പിസ്റ്റളും പനിനീർപ്പൂവും ഒന്നുചേരുമ്പോൾ സംഭവിക്കുന്നതെന്താണോ അതാണ് അരുൺ മാതേശ്വരന്റെ റൊമാൻ്റിക് ആക്ഷൻ ചിത്രം #ഡിസി / #DC. മികച്ച തിയേറ്ററിൽനിന്ന് കാണേണ്ട മനോഹരമായ ചലച്ചിത്രാനുഭവം എന്ന് ഒറ്റവാക്കിൽ പറയാം. പുറമ്പോക്കിന്റെ രാഷ്‌ട്രീയം സംസാരിക്കുന്ന, സിനിമയുടെ ദൃശ്യ- ശ്രവ്യ ഭാഷയിൽ ഇന്ത്യൻ ചലച്ചിത്രലോകം കൈവരിച്ചു കഴിഞ്ഞ ഔന്നത്യം വിളംബരം ചെയ്യുന്ന, മസ്റ്റ് വാച്ച് സിനിമ.
20 തവണ സിനിമയിലേക്ക് അഡാപ്റ്റ് ചെയ്തിട്ടുള്ള വിഖ്യാത ബംഗാളി നോവൽ ‘ദേവദാസി’ൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഡിസി എഴുതിയതെങ്കിലും ചില അടിസ്ഥാന ഘടകങ്ങൾ മാറ്റിനിർത്തിയാൽ മാതൃനോവലിൽ നിന്ന് ഏറെ അകലെയാണ് ഡിസിയുടെ പ്രിമൈസ്. ഏറ്റവുമേറെ വിവർത്തനം ചെയ്യപ്പെട്ട, അഡാപ്റ്റ് ചെയ്യപ്പെട്ട, എക്കാലത്തെയും ജനപ്രിയനായ ഇന്ത്യൻ നോവലിസ്റ്റ് ശരത് ചന്ദ്ര ചതോപാധ്യായ 1917-ൽ രചിച്ച ‘ദേവദാസി’ൽ ദുരന്താത്മകതയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുമ്പോൾ തീർത്തും ഗ്രേ ഷെയ്ഡിൽ ചോരയിൽ കുതിർന്നാണ് ഡിസിയുടെ പ്രയാണം. ദുരന്തമുഖങ്ങളിൽ കൂടെ നിൽക്കുന്നതിനുപകരം കുടുംബവും സമൂഹവും സ്റ്റേറ്റും ഒരുപോലെ തള്ളിക്കളഞ്ഞതിന്റെ ഇരുണ്ട ശോകത്തിലാണ് ഡിസിയിലെ നായക കഥാപാത്രങ്ങളോരോരുത്തരും ഉയിർക്കൊള്ളുന്നത്. അവരെ സംബന്ധിച്ച് സാമൂഹ്യനീതിയുടെ വിപ്ലവം, തോക്കിൻ കുഴലിലൂടെ മാത്രം സാധ്യമാകുന്ന മരീചികയാണ്. ആരും ഏറ്റെടുക്കാനില്ലാത്ത നിറങ്ങളും സ്വരങ്ങളുമാണ് അവരുടെ ചുറ്റിലും മുഴങ്ങുന്നത്. അതിനാൽത്തന്നെ പുറമ്പോക്കിന്റെ ചക്രവാളങ്ങളിൽ അവർ രക്തവസന്തത്തിന്റെ പൂക്കൾ വിരിയിക്കുന്നു.
(ഇവിടുന്നങ്ങോട്ട് സ്പോയിലറുകളുണ്ട്)
(ദേവ)ദാസും ചന്ദ്ര(മുഖി)യും ചേരുന്നതാണ് ഡിസി. ‘ഉന്മാദം ഉന്മാദത്തെ കണ്ടുമുട്ടുന്നു’ (‘മാഡ്നെസ്സ് മീറ്റ്സ് മാഡ്നെസ്സ്’) എന്നാണ് അതിനെ അരുൺ മാതേശ്വരൻ കാവ്യ സുന്ദരമായി പരിചയപ്പെടുത്തുന്നത്. ഇൻ്റർവെൽ ബ്ലോക്ക് മാത്രമല്ല, ഇൻ്റർവെൽ അനൗൺസ്മെൻ്റിന് പകരമായും സ്‌ക്രീനിൽ തെളിയുന്നത് ചോരനിറമുള്ള ആ കവിതയാണ്. അവിടുന്നങ്ങോട്ട് അവരിരുവരും ചേർന്നുള്ള ആട്ടമാണ്. നീതിയ്ക്കും മരണത്തിനുമിടയിലെ തീക്ഷ്ണ സമരത്തിന്റെ ഒരവസാന ആട്ടം; വൺ ലാസ്റ്റ് ബ്ലഡി ഡാൻസ്.
നീതി നടപ്പാക്കാനുത്തരവാദപ്പെട്ട സ്റ്റേയ്റ്റും പൊലീസ് സംവിധാനവും നീതിയുടെ അന്തകരാകുമ്പോൾ ദാസും കൂട്ടുകാരും വടിവാളിന് പകരം തോക്ക് കയ്യിലെടുക്കുന്നു.
അതിനുമുമ്പും ഇടയിലും അവരുടെ കീറിപ്പറിഞ്ഞ ജീവിതത്തിന്റെ ഊടും പാവും തിരക്കുന്നുണ്ട് സംവിധായകൻ അരുൺ മാതേശ്വരനും അരുൺ രഞ്ജനും ഫ്രാങ്ക്ളിൻ ജെയ്ക്കബും ചേർന്ന് രചിച്ച തിരക്കഥ. സ്വത്തിന്റെ പേരിൽ തന്റെ അമ്മയെ സ്വന്തം അമ്മാവൻ വെട്ടിക്കൊല്ലുന്നത് കണ്ടതാണ് ദേവദാസിന്റെ (ലോകേഷ് കനകരാജ്) ബാല്യത്തിലെ മായാത്ത ഓർമകളിലൊന്ന്. നീതി പരാജയപ്പെട്ടപ്പോൾ വാക്കത്തി കൈയിലെടുത്ത് എതിർ കൊലയിലൂടെ ഉള്ളിലെ തീ അടക്കുവാനായിരുന്നു ആ ബാലന്റെ വിധി. ചേർത്തു നിർത്തുന്നതിന് പകരം അതോടെ അവനെ സ്വന്തം അപ്പൻ പോലും തള്ളിക്കളയുന്നു. സമാനമാവും ഒരു പക്ഷേ അവനോട് ചേരുന്ന സെബാസ്റ്റ്യൻ, കറുപ്പ്, കിട്ടി തുടങ്ങിയ തോഴന്മാരുടെയും പശ്ചാത്തലം. അത് മാതേശ്വരൻ വിശദീകരിക്കുന്നില്ല. അവർ യോജിക്കുന്നതോടെ മാവോയിസ്റ്റ് സ്വഭാവമുള്ള ഒരു ഗാംഗാണ് രൂപപ്പെടുന്നത്.

നീതി നടപ്പാക്കാനുത്തരവാദപ്പെട്ട സ്റ്റേയ്റ്റും പൊലീസ് സംവിധാനവും നീതിയുടെ അന്തകരാകുമ്പോൾ ദാസും കൂട്ടുകാരും വടിവാളിന് പകരം തോക്ക് കയ്യിലെടുക്കുന്നു. സിനിമയുടെ തുടക്കത്തിൽ തന്നെയുള്ള ഒരു ഫാസ്റ്റ് പെയ്‌സ്ഡ് ഹെയ്‌സ്റ്റ് സീനിൽ ദാസ് ഗാംഗ് പൊലീസിന്റെ ആയുധങ്ങൾ കവർച്ച ചെയ്യുന്നത് കാണാം. എന്നാൽ മേൽ സൂചിപ്പിച്ചതുപോലെ അവരാ ആയുധങ്ങൾ ആദ്യമായി പ്രയോഗിക്കുന്ന അടുത്ത രംഗം വ്യക്തമാക്കുന്നത്, കേവലം ആയുധങ്ങൾ മാത്രമായിരുന്നില്ല, അതിന്റെ കൂടി ബലത്തിൽ നടപ്പാക്കേണ്ടിയിരുന്ന നഷ്‌ടനീതിയായിരുന്നു അവർ അതേ സ്റ്റേയ്റ്റിൽ നിന്ന് പിടിച്ചെടുത്തത് എന്നാണ്.
അവിടുന്നങ്ങോട്ട് പടം അവസാനിക്കുന്നത് വരെ അവരുടെ ചെറുത്തുനിൽപിന്റെയും അതിജീവനത്തിന്റെയും പ്രയാണമാണ് ഡിസി. ഒന്നുകൂടെ സൂക്ഷ്മമായി പറഞ്ഞാൽ, ക്ലൈമാക്സിനുശേഷവും ഈ സിനിമയോ അവരുടെ പ്രയാണമോ അവസാനിക്കുന്നില്ലെന്നതാണ് സത്യം. അനന്തമായ ലോകം പോലെ അറ്റമില്ലാത്ത അനീതിയുടെ പെരുവഴികൾ തുളച്ചുകീറിക്കൊണ്ട് അവരുടെ പ്രയാണം തുടരുക തന്നെയാണ്.
ഈ ഓട്ടത്തിനിടയിലാണ് ദാസ് പാർവതിയെയും (സഞ്ജന കൃഷ്ണമൂർത്തി) ചന്ദ്രമുഖിയെയും (വാമീഖ ഗബ്ബി) കണ്ടുമുട്ടുന്നത്. പാർവതിയുമായുള്ള പ്രണയം അൽപകാലത്തേക്കായിരുന്നെങ്കിൽ ചന്ദ്ര, ദാസിന്റെ ജീവിത പങ്കാളിയായി മാറുന്നു. ദാസിനേക്കാൾ ദുരന്തപൂർണമാണ് പാർവതിയുടെ ജീവിതവും ചന്ദ്രയുടെ പിൻകഥയും. പാർവതിയ്ക്ക് സാധിക്കാതെ പോയ പോരാട്ടം ചന്ദ്ര ഏറ്റെടുക്കുന്നവെന്ന് മാത്രം. ദാസും ചന്ദ്രയും, ‘ഡിസി’ എന്ന ടൈറ്റിൽ പോലെ ഒന്നുചേരുന്നു. ആ പരസ്പരപൂരണം വിവിധ രംഗങ്ങളിൽ മാതേശ്വരൻ വ്യക്തമാക്കുന്നുണ്ട്.
അത്ഭുതപ്പെടുത്തുന്ന അഭിനയ മികവാണ് ലോകേഷ് കനകരാജ് പ്രദർശിപ്പിക്കുന്നത്. ദാസിന്റെ മുഖരിതമായ വന്യതയും വിനമ്രമായ ആർദ്രതയും ലോകേഷ് സുന്ദരമായി ആവിഷ്കരിക്കുന്നു.
ഒരു പാവം കർഷകത്തൊഴിലാളിയുടെ വീട് വിറ്റ പണം പൊലീസോഫീസർ പിടിച്ചുപറിക്കുകയും ആ പാവത്തെ കൊന്നുതള്ളുകയും ചെയ്യുന്ന ഒരു രംഗമുണ്ട് ‘ഡിസി’യിൽ. മകന്റെ വിദ്യാഭ്യാസത്തിനായിരുന്നു ആ മനുഷ്യൻ കിടപ്പാടം വിറ്റതെന്നുകൂടി ശ്രദ്ധിക്കണം. നമ്മുടെ ഭരണകൂട- അധികാരവ്യവസ്ഥ എത്രമാത്രം ഹൃദയശൂന്യവും ഫ്യൂഡലിസ്റ്റിക്കുമാണെന്നതിന്റെ ശക്തമായ വെളിപ്പെടുത്തലാണത്. വിദ്യ കൊണ്ട് പ്രബുദ്ധരാകേണ്ട ദലിത്- പിന്നാക്ക മർദ്ദിത ജനവിഭാഗങ്ങളുടെ വിമോചനത്തിന്റെ പ്രതീകമാണ് നിസ്സങ്കോചം കവർച്ച ചെയ്യപ്പെട്ട ആ പണം.
ആ കുട്ടിയ്ക്ക്, പകരം പണം സ്വരൂപിച്ചു നൽകുക എന്ന മിഷനാണ് ജീവൻമരണപ്രയാണങ്ങൾക്കിടയിലും പിന്നീട് ദാസും കൂട്ടുകാരും ഏറ്റെടുക്കുന്നത്. സാഹചര്യങ്ങളാൽ വഴിതെറ്റിപ്പോയ ഒരു ക്രിമിനൽ ഗ്യാങ്ങിന്റെ വയലൻസിനപ്പുറം വിമോചനത്തിന്റെ രാഷ്ട്രീയത്തിന്റെ അന്തർധാര ആ യുവാക്കളിൽ ഉൾച്ചേർന്നതായി തിരിച്ചറിയേണ്ട സന്ദർഭമാണിത്. സമാനമാണ് ചന്ദ്രയുടെയും കൂട്ടുകാരികളുടെയും റെസ്‌ക്യൂവിന്റെ കാര്യവും. തന്റെ അപഹരിക്കപ്പെട്ട സ്ത്രീത്വത്തിന്റെ നോവിന്റെ താഴ്‌വരയിൽ ഹതാശതയുടെ പ്ലാസ്റ്റിക് പൂവ് ചൂടി സ്വയം നീറി ജീവിക്കുന്ന ചന്ദ്രയുടെ ഹൃദയത്തിൽ മുക്തിയുടെയും പ്രണയത്തിന്റെയും പ്രതീക്ഷയുടെയും ചെമ്പനീർപ്പൂവ് വിരിയിക്കുന്നത് ദാസാണ്. സ്വാഭാവികമായും അവൾ അയാളുടെ മിഷനിൽ സ്വയമലിഞ്ഞു ചേരുന്നു.

മറ്റൊരു സന്ദർഭത്തിൽ, സ്റ്റേറ്റിന്റെ പ്രതിനിധികൾ പരസ്പരം കൈക്കൂലി കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് കാണാം. അത്രയേറെ അന്തസ്സാരശൂന്യവും ജീർണിതവുമായൊരു വ്യവസ്ഥയിൽ എൻകൗണ്ടർ കൊലപാതകങ്ങളൊക്കെ വെറും സ്വാഭാവിക നടപടികളായി മാറുകയും കുടുംബത്തെയോർത്ത് വേദനിക്കുന്ന പൊലീസുകാരന്റെ മനസ്സിന്റെ ആർദ്രത അശ്ലീലമായിത്തീരുകയും ചെയ്യുന്നതിൽ ആശ്ചര്യപ്പെടേണ്ടെന്ന് അരുൺ മാതേശ്വരൻ വിളിച്ചു പറയുന്നു. ദാസിനെ രണ്ടു തവണ ഒറ്റുകൊടുക്കുന്നുണ്ട് സിനിമയിൽ. അവർ രണ്ടു പേരോടും രണ്ട് സമീപനം കൈക്കൊള്ളുന്നതിലും സിനിമയുടെ സൂക്ഷ്മ രാഷ്ട്രീയം വ്യക്തമാണ്.
അത്ഭുതപ്പെടുത്തുന്ന അഭിനയ മികവാണ് ലോകേഷ് കനകരാജ് പ്രദർശിപ്പിക്കുന്നത്. ദാസിന്റെ മുഖരിതമായ വന്യതയും വിനമ്രമായ ആർദ്രതയും ലോകേഷ് സുന്ദരമായി ആവിഷ്കരിക്കുന്നു. ഒപ്പം മത്സരിച്ചഭിനയിക്കുന്നുണ്ട് വാമിഖ ഗബ്ബി. സഞ്ജനയും വേട്ടക്കാരനായ പൊലീസോഫീസറെ അവതരിപ്പിച്ച നടനുൾപ്പെടെയുള്ളവരും മികച്ച പിന്തുണ നൽകുന്നു.
വൈകാരികാവേശമുയർത്തുന്ന ബീറ്റുകൾ തീവ്രതാളത്തിൽ കൊട്ടിക്കയറുമ്പോൾ സ്‌ക്രീനിൽ നിന്ന് പ്രേക്ഷകനിലേക്ക് വിദ്യുത്പ്രവാഹം സാധിച്ചെടുക്കുകയാണ് അനിരുദ്ധെന്ന യുവ സംഗീത മാന്ത്രികൻ.
അരുൺ മാതേശ്വരന്റെ സംവിധായക പ്രതിഭയോട് ചേർന്നുനിൽക്കുന്ന സാങ്കേതിക കലാ സൗന്ദര്യമാണ് ‘ഡിസി’യുടെ പരമമായ ആകർഷണം. അനിരുദ്ധ് രവിചന്ദറിന്റെ അവാച്യസംഗീതം ‘ഡിസി’യെ ഒരു പീക്ക് സിനിമാറ്റിക് അനുഭവമാക്കി ഉയർത്തുന്നു. അനിരുദ്ധിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് മാത്രമല്ല, സമകാലിക ഇന്ത്യൻ സിനിമയിൽ മുഴങ്ങിക്കേട്ട ഏറ്റവും മികച്ച പശ്ചാത്തല സംഗീതമാണ് ‘ഡിസി’യിലേത്. ശാസ്‌ത്രീയസംഗീതം മുതൽ ഹെവി മെറ്റലുകളും ബാൻ്റ് വാദ്യവും വരെ ‘ഡിസി’യ്ക്ക് ഭാവോത്തേജനം നൽകാൻ അനിരുദ്ധ് പ്രയോജനപ്പെടുത്തുന്നുണ്ട്.
വൈകാരികാവേശമുയർത്തുന്ന ബീറ്റുകൾ തീവ്രതാളത്തിൽ കൊട്ടിക്കയറുമ്പോൾ സ്‌ക്രീനിൽ നിന്ന് പ്രേക്ഷകനിലേക്ക് വിദ്യുത്പ്രവാഹം സാധിച്ചെടുക്കുകയാണ് അനിരുദ്ധെന്ന യുവ സംഗീത മാന്ത്രികൻ. ‘രാഗ ഓഫ് റിവഞ്ചൊ’ക്കെ അനന്യമായ തിയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്. മുകേഷ് ജി (ഛായാഗ്രഹണം), രംഗ (കളറിസ്റ്റ്), പ്രസന്ന ജി.കെ. (ചിത്രസംയോജനം), കണ്ണൻ എസ്. (കലാസംവിധാനം), പി.സി. സ്റ്റണ്ട്സ് (സംഘട്ടനം), വിനീത് കുമാർ, വിനയ് ശ്രീധർ (സൗണ്ട്) എന്നീ സാങ്കേതിക- കലാകാരന്മാർ ഡിസിയ്ക്ക് ഉയിരും ഉണർവുമേകുന്നു. ‘ഡിസി’യുടെ കഥ പറച്ചിലിന്റെ മൂഡ് സെറ്റ് ചെയ്യുന്നതിൽ ഇരുളിൻ്റയും വെളിച്ചത്തിന്റെയും നിറക്കൂട്ടിന്റെയും സവിശേഷമായ വിന്യാസം വഹിക്കുന്ന പങ്ക് അതിപ്രധാനമാണ്.

ചുവപ്പ്, നീല കളർ പാലെറ്റുകളുടെ ഉത്‌സവമാണീ ചിത്രം. ദാസിന്റെ രോഷവും അയാളുടെ പോരാട്ടത്തിൽ ചൊരിയുന്ന ചോരയും ചുവപ്പിലും ചന്ദ്രയുടെ മരവിപ്പും ഉയിർപ്പും നീലയിലും നിറയുന്നു. ഒളിയിടങ്ങളുടെയും പെൺമാംസവ്യാപാര കേന്ദ്രങ്ങളുടെയും അകത്തളങ്ങളുടെ നിഗൂഢമായ ഇരുളും പകർത്തി ഒടുവിൽ അനന്തമായ വഴിയുടെ നിറങ്ങളിലേക്ക് അകന്നുപോകുകയാണ് ഡിസിയുടെ ദൃശ്യശോഭ.
തിരക്കഥയുടെ ആകെത്തുകയിൽ ‘ഡീസി’യ്ക്ക് നേരെ വിമർശനങ്ങളുയർത്താവുന്ന ഘടകങ്ങളുണ്ട്. പക്ഷേ അതിനുമപ്പുറത്തേക്കുയരുന്ന സൗന്ദര്യവും രാഷ്ട്രീയവും ഈ സിനിമയെ ഒന്നാന്തരം കലാനുഭവമാക്കി മാറ്റുന്നു.

