അജു കെ. നാരായണൻ

ലോക്കലൈസ്ഡ്ഗ്ലോബാലിറ്റി കമ്യൂണിലെ
​മലയാള സിനിമ

വിഷയസ്വീകരണത്തിൽ മാത്രമല്ല ചീത്രീകരണത്തിലും ഷോട്ടുകളുടെ വിന്യാസത്തിലുമെല്ലാം പുതിയ സൗന്ദര്യശാസ്ത്രം കടന്നുവരുകയാണ്. ഫ്രെയിമിംഗിലും കോമ്പസിഷനിലുമുള്ള ഈ രൂപമാറ്റം സിനിമയുടെ ഉള്ളടക്കത്തെത്തന്നെ പുനർനിർണയിക്കുകയും ചെയ്യുന്നു.

ലോകത്ത് ആദ്യമായി സിനിമാപ്രദർശനം നടന്നത് 1895 ഡിസംബർ 28നാണ് - പാരീസിലെ ഗ്രാൻറ്​ കഫേയിൽ. പാശ്ചാത്യ ആധുനികതയുടെ തുടർച്ചയെന്ന നിലയിൽ, ശാസ്ത്രലബോറട്ടറിയൽ ഉരുവം കൊണ്ട ചലച്ചിത്രം എന്ന ഉൽപ്പന്നം ആദ്യകാല പ്രേക്ഷകരെ ആകർഷിച്ചത് അതിന്റെ കലാപരതകൊണ്ടായിരുന്നില്ല. മറിച്ച്, അതു സമ്മാനിച്ച അത്ഭുതം കൊണ്ടായിരുന്നു. ഒരു സ്ഥല- കാലത്തു നടക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെടുത്ത് മറ്റൊരു സ്ഥല- കാലത്ത് പ്രദർശിപ്പിക്കുക എന്ന ‘അസാധ്യത'യെ സാധ്യമാക്കിയെന്നതായിരുന്നു ചലച്ചിത്രമാധ്യമം സമ്മാനിച്ച മാന്ത്രികത. ഇത്തരം കേവല കൗതുകത്തിനപ്പുറം, ശാസ്​ത്രോൽപ്പന്നം എന്ന നിലവിട്ട് കലാവസ്തു എന്ന നിലയിലേക്ക് സിനിമ വളരുന്ന കാഴ്ചയ്ക്കാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. അങ്ങനെയാണ് നാമിന്നുകാണുന്ന ‘സിനിമാലോക'വും ‘ലോകസിനിമ'യും ഉണ്ടായിത്തീർന്നത്.

മറ്റെല്ലാ കലാരൂപങ്ങളെയും പിന്തള്ളി 127 വർഷം മാത്രം പഴക്കമുള്ള ചലച്ചിത്രം എന്ന മാധ്യമം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. സാമൂഹ്യ പൊതുമണ്ഡലരൂപീകരണത്തിന് അടിസ്ഥാനമായിത്തീർന്ന ആദ്യത്തെ കലാവ്യവഹാരമാകുന്നു ചലച്ചിത്രം. മനുഷ്യസമൂഹത്തെ വൈചാരികമായും വൈകാരികമായും സ്വാധീനിക്കുന്നതിൽ സിനിമ വഹിക്കുന്ന പങ്ക് ചെറുതല്ല. സാംസ്‌കാരികവസ്തു (cultural artifact) എന്ന നിലയിലാണ് ചലച്ചിത്രത്തെ ഇന്നു നാം നോക്കിക്കാണുന്നത്.

പാരീസിലെ ഗ്രാൻറ്​ കഫേയിൽ. പാശ്ചാത്യ ആധുനികതയുടെ തുടർച്ചയെന്ന നിലയിൽ, ശാസ്ത്രലബോറട്ടറിയൽ ഉരുവം കൊണ്ട ചലച്ചിത്രം എന്ന ഉൽപ്പന്നം ആദ്യകാല പ്രേക്ഷകരെ ആകർഷിച്ചത് അതിന്റെ കലാപരതകൊണ്ടായിരുന്നില്ല. മറിച്ച്, അതു സമ്മാനിച്ച അത്ഭുതം കൊണ്ടായിരുന്നു
പാരീസിലെ ഗ്രാൻറ്​ കഫേയിൽ. പാശ്ചാത്യ ആധുനികതയുടെ തുടർച്ചയെന്ന നിലയിൽ, ശാസ്ത്രലബോറട്ടറിയൽ ഉരുവം കൊണ്ട ചലച്ചിത്രം എന്ന ഉൽപ്പന്നം ആദ്യകാല പ്രേക്ഷകരെ ആകർഷിച്ചത് അതിന്റെ കലാപരതകൊണ്ടായിരുന്നില്ല. മറിച്ച്, അതു സമ്മാനിച്ച അത്ഭുതം കൊണ്ടായിരുന്നു

നിരവധി രൂപമാതൃകകളും വിവിധ ജനുസ്സുകളും ഉള്ളടങ്ങുന്ന ഒരു വലിയ മാധ്യമമാണ് ഇന്നു ചലച്ചിത്രം. ഡോക്യുമെന്ററി സിനിമ, ഡോക്യു ഫിക്ഷൻ, ഫിക്ഷൻ/ഫീച്ചർ സിനിമ, ഫോക് ലോർ സിനിമ, ഹ്രസ്വ സിനിമ, ടെലി ഫിലിം, പരസ്യസിനിമ, സിഗ്‌നേച്ചർ ഫിലിം, അനിമേഷൻ സിനിമ, കാർട്ടൂൺ സിനിമ, മൊഴിമാറ്റ സിനിമ, റീമേക്ക് സിനിമ, വെബ് സീരീസ് എന്നിങ്ങനെ അതിന്റെ രൂപമാതൃകകൾ നീളുന്നു. ആക്ഷൻ, അഡ്വെഞ്ചർ, കോമഡി, ത്രില്ലർ, ക്രൈം, ഫാന്റസി, ഹൊറർ, സയൻസ് ഫിക്ഷൻ, ഹിസ്റ്റോറിക്കൽ സിനിമ, ബയോപിക്, സ്ത്രീസിനിമ, ദലിത് സിനിമ എന്നിങ്ങനെ പല ജനുസ്സുകളും കല്പിക്കപ്പെടുന്നു. പല തരത്തിലും പല തലത്തിലും സിനിമ വളർന്നു പന്തലിച്ചുനിൽക്കുന്ന കാഴ്ചയാണിത്. ആൾക്കാരെ അനുനയിപ്പിക്കാനും പ്രകോപിതരാക്കാനും സിനിമയ്ക്കു കഴിയും. ദേശീയവാദിയാക്കാനും വിഘടനവാദിയാക്കാനും വിപ്ലവകാരിയാക്കാനും പ്രണയിനിയാക്കാനുമൊക്കെ ചലച്ചിത്രത്തിന്​ ശേഷി കൈവന്നിരിക്കുന്നു. പ്രേക്ഷകരുടെ വൈകാരിക- വൈചാരികതലങ്ങളെ ആഴത്തിൽ സ്പർശിക്കാൻ കഴിയുന്ന മാധ്യമമായി സിനിമ മാറിത്തീർന്നുവെന്നു സാരം. ഇവിടെയാണ് ഒരു സാംസ്‌കാരികവസ്തു എന്ന നിലയിൽ ചലച്ചിത്രത്തെ നോക്കിക്കാണുന്നതിന്റെ പ്രസക്തി.

കച്ചവടസിനിമാമേഖലയിൽ മാത്രമല്ല സമാന്തര/കലാസിനിമാമേഖലയിലുമുണ്ട് ഈ എണ്ണപ്പെരുപ്പം. ഈയൊരു അവസ്ഥാവിശേഷം സംസ്‌കാരപഠനത്തിനു വിധേയമാക്കേണ്ടതുണ്ട്.

വിഗതകുമാരനി'ലൂടെ (1928) ആരംഭിച്ച മലയാളസിനിമയും മേലെ സൂചിപ്പിച്ച തരത്തിൽ കേരളത്തിലെ സുപ്രധാന മാധ്യമമായി മാറിത്തീർന്നിരിക്കുന്നു. കൊച്ചുകേരളത്തിലെ കൊച്ചുമലയാളത്തിൽ ഒരോ വർഷവും പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണക്കണക്ക് അതിശയിപ്പിക്കുന്നതാണ്. മിക്കവാറും സിനിമകൾക്ക് മലയാളിപ്രേക്ഷകർ മാത്രമാണുള്ളത്. നിർമിക്കപ്പെടുന്ന സിനിമകൾക്കനുസരിച്ച് പ്രദർശന തിയറ്ററുകളുമില്ല. കോവിഡ് കാലത്തിന്റെ ഉപോൽപ്പന്നമെന്ന നിലിയിൽ നിലവിൽവന്ന ഒ.ടി.ടി. പ്ലാറ്റ്ഫോം എന്ന സംവിധാനം ഈ പരിമിതി മറികടക്കാൻ സഹായിക്കുന്നുണ്ടെങ്കിലും നിർമിക്കപ്പെടുന്ന സിനിമകളെല്ലാം പ്രേക്ഷകരിൽ എത്താതെ പോകുന്ന സ്ഥിതി തുടരുകതന്നെയാണ്. എങ്കിലും വർദ്ധിച്ച തരത്തിൽ സിനിമാപ്രവർത്തകരുടെ കൂട്ടായ്മയുണ്ടാവുകയും അവരെല്ലാം സിനിമയെ സ്വപ്നം കാണുകയും കഴിയുന്നത്ര സാക്ഷാത്ക്കരിക്കുകയും ചെയ്യുന്നു. കച്ചവടസിനിമാമേഖലയിൽ മാത്രമല്ല സമാന്തര/കലാസിനിമാമേഖലയിലുമുണ്ട് ഈ എണ്ണപ്പെരുപ്പം. ഈയൊരു അവസ്ഥാവിശേഷം സംസ്‌കാരപഠനത്തിനു വിധേയമാക്കേണ്ടതുണ്ട്.

വിഗത കുമാരൻ സിനിമയിലെ ഒരു രംഗം
വിഗത കുമാരൻ സിനിമയിലെ ഒരു രംഗം

ചലച്ചിത്രത്തെ ഒരു വ്യവഹാരം (discourse) എന്ന നിലയിൽ പരിഗണിക്കുമ്പോൾ, അതിൽ രണ്ടു രണ്ടര മണിക്കൂർ ദൈർഘ്യം വരുന്ന സിനിമ മാത്രമല്ല, അതിനെ സാധ്യമാക്കുന്നതും അതിനെ വിമർശവിധേയമാക്കുന്നതുമായ ഘടകങ്ങൾ കൂടി ഉൾപ്പെടും. സിനിമയുടെ ശീർഷകം, ടാഗ് ലൈൻ, ടീസർ, ട്രെയിലർ, പോസ്റ്റർ, പ്രെമോഷൻ വീഡിയോ/ഓഡിയോ, റിലീസിംഗ് തന്ത്രം, പാട്ടുകൾ, ആദ്യപ്രേക്ഷകരുടെ ഒപ്പീനിയൻ വീഡിയോ, സിനിമയ്ക്കു മുൻപും പിമ്പുമുള്ള ചർച്ച, ഫീച്ചർ സ്വഭാവത്തിലുള്ള എഴുത്തുകൾ, ആസ്വാദകക്കുറിപ്പുകൾ, ഗൗരവമാർന്ന പഠനങ്ങൾ എന്നിങ്ങനെയെല്ലാം അടങ്ങുന്നതാണ് ചലച്ചിത്രം എന്ന വ്യവഹാരം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, സിനിമാനിരൂപണം അതിന്റെ ഗൗരവാർത്ഥത്തിൽ നടക്കുന്ന ഇടം കൂടിയാണ് കേരളം. ഫിലിം സൊസൈറ്റികളും ഫിലിം ക്ലബ്ബുകളും ഫിലിം ഫെസ്റ്റിവലുകളും ഇതിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ചുപോരുന്നുണ്ട്. ഒരു വിഷയമെന്ന നിലയിൽ ചലച്ചിത്രപഠനം സർവകലാശാലകളിലെ സിലബസുകളിൽ കടന്നുവന്നതും കേവല വിനോദമെന്നതിനപ്പുറം സിനിമയെ മറ്റൊരു പരിപ്രേക്ഷ്യത്തിൽ നോക്കിക്കാണാനും വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു.

ആഗോളീകരണത്തിന്റെ തുടർച്ചയെന്ന നിലയിൽ സംജാതമായ ഇന്റർനെറ്റ് സംവിധാനം സാധ്യമാക്കിയ ശൃഖലിതസമൂഹം സിനിമയെ സംബന്ധിച്ച കാഴ്ചപ്പാടുകളെ (സിനിമാ നിർമ്മാണം, സിനിമാ നിരൂപണം തുടങ്ങിയ) അനുനിമിഷം പുതുക്കിപ്പണിഞ്ഞുകൊണ്ടിരിക്കുന്നു.

ഭാഷയെന്നതുപോലെ സിനിമയും ചിഹ്നങ്ങളുടെ സംഹിതയാണെന്ന ധാരണ ഇന്നു നമുക്കുണ്ട്. ദൃശ്യശ്രവ്യചിഹ്നങ്ങൾ ഉള്ളടങ്ങുന്ന ഒരു വ്യവസ്ഥയാണത്. ദൃശ്യചിഹ്നം എന്ന ‘ഒന്നി' നെ പൊതുവെ പരികല്പിക്കാമെങ്കിലും ഇതിലും ധാരാളം ഉൾപ്പിരിവുകളുണ്ട്. സിനിമയുടെ റീലിന്റെ നിറം, അഭിനേതാക്കളുടെ ത്വക്കിന്റെ നിറം, അവരുടെ വേഷഭൂഷാദികൾ, സിനിമ പ്രത്യക്ഷപ്പെടുത്തുന്ന വീടുകൾ, സ്ഥലങ്ങൾ, വസ്തുക്കൾ, വെള്ളിത്തിരയിൽ അവതരിപ്പിക്കപ്പെടുന്ന ഭക്ഷണബിംബങ്ങൾ എന്നിങ്ങനെ നീണ്ടുപോകുന്നു അവ. ഇതുപോലെ ശ്രവ്യചിഹ്നങ്ങളും അനേകമാണ്. സിനിമയിലെ ഗാനങ്ങൾ, അതിന്റെ ഈണം, ഗായികയുടെ/ഗായകന്റെ സ്വരം, കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ, വംശീയസംഗീതമടക്കമുള്ള പശ്ചാത്തലസംഗീതം, നായകൻ, വില്ലൻ, ഹാസ്യനടൻ എന്നിവരുടെ ശബ്ദവൈചിത്ര്യങ്ങൾ, വിവിധ സംഗീതോപകരണങ്ങളുടെ സവിശേഷമായ ശബ്ദങ്ങൾ തുടങ്ങിയവ. വിശാലമായ അർത്ഥത്തിൽ, ഈ ചിഹ്നങ്ങളെല്ലാംതന്നെ സൂചകങ്ങൾ (signifier) ആണ്. അവയാണ് സൂചിതങ്ങളെ (signified) ഉല്പാദിപ്പിച്ചുകൊണ്ട് സംവേദനം (communication) സാധ്യമാക്കുന്നത്.

സിനിമയുടെ റീലിന്റെ നിറം, അഭിനേതാക്കളുടെ ത്വക്കിന്റെ നിറം, അവരുടെ വേഷഭൂഷാദികൾ, സിനിമ പ്രത്യക്ഷപ്പെടുത്തുന്ന വീടുകൾ, സ്ഥലങ്ങൾ, വസ്തുക്കൾ, വെള്ളിത്തിരയിൽ അവതരിപ്പിക്കപ്പെടുന്ന ഭക്ഷണബിംബങ്ങൾ എന്നിങ്ങനെ നീണ്ടുപോകുന്നു അവ
സിനിമയുടെ റീലിന്റെ നിറം, അഭിനേതാക്കളുടെ ത്വക്കിന്റെ നിറം, അവരുടെ വേഷഭൂഷാദികൾ, സിനിമ പ്രത്യക്ഷപ്പെടുത്തുന്ന വീടുകൾ, സ്ഥലങ്ങൾ, വസ്തുക്കൾ, വെള്ളിത്തിരയിൽ അവതരിപ്പിക്കപ്പെടുന്ന ഭക്ഷണബിംബങ്ങൾ എന്നിങ്ങനെ നീണ്ടുപോകുന്നു അവ

സിനിമയുടെ ശീർഷകം തന്നെ സൂചകമാണ്. സിനിമാപോസ്റ്റർ, അതിന്റെ ലേ-ഔട്ട്, നിറങ്ങളുടെ പാറ്റേൺ, ഫോണ്ടുകൾ, ഇമേജ് സെറ്റിംഗ് തുടങ്ങിയവയെല്ലാം സൂചകങ്ങൾതന്നെ. സിനിമയിലെ ഫ്രെയിമുകളുടെ ഗതിവേഗവും (speed/pace) സൂക്ഷ്മാർത്ഥത്തിൽ സൂചകമാണ്. സ്ലോമോഷൻ എന്നത് ഒരു സവിശേഷസംവേദനം (specific communication) ആകുന്നു. സ്ലോമോഷനെ നിരന്തരം ആശ്രയിക്കുന്ന സിനിമകളിൽ ഫ്രയിമുകളുടെ ഗതിവേഗം ഉല്പാദിപ്പിക്കുന്ന ആഖ്യാനാർത്ഥം മറ്റൊന്നാവും. സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ക്യാമറാ, ഫിൽറ്ററുകൾ, ലെൻസുകൾ എന്നിവയും സിനിമയുടെ പൊരുളിനെ രൂപീകരിച്ചെടുക്കുന്ന സാങ്കേതികഘടകങ്ങളാണ്. ക്ലോസപ്പ്, മിഡ് ഷോട്ട്, ലോംഗ് ഷോട്ട് തുടങ്ങിയവയും ചിഹ്നങ്ങളത്രേ. ഹൈ ആംഗിൾ ഷോട്ടും ലോ ആംഗിൽ ഷോട്ടും സിനിമാക്കാഴ്ചയിൽ വിഭിന്നാർത്ഥങ്ങളാണ് ഉല്പാദിപ്പിക്കുന്നത്. ‘ഗോഡ്സ് ഐ വ്യൂ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഏരിയൽ ഷോട്ടിനു സൗന്ദര്യം മാത്രമല്ല രാഷ്ട്രീയവുമുണ്ട്.

മലയാളത്തിലെ ന്യൂ ജനറേഷൻ സിനിമകളുടെ ഒരു സവിശേഷത, അവ സമകാലികമായി ഉയർന്നുവന്ന രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ആശയാവലികളെ അഭിമുഖീകരിക്കാൻ ശ്രമിച്ചുവെന്നതാണ്.

ആഗോളീകരണത്തിന്റെ തുടർച്ചയെന്ന നിലയിൽ സംജാതമായ ഇന്റർനെറ്റ് സംവിധാനം സാധ്യമാക്കിയ ശൃഖലിതസമൂഹം (network society) സിനിമയെ സംബന്ധിച്ച കാഴ്ചപ്പാടുകളെ (സിനിമാ നിർമ്മാണം, സിനിമാ നിരൂപണം തുടങ്ങിയ) അനുനിമിഷം പുതുക്കിപ്പണിഞ്ഞുകൊണ്ടിരിക്കുന്നു. ‘സിറ്റിസൺ' എന്നതുപോലെ മിക്കപേരും ‘നെറ്റിസൺ'കൂടിയായിരിക്കുന്നു. ഡിജിറ്റൽ സമൂഹം, സൈബർസമൂഹം എന്നീ പരികല്പനകൾ അർത്ഥവത്തായി മാറിയിട്ടുണ്ട്. ലോകത്തെവിടെയും നിർമിക്കുന്ന സിനിമ തൊട്ടടുത്ത നിമിഷം വിരൽത്തുമ്പിൽ എത്തുകയാണ്. ചലച്ചിത്ര നിർമാണം, സ്‌ക്രീനിംഗ് എന്നിവയുമായി ബന്ധപ്പെട്ടു പുറത്തിറങ്ങുന്ന സാങ്കേതിക ഉപകരണങ്ങൾ, ആശയസമുച്ചയങ്ങൾ എന്നിവയെല്ലാം ഉടനടി മുമ്പിൽ വന്നണയുകയാണ്. ഇതെല്ലാം നമ്മുടെ സിനിമാസങ്കല്പങ്ങളെ പുതുക്കിപ്പണിയുന്നതിൽ വലിയ പങ്കു വഹിച്ചുപോരുന്നു.

സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ക്യാമറാ, ഫിൽറ്ററുകൾ, ലെൻസുകൾ എന്നിവയും സിനിമയുടെ പൊരുളിനെ രൂപീകരിച്ചെടുക്കുന്ന സാങ്കേതികഘടകങ്ങളാണ്
സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ക്യാമറാ, ഫിൽറ്ററുകൾ, ലെൻസുകൾ എന്നിവയും സിനിമയുടെ പൊരുളിനെ രൂപീകരിച്ചെടുക്കുന്ന സാങ്കേതികഘടകങ്ങളാണ്

2006-ൽ വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘മൂന്നാമതൊരാൾ' ആദ്യത്തെ ഡിജിറ്റൽ സിനിമയായി. 2010ഓടുകൂടി മലയാളസിനിമ മറ്റൊരു വഴിയിലേക്കു മാറുന്നതുകാണാം (അപ്പോഴും പഴയരീതി തുടരുന്നുണ്ട്). ഈ വഴിമാറ്റധാരയെയാണ് നാം ‘ന്യൂ ജനറേഷൻ' എന്നു വിളിച്ചത്. ഇത് സാങ്കേതികം മാത്രമല്ല, ലാവണ്യപരവുമായിരുന്നു. എല്ലാക്കാലത്തും ന്യൂ ജനറേഷൻ ഉണ്ടെന്ന മറുവാദത്തിനപ്പുറം 2010ഓടെ ഏതാനും ചലച്ചിത്രകാരന്മാരിലൂടെ ഉണ്ടായിവന്ന സിനിമാസങ്കല്പം ആഗോളതയെയും അതിന്റെ സാങ്കേതികതയെയുംകൂടി ആശ്രയിച്ചു നിൽക്കുന്നതാണ്. പുതുതലമുറയുടെ ജീവിതത്തെയും അതിന്റെ പ്രകാരഭേദങ്ങളെയും ആ സിനിമകൾ ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചു. നിലനിന്ന മൂല്യസങ്കല്പങ്ങളുടെയും താരപദവിയുടെയും അട്ടിമറി, ആഖ്യാനത്തിലെ പരീക്ഷണം, നവീനമായ സൗന്ദര്യസങ്കല്പം എന്നിവയെല്ലാം അതു സാധ്യമാക്കി. രൂപത്തിൽമാത്രമല്ല ഉള്ളടക്കത്തിലും വഴിമാറ്റമുണ്ടായെന്നു സാരം. ഇതിനെ രൂപ/വിചാരമാതൃകാ വ്യതിയാനം (paradigm shift) എന്നു വിളിക്കാം.

വില കുറഞ്ഞതും എന്നാൽ മികവുറ്റതുമായ പുതിയ ക്യാമറകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വരവ്, ഒരു ലാപ്ടോപ്പിലേക്ക് ഒതുങ്ങിയ സ്റ്റുഡിയോ, ആര് അഭിനയിച്ചാലും അതു കാണാൻ പ്രേക്ഷകരുണ്ടെന്ന അവസ്ഥ തുടങ്ങിയവയെല്ലാം സിനിമാനിർമ്മാണത്തെ ജനാധിപത്യവൽക്കരിച്ചു

മലയാളത്തിലെ ന്യൂ ജനറേഷൻ സിനിമകളുടെ (ഇതിൽ മുഖ്യധാര/കച്ചവടസിനിമകളും സമാന്തര/കലാസിനിമകളും ഉൾപ്പെടും) മറ്റൊരു സവിശേഷത, അവ സമകാലികമായി ഉയർന്നുവന്ന രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ആശയാവലികളെ അഭിമുഖീകരിക്കാൻ ശ്രമിച്ചുവെന്നതാണ്. സ്ത്രീവാദം, കീഴാളപഠനം, ദലിത് വാദം, പരിസ്ഥിതിവാദം തുടങ്ങിയ പഠനമേഖലകൾ ഉയർത്തിയ ജ്ഞാനിമങ്ങൾ ഏറിയും കുറഞ്ഞും ഇത്തരം സിനിമകളുടെ അന്തർധാരയായി. കുടുംബം, വിവാഹം, പാരമ്പര്യം, കുലീനത, സവർണത എന്നീ സങ്കല്പങ്ങളുടെ അപനിർമ്മാണവും അവ സാധ്യമാക്കി.

വില കുറഞ്ഞതും എന്നാൽ മികവുറ്റതുമായ പുതിയ ക്യാമറകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വരവ്, ഒരു ലാപ്ടോപ്പിലേക്ക് ഒതുങ്ങിയ സ്റ്റുഡിയോ, ആര് അഭിനയിച്ചാലും അതു കാണാൻ പ്രേക്ഷകരുണ്ടെന്ന അവസ്ഥ തുടങ്ങിയവയെല്ലാം സിനിമാനിർമ്മാണത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കുകയും ജനകീയമാക്കുകയും ചെയ്തു. നിരവധി സ്ത്രീകൾ സിനിമയുടെ പിന്നണിപ്രവർത്തകരായി വന്നു. സ്‌കൂൾകുട്ടികളും കലാലയ വിദ്യാർത്ഥികളും വീട്ടമ്മമാരുമെല്ലാം സിനിമയെടുക്കുന്ന അവസ്ഥാന്തരം. മൊബൈൽഫോൺ, സിനിമ കാണാൻ മാത്രമല്ല സിനിമയെടുക്കാനുമുള്ള ഉപകരണമായി. എവിടെ എപ്പോൾ വേണമെങ്കിലും സിനിമ സംഭവിക്കാം എന്ന അവസ്ഥയെത്തി.

നിലനിന്നിരുന്ന മുൻകാലകൂട്ടങ്ങളിൽനിന്ന് വ്യത്യസ്തമാണ് പുതിയ കമ്യൂണുകൾ. ഒത്തൊരുമിച്ചു ജീവിച്ചുകൊണ്ടുള്ള പങ്കിടൽ ഇവിടെ പ്രധാനമാകുന്നു. ലോകസിനിമകളുടെ കാണലും ചർച്ചയും, നവീനമായ വിഷയങ്ങൾ കണ്ടെത്താനുള്ള വ്യഗ്രതയും താല്പര്യവും, ഫിലിം മെയ്ക്കിംഗിൽ നടത്തുന്ന പരീക്ഷണവും പുതുമയും -  തുടങ്ങിയവയെല്ലാം ഇത്തരം കൂട്ടായ്മകളുടെ സവിശേഷതകളാവുന്നു
നിലനിന്നിരുന്ന മുൻകാലകൂട്ടങ്ങളിൽനിന്ന് വ്യത്യസ്തമാണ് പുതിയ കമ്യൂണുകൾ. ഒത്തൊരുമിച്ചു ജീവിച്ചുകൊണ്ടുള്ള പങ്കിടൽ ഇവിടെ പ്രധാനമാകുന്നു. ലോകസിനിമകളുടെ കാണലും ചർച്ചയും, നവീനമായ വിഷയങ്ങൾ കണ്ടെത്താനുള്ള വ്യഗ്രതയും താല്പര്യവും, ഫിലിം മെയ്ക്കിംഗിൽ നടത്തുന്ന പരീക്ഷണവും പുതുമയും - തുടങ്ങിയവയെല്ലാം ഇത്തരം കൂട്ടായ്മകളുടെ സവിശേഷതകളാവുന്നു

ഫിലിം മേക്കേഴ്സിന്റെ വിവിധ ‘കമ്യൂണു'കൾ രൂപപ്പെട്ടിരിക്കുന്നുവെന്നതാണ് പുതിയ കാലത്തിന്റെ പ്രത്യേകത. അതാകട്ടെ പഴയകാല സിനിമാപ്രവർത്തകക്കൂട്ടങ്ങളിൽനിന്ന് വിഭിന്നവുമാണ്. താരങ്ങളെയും സംവിധായകരെയും നിർമ്മാതാക്കളെയും പ്രൊഡക്ഷൻ കമ്പിനികളെയും ചുറ്റിപ്പറ്റി നിലനിന്നിരുന്ന മുൻകാലകൂട്ടങ്ങളിൽനിന്ന് വ്യത്യസ്തമാണ് പുതിയ കമ്യൂണുകൾ. ഒത്തൊരുമിച്ചു ജീവിച്ചുകൊണ്ടുള്ള പങ്കിടൽ ഇവിടെ പ്രധാനമാകുന്നു. ലോകസിനിമകളുടെ കാണലും ചർച്ചയും, നവീനമായ വിഷയങ്ങൾ കണ്ടെത്താനുള്ള വ്യഗ്രതയും താല്പര്യവും, ഫിലിം മെയ്ക്കിംഗിൽ നടത്തുന്ന പരീക്ഷണവും പുതുമയും - തുടങ്ങിയവയെല്ലാം ഇത്തരം കൂട്ടായ്മകളുടെ സവിശേഷതകളാവുന്നു. സമാന്തര/കലാസിനിമ, മുഖ്യധാര /വാണിജ്യസിനിമ എന്ന വേർതിരിവിനെ മറികടക്കാനുള്ള ശ്രമവും ഇവിടെ കാണാം. ഡിജിറ്റൽ വിപ്ലവവും ഒ.ടി.ടി. പ്ലാറ്റ്ഫോമും ഇതിന് പിൻബലമേകി വരുന്നു. മുഴുവൻസമയ സിനിമാപ്രവർത്തകർ എന്നപോലെ പാർടൈം സിനിമാപ്രവർത്തകരും ഇന്നുണ്ട്. മറ്റു ജോലിയിൽ വ്യാപൃതരായിരിക്കുമ്പോൾത്തന്നെ സിനിമയെടുക്കുവാൻ നിരവധി പേർ മുന്നോട്ടുവരുന്നു. ഒന്നു രണ്ടു സിനിമയെടുത്തശേഷം രംഗം വിടുന്നവരെയും കാണാം. സിനിമയെടുക്കുന്നവർ സിനിമയെടുത്തുകൊണ്ടേയിരിക്കണം എന്നൊന്നുമില്ലല്ലോ.

വിഷയസ്വീകരണത്തിൽ മാത്രമല്ല ചീത്രീകരണത്തിലും ഷോട്ടുകളുടെ വിന്യാസത്തിലുമെല്ലാം പുതിയ സൗന്ദര്യശാസ്ത്രം കടന്നുവരുകയാണ്. ഡീപ് ഫോക്ക്സ് രംഗങ്ങൾ, വൈഡ് ആംഗിളുകൾ, ലോംഗ് ഷോട്ടുകൾ എന്നിവയക്ക് ഇവിടെ വലിയ സാധുതയില്ല.

മുമ്പ്, ഇരുട്ടത്തിരുന്നു കണ്ട വെളിച്ചമായിരുന്നു സിനിമയെങ്കിൽ ഇന്നത് വെളിച്ചത്തിരുന്നുള്ള വെളിച്ചം കാണലാണ്. മൊബൈൽ സ്‌ക്രീനിലേക്ക് സിനിമ കടന്നുവരുന്നത് രണ്ടു മട്ടിലാണ്. ഒന്ന്: വലിയ സ്‌ക്രീനിനുവേണ്ടി തയ്യാറാക്കിയ സിനിമ ചെറുസ്‌ക്രീനിൽ. രണ്ട്: ചെറിയ സ്‌ക്രീനിനെ മുന്നിൽക്കണ്ട് തയ്യാറാക്കുന്ന സിനിമകൾ. ഇതിൽ രണ്ടാമത്തെ ഗണമാണ് സിനിമയ്ക്ക് പുതിയ വ്യാകരണം ചമയ്ക്കുന്നത്. വിഷയസ്വീകരണത്തിൽ മാത്രമല്ല ചീത്രീകരണത്തിലും ഷോട്ടുകളുടെ വിന്യാസത്തിലുമെല്ലാം പുതിയ സൗന്ദര്യശാസ്ത്രം കടന്നുവരുകയാണ്. ഡീപ് ഫോക്ക്സ് രംഗങ്ങൾ, വൈഡ് ആംഗിളുകൾ, ലോംഗ് ഷോട്ടുകൾ എന്നിവയക്ക് ഇവിടെ വലിയ സാധുതയില്ല. കഴിയുന്നത്ര മിഡ് ക്ലോസ്സുകളും ക്ലോസ്സപ്പ് ഷോട്ടുകളുമാണ് ഇത്തരം സിനിമകളുടെ ലാവണ്യത്തെ നിർണയിക്കുക. ഫ്രെയിമിംഗിലും കോമ്പസിഷനിലുമുള്ള ഈ രൂപമാറ്റം സിനിമയുടെ ഉള്ളടക്കത്തെത്തന്നെ പുനർനിർണയിക്കുകയും ചെയ്യുന്നു.

മൊബൈൽ സ്‌ക്രീനിലേക്ക് സിനിമ കടന്നുവരുന്നത് രണ്ടു മട്ടിലാണ്. ഒന്ന്: വലിയ സ്‌ക്രീനിനുവേണ്ടി തയ്യാറാക്കിയ സിനിമ ചെറുസ്‌ക്രീനിൽ. രണ്ട്: ചെറിയ സ്‌ക്രീനിനെ മുന്നിൽക്കണ്ട് തയ്യാറാക്കുന്ന സിനിമകൾ.
മൊബൈൽ സ്‌ക്രീനിലേക്ക് സിനിമ കടന്നുവരുന്നത് രണ്ടു മട്ടിലാണ്. ഒന്ന്: വലിയ സ്‌ക്രീനിനുവേണ്ടി തയ്യാറാക്കിയ സിനിമ ചെറുസ്‌ക്രീനിൽ. രണ്ട്: ചെറിയ സ്‌ക്രീനിനെ മുന്നിൽക്കണ്ട് തയ്യാറാക്കുന്ന സിനിമകൾ.

ലഘുപാരമ്പര്യങ്ങളുടെ (little tradition) ആഘോഷം വർത്തമാനകാല സിനിമയുടെ മുഖമുദ്രയാണ്. നാട്ടുഭാഷ, നാടൻകഥാപാത്രങ്ങൾ, നാട്ടു ഫ്ളേവറുകൾ തുടങ്ങിയവ സിനിമയുടെ അടിസ്ഥാന മോട്ടിഫുകളാവുന്നു. അതേസമയം, ഗ്ലോബൽ ആണുതാനും. ഇതിനെ ‘ഗ്ലോക്കൽ' എന്നോ ‘ലോക്കലൈസ്ഡ് ഗ്ലോബാലിറ്റി' എന്നോ വിശേഷിപ്പിക്കാം. രാഷ്ട്രീയശരിയെ (political correctness) പറ്റി ഉത്ക്കണ്ഠ പുലർത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. പ്രതിനിധാനം (representation), സ്വത്വം (identity), ലിംഗപദവി (gender) എന്നിവയെപ്പറ്റിയെല്ലാം അവർ ജാഗ്രത്താണ്. രാഷ്ട്രീയശരി പാലിക്കാൻ ഒരു കൂട്ടർ കഴിയുന്നത്ര ശ്രമിക്കുമ്പോൾ, കലയെ അതിന്റെ വഴിക്കുവിടുക എന്ന ബൊഹീമിയൻ പക്ഷത്താണ് മറ്റൊരു കൂട്ടർ. ചുരുക്കത്തിൽ ഇവയെപ്പറ്റിയെല്ലാം നമ്മുടെ പുതിയ ചലച്ചിത്രപ്രവർത്തകർ ശ്രദ്ധാലുക്കളാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. സിനിമയെന്നത് വെറും ‘സിനിമാക്കാര്യം' മാത്രമല്ലെന്ന് അവർക്ക് നന്നായി അറിയാം. ▮


അജു കെ. നാരായണൻ

എഴുത്തുകാരൻ, തിരക്കഥാകൃത്ത്. ഫോക്‌ലോർ പാഠങ്ങൾ പഠനങ്ങൾ, ഉയിരടയാളങ്ങൾ(മിലൻ കുന്ദേര) എന്നിവ പുസ്തകങ്ങൾ. തിരക്കഥ എഴുതിയ സിനിമ കലാമണ്ഡലം ഹൈദരാലി

Comments