സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയമായ സിനിമകൾ അപരിചിതമല്ല. മിക്കവാറും ഇതിലൊക്കെ ഷൂട്ടിങ് രംഗങ്ങളും കഥാപാത്രങ്ങളുമായിരിക്കും വിഷയങ്ങൾ. അതു പോലെ നാടകം പ്രമേയമാക്കിയ യവനിക തൊട്ട് ആട്ടം വരെയുള്ള സിനിമകളും നമുക്ക് പരിചിതമാണ്. എന്നാൽ, സിനിമാമോഹവുമായി നടക്കുന്ന ചെറുപ്പക്കാരൻ്റെ ജീവിതവും പ്രണയവും അയാളുടെ സിനിമകളിലെ ജീവിതങ്ങളുമുള്ള, അനേകം അടരുകളുള്ള സിനിമയാണ് ‘ഒരു റൊണാൾഡോ ചിത്രം’ എന്ന സിനിമ. മൂന്ന് ഹ്രസ്വചിത്രങ്ങളും ഒരു മുഴുനീള ചിത്രവും ചേർന്ന ഈ ഒറ്റ സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചത് നവാഗതനായ റിനോയ് കല്ലൂർ ആണ്.
വലിയ ഫിലിം മേക്കറാകണമെന്ന മോഹവുമായി, ഹ്രസ്വസിനിമകളെടുത്ത് നമുക്കിടയിൽ കഴിയുന്ന അനേകം തൊഴിൽ രഹിതരിൽ ഒരാളാണ് റൊണാൾഡോ (അശ്വിൻ ജോസഫ്). അവൻ്റെ സിനിമാമോഹങ്ങൾക്ക് കുടപിടിക്കുന്ന, അവനെ സാമ്പത്തികമായി സഹായിക്കുന്ന, ജോലിയും വരുമാനവുമുള്ള കാമുകിയുമുണ്ട്. പി.കെ. അരവിന്ദൻ (ഇന്ദ്രൻ) എന്ന സമ്പന്നൻ ഒരു ഹ്രസ്വചലച്ചിത്ര മത്സരം നടത്തി അതിൽ സമ്മാനം നേടുന്നവർക്ക് മുഴുനീള ചിത്രം നിർമ്മിക്കാൻ അവസരം കൊടുക്കുമെന്ന ഓഫറുമായി വരുന്നു. തെരഞ്ഞെടുക്കപ്പെട്ട പത്ത് ചിത്രങ്ങളിൽ മൂന്നെണ്ണം പ്രദർശിപ്പിക്കുകയും അതിൽ റൊണാൾഡോവിൻ്റെ ചിത്രം മൂന്നാം സ്ഥാനത്തെത്തുകയും ചെയ്യുന്നു. ഈ സിനിമക്കകത്തുതന്നെ മൂന്ന് സിനിമകളുടെയും പ്രദർശനങ്ങൾ നടക്കുന്നുണ്ട്. ഇതിൽ മൂന്നാമതായി പ്രദർശിപ്പിച്ച് ഒന്നാം സ്ഥാനത്തെത്തിയ ‘ബാൽക്കണി കാഴ്ചകൾ’ എന്ന ഹ്രസ്വസിനിമ തന്നെ സിനിമാ മേക്കിംഗിൽ സംവിധായകൻ്റെ കഴിവ് തെളിയിക്കുന്നുണ്ട്. പക്ഷെ ഒന്നും, രണ്ടും ഒഴിവാക്കി മൂന്നാം സ്ഥാനത്തെത്തിയ സിനിമയുടെ സംവിധായകൻ റൊണാൾഡോവിനെയാണ് പി.കെ. അരവിന്ദൻ തൻ്റെ സിനിമ നിർമ്മിക്കാൻ തെരഞ്ഞെടുത്തത്. ‘ലവ് ആന്റ് റിവഞ്ച്’ ആണ് നിർമ്മിക്കേണ്ട സിനിമയുടെ വിഷയമായി നൽകിയത്. ഇതാണ് ‘ഒരു റൊണാൾഡോ ചിത്രം’ എന്ന സിനിമയുടെ കാതൽ.
ചിത്രത്തിൻ്റെ പ്രമേയം, തന്നെ ഉപേക്ഷിച്ച് മറ്റൊരാളിൻ്റെ കൂടെ ജീവിക്കുന്ന പഴയ കാമുകിയോടുള്ള പൂർവ്വകാമുകൻ്റെ പ്രതികാരമാണെന്ന പഴകിയ തിരക്കഥയാണെങ്കിലും ഉള്ളടക്കത്തിലും ട്രീറ്റ് മെൻ്റിലും ശക്തിയും പുതുമകളും ഏറെയുണ്ട്. പ്രത്യേകിച്ച് പ്രതികാരം ശാരീരികാക്രമണങ്ങളുടെ പർവ്വതീകരണമാണെന്ന മട്ടിൽ നമ്മുടെ സ്ക്രീനുകളിൽനിന്ന് നിരന്തരം ചോര ഒഴുകിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്.

കഥാപാത്രങ്ങളുടെ ക്രിസ്തീയ പാശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. പ്രതികാരത്തിനായി നാലര വർഷങ്ങൾക്കുശേഷം അവധിക്കെത്തുകയാണ് ഗൾഫിൽ ജോലി ചെയ്യുന്ന ‘തേച്ചുപോയ കാമുകൻ’ ടോമി (മിഥുൻ എം. ദാസ്). അഭിനയ ഭാവങ്ങളിലും ശബ്ദവിന്യാസങ്ങളിലും ഗംഭീരമായിട്ടുണ്ട് ഈ പുതുമുഖ നടൻ. ഏക ആശ്രയമായ അമ്മയുടെ വിയോഗത്തിൽ അനാഥാലയത്തിൽ വളർന്ന കറുത്ത നിറമുള്ള ടോമി വെളുത്ത നിറമുള്ള കുട്ടി തന്നെയാവണം തൻ്റെ വയറ്റിലുണ്ടാകേണ്ടതെന്ന കാമുകിയുടെ വാശിയിലാണ് തഴയപ്പെടുന്നത്. പ്രതികാര വാഞ്ചക്കൊപ്പം ഡിപ്രഷനിലെത്തപ്പെടുന്ന ടോമിയെ കൗൺസിലറായ അച്ചൻ മാനസിക ചികിത്സാലയത്തിൽ പ്രവേശിപ്പിക്കുന്നു. അതേ ആശുപത്രിയിലാണ് പഴയ കാമുകിയും ഭർത്താവും ഇൻഫെർട്ടിലിറ്റി ചികിത്സക്ക് എത്തുന്നതും കഥയിലെ ട്വിസ്റ്റുകൾ ഒളിഞ്ഞിരിക്കുന്നതും.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷം ടോമി തൻ്റെ സുഹൃത്ത് ഒരുക്കിയ താവളത്തിൽ പഴയ കാമുകി തിരിച്ചുനൽകിയ സാരിത്തുമ്പിൽ ആത്മഹത്യ ചെയ്യുന്നു. ദിവസങ്ങൾ കഴിഞ്ഞ് ഫ്രം അഡ്രസ്സ് വ്യക്തമായി എഴുതിയ കത്ത് പൊളിച്ച് വായിക്കുമ്പോൾ പഴയ കാമുകി അറിയുന്നു, ആർട്ടിഫിഷ്യൽ ഇൻസെമിനേഷനിലൂടെ ഉണ്ടായ ഗർഭത്തിലൂടെ തൻ്റെ വയറ്റിൽ പിതൃത്വമറിയാതെ വളരുന്ന ഭ്രൂണം കറുത്ത ഒരാളിന്റേതാണ് എന്ന്. മൊബൈൽ യുഗത്തിൽ വിരൽത്തുമ്പിലൂടെ ലൈവായി തൽസമയം എത്തിക്കാവുന്ന ഒരു മെസ്സേജ് പോസ്റ്റൽ വഴി എത്തി തുറന്നു വായിക്കുന്നത് ഉദ്വേഗജനകമായിട്ടുണ്ട്.
ഘടനാപരമായ പരീക്ഷണങ്ങളുള്ള സിനിമക്കുള്ളിൽ തന്നെ, പല അടരുകളുള്ള (layers) സിനിമയാണിത്. സിനിമയിൽ തന്നെ ടോമിയുടെ ചില കഥകൾ / കാര്യങ്ങൾ അറിയുന്നത് ഫ്ലാഷ് ബാക്കുകൾക്കൊപ്പം അച്ചൻ കുട്ടികൾക്ക് നൽകുന്ന മോട്ടിവേഷൻ ക്ലാസ്സുകളിലൂടെയാണ്.
ഇതിലെ സിനിമാനിർമ്മാതായ മദ്ധ്യവയസ്ക്കനായ പി.കെ. അരവിന്ദൻ അവിവാഹിതനാണ്. മെലിഞ്ഞ ശരീരത്തിൻ്റെ പേരിൽ തന്നെ ഉപേക്ഷിച്ച് മറ്റൊരാളിൻ്റെ ഭാര്യയായി സകുടുംബം ജീവിക്കുന്ന ബാല്യകാല സ്നേഹിതയെ താനും കൂടി അഭിനയിക്കുന്ന സിനിമയിലഭിനിയക്കാൻ ക്ഷണിക്കുകയും അവർ അത് സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. നാട്ടിൽ ശരീരം മെലിഞ്ഞ ആളുകൾ മുഴുവൻ തൻ്റെ പേരിലാണ് (‘കുടക്കമ്പി’) അറിയപ്പെടുന്നതെന്ന് ഇന്ദ്രൻ ആത്മഗതത്തോടെ പറയുന്നത് സത്യസന്ധതയോടെ നമുക്കനുഭവിക്കാനാകുന്നു.

അവർ രണ്ടുപേരും ഭാര്യാഭർത്താക്കന്മാരായിട്ടാണ് ഈ സിനിമയിലഭിനയിക്കുന്നത്. തൻ്റെ ജീവിതാഭിലാഷം പൂർത്തികരിക്കാനായി നിർമ്മാതാവ് ഈ രംഗങ്ങളുടെ ഷൂട്ടിങ്ങ് പല ടെയ്ക്കുകളെടുത്ത് ദീർഘിപ്പിക്കുകയും, ഇതിൻ്റെ പേരിൽ റൊണാൾഡോ (സംവിധായകൻ) ഇടയുകയും ചെയ്തതായി പറയുന്നുമുണ്ട്. അവർ രണ്ടു പേരുമുള്ള ചിത്രങ്ങൾ വലിയ പോസ്റ്ററുകളാക്കി ‘ടോമി’ സിനിമയുടെ കട്ടൗട്ടുകൾ നഗരം നിറയെ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. ഇതും ഈ സിനിമക്കകത്തെ മറ്റൊരു സിനിമയാണ്.
ദമ്പതിമാരുടെ ചേർച്ചകളെക്കുറിച്ചുള്ള മുൻധാരണകളായ കറുപ്പ് നിറം, മെലിഞ്ഞ ശരീരം, ഉയരം തുടങ്ങിയ ബോഡി ഷെയിമിങ്ങുകളും ഇതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സാമൂഹികമായി ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകളിലെ നൈതികതയുടേയും സൂചനകളുണ്ട്.
റിനോയ് കല്ലൂരിൻ്റെ തിരക്കഥയും പി.എം. ഉണ്ണികൃഷ്ണൻ്റെ ക്യാമറാ ഫ്രെയിമുകളും സാഗർ ദാസിൻ്റെ കൃത്യതയിലുള്ള എഡിറ്റിംഗ് ചേർക്കലുകളും സംവിധാന ട്രീറ്റ്മെൻ്റിന്റെ മികവിനൊപ്പം സിനിമയുടെ വൈകാരികതകളേ ജീവസുറ്റതാക്കുന്നു.
ഓണാഘോഷങ്ങളുടെ ആവേശത്തിൽ കാണികൾ മറന്ന ഈ സിനിമ ഇപ്പോൾ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്.
