം പ്രമേയത്തിലുണ്ട്. നൂറു വർഷത്തിലേറെ ചരിത്രമുള്ള മലയാള സിനിമയിൽ വിരലിലെണ്ണാവുന്ന സയൻസ് ഫിക്ഷൻ സിനിമകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.

1967-ൽ ഇറങ്ങിയ കറുത്ത രാത്രികൾ എന്ന സിനിമയിലൂടെയാണ് മലയാളം സയൻസ് ഫിക്ഷൻ സിനിമകളുടെ ചരിത്രം ആരംഭിക്കുന്നത്. ബ്രിട്ടീഷ് എഴുത്തുകാരനായ ആർ. എൽ. സ്റ്റീവൻസൻ്റെ പ്രശസ്ത നോവൽ The Strange Case of Dr Jekyll and Mr. Hyde- ൻ്റെ അനുകൽപനമായിരുന്നു ഈ സിനിമ. മേരിലാൻഡ് സ്റ്റുഡിയോ നിർമിച്ച ചിത്രം സംവിധാനം ചെയ്തത് മഹേഷ്.

ശശികുമാറിൻ്റെ ജൈത്രയാത്ര (1987), അനിൽ ദാസിൻ്റെ ഭരതൻ ഇഫക്ട്, വിനയൻ്റെ അതിശയൻ (2007), 2013-ൽ വന്ന റെഡ് റൈൻ, 2019-ൽ ഇറങ്ങിയ 9, ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25, 2026-ലിറങ്ങിയ മസ്തിഷ്ക മരണം എന്നിവ മറ്റു മലയാളം സയൻസ് ഫിക്ഷൻ ചിത്രങ്ങളാണ്. ഇവയിൽ ഏറെയും സയൻസ് ഫിക്ഷൻ എന്ന ഴോണറിൻ്റെ കൃത്യമായ കള്ളികളിൽ ഉൾക്കൊള്ളിക്കാൻ കഴിയാത്തവയായിരുന്നു.  കോസ്മിക് സയൻസ് ഫിക്ഷൻ, അന്യഗ്രഹജീവികൾ പ്രത്യക്ഷപ്പെടുന്ന sci-fi സിനിമകൾ എന്നിവ മലയാളത്തിൽ വളരെ കുറവാണ്. 2024-ൽ ഇറങ്ങിയ മോക്യുമെൻ്ററി സയൻസ് ഫിക്ഷൻ സിനിമയായ ഗഗനചാരിയാണ് അവയിൽ പ്രധാനം.

എന്നാൽ വിദേശഭാഷകളിൽ, പ്രത്യേകിച്ച് ഹോളിവുഡിൽ കുറെയേറെ ചലച്ചിത്രങ്ങൾ ഈ പ്രമേയത്തിൽ ഇറങ്ങിയിട്ടുണ്ട്. ET: The Extra-Terrestrial (1982), 1984-ൽ വന്ന The Brother from Another Planet, Starman എന്നീ സിനിമകൾ, 1997-ൽ വന്ന Men in Black, 2013-ലിറങ്ങിയ Under the Skin തുടങ്ങിയവ ഉദാഹരണം. ഹിന്ദിയിൽ രാകേഷ് റോഷൻ്റെ കോയി മിൽ ഗയാ, രാജ്കുമാർ ഹിരാണിയുടെ അമീർഖാൻ ചിത്രം പികെ എന്നിവ കൂടി എടുത്തുപറയണം.

പ്ലൂട്ടോ കോമഡി പാറ്റേണിൽ കഥപറയുന്ന സിനിമയായതിനാൽ ശാസ്ത്രാഭിരുചി ഇല്ലാത്തവർക്കും ആസ്വാദനത്തിൽ ഒട്ടും കുറവുണ്ടാവില്ല. അഭിനേതാവ് എന്നതിനുപുറമെ റാപ്പറും ഗായകനുമൊക്കെയായ നീരജ് മാധവനാണ് നായകൻ. നടനും സംവിധായകനുമായ അൽതാഫ് സലിം ഏലിയനായി മുഖ്യവേഷത്തിൽ തന്നെയുണ്ട്.  നിയാസ് മുഹമ്മദ്, നിതിരാജ്, അനന്തു എസ്. രാജ് എന്നിവരുടേതാണ് തിരക്കഥ.

ഏലിയൻ എന്ന സങ്കൽപ്പം മുന്നോട്ടുവെക്കുന്ന ചില ധാരണകൾ മുൻനിർത്തിയാണ് പുതിയ സുഹൃത്തിനോടുള്ള നായകൻ്റെ ആദ്യ സമീപനം.
ഏലിയൻ എന്ന സങ്കൽപ്പം മുന്നോട്ടുവെക്കുന്ന ചില ധാരണകൾ മുൻനിർത്തിയാണ് പുതിയ സുഹൃത്തിനോടുള്ള നായകൻ്റെ ആദ്യ സമീപനം.

സമകാലിക കേരളത്തിലെ ജെൻ സി യുവാക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ കേന്ദ്രീകരിച്ചാണ് സിനിമ തുടങ്ങുന്നത്. പല പല ബിസിനസുകൾ നടത്തി എല്ലാത്തിലും പരാജയം രുചിക്കുന്ന നായകൻ വിക്കി (നീരജ് മാധവ്), കൂട്ടുകാരൻ കം ബിസിനസ് പാർട്ണർ, അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബം, വെറ്റിനറി ഡോക്ടറായ കാമുകി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. അവസാനം പരീക്ഷിച്ച കമ്പൂച്ച ഡ്രിങ്ക് ബിസിനസ് കൂടി പൊളിയുമ്പോൾ വീട്ടുകാരും കാമുകിയും ‘ഒന്നിനും കൊള്ളാത്തവൻ’ എന്ന പട്ടം ചാർത്തിക്കൊടുക്കുന്ന നായകൻ കടൽത്തീരത്ത് ചെന്നിരുന്നു മദ്യപിക്കുന്നു. അവിടം വരെ സാധാരണരീതിയിൽ പോകുന്ന ചിത്രം അടുത്ത നിമിഷം മുതൽ ഴോനർ മാറ്റത്തിലൂടെ വഴിമാറി സഞ്ചരിച്ചു തുടങ്ങുന്നു. ‘ഗഗനചാരി’യിൽ ഒരു പോസ്റ്റ് അപ്പോകാലിപ്സ് കാലത്തെ കേരളത്തിൽ മനുഷ്യരുമായി അകലം പാലിച്ചുനിന്നിരുന്ന അന്യഗ്രഹജീവി (അനാർക്കലി മരക്കാർ) ആയിരുന്നുവെങ്കിൽ സ്വന്തം ഗ്രഹത്തിൽ നിന്ന് താൻ വന്ന സ്പേസ്ക്രാഫ്റ്റ് നഷ്ടപ്പെട്ട പ്ലൂട്ടോയിലെ ഏലിയൻ വർത്തമാനകാലത്ത് മനുഷ്യരുടെ ഇടയിൽ അവരെപ്പോലെ ജീവിക്കുന്നു. 

ഏലിയൻ എന്ന സങ്കൽപ്പം മുന്നോട്ടുവെക്കുന്ന ചില ധാരണകൾ മുൻനിർത്തിയാണ് പുതിയ സുഹൃത്തിനോടുള്ള നായകൻ്റെ ആദ്യ സമീപനം. തൻ്റെ അധീനതയിൽ വന്ന അന്യഗ്രഹമനുഷ്യനെ തൻ്റെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും വേണ്ടി വിനിയോഗിക്കാൻ വിക്കി നടത്തുന്ന ശ്രമങ്ങൾ ഒരേസമയം ചിരിക്ക് വക നൽകുകയും അതേസമയം ടിപ്പിക്കൽ സയൻസ് ഫിക്ഷൻ സിനിമകളിലെ സ്ഥിരം പാറ്റേണുകളെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഏലിയൻ എന്നാൽ സൂപ്പർപവറുള്ള ജീവി എന്ന മുൻവിധിവെച്ച് ഏത് അമാനുഷിക ശക്തിയാണ് തൻ്റെ മുന്നിലെത്തിയ ഏലിയനുള്ളത് എന്ന് വിക്കി പരീക്ഷിച്ച് അറിയാൻ ശ്രമിക്കുന്നുണ്ട്. ഒരിക്കൽ ഗ്രഹമായിരുന്ന, പിന്നീട് ഗ്രഹത്തിൻ്റെ സവിശേഷതകൾ ഇല്ല എന്ന കാരണത്താൽ ആ പദവിയിൽ നിന്ന് പുറത്തായ പ്ലൂട്ടോയുടെ പേര് വിക്കി തൻറെ ഏലിയൻ സുഹൃത്തിന് നൽകുന്നു. അന്യഗ്രഹജീവികൾക്ക് ഉണ്ടെന്ന് മനുഷ്യൻ വിചാരിക്കുന്ന കഴിവുകൾ ഇല്ലാത്ത ഒരു അന്യഗ്രഹ ജീവിക്ക് പ്ലൂട്ടോ എന്ന പേര് കൃത്യമായി തന്നെയാണ് നായകൻ നൽകുന്നത്.

ഒരിക്കൽ ഗ്രഹമായിരുന്ന, പിന്നീട് ഗ്രഹത്തിൻ്റെ സവിശേഷതകൾ ഇല്ല എന്ന കാരണത്താൽ ആ പദവിയിൽ നിന്ന് പുറത്തായ പ്ലൂട്ടോയുടെ പേര് വിക്കി തൻറെ ഏലിയൻ സുഹൃത്തിന് നൽകുന്നു.
ഒരിക്കൽ ഗ്രഹമായിരുന്ന, പിന്നീട് ഗ്രഹത്തിൻ്റെ സവിശേഷതകൾ ഇല്ല എന്ന കാരണത്താൽ ആ പദവിയിൽ നിന്ന് പുറത്തായ പ്ലൂട്ടോയുടെ പേര് വിക്കി തൻറെ ഏലിയൻ സുഹൃത്തിന് നൽകുന്നു.

തന്നെപ്പോലെ ഒരു കഴിവുമില്ലാത്ത ആളാണ്  ഒപ്പമുള്ള ഏലിയൻ എന്ന് വിക്കി പതിയെ മനസ്സിലാക്കുന്നു. ഒരു സാധാരണ മലയാളിയെപ്പോലെ പ്ലൂട്ടോ പെരുമാറിത്തുടങ്ങുന്നു. അവിടം മുതൽ കഥ കൂടുതൽ രസകരമാവുന്നുണ്ട്.  നിയമവിരുദ്ധമായി മൃഗങ്ങളെ ബ്രീഡ് ചെയ്ത് എക്‌സോട്ടിക്കായ മൃഗങ്ങളെ സൃഷ്ടിക്കുകയും  വെള്ളിമൂങ്ങ, നക്ഷത്രആമ തുടങ്ങിയ അപൂർവജീവികളെ ക്രയവിക്രയം ചെയ്യുകയും ചെയ്യുന്ന ടൈഗർ തമ്പി എന്ന വില്ലൻ (അജു വർഗീസ്) അവരുടെ ഇടയിലേക്ക് എത്തുന്നതോടെ കഥ ആക്ഷൻ മോഡിലേക്ക് തിരിയുകയാണ്.

ഏലിയൻ എന്ന സങ്കൽപ്പം മുന്നോട്ടുവെക്കുന്ന ചില ധാരണകൾ മുൻനിർത്തിയാണ് പുതിയ സുഹൃത്തിനോടുള്ള നായകൻ്റെ ആദ്യ സമീപനം. തൻ്റെ അധീനതയിൽ വന്ന അന്യഗ്രഹമനുഷ്യനെ തൻ്റെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും വേണ്ടി വിനിയോഗിക്കാൻ വിക്കി നടത്തുന്ന ശ്രമങ്ങൾ ഒരേസമയം ചിരിക്ക് വക നൽകുകയും അതേസമയം ടിപ്പിക്കൽ സയൻസ് ഫിക്ഷൻ സിനിമകളിലെ സ്ഥിരം പാറ്റേണുകളെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്.

സയൻസ് ഫിക്ഷൻ എന്നതിനേക്കാൾ ബാലസാഹിത്യകൃതികളിൽ പൊതുവേ കാണപ്പെടുന്ന ഫാൻ്റസി കഥകളുടെ ടെംപ്ലേറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ‘ആയിരത്തൊന്നു രാവു’കളിലും ‘വിക്രമാദിത്യകഥകളി’ലുമെല്ലാം സ്ഥിരമായി വരുന്ന ഫാൻ്റസി കഥകളുടെ അച്ചിൽ വാർത്ത കഥ. അത്ഭുതവിളക്ക് നേടിയ അലാവുദ്ദീൻ്റെ കഥയുമായും മലയാളത്തിൽ തന്നെ ‘സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി’ എന്ന സിനിമയുടെ പ്രമേയവുമായും പ്ലൂട്ടോയ്ക്ക് സാദൃശ്യമുണ്ട്. നായകൻ്റെ പ്രശ്നങ്ങൾ തീർക്കാൻ അമാനുഷികശക്തിയുള്ള സുഹൃത്തിൻ്റെ സഹായം തേടുന്ന പ്ലോട്ടിലാണ് ഈ സാദൃശ്യം. എന്നാൽ, നായകൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഏലിയൻ്റെ കഴിവിനപ്പുറത്തെ കാര്യമാവുന്നു. പകരം, അവസാനം വരെയും പ്ലൂട്ടോയുടെ ചുറ്റും കറങ്ങിയാണ് സിനിമ അവസാനിക്കുന്നത്. ഏലിയനെ കൈവശപ്പെടുത്താനുള്ള വില്ലൻ്റെയും ഗവൺമെൻ്റിൻ്റെയും ഒക്കെ നീക്കങ്ങൾക്കിടയിൽ നായകൻ്റെ പ്രശ്നങ്ങൾ മുങ്ങിപ്പോവുകയാണ്. എങ്കിലും ജീവിതത്തോടുള്ള അയാളുടെ മനോഭാവത്തിൽ പോസിറ്റീവായ വലിയ മാറ്റങ്ങൾ പ്ലൂട്ടോ കാരണം സംഭവിക്കുന്നുണ്ട്.

നായകൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഏലിയൻ്റെ കഴിവിനപ്പുറത്തെ കാര്യമാവുന്നു. പകരം, അവസാനം വരെയും പ്ലൂട്ടോയുടെ ചുറ്റും കറങ്ങിയാണ് സിനിമ അവസാനിക്കുന്നത്.
നായകൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഏലിയൻ്റെ കഴിവിനപ്പുറത്തെ കാര്യമാവുന്നു. പകരം, അവസാനം വരെയും പ്ലൂട്ടോയുടെ ചുറ്റും കറങ്ങിയാണ് സിനിമ അവസാനിക്കുന്നത്.

പ്രശസ്ത റഷ്യൻ സാഹിത്യ സൈദ്ധാന്തികനായ വ്ലാദിമിർ പ്രോപ്പ് റഷ്യൻ നാടോടിക്കഥകളെ അധികരിച്ച്, പൊതുവേ കഥകളിൽ കാണപ്പെടുന്ന 31 ധർമ്മങ്ങൾ (functions) എടുത്തുപറയുന്നുണ്ട്. എല്ലാ കഥകളും ഈ 31 ധർമ്മങ്ങളിൽ ചിലതുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പ്രോപ്പ് കൃത്യമായ ക്രമത്തിൽ നൽകിയിരിക്കുന്ന 31 ധർമ്മങ്ങളിൽ  5, 7, 8, 14, 16, 18, 30, 31 എന്നിവ ‘പ്ലൂട്ടോ’യിൽ കാണാം. ജീവിതത്തിൽ വിജയം കണ്ടെത്താൻ ശ്രമിക്കുന്ന, അതിൽ തുടർച്ചയായി പരാജയപ്പെടുന്ന നായകൻ, നായകനെ നശിപ്പിക്കാനോ അയാളുടെ ആശ്രിതരെയോ ബന്ധുക്കളെയോ അപായപ്പെടുത്താനോ അയാളുടെ കൈവശമുള്ള ഏതെങ്കിലും മന്ത്രവിദ്യയോ ഉപകരണമോ കൈവശപ്പെടുത്താനോ ശ്രമിക്കുന്ന വില്ലൻ, അബദ്ധത്തിലോ കെണിയിൽ അകപ്പെട്ടോ അറിയാതെ നായകൻ വില്ലനെ സഹായിക്കുന്ന പ്രവൃത്തി ചെയ്യൽ. നായകനും വില്ലനും തമ്മിൽ നേരിട്ട് നടക്കുന്ന ഏറ്റുമുട്ടൽ, നായകനാൽ സംഭവിക്കുന്ന വില്ലൻ്റെ പരാജയം -  ഇവയൊക്കെയാണ് ഫാൻ്റസി കഥകളിൽ സ്ഥിരമായി കടന്നുവരുന്ന ഘടകങ്ങൾ (ധർമ്മങ്ങൾ). ഇവയൊക്കെ ഏറിയും കുറഞ്ഞും ഈ സിനിമയിൽ കടന്നുവരുന്നുണ്ട്. ക്രിസ്റ്റഫർ നോളൻ്റെ ഇൻ്റർസ്റ്റെല്ലാർ എന്ന സിനിമയിലൂടെ സാധാരണ പ്രേക്ഷകർക്ക് പരിചിതമായ ടൈം ഡൈലേഷൻ എന്ന ആശയത്തിൽ നിന്ന് കഥയുടെ പരിണാമഗുപ്തിക്ക് വേണ്ട ചില ചെറിയ കരുതലുകൾ വരുത്തിയിട്ടുള്ളത് രസകരമായി വന്നിട്ടുണ്ട്.

ഏലിയൻ എന്നാൽ സൂപ്പർപവറുള്ള ജീവി എന്ന മുൻവിധിവെച്ച് ഏത് അമാനുഷിക ശക്തിയാണ് തൻ്റെ മുന്നിലെത്തിയ ഏലിയനുള്ളത് എന്ന് വിക്കി പരീക്ഷിച്ച് അറിയാൻ ശ്രമിക്കുന്നുണ്ട്.
ഏലിയൻ എന്നാൽ സൂപ്പർപവറുള്ള ജീവി എന്ന മുൻവിധിവെച്ച് ഏത് അമാനുഷിക ശക്തിയാണ് തൻ്റെ മുന്നിലെത്തിയ ഏലിയനുള്ളത് എന്ന് വിക്കി പരീക്ഷിച്ച് അറിയാൻ ശ്രമിക്കുന്നുണ്ട്.

 പാറ്റേണിൽ പുതുമ പറയാനില്ലെങ്കിലും അതിനുപയോഗിക്കുന്ന കോസ്മിക് സയൻസും അന്യഗ്രഹജീവി സാന്നിധ്യത്തിൻ്റെ പശ്ചാത്തലവും അനുബന്ധമായി വരുന്ന സ്വാഭാവിക തമാശകളും ജെൻസി ജീവിതങ്ങളെ ഒപ്പിയെടുത്ത ദൃശ്യങ്ങളും പ്ലൂട്ടോ എന്ന സിനിമയെ സാധാരണ നിലവാരത്തിലേക്ക് എത്തിക്കുന്നുണ്ട്.  സങ്കീർണ്ണമായ ശാസ്ത്ര, സാങ്കേതിക വശങ്ങൾ, പ്രമേയത്തെ സാധൂകരിക്കുവാൻ ഉപയോഗിക്കുന്ന കടിച്ചാൽ പൊട്ടാത്ത തിയറികൾ തുടങ്ങിയവ സിനിമയിൽ ഇല്ലാത്തത് എളുപ്പത്തിലുള്ള ആസ്വാദനത്തിന് സഹായിക്കുന്നുണ്ട്. എന്നിരുന്നാലും തിരക്കഥയിലെ ശക്തിയില്ലായ്മ പ്രധാന പോരായ്മയായി നിൽക്കുന്നു. നല്ലൊരു പ്ലോട്ട് ഉണ്ടായിട്ടും അതിന് യോജിക്കുന്ന രീതിയിൽ തിരക്കഥയായി വികസിപ്പിക്കാൻ കഴിയാതിരുന്നത് സിനിമയുടെ കാഴ്ചാസുഖത്തെ ബാധിക്കുന്നുണ്ട്. പ്ലൂട്ടോ, ടൈഗർ തമ്പി തുടങ്ങിയ കഥാപാത്രങ്ങളെ വേണ്ടവിധം വികസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ചെറിയ ഇൻഡസ്ട്രി ആയതുകൊണ്ടുതന്നെ sci-fi ചിത്രങ്ങൾക്ക് ആവശ്യമായി വരുന്ന വലിയ രീതിയിലുള്ള നിർമ്മാണ ചെലവുകൾക്ക്  നിർമാതാക്കളോ എഴുത്തിൽ വിപുലമായ ഗവേഷണങ്ങൾക്ക് സംവിധായകരോ  തിരക്കഥാകൃത്തുക്കളോ തയ്യാറാവാത്തത് ലക്ഷണമൊത്ത സയൻസ് ഫിക്ഷൻ സിനിമകൾ മലയാളത്തിൽ ഇറങ്ങാൻ തടസം നിൽക്കുന്നുണ്ട്.


Summary: Dr Arshad Ahammad A writes a review about Adithyan Chandrashekar directed fantasy science fiction Malayalam Movie Pluto.


ഡോ. അർഷാദ് അഹമ്മദ് എ.

കായംകുളം എം.എസ്.എം കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ. കേരള സർവകലാശാലയിൽ റിസർച്ച് സൂപ്പർവൈസർ.

Comments