ഇന്ത്യൻ സിനിമകളിൽ, പ്രത്യേകിച്ച് ബോളിവുഡിൽ, സ്ത്രീശരീരവും ലൈംഗികതയും എപ്പോഴും ചർച്ച ചെയ്യപ്പെട്ടിരുന്നത് പുരുഷ കേന്ദ്രീകൃതമായ കാഴ്ചപ്പാടിലൂടെയാണ്. സ്ത്രീയുടെ ആഗ്രഹങ്ങൾക്കോ സംതൃപ്തിക്കോ പ്രാധാന്യം നൽകാതെ, അവളെ കേവലം ആസ്വാദനവസ്തുവായി മാത്രം സ്ക്രീനിൽ അവതരിപ്പിച്ചിരുന്ന പരമ്പരാഗത രീതികളിൽ നിന്നുള്ള വലിയ വഴിത്തിരിവാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ 'ലസ്റ്റ് സ്റ്റോറീസ്' (Lust Stories) ആന്തോളജി ഫ്രാഞ്ചൈസി.
മൂന്ന് ഭാഗങ്ങളിലായി (Lust Stories 1, 2, & 3) പുറത്തുവന്ന ഈ ചിത്രങ്ങൾ സ്ത്രീകാമനകളെയും ബന്ധങ്ങളിലെ സങ്കീർണ്ണതകളെയും ശരീരത്തിന്റെ രാഷ്ട്രീയത്തെയും തുറന്ന സമീപനത്തോടെ പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിക്കുന്നു.
ഇന്ത്യൻ ചലച്ചിത്രങ്ങളിൽ സ്ത്രീശരീരവും അവളുടെ ആഗ്രഹങ്ങളും എപ്പോഴും ഒരു നിഗൂഢവിഷയമായോ അല്ലെങ്കിൽ ആൺനോട്ടങ്ങളുടെ (Male Gaze) തൃപ്തിക്കായി മാത്രം നിർമ്മിക്കപ്പെട്ട ദൃശ്യാനുഭവമായോ ആണ് ഇക്കാലമത്രയും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ബോളിവുഡ് സിനിമകളിൽ സ്ത്രീയുടെ വേഷവിധാനങ്ങൾ, നൃത്തങ്ങൾ, ലൈംഗികത എന്നിവയെല്ലാം പുരുഷകേന്ദ്രീകൃത സാമൂഹിക വ്യവസ്ഥയുടെ ആസ്വാദനത്തിന് മാത്രമുള്ളവയായിരുന്നു. ഇവിടെ സ്ത്രീ കഥാപാത്രങ്ങൾക്ക് സ്വന്തമായ കാമനകളോ, തിരുമാനങ്ങളോ, അല്ലെങ്കിൽ തങ്ങളുടെ ശരീരത്തിന്മേൽ പൂർണ്ണമായ സ്വാതന്ത്രമോ നൽകപ്പെട്ടിരുന്നില്ല.
എന്നാൽ, ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെയും ഡിജിറ്റൽ സിനിമാ സംസ്കാരത്തിന്റെ വളർച്ചയോടെയും ബോളിവുഡിന്റെ ഈ പരമ്പരാഗത ആഖ്യാനശൈലികളിൽ വലിയൊരു പൊളിച്ചെഴുത്ത് സംഭവിച്ചു. അതിൽ ഏറ്റവും നിർണ്ണായക വഴിത്തിരിവായിരുന്നു നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവന്ന 'ലസ്റ്റ് സ്റ്റോറീസ്' (Lust Stories) എന്ന ആന്തോളജി ഫ്രാഞ്ചൈസി. സദാചാരത്തിന്റെ കപട ചട്ടക്കൂടുകളെ തകർത്തുകളഞ്ഞ്, സ്ത്രീകളുടെ ലൈംഗികത, ദാമ്പത്യത്തിലെ അസംതൃപ്തികൾ, മാനസിക സംഘർഷങ്ങൾ, ശരീരത്തിന്മേലുള്ള അധികാര രാഷ്ട്രീയങ്ങൾ എന്നിവയെ വളരെ യാഥാർത്ഥ്യബോധത്തോടെയും ഗൗരവത്തോടെയും സമീപിക്കാൻ ഈ പരമ്പരയ്ക്ക് സാധിച്ചു.
കേവലം വിനോദത്തിനപ്പുറം, ആധുനിക ഇന്ത്യൻ സമൂഹത്തിലെ സ്ത്രീകളുടെ ആന്തരിക ലോകത്തെയും അവർ നേരിടുന്ന ശാരീരിക -സാമൂഹിക യാഥാർത്ഥ്യങ്ങളെയും പുനർവായനയ്ക്ക് വിധേയമാക്കുന്ന ശക്തമായ ഒരു സിനിമാറ്റിക് പ്രതിരോധമായി 'ലസ്റ്റ് സ്റ്റോറീസ്' മാറുന്നു.

പുരുഷകേന്ദ്രീകൃതനോട്ടങ്ങളിൽ നിന്നുള്ള
മോചനവും സ്ത്രീകാമനകളും
സ്ത്രീശരീരം എന്നത് എപ്പോഴും ക്യാമറയ്ക്കുമുന്നിൽ തൃപ്തിപ്പെടുത്തേണ്ടത് ആൺകാഴ്ചകളെയായിരുന്നു. നായികയുടെ വികാരങ്ങൾക്കോ തൃപ്തിക്കോ അവിടെ പ്രസക്തിയുണ്ടായിരുന്നില്ല. എന്നാൽ 'ലസ്റ്റ് സ്റ്റോറീസ്' ഈ വാർപ്പുമാതൃകകളെ പാടേ തകർത്ത്, തികച്ചും സ്ത്രീപക്ഷ കാഴ്ചപ്പാട് മുൻപോട്ടു വെക്കുന്നു. ഇവിടെ സ്ത്രീകഥാപാത്രങ്ങൾ തങ്ങളുടെ ലൈംഗികതയെക്കുറിച്ചും ശരീരത്തെക്കുറിച്ചും തുറന്നുസംസാരിക്കാൻ മടിക്കാത്തവരാണ്. അവരെ സംബന്ധിച്ച് ലൈംഗികത എന്നത് കേവലം പുരുഷന് വഴങ്ങിക്കൊടുക്കലല്ല, മറിച്ച് തങ്ങളുടെ വ്യക്തിത്വത്തിന്റെ തന്നെ സ്വാഭാവികമായ ഒരു വികാരമാണ്.
ഒരു പരമ്പരാഗത കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തുന്ന പെൺകുട്ടിക്ക്, ഭർത്താവിൽ നിന്ന് ലൈംഗിക സംതൃപ്തി ലഭിക്കുന്നില്ലെങ്കിൽ, അത് തുറന്നുപറയാനുള്ള ധൈര്യമോ വേദിയോ ഒരു കാലം വരെ നമ്മുടെ സമൂഹത്തിലുണ്ടായിരുന്നില്ല. തന്റെ ലൈംഗിക അതൃപ്തികളെ കുറിച്ച് ചർച്ച ചെയ്യുന്ന സ്ത്രീകളെ ദുർനടപ്പുകാരികൾ എന്ന പേരിൽ സമൂഹം തന്നെ മാറ്റിനിർത്തുമായിരുന്നു. എന്നാൽ ചിത്രത്തിൽ പല കഥാപാത്രങ്ങളും തങ്ങളുടെ ശരീരത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും ബോധവതികളാണ്. അവർ തങ്ങളുടെ ആവശ്യം തുറന്നുപറയുകയോ അല്ലെങ്കിൽ സ്വയം നിറവേറ്റാൻ ശ്രമിക്കുകയോ ചെയ്യുന്നുണ്ട്. ലൈംഗിക സംതൃപ്തി എന്നത് പുരുഷന്റെ മാത്രം അവകാശമല്ലെന്നും അത് ഒരു സ്ത്രീയുടെ ആത്മാഭിമാനത്തിന്റെയും ശാരീരികാരോഗ്യത്തിന്റെയും ഭാഗമാണെന്നും അവർ ഉറക്കെ പ്രഖ്യാപിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ അന്നും ഇന്നും ഒരേ രീതിയിൽ പ്രചരിക്കുന്നതാണ് വൈബ്രേറ്റർ ഉപയോഗിക്കുന്ന കിയാറ അധ്വനിയുടെ മീം (ലസ്റ്റ് സ്റ്റോറീസ് -1). വൈബ്രേറ്റർ പോലെയുള്ള ഉപകരണങ്ങൾ ദൃശ്യവത്കരിക്കപ്പെടുമ്പോൾ, അത് വെറുമൊരു തമാശ രംഗത്തിനപ്പുറം ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന വിലക്കുകളുടെ പൊളിച്ചെഴുത്താണ്. ഒരു സ്ത്രീക്ക് പുരുഷന്റെ സഹായമില്ലാതെ രതിമൂർച്ചയിൽ എത്താമെന്നും തന്റെ ശരീരത്തിന്റെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും തിരിച്ചറിയുന്നത് പാപമല്ലെന്നും എക്കാലത്തും പുരുഷൻ കുത്തകയാക്കി വച്ചിരുന്ന പല ചിന്തകളുടെ പൊളിച്ചെഴുത്തുകളും ഈ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു.

വർഗ്ഗരാഷ്ട്രീയവും
ശരീരത്തിന്റെ വിധേയത്വവും
സ്ത്രീകളുടെ കാമനകൾക്കും വൈകാരികതലങ്ങൾക്കും അപ്പുറം, അതിനുപിന്നിൽ പ്രവർത്തിക്കുന്ന സങ്കീർണ്ണമായ വർഗ്ഗരാഷ്ട്രീയവും (Class Politics) അധികാരസമവാക്യങ്ങളും ലസ്റ്റ് സ്റ്റോറീസ് അപഗ്രഥിക്കുന്നു. ഇന്ത്യൻ സമൂഹത്തിൽ ഒരു സ്ത്രീയുടെ ലൈംഗികതയും സ്വകാര്യതയും അവൾ നിൽക്കുന്ന സാമൂഹിക- സാമ്പത്തിക തട്ടിനെ ആശ്രയിച്ചാണ് നിർണ്ണയിക്കപ്പെടുന്നത് എന്ന കടുപ്പമേറിയ യാഥാർത്ഥ്യത്തിലേക്ക് ഈ പരമ്പര വിരൽചൂണ്ടുന്നു.
വീട്ടുജോലിക്കാരിയുടെ ശരീരവും അധികാരഘടനയും
വീട്ടുജോലിക്കാരിയും വീടിന്റെ യജമാനനായ യുവാവും തമ്മിലുള്ള നിശ്ശബ്ദമായ ലൈംഗികബന്ധം ചിത്രീകരിക്കുന്ന ഭാഗത്ത് (ലസ്റ്റ് സ്റ്റോറീസ് -1), ലൈംഗികതയ്ക്കപ്പുറം വർഗ്ഗപരമായ അസമത്വത്തിന്റെ രാഷ്ട്രീയമാണ് ഇവിടെ പ്രകടമാകുന്നത്.
അടച്ചിട്ട മുറിക്കുള്ളിൽ ശരീരങ്ങൾ തമ്മിൽ ഒന്നിക്കുമ്പോഴും മുറിക്കുപുറത്ത് അവർക്കിടയിൽ വലിയൊരു സാമൂഹിക അതിർവരമ്പുണ്ട്. യജമാനന് അതൊരു താത്കാലിക ആശ്വാസമോ സുഖമോ മാത്രമായിരിക്കുമ്പോൾ, ജോലിക്കാരിയെ സംബന്ധിച്ച് അത് തന്റെ ഉപജീവനമാർഗ്ഗത്തെയും നിലനിൽപ്പിനെയും ബാധിക്കുന്ന ഒന്നാണ്. മുതലാളിത്ത വ്യവസ്ഥയിൽ താഴ്ന്ന വർഗ്ഗത്തിൽപ്പെട്ട സ്ത്രീയുടെ ശരീരം എങ്ങനെ നിശ്ശബ്ദമായി വിധേയമാക്കപ്പെടുന്നു എന്നതിന്റെ രാഷ്ട്രീയ ശരികേടുകൾ ഇത് തുറന്നുകാട്ടുന്നു.
ഇത്തരത്തിൽ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയിരുന്ന ഉപഭോഗ വസ്തുവായി മാത്രം സ്ത്രീകളെ കരുതുന്ന സാമൂഹിക യാഥാർഥ്യത്തെ ചിത്രം തുറന്നു കാട്ടുന്നു. ഇതോടൊപ്പം, സാധാരണക്കാരായ സ്ത്രീകളുടെ സ്വകാര്യതകൾ എങ്ങനെ ഉപരിവർഗ്ഗത്തിന്റെയോ സമൂഹത്തിന്റെയോ നിരീക്ഷണത്തിന് (Surveillance) വിധേയമാകുന്നു എന്നതും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
ശരീരത്തിന്റെ അവകാശവും
സാമ്പത്തിക അതിജീവനവും
ഉപരിവർഗ്ഗസ്ത്രീക്ക് സ്വന്തം ശരീരത്തെക്കുറിച്ചും ലൈംഗിക ചോദനകളെക്കുറിച്ചും തുറന്നു സംസാരിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കുമ്പോൾ, നിരാലംബയായ ഒരു സ്ത്രീക്ക് സ്വന്തം ആഗ്രഹങ്ങളേക്കാൾ മുൻഗണന നൽകേണ്ടിവരുന്നത് സാമ്പത്തിക അതിജീവനത്തിനാണ്. ലൈംഗികത എന്നത് കേവലം ഒരു വികാരം മാത്രമല്ലെന്നും അത് അധികാരത്തിന്റെയും പണത്തിന്റെയും നിയന്ത്രണത്തിലുള്ള ഒന്നാണെന്നും ഈ പരമ്പര സമർത്ഥമായി അടിവരയിടുന്നു.
ദാമ്പത്യത്തിന്റെ മതിൽക്കെട്ടുകളും സദാചാരബോധ്യങ്ങളും
സദാചാരത്തിന്റെ അച്ചടക്കമുള്ള കോട്ടകളായാണ് സമൂഹം ദാമ്പത്യത്തെ നോക്കിക്കാണുന്നത്. എന്നാൽ, ആ മതിൽക്കെട്ടുകൾക്കുള്ളിൽ ജീവിക്കുന്ന സ്ത്രീകളുടെ ആന്തരിക ശൂന്യതയെയും അവർ നേരിടുന്ന വൈകാരിക അപരിചിതത്വത്തെയും 'ലസ്റ്റ് സ്റ്റോറീസ്' ശക്തമായി വിചാരണ ചെയ്യുന്നു. ദാമ്പത്യവും ലൈംഗികതയും പരസ്പരം പൂരകങ്ങളാവേണ്ട ഒന്നാണെങ്കിലും പലപ്പോഴും സ്ത്രീയുടെ ലൈംഗികതൃപ്തിയും ആഗ്രഹങ്ങളും അവിടെ അടിച്ചമർത്തപ്പെടുകയാണ് ചെയ്യുന്നത്.

ദാമ്പത്യത്തിലെ മടുപ്പും
വൈകാരികശൂന്യതയും
കാലങ്ങൾ കഴിയുമ്പോൾ വെറും ചടങ്ങുകൾ മാത്രമായി മാറുന്ന ദാമ്പത്യ ജീവിതത്തിലെ സ്ത്രീകളുടെ നിരാശ ഈ പരമ്പരയിൽ പ്രധാന വിഷയമാകുന്നു. ഭർത്താവുമായി വൈകാരികമായോ ശാരീരികമായോ ഒരു ബന്ധവും കണ്ടെത്താൻ കഴിയാത്തപ്പോൾ, ഒരു സ്ത്രീ തന്റെ സന്തോഷങ്ങൾക്കായി പുറത്തൊരു ലോകം തേടുന്നത് കുറ്റകൃത്യമായി സമൂഹം മുദ്രകുത്തുന്നു. എന്നാൽ, ആ തീരുമാനത്തിനുപിന്നിലെ വൈകാരികമായ അപരിചിതത്വവും ദാമ്പത്യത്തിലെ വിള്ളലുകളെയുമാണ് സിനിമ വെളിച്ചത്തുകൊണ്ടുവരുന്നത്.
സദാചാരത്തിന്റെ കപടതകളും
സ്ത്രീയുടെ അവകാശവും
കുടുംബത്തിന്റെ മാന്യതയും പരമ്പരാഗത മൂല്യങ്ങളും സംരക്ഷിക്കേണ്ട ബാധ്യത എപ്പോഴും സ്ത്രീയുടെ മേളിലാണ് സമൂഹം അടിച്ചേൽപ്പിക്കുന്നത്. ഭർത്താവിന്റെയോ കുടുംബത്തിന്റെയോ തെറ്റുകൾ ക്ഷമിച്ച് ഒതുങ്ങിക്കൂടാൻ നിർബന്ധിക്കപ്പെടുന്ന സ്ത്രീ, സ്വന്തം ആഗ്രഹങ്ങൾക്ക് മുൻഗണന നൽകുമ്പോൾ സദാചാര ലംഘകയായി ചിത്രീകരിക്കപ്പെടുന്നു. എന്നാൽ, കുടുംബമെന്ന സ്ഥാപനത്തിനുവേണ്ടി സ്വന്തം വ്യക്തിത്വത്തെയും ശരീരത്തെയും ബലികൊടുക്കാൻ തയ്യാറല്ലാത്ത ആധുനിക സ്ത്രീയുടെ നിലപാടുകളെയാണ് ഈ ആന്തോളജി പിന്തുണയ്ക്കുന്നത്.
തലമുറകളുടെ മാറ്റവും
തുറന്നുപറച്ചിലുകളും
പരമ്പരാഗത ദാമ്പത്യത്തിലെ ലൈംഗിക പൊരുത്തക്കേടുകളെക്കുറിച്ച് മൗനം പാലിച്ചിരുന്ന സ്ഥാനത്ത്, പുതിയ തലമുറ തങ്ങളുടെ ചിന്തകളും അതൃപ്തികളും തുറന്നുപറയുന്നതെങ്ങനെയെന്ന് ഈ ഫ്രാഞ്ചൈസി കാണിച്ചുതരുന്നു. ലൈംഗിക പൊരുത്തം എന്നത് ദാമ്പത്യത്തിന്റെ കാതലായ വശമാണെന്നും അത് തുറന്നുസംസാരിക്കുന്നതും തിരിച്ചറിയുന്നതും തെറ്റല്ലെന്നുമുള്ള ബോധവൽക്കരണമാണ് ഈ കഥകൾ പങ്കുവെക്കുന്നത്.
ശരീരത്തിന്റെ രാഷ്ട്രീയം (Body Politics)
ശരീരം എന്നത് കേവലം ഒരു ജൈവീകഘടന മാത്രമല്ല.മറിച്ച്, സാമൂഹികവും രാഷ്ട്രീയവും വർഗ്ഗപരവുമായ അധികാര സമവാക്യങ്ങൾ ഏറ്റുമുട്ടുന്ന ഒരു പ്രധാന ഇടമാണ്. ലിംഗഭേദം, വർഗ്ഗം, ജാതി, സാമ്പത്തിക ശേഷി എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ ശരീരത്തിന്മേൽ സമൂഹം എപ്പോഴും നിയന്ത്രണവും അച്ചടക്കവും അടിച്ചേൽപ്പിക്കാറുണ്ട്. ലൈംഗികത, സ്വകാര്യത, ആഗ്രഹങ്ങൾ, അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയിലെല്ലാം ഈ അധികാരഘടനയ്ക്കുള്ളിൽ നിശ്ശബ്ദമായി പ്രവർത്തിക്കുന്നു. 'ലസ്റ്റ് സ്റ്റോറീസ്' പോലെയുള്ള ആവിഷ്കാരങ്ങളിൽ, സ്ത്രീശരീരം എന്നത് പരമ്പരാഗത സദാചാര ചട്ടക്കൂടുകൾക്കും പുരുഷാധിപത്യ നോട്ടങ്ങൾക്കും വിധേയപ്പെടേണ്ട ഒന്നല്ലെന്നും അതിന്മേലുള്ള പൂർണ്ണ അവകാശവും സ്വയംഭരണാധികാരവും വ്യക്തിക്ക് മാത്രമാണെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ശരീരത്തിന്റെ ഈ രാഷ്ട്രീയം പ്രകടമാക്കപ്പെടുന്നത്.

സ്ത്രീകളെയും അവരുടെ വികാരങ്ങളെയും ദൃശ്യവത്കരിച്ചിരുന്ന പരമ്പരാഗതരീതികളിൽ സംഭവിച്ച വലിയൊരു വിപ്ലവത്തിന്റെ പ്രതീകമാണ് 'ലസ്റ്റ് സ്റ്റോറീസ്'. സ്ത്രീകളുടെ ലൈംഗികതയും ആഗ്രഹങ്ങളും സദാചാരത്തിന്റെ കണ്ണടയിലൂടെ മാത്രം നോക്കിക്കണ്ടിരുന്ന ഒരു സമൂഹത്തിന് മുന്നിൽ, അത് കേവലം ഒരു ശാരീരിക ആവശ്യമോ പാപമോ അല്ലെന്നും മറിച്ച് ഒരു വ്യക്തിയുടെ ആത്മാഭിമാനവുമായും സ്വയംഭരണാവകാശവുമായും ബന്ധപ്പെട്ടു കിടക്കുന്ന സ്വാഭാവികമായ വികാരമാണെന്നും ഉറക്കെ പ്രഖ്യാപിക്കാൻ ഈ പരമ്പരയ്ക്ക് സാധിച്ചു.
ആൺനോട്ടങ്ങളുടെ (Male Gaze) ചട്ടക്കൂടുകൾ പൊളിച്ചെഴുതിക്കൊണ്ട് സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ കഥകൾ പറഞ്ഞ ഈ ആന്തോളജി, ലൈംഗികതയ്ക്കപ്പുറം വർഗ്ഗരാഷ്ട്രീയം, സാമ്പത്തിക അസമത്വങ്ങൾ, ദാമ്പത്യത്തിലെ അപരിചിതത്വം, സ്വകാര്യതയുടെ രാഷ്ട്രീയം എന്നിവയെല്ലാം കൃത്യമായി വിചാരണ ചെയ്യുന്നു. കുടുംബങ്ങളുടെയും സദാചാരബോധ്യങ്ങളുടെയും പേരിൽ അടിച്ചമർത്തപ്പെട്ടിരുന്ന സ്ത്രീകാമനകളെ തുറന്ന സിനിമാറ്റിക് സംവാദങ്ങളിലേക്ക് കൊണ്ടുവന്നു എന്നതാണ് ഈ പരമ്പരയുടെ ഏറ്റവും വലിയ വിജയം.
ചുരുക്കത്തിൽ, ബോളിവുഡ് സിനിമകളിൽ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും അവരെ വായിച്ചെടുക്കുന്നതിലും സംഭവിച്ച ഈ ചരിത്രപരമായ മാറ്റം, വരുംകാല ഇന്ത്യൻ സിനിമകളിലെ സ്ത്രീപക്ഷ രാഷ്ട്രീയം കൂടുതൽ യാഥാർത്ഥ്യബോധമുള്ളതും ശക്തവുമാകുന്നതിന് വലിയൊരു വഴികാട്ടിയായി നിലകൊള്ളും.
