മനുഷ്യരുടെ ലൈംഗികത എന്നത് കുടുംബവ്യസ്ഥയുമായി എത്രമാത്രം പൊരുത്തപ്പെട്ട് പോകുമെന്നത് ഇന്നും വ്യക്തമല്ല എന്നതാണ് സത്യം. പരസ്പരം പൊരുത്തപ്പെടാത്തവർ കുടുംബബന്ധത്തിൽ പെടുന്നത് പലപ്പോഴും ബാഹ്യമായ, പ്രധാനമായും സാമ്പത്തികമോ സാമൂഹ്യനിയമബന്ധിതമോ ആയ ത്വരിതപ്പെടുത്തലാൽ ആയിരിക്കാം.
സ്വന്തം പ്രണേതാവിനെ വിവാഹം കഴിക്കാൻ പറ്റാതെ അപരരെ കല്യാണം കഴിച്ച് ദുസ്സഹത ഉള്ളിലൊതുക്കുന്ന സ്ത്രീകൾ ഇന്ത്യൻ സിനിമകളിൽ പണ്ടു മുതലേ പോപ്പുലർ കഥാഗതിയാണ്. ദേവദാസ് എന്ന ബംഗാളി നോവൽ (പല സിനിമാ ആവിഷ്ക്കാരങ്ങളും) ഈ പ്രതിപാദ്യത്തെ ആവോളം മിഴിവോടെ ഉള്ളടക്കിയിട്ടുണ്ട്, പിന്നീട് നിരവധി സിനിമകളും ഈ കഥയെ ആസ്പദമാക്കി പിറവിയെടുത്തിട്ടുമുണ്ട്. അഭിവാഞ്ഛകളുടെ ഉല്ലംഘനമോ സമൂഹനിയന്ത്രണങ്ങളോ ദേവദാസ് എന്ന നായകനെ ആത്മനാശത്തിലും തദ്വാരാ മരണത്തിലും എത്തിയ്ക്കുന്നുണ്ട്.
‘ഗുമ്രാഹ്’ എന്ന ഹിന്ദി സിനിമയിലാകട്ടെ കുടുംബസാഹചര്യങ്ങളുടെ നിർബ്ബന്ധത്താൽ സ്വകാമുകനെ പരിത്യത്യജിക്കേണ്ടിവന്ന് മറ്റൊരു വിവാഹത്തിൽ ഏർപ്പെടേണ്ടിവന്ന നായികയ്ക്ക് അയാളെ മറക്കാൻ കഴിയുന്നില്ല എന്നതിന് കനത്ത ശിക്ഷയാണ് ലഭിക്കുന്നത്. കാമനകളെ അടക്കുക എന്നത് വിവാഹജീവിതത്തിന്റെ ഭാഗമായി ഇന്നും പാശ്ചാത്യരാജ്യങ്ങളിലല്ലാതെ മറ്റ് ദേശങ്ങളിൽ സമൂഹനീതിയിൽ ഉൾപ്പെടുന്നതാണ്.
കള്ളത്തരം മാത്രമാകുന്ന ജീവിതം
സ്വവർഗ്ഗാനുരാഗികളിൽ ഇത് ഉൽക്കടമായ വ്യഥകളിലേക്കും തീവ്രഏകാന്തതയിലേക്കും തള്ളിയിടപ്പെടുന്ന അവസ്ഥയിലാക്കുന്ന നിശ്ശബ്ദസംഘർഷമായാണ് അനുഭവം. പരസ്ത്രീഗമനം വിവാഹജീവിതം നയിക്കുന്ന ആണുങ്ങൾക്ക് സമൂഹം പണ്ടേയ്ക്ക് പണ്ടേ ഗൂഢമെന്ന നാട്യത്തിൽ അനുവദിച്ചുകൊടുത്തിട്ടുള്ളതാണ്, ‘വേശ്യാവൃത്തി’ എല്ലാ സംസ്കാരങ്ങളിലും കരുത്തോടെ നിലനിൽക്കുന്നുമുണ്ട്. സ്വവർഗ്ഗാനുരാഗത്തിനു പരസ്യസമ്മതി അനുവദിച്ചു കൊടുത്തിട്ടില്ലാത്തതിനാൽ അവർക്ക് വ്യഥകൾ ഉള്ളിലൊതുക്കുകയേ നിവൃത്തിയുള്ളു.

“ജീവിതം ഒരു കള്ളത്തരം മാത്രമായിരുന്നു” എന്ന് വേദനയോടേ സമ്മതിയ്ക്കുന്ന ഡേവിഡ് എന്ന കഥാപാത്രത്തിന് അന്തിമമെങ്കിലും ആശ്വാസവിമുക്തി സാധിതമാകുന്ന കഥയാണ് ‘നമ്മിൽ നമ്മെ കാണും പോൽ’ (As We See Us) എന്ന ഹ്രസ്വസിനിമയിൽ ആവിഷ്ക്കരിക്കപ്പെടുന്നത്. വൃന്ദ. ബീ, ജിജോ കുര്യാക്കോസ് എന്നിവരാണ് സംവിധാനം. ബെർലിൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രദർശിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സിനിമയാണിത്.

ഡേവിഡ് സ്വന്തം സ്വവർഗ്ഗപ്രേമാനുശീലനം മറച്ചുവെച്ചുകൊണ്ടാണ് ദാമ്പത്യജീവിതം നയിച്ചിരുന്നത്. ചാൾസ് ഡിക്കൻസിന്റെ ‘A Christmas Carol’ എന്ന നോവലിന്റെ അംശങ്ങൾ സ്വാംശീകരിച്ചിട്ടുണ്ട് എന്ന് സംവിധായകർ മുൻകൂർജാമ്യം എടുക്കുന്നുണ്ടെങ്കിലും അതുമായി സാമ്യങ്ങൾ കാണേണ്ടതില്ല. ക്രിസ്തുമസ് കഴിയുന്നതോടെ ജീവിതം തളിർക്കുന്ന മനുഷ്യനായി ഡേവിഡ് മാറുന്നു എന്നതൊഴികെ.
‘നമ്മിൽ നമ്മെ കാണുമ്പോൾ’ എന്ന പേർ അന്വർത്ഥമാകും വിധം സ്വയം അറിവുണ്ടായിരുന്ന ആത്മവ്യക്തിത്വത്തിനു വൈകിയെങ്കിലും സാർഥകമായ തിരിച്ചറിവുകൾ അവനവനും പ്രണേതാവിനും സംഭവിക്കുന്നു എന്നതാണ് പ്രതിപാദ്യത്തിന്റെ കാതൽ. ഡേവിഡിന്റെ പ്രേമിയായ ജോനതൻ ചോദിക്കുന്നത്, “ഡേവിഡ് നീ എത്രകാലം എന്നിൽ നിന്ന് ഒളിച്ചിരിക്കും”എന്നാണ്.

മൈക്കലാഞ്ജലോയുടെ ‘ഡേവിഡ്’ എന്ന പ്രതിമ നിമിത്തമായാണ് ഡേവിഡിനേയും പരിചരിക്കാൻ വന്ന ക്രിസ്റ്റിയേയും തുറന്നു പറച്ചിലുകളിലേക്ക് നയിക്കുന്നത്. ക്രിസ്റ്റിയുടെ സ്കൂൾ ടീച്ചർ ആയിരുന്ന ഡേവിഡിനോട് അന്നേ തന്നെ ഈ ഡേവിഡ് പ്രതിമയെ ഉറ്റുനോക്കിയിരുന്നെന്ന് സമ്മതിക്കുന്നുണ്ട് ക്രിസ്റ്റി. ക്രിസ്റ്റിയുടെ ലൈംഗികത അയാൾ വെളിവാക്കുന്നുണ്ട്, ഡേവിഡ് സ്വവർഗ്ഗപ്രേമിയാണെന്ന് മനസ്സിലാക്കുന്നുമുണ്ട്. തന്റെ കുടുംബജീവിതം എപ്രകാരം വ്യർഥമായിരുന്നു എന്ന് ഡേവിഡ് തുറന്നു സമ്മതിക്കുന്നു. ഭാര്യയ്ക്ക് എല്ലാം അറിയാമായിരുന്നു, എന്നാൽ അവർ അറിഞ്ഞില്ലെന്ന് നടിച്ചു എന്ന് ഡേവിഡ് സമ്മതിക്കുന്നുണ്ട്. ഇപ്പോൾ തനിച്ചായപ്പോൾ അയാൾക്ക് വാസ്തവത്തിൽ ആശ്വാസമുണ്ട്. വിവാഹജീവിതം വൻ ഉത്തരവാദിത്തം ഏൽപ്പിക്കുന്നു, മറ്റൊരാളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ജീവിക്കുക എന്നത് കടുത്ത ഭാരം തന്നെ. ‘ഒറ്റയ്ക്കാവുമ്പോൾ ആരേയും ഇംപ്രെസ് ചെയ്യണ്ടല്ലോ’ എന്ന ആത്മഗതം ഡേവിഡിനുണ്ട്.
കവികളും കഥാകാരരും പണ്ടേയ്ക്ക് പണ്ടേ പാടിപ്പുകഴ്ത്തിയിട്ടുള്ള ശാശ്വതപ്രണയം സ്വവർഗ്ഗാനുരാഗികൾക്കും ബാധകമെന്ന് ‘നമ്മിൽ നമ്മെ കാണുമ്പോൾ’ എന്ന ഹ്രസ്വസിനിമ ഉറപ്പിച്ചെടുക്കുന്നു.

കുടുംബജീവിതത്തിൽ പ്രവേശിക്കുന്നതിനു മുമ്പുതന്നെ പ്രതിശ്രുതവധുവിനോട് താൻ സ്വവർഗ്ഗപ്രേമിയാണെന്ന് തുറന്നുപറഞ്ഞ് അതിൽനിന്ന് ഇരുവരും പിന്മാറുന്നതാണ് ജിജോ നേരത്തെ സംവിധാനം ചെയ്ത ‘വെളിപാട് ‘എന്ന സിനിമയുടെ കഥാതന്തു. എന്നാൽ അത് ഇന്ന് നടക്കുന്ന കഥയാണ്. ഡേവിഡിന്റെ ചെറുപ്പകാലത്ത്, അതായത് അൻപതോ അറുപതോ വർഷങ്ങൾക്ക് മുൻപ്, ഇത്തരമൊരു സാഹചര്യം നിലനിന്നിരുന്നില്ല. ഡേവിഡിന് അന്ന് സാധിക്കാത്തതാണിത്; കാരണം സമൂഹം അന്ന് സ്വവർഗ്ഗലൈഗികതയെ ഒട്ടും അംഗീകരിച്ചിരുന്നില്ല എന്നതു തന്നെ. ഇന്ന് അവരവരെ തിരിച്ചറിയുന്ന വേള രഹസ്യമാക്കേണ്ടതില്ലാത്ത സാഹചര്യങ്ങളുമുണ്ടെന്ന് സൂചിപ്പിക്കാനാണ് സംവിധായകർക്ക് താൽപ്പര്യം. മാംസനിബദ്ധമല്ലാത്ത അനുരാഗം പ്രകീർത്തിക്കപ്പെടുകയാണിവിടെ.
ഒരു ജീവിതം ജീവിച്ചു കഴിഞ്ഞ്, പരസഹായമില്ലാതെ ജീവിക്കാൻ പ്രയാസം വന്ന് ഭവിച്ച കാലത്താണെങ്കിലും തന്റെ പ്രിയനുമായിച്ചേരുന്ന വേള ക്രിസ്തുമസ് ആഘോഷിക്കാൻ ഡേവിഡിന് കാരണമാകുന്നു. ക്രിസ്റ്റിയാണ് ഇതിനു മുൻ കൈ എടുത്തത്. ക്രിസ്റ്റിയുടെ സഹായം ഇനി ആവശ്യമില്ല എന്ന് തിരിച്ചറിഞ്ഞ് അയാൾ ദൗത്യം നിർവ്വഹിച്ച ചരിതാർത്ഥ്യത്തോടെ തിരിച്ചുപോകുന്ന രംഗമാണ് അവസാനം.
എം.ടിയുടെ ‘വാനപ്രസ്ഥം’ എന്ന കഥ (പിന്നീട് സിനിമയും) വിപരീതലിംഗകാമി (Heterosexual) കൾക്ക് പ്രണയസാഫല്യം വാർദ്ധക്യത്തിൽ സാധിതമാക്കുന്ന പ്രമേയം ഉൾക്കൊള്ളുന്നതാണ്. അതേ കഥാഗതിയുടെ സമാന്തരം തന്നെ ഇത്. കവികളും കഥാകാരരും പണ്ടേയ്ക്ക് പണ്ടേ പാടിപ്പുകഴ്ത്തിയിട്ടുള്ള ശാശ്വതപ്രണയം സ്വവർഗ്ഗാനുരാഗികൾക്കും ബാധകമെന്ന് ‘നമ്മിൽ നമ്മെ കാണുമ്പോൾ’ എന്ന ഹ്രസ്വസിനിമ ഉറപ്പിച്ചെടുക്കുന്നു. വളരെ സൗമ്യമായ പരിചരണരീതി കൈക്കൊണ്ടാണ് സിനിമ മുന്നേറുന്നത്. ക്രിസ്മസ് വേളയിൽ ‘നീലശിശിരരജനി നീളേ ഇടയസ്നേഹഗാഥ എങ്ങും അലയടിയ്ക്കുന്നു’ എന്ന് സൂചിപ്പിക്കുന്ന ഗാനം പശ്ചാത്തലത്തിൽ മുഴങ്ങുന്നുണ്ട്.

ലൈംഗികതയേക്കാൾ മാനസികമായ അടുപ്പം
സ്വവർഗ്ഗപ്രേമികളുടെ ശാരീരികസംയോഗാഭിനിവേശം ച്ത്രീകരിക്കുന്നതാണ് അവരുടെ മാനസിക അടുപ്പത്തിന്റെ പ്രത്യക്ഷങ്ങൾ എന്നൊരു ധാരണ പൊതുവേയുണ്ട്. ലോകത്തെമ്പാടും നിർമ്മിക്കപ്പെട്ട മിക്ക സമലിംഗകാമി (Homosexual) കളുടെ സിനിമകളിലും ദൈഹികമായ ദൃഢസംസർഗ്ഗങ്ങൾ ചിത്രീകരിക്കപ്പെടാറുണ്ട്. ‘ബ്രോക്ബായ്ക് മൗണ്ടനി’ലെ രംഗങ്ങൾ ഓർക്കുക. പ്രണയതീവ്രതയേക്കാൾ ലൈംഗികപ്രകടനാത്മകതയ്ക്ക് പ്രത്യക്ഷം ചമയ്ക്കേണ്ടതാണ് ആവശ്യം എന്ന മാതിരി.
ജിജോ കുര്യാക്കോസ് ചെയ്ത രണ്ട് സിനിമകളിലും ഈ പ്രത്യക്ഷങ്ങൾ ചേർക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഡേവിഡിൻ്റേയും ജോനതൻ്റേയും പ്രണയം ശരീരപരതയിൽ ഒതുക്കപ്പെടുന്നതല്ല. പുരുഷന്റെ ശരീരസൗന്ദര്യം ആകർഷണീയതയുടെ ഒരു പൊതുഘടമായി സിനിമയിൽ ഉൾച്ചേർക്കപ്പെട്ടിട്ടുണ്ടെങ്കിലും. മൈക്കലാഞ്ജലോയുടെ ഡേവിഡ് പ്രതിമ സൂചിപ്പിക്കുന്നതിൽ ഊന്നിയല്ല കഥ പുരോഗമിക്കുന്നത്. പരസഹായമില്ലാതെ ചെറിയ അനക്കങ്ങൾ പോലും സാദ്ധ്യമാകത്ത ഡേവിഡീന്റെ വൃദ്ധശരീരം കാംക്ഷിയ്ക്കുന്നത് പ്രണയസാഫല്യം മാത്രമാണ് എന്നതിൽ അതിശയോക്തി തീരെ ഇല്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ഭാര്യയിൽ താൽപ്പര്യമില്ലാത്ത നായകന്മാരുടെ ലൈംഗികതയെക്കുറിച്ച് പരാമർശമോ അന്വേഷണമോ ഇന്ത്യൻ പരിപ്രേക്ഷ്യത്തിൽ സംഗതമാകാറില്ല. അവർക്ക് പുല്ലുവിലയാണ്, ‘യക്ഷി’ എന്ന സിനിമയിലെ നായകനെപ്പോലെ. ‘അഗ്നിസാക്ഷി’, ‘മണിച്ചിത്രത്താഴ്’ ഒക്കെ മറ്റ് ഉദാഹരണങ്ങളാണ്.
ലിംഗരാഷ്ട്രീയ സമസ്യകളിൽ സ്വവർഗ്ഗാഭിനിവേശം പലപ്പോഴും ഉൾപ്പെടുത്താറില്ല. കുടുംബത്തിനുള്ളിലെ ഭിന്ന ലൈംഗികതാഭിനിവേശം ഇന്ത്യൻ സിനിമകളിൽ അപൂർവ്വമായേ ചിത്രീകരിക്കപ്പെടാറുള്ളു. സ്വന്തം ലൈംഗികതയ്ക്ക് തുറസ്സുകളില്ലാതെ, സമൂഹസമ്മർദ്ദങ്ങളാൽ വിവാഹം കഴിച്ച് അപരവ്യക്തിത്വം ചമയപ്പെടേണ്ടിവരുന്ന ഭാര്യാ ഭർത്താക്കന്മാരെക്കുറിച്ച് കഥകളോ സിനിമാആവിഷ്ക്കാരങ്ങളോ തുലോം കുറവാണ് എന്നത് സത്യം മാത്രമാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഇംഗ്ളീഷി’ൽ സരസ്വതി (നാദിയ മൊയ്തു) തന്റെ ഭർത്താവ് സ്വവർഗ്ഗാനുരാഗിയാണെന്ന് കണ്ടുപിടിയ്ക്കുന്നത് അവളുടെ ആത്മശോഷണത്തിന് ഉപാധി എന്ന മട്ടിലാണ്. അയാളുടെ കാഴ്ചപ്പാടിലല്ല സിനിമാക്കഥ വികസിക്കുന്നത്.

ഒരു അപവാദം ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ സിനിമയാണ്, സ്വന്തം ലൈംഗികതയെ തിരിച്ചറിഞ്ഞ് അത് സ്വയം സമ്മതിക്കാൻ ഭർത്താവിനെ പിന്തുണയ്ക്കുന്നത് ഭാര്യ തന്നെയാണ്. ഈ ഗൂഢലൈംഗികത ഭാര്യയ്ക്കും ഭർത്താവിനും എത്രമാത്രം ദുസഹമാണെന്ന് തെളിയിച്ച് അതിൽ നിന്ന് വിമുക്തി നേടാൻ ധൈര്യം കാണിക്കുന്ന ഭാര്യയെ ചിത്രീകരിച്ചിരിക്കുന്നത് മിഴിവോടെയാണ്. “മാത്യൂസിനും ഇതിൽ നിന്ന് ഒരു മോചനം വേണ്ടേ” എന്ന് അവളാണ് ചോദിക്കുന്നത്. സ്വന്തം ലൈംഗികത പരസ്യമാക്കപ്പെടുമ്പോൾ അച്ഛന്റെ മുൻപിൽ ഹൃദയം തകർന്ന് പൊട്ടിക്കരയേണ്ടിവരുന്ന മാത്യൂസിന് കദനഭാരം ഏൽപ്പിച്ചു കൊടുത്തത്, ഭാര്യയെ തൃപ്തിപ്പെടുത്തേണ്ടത് ആണിന്റെ കടമയാണെന്ന മിഥ്യ രൂഢമൂലമാക്കിയ സമൂഹം തന്നെയാണ്. ആൺകോയ്മയുടെ ലോകം തന്നെയാണ് ആണിന്റെ ലൈംഗികതയ്ക്ക് അംഗീകാരം നൽകാത്തത് എന്നത് വിരോധാഭാസം തന്നെ.
ഇതേപടി ഭാര്യയിൽ താൽപ്പര്യമില്ലാത്ത നായകന്മാരുടെ ലൈംഗികതയെക്കുറിച്ച് പരാമർശമോ അന്വേഷണമോ ഇന്ത്യൻ പരിപ്രേക്ഷ്യത്തിൽ സംഗതമാകാറില്ല. അവർക്ക് പുല്ലുവിലയാണ്, ‘യക്ഷി’ എന്ന സിനിമയിലെ നായകനെപ്പോലെ. ‘അഗ്നിസാക്ഷി’ (നോവൽ, സിനിമ), ‘മണിച്ചിത്രത്താഴ്’ എന്നീ സിനിമകൾ ഉദാഹരണങ്ങളാണ്. അത് കഴിവുകേടും കുറച്ചിലും നാണക്കേട് ഉളവാക്കുന്നതുമായിട്ടാണ് പൊതുബോധം രൂപവൽകരിക്കുന്നത് എന്നത് സുവിദിതമാണ്.
‘നമ്മിൽ നമ്മെ കാണും പോൽ’ സിനിമയിൽ ഡേവിഡിന്റെ ദാമ്പത്യജീവിതത്തിന്റെ മറ്റ് വശങ്ങളെക്കുറിച്ച് കൂടുതൽ സൂചനകളൊന്നും ഇല്ല. അയാൾക്ക് മക്കളില്ല എന്നു വേണം കരുതാൻ, ഇത് ഭാര്യയുമായുള്ള ബന്ധത്തിന്റെ സൂചനയാണോ എന്ന് വെളിവാക്കാൻ സംവിധായകരായ വൃന്ദ ബീയും ജിജോ കുര്യാക്കോസും ഒരുമ്പെടുന്നില്ല. ഒരു പക്ഷേ ഡേവിഡിന്റെ ഭാര്യയുടെ ജീവിതവും എത്രമാത്രം ദുസ്സഹമായിരുന്നിരിക്കണം എന്ന് പ്രേക്ഷകർക്ക് ആലോചിക്കാൻ വിട്ടുകൊടുത്തിരിക്കയാണ് അവർ.

