ANTHEM FOR KASHMIR: മൗനത്തിന്റെ ഗാനം

10 മിനിറ്റ് ദൈർഘ്യമുള്ള ANTHEM FOR KASHMIR എന്ന ഹ്രസ്വചിത്രം തടവിലാക്കപ്പെട്ട നാടിനു വേണ്ടിയുള്ള പ്രാർത്ഥനയല്ല, കാലം ആ ജനതയുടെ നിയതിയുമായി നടത്തിയ കരാറിന്, കലയിലൂടെ മേലൊപ്പ് ചാർത്തികൊടുക്കുന്ന ഉത്തരവാദിത്തമാണിത്. അതുകൊണ്ടുതന്നെയാണ് ഇതൊരു രാഷ്ട്രീയ പ്രവർത്തനം കൂടിയാവുന്നത്.

നിശ്ശബ്ദനാക്കുക എന്നതിനേക്കാൾ വലിയ കുറ്റം തന്നെയാണ് നിശ്ശബ്ദനാകുക എന്നത്.

Long years ago we made a tryst with destiny, and now the time comes when we shall redeem our pledge, not wholly or in full measure but very substantially.

ലോകം ഉറങ്ങിക്കിടന്ന ആ അർദ്ധരാത്രിയിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തെ അഭിസംബോധന ചെയ്ത പണ്ഡിറ്റ്ജിയുടെ ആദ്യവാചകം ഇതായിരുന്നു.

വർഷങ്ങൾക്കുമുമ്പേ നിയതിയുമായി ഉണ്ടാക്കിയ കരാറിന്റെ അപൂർണ സാക്ഷാത്കാരമെന്ന് അദ്ദേഹം തന്നെ സമ്മതിച്ച അതേ സ്വാതന്ത്ര്യം, മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ, സമ്പൂർണ്ണമായും കുത്തിയൊലിച്ചും കത്തിതീർന്നും പോയൊരു ജനത ഇന്ത്യയിൽ ഉണ്ടെങ്കിൽ, ആ നാടിന്റെ പേരാണ് കാശ്മീർ. കാശ്മീർ ഒരു അടക്കിപ്പിടിച്ച നിലവിളിയാണ് - ഒരു ജനതയുടെ ‘നില മറന്നുള്ള വിളി’ അഥവാ നിലനിൽപ്പിനായുള്ള മുറവിളി. ജീവിച്ചു തീരുന്നത് എങ്ങനെ എന്നറിയാതെ അലയുന്ന മനുഷ്യന്റെ നിലവിളി. ഏത് നിമിഷം എന്ത് സംഭവിക്കും എന്ന് ആകുലപ്പെടുന്ന മനുഷ്യരുടെ സഞ്ചാരം.

കാശ്മീർ ബഹുഭൂരിപക്ഷം ഭാരതീയർക്കും ഒരു സഹോദരദേശമോ അനുഭവദേശമോ അല്ല. ചെറുതും വലുതുമായ തലക്കെട്ടുകളിലൂടെ വലിയ വിഭാഗം ‘സ്വസ്ഥജീവി’കളുടെയും തലയിലുറഞ്ഞുപോയ വെടിയൊച്ച ഉറങ്ങാത്ത ഒരു മാധ്യമദേശം മാത്രമാണത്. ടൂറിസ്റ്റ് ഭൂപടത്തിൽ കാണാതെ കാണുന്ന ഒരിടം. കണ്ടവർ വീണ്ടും കാണണമെന്ന് പറയുമെങ്കിലും ഒരു ഭീതി അവരുടെ തലയ്ക്കുള്ളിൽ വണ്ടുമൂളലായി മാറ്റുന്നു. ഭയത്തിന്റെ ഞരമ്പുകൾ വലിച്ചുമുറുക്കി കണ്ണുകളിൽ കാഴ്ച കാണാതെ അലയുന്ന ഒരിടം. ഇത്രയും സുന്ദരമായ പ്രദേശം പലപ്പോഴും അപ്രതീക്ഷിതമായി അസ്വസ്ഥമാക്കുന്ന വാർത്തകളുടെ ഉറവിടം ആവുന്നതും നമ്മൾ കാണുന്നുണ്ട്.

മൗനത്തിന്റെ അപാരസൗകര്യം നുണഞ്ഞ് നുണഞ്ഞ്, സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യം കാശ്മീരിന് എന്തിന് എന്ന ചോദ്യം തുപ്പലിൽ അലിയിച്ച് വിഴുങ്ങിയവരാണ് നമ്മൾ. ആ നാടിന്റെ ആത്മാവിൽ മുഷ്ടി കയറ്റി കാശ്മീരിന്റെ ശരീരത്തെ അകംപുറമാക്കി വലിച്ചിട്ടപ്പോഴും, ആൾക്കൂട്ട യുക്തിയിൽ പരിഹാരം വായിച്ചെടുത്ത ഭീരുക്കളാണ് നാം. കെട്ടകാലത്ത് പാടേണ്ടി വന്നാൽ കെട്ടകാലത്തെ കുറിച്ചുള്ള ഗീതം പാടാൻ അല്ല, മറിച്ച് കെട്ടവരെ കുറിച്ചുള്ള സ്തുതി ഗീതങ്ങളുടെ കെട്ടഴിച്ചുവിടാൻ ഊറ്റം കൊള്ളുന്നവരാണ് നമ്മൾ. അവിടെയാണ് ANTHEM FOR KASHMIR എന്ന ഹ്രസ്വചിത്രം മൂർച്ചയുള്ള ഒരു ആയുധമായി മാറിയത്. അതുകൊണ്ടാവാം കോട്ടക്കൊത്തളങ്ങൾക്കുള്ളിലെ ഭീരുത്വം അതിനെതിരെ, ആവിഷ്കാരത്തിനുമേലുള്ള ഒളിയസ്ത്രം പോലെ പാഞ്ഞുവന്ന് പതിച്ചതും. പ്രതികരണത്തിന്റെ വാക്കുകൾ ANTHEM FOR KASHMIRൽ സംഗീതമായി മാറുന്നു. ആശ്രയമറ്റ മനുഷ്യർക്ക് സഹായമാകുവാൻ, അവരോട് ഐക്യപെടുവാൻ ഒരു ശ്രമം.

കാശ്മീർ എന്ന പേര് പോലും അലോസരം ഉണ്ടാക്കുന്നവർക്ക് മുന്നിലാണ് ANTHEM FOR KASHMIR എന്ന സ്വാതന്ത്ര്യത്തിന്റെ ഈ രാഷ്ട്രീയ ഗീതം സധൈര്യം സമർപ്പിച്ചത്. ഭീരുത്വം ഏതെന്ന് നിർവചിക്കേണ്ട കാലമാണിത്. കാലങ്ങൾകൊണ്ട് ഭീരുക്കൾ അവരുടെ അടുക്കളകളിൽ വേവിച്ചെടുത്ത ഭയമാണ് ഇന്നവർ കാശ്മീരിൽ ഭക്ഷണമായി വിളമ്പുന്നത്.

കടും വർണ്ണങ്ങളിൽ ചിനാർ മരയിലകൾ കാറ്റിൽ ഒഴുകി നടന്നപ്പോഴും ദാൽ തടാകത്തിലെ കണ്ണാടി വെള്ളത്തിൽ മഞ്ഞുമലകൾ മുഖം നോക്കുമ്പോഴും ആരൊക്കെയോ നമ്മോട് പറഞ്ഞു, കാശ്മീരിന് രോഗ ലക്ഷണം ഉണ്ടെന്ന്. പിന്നെ അവർ പറഞ്ഞു, അതിന് രോഗമുണ്ടെന്ന്. ആ രോഗം പകരുമെന്ന് ആവർത്തിച്ച് അവർ നമ്മെ ഭയപ്പെടുത്തി. ഇടയ്ക്ക് എപ്പോഴോ കാശ്മീർ, രോഗി തന്നെയെന്ന് ചാപ്പ കുത്തി.

രോഗത്തെയല്ല രോഗിയെ പറിച്ചു മാറ്റാൻ വേണ്ടി മാത്രം, കാശ്മീർ ഒരു രോഗവും, രോഗിയും, രോഗാണുവും ആണെന്ന്, നമ്മളോട് ഇന്നും പറയുന്നു. കൊന്നും കുത്തിവച്ചും തുടച്ചു നീകേണ്ട മഹാവ്യാധിയാണിത് എന്ന് പ്രഖ്യാപിക്കുന്നു. ഇപ്പോൾ, കാശ്മീരിന്റെ മണ്ണിൽ ആരൊക്കെയോ വിജയിച്ചിരിക്കുന്നു. വിത്തെറിഞ്ഞ് വിളവെടുത്തിരിക്കുന്നു. ഒന്നുറപ്പ്, അതിൽ ഒരാൾ പോലും കാശ്മീരി ആവില്ല!

ഈ ലോകത്തൊരു സ്വർഗ്ഗം ഉണ്ടെങ്കിൽ അതിന്റെ പേര് കാശ്മീർ എന്നാണെങ്കിൽ, സ്വർഗ്ഗം എന്ന വാക്കിന്റെ പര്യായം തടവറ എന്നാണ്, സംശയമില്ല. കാശ്മീരികൾക്കൊപ്പം നിൽക്കുന്നത് പോകട്ടെ, ആ ദേശത്തെക്കുറിച്ച് ചിന്തിച്ചാൽ പോലും അവർക്കുവേണ്ടി തടവറകൾ കാത്തുകിടക്കുന്ന നാട്ടിൽ, പാട്ടും പറച്ചിലും തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം.

കലയെ പ്രതിരോധത്തിനുള്ള ഉപാധിയാക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ANTHEM FOR KASHMIR വെറുമൊരു ഗാനം മാത്രമല്ലെന്നും തുറന്നു പറയാനുള്ള മനസ്സുകളുടെ ധൈര്യം കൂടിയാണെന്നും ഉള്ളിൽ വഹിക്കുന്നു. നിലക്കാത്ത വെടിയുണ്ടയുടെ ഒച്ചയിൽ ചിതറി വിരിയുന്ന കലാപവും, കലാസൃഷ്ടി നെയ്തെടുക്കുന്ന പ്രതിരോധത്തിന്റെ ഏറ്റു പറച്ചിലും, തമ്മിലുള്ള അന്തരത്തിനു പറയുന്ന പേരാണ്, സ്വാതന്ത്ര്യം എന്നത്.

പറയാനുള്ളത് പറഞ്ഞും, കാണിക്കാനുള്ളത് കാട്ടിയും, പാടാനുള്ളത് പാടിയും, ഒരുക്കിയതാണ് ANTHEM FOR KASHMIR. 10 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം തടവിലാക്കപ്പെട്ട നാടിനു വേണ്ടിയുള്ള പ്രാർത്ഥനയല്ല, കാലം ആ ജനതയുടെ നിയതിയുമായി നടത്തിയ കരാറിന്, കലയിലൂടെ മേലൊപ്പ് ചാർത്തികൊടുക്കുന്ന ഉത്തരവാദിത്തമാണിത്. അതുകൊണ്ടുതന്നെയാണ് ഇതൊരു രാഷ്ട്രീയ പ്രവർത്തനം കൂടിയാവുന്നത്. മിണ്ടാട്ടമില്ലാതാക്കപ്പെടുന്നിടത്തും മിണ്ടാതിരിക്കാനാവാത്തിടത്തും, ഉച്ചത്തിൽ മിണ്ടുക എന്നതിന് രാഷ്ട്രീയമെന്ന പേരുകൂടിയുണ്ടെന്ന തിരിച്ചറിവിന്റെ പ്രകടന പത്രികയാണിത്. കാരണം, കലയിലൂടെ എല്ലാത്തരം തിരശ്ശീല ഉയർത്തലും കാശ്മീർ അർഹിക്കുന്നു.

കാശ്മീരിൽ മാത്രം അനുഭവിക്കുന്ന ഒരു പദമുണ്ട് - half widows. വിധവകൾ എന്ന് പൂർണ്ണ അർത്ഥത്തിൽ പറയാൻ കഴിയാത്തവർ. ഭർത്താക്കന്മാർ കാണാതായവർ, തിരിച്ചുവരാത്തവർ, കണ്ടെത്താൻ ആവാത്തവർ, അപ്രത്യക്ഷരായവർ. കണ്ണുകളിൽ ആശങ്കയുടെ കനലുമായി കഴിയുന്ന ആളുകൾ നിറഞ്ഞ കാശ്മീരിന്റെ ആകുലമായ അന്തരീക്ഷം നെഞ്ചിൽ ചേർത്തിരുന്നു ഒരിക്കൽ. പിന്നീട് കാശ്മീർ തന്നെ വിലാപം ആയി മാറി. നാല് മക്കളുള്ള ഇരുപത്തിയേഴുകാരിയുടെ മുന്നിൽ നിന്നും തന്റെ ഭർത്താവിനെ കയ്യിൽ കെട്ടി വലിച്ചുകൊണ്ട് പോകുമ്പോൾ അയാൾ പറയുന്നുണ്ടായിരുന്നു, എനിക്കൊന്നും സംഭവിക്കില്ല, നീ ഭയപ്പെടെണ്ടതില്ല എന്ന്. ആ മനുഷ്യൻ ഇന്നും മടങ്ങി വന്നിട്ടില്ല. അതീക ബേഗം എന്ന ആ സ്ത്രീക്ക്​ ഇന്ന് പ്രായം 59.

അനുഭവത്തിന്റെ നേർസാക്ഷ്യങ്ങൾ നിരവധിയുണ്ട്. ഏറെ വിചിത്രമായ ഒരു ലോകവും നിയമവുമാണ് കാശ്മീരിന്റെത്. നിയമപരമായി വിവാഹം ചെയ്ത ഭർത്താവ് മിസ്സിംഗ് ആയി ഏഴു വർഷം കഴിഞ്ഞാൽ ആ സ്ത്രീക്ക് പുനർവിവാഹം കഴിക്കാം. എന്നാൽ കാശ്മീരിന്റെ നിയമം ഹാഫ് വിഡോകൾക്കും ഹാഫ് ഓർഫൻകൾക്കും ചില വിലക്കുകളും ചട്ടങ്ങളും വെയ്ക്കുന്നു. തകർന്ന സ്വപ്നങ്ങളുമായി ജീവിതകാലം മുഴുവനും ചില അവശേഷിപ്പുകൾ നിലനിർത്തുന്നു. സ്ത്രീകളും കുട്ടികളും ശബ്ദമില്ലാതെ അല്ലെങ്കിൽ ശബ്ദത്തിനിപ്പുറം ജീവിക്കേണ്ടിവരുന്നു. രോഗവും ആധിയും അവരെ അടിമകളാക്കുന്നു.

സന്ദീപ് രവീന്ദ്രനാഥ്

സന്ദീപ് രവീന്ദ്രനാഥും സംഘവും ചെയ്ത ANTHEM FOR KASHMIR എന്ന ചിത്രത്തിൽ താൻ റിബൽ ആണെന്ന് വെളിപ്പെടുന്നതോടൊപ്പം, കൈമാറുന്ന ഡോക്യുമെന്റ്സ് എത്തിച്ചേരുന്നതൊരു ഡബിൾ ഏജന്റിന്റെ കയ്യിൽ ആണെന്ന് മനസ്സിലാകുന്നതോടെ, രക്ഷപ്പെടുക അല്ലാതെ മറ്റു മാർഗ്ഗമില്ലാത്ത കഥയിലെ നായകൻ, എത്തിപ്പെടുന്നത് ഒരു ഹാഫ് വിഡോയുടെ വീട്ടിലാണ്. ആ സ്ത്രീ അയാളെ സംരക്ഷിക്കുകയും രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. ഭർത്താവ് തിരിച്ചുവരുമെന്ന് കരുതി കാത്തിരിക്കുന്ന ആ അമ്മയ്ക്കും മകൾക്കും അജ്ഞാതനെ സഹായിച്ച കാരണത്താൽ എൻകൗണ്ടർ കില്ലിങ്ങിൽ ജീവൻ നഷ്ടപ്പെടുന്നു. നിസ്സഹായതയും നിസ്വാർത്ഥമായ സേവനവും, തനിക്കും മകൾക്കും പ്രതീക്ഷയുടെ അവസാന വെളിച്ചവും അണച്ചുകളയുന്നുവെന്ന സങ്കടം ബാക്കിയാവുന്നു. അനുഭവത്തിന്റെ തീക്കാറ്റ് വീശുന്നത് തണുത്ത താഴ്വരകളിലാണ്. കരഞ്ഞു തീരാൻ കണ്ണീരിലാത്ത കണ്ണുകളിലാണ്.

ശരീരവും ആത്മാവും ബന്ധിക്കപ്പെട്ടവരാണ് കാശ്മീരികൾ. അവരുടെ ശരീരം മുഴുവൻ അദൃശ്യമായ ചെക്ക് പോസ്റ്റുകളാണ്. സ്വന്തം ദേഹത്തിന് പുറത്തുള്ളതെന്തും അന്യദേശമാക്കപ്പെട്ടവർ. സ്വന്തം തൊലിപ്പുറത്തിന്റെ അതിരിനപ്പുറം കടക്കണമെങ്കിൽ, തോക്കേന്തിയ ഭരണകൂടത്തിന്റെ ദാക്ഷിണ്യം ആവശ്യമുള്ള ഒരു ജനതയ്ക്കുവേണ്ടി മാറ്റിവെക്കാൻ ഇല്ലെങ്കിൽ, പിന്നെ ഏതു കാലത്തേക്കാണ് നിങ്ങൾ കലയെ കരുതി വെക്കുന്നത്, എന്ന ആലോചനയിൽ തുടങ്ങുകയും അതിൽ തന്നെ അവസാനിക്കുകയും ചെയ്ത ഉത്തമ ബോധ്യത്തിന്റെ തലക്കെട്ടാണ് സന്ദീപിന്റെ ANTHEM FOR KASHMIR.

Comments