ജെ.ജെ. ചില കുറിപ്പുകൾ, ഒരു പുളിമരത്തിൻ കതൈ, എം. ഗോവിന്ദൻ... സുന്ദരരാമസ്വാമിയെ വായിച്ചറിയാം. കെ.എൻ. ഷാജി വഴി കൂടുതൽ കേട്ടറിവും. മലയാളത്തെ ഇഷ്ടപ്പെട്ട തമിഴ് എഴുത്തുകാരൻ.
മൈത്രേയനെയും ഡോ. ജയശ്രീയെയും കേരളത്തിലെ ആദ്യ ഫെമിനിസ്റ്റ് സംഘടനയായ പ്രചോദനയുടെ കാലം തൊട്ടേ കേട്ടറിയാം. ചില കൂട്ടുകാരുടെ കൂട്ടുകാരാണ്.
2000ന്റെ തുടക്കത്തിലാണ് എം. സുകുമാരന്റെ പിതൃതർപ്പണം എന്ന നീണ്ടകഥ മാർഗം എന്ന പേരിൽ ചലച്ചിത്രമാക്കാൻ രാജീവ് വിജയരാഘവൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് പട്ടത്തെ വൃന്ദാവൻ ഗാർഡൻസിലെ ഫ്ളാറ്റ്-224 ൽ സിനിമ മുന്നൊരുക്കം പുരോഗമിക്കുന്നു. മുൻ വിപ്ലവകാരിയും ശാന്തസ്വഭാവിയുമായ അച്ഛനും മകളുമാണ് മുഖ്യ കഥാപാത്രങ്ങൾ.
ആ വേഷക്കാർക്കായുള്ള തിരച്ചിൽ ആദ്യം എത്തിയത് സുന്ദരരാമസ്വാമിയിലും മൈത്രേയൻ- ജയശ്രീമാരുടെ മകൾ കനിയിലുമാണ്. സ്‌ക്രീൻ ടെസ്റ്റിന് അവരുടെ ഫോട്ടോകൾ എടുക്കുന്നതിനുള്ള നിയോഗം എനിക്കായിരുന്നു. അന്നെടുത്തവയാണ് ഈ ചിത്രങ്ങൾ.
(ചലച്ചിത്രമായപ്പോൾ മാർഗത്തിൽ നെടുമുടി വേണുവും മീര കൃഷ്ണയുമാണ് അഭിനയിച്ചത്).