ഏത് മുഴക്കോൽ വച്ചാണ്
അടൂർ എന്ന പെരുംതച്ചൻ
ദലിതരുടെയും സ്ത്രീകളുടെയും
സിനിമ അളക്കുന്നത്?

‘‘വാസ്തവത്തിൽ അടൂരിന്റെ പ്രസ്താവന മതേതരമെന്നും, ജാതീയത ഇല്ലാത്തതെന്നും സ്ത്രീ സൗഹൃദമെന്നും അവകാശപ്പെടുന്ന കേരളത്തിലെ കാപട്യത്തിന്റെ പുറംതോട് തകർത്ത്, നമ്മളെന്തെന്ന് വെളിപ്പെടുത്തുകകൂടിയാണ് ചെയ്തത്. അതായത് അദ്ദേഹത്തിന്റെ സിനിമയ്ക്ക് ചെയ്യാനാവാതെ പോയ ഒരു ദൗത്യം അദ്ദേഹത്തിന്റെ പ്രസംഗം ചെയ്തു’’- പി. സുധാകരൻ എഴുതുന്നു.

സംശയമൊന്നുമില്ല, വലിയ പേരുതന്നെയാണ് ഇന്ത്യൻ സിനിമയിൽ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്റേത്; ഒരു പരിധിവരെ അന്താരാഷ്ട്ര തലത്തിലും. ഒട്ടും ഗതിവേഗമില്ലെങ്കിലും അടൂരിനെ ആരും സിനിമാറ്റിക് ഭാഷ പഠിപ്പിക്കേണ്ടതില്ല. സൂക്ഷ്മതയിലും രൂപത്തിലും ശൈലിയിലും അദ്ദേഹത്തിനൊരു കയ്യൊപ്പുണ്ട്. ഒരു ഓലമടൽ തെങ്ങിൽ നിന്നു വീണ് അത് വലിച്ച് വീടുവരെ കൊണ്ടുപോകുന്ന ദൃശ്യം കണ്ട് സിനിമയ്ക്കിടെ ഫാക്റ്റംഫോസിന്റെ പരസ്യം വരുന്നതാണോ എന്ന് സംശയിച്ച പാവങ്ങളെ വെറുതെ വിടുക. സാധാരണക്കാർക്ക് കണ്ടാൽ മനസ്സിലാവുന്നതു കൂടിയാവണം നല്ല സിനിമ എന്ന സത്യജിത് റേയുടെ കാഴ്ചപ്പാടുകൾ അടൂരിനില്ല; വേണമെന്ന് നമുക്ക് നിർബന്ധം പിടിക്കാനും കഴിയില്ല.
അതിനാൽത്തന്നെ. തിരുവനന്തപുരത്ത് നടന്ന കേരള ഫിലിം പോളിസി കോൺക്ലേവിൽ അദ്ദേഹം നടത്തിയ പ്രസ്താവന കേട്ടപ്പോൾ ഓർമ വന്നത് ആറ്റൂരിന്റെ ഒരു കവിതയിലെ ചില വരികളാണ്: ഇന്നു പഴയ കുതിരകൾ മാറ്റുക
ഇന്നു പുതിയ പാളങ്ങൾ വിരിക്കുക.

മലയാള സിനിമ അതിലെ പഴയ കുതിരകളെയൊക്കെ മാറ്റി പുതിയ പാളങ്ങൾ വിരിച്ച കാലമാണ് സാർ. കുട്ടികളൊക്കെ വലുതായിരിക്കുന്നു, അവർ അവരുടേതായ ഒരു വ്യാകരണം പഠിക്കുകയും ചെയ്തിരിക്കുന്നു.
സംസ്ഥാനത്തെ എസ്.സി / എസ്.ടി- സ്ത്രീ സംവിധായകര്‍ക്ക് സിനിമ നിർമ്മിക്കുന്നതിനായി സർക്കാർ അനുവദിച്ച 1.5 കോടി രൂപയുടെ ഗ്രാന്റിനെ വിമർശിച്ചാണ് അടൂർ തന്റെ ഫ്യൂഡൽ വാളെടുത്ത് വീശിയത്. ഇവർക്കൊക്കെ ഗ്രാന്റ് കൊടുക്കും മുന്നേ തീവ്ര പരിശീലനം നൽകണമെന്നും ഇത്രയും പൈസ കൊടുക്കേണ്ടെന്നുമൊക്കെ. 50 ലക്ഷം വെച്ച് കൊടുത്താൽ ഇത് കൂടുതൽ പേരിൽ എത്തിക്കാം എന്നതുകൊണ്ടാണ് ഇത്രയും പറഞ്ഞതെന്നാണ് പിന്നീടുവന്ന ഭാഷ്യം.

സിനിമ എന്താണെന്ന് അടൂരിനെ ആരും പഠിപ്പിക്കേണ്ടതില്ല, പക്ഷെ സിനിമ മാറി എന്ന് അദ്ദേഹം മനസ്സിലാക്കണം, ലോകവും.
സിനിമ എന്താണെന്ന് അടൂരിനെ ആരും പഠിപ്പിക്കേണ്ടതില്ല, പക്ഷെ സിനിമ മാറി എന്ന് അദ്ദേഹം മനസ്സിലാക്കണം, ലോകവും.

പക്ഷെ അടൂരിന്റെ ഭാഷ കേട്ടാലറിയാം (വെറുതെ വായിച്ചാലല്ല) വേദിയിൽ സംസാരിച്ചത് സാമാന്യം അസഹിഷ്ണുതയുള്ള ഒരു പുരുഷ പുംഗവൻതന്നെയാണ് എന്ന്. ഇത്തരം ഗ്രാന്റിൽ അഴിമതി നടക്കാൻ ഇടയുണ്ടെന്ന വാദം ഒരു വാദത്തിനുവേണ്ടി അംഗീകരിച്ചാൽ തന്നെ സ്ത്രീകളും ദലിതരും നല്ല സിനിമ എടുത്തിട്ടില്ലെന്നും അവർക്ക് പരിശീലനം ആവശ്യമാണെന്നും ഏത് മുഴക്കോൽ വെച്ചാണ് പെരുംതച്ചൻ അളന്നത് എന്നതാണ് ചോദ്യം. ഡോ. ബിജു ഇവിടെ ഉള്ളയാൾ തന്നെയല്ലേ സാർ? വിധു വിൻസെന്റും, ഗീതു മോഹൻദാസും, അഞ്ജലിമേനോനും രേവതിയുമൊക്കെ എടുത്ത സിനിമകൾ നിലവാരമില്ലാത്തത് എന്നുപറഞ്ഞ് ഒറ്റയടിയ്ക്ക് തള്ളുമ്പോൾ ഒരുപക്ഷെ പുതിയ കുട്ടികൾ ആ പഴയ ചോദ്യം ചോദിക്കും: ഇഴയുന്ന ഒച്ചിന്റെ ജീവചരിത്രം മാത്രമാണോ സിനിമ? അവർ അപർണ്ണ സെന്നിനെയും മീര നായരെയും ദീപ മേത്തയെയും കുറിച്ചൊക്കെ പറയും.

സിനിമ എന്താണെന്ന് അടൂരിനെ ആരും പഠിപ്പിക്കേണ്ടതില്ല, പക്ഷെ സിനിമ മാറി എന്ന് അദ്ദേഹം മനസ്സിലാക്കണം, ലോകവും. ദലിതരെയും സ്ത്രീകളെയും മാത്രം തിരഞ്ഞുപിടിച്ച് നൽകേണ്ടതല്ല പരിശീലനം എന്നും. ആർക്കും പരിശീലനം കൊടുക്കണം എന്ന് പറയുന്നത് സ്വാഭാവികമായി തെറ്റൊന്നുമല്ല, പക്ഷെ 'ഞങ്ങളൊക്ക സർഗ്ഗാത്മകത ചോരയിൽ അലിഞ്ഞുചേർന്നവരാണ്' എന്ന ധാർഷ്ട്യമാണ്‌ പ്രശ്നം. അതിനൊരു സവർണ്ണ പുരുഷാധിപത്യ സ്വരമുണ്ട്.

ജാതീയതയുടെ തട്ടിൽ കയറിനിന്ന അടൂരിൽ നിന്നും ഇതേ സ്വരം നമ്മൾ നേരത്തെയും കേട്ടിട്ടുണ്ട്, 2022-ൽ. കോട്ടയത്തെ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിൽ, അന്നത്തെ ഡയറക്ടർ ശങ്കർ മോഹൻ ദലിത്, സ്ത്രീവിരുദ്ധത കാണിച്ചു എന്ന ആരോപണമുയർന്നപ്പോൾ അദ്ദേഹം എടുത്ത നിലപാട് എല്ലാവർക്കും അറിയാം. ഉണ്ട്, സാർ ഇതിലെല്ലാം ഒരു തൊട്ടുകൂടായ്മയുടെ രാഷ്ട്രീയം. ആദിവാസിയിൽ നിന്ന് ഭൂമി കവർന്നെടുത്ത് അവരെ കുടിയാനാക്കുന്ന ഭൂവുടമയുടെ രാഷ്ട്രീയം തന്നെയാണിത്. ‘ഞാൻ മാത്രം മേലെ’ എന്ന കാഴ്ചപ്പാടിന്റെ രാഷ്ട്രീയവും. ഭരണഘടന വിഭാവനം ചെയ്ത അവകാശങ്ങളെ ഔദാര്യമാക്കി ചിത്രീകരിക്കുന്ന ഭരണകൂട നാടകം പോലെ തന്നെ ചോദ്യ ചെയ്യപ്പെടേണ്ടതാണ് ഇത്.

സാർ അതിനിടയ്ക്ക് വേറൊരു കാര്യം കൂടി പറഞ്ഞു: ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് ഫീസ് കൂട്ടണമെന്ന്. അതദ്ദേഹം നേരത്തെയും പറഞ്ഞതാണ്. പക്ഷെ അതിന് സാർ പറഞ്ഞ കാരണമാണ് രസം. സിനിമയെ ഗൗരവത്തിൽ കണ്ട് മനസിലാക്കാൻ കഴിയുന്നവർക്കുവേണ്ടിയുള്ള ഫിലിം ഫെസ്റ്റിവലുകളിൽ "സെക്‌സ് സീൻ ഉണ്ടെന്ന് കേട്ട് ചാലയിലെ തൊഴിലാളികൾ തിയേറ്ററിലേക്ക് കതക് തള്ളിത്തുറന്നു കയറിവരുന്നത്" തടയാനാണ് ഇത് എന്ന്. സാർ, പതിനെട്ട് വയസ്സിനുമുന്നെ പെൺകുട്ടികൾ പോലും വലിയ സ്റ്റിഗ്മയൊന്നും കൂടാതെ ലൈംഗികതയെക്കുറിച്ച് സ്പഷ്ടമായി സംസാരിക്കുകയും, ഏതു മനുഷ്യനും ഇപ്പറഞ്ഞ "സെക്‌സ് സീനൊക്കെ" മൊബൈലിൽ കിട്ടുകയും ചെയ്യുന്ന കാലമാണിത്. കൂടിയ ഡെലിഗേറ്റ് ഫീസ് കൊടുത്ത് വരാൻ കഴിയുന്നവർ സാംസ്കാരികമായി ഉന്നതിയിൽ നിൽക്കുന്നവരാണ് എന്ന ആ മുൻവിധിയുണ്ടല്ലോ, അത് സിംഗിൾ മാൾട്ട് വിസ്കി കുടിക്കുന്നവർ തറവാടികളും നാടൻ വാറ്റ് കുടിക്കുന്നവർ ‘ചെറ്റ’കളും ആണെന്ന് പറയുന്ന ഭോഷ്ക് പോലെയാണ്. ഓർമ്മയില്ലേ "മീ ടൂ, മീ ടൂ" എന്ന് വിരൽ നീണ്ടത്, 'ചാലയിലെ തൊഴിലാളികൾക്ക്' നേരെയല്ല, ചില സാംസ്‌കാരിക പ്രഭൃതികൾക്ക് നേരെയാണെന്നുകൂടി നമ്മൾ ഓർക്കണം.

 2022-ൽ. കോട്ടയത്തെ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിൽ, അന്നത്തെ ഡയറക്ടർ ശങ്കർ മോഹൻ ദലിത്, സ്ത്രീവിരുദ്ധത കാണിച്ചു എന്ന ആരോപണമുയർന്നപ്പോൾ അദ്ദേഹം എടുത്ത നിലപാട് എല്ലാവർക്കും അറിയാം.
2022-ൽ. കോട്ടയത്തെ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിൽ, അന്നത്തെ ഡയറക്ടർ ശങ്കർ മോഹൻ ദലിത്, സ്ത്രീവിരുദ്ധത കാണിച്ചു എന്ന ആരോപണമുയർന്നപ്പോൾ അദ്ദേഹം എടുത്ത നിലപാട് എല്ലാവർക്കും അറിയാം.

തകർന്നടിഞ്ഞ ഫ്യൂഡൽ വ്യവസ്ഥയിലൂടെ പതിയെ നടക്കുന്നതുകൊണ്ടാവാം, അടൂരിന്റെ സിനിമയിൽ പ്രത്യക്ഷതലത്തിൽ ലൈംഗികതയൊന്നും ഇല്ല. മറ്റു കഥകളെ ആസ്പദമാക്കി എടുത്ത സിനിമകൾ മാറ്റിനിർത്തിയാൽ, ഒരു 'കഥ' പറയുന്ന 'അനന്തരം' പോലും സങ്കീർണ്ണതകളിലേക്കാണ് ആഴ്ന്നിറങ്ങുന്നത്. ആസക്തി പത്തിവിടർത്തുമ്പോളെല്ലാം അടിച്ചമർത്തും. അടിസ്ഥാനപരമായി പുരുഷകേന്ദ്രീകൃതമാണ് അടൂരിന്റെ സിനിമകൾ. തകർന്നടിഞ്ഞ ഫ്യൂഡലിസത്തിന്റെ ശേഷിപ്പിനരികിൽ കരയാൻ പോലും പേടിച്ചിരിക്കുന്നവർ. ഭയമാണ് അടൂർ സിനിമകളുടെ മുഖമുദ്ര. അതിന്റെ എല്ലാ സൗന്ദര്യവും അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, അദ്ദേഹത്തിന്റെ ഏത് സിനിമയാണ് അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം കേൾപ്പിച്ചിട്ടുള്ളത്? ശരിക്കും കാത് കൂർപ്പിച്ചാൽ പാർശ്വങ്ങളിൽ നിന്നും ചില പതിഞ്ഞ ശബ്ദങ്ങൾ കേട്ടെന്നുവരാം.

ഇതെല്ലം പരിഗണിച്ചുകൂടി വേണം ഫിലിം പോളിസി കോൺക്ലേവിൽ അദ്ദേഹം അഭിപ്രായപ്രകടനങ്ങൾ കാണാൻ. അതിനൊരു തത്വികമായ യാഥാസ്ഥിതികതയുണ്ട്. ജാതിനിഷ്പക്ഷമെന്ന് പറയാവുന്ന മാനവികതയാണ് അതിന്റെ കാതൽ. അത് അപകടമാണ്. അതൊരിക്കലും കേരളം പോലൊരു സ്ഥലം നേരിടുന്ന ജാതീയമായ വിവേചനങ്ങളെ വെളിപ്പെടുത്തുന്നില്ല, മായ്ചുകളയാൻ ശ്രമിക്കുന്നെ ഉള്ളൂ. വാസ്തവത്തിൽ അടൂരിന്റെ പ്രസ്താവന മതേതരമെന്നും, ജാതീയത ഇല്ലാത്തതെന്നും സ്ത്രീ സൗഹൃദമെന്നും അവകാശപ്പെടുന്ന കേരളത്തിലെ കാപട്യത്തിന്റെ പുറംതോട് തകർത്ത്, നമ്മളെന്തെന്ന് വെളിപ്പെടുത്തുകകൂടിയാണ് ചെയ്തത്. അതായത് അദ്ദേഹത്തിന്റെ സിനിമയ്ക്ക് ചെയ്യാനാവാതെ പോയ ഒരു ദൗത്യം അദ്ദേഹത്തിന്റെ പ്രസംഗം ചെയ്തു.
ആ പ്രസംഗം ഒന്നുകൂടി കേട്ടുനോക്കൂ. തൊമ്മിമാരെ ഭയക്കുന്ന പട്ടേലരുടെ വിറയാർന്ന സ്വരം നമ്മളതിൽ കേൾക്കും.

Comments