ഇതൊരു സ്പൂഫ് ആണെങ്കിൽ മലയാളത്തിലെ ഏറ്റവും വർക്ക് ഔട്ട് ആയ സ്പൂഫ് ആറാട്ടായിരിക്കും. ഈ ചിത്രം കണ്ടു തീർക്കാനുള്ള ഏക വഴിയും ഇതൊരു സ്പൂഫ് ആണെന്ന മുൻധാരണയോടെ കാണുക എന്നുള്ളതാണ്. അങ്ങനയെങ്കിൽ ചിലയിടത്ത് സിനിമ ഴോണറിന്റെ സ്വഭാവം വിട്ട് ഗൗരവപ്പെട്ടു എന്നതൊഴിച്ചാൽ ചിത്രത്തെക്കുറിച്ച് എനിക്ക് വിയോജിപ്പുകളൊന്നുമില്ല. എന്നാൽ ഇതൊരു ആക്ഷൻ എന്റർടൈനർ ആണെന്ന് പലരും ധരിക്കുന്നതിനാലും അത്തരത്തിൽ പരസ്യം ചെയ്യുന്നതിനാലും കുറച്ച് കാര്യങ്ങൾ പറയാം.
ഒരു മോഹൻലാൽ ആഘോഷം എന്ന തരത്തിലാണ് ചിത്രം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. മോഹൽലാലിന്റെ എടുപ്പ്, മോഹൻലാലിന്റെ നടപ്പ്, പഴയ മോഹൻലാൽ റെഫറൻസുകൾ, പഴയ മോഹൻലാലിന്റെ രംഗങ്ങൾ അതേപോലെ ആവർത്തിക്കൽ, ഇതൊക്കെയാണ് സിനിമയുടെ ആദ്യഭാഗത്തെ പ്രധാന സംഭവങ്ങൾ. പഴയ മോഹൻലാലിനെ തിരിച്ച് നൽകുന്നതിൽ മോഹൻലാൽ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ ആ ജോലി എഡിറ്ററും സംവിധായകനും ഏറ്റെടുത്ത അനുഭവമാണ് ചിത്രം നൽകുന്നത്. ഉദാഹരണത്തിന് ഒരു പഴയ തറവാടിനകത്തൂടെ മോഹൻലാൽ നടക്കുമ്പോൾ എഡിറ്റിംഗ് റൂമിൽ നടന്നിരിക്കാൻ സാധ്യതയുള്ള സംഭാഷണം ഇങ്ങനെയാണ്:
"സർ, ഇതിന് മുന്നെയുള്ള സീനിൽ ഇടാൻ പറഞ്ഞ കവിയൂർ പൊന്നമ്മ റെഫറൻസ് ക്ലിപ്പ് ഏത് സിനിമയിൽ ആയിരുന്നു? ഹിസ് ഹൈനസ് അബ്ദുല്ല അല്ലേ? അതോ കാക്കക്കുയിലോ?'
"ഏതായാലും കുഴപ്പമില്ല, ഉണ്ണീ... ഉണ്ണീ എന്നുള്ള പോർഷൻ കിട്ടണം. അത്രേ ഉള്ളൂ...'
"സർ, ആ ജനലഴിയും സെറ്റപ്പും കണ്ടിട്ട് മണിച്ചിത്രത്താഴിലെ തെക്കിനി പോലില്ലെ'
"ശരിയാണല്ലോ, ഒരു റെഫറൻസ് കൂടി ആയല്ലോ. നീയിവിടെ മണിച്ചിത്രത്താഴിലെ മ്യൂസിക് ഇട്ടോ.'
സിനിമയുടെ ചിത്രീകരണത്തിലും എഡിറ്റിംഗിലും ഉടനീളം ഇത്തരം "ക്രിയേറ്റീവ് സംഭാഷണങ്ങൾ' ഒരുപാട് നടത്തിട്ടുണ്ടാവാമെന്ന് ചിത്രം സൂചിപ്പിക്കുന്നു.
നെയ്യാറ്റിൻകര ഗോപൻ (മോഹൻലാൽ) എന്ന കഥാപാത്രം ഒരു ദൗത്യം ഏറ്റെടുത്ത് ഒരു പാലക്കാടൻ ഗ്രാമത്തിലേക്ക് എത്തുകയാണ്. അവിടെ പക്ഷേ കാര്യങ്ങൾ നടത്തുന്നത് "ബറ്റാലിയൻ' എന്നറിയപ്പെടുന്ന നാല് യുവാക്കളുടെ ഒരു സംഘമാണ്. അതേ നാട്ടിലുള്ള ഒരു ഫ്യൂഡൽ മുതലാളിയാണ് മത്തായിച്ചൻ(വിജയരാഘവൻ) ഇവർക്കിടയിലുള്ള സംഘർഷങ്ങളാണ് ചിത്രത്തിന്റെ ആദ്യ ഭാഗം. നെഗറ്റീവ് ഷേഡുള്ള നായകനുള്ള ഫ്‌ളാഷ്ബാക്ക് സീനുകൾ രണ്ടാം ഭാഗത്തിന്റെ അവസാനം സംവിധായകൻ പ്ലേസ് ചെയ്തിട്ടുണ്ട്. അതിമാരകമായ സറ്റയറാണോ ആത്മാർഥമായ ശ്രമമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം, ഏതൊക്കെ സിനിമകളിലാണ് കണ്ടുമറന്നതെന്ന് ഓർത്തെടുക്കാൻ പറ്റാത്ത വിധം പരിചിതമായ ഫ്‌ളാഷ്ബാക്ക് ചിത്രീകരണം. അതിനും ശേഷമാണ് പ്രേക്ഷകർ ആദ്യം തന്നെ കണക്കുകൂട്ടിവച്ചിരിക്കുന്ന ക്ലൈമാക്‌സ് രംഗങ്ങൾ അതേക്രമത്തിൽ സ്‌ക്രീനിലെത്തുന്നത്.
ലൂസിഫറിന്റെ കാര്യത്തിൽ പറയാറുള്ളത് പോലെ ഒരു മോഹൻലാൽ ഷോ ആറാട്ടിലും കാണാനാവും. ആക്ഷനും കോമഡിയും ഉൾപ്പടെ ഒരു പൂർണ ലാൽ പാക്കേജ് ചിത്രത്തിൽ പലയിടത്തായി കാണാം. എന്നാൽ അവ പരിധിവിട്ട് അസഹനീയമാവുന്ന സന്ദർഭങ്ങളുമുണ്ടാവുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ എല്ലാം മികച്ചു നിന്നു. മോഹൻലാലിന്റെ കരിസ്‌മ ഏറ്റവും പൂർണതയിലെത്തിയത് ആക്ഷൻ രംഗങ്ങളിലാണെന്ന് പറയാം. നാലോളം ഫൈറ്റുകളിൽ മൂന്നെണ്ണവും ഒരേ പശ്ചാത്തലത്തിലാണെങ്കിലും കണ്ടിരിക്കാവുന്ന തരത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.
മോഹൻലാലിന്റെ സ്വതസിദ്ധമായ കോമഡി മൊമന്റുകൾ പലതുണ്ടെങ്കിലും ഡബിൾമീനിംഗ് ഡയലോഗുകളിലൂടെയും ആംഗ്യങ്ങളിലൂടെയും കോമഡിയുണ്ടാക്കാനുള്ള ശ്രമവും ഒരുപാടുണ്ട്. പെൺകുട്ടിയോട് അശ്ലീലം പറഞ്ഞതിന് പൊലീസുകാരനെ തല്ലിയ നായകൻ തൊട്ടടുത്ത രംഗം മുതൽ ഗ്രാമത്തിലെ സ്ത്രീകളോടുമുഴുവൻ ദ്വയാർഥ പ്രയോഗം നടത്തുന്നതും ചിത്രത്തിൽ കാണാം.
മോഹൻലാലിന്റെ തന്നെ പഴയ കഥാപാത്രങ്ങളെയും മലയാള സിനിമയിലെ തന്നെ പഴയ ക്ലീഷേകളെയും മോഹൻലാലിനെ വച്ച് തന്നെ മനഃപൂർവം ചിത്രത്തിൽ സ്പൂഫ് ചെയ്യുന്നുണ്ട്. എന്നാൽ അടുത്ത രംഗങ്ങളിൽ തന്നെ സംവിധായകൻ ക്ലീഷേകൾ സ്വന്തം നിലയിൽ ആവർത്തിക്കുന്നു എന്നത് വിരോധാഭാസം.
സിദ്ദീഖ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മിക്ക കോമഡികളും വർക്ക് ഔട്ട് ആയിട്ടുണ്ട്. ജോണി ആന്റണിയും കോമഡിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും അധികം മുന്നോട്ട് പോവാനായില്ല. ഇന്ദ്രൻസ്, സായികുമാർ, ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, സ്വാസിക, അശ്വിൻ, ഗണേഷ്, വിജയ് രാഘവൻ, മാളവിക മോഹൻ, റിയാസ് ഖാൻ, നേഹ സക്‌സേന, റോണി ഡേവിഡ് എന്നിങ്ങനെ ജൂനിയർ ആർടിസ്റ്റുകളെ അപ്രസക്തമാക്കും വിധം താരബാഹുല്യമുണ്ട് ചിത്രത്തിൽ.
സാങ്കേതികമായി മികച്ച ഔട്ട്പുട്ടാണ് ചിത്രത്തിന്റേത്. വിജയ് ഉലകനാഥിന്റെ സിനിമറ്റോഗ്രഫിയും രാഹുൽ രാജിന്റെ മ്യൂസിക്കും ആറാട്ടിന്റെ ആഘോഷത്തിനൊപ്പം നിന്നു. ഫെജോയുടേയും എം.ജി. ശ്രീകുമാറിന്റെയും പാട്ടുകൾ ആഘോഷത്തിന് മാറ്റുപകർന്നു. തിരക്കഥയുടെ പോരായ്മ പരിഹരിക്കാൻ പക്ഷേ ഇവയൊന്നും പര്യാപ്തമായിരുന്നില്ല.