'അറിയിപ്പ്': ആൺചുവരുകളിലെ പെൺവിജ്ഞാപനങ്ങൾ

സിനിമയിൽ ഭരണാധികാരത്തോടു പൊരുതി രശ്മി നേടിയെടുക്കുന്നത് സ്വാഭിമാനത്തെ സംബന്ധിക്കുന്ന ഒരു സാമൂഹ്യരേഖയാണ്. ആ നിലയിൽ ഇത് പെണ്ണും ഭരണകൂടവും തമ്മിൽ നേർക്കുനേർ നടത്തുന്ന സുപ്രധാനമായ ഒരിടപാടിന്റെ വിഷയവും സ്ഥിരീകരണവുമാണ്. പെൺകർതൃത്വസ്ഥാപനത്തിന്റെ വിഷയമെന്ന നിലയിൽ ഏതുതരം പരിമിതികൾക്കകത്തും ഇന്ത്യൻസിനിമയിൽ ഇത് പ്രധാനമാണ്.

"അറിയിപ്പ്' പല നിലകളിൽ വായിക്കാവുന്ന ഒരു വാക്കാണ്. എന്നാൽ അതിന് പൂരകമോ അനുബന്ധമോ ആയി "Declaration' എന്ന തർജമകൂടി വരുമ്പോൾ ഏതു മട്ടിലും ആരോപിക്കാവുന്ന കേവലമായ വിവരപ്രേഷണം എന്ന പ്രാഥമികതയിൽ നിന്ന് മാറി അത് ഒരു വിജ്ഞാപനത്തിന്റേതായ ആധികാരികത സ്വീകരിക്കുന്നുണ്ട്. 2014-ൽ വേണുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ "മുന്നറിയിപ്പ്' എന്ന ടൈറ്റിലിലെ ജാഗ്രതാനിർദേശമോ താക്കീതോ ഈ പേര് ബോധപൂർവം ഉപേക്ഷിച്ചിരിക്കുന്നു എന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇക്കാരണത്താലാണ് മഹേഷ് നാരായണൻ തിരക്കഥ തയ്യാറാക്കി അദ്ദേഹം തന്നെ സംവിധാനംചെയ്ത "അറിയിപ്പ്' (Declaration) എന്ന സിനിമയുടെ തീമും ടോണും പുതുതാവുന്നത്. ഒപ്പം, പുതിയ ലോകവും അതിലെ മാറിയ മനുഷ്യരുമൊക്കെ പലതരം അധികാരബന്ധങ്ങളുമായി നിരന്തരം ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെയും പ്രതിരോധങ്ങളെയും കലയുടെ പുതിയ സൗന്ദര്യശാസ്ത്രവുമായി വിളക്കിച്ചേർക്കുന്നതിന്റെ വളരെപ്പതിഞ്ഞ എന്നാൽ ഉറപ്പുള്ള പരസ്യപ്പെടുത്തൽ. (Declaration) കൂടിയാണത്. പരിമിതികളുള്ളപ്പോഴും ഒറ്റക്കാഴ്ചയുടെ ദൗർബല്യത്തിൽ നിന്ന് പുറത്തുകടക്കാനും വ്യക്തിയുടെയും അധികാരത്തിന്റെയും പല പ്രതലങ്ങളിലേക്ക് വെളിച്ചം വീശാനും സിനിമയ്ക്ക് കഴിയുന്നുണ്ട്. ഇത്തരം കലാവിഷ്കാരങ്ങൾ, അവയേറ്റവും ആവശ്യപ്പെടുന്ന സാമൂഹിക സന്ദർഭങ്ങളിൽത്തന്നെ നിർമ്മിക്കപ്പെടുന്നു എന്നുള്ളതും ചെറിയ കാര്യമല്ല.

മാർട്ടിൻ റിറ്റ് സംവിധാനം ചെയ്ത് 1979 -ൽ പുറത്തിറങ്ങിയ "നോർമ്മാ റേ' എന്നൊരു അമേരിക്കൻ സിനിമയുണ്ട്. എഴുപതുകളിലെ മനുഷ്യവിരുദ്ധമായ തൊഴിൽ സാഹചര്യങ്ങളോടും തൊഴിലിടത്തെയും വീടിനെയും ഒരുപോലെ നിയന്ത്രിച്ച പാട്രിയാർക്കൽ നീതിബോധങ്ങളോടും പ്രതികരിച്ചുകൊണ്ട് യൂണിയൻ സംഘാടനത്തിലേക്കും തുടർന്ന് നേതൃപദവിയിലേക്കുമുയർന്നുവന്ന നോർമ്മാ റേ എന്ന പെൺതൊഴിലാളിയുടെ ജീവിതമാണ് ആ സിനിമ പറയുന്നത്. നോർമ്മയുടെ സത്യസന്ധവും സ്വതന്ത്രവുമായ വ്യക്തിജീവിതത്തിന്റെയും സൂചനകൾ സിനിമയുടെ മറ്റൊടരിലുമുണ്ട്. 2022-ൽ മലയാളത്തിലിറങ്ങിയ "അറിയിപ്പ്', "നോർമ്മ റേ'യിൽ സ്ക്രീൻ ചെയ്തുകഴിഞ്ഞ സ്ത്രീയുടെ രാഷ്ട്രീയജീവിതത്തെ മറ്റൊരു കാലത്ത് മറ്റൊരു ഫോമിൽ നിന്നുകൊണ്ട് പറയുകയാണ്. ചരിത്രപരമായ സാമ്യങ്ങൾ കണ്ടേക്കാമെങ്കിലും കാലവും കലയുടേതായ ടൂളുകളും മാറിക്കഴിഞ്ഞിട്ടുണ്ട്.

"അറിയിപ്പ്' ഉത്തർപ്രദേശ് പശ്ചാത്തലത്തിലുള്ള കുറച്ചു മനുഷ്യരുടെ ജീവിതത്തിന്റെ/ഫാക്ടറി ജീവിതത്തിന്റെ കഥയാണ്. നോയിഡയിലെ "Neelam Rubber Factory' എന്ന തൊഴിൽസ്ഥാപനത്തിൽ, ഒരു വിദേശ ജോലിയ്ക്ക് ശ്രമിക്കുന്നതിന്റെ മുന്നോടിയായി, താത്കാലികമായി പണിചെയ്തുകൊണ്ടിരിക്കുന്ന കുടിയേറ്റ മലയാളികളാണ് രശ്മിയും (ദിവ്യപ്രഭ) ഹരീഷും (കുഞ്ചാക്കോ ബോബൻ). അവർ ദമ്പതികളുമാണ്. ഫാക്ടറിയിലെ ഒരേ തരത്തിൽ നിർമിക്കപ്പെട്ട മാനിക്വീൻ കൈകളിലേക്ക് ലാറ്റക്സ് കൈയ്യുറകൾ വന്നു പാകപ്പെടുന്നതിന്റെയും ഇളംനീലനിറം പകർന്ന് ഊരിപ്പോവുന്നതിന്റെയും തികച്ചും ഏകതാനമായ യാന്ത്രികദൃശ്യങ്ങളിൽനിന്നാണ് സിനിമ ആരംഭിക്കുന്നത്. ഇതിനിടയിൽ ചില മനുഷ്യരുമുണ്ട്. വ്യവസായാധുനികതയുടെ വിഭ്രാന്തികളെ അതിതീവ്രമായവതരിപ്പിച്ച ചാപ്ലിന്റെ "മോഡേൺ ടൈംസി' ലെ പ്രസിദ്ധമായ "മെക്കാനിക് രംഗ' (The Mechanic Scene)ത്തെ ഓർമിപ്പിക്കുന്നു ഇത്. നട്ടുകൾ മുറുക്കൽ എന്ന ജോലി മാത്രം തലച്ചോറിൽ നിറയ്ക്കപ്പെട്ട് യന്ത്രപ്പല്ലുകൾക്കിടയിൽ കുരുങ്ങിഞെരിയുന്ന മനുഷ്യനാണല്ലോ ആ സിനിമയുടെ കേന്ദ്രം. അതേ മനുഷ്യന്റെ ഉത്തരാധുനികത്തുടർച്ച തന്നെയാണ് "അറിയിപ്പി'ലെ മനുഷ്യരെല്ലാം. ഇതിലും ടൈറ്റിലുകൾക്കുശേഷം സ്ക്രീനിലെത്തുന്ന മുഴുവൻ ദൃശ്യങ്ങളെയും അതിന്റെ ക്രമത്തെയും നിർണയിക്കുന്നത് നവമെഷിനറിയുടെ ഖരത്വമോ, അജൈവരീതികളോ ആണ്. ഇതാണതിലെ വസ്തുയാഥാർഥ്യം. എന്നാൽ, കല പരിണാമിയായിരിക്കുന്നതുകൊണ്ടുതന്നെ, ഈ യാഥാർഥ്യങ്ങൾക്കിടയിലൂടെ ചോർന്നുതീരുന്ന ജീവനും ജീവിതവുമൊക്കെ തീർത്തും മാറിയ ഫ്രെയിമുകളിലോ പേസിലോ ടോണിലോ ഒക്കെയാണ് ഇവിടെ കാലികമായും ഭാവനാത്മകമായും പുനർനിർമിക്കുന്നത്. ഈ ഏകതാളാത്മകതയിൽ നിന്ന് മാറിനിൽക്കുന്ന വളരെ നൈസർഗികമായ ചുവടോ വരിതെറ്റലോ പോലും അതുയർത്തുന്ന ചെറുത്തുനിൽപ്പിന്റെ ഗാഢതകൊണ്ട് സ്വയം സ്ഥാനപ്പെടുകയും സ്ഥാപനപ്പെടുത്തുകയും ചെയ്യുന്നു ഇവിടെയാണ് പുതിയ കല അതിന്റെ സൗന്ദര്യാത്മകമായ പുതുക്കം രേഖപ്പെടുത്തുന്നത്. അത്തരത്തിൽ നോക്കിയാൽ മലയാളസിനിമാചരിത്രത്തിലെ പല പെൺ മനുഷ്യരെയും വകഞ്ഞുമാറ്റിയാണ് രശ്മിയെന്ന കഥാപാത്രം സ്ക്രീനിലെ മുൻനിരയിൽ പ്രത്യക്ഷപ്പെടുന്നതെന്ന് കാണാം. ഒപ്പം സംവിധായകൻ മഹേഷ് നാരായണൻ വെളിപ്പെടുത്തിയ പ്രകാരം, സ്വന്തം സ്വത്വസ്ഥാപനത്തിനായി ഒരു സ്ത്രീ ജുഡീഷ്യറിയോട് നടത്തിയ നീക്കമെന്ന പ്രസക്തമായ ഒരു സമകാലികവാർത്തയും അതുയർത്തിയ പ്രതിരോധവും ഈ സിനിമയുടെ അടിത്തട്ടിൽ സൂക്ഷ്മമായി പ്രവർത്തിക്കുന്നുമുണ്ട്.

സിനിമയിൽ ഭരണാധികാരത്തോടു പൊരുതി രശ്മി നേടിയെടുക്കുന്നത് സ്വാഭിമാനത്തെ സംബന്ധിക്കുന്ന ഒരു സാമൂഹ്യരേഖയാണ്. ആ നിലയിൽ ഇത് പെണ്ണും ഭരണകൂടവും തമ്മിൽ നേർക്കുനേർ നടത്തുന്ന സുപ്രധാനമായ ഒരിടപാടിന്റെ വിഷയവും സ്ഥിരീകരണവുമാണ്. പെൺകർതൃത്വസ്ഥാപനത്തിന്റെ വിഷയമെന്ന നിലയിൽ ഏതുതരം പരിമിതികൾക്കകത്തും ഇന്ത്യൻസിനിമയിൽ ഇത് പ്രധാനമാണ്. ഇത് മലയാളസിനിമാ ഭാവനയിൽ മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഒന്നാണ്. ചരിത്രപരമായ രേഖപ്പെടുത്തലിന്റെ പ്രാഥമിക പാഠത്തിനുമുകളിലേ മറ്റേതൊരു വായനയും നിലനിൽക്കൂ എന്നും കരുതേണ്ടതുണ്ട്. അതേസമയം അത്രവേഗം പരിഹരിക്കപ്പെടുന്നത്ര ലഘുവും ലളിതവുമായി കുടുംബത്തിന്റെയും സാമൂഹ്യഘടനകളുടെയും സങ്കീർണതകളെ കാണാൻ കഴിയുന്നു എന്ന നിലയിൽ ഒരു "ആൺലോകനിർമിതി'യായും ഈ സിനിമ എളുപ്പത്തിൽ വായിക്കപ്പെടാനിടയുമുണ്ട്. എളുപ്പവഴിയെക്കാൾ സങ്കീർണതകളാണ് ഇവിടെ പ്രധാനം.

രശ്മിയും ഹരീഷും ചേർന്ന്, വിസ ലഭിക്കുന്നതിനുവേണ്ടി ജോലിക്കിടയിൽ രഹസ്യമായി ഫോണിൽ ചിത്രീകരിച്ച ഒരു "സ്കിൽ വീഡിയോ' ദൃശ്യത്തിലാണ് സിനിമയുടെ തുടക്കം. അതൊരു "ഫോൺ സ്ക്രീൻ വെർട്ടിക്കൽ' ദൃശ്യമായിത്തന്നെ പ്രേക്ഷകർ കാണുകയാണ്. തുടർന്ന് ഫാക്ടറിത്തൊഴിലാളികളുടെ അകത്തേക്കുള്ള അച്ചടക്കമുള്ള വരവ്, പ്രവേശനസ്ഥലത്തെ ശരീരപരിശോധനകൾ, നമ്പറിട്ട ചെറിയ ലോക്കറുകളിൽ സ്വകാര്യവസ്തുക്കൾ സൂക്ഷിച്ചുകൊണ്ട് അതിവേഗം യന്ത്രപ്രവർത്തനങ്ങളുടെ ഭാഗമായി മാറുന്ന അവരുടെ ചടുലനീക്കങ്ങൾ ഇവയൊക്കെ ഒരു ഇൻഡോർ പാൻ ഷോട്ടിലൂടെയെന്നോണം കടന്നുപോവുന്നുണ്ട്. തൊഴിലാളികൾക്കിടയിൽ രശ്മിയും അവളുടെ കൂട്ടുകാരിയുമുണ്ട്. മറ്റൊരു ബ്ലോക്കിൽ ഹരീഷും മറ്റുള്ളവരും അവരുടെ മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥരുമൊക്കെയുണ്ട്. ഇതിൽ നമ്മുടെ മനസ്സിൽപ്പതിയുന്ന ഫാക്ടറി ദൃശ്യങ്ങളിലൊന്ന് രശ്മി അവൾ ചെയ്യുന്ന ജോലിയിൽ വരുത്തുന്ന ചില പിഴവുകളാണ്. ഗുണനിലവാരപരിശോധനയ്ക്കായി കൈയുറകളിൽ മർദം നിറച്ച് വീർപ്പിച്ചുനോക്കുന്നതിനിടെ അവൾ ധരിച്ച മോതിരം "റിജക്ടഡ് കൈയുറകളു'ടെ എണ്ണം കൂട്ടുകയും മാനേജരുടെ ശകാരം കേൾക്കേണ്ടിവരികയും ചെയ്യുന്നു. അതിന് അവൾ നൽകുന്ന വിശദീകരണം, അത് ശ്രമിച്ചിട്ടും ഊരിമാറ്റാൻ പറ്റുന്നില്ല എന്നാണ്. മറ്റൊരവസരത്തിൽ തന്റെ സൂപ്പർവൈസിങ്ങിലുള്ള മലയാളിയായ മേൽനോട്ടക്കാരനോട് "ഇത് പ്രശ്നമാക്കരുത് സർ ഞാൻ കാലുപിടിക്കാം' എന്നും രശ്മി പറയുന്നുണ്ട്. തുടർന്ന് രശ്മി കൈയുറകളുടെ വാഷിങ് സെക്ഷനിലേക്ക് മാറ്റി നിയമിക്കപ്പെടുകയും ചെയ്യുന്നു. തുടർന്നുവരുന്ന വീട്ടുദൃശ്യങ്ങളിലും രശ്മി തീർത്തും "സാധാരണ'മായ കുടുംബജീവിതം നയിക്കുന്നവളാണ്. പകൽ ഷിഫ്റ്റിൽ ജോലിചെയ്തു തളർന്നുവന്നാലും മടിപിടിച്ച് മദ്യപിച്ചിരുന്ന് രാത്രി ഷിഫ്റ്റിലേക്കിറങ്ങുന്ന ഹരീഷിനോടും സുഹൃത്തിനോടും "ഞാൻ പെട്ടെന്ന് വെച്ചുണ്ടാക്കിത്തരാം. കഴിച്ചിട്ട് പോയാ മതി' എന്ന് അവൾ വല്ലാത്ത "കരുതൽ' കാട്ടുന്നുണ്ട്. ഫാക്ടറിയിലും വീട്ടിലുമായി രശ്മിയും ഹരീഷും തുടരുന്ന ഈ യന്ത്രസമാനമായ ഒഴുക്കിലേക്കാണ് അവർ നേരത്തെ ചിത്രീകരിച്ച സ്കിൽ വീഡിയോ, സെക്ഷ്വൽ കണ്ടന്റുള്ള ഒരു മാനിപ്പുലേറ്റഡ് ദൃശ്യമായി തിരിച്ചുവരുന്നത്. കമ്പനി വാട്സാപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട ആ വീഡിയോയിലിപ്പോൾ അവസാനഭാഗത്തായി മാസ്ക് ധരിച്ച ഒരു പെൺകുട്ടിയുടെ തലയിലമർന്ന് ബലമായി ഓറൽ ലൈംഗികതയിലേർപ്പെടുന്ന ഒരു ആൺകൈ കൂടി വ്യക്തമാണ്.

"അറിയിപ്പ്' സ്വത്വസ്ഥാപനത്തിനായി ഒരു സ്ത്രീ കാട്ടുന്ന കരുത്തിന്റെ കഥയാണെന്ന് പറഞ്ഞുവല്ലോ. ഈ കരുത്തിലേക്ക് രശ്മി എത്തിച്ചേരുന്ന പ്രക്രിയയാണ് "അറിയിപ്പി'ന്റെ കാതൽ. ആദ്യഘട്ടത്തിൽ ഹരീഷ് അവളോട് പുലർത്തുന്ന സഹഭാവവും പരിഗണനയും പതിയെ അയാളിലെ ആണിൽനിന്ന് ഇല്ലാതാവുന്നുണ്ട്.അവരുടെ സംഭാഷണദൃശ്യങ്ങളിൽ ക്രമേണ വന്നുനിറയുന്ന മുറുക്കം അവളുടെ നേർക്കുള്ള വിചാരണയും ഹിംസയുമായി മാറുന്നു. ഇടയ്ക്കൊക്കെ അയാൾ കുറ്റബോധത്തിലേക്കും ആത്മനിന്ദയിലേക്കും വഴിമാറുന്നുണ്ടെങ്കിലും പിന്നീടയാളിൽ സ്ഥായിയായി നിലനിൽക്കുന്നത് ആ വീഡിയോദൃശ്യത്തെ പ്രതിയുള്ള ആണുത്കണ്ഠകളാണ്. ആ സമ്മർദങ്ങളിൽ പതിയെ വികസിച്ചുപരന്നാണ് തുടർന്നുള്ള ഓരോ ഘട്ടത്തിലും അയാൾ സംഭവഗതികളെ നേരിടുന്നത്. ഹരീഷ് തന്നിൽ കുടിയേറിക്കഴിഞ്ഞ സന്ദേഹത്തിന്റെ മൂർച്ച രശ്മിയിലേക്ക് തറച്ചിറക്കുന്നതിന്റെ ദാരുണമായ ഒരു രംഗമുമുണ്ട് ഈ സിനിമയിൽ. രശ്മി ചെയ്തെന്ന് പറയപ്പെടുന്ന ക്രൈമെന്തെന്ന് പ്രേക്ഷകർക്ക് ഉൾവിറയലോടെ ഭാഗികമായെങ്കിലും ബോധ്യപ്പെടുന്ന നിമിഷവുമാണത്. തന്റെ അരക്ഷിതയായ കൂട്ടുകാരിയെയും മകനെയും വീട്ടിൽ കൊണ്ടുവന്ന് അവർക്ക് കൂട്ടുകിടക്കുന്ന രശ്മിയിലേക്കും അവളുടെ നിഷ്കളങ്കമായ ചേർന്നുകിടപ്പിലേക്കും അതിക്രമിച്ചു ചെന്ന് വലിയ ഒച്ചകളില്ലാതെ അയാൾ നടത്തുന്ന ബലപ്രയോഗവും കീഴടക്കലും ആ വീഡിയോ ദൃശ്യമുണ്ടാക്കിയ ആണപകർഷതയാണെന്ന് നാം ഒരാന്തലോടെ തിരിച്ചറിയുന്നുണ്ട്. പതിഞ്ഞ ചലനങ്ങളിലൂടെയും ഏറ്റവും കുറച്ച് ശബ്ദങ്ങളിലൂടെയും ഷോട്ടുകളിലൂടെയും ഒട്ടും ലൗഡല്ലാതെയാണ് ഈ ദൃശ്യമുള്ളത്. എന്നിട്ടും രണ്ട് കുടുസ്സുമുറികളും അടുക്കളയുമുള്ള ആ വീട്ടിലെ മുഴുവൻ മുനുഷ്യജീവികളെയും കാണികളെയും അടിമുടി വിഭ്രമിപ്പിക്കുന്ന വയലൻസായി ഇതനുഭവിപ്പിക്കുന്നു എന്നത് ഈ സിനിമയുടെ കലാപരമായ സൂക്ഷ്മതകളിലൊന്നാണ്.

മുതലാളിത്താധികാരത്തിന്റെ ഇടപെടലുകളും ഇതേ മട്ടിൽ ജനാധിപത്യത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രതീതി നിലനിർത്തുന്ന സൗമ്യദൃശ്യങ്ങളായാണ് സിനിമയിൽ വരുന്നത്. വ്യവസ്ഥ സമഗ്രമായി കൊണ്ടു നടക്കുന്ന ഈ നിരുപദ്രവാന്തരീക്ഷം ക്രൂരമായ പല നിഗൂഹനങ്ങളുടെയും നിഗൂഢതയുടെയും മേൽമൂടി മാത്രമാണെന്ന് വളരെ അനുകൂലഭാവത്തോടെ ഹരീഷിനോടിടപെടുന്ന കമ്പനി മേലുദ്യോഗസ്ഥനും അയാളുടെ ഉരുക്കുവളയിട്ട കൈ (ആ വീഡിയോ ദൃശ്യത്തിലെ അതേ ആൺകൈ!)യുടെ ക്ലോസ് ഷോട്ടും ഭീതിദമായി വെളിപ്പെടുത്തുന്നുണ്ട്. സമകാലലോകത്ത് ഭരണാധികാരങ്ങൾ നേടിക്കഴിഞ്ഞ കപടജനകീയതയെയും മൃദുലഹിംസാത്മകതകളെയും സ്വാഭാവികമായി പകർത്തുന്നിടത്താണ് ഈ സിനിമ പുതിയ കലയെ നിർമിക്കുന്നതെന്നും പറയാനാവും. സാനു വർഗീസിന്റെ ക്യാമറാവർക്കും സിനിമയുടെ എഡിറ്റർ കൂടിയായ സംവിധായകന്റെ സൂക്ഷ്മമായ ഇടപെടലുകളും തീർച്ചയായും അതിനുള്ള അഭിനന്ദനമർഹിക്കുന്നുണ്ട്.

അധികാരഘടനകളോട് കലഹിക്കുന്ന താളം സിനിമയിൽ ഉച്ചസ്ഥായിയിലാവുന്നതും വളരെ സാവധാനത്തിലാണ്. ആദ്യഘട്ടത്തിൽ തൊഴിൽ ചുറ്റുപാടുകളോട് രോഷാകുലനായി പ്രതികരിക്കുന്ന ഹരീഷ് പതുക്കെ തൊഴിൽ വിധേയത്വത്തിലേക്കെത്തുന്നു. രശ്മിയാവട്ടെ പരുവപ്പെട്ടുകഴിഞ്ഞ ഭാര്യ, തൊഴിലാളി എന്നീ കേവലമായ ഐഡന്റിറ്റികളിൽനിന്നുമകന്ന് മൂർച്ചയുള്ള നോട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അട്ടിമറിച്ചിലുകളിലൂടെ കടന്നുപോകുന്നു. ഒരു ഘട്ടത്തിൽ വീടുവിട്ട് കൂട്ടുകാരിക്കൊപ്പം താമസിച്ചുതുടങ്ങുന്ന രശ്മി തന്റെ നിലപാടുകളിൽ കൃത്യതയാർജിക്കുന്നു. സംഭവിച്ചതെന്തെന്ന് അന്വേഷിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, അതേ ഫാക്ടറിയിൽ മുമ്പ് നടന്ന ഒരു ലൈംഗികാക്രമണത്തെയും അതിനിരയായി സ്വയം മരിച്ച പെൺകുട്ടിയെയും കുറിച്ച് ഹരീഷും രശ്മിയും അറിയാനിടയാകുന്നുണ്ട്. അവളുടെ വീട്ടിൽ പോയി അമ്മയെ സന്ദർശിക്കാൻ രശ്മി തിടുക്കപ്പെടുമ്പോൾ, ആ ദൃശ്യത്തിലുള്ളത് രശ്മിയല്ല എന്നറിയുന്ന ആശ്വാസത്തിന്റെ ചെറുവട്ടത്തിൽ നിന്ന് പുറത്തേക്ക് വളരാൻ ഹരീഷിന് കഴിയുന്നില്ല. അതിനിപ്പുറമുള്ള വിപ്ലവങ്ങളേ "അവന്റെ' ചോര തിളപ്പിക്കുകയുള്ളൂ എന്നും സിനിമ പറയുന്നുണ്ട്. ആദ്യരംഗങ്ങളിൽ മുതലാളിത്ത ധാർഷ്ട്യങ്ങളോട് കലഹിക്കുന്ന ഹരീഷ് തങ്ങളുടെ സ്വപ്നജോലിയിലേക്കുള്ള വാഗ്ദത്തങ്ങളിൽ നിരുപാധികം വീണുപോവുന്നതും, രശ്മി അവൾ അതിനകം വീട്ടിലും തൊഴിലിടത്തിലും തിരിച്ചറിഞ്ഞ ഇരട്ട ചൂഷണങ്ങളുടെനേരെ നേർക്കുനേർ നിവർന്നുനിൽക്കുന്നതുമാണ് കഥാന്ത്യത്തെ നിർണയിക്കുന്നത്. അവൾ കേട്ടെടുക്കുന്ന ഇല്ലാതാക്കപ്പെട്ട പെൺകുട്ടിയുടെ ജീവിതമാണ് അതിനവൾക്ക് പ്രേരണയാവുന്നത്. ആദ്യത്തെ പെൺകുട്ടി ലോക്കറിൽ ബാക്കിവെച്ചുപോയ ചെറിയ വട്ടക്കണ്ണാടിയിൽ സ്വന്തം കണ്ണുകൾ പ്രതിഫലിക്കുന്നത് തീവ്രമായി നോക്കിനിൽക്കുന്ന രശ്മിയുടെ ദൃശ്യം ഇതിനെ പ്രതീകവത്കരിക്കുന്നു. അവൾ യന്ത്രസഹായത്തോടെ മുറിച്ചുമാറ്റുന്ന വിവാഹമോതിരത്തിന്റെ ക്ലോസ്ഷോട്ടിലേക്ക് വികസിക്കുന്ന ദൃശ്യം കൂടിയാണിത്. രശ്മിയെക്കൂടാതെ അവളുടെ സുഹൃത്തായ സുജയ, വാഷിങ് സെക്ഷനിലെ സീനിയർ ഉദ്യോഗസ്ഥയായ സ്മിത എന്നിവരും കമ്പനി മുതലാളിയുടെ പ്രതിനിധിയായി പ്രത്യക്ഷപ്പെടുന്ന മറ്റൊരു സ്ത്രീയും സിനിമയിലുണ്ട്. ജാഗ്രത്തായ ഒരു നിരീക്ഷണബുദ്ധി ഈ കഥാപാത്രങ്ങളിലൊക്കെ പ്രവർത്തിക്കുന്നുമുണ്ട്. സിംഗിൾ പാരന്റ് ആയി കാണപ്പെടുന്ന സുജയ ഒരു ചൂഷണത്തെ അതിജീവിച്ചവളും ആണിടപെടലുകളിൽ അനുഭവതീക്ഷ്ണതയുടെ കാർക്കശ്യം പുലർത്തുന്നവളുമാണ്. മറ്റു സ്ത്രീകളുടെ പ്രതിനിധാനവും പല മട്ടിൽ പ്രാധാന്യമർഹിക്കുന്നവ തന്നെ.

അടുത്ത കാലത്ത് പാട്രിയാർക്കൽ ഘടനകളോട് സമരത്തിലേർപ്പെട്ട "ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ', "ജയ ജയ ജയഹേ' പോലുള്ള സിനിമകളിൽനിന്ന് ഈ സിനിമ മുന്നോട്ടുപോവുന്നത് കുടുംബത്തിന് പുറത്തേക്ക് പെൺലോകം എത്തുന്നു എന്നതിനാലാണ്. സിനിമയുടെ കാഴ്ചവട്ടം മാറുന്നു എന്നും പറയാം. സ്വകാര്യദൃശ്യങ്ങളുടെ ഓൺലൈനിലേക്കുള്ള പരസ്യപ്പെടൽ, വ്യക്തി/സാമൂഹിക ജീവിതങ്ങളിലുണ്ടാക്കുന്ന മേൽകീഴ് മറിച്ചിലുകൾ മലയാളസിനിമ 2010 മുതൽക്കിങ്ങോട്ട് പ്രമേയമായി സ്വീകരിച്ചിട്ടുണ്ട്. അത്തരമൊരു വിഡിയോ കണ്ടന്റിനെ സ്റ്റേറ്റിന്റെ ഇടപെടലോടെ നിർവീര്യമാക്കാൻ ശ്രമിക്കുന്നു എന്ന നിലയിലും ഇതിൽ ടെക്നോളജിയെപ്പറ്റിയുള്ള യാഥാർഥ്യബോധത്തിന്റെയും പരിഹാരസാധ്യതയുടേതുമായ ഒരു മുന്നോട്ടുപോക്കുണ്ട് എന്ന നിലയിലും സിനിമ അടുത്ത ചുവടുവെക്കുന്നു. അതേസമയം റിയൽ/ വെർച്ച്വൽ ലോകങ്ങളെ അപ്രധാനമാക്കുന്ന തരത്തിൽ വ്യക്തികളുടെ സ്വകാര്യലോകങ്ങൾ നേരിട്ട് പ്രകാശിപ്പിക്കപ്പെടുകയും ഇത്തരം സാങ്കേതിക ഇഷ്യൂകളെ അഭിമുഖീകരിക്കുകയും ചെയ്യുന്നതിന്റേതായ ഒരു മൂന്നാംഘട്ടം കലാവിഷ്കാരങ്ങളെ കൂടുതൽ രാഷ്ട്രീയവത്കരിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യാശകൾ മലയാളസിനിമയിൽ ഇനിയും സംഭവിക്കാനിരിക്കുന്നതേയുള്ളൂ. ആ ദൃശ്യങ്ങൾ "സത്യ'മല്ല എന്ന് പറയാനാണ് സിനിമ ശ്രദ്ധിക്കുന്നത്. ഇത് ഒരളവിൽ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന പറച്ചിലുമാണ്. എന്നാൽ ആ പ്രസ്താവനപ്പെടുത്തൽ ചരിത്രപരമായി വളരെ പ്രധാനവുമാണ്.

മറ്റൊന്ന്, ഈ സിനിമ പരിഗണിക്കുന്ന കോവിഡ് പാൻഡമിക് കാലവും അത് ലോകവ്യാപകമായുണ്ടാക്കിയ അവബോധപരമായ ചില വ്യതിയാനങ്ങളുമാണ്. മലയാളത്തിലെ മുൻ സിനിമകളിൽ നിന്നുമാറി ഈ സിനിമ സംഭവിക്കുന്ന യന്ത്രബഹുലമായ പശ്ചാത്തലം സാങ്കേതികഭീതിയുടേതായ നിഷേധാർഥത്തിലല്ല ഉള്ളത്. ഒരുപക്ഷേ, ഒരു പോസ്റ്റ് ഹ്യൂമൻ കാലം വിഭാവനചെയ്യുന്ന തരത്തിൽ മനുഷ്യനും സാങ്കേതികവിദ്യയും വേർതിരിയാത്ത വിധം മനുഷ്യനും യന്ത്രവും തമ്മിലുള്ള ആധുനിക വൈപരീത്യത്തെ അഴിച്ചുപണിയുന്ന ഒരു സമീപനവും അങ്ങനെ നോക്കിയാൽ ഈ സിനിമയ്ക്കകത്ത് കണ്ടെത്താനാവും.

കൂടാതെ, പ്രത്യക്ഷയന്ത്ര മാതൃകകളെന്ന നിലയിൽ ഈ സിനിമയിൽ കടന്നുവരുന്ന കൈയുറയുത്പാദനവും അവയുടെ ശുചീകരണവുമായി ബന്ധപ്പെട്ട ഉപകരണങ്ങളൊന്നും തന്നെ പഴയ മട്ടിൽ ആധുനികയാന്ത്രികതയുടെ മെക്കാനിക്കൽ സങ്കല്പത്തെയല്ല, മറിച്ച് തികച്ചും ഭിന്നമായ ഒരു യന്ത്രാത്മകതയെയാണ് അവതരിപ്പിക്കാൻ ശ്രമിക്കുന്നത് എന്നും കാണാം. ഒരു തൊഴിലിട കുറ്റകൃത്യം എന്ന നിലയിലല്ലാതെ മൊബൈൽ ഫോണിനെ പ്രതിസ്ഥാനത്തു നിർത്തുന്ന നോട്ടമല്ല സിനിമയുടേത്. അത് രശ്മിയ്ക്ക് സ്കിൽ വീഡിയോ ചിത്രീകരിക്കാനും കമ്പനിയിലെ ഒരഴിമതിയുടെ വീഡിയോ എടുത്തു ഫയൽ ചെയ്തു സൂക്ഷിക്കാനും സുഹൃത്തിന്റെ മകന് ഓൺലൈൻ പഠനത്തിനുപയോഗിക്കാനും കൂടിയുള്ളതാണ്. സിനിമയുടെ ഒടുവിൽ മാംസത്തിൽ ചെറുപോറലുപോലുമേല്പിക്കാതെ രശ്മിയുടെ മോതിരമറുക്കുന്ന മറ്റൊരു യന്ത്രസാന്നിധ്യവും കാണാം. ജീവിതത്തിലും തൊഴിലിനുമുണ്ടായ തടസ്സങ്ങൾ താത്ക്കാലികമായി പരിഹരിക്കപ്പെട്ട രശ്മി മനുഷ്യനും യന്ത്രങ്ങളുമെല്ലാമിടകലർന്നു പെരുമാറുന്ന ഒരു യന്ത്രാത്മകസംഘാതത്തിലേക്ക് സ്വയം കണ്ണിചേരുകയാണ്. അവൾ "റിജക്ട് ചെയ്യപ്പെടാത്ത' കൈയുറകൾ ധാരാളമായി നിർമിച്ചുതുടങ്ങുന്നു. ഇപ്പോളവളുടെ മുഖത്ത് അസാധാരണമായ ഒരു പ്രസന്നതയുമുണ്ട്. ഈ ദൃശ്യത്തിലൂടെ ആധുനികമനുഷ്യനെ അവരുടെ സങ്കുചിത സ്വത്വങ്ങളിൽ നിന്ന് മാറ്റി മനുഷ്യാനന്തര മാനവികതയിലേക്കും സവിശേഷാർഥത്തിലുള്ള സാർവലൗകിക കർതൃത്വത്തിലേക്കും സ്ഥാപിക്കുക എന്ന ഉദ്ദേശ്യംകൂടി ഈ സിനിമ നിർവഹിക്കുന്നുവെങ്കിൽ തീർച്ചയായും അത് ഒരു സൂക്ഷ്മതയുള്ള പോസ്റ്റ് ഹ്യൂമൻ കാഴ്ച/ വായന കൂടി ആവശ്യപ്പെടുന്നുണ്ട്.

Comments