അരപ്പട്ട കെട്ടിയ പത്മരാജൻ രാജ്യവും മനുഷ്യരും

ന്ധർവൻ എന്ന കാൽപ്പനിക വിശേഷണം നൽകിയിട്ടുണ്ട് പി.പത്മരാജന് മലയാളി സിനിമാ - സാഹിത്യാസ്വാദകർ. എഴുത്തിലും സിനിമയിലും ആരാധകർ ഏറെയുണ്ട് അദ്ദേഹത്തിന്. പെരുവഴിയമ്പലം, ഒരിടത്തൊരു ഫയൽവാൻ, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, തകര, രതിനിർവ്വേദം, കള്ളൻ പവിത്രൻ, ലോറി, തൂവാനത്തുമ്പികൾ, മൂന്നാം പക്കം, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങി പത്മരാജൻ സംവിധാനം ചെയ്തതും തിരക്കഥ രചിച്ചതുമായ സിനിമകൾ മലയാളസിനിമയിൽ പല തരത്തിൽ ദേശ-കാലങ്ങളുടെ ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ആയി മാറിയിട്ടുണ്ട്. ഇതിൽ അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ എന്ന ചലച്ചിത്രം സംവിധായകന് തന്റെ സൃഷ്ടികളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു. 1986 ൽ ആണ് പത്മരാജൻ രചനയും സംവിധാനവും നിർവഹിച്ച അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമ റിലീസ് ആയത്. അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമ എങ്ങനെ ഇന്നും പുതുമയും പ്രസക്തിയും നിലനിർത്തുന്ന ഒരു സിനിമയായിത്തീരുന്നു എന്ന അന്വേഷണം സംഗതമാണെന്നു തോന്നുന്നു. എക്കാലത്തും ന്യൂജെൻ ആയി തുടരാനുള്ള സർഗാത്മകശേഷി ആവാഹിക്കപ്പെട്ട ചിത്രമായിരുന്നു അത് എന്ന് ഇന്നു തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നു.

ആത്മാന്വേഷണങ്ങളുടെയും അസ്തിത്വപ്രതിസന്ധികളുടെയും പാളിപ്പോയ വിപ്ലവശ്രമങ്ങളുടെയും പ്രമേയങ്ങളെ ദാർശനികമായി സമീപിക്കുന്ന ചലച്ചിത്രാവിഷ്‌കാരങ്ങൾ എഴുപതുകളുടെ രണ്ടാം പാദത്തിൽ നാം കണ്ടിട്ടുണ്ട്. അതിനുശേഷം 1980-കളിലും 90-കളിലുമായി വൈയക്തികമായും മനഃശാസ്ത്രപരമായും മനുഷ്യാവസ്ഥകളെ അഭിസംബോധന ചെയ്യുന്ന സിനിമകളും വന്നു. മനുഷ്യാവസ്ഥകളെ സൂക്ഷ്മമായി അടയാളപ്പെടുത്താനുതകുന്ന പ്രമേയപരിസരങ്ങളും അവ ആവഷ്‌കരിക്കാനുതകുന്ന ചിത്രണസങ്കേതങ്ങളും പിറവികൊണ്ടു. മലയാളിസമൂഹവും അതിന്റെ അധികാരഘടനയും സദാചാരസങ്കൽപ്പങ്ങളും രാഷ്ട്രീയാവസ്ഥയെ നിർണ്ണയിക്കുന്നതെങ്ങനെ എന്ന് സർഗാത്മകമായി ചലച്ചിത്രപ്പെട്ടു. അതിന് അപൂർവ്വം ചില സിനിമാതുടർച്ചകൾ സംഭവിക്കുകയുണ്ടായി. അവയിൽ ഭാവുകത്വപരമായും ആശയപരമായും സൗന്ദര്യശാസ്ത്രപരമായും എടുത്തുപറയേണ്ട ചില സൃഷ്ടികൾ എൺപതുകളുടെ മധ്യത്തിൽ സംഭവിച്ചു. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന പത്മരാജൻ ചിത്രം. ഇതേ പേരിലുള്ള തന്റെ തന്നെ ചെറുകഥയെ വികസിതമാക്കി അഭ്രപാളികളിലെത്തിക്കുകയായിരുന്നു അദ്ദേഹം. 1974 ൽ ഭരതന്റെ കഥയ്ക്ക് (പ്രയാണം) തിരക്കഥ രചിച്ചുകൊണ്ട് തന്റെ സിനിമജീവിതം ആരംഭിച്ച പത്മരാജൻ സ്ത്രീ കേന്ദ്രകഥാപാത്രമായി വരുന്ന നിരവധി കഥകൾ മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

പി.പത്മരാജൻ

സിനിമയുടെ പ്രതിപാദനസ്വഭാവങ്ങളിൽ നിലീനമായ പ്രതിലോമസ്വഭാവത്തെ തിരിച്ചറിയുകയും ക്രിയാത്മകവും വിപ്ലവകരവുമായ ചലച്ചിത്രവിനിമയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്ത വിഖ്യാത ചലച്ചിത്രകാരൻ ഗൊദാർദ് രാഷ്ട്രീയമായി സിനിമ എടുക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. സുതാര്യവും സത്യസന്ധവും തുറന്നതുമായ ഒരു ചലച്ചിത്രസമീപനം വഴിയാണ് പത്മരാജൻ ഈ സിനിമയിലൂടെ ഇക്കാര്യം സാക്ഷാത്കരിക്കുന്നത്. കലാവിനിമയ മാധ്യമങ്ങൾക്ക് മീതേയും സമൂഹത്തിന്റെ ബോധത്തിലും വേരുറച്ച മൂല്യസങ്കൽപ്പങ്ങളെ തച്ചുടയ്ക്കാൻ മടി കാണിക്കാത്ത ചലച്ചിത്രമാണിത്. വ്യവസ്ഥാപിതമൂല്യങ്ങൾ പുനരുൽപ്പാദിക്കാനുള്ള സിനിമയുടെ രാഷ്ട്രീയസാധ്യതകൾ തിരിച്ചറിഞ്ഞതിൽ ഫാസിസ്റ്റു ഭരണാധികാരികൾ മുൻപന്തിയിലായിരുന്നു. മുസോളിനിയാണ് ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയായ വെനിസ് ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചത് എന്നു നമുക്കറിയാം. വിപുലമായ വിനോദവ്യവസായമേഖലയുടെ സമ്മർദ്ദം അപകടകരമായ ലളിതയുക്തികൾ സമൂഹത്തിൽ പ്രക്ഷേപിക്കുന്നതിന് പലപ്പോഴും കാരണമായിട്ടുണ്ട്.

മലയാളത്തിൽ സമാന്തരം എന്ന ഗണത്തിൽപ്പെടുന്ന സിനിമകൾക്കും കലയും കച്ചവടവും ഒന്നിക്കുന്നതെന്ന് വ്യാഖ്യാനിക്കപ്പെട്ട സിനിമകൾക്കും അപ്പുറം ഏറ്റവും സ്വാഭാവികമായി സൂക്ഷ്മരാഷ്ട്രീയം കൈകാര്യം ചെയ്ത സിനിമകൾക്ക് പത്മരാജൻ ജന്മം നൽകിയിട്ടുണ്ട്. അവയിൽ പ്രഥമഗണനീയമാണ് മധ്യവർഗ സദാചാരപരിധികൾക്കകത്തുവച്ച് പരിഹരിക്കപ്പെടാവുന്ന പ്രശ്‌നമേ മലയാളികൾക്കുള്ളൂ എന്ന നാട്യങ്ങളെ പ്രമേയസ്വീകരണത്തിൽ കാണിച്ച വ്യത്യസ്തതയാലും ഉജ്വലമായ പ്രതിപാദന വൈഭവത്താലും മറികടന്ന അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ എന്ന ചിത്രം. ചിത്രീകരണത്തിൽ വരുന്ന ദേശ-കാല അടയാളങ്ങളിൽ സാമുദായിക ലഹളകളുടെ അന്തസ്സാരശൂന്യതയ്ക്കപ്പുറം മനുഷ്യജീവിതത്തിന്റെ നേർസംഘർഷങ്ങൾ ഉള്ളടങ്ങിയതായി കാണാം.

അരപ്പെട്ട കെട്ടിയ ഗ്രാമത്തിലെ ഒരു രംഗം

മൂന്നര പതിറ്റാണ്ടിനുമുമ്പ് പിറവികൊണ്ട അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമ ഇന്നു വിലയിരുത്തുമ്പോൾ സൂക്ഷ്മരാഷ്ട്രീയം ഉള്ളടങ്ങിയ ഒരു ആഖ്യാനരീതി നമുക്കു കണ്ടെത്താനാകും. ഇതു സ്വാഭാവികമായ ഒഴുക്കോടെ സംഭവിച്ചിട്ടുണ്ടെന്നും കാണാം. അസാധാരണരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളി ചലച്ചിത്രാസ്വാദകരെ അമ്പരപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഈ സംവിധായകൻ. ജീവിതത്തിന്റെ അവിഭാജ്യഘടകമായ രതിയുടെ ഭിന്നഭാവങ്ങളെ അവതരിപ്പിക്കാൻ പത്മരാജൻ തന്റെ സൃഷ്ടികളിൽ എക്കാലവും ശ്രമിച്ചിട്ടുണ്ട്. ഇവിടെ മനുഷ്യരുടെ നൈസർഗികമായ കാമനകളുടെ കഥ പറയുന്നതിനൊപ്പം ദേശത്തിന്റെ സാംസ്‌കാരിക അടരുകളെക്കുറിച്ചും മനോഹരമായി പറഞ്ഞിട്ടുണ്ട് പത്മരാജൻ.

നാട്ടിൻ പുറങ്ങളെങ്ങളെക്കുറിച്ചുള്ള നിലവിലെ നരേറ്റീവുകളെ അപനിർമിച്ചുകൊണ്ടാണ് അരപ്പട്ട കെട്ടിയ ഈ ഗ്രാമത്തെ സംവിധായകൻ അവതരിപ്പിക്കുന്നത്. അത് ഗ്രാമം നന്മകളാൽ സമൃദ്ധം എന്ന രീതിയിലുള്ള കാൽപ്പനിക ഭാവനകളെ പേരുകൊണ്ടുതന്നെ തിരുത്തുന്നുണ്ട്. ആധുനികകാലത്തിന്റെ കലയായ ചലച്ചിത്രത്തെ ആധുനികതയുടെ കാഴ്ചപ്പാടിൽനിന്നുകൊണ്ടുതന്നെ പരിചരിക്കാൻ എൺപതുകളിൽതന്നെ പത്മരാജന് കഴിഞ്ഞിട്ടുണ്ട് എന്ന് ഈ സിനിമ കൃത്യമായി തെളിയിക്കുന്നുണ്ട്. മലയാളസിനിമാ പരിസരത്തുള്ള ആധുനികവിരുദ്ധവും അവികസിതവുമായ ബോധത്തെ സ്വാഭാവികമായ ആഖ്യാനം കൊണ്ട് കുലുക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രാധാന്യം. സദാചാരത്തിന്റെ വ്യാജ ആഖ്യാനങ്ങളെ യഥാതഥമായ ദൃശ്യപരിചരണവും വാസ്തവത്തിന്റെ സ്വാഭാവികമായ ചിത്രീകരണവും കൊണ്ട് സംവിധായകൻ ദൂരേക്ക് കളയുന്നു. ഒരോ നിമിഷവും ഔത്സുക്യം നിലനിർത്തിക്കൊണ്ടുള്ള സ്വാഭാവികമായ ഗതിപരിണാമങ്ങൾ സംഭവങ്ങളെ വിശ്വസനീയമാക്കിത്തീർക്കുന്നു.

യാഥാർത്ഥ്യത്തെ പ്രച്ഛന്നമാക്കാൻ മുതലാളിത്തലോകം ചലച്ചിത്രം ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന അറിവ് പുതിയതല്ല. നിലവിലെ സദാചാരബോധത്തെ തൃപ്തിപ്പെടുത്തുംവിധം സിനിമാഖ്യാനങ്ങളെ പ്രതിഷ്ഠിച്ചാണ് ഇതു സാധ്യമാക്കുന്നത്. അതിനാൽ സൂക്ഷ്മമായ യാഥാർത്ഥ്യത്തെ ആവിഷ്‌കരിക്കണമെങ്കിൽ പൊതുബോധത്തിന് അനിഷ്ടമുണ്ടാക്കേണ്ടിവരും. ദുരൂഹത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒന്നുമില്ലാതെ ഋജുവും ലളിതവുമായ രീതിയിൽ ഈ ചിത്രത്തിൽ അതു സാക്ഷാത്കരിച്ചു എന്നത് സാധാരണ പ്രേക്ഷകർക്കും സിനിമയോട് സംവദിക്കാൻ അവസരമുണ്ടാക്കി. നാട്ടിൻപുറത്തെ മനുഷ്യരുടെ മനോവ്യാപാരങ്ങളിലൂടെ സഞ്ചരിക്കാനുള്ള സംവിധായകന്റെ സന്നദ്ധതയും കഴിവും ഇതിൽ പ്രകടമാണ്. ജനകാമനകളുടെ സൂക്ഷ്മഘടകങ്ങൾ ആവിഷ്‌കരിക്കുമ്പോഴും സംവിധായകൻ ഇന്ദ്രിയപ്രീണനം നടത്തി കച്ചവടോത്സുകത കാണിച്ചിട്ടുമില്ല.

മാളുവമ്മയായി സുകുമാരി

മനുഷ്യർക്ക് ആനന്ദം പകരുന്ന ഒരു ഭവനമാണ് കഥയിലെ സ്ഥലം. "മാളുവമ്മയുടെ വീട്' എന്നാണത് അറിയപ്പെടുന്നത്. ഒരു കേരളീയഗ്രാമത്തിലാണതുള്ളത്. നഗരത്തിൽനിന്നും അവിടെയെത്തുന്നവരാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങൾ. അവിടെ എത്തിയത് ആസക്തരായ മൂന്നു പുരുഷൻമാരാണ്. അവരുടെ മാനസികയാത്രകൂടിയാണത്. ഇതുവരെ അറിഞ്ഞിട്ടില്ലാത്ത സ്‌നേഹത്തിന്റേയും കാമത്തിന്റേയും വൻകരകൾ തേടിയുള്ള സഞ്ചാരം. പലപ്പേഴും സദാചാരത്തിന്റെ പേരിൽ മറഞ്ഞു ചെയ്യാൻ ശ്രമിക്കുന്നത്. നഗരത്തിലെ ഒരു മദ്യശാലയിൽ വച്ചാണ് ആ മോഹം അവരിൽ ജനിക്കുന്നത്. വിഷുപ്പുലരിയിൽ മോഹിനികളായ ഗണികകളെ കണികാണുക. ലഹരിയുടെ ആവേശത്തിൽ മുളപൊട്ടിയതെങ്കിലും മനസ്സിന്റെ അടിത്തട്ടിലുള്ള കാമനകളുടെ പുറത്തേയ്ക്കുവരലാണത്. അകലെയുള്ള ഒരു നാട്ടിൻപുറത്ത് മാളുവമ്മയുടെ (സുകുമാരി) വീട്ടിലെത്തുകയാണ് അതിനായി അവർ തെരഞ്ഞെടുത്ത വഴി. അവരുടെ നേതാവായ സക്കറിയ (മമ്മൂട്ടി) മുമ്പ് അവിടെ പോയിട്ടുണ്ട്. കൂടെയുള്ള അഡ്വക്കേറ്റ് ഗോപിയെയും (നെടുമുടി വേണു) ഹിലാലിനെയും (അശോകൻ) നയിച്ചുകൊണ്ട് ഉശിരനായ സക്കറിയ തടസ്സങ്ങൾ തട്ടിനീക്കി യാത്ര യാഥാർത്ഥ്യമാക്കുന്നു. വിഷുത്തലേന്ന് മാളുവമ്മയുടെ ഗ്രാമത്തിലെത്തുന്ന മൂന്നു വരത്തന്മാരെ നാട്ടുകാർ സംശയത്തോടെ നേരിടുന്നു. അതിന് കാരണമുണ്ട്. മാളുവമ്മ ഒരു ബന്ധുഗൃഹത്തിൽ നിന്ന് കൊണ്ടു വന്ന ഗൗരിക്കുട്ടി (ഗോമതി)യുടെ പേരിൽ നായൻമാരും മാപ്പിളമാരും പരസ്പരം പോരടിച്ചു നിൽക്കുന്ന സമയമായിരുന്നു അത്. ഇരുവരേയും പിണക്കാതെ നിർത്തിയാലേ മാളുവമ്മയ്ക്ക് സംഗതി നടത്തിക്കൊണ്ടുപോകാൻ പറ്റൂ. അതവരുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്. ഇപ്പോൾ പുതിയതായി കൊണ്ടുവന്ന ഗൗരികുട്ടിയാണ് പ്രശ്‌നം. പുതിയ പെൺകുട്ടികളെ ആദ്യം അനുഭവിക്കാനുള്ള മുസ്ലിംമൂപ്പന്റെ (കുഞ്ഞാണ്ടി) ആഗ്രഹത്തിന് അവൾ വഴങ്ങുന്നില്ല. നായൻമാരുടെ നേതാവായ പണിക്കർ എന്ന ഒരു പ്രമാണിയും ഇതിനായി രംഗത്തുണ്ട്. തലേദിവസം രാത്രി ഈ കാര്യത്തിന്റെ പേരിൽ അവിടെ സംഘർഷം ഉണ്ടായിരുന്നു.

ചോരക്കളികൾക്കിടയിൽ മൂപ്പന്റടുത്തേയ്ക്ക് ഗൗരിക്കുട്ടിയേയും കൊണ്ട് മാളുവമ്മ പോയ സന്ദർഭത്തിലാണ് സക്കറിയയുടെയും കൂട്ടരുടെയും വരവ്. മൂപ്പന്റെ ആൾക്കാരായ മാപ്പിളമാർ എന്തിനും തയ്യാറായി സംഘടിച്ചു നിൽക്കുകയാണ്. അവർ സക്കറിയയെയും കൂട്ടുകാരെയും തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നു. വൈകാതെ ഗൗരിക്കുട്ടിയെ അവളുടെ സമ്മതത്തോടെ തന്നെ കാഴ്ചവച്ചുകൊള്ളാമെന്ന മാളുവമ്മയുടെ ഉറപ്പിന്മേൽ മൂപ്പൻ അയയുന്നു. അതോടെ ഉരുണ്ടുകൂടിയ എതിർപ്പുകൾ അലിഞ്ഞില്ലാതാവുന്നു. മൂപ്പൻ പറഞ്ഞാൽപിന്നെ അയാളുടെ ആജ്ഞാനുവർത്തികൾക്ക് വേറെ ഒന്നും ചിന്തിക്കാനില്ല. അവർ സക്കറിയയ്ക്കും കൂട്ടർക്കും വീട്ടിലേയ്ക്ക് വഴിയൊരുക്കുന്നു. ഉടൻ അവർ അവരുടെ സഹായികളാകുന്നു. മാളുവമ്മയുടെ വീട്ടിലെത്തുന്ന മൂവരും തങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന വിലാസവതികളായ പെണ്ണുങ്ങൾക്കുമുമ്പിൽ ആഹ്‌ളാദചിത്തരാകുന്നു. അവരാകട്ടെ സക്കറിയയ്ക്കും ഗോപിക്കും ഹിലാലിനും മുന്നിൽ ആനന്ദാനുഭവം പകർന്നുകൊടുക്കാൻ സന്നദ്ധരായി പൂത്തുലയുന്നു.

വ്യത്യസ്ത സ്വഭാവക്കാരായ മൂന്നു പേരെയാണ് പത്മരാജൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. മദ്യപാനത്തോടാണ് കൂട്ടത്തിൽ ഏറ്റവും ചുണയുള്ള സക്കറിയ എന്ന കറിയാച്ചന് പ്രിയം. പെണ്ണിനോട് വലിയ ആസക്തി അയാൾക്കില്ല. തന്റെ കൂട്ടുകാർക്കു വേണ്ടിയാണ് മുഖ്യമായും അയാളുടെ ഈ വരവും ശ്രമങ്ങളും. സാഹസികതയിലും അയാൾ മറ്റഉള്ളവരേക്കാൾ ഒരു പിടി മുന്നിലാണ്. കൂട്ടത്തിൽ ഗോപി ആണ് പെണ്ണിനോട് ഏറ്റവും ആസക്തൻ. സ്ത്രീലമ്പടനാണ് എന്നും വിശേഷിപ്പിക്കാം ഗോപിയെ. കൂട്ടത്തിൽ ഏറ്റവും ചെറുപ്പക്കാരനായ ഹിലാൽ പെണ്ണുടലിനെക്കുറിച്ച് അജ്ഞനാണ്. രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ച ഒന്നാണത് എന്നുള്ള ധാരണയും സ്വാഭാവികമായും അയാളിലുണ്ട്. സ്വന്തം ഇഷ്ടത്തോടെയല്ലാതെ ഈ പ്രവൃത്തിയിലേയ്ക്ക് എത്തപ്പെട്ട ഗൗരിക്കുട്ടിയോട് അയാൾക്കു തോന്നുന്ന ശാരീരികമായ കാമനകൾ പ്രണയത്തിനു വഴിമാറുന്നു. അവളുടെ നിഷ്‌കളങ്കതയും കന്യകയായ അവളുടെ ചെറുത്തുനിൽപ്പും അയാളെ ആകർഷിക്കുകയും അതയാളെ അനുതാപം ഉള്ളവനാക്കുകയും ചെയ്യുന്നു. അവളെ വിവാഹം കഴിക്കാൻ തോന്നുന്ന മനോനിലയിലേയ്ക്ക് അത് പരിണമിയ്ക്കുന്നു.

ആ സ്ഥലത്തുനിന്നും ഗൗരിയെ രക്ഷപ്പെടുത്താനുള്ള ഹിലാലിന്റെ ആഗ്രഹത്തിന് സക്കറിയയും ഗോപിയും പിന്തുണ കൊടുക്കുന്നു. മനുഷ്യരുടെ സ്വാഭാവികമായ നീതിബോധമാണ് ഈ സന്ദർഭത്തിൽ പ്രവർത്തനക്ഷമമാകുന്നത് എന്നു കാണാം. ഗൗരിയെ രക്ഷപ്പെടുത്താൻ വേണ്ടി വന്നവരല്ല അവർ. പക്ഷേ അടിസ്ഥാനപരമായ സ്വാതന്ത്ര്യത്തോടൊപ്പം നിൽക്കുന്ന ആധുനികമായ ലിബറൽ നന്മ അവരിലുണ്ട്. ഈ ശ്രമങ്ങൾ അവിടെ രക്തരൂഷിതമായ സംഭവങ്ങൾക്ക് കാരണമായിത്തീരുന്നതാണ് പിന്നീട് നാം കാണുന്നത്. നായന്മാരുടെ സംഘവും മാപ്പിളമാരുടെ സംഘവും രണ്ട് വ്യത്യസ്തമായ ചേരികളായിത്തിരിഞ്ഞ് ഏറ്റുമുട്ടുന്നു. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ട് സംഘങ്ങളും മാളുവമ്മ അവിടെ ഇത്തരം പ്രവൃത്തികൾ നടത്തുന്നതിന് എതിരല്ല. അതു തുടരണം എന്നാണ് ഇരുവിഭാഗങ്ങളുടേയും നിലപാട്. അതിലവർക്ക് സദാചാരപരമായതോ മറ്റെന്തെങ്കിലുമായതോ എതിർപ്പുകളില്ല. തങ്ങളുടെ നേതൃത്വത്തിലും സംരക്ഷണയിലുമാണ് കാര്യങ്ങൾ നടത്തേണ്ടത് എന്നതു മാത്രമാണ് പരസ്പരം പോരാടാൻ അവരെ പ്രചോദിപ്പിക്കുന്ന കാര്യം. ഗൗരി നിർബന്ധിക്കപ്പെട്ടു അവിടെ എത്തിയതാണെന്നുള്ളതോ ചതിയിലൂടെയാണ് മാളുവമ്മ യുവതിലെ അവിടെ എത്തിച്ചതെന്നതോ അവരെ അസ്വസ്ഥരാക്കുന്നില്ല. തങ്ങളുടെ മൂപ്പന് കാഴ്ചവെയ്കാത്തതിൽ മാത്രമാണ് അവരുടെ അരിശം മുഴുവനും.

നഗരത്തിൽ നിന്നും സുഖം അനുഭവിക്കാൻ എത്തിച്ചേർന്നവർക്കുള്ള നീതിബോധമോ അനുതാപമോ ഗ്രാമീണരായ ഇരുകൂട്ടർക്കുമില്ല. ഇതു സിനിമ നടത്തുന്ന ഒരു സാമൂഹ്യവിമർശനമായി കണ്ടെടുക്കാവുന്നതാണ്. ചലച്ചിത്രണത്തിൽ സ്വീകരിച്ച ആധുനികവും സത്യസന്ധവുമായ ആംഗിളിലാണ് ഈ വിമർശനം നിഹിതമായിരിക്കുന്നത്. ഇത്തരം വിമർശനങ്ങൾ ഇഴുകിച്ചേർന്ന സിനിമകൾ അക്കാലത്ത് അത്ര അസാധാരണമായിരുന്നില്ല എങ്കിലും അവ ജനകീയമായി ചർച്ച ചെയ്യപ്പെട്ടത് അപൂർവമായിരിക്കും. എന്നാൽ ഇന്ന് ഇത്തരമൊരു സംഘർഷത്തിന്റെ സന്ദർഭം ഇത്ര തുറന്ന രൂപത്തിൽ ആവിഷ്‌കരിക്കുക പോലും എളുപ്പമല്ല (ഈ ചിത്രം പുനർനിർമിക്കാനുള്ള അഭിലാഷം ഇതിൽ താൻ അവതരിപ്പിച്ച സക്കറിയയെ ഏറെ ഇഷ്ടപ്പെടുന്ന മമ്മൂട്ടി പല വേദികളിലും പ്രകടിപ്പിച്ചിട്ടുണ്ട്).

മതസംഘങ്ങളും നാട്ടുരാഷ്ട്രീയസംഘങ്ങളുമെല്ലാം ഇത്തരത്തിൽ അധികാരപ്രയോഗത്തിനുള്ള അവകാശങ്ങൾക്കുവേണ്ടി മത്സരങ്ങളിൽ ഏർപ്പെടുന്നവരാണെന്നും അവർക്ക് തമ്മിൽ മൗലികമായ കാര്യങ്ങളിൽ അഭിപ്രായഭേദങ്ങളില്ലെന്നും നമ്മുടെ അനുഭവം കൂടിയാണല്ലോ. ക്ലൈമാക്‌സിൽ ഇവർ തമ്മിലുള്ള സംഘർഷം കൊലപാതകത്തിൽ വരെ എത്തുന്നു. സക്കറിയയ്ക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. സക്കറിയയുടെ മാനുഷികമായ നീതിബോധത്തിന്റെ കരുത്തും ദൃഢതയും ഗൗരിയെ രക്ഷപ്പെടുത്താൻ കഴിയുന്ന അവസ്ഥയുണ്ടാക്കുകയാണ്. ആ അർത്ഥത്തിൽ അയാളുടേത് ഒരു രക്തസാക്ഷിത്വമാണെന്ന് പറയാം.

നന്മകളാൽ സമൃദ്ധം എന്നുദ്‌ഘോഷിക്കപ്പെടുന്ന നാട്ടുമ്പുറത്തിന്റെ യഥാർത്ഥ അധികാരഘടനയേയും അതിനുള്ളിലെ ലിംഗപരമായ അടിച്ചമർത്തലിനേയും അനാവരണം ചെയ്യാൻ പത്മരാജൻ കാണിച്ച ധീരത വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടുവോ എന്നത് സംശയം. കക്ഷിരാഷ്ട്രീയപരമായ ഉള്ളടക്കങ്ങളുള്ള സിനിമയാണ് രാഷ്ട്രീയസിനിമ എന്നൊരു സാമാന്യബോധം മേൽക്കൈ നേടിയ ഒരു പരിതോവസ്ഥ നിലനിന്നതാവാം ഇത്തരം സിനിമകളുടെ കലാപസ്വഭാവം പുറത്തുകൊണ്ടുവരപ്പെടാതിരിക്കാൻ കാരണം. പ്രമേയസ്വീകരണത്തിലും പരിചരണത്തിലും ഈ സിനിമ മുന്നോട്ടുവെയ്ക്കുന്ന സാമൂഹ്യവിമർശനം അർഹിക്കുന്ന അളവിൽ കണ്ടെടുക്കപ്പെട്ടില്ല. നാട്ടുമ്പുറങ്ങളിൽ മതപ്രമാണിമാരും അധികാരവും തമ്മിൽ നിലനിന്നിരുന്ന വേഴ്ചകളെ ആച്ഛാദിതമാക്കിനിർത്തിയ നന്മമര ആഖ്യാനങ്ങളെ ദയാരഹിതമായി സിനിമയിലെ ദൃശ്യങ്ങൾ പൊളിച്ചുകളഞ്ഞു. പുരുഷാധികാര വ്യവസ്ഥയിലെ പെണ്ണവസ്ഥയെ അത് എത്രയും സ്വാഭവികമായി ദൃശ്യവത്കരിച്ചു. സമുദായത്തിന്റെ മനുഷ്യവിരുദ്ധമുഖം അതു വലിച്ചുകീറി. സാമുദായികപ്രമാണിമാർ നയിക്കുന്ന നാട്ടുരാഷ്ട്രീയത്തിന് എത്രത്തോളം കരുണാരഹിതവും അക്രമാസക്തവുമാകാൻ കഴിയുമെന്ന് സിനിമ കാട്ടിത്തന്നു.

പക്ഷേ ബോക്‌സോഫീസിൽ വലിയ വിജയം നേടിയ സിനിമ ആയിരുന്നില്ല അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ. ഒരു രാത്രിയിൽ തുടങ്ങി അടുത്ത പകലിലൂടെ കടന്നുപോയി ഒടുവിൽ രക്തച്ചൊരിച്ചിലിനുശേഷം വിഷുപ്പുലരിയിലെത്തി അവസാനിക്കുന്നതിനിടെ ഈ സിനിമ കപടസദാചാരത്തിന്റെ നേർക്ക് നിറയൊഴിക്കുന്ന അനേകം സന്ദർഭങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. മദ്യപാനത്തിന്റേയും പ്രണയലീലകളുടെയും ദൃശ്യഖണ്ഡങ്ങളിലൂടെ മുന്നേറി തീർത്തും അപ്രതീക്ഷിതവും ഉദ്വേഗം ജനിപ്പിക്കുന്നതുമായ ദുരന്തങ്ങളിലേയ്ക്ക് പ്രമേയത്തെ എത്തിക്കുകയാണ് സംവിധായകൻ. സിനിമ നടത്തിയ കലാപത്തിന്റെ പ്രാധാന്യം ചലച്ചിത്രനിരൂപകർ വേണ്ടത്ര തിരിച്ചറിഞ്ഞവതരിപ്പിച്ചില്ല. അതിനാലാവാം ഈ പരിചരണത്തിന്റെ വിപ്ലവാത്മകത ഗൗരവമായി സിനിമയെ വീക്ഷിക്കുന്ന പ്രേക്ഷകർപോലും മനസ്സിലാക്കിയില്ല. ആധിപത്യത്തിന്റേയും പെൺവേട്ടയുടേയും കൊലക്കത്തി ഒളിപ്പിച്ച് നടക്കുന്ന ആണുങ്ങളുടെതാണ് കേരളീയഗ്രാമങ്ങളുടെ പിന്നാമ്പുറങ്ങൾ എന്ന പൊള്ളുന്ന വാസ്തവത്തെ അരപ്പട്ടകളുടെ ഇമേജറിയിലൂടെ പത്മരാജൻ ചങ്കൂറ്റത്തോടെ പറഞ്ഞിരുന്നു എന്ന് നാം അറിയേണ്ടതുണ്ട്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും കലാസാഹിത്യസംഘങ്ങളും തിരിച്ചറിയേണ്ട ഒരു വസ്തുത കൂടിയാണത്.

ഇരുപത്തിനാലു മണിക്കറുകൾക്കുള്ളിൽ ഒരു ഭവനത്തിൽ നടക്കുന്ന സംഭവങ്ങളുടെ ചിത്രീകരണത്തിലൂടെ സമൂഹത്തിന്റെ മനഃശ്ശാസ്ത്രപരവും രാഷ്ട്രീയവുമായ വിശകലനമാണ് പത്മരാജൻ നടത്തുന്നത്. സമൂഹത്തിന്റെ അധികരഘടന എത്തരത്തിലാണ് പ്രവർത്തനക്ഷമമാകുന്നത് എന്ന് സുതാര്യവും സത്യസന്ധവുമായ രീതിയിൽ അരപ്പെട്ട കെട്ടിയ ഗ്രാമത്തിന്റെ കഥ പറയുന്നതിലൂടെ സംവിധായകൻ കാണിച്ചുതന്നു. നടപ്പുരീതികളെ ഭയക്കാതെയുള്ള പരിചരണമായിരുന്നു അത്. നൂതനവും ധീരവുമായ പ്രമേയം. അരപ്പട്ട കെട്ടിയ ഗ്രാമം എന്ന പ്രയോഗം തന്നെ ഒരു മാറിനടക്കലിന്റെ സൂചന തരുന്നുണ്ട്. പുറമേയ്ക്ക് പ്രേക്ഷകർ കണ്ടുപരിചയിച്ച ഒരു ഗ്രാമാന്തരീക്ഷം തന്നെയായിരുന്നു അവിടെ. എന്നാൽ പത്മരാജൻ അവിടെ നടക്കുന്ന കാര്യങ്ങളുടെ പിന്നാമ്പുറങ്ങളിലേയ്ക്കുപോയി പ്രേക്ഷകരുടെ നോട്ടത്തെ ആഴപ്പെടുത്തി. കഥയുടെ തുടക്കം മുതൽ ഈ ഗ്രാമനന്മസങ്കല്പത്തിന് ഒരു പൊളിച്ചെഴുത്ത് നടക്കുന്നുണ്ട്. അരപ്പട്ട കെട്ടിയ ഗ്രാമത്തെ സംഘർഷഭരിതമാക്കുന്നത് മാപ്പിളപ്രമാണിമാരും നായർ പ്രമാണിമാരും തമ്മിൽ കന്യകയായ ഗൗരിക്കുട്ടിക്കു വേണ്ടി നടത്തുന്ന പിടിവലിയാണ്. മതത്തിന്റെ നോട്ടത്തിൽ സദാചാരവിരുദ്ധമായ ഒരു സംഗതിയെച്ചൊല്ലിയാണ് ദേശത്തെ നായൻമാരും മുസ്ലിംകളും രണ്ടുവിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനെ അഭിസംബോധന ചെയ്തു സിനിമയെടുക്കാനുള്ള കരുത്ത് പത്മരാജൻ അക്കാലത്ത് പ്രകടിപ്പിച്ചു.

നമ്പൂതിരി നായർ സംബന്ധകാലത്തിന്റെ ശേഷിപ്പുകളിൽ നിന്നു പിറവി കൊണ്ടതെന്നു തോന്നുന്ന തരത്തിലുള്ളതാണ് മാളുവമ്മയുടെ വേശ്യാഗൃഹം . സാമൂഹ്യശാസ്ത്രപരമായ ഉൾക്കാഴ്ചകൾ ഉള്ളടങ്ങിയതാണ് അവിടത്തെ മനുഷ്യരുടെ സ്വഭാവവും പെരുമാറ്റവും. ഭൂകമ്പമുണ്ടായാലും ഉണരാത്ത ഭർത്താവും പൊള്ളയായ ഭൂതകാലപെരുമയുടെ പേരിൽ ഭാര്യവീട്ടിൽ പ്രത്യേകിച്ച് തൊഴിലൊന്നുമെടുക്കാതെ കഴിഞ്ഞു കൂടുന്ന മകൻ ഭാസി(ജഗതി ശ്രീകുമാർ) യുമാണ് മാളുവമ്മയ്ക്കുള്ളത്. പ്രണയപൂർവമായ രംഗങ്ങളൊരുക്കിയാണ് ആ വീട്ടിലെ ആൺ-പെൺ സമാഗമങ്ങൾ ചിത്രീകരിച്ചത് എന്നതിൽ പത്മരാജൻ കാണിച്ച ഔചിത്യവും സൗന്ദര്യവും അസൂയാർഹമായ കൈയടക്കവും എടുത്തുപറയേണ്ടതുണ്ട്. ദേവകി(ഉണ്ണിമേരി) സക്കറിയയോടു അടുപ്പം കാണിക്കുന്നുണ്ട്. സൂര്യ അവതരിപ്പിച്ച സംസാരശേഷിയില്ലാത്ത പെൺകുട്ടിയെ ആണ് ഗോപിയ്ക് ഇഷ്ടമായത്. പെൺശരീരത്തിന്റെ വ്യാപാരം പ്രമേയമായുള്ള ഒരു സിനിമയിലാണ് സംവിധായകൻ ഈ നിയന്ത്രണം സാധിച്ചെടുത്തത്. അമ്മയുടെ മകനോടുള്ള വാത്സല്യവും മകന്റെ ആകുലതകളും നിസ്സഹായവസ്ഥയും മാളുവമ്മയുടെയും ഭാസിയുടേയും കാരക്ടറൈസേഷനെ റിയലിസ്റ്റാക്കുന്നു. പച്ച നിറത്തിലുള്ള അരപ്പട്ട അഥവാ ബെൽറ്റ് കെട്ടിയ മാപ്പിളമാരെയാണ് ചിത്രത്തിലുടനീളം കാണുന്നത്. എന്നാൽ അവസാന ഭാഗത്ത് സക്കറിയയുമായി മൽപ്പിടുത്തം നടത്തുമ്പോൾ നായന്മാരുടെ ചട്ടമ്പിയായ നാരായണൻ(അച്ചൻകുഞ്ഞ്) കത്തി വലിച്ചൂരുന്നതും അരയിൽ കെട്ടിയിരുന്ന പച്ച അരപ്പട്ടയിൽനിന്നാണ്. അക്രമസ്വഭാവത്തിന്റേയും വർഗീയവാസനയുടെയും സ്ത്രീവിരുദ്ധതയുടേയും അരപ്പെട്ടയാണ് ഇരുകൂട്ടരും കെട്ടിയിരിക്കുന്നത്. കപട മുഖങ്ങളൊന്നും സക്കറിയയിലും സുഹൃത്തുക്കളിലും ഇല്ല. സുതാര്യവും സത്യസന്ധവുമാണ് അവരുടെ അവിടെയുള്ള ചെയ്തികൾ, അവരുടെ കാമനകൾ. മാളുവമ്മയുടെ ഭവനത്തിൽ പുതിയതായി വന്ന കന്യക ഗൗരിക്കുട്ടിയുടെ വരവിന്റെ വാസ്തവം അറിയുന്നതോടെ അവർ ഗൗരിക്കുട്ടിയെ രക്ഷിക്കുക എന്ന പൊതുവികാരത്തിലേക്ക് എത്തിപ്പെടുന്നു. ആ വഴികൾ സ്വാഭാവികമായ ഒഴുക്കോടെ പറഞ്ഞിട്ടുണ്ട് സംവിധായകൻ. അവർ മൂവരും മൂന്നു മതങ്ങളിൽ പെട്ടവരായത് യാദൃശ്ചികമാവാനിടയില്ല. പത്മരാജൻ സിനിമകളിൽ മലയാളികളുടെ കാപട്യപൂർണ്ണമായ സങ്കല്പങ്ങൾ തകർക്കപ്പെടാറുണ്ട്. ഇവിടേയും കന്യകാത്വം പ്രശ്‌നവത്കരിക്കപ്പെടുന്നു.

ഗൗരിക്കുട്ടിയുടെ കന്യകാവസ്ഥയാണ് ആ നാട്ടിലെ മുസ്ലിം - നായർ മൂപ്പൻമാർക്കും ഇടയ്ക്ക് അവിടെ എത്തുന്ന സിനിമനിർമാതാവിനും (തിലകൻ) മറ്റൊരു തരത്തിൽ, അധിനിവേശരൂപത്തിൽ ഇടപെടാൻ കാരണമായിത്തീരുന്നതും. പെണ്ണുടലിന്റെ ആനന്ദാനുഭവം തേടിയെത്തിയ സക്കറിയയും ചങ്ങാതിമാരും ചോരയുടെ നനവു പറ്റിയ വിഷുപ്പുലരി കണികാണാൻ വിധിക്കപ്പെടുന്നു. പ്രിയസുഹൃത്തിനെത്തേടി അലയുന്ന ഗോപിയുടെ "സക്കറിയാ.. സക്കറിയാ.. ' എന്ന രോദനത്തോടെയുള്ള വിളിയാണ് സിനിമയുടെ അവസാനസീനിൽ. പരുക്കൻ ഭാവത്തിലൊളിപ്പിച്ച സ്‌നേഹസമ്പന്നതയും ധീരതയും ഉള്ള പച്ചമനുഷ്യനായ സക്കറിയയുടെ അന്ത്യം പ്രേക്ഷകരെ നൊമ്പരപ്പെടുത്താതിരിക്കില്ല. അനുഭവങ്ങളിൽ നിന്ന് പരിണമിച്ചുണ്ടാകുന്ന ധീരതയുടെ ആസ്പദം മനുഷ്യന്റെ അടിസ്ഥാനനീതിബോധമാണ് എന്നതിനെ അടിവരയിട്ടുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

ഹരിപോത്തനാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന ചിത്രം നിർമിച്ചത്. സുപ്രിയ പിക്‌ചെഴ്‌സിന്റെ ബാനറിൽ. മികച്ച അഭിനയമാണ് ഈ സിനിമയിലെ എല്ലാ അഭിനേതാക്കളും കാഴ്ചവച്ചിട്ടുള്ളത്. മാളുവമ്മയെ ഉജ്വലമായി അവതരിപ്പിച്ച സുകുമാരിയ്ക്ക് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാനചലച്ചിത്രപുസ്‌കാരം ലഭിച്ചു. പിന്നീട് സംവിധായകൻ എന്ന നിലയിലിൽക്കൂടി പ്രശസ്തനായിത്തീർന്ന ഷാജി എൻ കരുൺ ആണ് സിനിമാട്ടോഗ്രാഫർ . ബി.ലെനിൻ എഡിറ്റിംഗ് നിർവഹിച്ചു. സുരേഷ് ഉണ്ണിത്താനായിരുന്നു സഹസംവിധായകൻ. പത്മരാജൻ തന്നെയാണ് ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചത്.

Comments