പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്ന ചില വിഭവങ്ങളുടെ രുചിക്കൂട്ടുകൾ പോലെയാണ് അഖിൽ സത്യന്റെ സിനിമകൾ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് സർവ്വം മായ അതിന്റെ രസക്കൂട്ടൊരുക്കുന്നത്. കുടുംബം, വൈകാരികത, കേരളീയ ഗ്രാമീണത, ഹാസ്യം എന്നിങ്ങനെ ആ രസക്കൂട്ടിന്റെ ചേരുവകൾ അന്തിക്കാട്ട് ലൈനിൽ പുതിയ രീതിയിൽ പ്രതിഫലിക്കുന്നു.
അഖിൽ സത്യൻ സംവിധാനവും രചനയും നിർവഹിച്ചതു കൊണ്ടുമാത്രമല്ല ഇതിലൊരു അന്തിക്കാട് ശൈലി പ്രതിഫലിക്കുന്നത്. അതിന്റെ ആശയ- പ്രത്യയശാസ്ത്രതലം പഴയ സത്യൻ അന്തിക്കാട് സിനിമകളുടെ രസക്കൂട്ടിനോട് ചേർത്താണ് രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുകൂടിയാണ് ഇത്തരമൊരു വിലയിരുത്തലിലേയ്ക്ക് എത്തിപ്പെടേണ്ടിവന്നത്. 2025 അവസാനിക്കുമ്പോൾ മലയാള സിനിമയുടെ വാണിജ്യക്കുതിപ്പിന് വേഗം നൽകിക്കൊണ്ട് ആശയബോധ്യങ്ങളിൽ അത്ര സുഖകരമായ അനുഭവം (ഫീൽ ഗുഡ്) സമ്മാനിച്ചുകൊണ്ടാണോ സർവ്വം മായ അതിന്റെ ചലച്ചിത്രവഴിയിൽ പുതിയ അന്തിക്കാട് പാരമ്പര്യത്തെ കാലത്തിനൊത്ത് പുനഃരാവിഷ്കരിക്കുന്നത്? ഒന്ന് ചികഞ്ഞുനോക്കാം.
ഹൊറർ- ഫാന്റസി- കോമഡി എന്ന വിഭാഗത്തിലെ രസകരമായ ചലച്ചിത്രമാണ് സർവം മായ എന്ന കാര്യത്തിൽ സംശയമില്ല. ഈ രസം പലപ്പോഴും ജനപ്രിയ ചലച്ചിത്രങ്ങളുടെ മൂല്യബോധങ്ങളാൽ നിർമ്മിതവുമാണ്. ഈ ജനപ്രിയ മൂല്യബോധങ്ങൾ 2025- ലും മാറാതെ പിൻതുടരുന്നതിന് കാരണമെന്താവും? അതും മലയാള സിനിമ അതിന്റെ ആശയ- ആവിഷ്കാര തലത്തിൽ പല ഇന്ത്യൻ ഭാഷകളിലെ ചലച്ചിത്രങ്ങൾക്കും റഫറൻസായി മാറുന്ന ഇക്കാലത്തിലും ഇത് തുടരേണ്ടതുണ്ടോ? കിനിഞ്ഞുനോക്കേണ്ടതുണ്ട്. ജനപ്രിയതയും ചരിത്രവും അത്രത്തോളം ബന്ധമുള്ള സ്ഥിതിക്ക് പ്രത്യേകിച്ചും.
ഉദാഹരണമായി ചലച്ചിത്രത്തിലെ നായകന്റെ ദൈവസങ്കല്പം തന്നെ കഥയുടെ മുന്നോട്ടുപോക്കിൽ പ്രധാനമായി മാറുന്നുണ്ട്. സിനിമയുടെ രാഷ്ട്രീയം പലപ്പോഴും അരാഷ്ട്രീയതയുടെ ‘സന്ദേശ’മായി മാറുന്നത് കണ്ടുനിൽക്കേണ്ടിവരുമ്പോഴും സിനിമ നൽകുന്ന ഫീൽ ഗുഡ് അനുഭവം ചില കാര്യങ്ങളിൽ പുതുതാണ്. താനൊരു എത്തിസ്റ്റാണ് എന്ന് പറയുന്ന നായകനെകൊണ്ട് പൂജയും നടത്തി അമ്പലത്തിൽ കയറ്റി തൊഴുതു വണങ്ങിയിട്ടേ സംവിധായകൻ ആ പുതിയ ഫീൽ ഗുഡ് അനുഭവത്തിന്റെ പൂർത്തീകരണം സംഭവിപ്പിക്കുന്നുള്ളു. ഇത് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകുമോ എന്ന സംശയമുണ്ടാക്കുന്നുണ്ട്. യുക്തി രൂപപ്പെടുന്നത് പലപ്പോഴും രാഷ്ട്രീയബോധ്യങ്ങളുടെ ഉള്ളടക്കങ്ങളിൽ നിന്നാണ്.

അപ്പോൾ യുക്തിയുടെ തകർച്ച അരാഷ്ട്രീയമാവുന്നതിൽ അത്ഭുതമൊന്നുമില്ലല്ലോ. അത് സ്വാഭാവികം എന്ന് മാത്രമേ മലയാളി പ്രേക്ഷകന് തോന്നാൻ പാടുള്ളു. അല്ലെങ്കിൽ അഖിൽ സത്യന്റെ തിരക്കഥ ഈ തോന്നലിനെ വളരെ നോർമലാക്കി മാറ്റുന്നു. ഇങ്ങനെ തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം പ്രത്യയശാസ്ത്രപരമായി പലപ്പോഴും കാലിടറി വീഴുമ്പോഴും ഒരു വാണിജ്യ ചലച്ചിത്രത്തിന്റെ ആസ്വാദ്യചേരുവകൾ മുൻപ് സൂചിപ്പിച്ച പരമ്പരാഗത ശൈലിയിൽ ചലച്ചിത്രം തുന്നിച്ചേർക്കുന്നുണ്ട്. വർണശബളമായ ഗാനങ്ങൾ, ചലച്ചിത്രത്തിന്റെ ഏറ്റവും പ്രധാന രസക്കൂട്ടായ നിവിൻ- അജു വർഗ്ഗീസ് കൂട്ടുകെട്ട്, തികച്ചും സവർണ്ണവും ‘പുരോഗമനേച്ഛവുമായ’ കുടുംബപശ്ചാത്തലം അങ്ങനെ പോകുന്നു ആ മലയാള സിനിമയുടെ പതിവ് കാഴ്ചവട്ടങ്ങളുടെ ആവർത്തനം.
നിവിൻ പോളിയുടെ തിരിച്ചുവരവ് എന്ന് മാത്രം പറഞ്ഞാൽ അത് സിനിമയിലെ നിവിന്റെ കഥാപാത്രത്തെ നീതീകരിക്കുവാൻ ഉതകുന്നതാവില്ല. ഈ മടങ്ങിവരവ് ചില പ്രതിനിധാന സ്വഭാവമുള്ളതാണ് എന്ന് തന്നെ പറയേണ്ടിവരും. ഒപ്പം കാലികവും. പലവിധം സ്വത്വ സംഘർഷങ്ങൾക്കിടയിൽ പെട്ടുപോകുന്ന 90s കിഡ്സ് എന്ന തലമുറവിഭാഗത്തിന്റെ പ്രതിനിധാനമായി സിനിമയിൽ പലപ്പോഴും നിവിന്റെ പ്രഭേന്ദു നമ്പൂതിരി എന്ന കഥാപാത്രം മാറുന്നുണ്ട്. ഐ ലവ് മ്യൂസിക് എന്ന് പറയുമ്പോഴും ഒരു ഇണയെ ഉള്ളിൽ ആഗ്രഹിക്കുന്ന, പലപ്പോഴും ഒരു പ്രണയബന്ധത്തിലേയ്ക്ക് ഇടിച്ചുകയറുവാൻ വലിയ ഇൻസെക്യൂരിറ്റി പ്രകടിപ്പിക്കുന്ന, കരയുന്ന ഒരു പെൺകുട്ടിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വെപ്രാളം കൊണ്ട് വിഢിത്തരം പറയുന്ന, പുതിയ ജെൻസി തലമുറയെ എങ്ങനെ അഭിമുഖീകരിക്കണമെന്നറിയാതെ പലപ്പോഴും ആ തലമുറയെ അന്ധമായി അനുകരിച്ചു പരാജയപ്പെടുന്ന, ജനറേഷൻ ഗ്യാപ്പിൽ കുഴങ്ങി നിൽക്കുന്ന, നല്ല കുട്ടിയാവാനായി പ്രശ്ങ്ങളിൽ നിന്ന് ഒളിച്ചോടുന്ന, ഒരു 90-കളിൽ ജനിച്ച ഒരു ആണിന്റെ രൂപത്തെ നാട്യങ്ങളൊന്നുമില്ലാതെ ആവിഷ്കരിക്കുന്നതിൽ നിവിൻ പോളി എന്ന നടന് സാധിച്ചിട്ടുണ്ട്.
നിവിൻ പ്രഭേന്ദു നമ്പൂതിരിയായി മാറുന്നത് സ്വയം സമീകരിക്കാനാവുന്ന ഒരുപാട് ആളുകൾ കേരളത്തിൽ സിനിമ കണ്ടിറങ്ങിയിട്ടുണ്ടാകും എന്നത് ഉറപ്പാണ്. നിവിന്റെ ഒപ്പമുള്ള അജു വർഗീസിന്റെ കോമ്പിനേഷനും വളരെ മികച്ചതായിരുന്നു. പഴയ മോഹൻലാൽ- ശ്രീനിവാസൻ കോമ്പിനേഷൻ സീനുകളെ ഓർമിപ്പിക്കുന്ന തരത്തിൽ ആ സൗഹൃദം കൊടുക്കൽ വാങ്ങലുകളിലൂടെ മുന്നേറുന്നു.
അപ്പർ മിഡിൽ ക്ലാസ്സിന്റെ വർഗ്ഗ പ്രതിസന്ധികളായ, പിന്തുടർന്ന ആശയധാരകളോടുള്ള വിപ്രതിപത്തി, പാരമ്പര്യ മൂല്യബോധങ്ങളായിരുന്നു ശരി എന്ന പിന്നീടുള്ള തോന്നൽ, സാമ്പത്തിക പ്രശ്നങ്ങളിലൂടെ രൂപപ്പെടുന്ന നവകമ്പോളമുതലാളിത്തം രൂപപ്പെടുത്തുന്ന സംഘർഷം എന്നിങ്ങനെ പലതരത്തിൽ സംഘർഷ നിബിഡമാണ് പ്രഭേന്ദു നമ്പൂതിരിയുടെ ജീവിതം. സാമ്പത്തിക ഞെരുക്കമല്ല പ്രശ്നം എന്നും ആത്മീയവ്യവസായത്തിന്റെ ഭാഗമാകാതെ നിരീശ്വരവാദം പറഞ്ഞു നടക്കുന്ന ഇളയ മകനെ പുതിയ രീതിയിൽ തങ്ങളുടെ വഴിക്ക് കൊണ്ടുവരാൻ കുടുംബം നടത്തുന്ന പുതിയ ശ്രമങ്ങളാണ് പലതിന്റെയും കാരണമെന്നും കാണി തിരിച്ചറിയുന്നു. കുടുംബസ്വത്തിലുള്ള നിരാസം വഴി ആധുനികമായ ഒരു അയിത്തശങ്കയിൽ നായകനെ തളച്ചിടാനുള്ള ശ്രമമാണ് അയാളുടെ പ്രതിസന്ധികളുടെയെല്ലാം കാരണമെന്നും നമുക്ക് പിന്നീട് മനസിലാകുന്നു. ഒരു തരം ആധുനികമായ പടിയടച്ചു പിണ്ഡംവയ്‌പ്പ്. ‘ബെൻസ് കാർ വീട്ടിലുള്ള ഇവനാണോ ഗാനമേളയ്ക്ക് പാടാൻ പോകുന്നത്’ എന്ന ഫീൽ നമുക്കുണ്ടാകുന്നത് അപ്പോഴാണ്.

പിന്നീട് അങ്ങോട്ട് പ്രഭേന്ദു നമ്പൂതിരി എന്ന നിവിൻ കഥാപാത്രത്തിന് രണ്ടു വഴികളെ ഉള്ളു. ഒന്നുകിൽ തന്റെ ആദർശലോകത്തിനു ചേർന്ന വിധം കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ഒരു ജീവിതം തിരഞ്ഞെടുക്കുക. അതിൽ വിജയിക്കുവാൻ ശ്രമിക്കുക. അല്ലാത്തപക്ഷം ആത്മീയവ്യവസായത്തിന്റെ ഭാഗമായി തന്റെ പാരമ്പര്യവഴി തിരഞ്ഞെടുക്കുക. നായകൻ ഒരിക്കലും പരാജിതനാകാനാഗ്രഹിക്കാത്ത ജനപ്രിയ സിനിമ രണ്ടാം വഴിയേ തിരഞ്ഞെടുക്കൂ എന്നത് ഉറപ്പാണല്ലോ.
ആ രണ്ടാമത്തെ വഴിയുടെ തിരഞ്ഞെടുപ്പോടെ മലയാള സിനിമ ചരിത്രത്തിന്റെ വാർപ്പുമാതൃകകൾ നിറഞ്ഞ അരാഷ്ട്രീയ ഭൂമികയിലേയ്ക്ക് സർവ്വം മായ ആശയപരമായി പക്ഷം ചേർക്കപ്പെടുന്നു. പുതിയ ‘സന്ദേശങ്ങൾ’ നൽകികൊണ്ട് അഖിൽ സത്യന്റെ ചലച്ചിത്രവഴികൾ പാരമ്പര്യത്തിന്റെ നാലുകെട്ടുകൾ പൊട്ടിച്ചുകൊണ്ട് പുറത്തിറങ്ങി വിശാലമായ ഒരു ലോകക്രമത്തെ നമുക്ക് മുന്നിൽ കാട്ടിത്തന്നതിനു ശേഷം പതിയെ കൈപിടിച്ച് പാരമ്പര്യത്തിന്റെ മുതലാളിത്ത പതിപ്പിലേയ്ക്ക് നയിക്കുന്നു. ഇതെല്ലം കാണുന്ന പ്രേക്ഷകൻ സർവ്വം മായ എന്ന് ആശ്വസിക്കുന്നു. ശുഭം.
