എമിർ കുസ്തുറിക്ക; രാഷ്ട്രീയ സൗന്ദര്യത്തിലേക്കുള്ള വാതിൽ

രണ്ടുതവണ ഗോൾഡൻ പാം നേടുന്ന അപൂർവം പേരിലൊരാളാണ് സെർബിയൻ സംവിധായകനായ എമിർ കുസ്തുറിക്ക. സിനിമയിലെ കലാസങ്കല്പനത്തിന്റെ അനന്യതയാലും സിനിമയ്ക്കുപുറത്തെ രാഷ്ട്രീയ നിലപാടുകളാലും ലോകം കുസ്തുറിക്കയെ നിരന്തരം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ അദ്ദേഹത്തിന്റെ സിനിമയ്ക്ക് കാഴ്ചക്കാർ ഏറെയുണ്ട്. എന്നാൽ അദ്ദേഹത്തെക്കുറിച്ചുള്ള എഴുത്തുകൾ മലയാളത്തിൽ തീരെയില്ല എന്നുതന്നെ പറയാം. പി. പ്രേമചന്ദ്രൻ എഴുതിയ "ആകാശത്തേക്കുള്ള വാതിലുകൾ - എമിർ കുസ്തുറിക്കയുടെ ചലച്ചിത്രജീവിതം' എന്ന പുസ്​തകത്തിന്റെ വായന.

ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു എന്നതും ദേശീയവികാരം എന്നിലുണ്ട് എന്നതും ശരിയാണ്. എന്നാൽ അതെന്നെ ഒരു തരത്തിലും ദേശീയവാദിയാക്കുന്നില്ല. ഞാൻ ദേശമില്ലാത്തവനാണ്. സെർബിയയുമായുള്ള എന്റെ ഒരേയൊരു ബന്ധം എന്റെ ഭാഷയാണ്.
- എമിർ കുസ്തുറിക്ക.

മികച്ച കല, കാലത്തെ വല്ലാതെ പ്രശ്നസങ്കീർണമാക്കും. നേരിട്ടുവിളിക്കുന്ന മുദ്രാവാക്യത്തിലൂടെയല്ല കല ഇത് നിർവഹിക്കുന്നത്. അത് പുതിയ സമയത്തെയും സ്ഥലത്തെയും ഭാവനാത്മകമായി നിർമിക്കുന്നു. വസ്തുയാഥാർത്ഥ്യത്തെക്കാൾ പ്രധാനമാണ് കലയിലെ യാഥാർത്ഥ്യങ്ങൾ. കാഴ്ചയിലൂടെയും കേൾവിയിലൂടെയും വായനയിലൂടെയും ഇന്ദ്രിയാനുഭവങ്ങളിലൂടെയുമൊക്കെ ഈ യാഥാർത്ഥ്യം ഉണ്ടായിവരികയാണ്. കലാകാരനോ കലാകാരിക്കോ ഒപ്പമോ അതിനെക്കാളുമോ കാണി പ്രധാനമാവുന്നു. മികച്ച കലാസൃഷ്ടികൾക്ക് മികച്ച കാണികളുണ്ടാവേണ്ടതുമുണ്ട്. അത്തരത്തിൽ കുസ്തുറിക്ക എന്ന വിഖ്യാത ചലച്ചിത്രകാരനിൽ പി. പ്രേമചന്ദ്രൻ എന്ന സവിശേഷ കാഴ്ചക്കാരൻ ഇടപെട്ടതിനുള്ള സാക്ഷ്യമാണ് "ആകാശത്തേക്കുള്ള വാതിലുകൾ - എമിർ കുസ്തുറിക്കയുടെ ചലച്ചിത്രജീവിതം' എന്ന പുസ്തകം. ഈ പുസ്തകത്തെ സാമാന്യമായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഈ കുറിപ്പിനുള്ളത്.

രണ്ടുതവണ ഗോൾഡൻ പാം നേടുന്ന അപൂർവം പേരിലൊരാളാണ് സെർബിയൻ സംവിധായകനായ എമിർ കുസ്തുറിക്ക. സിനിമയിലെ കലാസങ്കല്പനത്തിന്റെ അനന്യതയാലും സിനിമയ്ക്കുപുറത്തെ രാഷ്ട്രീയ നിലപാടുകളാലും ലോകം കുസ്തുറിക്കയെ നിരന്തരം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ അദ്ദേഹത്തിന്റെ സിനിമയ്ക്ക് കാഴ്ചക്കാർ ഏറെയുണ്ട്. എന്നാൽ അദ്ദേഹത്തെക്കുറിച്ചുള്ള എഴുത്തുകൾ മലയാളത്തിൽ തീരെയില്ല എന്നുതന്നെ പറയാം. ഒരുപക്ഷേ ഇന്ത്യൻ ഭാഷകളിൽത്തന്നെ പുസ്തകരൂപത്തിലുള്ള ആദ്യ ഇടപെടലാണ് പി. പ്രേമചന്ദ്രൻ മലയാളത്തിൽ നിർവഹിച്ചിട്ടുള്ളതെന്ന് പറയാനാവും.

‘യൂറോപ്പിന്റെ ചീത്തക്കുട്ടി’യായാണ് കുസ്തുറിക്ക വിശേഷിപ്പിക്കപ്പെടുന്നത്. തന്റെ കാലത്ത് കലയിലും ജീവിതത്തിലും സാധ്യമായ ബദലുകൾക്കുവേണ്ടിയാണ് അദ്ദേഹം നിലകൊള്ളുന്നത്. ആധിപത്യവിരുദ്ധവും ദേശാതീതവുമായ ദേശസങ്കല്പമാണ് കലയിലും ജീവിതത്തിലും കുസ്തുറിക്ക പുലർത്തുന്നത്. കല, അതീതങ്ങളുടെയും അസാധ്യതകളുടെയും ഭാവനാഭൂപടത്തെ നിർമ്മിക്കുന്നു. സംഗീതം അതിന്റെ ജീവനായിരിക്കുന്നു. അദ്ദേഹത്തിന്റെ രൂപങ്ങളും രൂപകങ്ങളും അർത്ഥത്തിന്റെ പുതിയ ഭാവനാദേശങ്ങളിലേക്ക് ഒപ്പം യാത്ര ചെയ്യാനും അർത്ഥോത്പാദനം നടത്താനും കാണിയെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയിൽനിന്ന് ഉയർന്നുനിൽക്കുന്ന ലോകങ്ങൾ ഈ സമകാലഭൂമിയുടെ പരിമിതികളുടെ രാഷ്ട്രീയാഖ്യാനം കൂടിയാവുന്നു. ഭൂമിയിൽ സാധ്യമല്ലാത്തവ ആകാശത്തേക്ക് ഉയർത്തപ്പെടുന്നു. ‘ആകാശത്തേക്കുള്ള വാതിലുകൾ’ ആ നിലയിൽ ഈ കുസ്തുറിക്കൻലോകത്തേക്കുള്ള താക്കോൽവാക്കായി തീരുന്നു. ഫുട്ബോൾ ഇതിഹാസം മറഡോണയും ഉറുഗ്വേയുടെ മുൻ പ്രസിഡൻറ്​ ഹോസെ പെപ്പെ മുജിക്കയുമാണ് അദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾക്ക് വിഷയമായിത്തീർന്ന രണ്ടുപേർ എന്നതിലും കലയുടെ ഈ രാഷ്ട്രപാഠവും രാഷ്ട്രീയപാഠവും തുറന്നിരിക്കുന്നത് കാണാനാവും. ഈ കലയുടെ രാഷ്ട്രീയസൗന്ദര്യശാസ്ത്രമാണ് പ്രേമചന്ദ്രൻ‘ആകാശത്തേക്കുള്ള വാതിലുകളി’ൽ തുറക്കാൻ ശ്രമിക്കുന്നത്.

പി. പ്രേമചന്ദ്രൻ

ആമുഖവും സി.വി. ബാലകൃഷ്ണന്റെ അവതാരികയും കൂടാതെ നാലു ഭാഗങ്ങളായാണ് ഈ കുസ്തുറിക്കാപഠനം സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. എമിർ കുസ്തുറിക്കയുടെ സിനിമാജീവിതത്തെയും പൊതുജീവിതത്തെയും വ്യക്തിജീവിതത്തെയും അനാവരണം ചെയ്യുന്ന ദീർഘലേഖനമാണ് ഒന്നാം ഭാഗം. കുസ്തുറിക്ക കണ്ട സിനിമകളെയും സിനിമാക്കാരെയും യുഗോസ്ലാവിയൻ സിനിമാലോകത്തെയും കുറിച്ചുള്ള ചരിത്രപരമായ രേഖപ്പെടുത്തലാണിത്. എമിർ കുസ്തുറിക്ക എന്ന ചലച്ചിത്രകാരനിലേക്കുള്ള തുടർച്ചയുള്ള വഴിയടയാളമായി ഇതിനെ കാണാം. രണ്ടാംഭാഗം, എമിർ കുസ്തുറിക്കയുടെ മുഴുവൻ സിനിമകളുടെയും രൂപപരവും ഉള്ളടക്കപരവുമായ സൗന്ദര്യവിശകലനമാണ്. ‘ഗർണിക്ക’ മുതൽ ‘എൽ പെപ്പെ: എ സുപ്രീം ലൈഫ്’ വരെയുള്ള 13 സിനിമകളാണ് ഇവിടെ വിശകലനം ചെയ്യപ്പെടുന്നത്. ഒരോ സിനിമയുടെയും സൂക്ഷ്മ വിശകലനത്തിലൂടെ കുസ്തുറിക്കയിലേക്കുള്ള മലയാള വാതിലുകളാണ് തുറക്കുന്നത്. മൂന്നാം ഭാഗത്ത് കുസ്തുറിക്കാസിനിമയുടെ രാഷ്ട്രീയവും കലാദർശനവും ആഖ്യാനസവിശേഷതകളും ചർച്ച ചെയ്യുന്ന മൂന്ന് പഠനങ്ങളാണുള്ളത്. കുസ്തുറിക്കയുടെ സിനിമകളുടെ പൊതു വിഷയങ്ങളിലേക്ക് സൂക്ഷ്മമായി പ്രവേശിക്കുന്നു എന്ന നിലയിൽ ഈ പുസ്തകത്തിലെ ഏറ്റവും പ്രധാന ഭാഗവുമാണിത്.

നാലാം ഭാഗം കുസ്തുറിക്കയുടെ സിനിമകളുടെ വിവരങ്ങൾ, വിവരണങ്ങൾ, പുരസ്കാരങ്ങൾ, പ്രധാന പഠനഗ്രന്ഥങ്ങൾ എന്നിവയുടെ രേഖപ്പെടുത്തലാണ്. എമിർ കുസ്തുറിക്കയെക്കുറിച്ചുള്ള ഒരു സമഗ്ര പഠനഗ്രന്ഥം എന്ന നിലയിൽ സിനിമാവിജ്ഞാന ശാഖയ്ക്കും മലയാള വിജ്ഞാനമേഖലയ്ക്കും ഈ ഗ്രന്ഥം മുതൽക്കൂട്ടാവുന്നു. ഇനി കുസ്തുറിക്കയുടെ കലാസൗന്ദര്യശാസ്ത്രത്തിന്റെ ചില മേഖലകളിലേക്കും അതിന്റെ രാഷ്ട്രീയ പാഠങ്ങളിൽ പ്രേമചന്ദ്രൻ എന്ന കാണി ഇടപെട്ടതെങ്ങനെയെന്ന ചില സൂചനകളിലേക്കും കൂടി കടക്കാം.

ഗർണിക്ക, എൽ പെപ്പെ: എ സുപ്രീം ലൈഫ്

എമിർ കുസ്തുറിക്കയുടെ വ്യക്തിജീവിതവും രാഷ്ട്രീയജീവിതവും സിനിമാജീവിതവും തമ്മിലുള്ള പാരസ്പര്യത്തിൽ പ്രേമചന്ദ്രൻ ഊന്നുന്നുണ്ട്. കലയിലെ സൗന്ദര്യാവബോധവും ജീവിതത്തിലെ നിലപാടുകളും തമ്മിലുള്ള ഈ ബന്ധം കുസ്തുറിക്കയെക്കുറിച്ചുള്ള അന്വേഷണത്തിൽ പ്രധാനമാണ്. കലതന്നെ ജീവിതമാകുന്നു, കല എന്നാൽ വിശാലാർത്ഥത്തിലുള്ള രാഷ്ട്രീയം എന്ന പ്രാഥമിക സൂചന ഉണ്ടാവുകയും ചെയ്യുന്നു. കുസ്തുറിക്കയുടെ സിനിമകൾ വിമർശിക്കപ്പെടാനുള്ള ഒരു കാരണമായിപ്പോലും അദ്ദേഹത്തിന്റെ പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകൾ മാറിത്തീരുന്നുണ്ട്. സെർബിയയെയും സ്വേച്ഛാധിപതിയായ മിലോസോവിച്ചിനെയും പിന്താങ്ങുന്നു എന്ന ആക്ഷേപം കുസ്തുറിക്കയുടെ മേലുണ്ട്. താനൊരിക്കലും ഒരു ദേശീയവാദിയല്ലെന്നും സെർബിയയുമായുള്ള ഒരേയൊരു ബന്ധം തന്റെ ഭാഷയാണെന്നും അദ്ദേഹം നേരിട്ടു പറയുന്നുണ്ട്. ഇത് വളരെ പ്രധാനമായ നിലപാടാണ്. ആധുനിക ജനാധിപത്യത്തിന്റെയും സ്വത്വബോധത്തിന്റെയും അടിസ്ഥാനരാഷ്ട്രീയമായി ഭാഷ ഇവിടെയുണ്ട്. മറ്റെല്ലാ ഉറപ്പിച്ച നിർണയനങ്ങളെയും കുസ്തുറിക്ക തന്റെ ദേശസങ്കല്പത്തിന് പുറത്തുനിർത്തുന്നു. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും നടക്കുന്ന സ്വാതന്ത്ര്യപ്പോരാട്ടങ്ങളിലും ആഗോളവത്കരണ, സ്വകാര്യവത്കരണ രാഷ്ട്രീയനയങ്ങളിലും കോർപറേറ്റ് ചൂഷണങ്ങളിലും അദ്ദേഹം വ്യക്തമായ പ്രത്യക്ഷ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നു. എന്നാൽ നേരിട്ട് രാഷ്ട്രീയപ്രഖ്യാപനമാവുന്ന ആഖ്യാനരീതി തന്റെ പഠനത്തിന്റെ ഭാഗമായി ചെയ്ത ‘ഗർണിക്ക’യോടെ ഉപേക്ഷിക്കുന്നുണ്ട്. അതിനുശേഷമാണ് അദ്ദേഹത്തിന്റെ വിഖ്യാത സിനിമകൾ വരുന്നത്. ആശയങ്ങളെയും സംഭവങ്ങളെയും സങ്കേതങ്ങളെയും പാരഡിയാക്കി അവതരിപ്പിക്കുന്ന കറുത്തഹാസ്യം കുസ്തുറിക്കയിലുണ്ട്. ആദിമധ്യാന്തപ്പൊരുത്തമുള്ള സിനിമയല്ല കുസ്തുറിക്ക നിർമ്മിക്കുന്നത്. കല രാഷ്ട്രീയബോധ്യങ്ങളുടെ തുടർച്ചയാവുമ്പോഴും അത് നേർത്തുടർച്ചയോ പ്രതിഫലനമോ പ്രതിനിധാനമോ അല്ല. കാലം അതിൽ കലയായിരിക്കുന്നതിനാലാണ് ഈ സിനിമകൾ കാഴ്ചയിൽ തുടരുന്നത്.

പ്രത്യക്ഷത്തിൽ കുസ്തുറിക്ക, മുതലാളിത്തത്തിന്റെയും ആഗോളവത്കരണത്തിന്റെയും തീവ്രവികസനവാദത്തിന്റെയും എതിർപക്ഷത്താണ്. എന്നാൽ അദ്ദേഹത്തിന്റെ സിനിമ ഈ രാഷ്ട്രീയം നേരിട്ടുച്ചരിക്കുകയല്ല ചെയ്യുന്നത്, ഡോക്യുമെന്ററികൾ പോലും. ഇവിടെയാണ് ചരിത്രബന്ധങ്ങളുടെ സൗന്ദര്യത്തെയും വൈരുദ്ധ്യത്തെയും കാഴ്ചയാക്കുന്ന സിനിമയുണ്ടാകുന്നത്. അതൊരു ഭാവനാത്മകമായ പ്രക്രിയയാണ്.

Photo: Wikimedia Commons

ബെനഡിക്ട് ആൻഡേഴ്സൻ തന്റെ പ്രഖ്യാതമായ ‘ഇമാജിൻഡ് കമ്യൂണിറ്റീസി’ൽ ഭാവനാസമൂഹങ്ങളുടെയും ദേശരാഷ്ട്രങ്ങളുടെയും നിർമിതിയെ സിദ്ധാന്തവത്കരിക്കുന്നുണ്ട്. ജന്മനാ പരിമിതവും പരമാധികാരപരവുമായ കല്പിത രാഷ്ട്രീയസമൂഹത്തെയാണ് ആൻഡേഴ്സൻ രാഷ്ട്രമായി കാണുന്നത്. ഇവിടെ വ്യത്യസ്തതകളുടെ ഏകീകരണം നടക്കുന്നു. യൂറോപ്യൻ മാതൃകകളെയും അനുഭവങ്ങളെയും പ്രധാനമായി കാണുന്ന ഈ ദേശ, ദേശീയതാ സങ്കല്പം കൊളോണിയൽ ദേശരാഷ്ട്രയുക്തിക്കകത്താണെന്ന വിമർശനങ്ങൾ വരുന്നുണ്ട്. യൂറോപ്പിന്റെ ഏകമാതൃകയിലുള്ള രാഷ്ട്രസങ്കല്പം അവിടത്തെ പഠിതാക്കളടക്കം വിമർശനവിധേയമാക്കുന്നുണ്ട്. യൂറോപ്പിന്റെ അപരങ്ങൾ യൂറോപ്പിൽത്തന്നെയുണ്ടാവുന്നു. സമരങ്ങളിലൂടെ രൂപപ്പെട്ടതും, നിരന്തരം അഴിച്ചുകളയുകയും രൂപപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നതുമായ ദേശസങ്കലപം പ്രധാനമാണ്. ദേശത്തെ എഴുതിയ കലയും സാഹിത്യവും ഈ ദേശസങ്കല്പ നിർമിതിയിൽ എങ്ങനെ പങ്കുവഹിച്ചുവെന്നത് പ്രധാനമാണ്. ആധുനിക ഘട്ടത്തിൽ ഈ സാമ്രാജ്യത്വ മനോഭാവ നിർമ്മിതിയുടെ പ്രധാന രൂപമായിത്തീർന്നത് നോവലുകളാണെന്ന് എഡ്വേർഡ് സെയ്ദ് പറയുന്നുണ്ട്. റോബിൻസൻ ക്രൂസോയുടെ യാത്രകൾ യൂറോപ്പിനപ്പുറത്തേക്കുള്ള സാമ്രാജ്യത്വ വഴികൂടിയായിരുന്നു. ആ പാരമ്പര്യങ്ങളെ അപമിത്തീകരിക്കുക എന്നതാണ് സമകാല കലയുടെ ഒരു പ്രവർത്തന വഴി. തെക്കുകിഴക്കൻ യൂറോപ്പിനെ മുൻനിർത്തി ഈ പ്രവർത്തനത്തിൽ ഏർപ്പെടാനാണ് കുസ്തുറിക്ക ശ്രമിക്കുന്നത് എന്നു കാണാനാവും. യുഗോസ്ലാവിയയിൽനിന്നുള്ള നോബൽസമ്മാന ജേതാവായ ഇവൊ ആൻഡ്രിച്ചിന്റെ ‘ദ ബ്രിഡ്ജ് ഓൺ ദ ഡ്രിന’ എന്ന നോവലിനെ മുൻനിർത്തി ആൻഡ്രിച്ഗ്രാഡ് എന്ന പ്രദേശത്തെ കുസ്തുറിക്ക നിർമ്മിക്കുന്നു. നോവൽഭാവനയിലെ പ്രദേശത്തെ സെർബിയൻ സാംസ്കാരിക സൂചകമായി വസ്തുതാപരമായിക്കൂടി സങ്കല്പിക്കുന്നത് അദ്ദേഹത്തിന്റെ ദേശഭാവനയുടെ അടയാളമായി കാണാം. ‘ലൈഫ് ഈസ് എ മിറാക്കിൾ’ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം നിർമിച്ച പരമ്പരാഗത ഗ്രാമമാണ് ക്യുസ്റ്റെൻഡോർഫ്. യുദ്ധസമയത്ത് നഷ്ടമായ നഗരത്തിനുബദലായാണ് കുസ്തുറിക്ക ഈ ഗ്രാമം യാഥാർത്ഥ്യമാക്കിയത്. 2008 മുതൽ ഈ നിർമിത ഗ്രാമത്തിൽ എല്ലാ വർഷവും ചലച്ചിത്രോത്സവവും സംഗീതോത്സവവും നടക്കുന്നു. കുസ്തുറിക്കയിൽ രണ്ടായി നിൽക്കാത്ത രണ്ടുലോകങ്ങളാണ് സിനിമയും സംഗീതവും. ഇതിനെ സ്ഥലത്തിലേക്ക് സന്നിവേശിപ്പിക്കുന്ന രാഷ്ട്രീയപ്രവർത്തനം കൂടിയായി ക്യുസ്റ്റെൻഡോർഫിനെ കാണാം. കലാപ്രവർത്തകർക്ക് ഒരുമിച്ചുചേരാനുള്ള ഇടമാണിത്. സൗന്ദര്യസമൂഹനിർമിതിയിലാണ് ഇതിലൂടെ കുസ്തുറിക്ക ഊന്നുന്നതെന്ന് കാണാനാവും.

ലൈഫ് ഈസ് എ മിറാക്കിൾ

ജിപ്സിജീവിതമാണ് കുസ്തുറിക്കയുടെ സിനിമയിലെ ഒരു പ്രധാനലോകം. മേൽസൂചിപ്പിച്ച ദേശ/ദേശീയതാ സങ്കല്പങ്ങളെ മുഴുവൻ അസ്ഥിരപ്പെടുത്താനും അപഗൂഢവത്കരിക്കാനും ഇതിനേക്കാൾ പ്രധാനമായ മറ്റെന്തു തിരഞ്ഞെടുപ്പാണുള്ളത്! ഇവിടന്നാണ് കുസ്തുറിക്ക എന്ന സിനിമാകാരന്റെ ദേശസങ്കല്പവും രാഷ്ട്രീയസങ്കല്പവും സിനിമയ്ക്കുള്ളിൽ അന്വേഷിച്ചു തുടങ്ങേണ്ടത്. ഭൂമിയിൽ അസാധ്യമായ കല/ജീവിതം ആകാശത്തേക്ക് ഉയർത്തപ്പെടുന്നു. ‘ആകാശത്തേക്കുള്ള വാതിലുകൾ’ എന്ന് കുസ്തുറിക്കയെ അടയാളപ്പെടുത്താനായി പ്രേമചന്ദ്രൻ സ്വീകരിച്ച താക്കോൽവാക്ക് പ്രവർത്തിച്ചുതുടങ്ങുന്നത് ഇവിടെയാണ്.

ആകാശത്തുനിന്ന് വർഷിക്കപ്പെടുന്ന ദൈവികസ്വാസ്ഥ്യങ്ങളുടെ സന്തോഷവും സമാധാനവുമല്ല ഈ ആകാശത്തേക്കുള്ള ഉയർത്തലെന്ന് വ്യക്തം. ഭൂമിയിലെ ദേശങ്ങളിലോ രേഖകളിലോ ഇടമില്ലാതെപോയ ദേശവ്യവഹാരങ്ങൾക്ക് മുകളിലാണ് ഉയർത്തപ്പെട്ട വീട് നിന്നു കത്തുന്നത് (ടൈം ഓഫ് ദ ജിപ്സീസ്). തകരപ്പാളികളും മറ്റും ചേർത്തു നിർമിച്ച സ്വന്തം വീട് ആകാശത്തേക്കുയരുന്നതും തരിപ്പണമാകുന്നതും കണ്ടുനിൽക്കാൻ ആ വീട്ടുകാർക്കാവുന്നത്, അവർ ജിപ്സികളായതുകൊണ്ടാണ്. ‘ഉന്മാദിയുടെ ഗീതക’ത്തിലാണ് ‘ടൈം ഓഫ് ദ ജിപ്സീസ്’ തുടങ്ങുന്നത്. സെർബിയൻ ഭാഷയിൽ ഈ സിനിമയുടെ പേര് ‘തൂങ്ങി നിൽക്കുന്ന വീട്’ എന്നർത്ഥമുള്ള വാക്കു തന്നെയാണ്. ജിപ്സികളെ മെരുക്കാനും സ്വാതന്ത്ര്യത്തിന്റെ ചിറകരിഞ്ഞ് നിയമത്തിനു കീഴിലൊതുക്കാനുമുള്ള ആധുനിക രാഷ്ട്രസംവിധാനത്തോടുള്ള സാംസ്കാരികമായ പ്രതിരോധമായും സിനിമയെ കാണാം. ഭരണകൂട സംവിധാനങ്ങളെ വെല്ലുവിളിക്കുകയും അതിജീവിക്കുകയും ചെയ്യുന്ന പ്രതീക്ഷയാണ് ഈ സിനിമയുടെ നാന്ദി എന്ന് പ്രേമചന്ദ്രൻ നിരീക്ഷിക്കുന്നുണ്ട്. ജിപ്സികളുടെ മാന്ത്രികയാഥാർത്ഥ്യത്തിന് മാന്ത്രികയാഥാർത്ഥ്യത്തിന്റെ ആഖ്യാനഭാഷ ഉപയോഗിക്കുന്നു സിനിമ. മനുഷ്യനിയമങ്ങളുടെ ദേശസങ്കല്പത്തെ അതിജീവിക്കുന്നിടത്തെല്ലാം, മനുഷ്യേതര ചരാചരങ്ങളുടെ ഒഴുക്ക് അദ്ദേഹത്തിന്റെ സിനിമകളിൽ കാണാം എന്നും പ്രേമചന്ദ്രൻ കുസ്തുറിക്കയുടെ ലോകത്തെ സവിശേഷം സ്ഥാനപ്പെടുത്തുന്നു. എസ്കിമോകളുടെ ദൃശ്യങ്ങളിലാണ് ‘അരിസോണ ഡ്രീം’ തുടങ്ങുന്നതും അവസാനിക്കുന്നതും. സിനിമയ്ക്കിടയിലും എസ്കിമോ പരാമർശങ്ങളുണ്ട്. ശാസ്ത്രവികസനത്തിന്റെയും സാങ്കേതികവിദ്യയുടെയും ആധുനിക അവബോധത്തിന്റെയും അമേരിക്കൻമാതൃകയായ അരിസോണയെയും ആദിമജീവിതങ്ങളായ എസ്കിമോകളെയും ചേർത്തുനിർത്തുന്നതിന്റെ രാഷ്ട്രീയ വിവക്ഷകൾ പുസ്തകം ആരായുന്നു. മരണത്തിന്റെ കഥകളിലാണ് കഥാപാത്രങ്ങൾ കൂട്ടിക്കെട്ടപ്പെട്ടിട്ടുള്ളത്. സ്വയം പ്രതിരോധിക്കാനുള്ള വഴിയായി സ്വപ്നങ്ങൾ മാറിത്തീരുന്നു. അമേരിക്കയുടെ വസ്തുതാപരമായ വലുപ്പത്തെ, സ്വപ്നങ്ങളുടെ ഭാവനാപരമായ ആഴംകൊണ്ടും ആഖ്യാനത്തിലെ പരപ്പുകൊണ്ടും കുസ്തുറിക്ക കലാത്മകമായി പ്രതിരോധിക്കുന്നു. ഭാവനയുടെ അതീതലോകങ്ങളിലേക്ക് സിനിമ ചിറകുവച്ച് പറക്കുന്നു. സ്വപ്നത്തിന്റെയും പറക്കലിന്റെയും പ്രത്യക്ഷരൂപമായി വിമാനം പറത്തലിന്റെ ശ്രമം സിനിമയുടെ കേന്ദ്രത്തിലുണ്ട്. ഡു യു റിമെംബർ ഡോളിബെൽ, വെൻ ഫാദർ വാസ് എവെ ഓൺ ബിസിനസ്, അണ്ടർഗ്രൗണ്ട്, ലൈഫ് ഇസ് എ മിറാക്കിൾ, പ്രോമിസ് മീ ദിസ് എന്നീ സിനിമകളിലെല്ലാം പലതരം പറക്കലുകളുണ്ട്. ഭൂമിയിൽ സാധ്യമല്ലാത്ത പ്രണയപ്പറക്കലാണ് ആകാശത്തുള്ളത്. ഇത് സിനിമയുടെ സൂക്ഷ്മരാഷ്ട്രീയവുമാണ്. ഒരു ദേശത്തിന്റെ ഭാവനയെ അടയാളപ്പെടുത്താനാണ് പറക്കലിനെയും മാന്ത്രികതയെയും കുസ്തുറിക്ക പ്രയോജനപ്പെടുത്തുന്നത് എന്ന് പ്രേമചന്ദ്രൻ രേഖപ്പെടുത്തുന്നു. ഒരു പാരഡിയുടെ കലാമാന്ത്രികത സൃഷ്ടിക്കപ്പെടുന്നു. സിനിമ സൂക്ഷ്മമായ കാഴ്ച ആവശ്യപ്പെടുന്നുവെന്നതിനുള്ള സാക്ഷ്യമായി പ്രേമചന്ദ്രന്റെ കുസ്തുറിക്കാപഠനം മാറിത്തീരുന്നു. ജീവിതം സിനിമയെക്കാളല്ല, സിനിമ ജീവിതത്തെക്കാൾ വലുതാവണം എന്ന കുസ്തുറിക്കൻ നിലപാടിന്റെ സൗന്ദര്യബോധത്തിലാണ് പുസ്തകവും ഊന്നുന്നത്.

Photo: Wikimedia Commons

എമിർ കുസ്തുറിക്കയുടെ എല്ലാ സിനിമയുടെയും ഉള്ളടക്കവിശകലനം ഈ പുസ്തകം നടത്തുന്നുണ്ട്. സിനിമയുടെ ഉള്ളടക്കവിശകലനമെന്നാൽ, സിനിമയിലുള്ള കഥാസൂചനകളും രംഗസൂചനകളുമവതരിപ്പിക്കുന്ന ഒരുതരം സാഹിത്യാസ്വാദനത്തിന്റെ തലമാണ്, അപവാദങ്ങളുണ്ടെങ്കിലും, മലയാളത്തിൽ നാം ഏറെയും കാണാറുള്ളത്. ഇത്തരമൊരു എഴുത്തല്ല പ്രേമചന്ദ്രന്റേത് എന്നതാണ് സിനിമാപഠനഗ്രന്ഥം എന്ന നിലയിൽ ഈ പുസ്തകത്തെ പ്രധാനമാക്കുന്നത്. സിനിമയുടെ സൗന്ദര്യം എന്ന മേഖലയെ അദ്ദേഹം ഓരോ നിമിഷവും സംബോധന ചെയ്യുന്നു. രാഷ്ട്രീയം എന്ന വാക്ക് ഈ പുസ്തകത്തിൽ, പ്രത്യേകിച്ചും എമിർ കുസ്തുറിക്കയെക്കുറിച്ചാവുമ്പോൾ, ആവർത്തിക്കുന്നുണ്ട്. നേരിട്ട് പറയുന്ന രാഷ്ട്രീയം എന്ന നിലയിലല്ല സിനിമയുടെ രാഷ്ട്രീയത്തെ പ്രേമചന്ദ്രൻ കാണുന്നത്. കുസ്തുറിക്കയുടെ സിനിമകളിൽ സീനുകളുടെ ഒന്നിനൊന്ന് തുടർച്ചകളെക്കാൾ വിച്ഛേദം പ്രധാനമായിരിക്കുന്നതെന്തുകൊണ്ട് എന്ന് വിശദീകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സിനിമയെന്നാൽ ഉള്ളടക്കത്തിലെ തുടർച്ചയല്ല എന്ന ബോധ്യം ഈ എഴുത്തിലുണ്ട്. അതൊരു സാങ്കേതികകല കൂടിയാണ്. എന്നാൽ സങ്കേതങ്ങളുടെ മാത്രം കലയല്ലാതാനും. ഈയൊരു സമഗ്രതാബോധം പുസ്തകത്തിലുണ്ട്. കുസ്തുറിക്കയുടെ സിനിമയിൽ മുന്നരങ്ങിൽ നിൽക്കുന്ന ചരാചരങ്ങൾക്ക് മാത്രമല്ല പ്രാധാന്യം എന്ന് സവിശേഷം രേഖപ്പെടുത്തുന്നു. പശ്ചാത്തലം അവിടെ ഒരു പിന്നരങ്ങല്ല, കഥാപാത്രം കൂടിയാണ്. ‘അണ്ടർഗ്രൗണ്ടി’ലെ ഗുഹാസമാനമായ നിലവറ ഒരുദാഹരണമായി കാണാം. സ്ഥലം, സമയം, യന്ത്രങ്ങൾ, സാങ്കേതികോപകരണങ്ങൾ ഇവയൊക്കെച്ചേർന്നാണ് സിനിമയുടെ സൗന്ദര്യമുണ്ടാവുന്നത്. സൗന്ദര്യമെന്നാൽ നിരന്തരം പുതുക്കപ്പെടുന്ന രാഷ്ട്രീയാവബോധം എന്ന വിശാലാർത്ഥമാണുള്ളത്. സംഗീതമാണ് കുസ്തുറിക്കൻ സിനിമയുടെ ഏറ്റവും പ്രധാന സവിശേഷത. പശ്ചാത്തലസംഗീതം എന്ന് നാം പൊതുവേ പറയാറുള്ള നിലയല്ല കുസ്തുറിക്കയിൽ സംഗീതത്തിനുള്ളത്. ബാൾക്കൺ പ്രദേശത്തിന്റെയും ജിപ്സിജീവിതത്തിന്റെയും ആഴങ്ങളിൽനിന്നാണ് അദ്ദേഹത്തിന്റെ സംഗീതം ഉറവെടുക്കുന്നത് എന്ന് പ്രേമചന്ദ്രൻ പറയുന്നു. ‘ഡു യു റിമെംബർ ഡോളിബെല്ലി’ൽ സംഗീതം തന്നെയാണ്പ്രമേയം. ‘ടൈം ഓഫ് ദ ജിപ്സീസി’ലും ‘ബ്ലാക് ക്യാറ്റ് വൈറ്റ് ക്യാറ്റി’ലും ജിപ്സി സംഗീതം സിനിമയുടെ കേന്ദ്രമാണ്. ആശുപത്രിക്കിടക്കിയിൽ തീർത്തും അവശനായി കിടക്കുന്ന വൃദ്ധനെ കാണാനെത്തുന്ന ജിപ്സിഗായകസംഘവും സംഗീതോപകരണവായന കേട്ട് ‘മ്യൂസിക്കാ... എന്ന് ചാടിയെഴുന്നേൽക്കുന്ന അയാളും ‘ബ്ലാക് ക്യാറ്റ് വൈറ്റ് ക്യാറ്റ്’ കാഴ്ചയിൽ നമ്മോടൊപ്പം എന്നേക്കുമായികൂടും. മുഴുവൻ കഥാപാത്രങ്ങളെയും എപ്പോഴും പിന്തുടരുന്ന ഗായകസംഘത്തെ ‘അണ്ടർഗ്രൗണ്ടി’ൽ കാണാം. എമിർ കുസ്തുറിക്ക എന്ന സംഗീതജ്ഞനെയും അദ്ദേഹത്തിന്റെ ലോകപ്രശസ്ത ബാന്റായ ‘എമിർ കുസ്തുറിക്ക ആൻഡ് നോ സ്മോക്കിംഗ് ഓർക്കസ്ട്ര’യെയും അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽനിന്നും വ്യത്യസ്തമായി കാണാനാവില്ല.

മറഡോണയോടൊപ്പം എമിർ കുസ്തുറിക്ക

കുസ്തുറിക്ക സംവിധാനം ചെയ്​ത രണ്ടു ഡോക്യുമെന്ററികൾ മറഡോണ ബൈ കുസ്തുറിക്ക, എൽ പെപ്പെ: എ സുപ്രീം ലൈഫ് എന്നിവയാണ്. രണ്ടിലും മറഡോണയ്ക്കും പെപ്പെ മുജിക്കയ്ക്കുമൊപ്പം പ്രാധാന്യമുള്ള സാന്നിധ്യമാണ് കുസ്തുറിക്ക. അദ്ദേഹത്തിന്റെ സിനിമാരാഷ്ട്രീയത്തിന്റെ തുടർച്ചയിൽവേണം ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയത്തെയും കാണാൻ. നിരന്തരം ചലിക്കുന്ന ഫ്രെയ്മുകളാണ് കുസ്തുറിക്കയുടെ സിനിമകളിലുള്ളത്. ആ രാഷ്ട്രീയസൗന്ദര്യത്തിന്റെ ചലനാത്മകതയും അനിശ്ചിതത്വവും മറഡോണയിലും പെപ്പെ മുജിക്കയിലുമുണ്ട്. പെപ്പെയുടെ ജീവിതം മുൻനിർത്തി ഉറുഗ്വായുടെ രാഷ്ട്രീയചരിത്രത്തെയാണ് കുസ്തുറിക്ക സംഗ്രഹിക്കുന്നത്. പുത്തൻമുതലാളിത്ത, ആഗോളവത്കരണകാലത്ത് പ്രതീക്ഷയുടെ നാമ്പായാണ് പെപ്പെ മുജിക്ക എന്ന ജനപ്രിയനും വിപ്ലവകാരിയുമായ ഒരു രാഷ്ട്രത്തലവൻ ഉണ്ടാവുന്നത്. സോഷ്യലിസത്തെയും മുതലാളിത്തത്തെയും കുറിച്ചുള്ള സമകാലികാന്വേഷണത്തിനുള്ള ഒരു വഴി എന്ന നിലയിൽക്കൂടി കുസ്തുറിക്കയുടെ രാഷ്ട്രീയജീവിതത്തോട് ചേർന്നിരിക്കുന്നു ഈ ചിത്രം. അനിശ്ചിതത്വത്തിന്റെ കളിയും കലയും നിരന്തരചലനവുമാണ്, അതിന്റെ ജീവിച്ചിരുന്ന ദൈവത്തെ മുൻനിർത്തി ‘മറഡോണ ബൈ കുസ്തുറിക്ക’യിൽ പറയാൻ ശ്രമിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ രാഷ്ട്രത്തലവരുടെ സമ്മേളനസ്ഥലത്തേക്ക്, സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ ട്രെയിനിൽ പ്രതിഷേധവുമായി യാത്ര ചെയ്യുന്ന മറഡോണയിൽ സിനിമ ഫോക്കസ് ചെയ്യുന്നു. എന്തുകൊണ്ട് മുജിക്കയും മറഡോണയും എന്ന ചോദ്യത്തിന്റെ രാഷ്ട്രീയവിവക്ഷകൾ സൂക്ഷ്മമായി വെളിപ്പെടുത്തുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഇക്കാര്യത്തിലെ ഇടപെടൽ.

അടിമുടി രാഷ്ട്രീയമായിരിക്കുന്ന കുസ്തുറിക്കൻ സൗന്ദര്യത്തിന്റെ രാഷ്ട്രീയഭാവനകളെ സൂക്ഷ്മമായി അപഗ്രഥിക്കാൻ കഴിയുന്നുവെന്നതാണ് ‘ആകാശത്തേക്കുള്ള വാതിലുകൾ’ എന്ന ഈ പുസ്തകത്തിന്റെ പ്രാധാന്യം. രാഷ്ട്രീയമായിരിക്കുക എന്നാൽ പ്രസ്താവനയായിരിക്കുക എന്നല്ലെന്ന കലാമർമത്തെ തൊടുന്നു. ആ നിലയിലാണ് പ്രേമചന്ദ്രന്റെ ഈ എഴുത്ത് ഭാവിയിലേക്ക് തുടരുക. നിശ്ചയമായും മലയാളത്തിൽ കുസ്തുറിക്കയെ വിശകലനം ചെയ്യുന്ന ആദ്യത്തെ സമഗ്ര പുസ്തകം എന്ന നിലയിൽ അക്കാദമിക സിനിമാപഠിതാക്കളുടെയും സിനിമയെ ഗൗരവത്തിൽ കാണുന്നവരുടെയും ശ്രദ്ധ ഈ പുസ്തകത്തിലേക്ക് പതിയുകതന്നെ ചെയ്യും. മലയാളത്തിൽ സിനിമാനിരൂപണ, പഠന മേഖലകളുടെ തുടർച്ച ഇതിലുണ്ട്. അതുകൊണ്ടുതന്നെ പി. പ്രേമചന്ദ്രൻ ഈ മേഖലയിൽ തുടരെഴുത്തുകൾ നടത്തേണ്ടതുണ്ടെന്നും വിചാരിക്കുന്നു.

(ആകാശത്തേക്കുള്ള വാതിലുകൾ - എമിർ കുസ്തുറിക്കയുടെ ചലച്ചിത്രജീവിതം /
പി. പ്രേമചന്ദ്രൻ / പ്രസാ: കേരള ചലച്ചിത്ര അക്കാദമി / വില: 360 രൂപ)

Comments