ആണുങ്ങൾക്ക് രാജേട്ടന്റെ പേരില്ലാത്തൊരു ബാർബർ ഷോപ്പും, പെണ്ണുങ്ങൾക്ക് മാലബൾബിട്ട് മിന്നിച്ച ഷഹ്നാസ് പാർലറുമുള്ള നാട്ടിലാണ് എന്റെ കുട്ടിക്കാലം. "ആടെ ഏസിയുണ്ടോ?' ഷൈനി ചോദിക്കും.
"ദുബായ്ക്കാർക്ക് വരെ പങ്ക മതി, അപ്പഴാ ഓന്റൊരേസി.'
ആധുനികതയോട് അടിമുടി പുച്ഛമായിരുന്ന ആ മനുഷ്യനാണ് എന്റെ ആദ്യത്തെ ബ്യൂട്ടീഷ്യൻ.
അവളുമാര് പക്ഷേ വീണ്ടും ചോദിക്കും, "പൗഡറാ ഇടുക! ആട ക്രീമില്ലേ?'
താടി വടിച്ചാൽ വരെ മുഖത്തുരയ്ക്കുന്നത് ഒരു വെള്ളാരംകല്ലാ, ക്രീമ്.
ജാള്യത കൊണ്ട് ഞാൻ മിണ്ടാതിരിക്കും. ജൻഡർ ഡിസ്ക്രിമിനേഷനിലൂടെ കടന്നുപോയ കുട്ടിക്കാലം. വൈ ഷുഡ് ഗേൾസ് ഹാവ് ഓൾ ദി ഫൺ!
വഹീദ റഹ്മാൻ, ഷർമിള ടാഗോർ, ശ്രീദേവി, രേഖ, ഹേമമാലിനി, മുംതാസ്.
ഷഹ്നാസിന്റെ ചുവർ നിറയെ ഭാവിയെക്കുറിച്ച് പെണ്ണുങ്ങൾക്ക് മധുര പ്രതീക്ഷകൾ കൊടുക്കുന്ന സ്വപ്നസുന്ദരിമാരുടെ പടങ്ങളായിരുന്നു. രാജേട്ടന്റെ ചുവരിലും അവർ തന്നെയായിരുന്നു നിറഞ്ഞുനിന്നത്. താടിമുടികൾ നീട്ടി വളർത്തിയ, ടാറ്റൂ വടിച്ച മസിലുകളുള്ള ആണുങ്ങളെയൊന്നും അന്ന് ചുവരലങ്കരിക്കാൻ വിളിച്ച് തുടങ്ങിട്ടില്ല. പെൺപടങ്ങളിലേക്ക് നീളുന്ന ആൺനോട്ടങ്ങളാൽ വിജ്രംഭിച്ച രാജേട്ടന്റെ ചുവരിലിരുന്നാണ് അമിതാഭ് ബച്ചൻ എന്നെ നോക്കി ആദ്യമായി ചിരിക്കുന്നത്. പത്തു പെണ്ണുങ്ങളും അയാളും. ഇയാൾക്കെന്താണ് ഈ വീട്ടിൽ കാര്യമെന്ന ഭാവത്തോടെ അയാളെ നോക്കിയിരുന്നവരായിരുന്നു അവിടുത്തെ പതിവുകാരിലേറെയും. ബച്ചൻ, എന്റെ കുട്ടിക്കാലത്ത് നിങ്ങളൊരധികപ്പറ്റായിരുന്നു.
ഒരീസം രാജേട്ടൻ ചോദിച്ചു, ‘‘ബച്ചൻകട്ട് അടിക്കണോ?’’
വേണമെന്നോ വേണ്ടെന്നോ ഞാൻ പറഞ്ഞില്ല.
കൊഞ്ചിച്ചോദിച്ചു, ‘‘എനിക്ക് ചേര്വോ ?’’
ഇടം കൈയ്യിൽ നീളൻ ചീർപ്പും, വലംകൈ വിരലുകളിലിറുക്കി മേലോട്ടുയർത്തിപ്പിടിച്ച കത്രികയുമായി രാജേട്ടൻ എന്നെ ചുമ്മാ ഒന്നു വലം വച്ചു. എന്നാ ജാഡയാന്നോ. മുമ്പൊക്കെ എന്റെ സൗന്ദര്യസങ്കൽപങ്ങൾക്ക് ഒരു പരിഗണനയും തരാതെ വെട്ടിവിട്ടയാളാ. കുറേപ്പേർ കടയിലുണ്ട്, ഇതപമാനിക്കാൻ തന്നെയാണ്.
ഞാനങ്ങനെ ചിന്തിച്ചിരിക്കെ അതാ വന്നു ഒരു പിടിയുമില്ലാത്ത അടുത്ത ഡയലോഗ്: ‘‘ക്രോപ്പടിക്കാം.’’
എന്ത് കോപ്പെങ്കിലുമടിക്ക് എന്നുപറയേണ്ട കലിയുണ്ട് എനിക്കന്ന്. ഈ അപമാനം എനിക്കാദ്യമല്ലെന്നേ. ചിത്രഭൂമിയിൽനിന്ന് വെട്ടിയെടുത്ത മോഹൻലാലിന്റെ പടവും കീശയിലിട്ട് രാജേട്ടന്റെ കടയിലേക്ക് വെച്ചുപിടിച്ച ഒരു ഞായറാഴ്ച പകലുണ്ട് ഇപ്പോഴുമെന്റെ ഓർമയിൽ. ആരുമില്ലെങ്കിൽ പുറത്തെടുക്കാൻ അതിനുമുമ്പും ശേഷവും ഞാൻ പേപ്പർക്കഷണങ്ങൾ കൊണ്ടുപോയിട്ടുണ്ട്. പക്ഷേ ആരെങ്കിലുമില്ലാതെ ഒരിക്കലും ആ കട എനിക്കുവേണ്ടി തുറന്നിട്ടില്ല. എല്ലാവരും ഒഴിയുന്നതുവരെ ഞാൻ കാത്തിരുന്നു. അവസാനത്തെയാളും കട വിട്ടശേഷം, കീശയിൽ നിന്ന് മോഹൻലാലിനെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഒരാൾ കയറിവന്നത്. പൂച്ചക്കണ്ണും പുള്ളിപ്പാവാടയുമുള്ള ഒരു പെൺകുട്ടി. ഞാൻ കീശയിൽ നിന്ന് കൈ പുറത്തെടുത്ത് പരുങ്ങലോടെ മാറി നിന്നു.
മുടി വെട്ടാനൊന്നും പെൺകുട്ടികൾ രാജേട്ടന്റെ പീടികയിൽ വരാറേയില്ല. ഇത് അനിയന്റെ മുടിവെട്ടാൻ കൂടെ വന്നതാണ്. കൂട്ടുവരവ് തന്നെ വല്ലപ്പോഴുമാണ്. അല്ലെങ്കിലും ഷഹ്നാസ് വിട്ട് ഇങ്ങോട്ട് വരാൻ ഇവിടെന്ത് മാങ്ങാത്തൊലിയാണുള്ളത്.
"നൂല് കടിച്ചുപിടിച്ച് പുരികം പറിച്ചെടുക്കുന്ന ലോകസുന്ദരിയായ ഒരു ചേച്ചി. കാണാൻ രാഖിയെപ്പോലെ’, സബിമ പറയും. അവരെക്കുറിച്ച് പറയുമ്പോൾ സബിമയുടെ ഉണ്ടക്കണ്ണുകൾ തിളങ്ങിവരുമായിരുന്നു. ആ തിളക്കമാണ് എനിക്ക് ഷഹ്നാസ് പാർലർ.
‘‘അപ്പോൾ അവരുടെ ചുണ്ടുകൾ പുരികത്തിനടുത്തായിരിക്കില്ലേ?’’
‘ആം’, സബിമ മൂളും.
‘‘അപ്പോൾ അവരുടെ ശ്വാസം കവിളിൽ പതിക്കില്ലേ?'’
‘ആം’, അവൾ ചിരിക്കും.
‘അപ്പോൾ’...
‘‘അപ്പോളൊന്നുമില്ല. അപ്പം തിന്നാ മതി, കുഴിയെണ്ണണ്ട’’, അവൾ കഥയവസാനിപ്പിക്കും.
കുഴിയെണ്ണാനായിരുന്നു കുട്ടിക്കാലം മുതൽക്കേ എനിക്കു കൗതുകം. പക്ഷേ അപ്പം മാത്രമായിരുന്നു അവരെപ്പോഴും എനിക്കുനീട്ടിയത്. പുരികത്തിന് മുകളിലിടുന്ന വെളുത്ത പൗഡർ പൊതിഞ്ഞ കടലാസ് ചുരുട്ട് ഒരു ദിവസം അവളെനിക്ക് കടത്തിക്കൊണ്ടുതന്നിട്ടുണ്ട്. മയക്കുമരുന്നുകെട്ട് പൊളിക്കുന്ന ജാഗ്രതയോടെ മൂലയ്ക്കു മാറിനിന്ന് ഞങ്ങളത് പൊളിച്ചു.
‘‘നിനക്കിതെന്തിനാ?’’ അവൾ ചോദിച്ചു.
‘‘ചുമ്മാ തൊടാൻ’’, അവള് പിന്നേം കുഴിയെണ്ണി,
‘‘തൊട്ടിട്ടെന്താ?’’
തൊട്ടിട്ടെന്താണെന്ന് പറയും. രാഖി തൊട്ട പൗഡറിനോടുള്ള കൗതുകമെന്ന് പറഞ്ഞാൽ അവൾക്ക് മനസ്സിലാകുമോ. രാഖി എന്റെ പ്രിയപ്പെട്ട നായികയായിരുന്നു. കഭീ കഭീ മേരേ ദിൽ മേ എന്ന് പാടി ഞാനവൾക്കൊപ്പം നൃത്തം ചെയ്തിട്ടുണ്ട്. അതൊന്നും പക്ഷേ സബിമ അറിയണ്ട.
എബ്രഹാം ടെർറ്റ്സിന്റെ ഒരു പുസ്തകമുണ്ട്, ‘എ വോയ്സ് ഫ്രം ദ് കോറസ്’. ജയിലിൽ കിടക്കുമ്പോൾ അയാൾ കാമുകിക്ക് എഴുതിയ കത്തുകളാണ് അതിൽ നിറയെ. എബ്രഹാം ടെർറ്റ്സ് എഴുതി: ‘‘ഞാൻ പലപ്പോഴും നിനക്ക് കത്തെഴുതാനിരിക്കുന്നത് പ്രാധാന്യമുള്ള എന്തെങ്കിലും ഒന്ന് നിന്നെ അറിയിക്കാനുണ്ടായിട്ടല്ല. നീ കൈയിലെടുക്കുന്ന കടലാസുകഷണം എനിക്കൊന്നു തൊടാൻവേണ്ടി മാത്രമാണ്.’’
സബിമയോട് ഞാൻ അതു തന്നെ പറഞ്ഞു, ‘‘ഒന്നുമുണ്ടായിട്ടല്ല, ചുമ്മാ ഒന്നു തൊടാനാണ്.’’
അവൾ തുറിച്ചു നോക്കി.
സബിമയുടെ കണ്ണുകൾ എനിക്കിഷ്ടമായിരുന്നു. അനിയന്റെ മുടി വെട്ടിക്കാൻ കൂട്ടുവന്നിരിക്കുന്ന, പൂച്ചക്കണ്ണും പുള്ളിപ്പാവാടയുമുള്ള കുട്ടി സബിമയെക്കാൾ സുന്ദരിയാണ്. അവൾ കടയിലുണ്ട്. അവളുണ്ടെന്ന ആനന്ദത്തിൽ സിംഹാസനത്തിലേക്ക് ഒരു രാജാവിനെപ്പോലെ കയറാൻ തുടങ്ങിയതും, കറങ്ങുന്ന സിംഹാസനക്കൈകളിൽ പലക വെച്ച് കയറി ഇരുന്നോളാൻ പറഞ്ഞു രാജേട്ടൻ. ആ മരക്കഷണത്തെയും രാജേട്ടനെയും അവളെയും ഞാൻ മാറി മാറി നോക്കി. ഭാഗ്യം, ആരുടെ മുഖത്തും എന്നെ കളിയാക്കുന്ന ചിരിയൊന്നുമില്ല. ആശ്വാസത്തോടെ കസേരയിൽ കയറ്റി വെച്ച ആ മരക്കഷണത്തിന് മുകളിലേക്ക് കയറാൻ തുടങ്ങിയതും രാജേട്ടന്റെ കമൻറ് വന്നു, ‘‘പേടിക്കണ്ട, വീഴില്ല. ആരും നിന്നെ കളിയാക്കില്ല.’’
വീഴുമെന്ന പേടിയൊന്നും എനിക്കുണ്ടായിരുന്നില്ല. ആരും എന്നെ കളിയാക്കുകയും ചെയ്തിരുന്നില്ല. പക്ഷേ അങ്ങേർ പിന്നെയും അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു, ‘ഒന്നും പേടിക്കണ്ട.’
ചില മനുഷ്യർ എന്ത് ദുരന്തമാണെന്നോ. മൈത്രേയീദേവി എഴുതിയ ‘ട ഗോർ ബൈ ഫയർസൈഡ്’ എന്ന പുസ്തകത്തിൽ ഇതു പോലൊരു കഥയുണ്ട്. ടാഗോർ കൽക്കട്ടയ്ക്കു പോകുന്നു. തീവണ്ടി ഒരു സ്റ്റേഷനിൽ നിർത്തിയപ്പോൾ അദ്ദേഹം ഒരു ലമണേഡ് വാങ്ങിക്കുടിച്ചു. വണ്ടി നീങ്ങാറായി, പണം കൊടുക്കാൻ നോക്കുമ്പോൾ കാണുന്നില്ല. ടാഗോർ കീശകളിൽ തപ്പിക്കൊണ്ടിരിക്കെ, ആരോ അതു കൊടുത്തു. ടാഗോർ തലയുയർത്തി നോക്കിയതും, ‘ഡോണ്ട് വറി, ഡോണ്ട് വറി, ഐ വിൽ പേ’ എന്നയാൾ സ്നേഹത്തോടെ പറഞ്ഞു. ടാഗോറിനെ പകർത്തിക്കൊണ്ട് മൈത്രേയീദേവി എഴുതി, "വൺ ഈസ് നോട്ട് വറീങ്. നീഡ്‌ലെസ് ടു സേ. പക്ഷേ നമ്മൾ പറഞ്ഞുകെണ്ടേയിരിക്കും, വിഷമിക്കേണ്ട, വിഷമിക്കേണ്ട. അതുവരെ ഒരു വിഷമവും മറ്റേയാൾക്കുണ്ടാവില്ല. പക്ഷേ അയാൾ നിസ്സഹായനും ദയനീയനുമാകുന്നത് ഇപ്പോൾ നിങ്ങൾക്ക് കാണാൻ കഴിയും.’
രാജേട്ടൻ പറഞ്ഞു, ‘പേടിക്കണ്ട, ആരും നിന്നെ കളിയാക്കില്ല.’
ഞാൻ പലകയിൽ തല കുനിച്ചിരുന്നു. കത്രികയുടെ ‘ക്ടിം ക്ടിം’ ശബ്ദം മരണം കഴിഞ്ഞുള്ള കൂട്ടമണിയൊച്ച പോലെ തലയ്ക്കകത്ത് മുഴങ്ങി. അന്ന് പലകയുടെ രൂപത്തിൽ എന്റെ ബാല്യചോദനകളെ ഭസ്മമാക്കിയതാണ് രാജേട്ടൻ, ഇന്നിതാ വീണ്ടും ബച്ചനുമായി വന്നിരിക്കുന്നു. ഞാൻ ചോദിച്ചു, ‘ചേര്വോ?’
ആധികാരികമായിത്തന്നെ രാജേട്ടന്റെ മറുപടി വന്നു, ‘ബച്ചൻകട്ട് നിനക്ക് ചേരില്ല.’
എന്റെ ചപ്രത്തലമുടികൾക്ക് സ്വപ്നം കാണാൻ കഴിയാത്ത സുന്ദരമുടികളുള്ള വില്ലനായി അന്നുമുതൽ ബച്ചനുണ്ട്. ‘കഭീ കഭീ മേരേ ദിൽ മേ, ഖയാൽ ആതാ ഹേ’ എന്ന് മൂളി അയാളും രാഖിയും വരുമ്പോൾ, പലവട്ടം ഞാൻ കണ്ണടച്ച് കളഞ്ഞിട്ടുണ്ട്. ജിംബൂംബാ എന്ന് ജപിച്ച് അയാളുടെ ഉടലിൽ ചാടിക്കേറി രാഖിയെ വട്ടം പിടിച്ചിട്ടുണ്ട്.
രാഖിയെക്കാൾ അയാൾക്കിഷ്ടം രേഖയെയാണെന്ന് പറഞ്ഞുതരുന്നത് സജിലേഷാണ്. "സിൽസിലയിലൊക്കെ രണ്ടാളും എന്ത് കളിയാണെന്നോ’, അവൻ പറഞ്ഞു. നാട്ടുകമ്പികളുടെ കാരിയേഴ്സായിരുന്നു ഞങ്ങടെ സ്കൂളിലെ ആങ്കുട്ടികൾ. പെണ്ണുങ്ങൾക്ക് അവരായി അവരുടെ പാടായി. ഞങ്ങൾ പക്ഷേ അസ്വസ്ഥരായിരുന്നു. പ്രേമിക്കണോ, ഞങ്ങള് തന്നെ പുറകേ നടക്കണം. ഇഷ്ടമുണ്ടെങ്കിലും അവളുമാര് പറയില്ല. ബച്ചന്റടുത്ത് പക്ഷേ പെണ്ണുങ്ങൾ അങ്ങനായിരുന്നില്ല. അയാളുടെ കാമുകിയും ഭാര്യയുമൊക്കെയായി ആഘോഷിക്കപ്പെടാൻ ബോളിവുഡിലെ താരസുന്ദരികൾ തല്ലുകൂടി.
ഋഷി കപൂറിന്റെയും നീതുസിംഗിന്റെയും കല്യാണത്തിന് നെറുകയിൽ സിന്ദൂര കുറിയും താലിയും അണിഞ്ഞെത്തിയ രേഖയെ എനിക്കോർമയുണ്ട്. ബച്ചനും രേഖയും രഹസ്യമായി കല്യാണം കഴിച്ചെന്ന് പാപ്പരാസികൾ പറഞ്ഞു പരത്തി. ഷൂട്ടിങ് സെറ്റിൽനിന്ന് ഓടിപ്പാഞ്ഞുവന്നപ്പോൾ താലിയും സിന്ദൂരവും മാറ്റാൻ മറന്നതാണെന്ന് യാസിർ ഉസ്മാനെഴുതിയ തന്റെ ജീവചരിത്ര പുസ്തകത്തിലൊരിടത്ത് രേഖ പറയുന്നുണ്ട്. അതൊരു വല്ലാത്ത മറവിയാണെന്ന് ലോകം ചിരിച്ചു തളളി. ഇനി രേഖയ്ക്കൊപ്പം പടം ചെയ്യരുതെന്ന് ജയ അമിതാഭിനോട് പറയുന്നത് അന്നാണ്.
നിറഞ്ഞ് കലങ്ങിയ കണ്ണുകളോടെ ജയ, അവളുടെ ചുമലിൽ കൈ വെച്ച് നിൽക്കുന്ന അമിതാഭ് ബച്ചൻ - അങ്ങനെയൊരു ദൃശ്യം എന്റെ ഓർമയിലുണ്ട്, ഹൃഷികേശ് മുഖർജിയുടെ അഭിമാനിലാണത്. ഷോലെയിലും മിലിയിലും ചുപ്കെ ചുപ്കെയിലും ജയ, ഡോണിലും ദോസ്താനയിലും ലാവാരിസിലും സീനത്ത് അമൻ, അമർ അക്ബർ ആന്റണിയിലും ദീവാറിലും പർവീൺ ബാബി, ഗംഗ യമുന സരസ്വതിയിൽ ജയപ്രദ, കഴിഞ്ഞിട്ടില്ല. വഹീദ റഹ്മാൻ, നീതു സിംഗ്, മൗഷുമി ചാറ്റർജി, രതി അഗ്നിഹോത്രി, ആശ പരേഖ്, സൈറാ ബാനു, ശ്രീദേവി... അന്നൊക്കെ എപ്പോഴുമാലോചിക്കും, വൈ ഷുഡ് ബച്ചൻ ഹാവ് ഓൾ ദി ഫൺ.
ജൽസ
ബി/2, കപോൾ ഹൗസിംഗ് സൊസൈറ്റി
വി.എൽ മേത്ത റോഡ്
ജൂഹു, മുംബൈ - 400049
ഒരിക്കൽ ചെന്ന് കാണണമെന്ന് കരുതി സംഘടിപ്പിച്ച വിലാസമാണ്.
ജൽസ എന്നാൽ ആഘോഷം എന്നാണർഥം. എൺപതിലെത്തുമ്പോഴും തൊണ്ണൂറിലെത്തുമ്പോഴുമെല്ലാം അമിതാബ് ബച്ചൻ എനിക്കതാണ്, ഒരിക്കലും അവസാനിക്കാത്ത ആഘോഷം.
ബച്ചനെ ഓർക്കുമ്പോഴെല്ലാം "കഭീ കഭീ' എന്ന പാട്ട് ഓർമ വരും. കഭീ കഭീ മേരേ ദിൽ മേ, ഖയാൽ ആതാ ഹേ... ആ പാട്ട് കേട്ടിട്ടുണ്ടോ? നക്ഷത്രങ്ങൾക്കിടെ ജീവിച്ചിരുന്ന നീ ഭൂമിയിലേക്കു ക്ഷണിക്കപ്പെട്ടതുതന്നെ എനിക്കു വേണ്ടിയാണെന്നാണ് അതിലെ വരികൾ. പണ്ടെനിക്ക് ആ വരികൾ ഇഷ്ടമായിരുന്നില്ല. എന്റെ നായികമാരെ മുഴുവൻ കെട്ടിപ്പിടിച്ചിരുന്ന അമിതാഭ് ബച്ചനെയും പണ്ടെനിക്കിഷ്ടമായിരുന്നില്ല. എന്റെ പ്രണയലോകത്തുനിന്ന് നിങ്ങളുടെ നായികമാർ പുറത്തായതിനുശേഷമാണ് ബച്ചൻ, ഞാൻ നിങ്ങളെ സ്നേഹിച്ചുതുടങ്ങുന്നത്. ഒരിക്കൽ എനിക്ക് ജൽസയിൽ വരണം. കീശയിൽ നിന്ന് കഭീ കഭീ എന്ന പാട്ടുയരുമ്പോൾ നിങ്ങൾ കൈവീശി കാണിക്കുന്നത് കണ്ട് തിരിച്ചു പോരണം. ആ വരികളിൽ ഒരു സമരചരിത്രമുണ്ട് ബച്ചൻ. തിരിച്ചു വരവിന്റെയും നിവർന്ന് നിൽപ്പിന്റെയും തലക്കെട്ടാണ് എനിക്ക് കഭീ കഭീ... രാഖിയും അമിതാബ് ബച്ചനും അഭിനയിച്ച പടം. രാഖി വിവാഹ ശേഷം തിരികെ വന്ന പടം - കഭീ കഭീ.
രാഖി ഗുൽസാർ, നായികയിൽ നിന്ന് ഗുൽസാറിന്റെ ഭാര്യയാവാൻ പോയവൾ. അങ്ങനെ പോയ പല നടിമാരെയും എനിക്കറിയാം. വേണ്ടെന്ന് വെക്കുന്നത് ഒരാളുടെ ഇഷ്ടമാണ്, വേണമെന്ന് തോന്നിയിട്ടും വേണ്ടെന്ന് വെക്കേണ്ടി വരുന്നത് അങ്ങനെയല്ല. രാഖിക്ക് സിനിമയെ വേണമായിരുന്നു. എന്തിന് എന്ന് ഗുൽസാർ ചോദിക്കുമ്പോൾ പക്ഷേ അവൾ നിശ്ശബ്ദയായി. എന്തിനെന്ന് എങ്ങനെയാണ് പറയുക.
ഗുൽസാറിന്റെ സിനിമ ആന്ധി സൂപ്പർ ഹിറ്റായ സമയത്താണ്. സുചിത്ര സെന്നും സഞ്ജീവ് കുമാറുമായിരുന്നു അതിലെ താരങ്ങൾ. ഒരു രാത്രി അവരെല്ലാം ഗുൽസാറിന്റെ മുംബൈയിലെ വീട്ടിൽ വിജയാഘോഷത്തിന് ഒത്തുകൂടി. മദ്യത്തിൽ കുഴഞ്ഞ ആൺസിനിമ സുചിത്രയേയും കൊണ്ട് കിടപ്പുമുറി തേടിയ ആ രാത്രിയാണ് ഗുൽസാറിന്റെ ചോദ്യത്തിന് രാഖി ഉത്തരം പറയുന്നത്. "നിങ്ങൾക്കെന്തിനാണ് സിനിമ എന്ന് സ്വയം ചോദിച്ചുനോക്കൂ ഗുൽസാർ, അപ്പോൾ മനസ്സിലാകും എനിക്കെന്തിനാണതെന്ന്. അങ്ങനെയോർക്കുമ്പോൾ നിങ്ങൾക്ക് ദേഷ്യം വരും. നിങ്ങളെന്നെ തടവിലാക്കും. പുറത്ത് മീനാകുമാരിമാർ നിങ്ങളെ കാത്തിരിക്കുന്നത് തടവറയിൽ നിന്ന് ഞാൻ കാണുകയില്ല. പക്ഷേ ഞാനതെല്ലാം കേൾക്കും. നിങ്ങൾക്ക് ചിന്തിക്കാൻ കഴിയാത്ത ഒരു പെൺ സിനിമയുണ്ട് ഗുൽസാർ. നിവർന്ന് നിൽക്കാനും, ഇഷ്ടമുള്ളത് ചെയ്യാനും, കഥകൾ കേട്ട് കരയാതിരിക്കാനും ഇപ്പോഴും എനിക്കതുണ്ട്.’
ഓസ്കാർ അവാർഡും ഗ്രാമി അവാർഡും അഞ്ച് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും 19 ഫിലിംഫെയർ അവാർഡുകളും നേടിയ മനുഷ്യൻ. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കു നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് രാജ്യം ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകി ആദരിച്ച മനുഷ്യൻ, പത്മഭൂഷൺ ഗുൽസാർ. അന്നും ബോളിവുഡിന് അയാൾ രാജാവാണ്. അയാളെ പിണക്കി ആരഭിനയിക്കാനാണ് രാഖിക്കൊപ്പം. അങ്ങനൊരാൾ അന്നുമിന്നും ഇന്ത്യൻ സിനിമയ്ക്കുണ്ട്. മറ്റൊരാളാലും നിയന്ത്രിക്കപ്പെടാത്ത ഒരാൾ. ഒറ്റ സീനിൽ വന്ന് പോയാലും ഒറ്റയാളായ് വാഴ്ത്തപ്പെടുന്ന ഒരാൾ, അമിതാഭ് ബച്ചൻ.
യാഷ് ചോപ്രയുടെ കഭീ കഭീയിൽ രാഖി ഒപ്പിട്ടു, ബച്ചനവൾക്ക് നായകനായി. ആ പടം ബോക്സോഫീസിനെ പിടിച്ച് കുലുക്കിയ ദിവസമാണ് രാഖി, ഗുൽസാറിന് ഡിവോഴ്സ് നോട്ടീസയക്കുന്നത്. ഗുൽസാർ എഴുതിയ ഏത് പാട്ടുകൾക്കും മേലെയാണ് എനിക്ക് സാഹിർ ലുധിയാൻവിയുടെ ‘കഭീ കഭീ മേരേ ദിൽ മേ' എന്ന പാട്ട്.
അമിതാഭ് ബച്ചന് ഇന്ന് എൺപതാണ്. ജൽസയിലേക്ക് ആരാധകരുടെ മഹാപ്രവാഹമുണ്ടാവും. അവർക്കിടയിൽ എവിടെയോ ഇരുന്ന് സാഹിർ ലുധിയാൻവി പാടും. ബച്ചൻ, നക്ഷത്രങ്ങൾക്കിടെ ജീവിച്ചിരുന്ന നിങ്ങൾ ഭൂമിയിലേക്ക് ക്ഷണിക്കപ്പെട്ടതു തന്നെ ഞങ്ങളുടെ ഭാഗ്യമാണ്. കഭീ കഭീ മേരേ ദിൽ മേ, ഖയാൽ ആതാ ഹേ...