ആര്യ ദയാൽ

2024-ൽ ആര്യ ദയാലിന്
ഇഷ്ടപ്പെട്ട സിനിമ മലൈക്കോട്ടെ വാലിബ​ൻ

Truecopy Webzine ന്റെ ഇയർ എൻ്റർ സിനിമാ പാക്കറ്റ്, 2024 Frames. 2024- ലെ ഏറ്റവും മികച്ച ദൃശ്യാനുഭവമായി ഗായിക ആര്യ ദയാൽ തിരഞ്ഞെടുത്തിരിക്കുന്നത് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ ആണ്. വാലിബന്റെ കാഴ്ചാനുഭവം പങ്കു വെക്കുകയാണ് ആര്യ.

2024-ൽ റിലീസായ മലൈക്കോട്ടെ വാലിബൻ എന്ന ആര്യ ദയാൽ സിനിമയെക്കുറിച്ചാണ് എനിക്ക് പറയാൻ തോന്നുന്നത്. കാലം തെളിയിക്കും എന്നു പറയുന്ന ചില ആർട്ട് വർക്കുകളുണ്ടല്ലോ. വേറൊരു ജനറേഷൻതന്നെ വേണ്ടിവരും, അത്തരമൊരു കലാസൃഷ്ടിയെ അംഗീകരിക്കാൻ. ഒരുപക്ഷെ, പത്തോ ഇരുപതോ കൊല്ലം കഴിഞ്ഞാൽ, അന്നത്തെ തലമുറ അപ്രീഷിയേറ്റ് ചെയ്യുമെന്ന് എനിക്കു തോന്നുന്ന സിനിമയാണ് മലൈക്കോട്ടെ വാലിബൻ.

വിഷ്വലി, വളരെ മനോഹരമായ തിയേറ്റർ അനുഭവമായിരുന്നു ഈ സിനിമ. സിനിമയിൽ ഉപയോഗിച്ച ചുവപ്പും മഞ്ഞയും പോലുള്ള നിറങ്ങൾ, അത് ഓരോ ഇമോഷനുകളുമായി കണക്റ്റ് ചെയ്ത വിധമൊക്കെ ഗംഭീരമാണ്. ഓരോ ഫ്രെയിമും വെൽ കാൽക്കുലേറ്റഡ് ആയി പ്ലേസ് ചെയ്തിരിക്കുന്നു. പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമുള്ളതുകൊണ്ടാണോ എന്നറിയില്ല, എനിക്ക് ഒരു അമർ ചിത്രകഥ വായിക്കുന്ന ഫീലാണ് ഈ സിനിമ തിയേറ്ററിൽ കണ്ടപ്പോഴുണ്ടായത്.

മലൈക്കോട്ടെ വാലിബൻ സിനിമയിലെ ഒരു രംഗം.
മലൈക്കോട്ടെ വാലിബൻ സിനിമയിലെ ഒരു രംഗം.

ഇപ്പോഴുള്ള മാസ് ഓഡിയൻസിന് ഇഷ്‌പ്പെടുന്ന സിനിമയായിരിക്കുകയില്ല ഇത്. അവരുടെ ടെയ്‌സ്റ്റും എക്‌സ്‌പെക്‌ടേഷനും വേറെയായിരിക്കും. അതിൽനിന്ന് വ്യത്യസ്തമായ സിനിമയായിരിക്കും ഇത്. എന്നാൽ, എനിക്ക് തിയേറ്ററിൽ വ്യത്യസ്ത അനുഭവമാണുണ്ടായത്. ഓരോ ഫ്രെയിംമും മാറിവരുമ്പോൾ, പത്തു വയസ്സിനു താഴെയുള്ള കുട്ടികളുടെ മനസ്സിൽ ഓരോ ചോദ്യമുയരും; ‘എന്തിനാണ് അങ്ങനെ ചെയ്തത്’ എന്ന മട്ടിൽ. അത്തരം ചോദ്യങ്ങൾ കുട്ടികളുടെ ഉള്ളിൽ ചോദിപ്പിക്കാൻ തോന്നിപ്പിക്കുന്ന കുറെ കാര്യങ്ങൾ ഈ സിനിമയിലുണ്ട്.

കരുത്ത് എന്നു പറഞ്ഞാൽ ആദ്യം മനസ്സിൽ വരുന്നത് കായിക ബലമാണ്. ഒരാളെ തല്ലിത്തോൽപ്പിക്കാൻ പറ്റുമോ എന്നാണ് ആദ്യം തോന്നുക. എന്നാൽ, കായിക ബലത്തേക്കാൾ മനസ്സുകൊണ്ട് ഫൈറ്റ് ചെയ്യുന്നതിനാണ് ശരിക്കും ബലം വേണ്ടത്. ആ ഒരു കരുത്ത് മലൈക്കോട്ടെ വാലിബന് ഉണ്ടോ എന്നറിയാൻ എനിക്ക് ഒരുപാട് കൊതിയുണ്ട്. അതുകൊണ്ടുതന്നെ, ഈ സിനിമയുടെ രണ്ടാമത്തെ ഭാഗം കാണാൻ ഏറെ കൊതിയുണ്ട്. ഈയൊരു കാര്യമാണ് എന്നെ ഏറെ ക്യൂരിയസാക്കുന്നത്; കഥ എങ്ങനെയോ ആയിക്കോട്ടെ, കരുത്തനായ വാലിബൻ, മാനസികമായി കരുത്തുള്ള ആളാണോ എന്നറിയണം.

Comments