ടൊവിനോയുടെ അന്വേഷണം, കണ്ടെത്തിയോ എന്തെങ്കിലും?

ഡാർവിൻ കുര്യാക്കോസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. പൊലീസിലെ അധികാരശ്രേണി, പ്രഷർ ഗ്രൂപ്പുകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾ, സഭാ തർക്കം, കാസ്റ്റ്, ക്ലാസ്, ജാതിക്കൊലപാതകം തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് സിനിമ സംസാരിക്കുന്നുണ്ടെങ്കിലും അവ ഒരു സിനിമാറ്റിക് അനുഭവമായി വേണ്ടത്ര മാറുന്നില്ല.

ലയാളത്തിലേക്ക് വീണ്ടും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. 2023- ന്റെ അവസാന ലാപ്പിൽ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡും 2024- ന്റെ തുടക്കത്തിൽ ജയറാമിനെ നായകനാക്കി മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എബ്രഹാം ഓസ്ലറുമൊക്കെ പറഞ്ഞത് പൊലീസ് വകുപ്പിന്റെയും പൊലീസുകാരുടെയും കഥ തന്നെയായിരുന്നു. ഈ രണ്ട് ചിത്രങ്ങളും തിയേറ്റർ ഹിറ്റുകളായിരുന്നുവെങ്കിലും സമ്മിശ്ര അഭിപ്രായങ്ങളാണ് നേടിയത്. അതേ ക്രീസിലേക്കാണ് ഡാർവിൻ കുര്യാക്കോസ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന പുതിയ ചിത്രവുമായി എത്തിയത്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ അന്വേഷണവും കണ്ടെത്തലുമൊക്കയായാണ് ചിത്രം മുന്നോട്ട് പോകുന്നത്. അതിനോടൊപ്പം, പൊലീസ് സംവിധാനത്തിലെ അധികാരശ്രേണി, പ്രഷർ ഗ്രൂപ്പുകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾ, സഭാ തർക്കം, കാസ്റ്റ്, ക്ലാസ്, ജാതിക്കൊലപാതകം തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട്. ഇത്തരം രാഷ്ട്രീയ വിഷയങ്ങളെ സ്പർശിക്കുന്നുണ്ടെങ്കിലും കാര്യമാത്ര പ്രാധാന്യം അത്തരം വിഷയങ്ങൾക്ക് നൽകുന്നുണ്ടോ എന്നത് കൂടുതൽ ചിന്തിക്കേണ്ട കാര്യമാണ്.

Tovino Thomas in Anweshippin Kandethum

കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി നടക്കുന്ന കഥയിൽ രണ്ട് കേസന്വേഷണങ്ങളാണ് ടൊവിനോ തോമസ് ലീഡ് ചെയ്യുന്ന ഇൻവസ്റ്റിഗേഷൻ ടീമിനുമുന്നിൽ എത്തിച്ചേരുന്നത്. ആ സ്ഥലങ്ങളെയും അതിന്റെ സ്വഭാവത്തെയുമൊക്കെ ഒരുവിധം നന്നായി സിനിമ അവതരിപ്പിക്കുന്നുണ്ട്. പൊതുവെ മലയാള സിനിമയിൽ കോട്ടയം ജില്ലയെ കേവലം പാലയും കാഞ്ഞിരപ്പള്ളിയും മാത്രമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ‘എന്നടാ ഉവ്വേ’ പോലെയുള്ള, കോട്ടയത്തിന്റെ ഒരു പ്രദേശത്തും ഉപയോഗിക്കാത്ത, എന്നാൽ കോട്ടയത്തിന്റെ പ്രാദേശികത എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട എക്‌സാജറേറ്റഡ് പ്രയോഗങ്ങളെ പുറത്തുനിർത്തിയാണ് ജിനു എബ്രഹാം തിരക്കഥ ഒരുക്കിയത്. മുമ്പ് പറഞ്ഞതുപോലെ പാലയും കാഞ്ഞിരപ്പള്ളിയുമല്ലാത്ത ഒരു കോട്ടയത്തെ കൂടി സിനിമ അവതരിപ്പിക്കുന്നുണ്ട്.

ജിനു എബ്രഹാമിന്റെ തിരക്കഥ തരക്കേടില്ല എന്നു പറയാം. അന്വേഷണം, ഉദ്യേഗസ്ഥർ കടന്നുപോകുന്ന മാനസിക സമ്മർദ്ദം തുടങ്ങിയ പല കാര്യങ്ങളെയും പ്രേക്ഷകനുമായി അടുപ്പിക്കുന്നതിൽതിരക്കഥക്ക് പൂർണമായി കഴിയുന്നില്ല. ഇമോഷണൽ കണക്ഷനാണ് ഇത്തരം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുടെ വിജയരഹസ്യം. ആ കണക്ഷൻ നായകനോടോ വില്ലനോടോ ഉള്ളതാകാം. എന്നാൽ ആ കണക്ഷൻ സൃഷ്ടിക്കാൻതിരക്കഥക്ക് സാധിച്ചില്ലെങ്കിൽ ഒരിക്കലും കഥ എൻഗേജിങ്ങായിരിക്കില്ല. അവസാനത്തെ ചെറിയൊരു ട്വിസ്റ്റ് മാത്രമാണ് ത്രില്ലിങ് മൊമന്റായി അനുഭവപ്പെട്ടത്.

സഭാ തർക്കം, ദുരഭിമാനക്കൊല പോലെയുള്ള വിഷയങ്ങളെ ചിത്രം അവതരിപ്പിക്കുമ്പോഴും, അത്തരം ഗൗരവമായ വിഷയങ്ങളെ ഉൾക്കൊള്ളാൻ പാകത്തിൽ സിനിമ വളരുന്നില്ല. കണ്ണൂർ സ്‌ക്വാഡിലേയോ, ഓസ്ലറിലെയോ പോലെ പേരു കേട്ട അന്വേഷണസംഘമൊന്നുമല്ല ഇവിടുത്തേത്. മറിച്ച് ആനന്ദ് നാരാണൻ എന്ന സർവീസിൽപുതുതായി ജോയിൻ ചെയ്ത ഒരു സാധാരണ സബ് ഇൻസ്‌പെക്ടർ നയിക്കുന്ന ടീമാണത്. അുകൊണ്ടുതന്നെ മേലുദ്യോഗസ്ഥരോട് നോ പറയാനോ, അവരോട് കർത്തവ്യത്തിന്റെ മഹത്വത്തെ കുറിച്ച് പ്രസംഗം നടത്താനോ പാകത്തിൽ അവർ വലുതുമല്ല. ഇങ്ങനെയൊക്കെയായതുകൊണ്ടുതന്നെ സിനിമയുടെ ഒരു ഘട്ടത്തിലും നായകനോ അയാളുടെ ടീമിനോ കയ്യടികൾ നേടികൊടുക്കുന്ന ഒരു മാസ് രംഗവും സിനിമയൊരുക്കുന്നില്ല. വളരെ റിയലിസ്റ്റിക്കായിട്ടാണ് സിനിമയുടെ അവതരണം.

അതുകൊണ്ടുതന്നെ സിനിമ നായകന്റെ വിജയത്തെ കേന്ദ്രീകരിക്കുന്നില്ല. കപ്പിനും ചുണ്ടിനുമിടയിൽ എന്ന പ്രയോഗം ഇവിടെ അർഥവത്താണ്. കേസന്വേഷണത്തിന്റെ അവസാനത്തിൽ ഒന്നുമില്ലായ്മയിലേക്ക് നായകനും കൂട്ടരും രണ്ട് കേസുകളിലും വീണുപോകുന്നുണ്ട്. ആ രീതി ഇത്തരം ഇൻവെസ്റ്റിഗേഷൻ സിനിമകളുടെ ടെപ്ലേറ്റുകളെ പൊളിക്കുന്നതായി തോന്നി. ഇനി കേസന്വേഷണത്തിലേക്ക് വന്നാൽ, ചിലയിടത്തൊക്കെ ലോജിക്കില്ലായ്മ അനുഭവപ്പെടുന്നുമുണ്ട്.
ബി. ഉമാദത്തന്റെ ഒരു പൊലീസ് സർജന്റെ ഓർമക്കുറിപ്പുകൾ എന്ന പുസ്‌കം റഫറൻസായി സ്വീകരിച്ചിട്ടുണ്ടെന്ന് സിനിമ കാണുമ്പോൾ മനസിലാകും. കേസന്വേഷണത്തിന്റെ ത്രില്ലിങ് മൊമന്റുകളോ, അന്വേഷണ ഘട്ടത്തിൽ കണ്ടെത്തുന്ന അപ്രതീക്ഷിത ലീഡുകളോ ഒന്നും സിനിമാറ്റിക്കായി അവതരിപ്പിക്കാതെ, മറ്റ് കഥാപാത്രങ്ങളെകൊണ്ട് വിവരിക്കുന്ന രീതിയാണ് സിനിമ സ്വീകരിച്ചിട്ടുള്ളത്. ക്ലൈമാക്‌സ് പോർഷനുകളിൽ ഈ രീതി കല്ലുകടിയായി മാറുന്നുമുണ്ട്.

ത്രില്ലർ സിനിമകളുടെ മൂഡ് നിലനിർത്തുന്നതിൽ പശ്ചാത്തല സംഗീതത്തിന് വലിയ പ്രാധാന്യമുണ്ട്. പലപ്പോഴും സിനിമയെ ഒരുപടി ഉയർത്താൻ സംഗീതത്തിന് കഴിയുകയും ചെയ്യും. എന്നാലിവിടെ സിനിമയുടെ ഉയർച്ച താഴ്ച്ചകളിൽ സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം പലപ്പോഴും ഒപ്പമെത്തുന്നില്ല. ഗിരീഷ് ഗംഗാധരന്റെ ഛായഗ്രഹണം മോശമല്ലെന്നുതന്നെ പറയാം.

ഇനി പ്രകടനങ്ങളിലേക്ക് വന്നാൽ, സിനിമയിൽ യുവവൈദികനായെത്തുന്ന പയ്യൻ ഗംഭീരമായി തോന്നി. ആ കഥാപാത്രത്തെ മാറ്റിനിർത്തിയാൽ അത്ര മികച്ച എടുത്തുപറയത്തക്ക അഭിനയ മുഹൂർത്തങ്ങളൊന്നും സിനിമയിലുണ്ടാകുന്നില്ല. ആനന്ദ് നാരായണനെന്ന സബ് ഇൻസ്‌പെക്ടറെ ലിഫ്റ്റ് ചെയ്യാൻ ടൊവിനോ തോമസ് നന്നായി പണിപ്പെടുന്നുണ്ടായിരുന്നു.

കൊലപാതകത്തിലേക്ക് നയിച്ച കാരണവും ആ കേസിലെ പ്രതിയായ പെൺകുട്ടിയും അവളുടെ ബാംഗ്ലൂർ കഥയുമൊക്കെ, മുൻവിധികളോടെയുള്ള സമീപനമായി തോന്നി. ബാംഗ്ലൂർ പോകുന്ന പെൺകുട്ടികൾ മോശക്കാരാണെന്ന ധാരണയെ ഊട്ടിയുറപ്പിക്കാനുള്ള ശ്രമമായിട്ടാണ് അത് അനുഭവപ്പെട്ടത്. കോമഡിക്കായി അവതരിപ്പിക്കപ്പെടുന്ന കഥാപാത്രവും അയാളുടെ നിറവും ക്ലാസുമൊക്കെ സിനിമയിലെ ചില പൊളിറ്റിക്കൽ പാളിച്ചകളാണ്. ഇൻവസ്റ്റിഗേഷൻ ത്രില്ലറുകളിൽ പുതുതായി ഒന്നും അനുഭവിപ്പിക്കാത്ത സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും.

Comments