ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്ത് എ.എം.എം.എ ജനറൽ സെക്രട്ടറി സിദ്ദിഖ്. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷോയുടെ തിരക്കുള്ളതിനാലാണ് പ്രതികരിക്കാൻ വൈകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. റിപ്പോർട്ട് പുറത്തു വരാതിരിക്കണമെന്ന് കരുതിയിട്ടില്ല. ഇത് എ.എം.എം.എ എന്ന സംഘടനയ്ക്കെതിരായ റിപ്പോർട്ടല്ലെന്നും സിദ്ദിഖ് പറഞ്ഞു.
എന്നാൽ, സിദ്ദിഖിന്റെ വാർത്താസമ്മേളനത്തിനുതൊട്ടുപുറകേ മാധ്യമപ്രവർത്തകരെ കണ്ട എ.എം.എം.എ വൈസ് പ്രസിഡന്റ് ജഗദീഷ്, പരാതികൾ ഒറ്റപ്പെട്ടതെന്നു പറഞ്ഞ് ഒഴിയരുതെന്നും കമ്മിറ്റിക്കു നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ ഇവയിൽ കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ സംഘടനയിൽ ഇതുസംബന്ധിച്ച ഭിന്നത പുറത്തുവന്നു.
എ.എം.എം.എ സംഘടനയെയല്ല ഹേമ കമ്മിറ്റി പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞു: ‘‘സിനിമാ മേഖലയിലെ സ്ത്രീകൾ സുരക്ഷിതമായിരിക്കണമെന്നാണ് എല്ലാവരും കരുതുന്നത്. അക്കാര്യത്തിൽ പുതിയ നിർദ്ദേശങ്ങൾ ഉണ്ടായാൽ നടപ്പിലാക്കും. കുറ്റകൃത്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ പോലീസിന് കേസെടുക്കാവുന്നതാണ്. ഒറ്റപ്പെട്ട സംഭവങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. അതിൽ എ.എം.എം.എയെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം മലയാള സിനിമയിലുള്ളവരെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. എവിടെയോ ഒറ്റപ്പെട്ട ഒന്നോ രണ്ടോ പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതി അടച്ചാക്ഷേപിക്കുന്നത് നല്ല പ്രവണതയല്ല’’.
മലയാള സിനിമയിൽ പവർഗ്രൂപ്പോ മാഫിയ സംഘമോ ഗുണ്ടാസംഘമോ ഇല്ലെന്നും ഒരു പവർഗ്രൂപ്പിന് അങ്ങനെ സിനിമാ മേഖലയെ നിയന്ത്രിക്കാൻ സാധിക്കില്ലെന്നും സിദ്ദിഖ് പറഞ്ഞു: ‘‘അനാവശ്യമായി പുകമറ സൃഷ്ടിച്ച് കുറ്റവാളികളല്ലാത്തവരെ നാണം കെടുത്തുന്ന രീതി ശരിയല്ല. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാവുന്നതിൽ യാതൊരു തെറ്റുമില്ല. ഒരു സിനിമയിൽ ആര് അഭിനയിക്കണമെന്നും അഭിനയിക്കരുതെന്നും ഒരു പവർഗ്രൂപ്പിനും തീരുമാനിക്കാൻ സാധിക്കില്ല. ഹേമ കമ്മിറ്റിക്ക് ലഭിച്ച പരാതികളിൽ പോലീസ് അന്വേഷണങ്ങൾ വരുന്നതിൽ എ.എം.എം.എയ്ക്ക് ഭയമൊന്നുമില്ല. എ.എം.എം.എ തന്നെ ഒരു ഇൻറേണൽ കംപ്ലെയിന്റ്സ് കമ്മിറ്റിയാണ്. തങ്ങൾക്ക് മുന്നിൽ വരുന്ന പരാതികളെല്ലാം പരിഹരിക്കും’’.
‘‘റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ കൂടുതൽ എന്ത് നടപടി എടുക്കണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ആലോചിക്കും. കുറ്റക്കാർക്കൊപ്പം എ.എം.എം.എ നിൽക്കില്ല, അവരെ സംരക്ഷിക്കാനും ഉണ്ടാവില്ല. എ.എം.എം.എയിൽ ഉള്ള ഒരു നടി താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് 2006-ൽ പരാതി നൽകിയിരുന്നു. അത് അവഗണിക്കപ്പെട്ടതിൽ ഇന്ന് ഖേദമുണ്ട്. പരാതികളും നിർദ്ദേശങ്ങളും ലഭിച്ചതിന് ശേഷം സിനിമാമേഖലയിൽ ഏറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പഴയ പ്രശ്നങ്ങളൊക്കെ ഒരു പരിധി വരെ മാറി’’- സിദ്ദിഖ് വ്യക്തമാക്കി.
‘‘കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാർ വിളിക്കുന്ന കോൺക്ലേവിൻെറ ഉദ്ദേശ്യം എന്തെന്ന് അറിയില്ല. ഇതുവരെ തങ്ങളെ ആരെയും അതിലേക്ക് ക്ഷണിച്ചിട്ടില്ല. കോൺക്ലേവിനോട് സഹകരിക്കും’’- സിദ്ദിഖ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജയൻ ചേർത്തല, ജോമോൾ തുടങ്ങിയവരും സിദ്ദിഖിനൊപ്പമുണ്ടായിരുന്നു.
കേസെടുക്കണമെന്ന് ജഗദീഷ്
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാതികളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് എ.എം.എം.എ വൈസ് പ്രസിഡന്റ് ജഗദീഷ് ആവശ്യപ്പെട്ടു. റിപ്പോർട്ട് പുറത്തുവന്ന് ഏറെ വൈകി പ്രതികരണം നടത്തേണ്ടി വന്നതിൽ ക്ഷമ ചോദിച്ചുകൊണ്ടാണ് ജഗദീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഒറ്റപ്പെട്ടതെന്നു പറഞ്ഞ് ഒഴിയരുതെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യു.സി.സിയിലുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു.
‘‘ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ കോടതി പറഞ്ഞാലും ഇല്ലെങ്കിലും സമഗ്ര അന്വേഷണം നടത്തണം. അതില്‍ നിന്ന് എ.എം.എം.എക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാന്‍ കഴിയില്ല’’.
‘‘വാതില്‍ലില്‍ മുട്ടി എന്ന് ഒരു ആര്‍ട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ അന്വേഷിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയല്ല. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. പല തൊഴിലിടത്തിലും ഇതുപോലെ നടക്കുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അങ്ങനെ ചോദിക്കാന്‍ പാടില്ല എന്ന പക്ഷക്കാരമാണ് ഞാന്‍. അത് ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അത് ഭാവിയില്‍ നടക്കുന്നത് തടയാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് ചോദ്യം", ജഗദീഷ് പറഞ്ഞു.