ആമേൻ, ജെല്ലിക്കെട്ട്;
ലിജോ ജോസിന്റെ ആണുങ്ങൾ

‘‘നിരവധി തവണ കണ്ടുറപ്പിച്ച, പരിചയിച്ച ആണുങ്ങളെ, എന്തിനെയും കീഴ്പ്പെടുത്താനുള്ള മനുഷ്യന്റെ ജിജ്ഞാസയെ, പുറന്തോട് പൊട്ടിച്ച് പുറത്തുവരുന്ന വെറുപ്പിനെ, നമ്മൾ കാണാൻ മടിക്കുന്ന ആണിടങ്ങളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരി തന്റെ സിനിമകളിലൂടെ നടത്തുന്നു’’- ആമേൻ, ജെല്ലിക്കെട്ട് എന്നീ സിനിമകളെ മുൻനിർത്തിയുള്ള പഠനം. നക്ഷത്ര മനോജ് എഴുതുന്നു.

മുക്കു ചുറ്റുമുള്ള ഇറുകിപ്പിടിച്ച ആൺ- പെൺ നോട്ടങ്ങൾ പലപ്പോഴും ഒരു പാട്രിയാർക്കൽ സമൂഹത്തിന്റെ, പ്രത്യക്ഷമായും പരോക്ഷവുമായ നിരന്തര ഇടപെടലുകളിൽ ഒന്നാണ്. നോട്ടങ്ങളെല്ലാം ചെന്നെത്തുന്നത് കാലങ്ങളായി പറഞ്ഞും പറയാതെയും ഉണ്ടാക്കിയെടുത്ത നിയമങ്ങളിലേക്കാണ്. അവയിൽ നിന്നും പുറംതിരിഞ്ഞു നടക്കുന്നവർ താന്തോന്നികളും തന്നിഷ്ടക്കാരുമാണ്. സമൂഹം കൽപ്പിച്ചു പോരുന്ന മാതൃകകൾക്കുള്ളിൽ ആണത്തവും ആധിപത്യവും നിലനിർത്തുന്ന പൗരുഷവും വിധേയത്വം നിലനിർത്തുന്ന സ്ത്രീത്വവും ഒരു പുതുമയല്ല. ഇതിൽ നിന്നും പുറത്തു കടക്കുകയും 'മനുഷ്യരാ'യി ജീവിക്കുകയും ചെയ്യുക എന്നത് തീർത്തും വെല്ലുവിളി നിറഞ്ഞതാണ്. തൊഴിലിടങ്ങളും പൊതു ഇടങ്ങളും നിർമ്മിക്കപ്പെട്ടത് ആൺ സൗകര്യങ്ങളുടെ മാതൃകയിൽ ആണെന്നതിൽ തർക്കമില്ല. അതിന്റെ അടയാളങ്ങൾ നമുക്ക് ചുറ്റും നിരന്തരമായി പ്രതിഫലിക്കുന്നുണ്ട്.

ഒരു കുഞ്ഞു വളർന്നു തുടങ്ങുന്നത് മുതൽ അവൻ / അവൾ ഈ വേർതിരിവിന്റെ ഭാഗമാകുന്നു. ഇവ പുതിയകാലം മറികടക്കുന്നത് പല വിധത്തിലാണ്. അടിച്ചമർത്തലുകളോട് സമരസപ്പെടാതെ സമരം ചെയ്യുന്ന പെണ്ണുങ്ങളാണ് പുതിയ കാലത്തിന്റെ മാതൃകകൾ. മാറ്റങ്ങൾക്ക് വിധേയമാകുമ്പോഴും സമൂഹം അത് കാലാകാലങ്ങളായി തുടർന്നുപോന്ന സ്വഭാവങ്ങൾ പ്രകടമാക്കും. അവ സമൂഹത്തിന്റെ ചെറുതും വലുതുമായ എല്ലാ മേഖലകളിലും പുനരുൽപാദിപ്പിക്കപ്പെട്ടു കൊണ്ടേയിരിക്കും. സമൂഹത്തിൽ ഏറെ സ്വാധീനം സൃഷ്ടിക്കുന്ന ഒരു സാംസ്കാരികമേഖലയാണ് സിനിമ. സിനിമകൾക്കകത്തും പുറത്തും നിലനിൽക്കുന്ന ആൺമേൽക്കോയ്മയുടെ പൊതുസ്വഭാവം അഭ്രപാളിയിൽ പ്രകടമാണ്. നായകൻ എന്നാൽ നയിക്കുന്നവൻ എന്നാണ്. നായിക എന്നാൽ നയിക്കുന്നവൾ. ആണത്തകേന്ദ്രമായ സാമൂഹ്യവ്യവസ്ഥയിൽ നായകൻ എന്ന പദത്തിന്റെ അർത്ഥം വളരെ എളുപ്പത്തിൽ വിനിമയം ചെയ്യപ്പെട്ടു. നായിക നയിക്കുന്നവളിൽ നിന്നും നയിക്കപ്പെടുന്നവളായി. പുരുഷ കഥാപാത്രങ്ങൾ പലപ്പോഴും അരങ്ങു പിടിച്ചെടുത്തു. അമാനുഷിക ശക്തിയും പൗരുഷം തുളുമ്പുന്ന അവതരണ രീതികളും പുരുഷനെന്നും മേലെയാണ് എന്ന പതിവു ധാരണയ്ക്ക് ഉത്തേജനം നൽകി. നിരന്തരം നമ്മളാവർത്തിച്ചു കണ്ട നായകപ്രാധാന്യമുള്ള കഥാപാത്രങ്ങളിൽ നിന്ന് വിദൂരത്തായിരുന്നു ലിജോ ജോസിന്റെ ആണുങ്ങൾ എന്ന അവകാശമൊന്നും ഉയർത്തുന്നില്ല. പക്ഷേ നിരവധി തവണ കണ്ടുറപ്പിച്ച, പരിചയിച്ച ആണുങ്ങളെ, എന്തിനെയും കീഴ്പ്പെടുത്താനുള്ള മനുഷ്യന്റെ ജിജ്ഞാസയെ, പുറന്തോട് പൊട്ടിച്ച് പുറത്തുവരുന്ന വെറുപ്പിനെ, നമ്മൾ കാണാൻ മടിക്കുന്ന ആണിടങ്ങളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ലിജോ തന്റെ സിനിമകളിലൂടെ നടത്തുന്നു. അവയിൽ പ്രധാനമായും ചൂണ്ടിക്കാണിക്കാൻ കഴിയുന്നത് 2013-ൽ പുറത്തിറങ്ങിയ 'ആമേൻ' , 2019-ൽ പുറത്തിറങ്ങിയ 'ജെല്ലിക്കെട്ട്' എന്നീ സിനിമകളാണ്. ഇവയിൽ ആണത്ത സങ്കല്പങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ സമീപനങ്ങൾ മുന്നോട്ടുവയ്ക്കുകയാണ് സംവിധായകൻ ചെയ്യുന്നത്.

നിരന്തരം നമ്മളാവർത്തിച്ചു കണ്ട നായകപ്രാധാന്യമുള്ള കഥാപാത്രങ്ങളിൽ നിന്ന് വിദൂരത്തായിരുന്നു ലിജോ ജോസിന്റെ ആണുങ്ങൾ എന്ന അവകാശമൊന്നും ഉയർത്തുന്നില്ല.
നിരന്തരം നമ്മളാവർത്തിച്ചു കണ്ട നായകപ്രാധാന്യമുള്ള കഥാപാത്രങ്ങളിൽ നിന്ന് വിദൂരത്തായിരുന്നു ലിജോ ജോസിന്റെ ആണുങ്ങൾ എന്ന അവകാശമൊന്നും ഉയർത്തുന്നില്ല.

‘ആമേൻ’: പതിവ് തെറ്റിച്ച
ആണത്ത നിർമ്മിതി

പതിവുതെറ്റിച്ച ആണത്തനിർമ്മിതിയുടെ അടയാളപ്പെടുത്തലാണ് ആമേൻ. അതുവരെയുണ്ടായിരുന്ന മലയാളിയുടെ നായക സങ്കല്പങ്ങളിലേക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് കസേര നീട്ടിയിരിക്കുകയാണ് ഈ ചലച്ചിത്രം. പുരുഷാഖ്യാനങ്ങളും ആണത്ത നിർമ്മിതികളും ആഘോഷിക്കപ്പെടുന്ന ഒരു സാമൂഹിക അന്തരീക്ഷത്തിൽ അസ്വാഭാവികത നിറഞ്ഞ യാതൊരു ഗുണങ്ങളും കൈമുതലായി ഇല്ലാത്ത നായകനെയാണ് ലിജോ അവതരിപ്പിക്കുന്നത്. മലയാളിക്ക് പരിചിതമല്ലാത്തൊരു മിസ്റ്റിക് സ്വഭാവം ഇതിനുണ്ട്.

കുമരങ്കിരി എന്ന കുട്ടനാടൻ ഗ്രാമത്തിലെ പുരാതന സിറിയൻ പള്ളിക്ക് ചുറ്റുമുള്ള ഏതാനും മനുഷ്യരുടെ കഥാവിഷ്കാരമാണ് 'ആമേൻ' സിനിമയുടെ ഇതിവൃത്തം. മാജിക്കൽ റിയലിസത്തിന്റെ സ്വഭാവം വച്ചുപുലർത്തുന്ന കഥാന്തരീക്ഷത്തിൽ നാട്ടുമ്പുറത്തിന്റെതായൊരു പശ്ചാത്തലം ക്രിയേറ്റ് ചെയ്യുന്നതിൽ സംവിധായകൻ വിജയിക്കുന്നു. നര ബാധിക്കാത്ത ആണത്ത ബോധങ്ങൾക്കിടയിലേക്കാണ് സോളമൻ എന്ന കഥാപാത്രം സ്ഥിരം കണ്ടു ശീലിച്ച നായക സങ്കല്പങ്ങൾക്ക് പുറത്ത് യാഥാസ്ഥിതികമായി വന്നുനിൽക്കുന്നത്. പൗരുഷമില്ലാത്ത, നാണം കുണുങ്ങിയായ നായകൻ മലയാളിക്ക് പുതുമയായിരുന്നു. ആഖ്യാനത്തിലും അവതരണത്തിലും ഈ പുതുമ നിലനിർത്തിക്കൊണ്ടു പോകുന്നു എന്നതിനാൽ ആമേൻ മലയാളത്തിന്റെ നവയുഗസൃഷ്ടികൾക്ക് മികച്ച ഉദാഹരണമാണ്. പതിവുരീതികൾക്ക്, മീശ പിരിച്ചും നെഞ്ചുവിരിച്ചുമുള്ള ആവിഷ്കാരങ്ങൾക്കും പുറത്ത്, ഒരു കുമരങ്കിരിക്കാരനെ ലിജോ പ്രതിഷ്ഠിക്കുന്നു.

'അടയാളങ്ങളും അത്ഭുതങ്ങളും കണ്ടെങ്കിൽ മാത്രമേ നിങ്ങളെന്നെ വിശ്വസിക്കുകയുള്ളൂ' എന്ന സുവിശേഷ വചനത്തിൽ നിന്നാണ് 'ആമേൻ' തുടങ്ങുന്നത്. തുടക്കം മുതൽ സോളമനെ ചിത്രീകരിക്കുന്നത് പരാജയപ്പെട്ട ഒരു ബാൻഡ് അംഗമായാണ്.

പുതിയ കാലത്തിന്റെ സിനിമകൾ വിപ്ലവം തീർക്കുകയും റിയലിസ്റ്റിക്ക് സ്വഭാവം വച്ച് പുലർത്തുകയും ചെയ്യുന്നു എന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. പള്ളിയും പള്ളിയെ ചുറ്റിപ്പറ്റി കുറെ മനുഷ്യരും പെരുന്നാളും ബാൻഡ് മത്സരങ്ങളുമാണ് സിനിമയിൽ കാണാൻ കഴിയുന്നത്. സിനിമ ആരംഭിക്കുന്നത് ഒരു പൊതിയിലൂടെയാണ്. അതിലൂടെ കഥ അതിന്റെ മുഖ്യ കേന്ദ്രത്തിലേക്ക് എത്തുന്നു. കുമരങ്കിരി പള്ളിയാണത്. പരുക്കനായ, നിലനിൽപ്പിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത പള്ളി വികാരിയായ ഫാദർ ഒറ്റപ്ലാക്കനിൽ നിന്ന് കഥ അതിന്റെ മുഖ്യാശയത്തിലേക്ക് ചെന്നെത്തുന്നു. പള്ളിവക ബാന്റിൽ ക്ലാരിനെറ്റ് വായിക്കാൻ സോളമനെ അനുവദിക്കുന്നില്ല അയാൾ. എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി കൂനിക്കൂടി ഒരു കട്ടിലിൽ കിടക്കുന്ന നായകൻ സ്വപ്നം കാണുന്നത് അച്ഛനെയാണ്. ക്ലാരിനെറ്റ് വായിക്കാൻ അച്ഛനാണ് അയാൾക്ക് ധൈര്യം നൽകുന്നത്. പക്ഷേ അത് ആൾക്കൂട്ടത്തിൽ അവതരിപ്പിക്കുന്നതിൽ, കഴിവ് കാണിക്കുന്നതിൽ സോളമൻ വിജയിക്കുന്നില്ല. എന്നാൽ തന്റെ കാമുകിയായ ശോശന്നയ്ക്ക് മുൻപിൽ നായകന് മനോഹരമായി ക്ലാരിനെറ്റ് വായിക്കാൻ കഴിയുന്നു. ഇത് പ്രേക്ഷകരിൽ ഒരു ആകുലത സൃഷ്ടിക്കുന്നു.

നര ബാധിക്കാത്ത ആണത്ത ബോധങ്ങൾക്കിടയിലേക്കാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ച സോളമൻ എന്ന കഥാപാത്രം സ്ഥിരം കണ്ടു ശീലിച്ച നായക സങ്കല്പങ്ങൾക്ക് പുറത്ത് യാഥാസ്ഥിതികമായി വന്നുനിൽക്കുന്നത്.
നര ബാധിക്കാത്ത ആണത്ത ബോധങ്ങൾക്കിടയിലേക്കാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ച സോളമൻ എന്ന കഥാപാത്രം സ്ഥിരം കണ്ടു ശീലിച്ച നായക സങ്കല്പങ്ങൾക്ക് പുറത്ത് യാഥാസ്ഥിതികമായി വന്നുനിൽക്കുന്നത്.

മുൻ മാതൃകകളിൽ നമ്മൾ കണ്ടു ശീലിച്ച നായികാവതരണങ്ങളിൽ നിന്ന് കഥയിലെ ശോശന്ന മാറി നടക്കുന്നു. വലിയ കണ്ണുകളും, ആ കണ്ണുകൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള നിലപാടുകളും കൊണ്ട് നായികയ്ക്ക് തന്റേതായ ഒരു സ്ഥാനം കഥയിൽ കണ്ടെത്താൻ കഴിയുന്നു. നായകന്റെ എല്ലാ കുറവുകളെയും വരിഞ്ഞുകെട്ടിപ്പുഴയിലെറിയാൻ പ്രാപ്തിയുള്ളവൾ. തന്നെക്കുറിച്ച് ഇത്രയും ബോധ്യമുള്ള നായികാകഥാപാത്രങ്ങൾ മലയാളസിനിമയിൽ ചുരുക്കമാണ്. സിനിമ തുടങ്ങി അവസാനിക്കും വരേയ്ക്കും ശോശന്ന ശോശന്ന മാത്രമാണ്. തന്റെ ഐഡന്റിറ്റി മറ്റുള്ളവർക്കും മുൻപിൽ അടിയറവ് വയ്ക്കാതെ തലയുയർത്തിപ്പിടിച്ച് തുറന്നുകാട്ടാൻ അവൾക്ക് കഴിയുന്നു. ഇവരുടെ പ്രണയത്തെ കുടുംബം എതിർക്കുന്നുണ്ട്.

‘‘ദേ അപ്പച്ചാ സോളമനെ പറ്റി അനാവശ്യം പറയരുത്, മുളക് കലക്കി ഞാൻ മുഖത്തൊഴിക്കും’’ എന്ന് വിരുന്നുകാരനെയോ വീട്ടുകാരെയോ ഭയപ്പെടാതെ ശോശന്ന പറഞ്ഞു നിർത്തുന്നു.
‘‘സോളമൻ നിന്റെ ആരാടീ" എന്ന ചോദ്യത്തിന് വളരെ സൗമ്യമായി, ‘‘ഞാൻ കെട്ടാൻ പോകുന്ന എന്റെ ചെറുക്കൻ" എന്ന് പറഞ്ഞു നിർത്തുന്ന ശോശന്നയുടെ മുഖത്തേക്ക് കറിയെടുത്ത് ഒഴിക്കുന്ന ചേട്ടനിലേക്ക് കടക്കാം. ഈ ചേട്ടൻ എല്ലാവരിലുമുണ്ട്. കുടുംബം എന്ന അധികാര സ്ഥാപനത്തിനകത്തൊക്കെയും ഇത്തരം ആധിപത്യ കേന്ദ്രങ്ങളുണ്ട്. സ്ത്രീ (പെണ്ണ് ) തീരുമാനങ്ങളെടുക്കുന്നിടത്തെല്ലാം അവനുണ്ട്. അവനെ തല്ലുന്ന ശോശന്നയെ വെറുതെ ചിരിച്ചുകൊണ്ടു മാത്രം സ്വീകരിക്കേണ്ടതല്ല. അത് വെറുമൊരു കോമഡി രംഗം മാത്രമല്ല. ഉള്ളിൽ വിറങ്ങലിച്ചുപോയ, അത്രനാൾ ഓരോ സ്ത്രീക്കുള്ളിലും കുടുങ്ങി നിന്ന, ആണുങ്ങൾ തീർത്ത സങ്കല്പന സൃഷ്ടിക്കകത്ത് ഒളിച്ചുകടത്തിയ പെണ്ണാണ് ആ ഇറങ്ങിനടക്കുന്നത്.

'അടയാളങ്ങളും അത്ഭുതങ്ങളും കണ്ടെങ്കിൽ മാത്രമേ നിങ്ങളെന്നെ വിശ്വസിക്കുകയുള്ളൂ' എന്ന സുവിശേഷ വചനത്തിൽ നിന്നാണ് 'ആമേൻ' തുടങ്ങുന്നത്. തുടക്കം മുതൽ സോളമനെ ചിത്രീകരിക്കുന്നത് പരാജയപ്പെട്ട ഒരു ബാൻഡ് അംഗമായാണ്. പിതാവായ എസ്തപ്പാൻ ആശാന്റെ കഴിവ് ഒട്ടും ചോരാതെ ഹൃദയത്തിൽപ്പേറുന്ന സോളമൻ ഉൾവലിഞ്ഞുനിൽക്കുന്ന പ്രകൃതക്കാരനാണ്. ശോശന്നയ്ക്ക് മുമ്പിലും തനിച്ചുള്ള നേരങ്ങളിലും മാത്രം അവൻ വായിച്ചു ജയിക്കുന്നു. ആൾക്കൂട്ടത്തിൽ അവന്റെ ശബ്ദം നിലക്കുന്നു. മറ്റുള്ളവർക്ക് മുൻപിലെപ്പോഴും നാണം കെടുന്നു. അപ്രതീക്ഷിതമായി സിനിമയുടെ കഥാഗതിയിലേക്ക് അനുവാദം ചോദിക്കാതെ കടന്നുവരുന്ന ഫാദർ വിൻസന്റ് വട്ടോളി എന്ന ഇന്ദ്രജിത്ത് കഥാപാത്രം സിനിമയെ കുറച്ചു കൂടി സുന്ദരമാക്കുന്നു. പ്രണയമുള്ളിലൊളിപ്പിച്ച കണ്ണുകളുമായി മിഖായേൽ എന്ന സഞ്ചാരി പെൺകുട്ടിയുമായി നൃത്തം ചെയ്യുന്ന വട്ടോളിയെ പോലൊരു വികാരിയും മലയാളിക്ക് പുതുമയുള്ളതായിരുന്നു. വീട്ടുകാരു പറഞ്ഞുതനുസരിച്ച് പള്ളിവികാരിയാവാൻ പുറപ്പെട്ട സോളമനു മുൻപിൽ വന്നു നിന്ന്, ‘‘വീട്ടുകാരു പറഞ്ഞയുടനെ നീ കെട്ടും കെടക്കവും എടുത്ത് ഇറങ്ങിയോ സെമിനാരി ചേരാൻ" എന്ന് നെഞ്ചുറപ്പോടെ ചോദിച്ചവൾ. തങ്ങൾ പ്രേമിച്ച കാലത്തെക്കുറിച്ച് അവൾ ഉറക്കെ ആവർത്തിക്കുമ്പോൾ നാണം കൊണ്ട് മറുപടി നൽകുന്ന സോളമൻ.

മുൻ മാതൃകകളിൽ നമ്മൾ കണ്ടു ശീലിച്ച നായികാവതരണങ്ങളിൽ നിന്ന് കഥയിലെ ശോശന്ന (സ്വാതി റെഡ്ഡി) മാറി നടക്കുന്നു. വലിയ കണ്ണുകളും, ആ കണ്ണുകൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള നിലപാടുകളും കൊണ്ട് നായികയ്ക്ക് തന്റേതായ ഒരു സ്ഥാനം കഥയിൽ കണ്ടെത്താൻ കഴിയുന്നു.
മുൻ മാതൃകകളിൽ നമ്മൾ കണ്ടു ശീലിച്ച നായികാവതരണങ്ങളിൽ നിന്ന് കഥയിലെ ശോശന്ന (സ്വാതി റെഡ്ഡി) മാറി നടക്കുന്നു. വലിയ കണ്ണുകളും, ആ കണ്ണുകൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള നിലപാടുകളും കൊണ്ട് നായികയ്ക്ക് തന്റേതായ ഒരു സ്ഥാനം കഥയിൽ കണ്ടെത്താൻ കഴിയുന്നു.

‘‘നിക്കടാ അവിടെ, എനിക്ക് നിന്റെ തീരുമാനം ഇപ്പോ അറിയണം. സെമിനാരി ചേർന്ന് പട്ടം വാങ്ങി പള്ളിലച്ചനാവണോ അതോ എന്നെ കെട്ടി എന്റെ പിള്ളേരുടച്ഛനാവണോ?’’

‘‘നിന്റെ പിള്ളേരുടെ അച്ഛനായാ മതി’’ എന്നവൻ വിവശനായി കണ്ണുകൾ താഴ്ത്തിക്കൊണ്ട് ഉത്തരം പറയുന്നു.

പലരും ആവർത്തിച്ചു പറഞ്ഞ അതേ രീതിയിൽ ഒരു ദിവ്യഹാസ്യം എന്ന ടാഗ് ലൈനിനെ അനുസ്മൃതമാക്കി ഒരു നർമ്മരംഗം ഇവിടെ ചിത്രീകരിക്കപ്പെടുന്നു. ക്ലാസിക്കൽ അച്ചിലെ പ്രണയകാഴ്ചയായി ഈ സിനിമയെ പല കോണുകളിലും അവതരിപ്പിക്കപ്പെടുന്നു. ഫാദർ വട്ടോളി നൽകുന്ന പരിഗണനയും പ്രോത്സാഹനവും മതിയായിരുന്നു സോളമന് ജയിക്കാൻ. പള്ളിപ്പെരുന്നാളിന് ബാൻഡ് മത്സരത്തിൽ എതിർ ടീം തങ്ങൾക്കിനി വായിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞ് നിർത്തുന്നിടത്ത് സോളമൻ ക്ലാരിനെറ്റ് വായിച്ചു ജയിക്കുന്നു. എന്നാൽ അവിടെയും സോളമൻ ഒരമാനുഷികനാകുന്നില്ല. ലൂയി പാപ്പന്റെ വിയോഗം അവന്റെയെല്ലാ വിജയസാധ്യതകളെയും ഉലച്ചുകളയുന്നിടത്ത് സിനിമ തീരുന്നു.

ആമേൻ ഒരു കാലത്തിന്റെയും കഥയല്ല. ഒരു കെട്ടുകഥയാണ്. ഒരു ദേശത്തിന്റെ ചിത്രമെന്ന് തോന്നിപ്പിക്കും വിധം മനോഹരമായ ഒന്ന്. മാറ്റങ്ങളോട് സർവഥാ കിടപിടിക്കുന്ന നമ്മളിടങ്ങളിൽ നിന്ന് മാറ്റമില്ലാതെ തുടരുന്ന പുരുഷാഖ്യാനങ്ങൾക്കുനേരെയുള്ള ചോദ്യം ചെയ്യലാണ് ആമേൻ. ഇങ്ങനെ മാത്രമേ സ്ത്രീയെ ആവിഷ്കരിക്കാൻ പാടുള്ളൂ എന്ന അലിഖിത നിയമങ്ങൾ പൊളിച്ചെഴുതുന്ന ഒരു കാലത്ത്, മലയാള സിനിമയ്ക്കകത്ത് സോളമൻ കടന്നുവന്നതുപോലെ സിനിമകൾക്കകത്ത് പുതിയ കാലത്തിന്റെ അടയാളപ്പെടുത്തലുകൾ ചർച്ചയാവുകയും പുരുഷാഖ്യാനങ്ങളുടെ പുതിയ കാല തിരഞ്ഞെടുപ്പുകളെ അന്വേഷിക്കുകയും ചെയ്യുന്നിടത്തിലാണ് ആമേന്റെ പ്രസക്തി. പൂർണ്ണമായ ഒരു പെൺപക്ഷ സിനിമയോ ആഖ്യാനമോ അല്ലാഞ്ഞിട്ടുപോലും ക്ലീഷേ നായികാ സങ്കല്പത്തെ പൊളിച്ചടുക്കുന്ന രീതിയിലാണ് ലിജോ ആമേൻ എന്ന സിനിമ അവതരിപ്പിക്കുന്നത്. മറ്റു വ്യാഖ്യാനങ്ങളേതുമില്ലാതെ പുരുഷാഖ്യാനങ്ങൾക്ക് പുതിയ സങ്കല്പങ്ങൾ വിഭാവനം ചെയ്യാനുണ്ടെന്ന് പ്രഖ്യാപിക്കുകയും അവതരിപ്പിക്കുകയും ചെയ്തുകൊണ്ടുതന്നെ പെണ്ണിടങ്ങളെ സ്വതന്ത്രമായി സിനിമയുടെ സൗഹൃദ വലയത്തിലേക്ക് വിട്ടു നൽകുന്നു.

‘ജെല്ലിക്കെട്ട്’:
ആണത്തത്തിന്റെ ആഘോഷം

ആമേനിൽ നിന്ന് ജെല്ലിക്കെട്ടിലേക്ക് എത്തുമ്പോൾ ആണത്തത്തെ, അതിന്റെ അപകടകരമായ, മനുഷ്യത്വരഹിതമായ ആഘോഷമാക്കി ചിത്രീകരിക്കുന്നു. എന്റേതാക്കലുകളുടെയും കീഴടക്കലിന്റെയും സിനിമയാണ് ജെല്ലിക്കെട്ട്. ഒരു പോത്തിനെ അഴിച്ചുവിട്ട് മലയാള സിനിമാസാധ്യതകളെ ലോകസിനിമാചരിത്രത്തിലേക്ക് കടത്തിവിടുകയാണ് സംവിധായകൻ. മൃഗീയത ഉള്ളിലൊളിപ്പിച്ച, വെട്ടിപ്പിടിക്കാനുള്ള മനോഭാവം നിരന്തരം അബോധതലത്തിൽ ഉൾച്ചേർന്നിരിക്കുന്നവരാണ് മനുഷ്യൻ എന്ന് പറഞ്ഞുവെക്കുന്ന സിനിമ കൂടെയാണ് ജെല്ലിക്കെട്ട്. കെട്ടുപൊട്ടിച്ചോടുന്ന പോത്തിനെ പിടിച്ചു കെട്ടുന്ന വീരനായ ജെല്ലിക്കെട്ടുകാരനാവാൻ ആഗ്രഹിക്കാത്തവരുണ്ടാവില്ല. സൂക്ഷ്മമായി നിരീക്ഷിച്ചാൽ പോത്തിന് പിന്നാലെ പായുന്നവരിൽ നമ്മളെല്ലാമുണ്ട്. കാലൻ വർക്കിക്ക് ഒപ്പമോടുന്ന മനുഷ്യരിൽ നമ്മളുണ്ട്. പേടിച്ചോടുന്ന മനുഷ്യരിലും നമ്മളുണ്ട്. ഒരുതരത്തിൽ ആൺനേരങ്ങളുടെ, ആണിടങ്ങളുടെ അനിയന്ത്രിതമായ ആഘോഷമാണ് ജെല്ലിക്കെട്ട്. എന്റേതാക്കുവാനുള്ള ഓട്ടത്തിന്റെ കഥ. ആന്റണിയും, കാലൻ വർക്കിയും, കുട്ടപ്പനും മാത്രമല്ല പേരോ മുഖങ്ങളോ ഇല്ലാത്ത അനേകം പുരുഷന്മാരും ചേർന്നതാണ് ജെല്ലിക്കെട്ടിന്റെ സ്ക്രീൻ. മനുഷ്യന്റെ ഉള്ളിലെല്ലാമുള്ള അടങ്ങാത്ത അഭിനിവേശം ജ്വലിക്കുന്ന മനുഷ്യരുടെ കഥാപശ്ചാത്തലമാണത്.

പെണ്ണുങ്ങൾ അധികം കാണാത്ത പാതിരാനേരങ്ങളിലാണ് സിനിമ കൂടുതൽ സമയവും ചെലവഴിക്കുന്നത്. ആണുങ്ങൾ മാത്രം ആഘോഷിക്കുന്നുവെന്ന് അവർ നിരന്തരമായ സാമൂഹ്യ ഇടപെടലുകളിലൂടെ സ്ഥാപിച്ചെടുത്ത രാത്രിയാണത്.

"ദേ... അവന്മാര് രണ്ടുകാലിലോടുന്നുണ്ടെങ്കിലും മൃഗമാ മൃഗം’’ എന്ന് പെട്രോമാക്സിന്റെ വെളിച്ചത്തിൽ ഒരു വൃദ്ധൻ സൂചന നൽകുന്നുണ്ട്. ഈ സൂചന മനുഷ്യരെക്കുറിച്ചാണ്. അധികാരവും പകയും കാമവും കയ്യേറ്റവുമായി ചരിത്രത്തിൽ തുടരുന്നവരെ കുറിച്ചാണ്. അതുകൊണ്ടുതന്നെയാണ് ഈ സിനിമയ്ക്ക് ലോകം മുഴുവൻ കയ്യടി കിട്ടുന്നത്. പണ്ട് പാറകളിലും കരിങ്കല്ലുകളിലും ചുവരുകളിലും വേട്ട മൃഗത്തിന്റെ രേഖകൾ വരച്ചിട്ട പൂർവികരിലേക്കാണ്, സഹൃദയരിലേക്ക് തന്നെയാണ് ജെല്ലിക്കെട്ട് വെളിപ്പെടുന്നത്. കാഴ്ച ഇവിടെ ആഘോഷമായിത്തീരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ വിഷ്വൽ ട്രീറ്റായിത്തീരുന്നു. ഉയരത്തിൽ നിന്നുമൊരാൾ മനുഷ്യ ചരിത്രത്തിലേക്ക് / അതിന്റെ ഉള്ളറകളിലേക്ക് നോക്കും പോലെയാണത്. അയാളുടെ കാഴ്ചകളും കേൾവികളുമാണ് ഈ സിനിമ. ഇരുട്ടിലൂടെ കെട്ടുപൊട്ടിച്ചു പായുന്ന പോത്തിലൂടെ ആരംഭിച്ച് ഇരുട്ടിലും വെളിച്ചത്തിലും ഉന്മാദിയവുന്ന ഒരാളുടെ സിനിമയാണിത്.

 മൃഗീയത ഉള്ളിലൊളിപ്പിച്ച, വെട്ടിപ്പിടിക്കാനുള്ള മനോഭാവം നിരന്തരം അബോധതലത്തിൽ ഉൾച്ചേർന്നിരിക്കുന്നവരാണ് മനുഷ്യൻ എന്ന് പറഞ്ഞുവെക്കുന്ന സിനിമ കൂടെയാണ് ജെല്ലിക്കെട്ട്.
മൃഗീയത ഉള്ളിലൊളിപ്പിച്ച, വെട്ടിപ്പിടിക്കാനുള്ള മനോഭാവം നിരന്തരം അബോധതലത്തിൽ ഉൾച്ചേർന്നിരിക്കുന്നവരാണ് മനുഷ്യൻ എന്ന് പറഞ്ഞുവെക്കുന്ന സിനിമ കൂടെയാണ് ജെല്ലിക്കെട്ട്.

ഇടിവെട്ടുമ്പോൾ കൂണുകൾ മുളക്കുന്ന വേഗതയിലായിരുന്നു ഗിരീഷ് ഗംഗാധരന്റെ കണ്ണുകൾ (ക്യാമറമാൻ) ജെല്ലിക്കെട്ടിന്റെ മേട്ടിലൂടെ ഓടി നടന്നത്. കഥാപശ്ചാത്തലം സിനിമയ്ക്കകത്തെ പെണ്ണിടങ്ങളെ വളരെ സൂക്ഷ്മം അടയാളപ്പെടുത്തുന്നു. കഥാതന്തുവിനകത്ത് സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വളരെ കുറവാണ്. അവൻ വേട്ടയാടാൻ പോവുകയും അവൾ പാചകം ചെയ്യുകയും ചെയ്ത ചരിത്രത്തിന്റെ ഭൂതകാലം വളരെ ശ്രദ്ധയോടെ അടയാളപ്പെടുത്തുന്നതിൽ സംവിധായകൻ വിജയിക്കുന്നു. കപ്പ പുഴുങ്ങുന്ന പെണ്ണിലും പോത്തിന്റെ വാരിയെല്ല് ഭാഗം കൊണ്ടുവരാൻ പറയുന്ന സോഫിയിലും നമുക്കത് കാണാം. സകല മനുഷ്യരും പോത്തിന് പിന്നാലെ ഓടുമ്പോൾ ആന്റണി സോഫിയുടെ പിന്നാലെയായിരുന്നു. അവളുടെ ഇഷ്ടം പിടിച്ചു പറ്റുന്നിടത്തായിരുന്നു അവനിലെ ആണിന്റെ വിജയം. ഇതിനൊരു മാർഗ്ഗം മാത്രമായിരുന്നു പോത്ത്. കിണറ്റിൽ അബദ്ധത്തിൽ ചെന്ന് പതിക്കുന്ന പോത്തിനെ താനാണ് വീഴ്ത്തിയതെന്ന് സ്ഥാപിക്കുന്ന, എന്റേതാണെന്ന് ആവർത്തിച്ചടിവരയുന്ന ആന്റണിയിൽ കീഴടക്കലിന്റെ ഭ്രാന്തമായ സുഖം അനുഭവിക്കുന്ന പുരുഷനെ കാണാൻ കഴിയും. ആന്റണിക്ക് മേൽ വിജയം നേടാൻ ആഗ്രഹിക്കുന്ന കുട്ടപ്പനും കുട്ടപ്പനുമേൽ വിജയം നേടാൻ ആഗ്രഹിക്കുന്ന ആന്റണിയും സിനിമയുടെ ശ്രദ്ധേയമായ കേന്ദ്രമാണ്. തന്റെ വിജയം നിലനിർത്താൻ കുട്ടപ്പനോട് നേരിട്ട് യുദ്ധം ചെയ്ത് വിജയിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള ആന്റണി അയാളെ ഒറ്റുന്നു. നാട്ടിൽ നിന്നും അയാളുടെ ശല്യം തീർക്കുന്നു. കാലൻ വർക്കിയുടെ കടയിൽ പണിക്കു നിന്നവരിൽ സോഫിക്ക് ഇഷ്ടവും അടുപ്പവും തോന്നിയത് കുട്ടപ്പനോടാണ്. അയാളുടെ കരുത്തിലും ധൈര്യത്തിലും ആകൃഷ്ടയായതാണവൾ എന്ന് സിനിമയിലെ രംഗങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പോത്തിനെ കീഴടക്കിയ ആന്റണിയോട് സോഫി കാണിക്കുന്ന പെട്ടെന്നുള്ള മമതയിലും ഇത് പ്രകടമാണ്.

പെണ്ണുങ്ങൾ അധികം കാണാത്ത പാതിരാനേരങ്ങളിലാണ് സിനിമ കൂടുതൽ സമയവും ചെലവഴിക്കുന്നത്. ആണുങ്ങൾ മാത്രം ആഘോഷിക്കുന്നുവെന്ന് അവർ നിരന്തരമായ സാമൂഹ്യ ഇടപെടലുകളിലൂടെ സ്ഥാപിച്ചെടുത്ത രാത്രിയാണത്. കയറു പൊട്ടിച്ചോടുന്നത് പോത്താണെങ്കിലും സമാന്തരമായ ദൃശ്യങ്ങളെല്ലാം കുതറി ഓടുന്ന മനുഷ്യരെയാണ് കാണിക്കുന്നത്. വേട്ടനായിന്റെ ഗർവ്വോടെ കുരച്ചോടുന്ന ആണുങ്ങളുടെ ഒരു കൂട്ടം.

സ്വതന്ത്രമാവാൻ ആഗ്രഹിക്കുന്നവയെ എല്ലാം ഭീകരജീവികൾ ആക്കുന്ന പുതിയ കാലത്തിന്റെ വ്യവസ്ഥയിൽ മുന്നറിയിപ്പു നൽകി ചുറ്റുമുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുന്ന ഭരണകൂടവും ആൾക്കൂട്ടത്തോടൊപ്പം ജാഗ്രതയുള്ളവരാകുന്നു. പുരുഷന്മാരെല്ലാം കടകളടച്ച് പോത്തിന് പിന്നാലെ പായുമ്പോൾ സിനിമയിൽ ഈ മുന്നറിയിപ്പുകളെല്ലാം ഒരു ഭയവും ഇല്ലാതെ അവഗണിക്കുന്ന ഒരു കൂട്ടമുണ്ട്. അത് സ്ത്രീകളുടേതാണ്. അവർക്ക് മാത്രമേ പോത്തിനെ നന്നായി മനസ്സിലാകുകയുള്ളൂ. പോത്തിനെയും കൊണ്ട് ആണുങ്ങൾ വരുന്നതും കാത്ത്, ഒന്നിച്ചിരുന്ന് കപ്പ പുഴുങ്ങുന്ന സ്ത്രീകൾക്കിടയിലേക്ക് അപായസൂചനകളുയർത്തി കടന്നുവരുന്ന മൃഗശിക്ഷകനെ / മുന്നറിയിപ്പുകാരനെ അവർക്ക് നന്നായി മനസ്സിലാകും. ആൺവേട്ടയുടെ ചരിത്രമാണ് മനുഷ്യചരിത്രമെന്ന് ഈ പെണ്ണുങ്ങൾക്കറിയാം. അതുകൊണ്ടാണ് പരിഹാസത്തിൽ പൊതിഞ്ഞ സംഭാഷണങ്ങളാൽ തങ്ങളുടെ എതിരിടൽ സൂചിപ്പിച്ച് വെന്തു പൊന്തുന്ന കപ്പയിലേക്ക്ക്ക് അവർ ഉപ്പിടുന്നത്.

ഗിരീഷ് ഗംഗാധരൻ
ഗിരീഷ് ഗംഗാധരൻ

തുടർന്നുള്ള കഥാപാശ്ചാത്തലം മനുഷ്യനിൽ നിന്നും മൃഗത്തിലേക്കുള്ള മാറ്റത്തിന് മനുഷ്യപരിണാമചരിത്രത്തിന്റെ അത്രപോലും സമയം വേണ്ടെന്ന് അടിവരയിടുകയാണ് സംവിധായകൻ. പോത്ത് കയറു പൊട്ടിച്ചോടിയപ്പോൾ ആകുലരായി അകത്തൊളിച്ച മനുഷ്യർ വൈക്കോൽ കൂനയ് തീ പിടിച്ചപ്പോൾ ഓടിക്കൂടുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്ന് തീ ആയിരുന്നല്ലോ. അത് നിയന്ത്രണാതീതമാകുമെന്നവർ ഭയക്കുന്നുണ്ടാവാം. ആദ്യമായി തീ കണ്ടപ്പോൾ ആദിമമനുഷ്യരെല്ലാം ഇങ്ങനെ ഓടിക്കൂടിയിരിക്കണം. ആവലാതിപ്പെട്ടിരിക്കണം.

സിനിമ ഒരർത്ഥത്തിൽ മനുഷ്യന്റെ ആസക്തികളുടെ ഉള്ളറകളിലേക്ക് ക്യാമറ വയ്ക്കുകയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മനുഷ്യന്റെ എല്ലാതരം വൈകാരിക ചോദനങ്ങളിലേക്കും നാട്ടിയ ക്യാമറാ കണ്ണുകളാണ് ജെല്ലിക്കെട്ടിന്റേത്. "ദേ അവന്മാര് രണ്ടു കാലിലോടുന്നുണ്ടെങ്കിലും മൃഗമാ മൃഗം" എന്ന വൃദ്ധന്റെ വാക്കുകൾ ഒന്നുകൂടെ ആവർത്തിക്കുന്നിടത്ത് പോത്തിനു പിന്നാലെയുള്ള മനുഷ്യന്റെ ഓട്ടം അവസാനിക്കുന്നു. അതുവരെ മനുഷ്യരായിരുന്ന, ആൺമാതൃകയിലിരുന്ന സർവ്വരും മൃഗതീഷ്ണമായ പൊതുസ്വഭാവം പ്രകടമാക്കുകയും സ്വന്തമാക്കാനുള്ള ശ്രമത്തിൽ, എന്റേതാക്കാനുള്ള ശ്രമത്തിൽ പരസ്പരം വേട്ടയാടുകയും ചെയ്യുന്നു. കൈകളും മനുഷ്യനും രക്തവും കൂടിക്കുഴയുന്നിടത്ത് പോത്തിന്റെ കഥ കഴിയുന്നു. ആദിമ മനുഷ്യരെ അവരുടെ കീഴടക്കാനുള്ള അലർച്ചയെ ഒരു ഓർമ്മപ്പെടുത്തലായി അവശേഷിച്ച് സിനിമ തീരുന്നു. ആധുനിക മനുഷ്യരിൽ നിന്നും ആദിമ മനുഷ്യരിലേക്ക് ഒരു പോത്തിന്റെ കയറിന്റെ പോലും ദൂര വ്യത്യാസം ഇല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി കാണിച്ചു തരുന്നു.

അവതരണത്തിലെ പുതുമ കൊണ്ട് തന്റേതായ ഒരു രാഷ്ട്രീയ പ്രഖ്യാപനം നടത്താൻ സിനിമകൾക്കകത്തു നിന്നുകൊണ്ട് ലിജോ ശ്രമിക്കുന്നു. ആൺനേരങ്ങളിലെ പ്രബുദ്ധതയും വെല്ലുവിളികളും ഒരിടത്ത് പ്രതിപാദിക്കുമ്പോൾ തന്നെ അപ്പുറത്ത് നമുക്ക് അന്യനല്ലാത്ത സോളമൻ ക്ലാരിനെറ്റ് വായിക്കുന്നുണ്ട്.

കഥതീരുന്നിടത്ത് എഴുന്നേൽക്കാൻ വയ്യാത്ത ഒരു വൃദ്ധൻ കയറിൽ പിടിച്ച് തലയുയർത്തി നോക്കുമ്പോൾ ജനലിനപ്പുറം വന്നു നിൽക്കുന്ന പോത്തിനെ കാണുന്നിടത്താണ് സിനിമ ശരിയായ അർത്ഥത്തിൽ അവസാനിക്കുന്നത്. എല്ലാം തന്റേതാണെന്ന് പറയുന്ന വെട്ടിപ്പിടിക്കാൻ മരണവെപ്രാളം കാട്ടുന്ന മനുഷ്യരെല്ലാം ഒടുക്കം. തിരിച്ചറിവ് തേടുന്നു. ഇവിടെ കയർ വൃദ്ധന്റെയും പോത്തിന്റെയും നടുവിൽ സ്വാതന്ത്ര്യത്തിന്റെ ചിഹ്നമായി ബാക്കിനിൽക്കുന്നു. പോത്തിന് കയർ എപ്പോഴും അസ്വാതന്ത്ര്യത്തിന്റെ രൂപമാണ്. ഭൂമിക്കുചുറ്റും അച്ചുതണ്ട് കറങ്ങുന്നതുപോലെ അതിനനുവദിച്ച കയർ ദൂരം മാത്രം ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ നീറ്റലാണത്. വൃദ്ധൻ ആണെങ്കിലോ, എഴുന്നേൽക്കാൻ കഴിയാത്ത അയാളെ സംബന്ധിച്ച് അതൊരു സ്വാതന്ത്ര്യമാണ്. സിനിമ അവസാനിക്കുന്നിടത്ത് മുതൽ മനുഷ്യൻ ചിന്തിച്ചു തുടങ്ങുന്നു.

പോർവിളികളും യുദ്ധവും സമരവും മാത്രമല്ല ജീവിതം എന്ന് ഓർമ്മപ്പെടുത്തുമ്പോഴും മനുഷ്യന്റെ ഉള്ളറകളിലെ കീഴ്പ്പെടുത്താനുള്ള, എന്റേതാക്കലുകളുടെ ബോധ്യത്തിലേക്ക് വെള്ളിടി വീഴ്ത്തിയാണ് സിനിമ തീരുന്നത്. അത് കാണികൾക്ക് വിട്ടുനൽകുന്നിടത്ത് ജെല്ലിക്കെട്ടിന്റെ ആരവങ്ങൾ അവസാനിക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി ഇതുവരെ ചെയ്ത സിനിമകളെല്ലാം വേറിട്ട കഥാപാശ്ചാത്തലം മുൻനിർത്തിയുള്ളതാണ്. ചുരുക്കിപ്പറഞ്ഞാൽ സംവിധായകൻ വ്യത്യസ്ത അവതരണരീതികളിലൂന്നി അദ്ദേഹത്തിന്റെ സിനിമകളുമായി നടക്കാനിറങ്ങുന്നു. മുൻ മാതൃകയായി കെ.ജി. ജോർജിന്റെ സിനിമകളെടുക്കാം. ജെല്ലിക്കെട്ട് എന്ന സിനിമയിൽ പോത്തൊരു ആയുധമായിരുന്നു. മനുഷ്യരുടെയും കാടിന്റെയും പകപോക്കലുകളുടെ മേൽ തീർത്ത ബുദ്ധിപരമായ നിർമ്മിതിയാണത്. മനുഷ്യർ ചെന്നെത്താനിടയുള്ള അപകടകരമായ ഒരു സാധ്യതയിലേക്ക് ഈ സിനിമ ചെന്നുകയറുന്നുണ്ട്. കാടിന് കാടിനകത്ത് ഒളിഞ്ഞുകിടക്കുന്ന നിയമങ്ങളുണ്ട്. കാടിന്റേതു മാത്രമായ നിയമങ്ങൾ. അതുപോലെയാണ് പകയും. അത് അതിന്റെ നിയമങ്ങൾക്കകത്തുനിന്നു മാത്രമേ പ്രവർത്തിക്കൂ.

കെ.ജി. ജോർജ്
കെ.ജി. ജോർജ്

അവതരണത്തിലെ പുതുമ കൊണ്ട് തന്റേതായ ഒരു രാഷ്ട്രീയ പ്രഖ്യാപനം നടത്താൻ സിനിമകൾക്കകത്തു നിന്നുകൊണ്ട് ലിജോ ശ്രമിക്കുന്നു. ആൺനേരങ്ങളിലെ പ്രബുദ്ധതയും വെല്ലുവിളികളും ഒരിടത്ത് പ്രതിപാദിക്കുമ്പോൾ തന്നെ അപ്പുറത്ത് നമുക്ക് അന്യനല്ലാത്ത സോളമൻ ക്ലാരിനെറ്റ് വായിക്കുന്നുണ്ട്. വന്യത നിറഞ്ഞ കഥാപാശ്ചാത്തലവും മാജിക്കൽ റിയലിസത്തിന്റെ ചേരുവകളിട്ടു വാറ്റിയെടുത്ത കഥാതന്തുവും ചേരുന്നിടത്താണ് ആണത്തത്തിന്റെ ഭിന്ന മാതൃകകൾ പ്രകടമാകുന്നത്. അത് പുതിയകാലത്തിന്റെ ആഖ്യാനസ്വാതന്ത്ര്യങ്ങൾക്കുമേൽ വീഴ്ത്തുന്ന വെള്ളിടികൾക്ക് നേരെയുള്ള ഒരു കലാകാരന്റെ കല കൊണ്ടുള്ള സമരമായി കണക്കാക്കാം.


Summary: A study based on the Malayalam director Lijo Jose Pellissery's men characters in the films Amen and Jallikattu, Nakshatra Manoj writes.


നക്ഷത്ര മനോജ്‌

ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്.

Comments