സാധാരണ മനുഷ്യരുടെ മരണമാസ്

ഏതൊരു സിനിമയേയും മുന്നോട്ടുനയിക്കുന്ന പ്രധാന അഭിനേതാക്കളെപ്പറ്റിയുള്ള പരമ്പരാഗത സങ്കൽപ്പങ്ങൾ ഉടച്ചുവാർത്തുകൊണ്ടുള്ള ഗംഭീര അറ്റംപ്റ്റ് ആണ് ‘അഞ്ചക്കള്ളകോക്കാന്‍ പൊറാട്ട്’.

കാലകാലങ്ങളായി പിന്തുടരുന്ന തെറ്റുകൾ തിരുത്താൻ, അനിവാര്യവും ശരിയുമായ മാറ്റങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ ഒരു ഭൂമികയിൽ അധിവസിക്കുന്ന മനുഷ്യർ സ്വാഭാവികമായി തയ്യാറെടുക്കുമ്പോഴാണ്, സമൂഹം എന്ന നിലയിൽ അവർ പുരോഗമിക്കുന്നു എന്നു പറയാൻ സാധിക്കുക. അപ്പോഴും ആ തെറ്റുകളെ അഭിമാനത്തോടെ നെറ്റിയിൽ പൂശി നടക്കുന്ന ഒരു പറ്റം മനുഷ്യർ അവർക്കിടയിലുണ്ടാകും. എന്നാൽ പോകപ്പോകെ അക്കൂട്ടർ ന്യൂനപക്ഷമായി പരിവർത്തനം ചെയ്യപ്പെടുകയും കാലക്രമത്തിൽ വിസ്‌മൃതിയിലാണ്ടു പോവുകയും ചെയ്യും.

ആർ.എൽ. വി. രാമകൃഷ്ണൻ എന്ന കലാകാരന്റെ തൊലിയുടെ നിറത്തിന്റെ പേരിൽ അയാളുടെ ഉള്ളിലെ പ്രതിഭയെ പാടേ റദ്ദാക്കിക്കളയുന്ന മട്ടിലുള്ള പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ പ്രതിഷേധമുയർന്നത് നാം കണ്ടതാണ്. ജാതി-മത പിരിവുകളും വംശീയ ചിന്താഗതികളും മനസ്സിൽ സൂക്ഷിക്കുന്ന മനുഷ്യർ സമ്മാനിക്കുന്ന തിക്കുമുട്ടലുകൾക്കിടയിൽ ഇത്തരം പ്രതിരോധങ്ങൾ സമ്മാനിക്കുന്ന സമാധാനം ചില്ലറയല്ല.

ആർ.എൽ. വി. രാമകൃഷ്ണൻ

മലയാള സിനിമയിലും കാലം ആവശ്യപ്പെടുന്ന ഈ  മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ആൺകൂട്ട വിചാരണങ്ങൾക്കെതിരെ ശബ്ദിക്കുന്ന 'ആട്ടം', ആൾക്കൂട്ട വിചാരണങ്ങൾക്കെതിരെ കലഹിക്കുന്ന 'നേര്' എന്നിവയ്ക്കുപിന്നാലെ 'കറുത്ത' നായകർ അണിനിരക്കുന്ന അഞ്ചക്കള്ളകോക്കാനും തിയേറ്ററുകളിൽ സ്വീകരിക്കപ്പെടുന്നു. അത് വളരെ നല്ലൊരു മാറ്റമാണ്. 

ഉല്ലാസ് ചെമ്പന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അഞ്ചക്കള്ളകോക്കാന്‍ പൊറാട്ട്, മലയാളി ഹീറോ സങ്കൽപ്പങ്ങളെ പാടേ ഉടച്ചുവാർക്കുന്ന സൃഷ്ടിയാണ്. സംസാരിക്കുമ്പോൾ വിക്കുള്ള നായകനൊപ്പം അണിനിരക്കുന്ന കഥാപാത്രങ്ങളിൽ കൈയ്ക്ക് സ്വാധീനക്കുറവുള്ളവനുണ്ട്, സംസാരശേഷി കുറവുള്ളവരുണ്ട്, അപസ്മാര അവസ്ഥയുള്ളവന്റെ, ‘പലരുടെ കൂടെ കിടന്നവളുടെ’  പ്രതികാരവുമുണ്ട്.

റീലിലും റിയലിലും എന്നും അരികുവത്കരിക്കപ്പെട്ടു കിടന്നിരുന്ന, രണ്ടാംകിടക്കാരായി കരുതപ്പെട്ടിരുന്ന ‘കറുത്ത' സാധാരണക്കാരായ മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്. അതുകൊണ്ടുതന്നെ കാലാകാലങ്ങളായി മനകളിലും, തറവാട്ടുകളിലും  കെട്ടിക്കിടന്നിരുന്ന മലയാളി നായകന്മാരുടെ  മണ്ണിലേയ്ക്കുള്ള ആ  ഒഴുക്കിലെ പ്രധാന കടവായി  അഞ്ചക്കള്ളകോക്കാന്‍ മാറുന്നു.

അഞ്ചക്കൊള്ളകോക്കാൻ പൊറാട്ട് എന്ന സിനിമയിൽ നിന്നും

കേരള- കർണാടക അതിർത്തിയിലെ കാളഹസ്തിയിൽ നടക്കുന്ന ഒരു കൊലപാതകം, അതിന്റെ തുടർചലനങ്ങൾ എന്നിങ്ങനെ തികച്ചും ലളിതമായ ത്രെഡ്, മികച്ച ഒരു സിനിമാനുഭവമാകുന്നത് അതിന്റെ ഗംഭീരമായ മെയ്ക്കിങ്ങും, കഥാപാത്രങ്ങളായി വരുന്നവരുടെ മികച്ച പെർഫോമൻസും കൊണ്ടാണ്.

'കലാരൂപം' എന്ന മലയാള പദം നല്ലൊരു കാലത്തോളം അടയാളപ്പെടുത്തിയിരുന്നത് സവർണ വേദികളിൽ മാത്രം കെട്ടിയാടിയിരുന്ന കലകളെയാണ്. സ്വാഭാവികമായും സിനിമകളിലും അവക്കു മാത്രമാണ് ഇടം ലഭിച്ചിരുന്നതും. എന്നാൽ ഇന്ന് വരേണ്യതയുടേതായ അത്തരം ഫിൽറ്ററുകളിൽ തട്ടി പുറത്തുപോയിരുന്ന, അവക്കിപ്പുറം അധിവസിച്ചിരുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരുടെ ഒച്ചയും ബഹളവും അലർച്ചകളുമുള്ള 'രണ്ടാംകിട' കലകൾക്ക് പണ്ടത്തെ അപേക്ഷിച്ച് അംഗീകാരം കുറച്ചു കൂടുതൽ ലഭിക്കുന്നുണ്ട്, സിനിമയിലായാലും  ജീവിതത്തിലായാലും. അത്തരം കലാരൂപങ്ങൾ പരിശീലിക്കുന്നവരുടെ എണ്ണം കൂടുന്നു, സമൂഹമാധ്യമങ്ങളിൽ അവ അടങ്ങിയ ദൃശ്യങ്ങൾ വേഗം തന്നെ വൈറലാകുന്നു, സിനിമകളുടെ കഥാ പശ്ചാത്തലം തന്നെ അത്തരം കലകളെ ചുറ്റിപ്പറ്റി ആകുന്നു..

പാലക്കാടൻ ഗ്രാമങ്ങളിൽ പരിശീലിച്ചുവരുന്ന പൊറാട്ട് എന്ന നാടൻ കലാരൂപം അഞ്ചക്കള്ളകോക്കാന്റെ ടൈറ്റിലിൽ മാത്രമല്ല കഥയുടെ ഒഴുക്കിലും നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ എന്നീ താലൂക്കുകളിൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ഈ കലാരൂപം സമൂഹത്തിൽ രണ്ടാം കിടക്കാരായി കരുതപ്പെട്ടിരുന്ന  കീഴാളരുടെ, പുറത്തെ ജനങ്ങളുടെ ആട്ടമാണ്.

ഇത്തരത്തിൽ പാവപ്പെട്ട, വിലപേശൽ ശേഷിയില്ലാത്ത മനുഷ്യരുടെ മേൽ കുതിര കയറുന്ന, എന്നാൽ പണമുള്ളവർക്കുമുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന അധികാരം എന്ന പൊറാട്ടിനുനേരെ തങ്ങളുടേതായ രീതിയിൽ ചെറുത്തുനിൽപ്പ് നടത്തുന്ന മനുഷ്യരാണ് സിനിമയിൽ.

മണികണ്ഠൻ അയ്യപ്പയുടെ സംഗീതം സിനിമയ്ക്ക് നൽകിയിരിക്കുന്ന മൈലേജ് മനസിലാക്കാൻ ഒന്നാം പകുതിയുടെ അവസാനമായുള്ള ആ ഷാപ്പ് ഫൈറ്റ് സീക്വൻസ് മാത്രം പരിഗണിച്ചാൽ മതി. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന്.

ഒരു കടലാസ് ചുരുൾ നിവർന്നുവരുന്നപോലെ കഥാപാത്രങ്ങളെ പ്രസന്റ് ചെയ്ത രീതിയും എടുത്ത് പറയേണ്ടതാണ്. പ്രത്യേകിച്ചും ഓരോ സിനിമയിലും കൂടുതൽ  മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ലുക്മാന്റെ വാസുദേവൻ എന്ന നായകൻ.

സ്വന്തം പേരുപോലും ശരിയായി ഉച്ഛരിക്കാൻ നാവിലെ കുടുക്ക് കാരണം കഴിയാത്ത, ചോര കണ്ടാൽ തല ചുറ്റുന്ന, കറുത്ത, മെലിഞ്ഞ ഒരു സാധാരണ നായകൻ. എന്നാൽ സിനിമ കൊട്ടിമുറുകുന്നതോടെ അയാളിലേയ്ക്ക് വന്നു ചേരുന്ന ഒരു ഹീറോ പരിവേഷമുണ്ട്. ടോറന്റൈനോ പടങ്ങളെ അനുസ്മരിപ്പിക്കുന്ന ക്ലൈമാക്സിൽ അയാളുടെ ഭൂതകാലം സമ്മാനിക്കുന്ന ആ  അമ്പരപ്പും പേറിയാണ് പ്രേക്ഷകർ തിയേറ്റർ വിട്ടു പുറത്തിറങ്ങുക.

മണികണ്ഠൻ ആചാരിയ്ക്ക്, ബാലൻചേട്ടനുശേഷം ഏറ്റവും കൂടുതൽ മൈലേജ് നൽകാൻ പോകുന്ന കഥാപാത്രമായിരിക്കും സിനിമയിലെ ശങ്കരാഭരണം.

കൊല്ലും കൊലയും ശീലമാക്കിയ മനുഷ്യരുടെ കഥ പറയുന്ന പടത്തിൽ  ഏറ്റവും കൂടുതൽ  കയ്യടി നേടുന്നത് ഗില്ലാപ്പികൾ എന്ന രണ്ട് സഹോദരങ്ങളാണ്.

കൊല്ലും കൊലയും ശീലമാക്കിയ മനുഷ്യരുടെ കഥ പറയുന്ന പടത്തിൽ  ഏറ്റവും കൂടുതൽ  കയ്യടി നേടുന്നത് ഗില്ലാപ്പികൾ എന്ന രണ്ട് സഹോദരങ്ങളാണ്. ഗാങ്സ്റ്റർ പടങ്ങളിലെ കൊമ്പനായി കരുതപ്പെടുന്ന 'സിറ്റി ഓഫ് ഗോഡി'നെ അനുസ്മരിപ്പിക്കുന്നതാണ് ഗില്ലാപ്പികളുടെ ആദ്യ പോർഷൻ തന്നെ.

‘അപ്പന്റെ മരണത്തിനു പകരം ചോദിക്കാൻ ഇനി അവന്മാർ ഇറങ്ങും’ എന്ന വൺ ലൈൻ ഇൻട്രോയ്ക്ക് പിന്നാലെ ക്യാമറ ഒരു ബൈക്കിന്റെ പിറകിലേയ്ക്ക് സൂം ചെയ്യുമ്പോൾ നാം സ്വാഭാവികമായും പ്രതീക്ഷിക്കുക ദൃഢമായ പേശികളും ഒത്ത പൊക്കവുമുള്ള രണ്ടു ശരീരങ്ങളാണ്. എന്നാൽ അത്തരം പതിവ് ധാരണകൾ പൊളിച്ച് ഉല്ലാസ് ചെമ്പൻ വച്ചു നീട്ടുന്നതോ നന്നേ മെലിഞ്ഞ, ആവറേജ് പൊക്കം മാത്രമുള്ള രണ്ട് മനുഷ്യരേയും. അവരിൽ ഒരാൾക്കാകട്ടെ സംസാരശേഷി തന്നെയില്ല. എന്നാൽ മനക്കരുത്തിന്റെ ബലത്തിൽ സ്ക്രീനിലും പുറത്തും ഒട്ടേറെ ആരാധകരെ നേടുന്നുണ്ട് ഗില്ലാപ്പികൾ.

ഒരു കാലത്ത് നായകന്റെ ഇടി കൊള്ളാനും, ചേറ്റുകുഴിയിൽ വീണു പുളയ്ക്കാനും, ബോഡി ഷെയ്മിങ് തമാശകൾക്ക് പാത്രമാകാനും മാത്രം വിധിക്കപ്പെട്ടിരുന്ന ഒരു പറ്റം മനുഷ്യർക്ക് സമാനമായ ശാരീരിക പ്രത്യേകതകൾ ഉള്ളവർ തന്നെ ഇന്ന്  നിറഞ്ഞ കയ്യടികളോടെ  സ്വീകരിക്കപ്പെടുന്നത് മനസ്സ് നിറക്കുന്ന കാഴ്ചയാണ്.

വളരെ വേഗത്തിലുള്ള കഥ പറച്ചിലാണ് സിനിമയുടേത്. ആദ്യം മുതൽ അവസാനം വരെയുള്ള ആ ചടുലത നിലനിർത്താൻ കൃത്യമായ എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും ഏറെ സഹായിച്ചിട്ടുമുണ്ട്. സിനിമയിൽ കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്ന പേരുകളും എടുത്ത് പറയേണ്ടതാണ്. കൊള്ളിയാൻ, ചാപ്ര, ഗില്ലാപ്പി, നടവരമ്പൻ തുടങ്ങിയ പേരുകളും സിനിമ പോലെ തന്നെ ഒരു ഫ്രഷ് വൈബ് തരുന്നുണ്ട്. ഏതൊരു സിനിമയേയും മുന്നോട്ടുനയിക്കുന്ന പ്രധാന അഭിനേതാക്കളെപ്പറ്റിയുള്ള പരമ്പരാഗത സങ്കൽപ്പങ്ങൾ ഉടച്ചുവാർത്തുകൊണ്ടുള്ള ഒരു ഗംഭീര അറ്റംപ്റ്റ് ആണ് അഞ്ചക്കള്ളകോക്കാന്‍ പൊറാട്ട്.

മണികണ്ഠൻ ആചാരിയ്ക്ക്, ബാലൻചേട്ടനുശേഷം ഏറ്റവും കൂടുതൽ മൈലേജ് നൽകാൻ പോകുന്ന കഥാപാത്രമായിരിക്കും സിനിമയിലെ ശങ്കരാഭരണം.

കറുപ്പിനെ രണ്ടാം കിടയായി കാണുന്ന, വംശീയമായി അതിനെ അപഹസിക്കുന്ന ആളുകൾക്കിടയിൽ,  കറുമ്പൻമാർക്ക് മാസ് പരിവേഷം നൽകുന്ന, അവരെ സെലിബ്രേറ്റ് ചെയ്യാൻ പ്രേക്ഷകർക്ക്  അവസരം ഒരുക്കുന്ന ഇത്തരം പരീക്ഷണങ്ങൾ വിജയിക്കപ്പെടേണ്ടതുണ്ട്. ജനിച്ച പ്രദേശങ്ങളുടെയും, തൊലിയുടെ നിറത്തിന്റെയും പേരിൽ  കാലകാലങ്ങളായി ഒരു പറ്റം മനുഷ്യരോട് നാം കാട്ടിവരുന്ന അനീതികൾ ആവർത്തിക്കാതിരിക്കാൻ വരും തലമുറയ്ക്ക് അത് സഹായകമാവും.

Comments