Photo: Balaji Maheshwar

ചലച്ചിത്രമേളകളിലെ കാണികളുടെ ആത്മകഥ

കോവിഡ് കാല അടച്ചിടൽ അവസാനിപ്പിച്ച്​ തിയറ്ററുകൾ വീണ്ടും തുറന്ന ഒരു സമയത്ത്​, സിനിമയുടെ ഒരു പൂർവകാല കാഴ്​ച വീണ്ടെടുക്കുന്ന ഓർമക്കുറിപ്പാണിത്. ഓലകൊട്ടകകളിൽനിന്ന് ​തിയേറ്ററുകളിലേയ്ക്കും 16 എം.എമ്മുകളിലൂടെ തെരുവുകളിലേയ്ക്കും പിന്നെയും തിയേറ്ററുകളിലേയ്ക്കും പിന്നെപ്പിന്നെ മൾട്ടിപ്ലക്സുകളിലേയ്ക്കും ഒക്കെ നീണ്ടുപോയ, ഒരു മാപ്പിളച്ചെക്കന്റെ ജീവിതകഥയെ വ്യാഖ്യാനിച്ച സ്ഥല -കാലങ്ങളുടെ ഒരു റിട്രോസ്പെക്റ്റീവ്.

ൽഹിയിലെ സിരിഫോർട്ട് തിയേറ്ററിൽ നിറയെ കാണികൾ.
ഒരു സീറ്റും കാലിയില്ല. ഇറാൻ സിനിമകൾ ഇന്ത്യൻ /കേരളീയ കാണികളുടെ ഹരമായി മാറിയിരുന്ന കാലം. ഇവിടുത്തെ ആസ്വാദകരിൽ നാലിൽ രണ്ടുഭാഗവും കേരളീയരാണെന്ന് പറയേണ്ടിവരും.

ഇറാൻ നവതരംഗ സിനിമയ്ക്ക് തുടക്കമിട്ട ബെഹ്റംബയ്സായി, സൊഹ്രാബ് ഷാഹിദ് സാലെ എന്നിവരും തുടർന്നുവന്ന അബ്ബാസ് ഖൈറുസ്തമി, ദാരിഷ്മർ ജുയി, മുഹ്സിൻ മാക്മൽ ബഫ്, ജാഫർ ഫനാഹി, അബുൽ ഫാസിൽ ജലീലി, രക്ഷൻ ബനി ഇത്തിമാദ്, സമീറ മാക്മൽ ബഫ് തുടങ്ങിയ സംവിധായക/യികമാരുടെ ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളകളിൽ കത്തിക്കയറുന്ന കാലം, ഇവിടുത്തെ 80-90 കൾ. ഇബ്സന്റെ ഡോൾസ് ഹൗസിന് അതിശക്തമായ ഒരു അനുവർത്തനം ഞാൻ കണ്ടിട്ടുള്ളത് ഇറാനിൽനിന്ന്​, ദാരിഷ് മർജുയിയുടേതാണ് -സാറ. മൂന്നാംലോക മനുഷ്യ യാഥാർഥ്യങ്ങളെ ഇറാന്റെ ദേശീയ -സാംസ്കാരിക പരിപ്രേക്ഷ്യത്തിൽ സമുജ്ജ്വലമായി പിന്തുടരുന്ന ഈ ചിത്രങ്ങൾ ചലച്ചിത്രമേളകളിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഗണരൂപമായി മാറി. അതേസമയം, കുട്ടികളെ അഭിനയിപ്പിച്ചു സാക്ഷാൽകരിച്ച സിനിമകളുടെ എണ്ണം കൂടിയതിനാൽ, ഇറാൻ സിനിമ ‘ബാല്യദശ'യിലാണെന്ന്​ ചില കാണികൾ പരിഹസിക്കുകയും ചെയ്തു.

മജിദ് മജീദിയുടെ ചിൽഡ്രൻസ് ഓഫ് ഹെവൻ ആണ് സിരിഫോർട്ടിൽ ആ ദിവസത്തെ ഇറാൻ കളി. തിയേറ്ററിനകത്ത് പിൻഡ്രോപ്പ് സൈലൻസ്. സിനിമ കണ്ടുകഴിഞ്ഞപ്പോൾ, തൊട്ടടുത്തിരുന്ന സുഹൃത്ത് കെ.പി.എ. സമദ് പറഞ്ഞത് ഓർമയുണ്ട് - ഒരു ഷോട്ടും ഒഴിവാക്കാനില്ല, 1997-ലോ 98-ലോ ആണെന്ന് തോന്നുന്നു ഇത്.
തിയേറ്റർ കോമ്പൗണ്ടിൽ തന്നെയുള്ള ന്യൂസ്‌ മുറിയിലിരുന്ന് ഗംഭീരമായൊരു റിപ്പോർട്ട്‌ തയ്യാറാക്കി ചുമതലപ്പെടുത്തിയ പത്രത്തിനയച്ചു. പിറ്റേന്ന്, പത്രത്തിൽ മുൻപേജിൽ വെണ്ടക്കയിൽ മാഷിപുരണ്ടു വന്നു, "സ്വർഗത്തിലെ കുട്ടികൾ മികച്ച സിനിമാനുഭവമായി'.

ചിൽഡ്രൻ ഓഫ് ഹെവനിലെ രംഗം

അന്നൊക്കെ ചില പത്രങ്ങൾക്കും വാരികകൾക്കും വേണ്ടി ചലച്ചിത്രമേള റിപ്പോർട്ട് ചെയ്യുക ശീലമായിരുന്നു എന്നത് ഇന്നോർക്കാൻ രസമുണ്ട്. അക്കൊല്ലം തന്നെയാണ്, ഇറാനിൽനിന്നു തന്നെയുള്ള മുർതസാ മെഹ്റാൻഫറുടെ പേപ്പർ എയർ പ്ലയിൻസ് എന്ന പ്രശസ്ത സിനിമ കാണിച്ചതും. ആ മേളയിൽ തന്നെയായിരുന്നു, രക്ഷൻ ബനി ഇത്തിമാദിന്റെ സിനിമകളുടെ റിട്രോസ്പെക്റ്റീവ് ഉണ്ടായത്. ഇറാൻ സിനിമകളിൽ ഏറെ വേറിട്ടതും രാഷ്ട്രീയ - സാമ്പത്തിക വിഷയം കൈകാര്യം ചെയ്യുന്നവയുമായിരുന്നു, അവരുടെ സിനിമകൾ. ഓഫ്‌ ദി ലിമിറ്റ്, കാനറി യെല്ലോ, നർഗീസ്, ഫോറിൻ എക്സ്ചേഞ്ച്... പോലെയുള്ള ശക്തമായ സിനിമകൾ. ഇറാനിൽനിന്ന്​ ആദ്യകാലത്ത് പേർപെറ്റ സ്ത്രീപക്ഷ സിനിമാക്കാരി കൂടിയായിരുന്നു രക്ഷൻ ബനി. ഫോറിൻ എക്സ്ചേഞ്ച് കണ്ട് എനിയ്ക്ക് അവരോട് സംസാരിക്കണമെന്നായി. ഇറാനിയൻ സിനിമയിലുള്ള അത്ര സ്ത്രീചലച്ചിത്ര പ്രവർത്തകർ, ഒരുപക്ഷേ പല യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുപോലും അക്കാലത്ത് മേളയിൽ കുറവായിരുന്നു.

എ.ബി. രാജ്, കെ.എസ്. സേതുമാധവൻ, ശശികുമാർ, കുഞ്ചാക്കോ എന്നിവരുടെ പടങ്ങളിൽനിന്ന്​ കെ.ജി. ജോർജിന്റെയും, ഭരതന്റെയും പത്മരാജന്റെയും കെ.ആർ. മോഹനന്റെയും ബക്കറിന്റെയുമൊക്കെ ചലച്ചിത്ര ശില്പങ്ങളിലേയ്ക്കുള്ള മാറ്റം എന്നിലെ പുതിയൊരു അസ്വാദകനെ വലിച്ചു പുറത്തേക്കിട്ടു.

ഞാൻ എന്നെ അവർക്ക് പരിചയപ്പെടുത്തി. സമദും, റഊഫും, ഹാരിസുമടക്കമുള്ള എന്റെ ചില സുഹൃത്തുക്കളും എനിക്ക് ചുറ്റുമുള്ളതായി ഓർക്കുന്നു. വിദേശത്ത് നിന്നെത്തുന്ന സംവിധായകരിൽ പലരും ഇംഗ്ലീഷിൽ സംസാരിക്കാതെ അവരുടെ മാതൃഭാഷയിൽ സംസാരിക്കുക പതിവാണ്. ചിലർക്ക് ഇംഗ്ലീഷ് ഫ്ലുവൻറ്​
അല്ലാത്തതായിരിക്കാം കാരണം. മറ്റു ചിലർക്ക് രാജ്യത്തിന്റെ പോളിസി തന്നെയാവാം. അങ്ങനെയുള്ളവർ സൗകര്യാർഥം ഉഭയഭാഷാ പരിഭാഷകരെ വെക്കാറാണ് പതിവ്. ഇറാൻ സിനിമയും സമൂഹവുമായി അവയ്ക്കുള്ള ബന്ധവും സിനിമാ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക നിയമങ്ങളും ഒരു ഇസ്​ലാമിക രാഷ്ട്രം എന്ന നിലയ്ക്ക് മേളയോടുള്ള കാഴ്ചപ്പാടും വിമർശനവുമെല്ലാം രക്ഷൻ ബനി ഒതുക്കി പറഞ്ഞു.
ജീവിതത്തിലെ, ഒരു ധന്യമുഹൂർത്തമായിരുന്നു, എന്നെ സംബന്ധിച്ച്​ ഇത്തരം അഭിമുഖങ്ങൾ. ഇറാനിൽ നിന്നുള്ള അബുൽ ഫാസിൽ ജലീലിയോടും ജാഫർ ഫാനാഹിയോടും മറ്റു മേളകളിൽ ഞാൻ സംസാരിച്ചിട്ടുണ്ട്. അബ്ബാസ് ഖൈറുസ്തമി എന്ന വലിയ സംവിധായകനെ പരിചയപ്പെട്ടത്, കേരളത്തിലെ ഒരു ചലച്ചിത്രമേളയിൽ വച്ചാണ്. അന്നദ്ദേഹം, ജൂറി ചെയർമാനായാണ്​ വന്നത്, എന്നാണോർമ. രക്ഷൻ ബനിയുമായുള്ള സംഭാഷണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്നപ്പോൾ, രക്ഷൻ ബനി ഇത്തിമാദ് എന്ന ഫെമിനിസ്റ്റ് ചലച്ചിത്രകാരിയെക്കുറിച്ച് ഏറെപ്പേർ അറിഞ്ഞു എന്ന സന്തോഷവും എനിക്കുണ്ടായി.

രക്ഷൻ ബനി ഇത്തിമാദ്

കോളേജിൽ ചേർന്നു പഠിക്കാൻ തുടങ്ങിയതോടെ ബാല്യ - കൗമാരങ്ങളുടെ സ്വകീയമായ നാടോടി താളത്തിന്​ ട്വിസ്​റ്റുണ്ടായി. അതുവരെ വായിച്ചതും കണ്ടതും ഒന്നുമല്ല സാഹിത്യവും സിനിമയും എന്ന ബോധ്യം മെല്ലെ ജീവൻവച്ചു. ചലച്ചിത്രത്തിന്റെ കലാമൂല്യം എന്നത് തട്ടുപൊളിപ്പൻ സിനിമകളുടെ ബഹളത്തിൽ മുങ്ങിനിവരേണ്ടവയല്ലെന്ന തിരിച്ചറിവുണ്ടായി. എ.ബി. രാജ്, കെ.എസ്. സേതുമാധവൻ, ശശികുമാർ, കുഞ്ചാക്കോ എന്നിവരുടെ പടങ്ങളിൽനിന്ന്​ കെ.ജി. ജോർജിന്റെയും, ഭരതന്റെയും പത്മരാജന്റെയും കെ.ആർ. മോഹനന്റെയും ബക്കറിന്റെയുമൊക്കെ ചലച്ചിത്ര ശില്പങ്ങളിലേയ്ക്കുള്ള മാറ്റം എന്നിലെ പുതിയൊരു അസ്വാദകനെ വലിച്ചു പുറത്തേക്കിട്ടു.

1972-ലാണെന്നു തോന്നുന്നു, അടൂരിന്റ സ്വയംവരം പുറത്തുവന്നു. അതൊന്നും ഞങ്ങൾ "വാനരബാല്യ'ത്തിന്റെ സിനിമകളുടെ ഒച്ചയിൽ അറിയുന്നുണ്ടായിരുന്നില്ല. തൊട്ടടുത്ത വർഷങ്ങളിൽ തന്നെ ജോർജിന്റെ സ്വപ്​നാടനവും ഉൾക്കടലും റിലീസാവുന്നുണ്ട്. ഉൾക്കടൽ കാണുന്ന കാലത്ത്, ആ കഥാപാത്രങ്ങളോടൊക്കെയുള്ള എന്നിലെ തന്മയീഭാവം ഞാൻ അനുഭവിച്ചുകൊണ്ടിരുന്നു. സ്റ്റണ്ടും നൃത്തവും മരംചുറ്റി പ്രണയവും അല്ല സിനിമ എന്ന തിരിച്ചറിവ്.

എൺപതുകളോടെ മനുഷ്യ ബന്ധങ്ങളിലെ ശരീരവും ലൈംഗികതയും തമ്മിലുള്ള സാമൂഹ്യമാറ്റത്തെ അടയാളപ്പെടുത്തുന്നതിൽ നമ്മുടെ സിനിമകൾ ഉൽസുകമായി. പത്മരാജൻ, ഭരതൻ, അരവിന്ദൻ തുടങ്ങിയവരുടെ സിനിമയിലെത്തുമ്പോൾ ശരീരബന്ധങ്ങളുടെ ഈ വിനിമയമാറ്റം പ്രകടമാണ്

ഐ.വി. ശശിയും ഭരതനുമൊക്കെ മലയാള സിനിമയിൽ വന്നതോടെ ശരീരത്തെകുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള ലാവണ്യശാസ്ത്രം തന്നെ മാറുന്നുണ്ട്. ആർട്ട്‌ സിനിമ എന്ന പേരിൽ പ്രഖ്യാതമായ എഴുപതുകളിലെ മലയാള സിനിമ, വ്യക്തികളുടെ ഒറ്റപ്പെടലും സാമൂഹിക അധികാരവും മധ്യവർഗ കുടുംബബന്ധങ്ങളും തമ്മിലുള്ള സംഘർഷം സവർണപക്ഷത്തുനിന്ന്​അടയാളപ്പെടുത്തി. അശ്വത്ഥാമാവ്, ഒരേ തൂവൽപക്ഷികൾ, യാരോ ഒരാൾ, ഉൾക്കടൽ തുടങ്ങിയ സിനിമകൾ അവയിൽ ചിലത്. എൺപതുകളോടെ മനുഷ്യ ബന്ധങ്ങളിലെ ശരീരവും ലൈംഗികതയും തമ്മിലുള്ള സാമൂഹ്യമാറ്റത്തെ അടയാളപ്പെടുത്തുന്നതിൽ നമ്മുടെ സിനിമകൾ ഉൽസുകമായി. പത്മരാജൻ, ഭരതൻ, അരവിന്ദൻ തുടങ്ങിയവരുടെ സിനിമയിലെത്തുമ്പോൾ ശരീരബന്ധങ്ങളുടെ ഈ വിനിമയമാറ്റം പ്രകടമാണ്. ശശിയും ഭരതനും ഏറെ വ്യതിയാനത്തോടെ ഇത്തരം സിനിമകളുണ്ടാക്കി.

കാഞ്ചന സീതയും ഉൾക്കടലും ശാലിനി എന്റെ കൂട്ടുകാരിയും ആലിംഗനവും രതിനിർവേദവും തകരയും നവംബറിന്റെ നഷ്ടവും അവളുടെ രാവുകളുമൊക്കെ എന്റെ ചിന്തയെയും കൗമാരമനസ്സിനെയും സൗന്ദര്യശാസ്ത്രപരമായ ആലോചനയെയും തീപ്പിടിപ്പിക്കുകയുണ്ടായി. ഇന്ന്, ഫൂക്കോ, ദറിദ, ഗ്രാംഷി എന്നപോലെ, അക്കാലത്ത് കാമ്പസിനെയും ആധുനിക സാഹിത്യവി(ആ)ചാരങ്ങളെയും നിയന്ത്രിച്ച അൽബേർ കമ്യുവും കാഫ്കയും സാർത്രും ചിന്തിക്കുന്നവരുടെ വായനയെയും ചിന്തയെയും ഗതിമാറ്റി. എം.ടിയും പത്മനാഭനും വിജയനും പട്ടത്തുവിളയും മുകുന്ദനും കുഞ്ഞബ്ദുള്ളയും ചുള്ളിക്കാടും ഏകാകിയുടെ വിപ്ലവമുളകളെ അകത്തുനിന്നും കിളിർപ്പിച്ചു. അതേസമയം, സമൂഹത്തിൽ തുടിക്കുന്ന നാഡിഞരമ്പുകളെ തൊട്ടുനോക്കിയാണ്, ചിന്തയുടെ സമയമാപിനി തിരിഞ്ഞുകൊണ്ടിരുന്നത്. ലോകത്തിന്റെ തിളച്ചുമറിയുന്ന ഇളക്കങ്ങളെ അറിഞ്ഞും അതിനോട് പ്രതികരിച്ചും കാമ്പസ് രൂപപ്പെടുത്തിയ ചിന്തയുടെയും കാഴ്ചയുടെയും താമോഗർത്തത്തിനകത്ത് ഞങ്ങളെയും ചാലിച്ചുചേർത്തു. കാമ്പസ് വിഷയമായി വന്ന സിനിമകളിൽ, അത്തരം ലോകക്കണ്ണാടിയൊന്നും പ്രവർത്തിച്ചു കണ്ടിട്ടുമില്ല.

16 എം.എം. തെരുവുകൾ

കേരളത്തിലങ്ങോളമിങ്ങോളം ഫിലിം സൊസൈറ്റി സജീവമായ കാലം കൂടിയാണത്. പല ഭാഷകളിൽനിന്നുമുള്ള കലാമൂല്യമുള്ള സിനിമകളുടെ പ്രദർശനങ്ങളും ചർച്ചകളും സജീവമായ കാലം. ഡിഗ്രി പഠനം കഴിഞ്ഞ്​ പട്ടാമ്പി കോളേജിലെത്തിയതോടെ സാഹിത്യം, കല, സിനിമ എന്നിവയെക്കുറിച്ചൊക്കെയുള്ള ധാരണ വീണ്ടും മാറുന്നു. ഞങ്ങളുടെ അധ്യാപിക കൂടിയായ സാറ ജോസഫിന്റെ മുന്നൊരുക്കത്തിൽ "മാനുഷി' ഫെമിനിസ്റ്റ് മൂവ്മെന്റിന് കോളേജിൽ തുടക്കം കുറിക്കുന്നതും അതേ കാലത്ത്. മത്തവിലാസപ്രഹസനം എന്ന നാടകം പി. ഗംഗാധരൻ മാഷ് സംവിധാനം ചെയ്തവതരിപ്പിക്കുന്നത് പുതിയൊരു തിയേറ്റർ മുന്നൊരുക്കത്തിന് കാരണമായി. സംസ്കൃത നാടകങ്ങളുടെ അരങ്ങ് അവതരണരീതി അജ്ഞാതമായിത്തീർന്ന ഒരു കാലത്ത് ആധുനിക അരങ്ങുസങ്കൽപ്പത്തെ അതുപോലെ പിന്തുടരാതെ വേറിട്ടൊരു അരങ്ങുസങ്കല്പം സൃഷ്ടിച്ചുകൊണ്ടാണ് ഗംഗാധരൻ മാഷ് മത്തവിലാസത്തിനു തിയേറ്റർ രൂപം നൽകിയത്. എം.ജി. ശശിയും സുഹൃത്തുക്കളുമാണ് ആ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത്.
ഗീത, ശൈല, നാരായണൻ, ഇപ്പോൾ ശാന്തിനികേതനിൽ അധ്യാപകനായ മോഹൻ കുമാരൻ എന്നിവരൊക്കെയായിരുന്നു ഇതര അഭിനേതാക്കൾ. ആ നടകാവതരണം കാണാൻ എൻ.എൻ. കക്കാടിനെപ്പോലെയും ഡോ. കെ. രാഘവൻ പിള്ളയെയും പോലുള്ള വ്യക്തികൾ വന്നിരുന്നു എന്നാണ് ഓർമ. ആറങ്ങോട്ടുകര നാടകസംഘം തന്നെ രൂപപ്പെടുന്നത് ഈ നാടകത്തോടെയാണെന്നു പറയാം.

അന്നാണ്, ആദ്യമായി ജോൺ എബ്രഹാമിനെ അടുത്ത് കാണുന്നത്. അദ്ദേഹത്തിന്റെ വേഷവും രസികത്തവും കൊണ്ടാവാം ബാല്യ പ്രായത്തിലുള്ളവർ അദ്ദേഹത്തിനുചുറ്റും കൂടുമായിരുന്നു. അദ്ദേഹം അവരെ പാട്ടുപാടി രസിപ്പിക്കും. ബൊഹീമിയൻ മൂളക്കം പോലെയായിരുന്നു ആ ഇംഗ്ലീഷ്​ റൈമുകൾ.

കേരളത്തിന്റെ കാമ്പസുകളിൽ ജനകീയ വിപ്ലവവേദിയ്ക്ക് ശക്തമായ വേരോട്ടമുണ്ടാകുന്ന കാലമാണിത്. ഏകാംഗങ്ങൾ കാമ്പസ് തിയറ്ററിന് എന്ന പുസ്തകം വയലാ വാസുദേവൻ പിള്ള എഡിറ്റ്‌ ചെയ്ത്, കോട്ടക്കൽ "കളം' പ്രസിദ്ധീകരിച്ചത് അന്നത്തെ കാമ്പസ് അരങ്ങുപ്രസ്ഥാനത്തിന്റെ ശക്തി കാണിക്കുന്നു. അതുമായി ബന്ധപ്പെട്ട് കോട്ടക്കൽ ആയുർവേദ കോളേജിൽ നടത്തിയ നാടക ക്യാമ്പിൽ, സിവിക് ചന്ദ്രൻ, പി. ഗംഗാധരൻ, പി. ബാലചന്ദ്രൻ എന്നിവരൊക്കെ ഒത്തുചേർന്നതും, എന്റെ ജീവിതത്തിലെ സൗരഭ്യമുള്ള ഓർമയാണ്.

ഫിലിം സൊസൈറ്റി- കാമ്പസ് തിയേറ്റർ പ്രസ്ഥാനങ്ങളും ലിറ്റിൽ മാഗസിനുകളും ഒക്കെ ഈ മാറ്റത്തിന്​ നൽകിയ സംഭാവന ചെറുതല്ല. തിരുരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നിന്നിറങ്ങിയ "സ്പന്ദനം', പട്ടാമ്പി സംസ്കൃത കോളേജിൽ ഇറങ്ങിയ "മൊഴി' തുടങ്ങിയ ലിറ്റിൽ മാഗസിനുകൾ ഏറെ പ്രചാരമുള്ളതായിരുന്നു. അവയുടെ അണിയറയിൽ പങ്കാളികളായ ഹംസ ഒറ്റകത്ത്, ലത്തീഫ് മലപ്പുറം, ഹരിദാസ്, ഇബ്രാഹിം, എം.ജി. ശശി, ഉബൈദ്, ഹൈദ്രോസ് എന്നീ സുഹൃത്തുക്കളെയൊന്നും മറക്കാൻ കഴിയില്ല.

ഫാറൂഖ് ട്രെയിനിങ് കോളേജിൽ പഠിക്കുന്ന കാലം; ഏറെക്കുറെ ആധുനികതയുടെ ഭ്രാന്തായിരുന്നു. കോഴിക്കോട് നഗരവുമായും അവിടുത്തെ കലാ- സാംസ്‌കാരിക പരിപാടികളുമായുമൊക്കെ ഏറെക്കുറെ അടുക്കുന്ന കാലം. കക്കോവ് - കാരാട് - കോഴിക്കോട് എന്നു ബോർഡ് വച്ച ബസിൽ കയറി മിക്കവാറും ദിനങ്ങളിൽ നഗരത്തിലെത്തുന്ന സായാഹ്നങ്ങൾ. നഗരംചുറ്റി നഗരപ്പേടി മാറിയതന്നാണ്. ഷെൽവിയുടെ മൾബറിയുമായി പരിചയപ്പെട്ടു തുടങ്ങുന്ന കാലവും ഇതുതന്നെ. കോളേജിലെ ചീഫ് സ്റ്റുഡൻറ്​ എഡിറ്റർ എന്ന നിലയ്ക്ക് പരസ്യം പിടിയ്ക്കാനാണ് ആദ്യം സുഹൃത്തുക്കളൊത്ത് നഗരത്തിലിറങ്ങുന്നത്. കെ.ടി. സൂപ്പി, എ.കെ. അബ്ദുസ്സമദ് മുതൽപ്പേർ കൂടെയുണ്ടാവും. അക്കാലത്ത്, റെയിൽവേ ഗേറ്റ് കടന്ന്​ മാതൃഭൂമിയിലേക്ക് പോകാവുന്ന റോഡിലേക്ക് കടക്കുമ്പോൾ, ജോയ്​ മാത്യുവിന്റെ പുസ്തകക്കടയുണ്ട്. ഇടയ്ക്ക് അവിടെപ്പോയി പുസ്തകം തിരയും. ഒഡേസ ജനകീയ സംരംഭ സിനിമയായ"അമ്മയറിയാൻ' പ്രഖ്യാപിക്കുന്ന കാലവുമാണത്. ഫാറൂഖ് കോളേജിലെ പിൻഭാഗത്തുള്ള ഒരു പാരലൽ കോളേജിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. അതിനോട് ചേർന്നുനിൽക്കുന്ന ബ്രീസ് ലോഡ്ജിലായിരുന്നു ഞങ്ങളുടെ താമസം. അന്നാണ്, ആദ്യമായി ജോൺ എബ്രഹാമിനെ അടുത്ത് കാണുന്നത്. അദ്ദേഹത്തിന്റെ വേഷവും രസികത്തവും കൊണ്ടാവാം ബാല്യ പ്രായത്തിലുള്ളവർ അദ്ദേഹത്തിനുചുറ്റും കൂടുമായിരുന്നു. അദ്ദേഹം അവരെ പാട്ടുപാടി രസിപ്പിക്കും. ബൊഹീമിയൻ മൂളക്കം പോലെയായിരുന്നു ആ ഇംഗ്ലീഷ്​ റൈമുകൾ. നൃത്തവും ചെയ്യും. കുട്ടികൾ ശല്യമാകുമ്പോൾ എന്തെങ്കിലും പറഞ്ഞോ കാണിച്ചോ കുട്ടികളെ പറഞ്ഞയക്കും. ഒഴിവുസമയങ്ങളിൽ ഹരിനാരായണൻ തന്റെ മൃദംഗം കൊട്ടുമായിരുന്നു. കുറേ ദിവസങ്ങളോളം സിനിമയുടെ ഷൂട്ടിങ് അവിടെയുണ്ടായി.

അരവിന്ദൻ, ജോൺ എബ്രഹാം

കോട്ടക്കൽ കാഴ്ചയും, മലപ്പുറം രശ്മിയും അറിയപ്പെടുന്ന ഫിലിം സൊസൈറ്റികളായി മാറുന്നത് ഇക്കാലത്താണ്. രശ്മിയുടെ ബാനറിൽ ബോംബെ അവർ സിറ്റി (Bombay our city ) യുമായി ആനന്ദ് പട്​വർധൻ മലപ്പുറത്തുമെത്തി. അതുവരെയറിയാത്ത മറ്റൊരു ഇന്ത്യൻ യഥാർഥ്യത്തെയാണ് ആ സിനിമയിൽ കണ്ടത്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. അദ്ദേഹത്തോട് കൂട്ടായും ഒറ്റയ്ക്കും സംസാരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ചലച്ചിത്രസങ്കല്പത്തിൽ മാറ്റണ്ടാക്കി. മാത്രമല്ല, ഡോക്യുമെന്ററി എന്ന മാധ്യമത്തിന്റെ ലാവണ്യപരമായ മാറ്റത്തെക്കൂടി ആ സിനിമ അടയാളപ്പെടുത്തിയതായി ബോധ്യപ്പെട്ടു. പട്​വർധനുമായുള്ള അഭിമുഖം അന്ന് കേരളകൗമുദി വീക്കെന്റിൽ പ്രസിദ്ധീകരിച്ചു വന്നതോടെ സിനിമാ എഴുത്ത് എനിയ്ക്ക് പറ്റുന്നതാണെന്ന ആത്മവിശ്വാസം വന്നു. ആ സമയത്തുതന്നെയാണ് കോട്ടക്കൽ കേന്ദ്രമായ "കളം' കലാകൂട്ടായ്മ, ആനന്ദിന്റെ ശില്പങ്ങളുടെ പ്രദർശനം നടത്തിയത്​. കളം രാജനായിരുന്നു മുഖ്യസംഘാടകൻ. പുണിഞ്ചിത്തായ, നമ്പൂതിരി, പോൾ കല്ലാനോട് തുടങ്ങിയ കേരളത്തിലെ പേർപ്പെറ്റ കലാകാരന്മാരെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും "കള'ത്തിൽ വച്ചുതന്നെ. ആനന്ദിന്റെ നോവലുകളും കഥകളും വായനയുടെ ജ്വരമായി തീർന്ന അക്കാലത്ത് ഈ ശില്പങ്ങൾ ആനന്ദിന്റെ കലയെക്കുറിച്ച് എന്നിൽ ചിന്തയുടെ പുതിയ ജാലകങ്ങൾ തുറന്നിട്ടു. റസാഖ്‌ കോട്ടക്കലിന്റെ ക്ലിൻറ്​ സ്റ്റുഡിയോ ആരംഭിക്കുന്നതും ഇക്കാലത്തുതന്നെ. വൈക്കം മുഹമ്മദ് ബഷീറാണ് ഉദ്ഘാടനം ചെയ്​തത്.

രാജ് കപൂറിന്റെ പ്രശസ്ത സിനിമകൾ ഇന്ത്യയിൽ എന്നല്ല സോവിയറ്റ് റഷ്യയിൽപോലും ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. ആ സിനിമയ്ക്ക് ചാർളി ചാപ്ലിന്റെ ജീവിതവുമായി പോലും ബന്ധം ആരോപിക്കാവുന്ന ഒരു തലമില്ലേ എന്നുപോലും ഞാൻ ചിന്തിച്ചുപോയിട്ടുണ്ട്.

രാജ്യാന്തരമേളകളും രാജ്യസഞ്ചാരവും

1987-ലാണ് ആദ്യമായി ഡൽഹി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പോയത്. അന്ന് അലിഗഡിൽ, താൽക്കാലിക അധ്യാപകനാണ്. അലിഗഡ് എനിയ്ക്ക് നൽകിയ നവലോകബോധം ചെറുതല്ല. ലോകത്തേയ്ക്ക് തുറന്നുവച്ച ഒരു വൻ സുവർണകവാടം പോലെയായിരുന്നു ആ സർവകലാശാല. ഇന്ത്യയെ ഞാൻ കുറച്ചെങ്കിലും വായിക്കാൻ പഠിച്ചത് അലിഗഡിലുള്ളപ്പോഴാണ്. കേരളത്തിൽ മാത്രം ജീവിക്കുന്ന ഒരാൾക്ക് ഇന്ത്യയെന്ന യാഥാർഥ്യത്തെ മനസ്സിലാകുമെന്ന് തോന്നുന്നില്ല. തീവണ്ടി ഒരു വാഹനം മാത്രമല്ലെന്നും "ദേശീയമൃഗം പോലെ' ജീവനുള്ള ഒന്നാണെന്നും തോന്നിയത് അക്കാലത്താണ്.

അലിഗഡിൽ നിന്ന്​ ആകെ ഞാൻ ഒരു സിനിമയേ കണ്ടിട്ടുള്ളൂ, തസ്വിർ മഹൽ എന്ന തിയേറ്ററിൽ നിന്ന്​ മേരാ നാം ജോക്കർ. രാജ് കപൂറിന്റെ പ്രശസ്ത സിനിമകൾ ഇന്ത്യയിൽ എന്നല്ല സോവിയറ്റ് റഷ്യയിൽപോലും ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. ആ സിനിമയ്ക്ക് ചാർളി ചാപ്ലിന്റെ ജീവിതവുമായി പോലും ബന്ധം ആരോപിക്കാവുന്ന ഒരു തലമില്ലേ എന്നുപോലും ഞാൻ ചിന്തിച്ചുപോയിട്ടുണ്ട്. മാത്രമല്ല, രാജ് കപൂറിന്റെ ശരീരഭാഷയിൽ ഏറെ കാല്പനികമായ ഒരു ചാപ്ലിൻ ഇല്ലേ എന്നും. അന്ന് അലിഗഡ് സർവകലാശാലയിൽ, വിദ്യാർഥികൾ നടത്തുന്ന സജീവമായ ഒരു ഫിലിം ക്ലബ്‌ ഉണ്ട്. അതിന്റെ മുഖ്യ സംഘാടകൻ അവിടെ പി.ജി. വിദ്യാർഥിയായിരുന്ന മുസവ്വിർ ആയിരുന്നു എന്നാണോർമ. എല്ലാ ഷോയും അദ്ദേഹം മുടങ്ങാതെ അറിയിക്കും. ഒരിക്കൽ, ഗാന്ധി കാണിച്ചത് ഓർക്കുന്നു. മിക്കവാറും ഭേദപ്പെട്ട ഹോളിവുഡ് സിനിമകളാണ് കാണിച്ചിരുന്നത്.

എന്നോടൊപ്പം മൻസൂറായിരുന്നു എല്ലാറ്റിനും കൂട്ട്. അന്ന് മൻസൂർ അവിടെ പി.ജി. വിദ്യാർഥിയാണ്. മൻസൂറിന് ദിലീപ് കുമാറിന്റെയും രാജ് കപൂറിന്റെയും സിനിമകൾ വല്ലാത്ത ഹരമായിരുന്നു. ഹിന്ദി പാട്ടുകളും ഗസലുകളും അതേ. ഏറ്റവും പ്രിയപ്പെട്ട പാട്ടുകാരൻ തലത് മഹ്‌മൂദായിരുന്നു. മൻസൂറൊത്താണ് പിന്നെ ഡൽഹിയിലേക്കുള്ള മിക്ക ഗസൽ യാത്രകളും ഉണ്ടാവുന്നത്. ജഗ്ജിത് സിങ്ങിനെയും ഗുലാം അലിയെയും ഞാൻ ആദ്യം കേൾക്കുന്നത്, ഡൽഹിയിലെ സിരിഫോർട്ടിലാണ്.

തലത് മഹ്‌മൂദ്

ഡൽഹിയുമായി നല്ല സൗഹൃദമുള്ള കാലം. കുറേ മാധ്യമ സുഹൃത്തുക്കൾ അക്കാലത്ത് അവിടെയുണ്ടായിരുന്നു. പി.ടി.ഐ.യിലെ ശ്രീകുമാർ, മാധ്യമത്തിലെ സുരേഷ്‌കുമാർ, ടി.എൻ. ഗോപകുമാർ, എം.സി.എ. നാസർ... അങ്ങനെ പലർ. അലീഗഡ്​ കാലത്തുണ്ടായ ഉത്തരേന്ത്യൻ യാത്രകളിൽ, ഒരു സംഗമബിന്ദു എന്ന നിലയ്ക്കും അല്ലാതെയും ന്യൂഡൽഹി ഏറെ പരിചിതമായിക്കഴിഞ്ഞ കാലം. ഒ.വി. വിജയനും ആനന്ദും മുകുന്ദനുമായൊക്കെ നല്ല ബന്ധമുള്ള കാലം. ലക്ഷ്മി നഗറിൽ വസിക്കുന്ന മുകുന്ദന്റെ വീടും വിജയന്റെ ചാണക്യപുരി ബംഗ്ലാവും സന്ദർശിക്കുന്നത് അക്കാലത്താണ്.

വിജയന്റെ പൂച്ച വിജയന്റെ തൊട്ടടുത്തുള്ള സോഫായിൽ ഇരിപ്പുണ്ട്. അതിന്റെ ആകാരം എന്നെ വല്ലാതെയാകാർഷിച്ചു. എന്നെക്കണ്ടപ്പോൾ ഇരുന്നിടത്തുനിന്നെഴുന്നേറ്റ് ഒരു സൈറൺ മുഴക്കി വിജയനിരിക്കുന്ന സോഫയിലേയ്ക്ക് കയറി.

വിജയനുമായി കേരളത്തിൽനിന്നാരംഭിച്ച സൗഹൃദം അലിഗഡിലെത്തിയതോടെ പൂത്തുവളർന്നു. എന്റെ വിവാഹം നടക്കുന്നത്, അലിഗഡിലുള്ള സമയത്താണ്. അങ്ങോട്ടുമിങ്ങോട്ടും നിരന്തരം കത്തെഴുതുന്ന കാലമാണത്. കുഞ്ഞാമിനയെ അലിഗഡിലേക്ക് കൊണ്ടുപോണ്ടേ എന്നുചോദിച്ച്​ ആധുനിക ഇന്ത്യൻ ഭാഷാവിഭാഗത്തിലേയ്ക്ക് ഒരു ദിവസം വിജയന്റെ ഒരു കത്ത് വന്നു. സഹധർമിണി സുബൈദയെ, വിജയൻ കുഞ്ഞാമിന എന്നാണ് വിളിച്ചുപോന്നത്. വിജയന്റെ പൂച്ച കേളിപ്പെട്ട ഒരു കാലത്താണ് ഡൽഹി സത്യമാർഗിലെ ചാണക്യപുരിയിൽ ഞാൻ ആദ്യമെത്തുന്നത്. തന്ത്രപ്രധാനമായ വി.ഐ.പി. ഏരിയ ആയതുകൊണ്ടാവണം ഭയങ്കര വെടിപ്പും ബന്തവസ്സുമുള്ളതായിരുന്നു ഡൽഹിയിലെ സ്ഥലം. കൊണാട്ട്​ പ്ലേസിലും സത്യമാർഗിലും വിജയ്​ മാർഗിലുമൊക്കെ നടത്തം സർവീസായതോടെയാണ് "രണ്ടു ദില്ലി'കൾക്കിടയിലെ ജീവിതാന്തരം പിടികിട്ടിയത്. ‘നയി’, ‘പുരാനി’ എന്ന വ്യത്യാസം രണ്ടു വാക്കുകളുടെയല്ല, രണ്ടു കാലത്തിന്റെയും സംസ്കാരത്തിന്റെയുമാണ്, എന്ന തിരിച്ചറിവ്.

ഫ്ലാറ്റിലെത്തുമ്പോൾ പ്രതീക്ഷിച്ചപോലെ ഒരവധൂതമട്ടിലുള്ള വിജയന്റെ ഇരിപ്പ്. പലപ്രാവശ്യം പല സ്ഥലത്ത് ഞാൻ അദ്ദേഹത്തെ സന്ദർശിച്ചപ്പോഴൊക്കെ വിജയന്റെ ഇരിപ്പും മട്ടും ഒരുപോലെ തന്നെയായിരുന്നു എന്നോർക്കുന്നു. ആദ്യമായി കോഴിക്കോട്ടെ പാരമൗണ്ട് ടവറിലും പിന്നെപ്പിന്നെ ഡൽഹിയിലും കോട്ടയത്തും അവസാനകാലം തിരുവനന്തപുരത്ത്​ കരുണാകര ഗുരു ആശ്രമത്തിലുമൊക്കെ ഒരുപോലെത്തെ ഇരിപ്പുതന്നെ.
അന്ന് മൊബൈൽ ഫോണില്ല. സിഖുകാരുടെ ഓട്ടോയിൽ വന്നാൽ പിഴയ്ക്കാതെ ഇവിടെയെത്തമെന്നാണ് അദ്ദേഹം കത്തിൽ എഴുതുക. അതുപ്രകാരം ഡൽഹി റെയിൽവേ സ്റ്റേഷനിലിറങ്ങി സിഖുകാരന്റെ ഓട്ടോ വിളിച്ചാണ് ചാണക്യപുരിയിലെത്തിയത്.

ഉമർ വരും എന്ന സന്തോഷത്തിലാണ് ഞാൻ, എന്നാണ് ആദ്യം കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത്. സഹധർമിണി പ്രൊഫസർ തെരേസയാണ് വാതിൽ തുറന്നത്. വിജയന്റെ പൂച്ച വിജയന്റെ തൊട്ടടുത്തുള്ള സോഫായിൽ ഇരിപ്പുണ്ട്. അതിന്റെ ആകാരം എന്നെ വല്ലാതെയാകാർഷിച്ചു. എന്നെക്കണ്ടപ്പോൾ ഇരുന്നിടത്തുനിന്നെഴുന്നേറ്റ് ഒരു സൈറൺ മുഴക്കി വിജയനിരിക്കുന്ന സോഫയിലേയ്ക്ക് കയറി.

"ഉമർ വന്നത് ഇഷ്ടമായില്ല, എന്നുതോന്നുന്നു. വലിയ നിഷ്കർഷക്കാരനാണ്. ചാരന്മാരെ വേഗം തിരിച്ചറിയും'- വിജയൻ.
പെട്ടെന്നൊരു കളി പറയാനാണ് എനിയ്ക്കും തോന്നിയത്; "ചാണക്യപുരിയല്ലേ, തന്റെ ബോസിനെപ്പോലെ ബുൾഗാനണിഞ്ഞ മറ്റൊരു ചാരനെ അത് തിരിച്ചറിഞ്ഞുകാണും'. വിജയൻ അത് ആസ്വദിച്ചു.
ഡിസംബറിലെ കൊടുംതണുപ്പ്​.
ബ്രാണ്ടിയാണോ വിസ്കിയാണോ എന്നറിയില്ല, ഒരു പെഗ്ഗുമായാണ് വിജയന്റെ അടയിരിപ്പ്. എന്നോട് വേണോ എന്നൊന്നും ചോദിച്ചില്ല. പകരം, ഉമറിന് വെജിറ്റബിൾ സൂപ്പ് തരാം എന്നുപറഞ്ഞു. ചലച്ചിത്രോത്സവത്തിന് വന്നതാണെന്ന് ഓർമിപ്പിച്ചപ്പോൾ, അദ്ദേഹത്തിന്റെ കമൻറ്​ ഇങ്ങനെ: "ഡൽഹിയിലെ കുറേ വലിയ മനുഷ്യർ കൂടിയിരുന്ന്​ എല്ലാ കൊല്ലവും ഇവിടെ നടത്തിപ്പോരുന്ന ചെറിയോരേർപ്പാട്. പിന്നെ കുറേ അമേരിക്കൻ സിനിമകളോക്കെയുള്ളതുകൊണ്ട് നമ്മുടെയാളുകൾ അതങ്ങ് സീരിയസായെടുക്കും'.
സത്യത്തിൽ, വിജയനെപ്പോലുള്ള ഒരു ബുദ്ധിജീവി ഇങ്ങനെ പറഞ്ഞപ്പോൾ എനിയ്ക്കതിശയം തോന്നി.

അന്ന് വിജയൻ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി, പിന്നെപ്പിന്നെ സിനിമ പതിവാക്കിയപ്പോഴാണ് എനിയ്ക്ക് ബോധ്യപ്പെട്ടത്. അന്ന്, കേരളത്തിൽ രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയിട്ടില്ല. കൽക്കത്ത ഫെസ്റ്റിവൽ അന്നും പേർകേട്ടതാണ്. ഞാൻ പോയിട്ടില്ലെങ്കിലും പല സുഹൃത്തുക്കളും പോകുന്ന കാര്യം അറിയാം. നിലവാരമില്ലാത്ത അമേരിക്കൻ - ഹോളിവുഡ് സിനിമകളുടെ കുത്തൊഴുക്കായിരുന്നു അന്നത്തെ രാജ്യാന്തരമേളകളിൽ. ചില റിട്രോകളും മൽസര സിനിമകളും ഹോമേജുകളും മാറ്റിവെച്ചാൽ യൂറോ -അമേരിക്കൻ സിനിമകളിൽ കേന്ദ്രിതമായിരുന്നു, അന്നത്തെ ഇന്ത്യൻ ചലച്ചിത്രോത്സവങ്ങൾ. അവ കണ്ട് ആനന്ദിക്കാൻ ഡൽഹി ബ്യൂറോക്രസിയുടെ ചുറ്റുമുള്ള കുറേ കാണികളും മുൻപന്തിയിലുണ്ടാവും. ആഫ്രിക്ക, ലാറ്റിനമേരിക്ക, ഏഷ്യൻ സിനിമകൾക്കും അവയുടെ പാക്കേജുകൾക്കും മറ്റും പ്രാമുഖ്യം കിട്ടിതുടങ്ങിയത് ക്രമേണയാണ്.

രശ്മി, കോട്ടക്കൽ കാഴ്ച ഫിലിം സൊസൈറ്റികളിൽനിന്ന്​ നിരവധി സുഹൃത്തുക്കൾ ഒരു കുടുംബംപോലെ ഡൽഹി മേളയിൽ അണിനിരന്നു. കോഴിക്കോട് ഒഡേസ പ്രവർത്തകരായ അമ്മത്, ഒഡേസ സത്യൻ, ലോഹി(താക്ഷൻ) അങ്ങനെ പലരെയും അടുത്തറിഞ്ഞത് ഡൽഹി മേളയിൽ വച്ചാണ്.

87 മുതലാണ് എന്റെ ഡൽഹി രാജ്യന്തര ചലച്ചിത്രോത്സവയാത്ര ആരംഭിച്ചതെങ്കിലും 89 മുതൽ ഒരു ദശവത്സരക്കാലം ആ യാത്രയിൽ സ്ഥിരം കണ്ണിയാണ്. സിനിമ കാണുക എന്നതുമാത്രമായിരുന്നില്ല ഉദ്ദേശ്യം. ഡൽഹി യാത്രയിൽ നുകരുന്ന സൗഹൃദങ്ങളും കാഴ്ചകളും ജനസംസ്കാരവേഴ്ചയും ഒക്കെക്കൂടിയായിരുന്നു. ഹ്രസ്വമായ അലിഗഢ്​ ജീവിതത്തിൽ ഞാൻ മനസ്സിൽ സൂക്ഷിച്ച ഉത്തരേന്ത്യയും തലസ്ഥാനമായ ഡൽഹിയുമാണ്​ ഒരു ഗൃഹതുരതയോടെ മനസ്സിനെ ജാഗരൂകമാക്കി നിർത്തുന്നത്. മാത്രമല്ല, ലോക സിനിമയെക്കുറിച്ചുള്ള മാറിയ കാഴ്ചകൾ എന്റെ എഴുത്തിനെയും സജീവമാക്കി.

കേരളത്തിൽ അക്കാലത്ത് രാജ്യാന്തരമേള തുടങ്ങിയിട്ടില്ല. ഹജ്ജിനു പോവുകയെന്നോ മാലയിടുകയെന്നോ ഒക്കെയുള്ള മാറ്റപ്പേരിൽ ഈ യാത്രകൾ മലപ്പുറം സുഹൃത്തുക്കളുടെയിടയിൽ കേളിയാടി. ട്രെയിൻ യാത്രകളിൽ വച്ചാണ്, പല ചലച്ചിത്രോൽസവ സുഹൃത്തുക്കളെയും പരിചയമാകുന്നത്. ദീപക് നാരായണനെയും രേഷ്മ ഭരദ്വാജിനെയും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും തീവണ്ടിയിലാണ്. എ. സഹദേവൻ, ഒ.കെ. ജോണി, കെ. ജയചന്ദ്രൻ എന്നിവരോടൊക്കെ ചങ്ങാത്തത്തിലാവുന്നത് മേളയാത്രകളിലാണ്. ഐ. ഷണ്മുഖദാസ് മാഷിനെയും സി.എസ്. വെങ്കിടേശ്വരനെയും ഫെസ്റ്റിവലുകളിൽ തന്നെയാണ് പരിചയമാകുന്നത് എന്നാണോർമ. കെ.എൻ. ഷാജി എന്റെ അടുത്ത സുഹൃത്തായത് മേളയിൽ വച്ചാണ്. ഷാജിയുടെ "പ്രേരണ'ക്കാലം കൂടിയാണത്.

എ. സഹദേവൻ

അവഗണിക്കപ്പെടുന്ന ഗോത്രവർഗക്കാരുടെയും ദലിതുകളുടെയും ജീവിതഗന്ധിയായ കഥകൾ, അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ പുറത്തുകൊണ്ടുവന്ന മാതൃഭൂമി വയനാട് ലേഖകനായിരുന്ന കെ. ജയചന്ദ്രൻ താരമായി വിരാജിക്കുന്ന കാലമാണത്. അദ്ദേഹത്തിന്റെ എക്സ്ക്ലൂസീവുകൾ വേദനാജനകമായ വാർത്താബോംബുകളായിരുന്നു, മലയാളിക്ക്. അരികുവൽക്കരിക്കപ്പെട്ട ജനതയും കാടും മൃഗങ്ങളുമൊക്കെ അദ്ദേഹത്തിന്റെ സ്ഥിരം വിഷയങ്ങളായിരുന്നു.
അദ്ദേഹത്തെ പരിചയപ്പെടുന്നത് ഒരു ചലച്ചിത്രമേളയ്ക്കാണ്.
പിന്നെയെല്ലാ വർഷവും ഡൽഹിയിൽ കണ്ടുമുട്ടും. അദ്ദേഹം കൊണ്ടുവന്ന വാർത്തകളുടെ ഒരാരാധകനായ എന്നോട് അദ്ദേഹം വച്ചുപുലർത്തിയ എളിമ തെല്ലൊന്നുമല്ല എന്നെയാകർഷിച്ചത്. അധികം സംസാരിച്ചിരുന്നില്ല, ജയചന്ദ്രൻ. പല മേളകളിലും പല ഡെലിഗേറ്റുകൾക്കും സഹായകമായി നിന്ന ഒരാളാണ്, അന്ന് മാതൃഭൂമിയിലായിരുന്ന എ.സഹദേവൻ. പാഠഭേദമടക്കമുള്ള സാമാന്തര പ്രസിദ്ധീകരണങ്ങളിൽ ചലച്ചിത്രനിരൂപണമെഴുതിയിരുന്ന കെ.ജി. അമർനാഥ്​ മേളയിലെ സ്ഥിരസാന്നിധ്യമായിരുന്നു. ജി.പി.യും എം.സി. രാജനാരായണനും മറ്റുചില നിരൂപക സുഹൃത്തുക്കൾ.

രശ്മി, കോട്ടക്കൽ കാഴ്ച ഫിലിം സൊസൈറ്റികളിൽനിന്ന്​ നിരവധി സുഹൃത്തുക്കൾ ഒരു കുടുംബംപോലെ ഡൽഹി മേളയിൽ അണിനിരന്നു. കോഴിക്കോട് ഒഡേസ പ്രവർത്തകരായ അമ്മത്, ഒഡേസ സത്യൻ, ലോഹി(താക്ഷൻ) അങ്ങനെ പലരെയും അടുത്തറിഞ്ഞത് ഡൽഹി മേളയിൽ വച്ചാണ്.

പാസില്ലാ മേളകൾ

അക്കാലത്ത്, മേളയ്ക്ക് പാസ് കിട്ടാനുള്ള ഞെരുക്കം ചെറുതല്ല.
സ്ഥിരമായി മേളയ്ക്ക് പോകുന്നവർ പാസ്​ എങ്ങനെയെങ്കിലും സംഘടിപ്പിച്ചെടുക്കുക പതിവാണ്. രണ്ടും മൂന്നും ദിവസമെടുക്കും, പാസ്​ ശരിയാവാൻ. മേള കഴിയുന്നത് വരെ പാസ്​ കിട്ടാത്തവരുമുണ്ട്. ഡലിഗേറ്റ് പാസ് കിട്ടാതെ അലയുന്ന മലയാളി കാണികളെക്കുറിച്ചുള്ള വാർത്ത അന്ന് പത്രങ്ങളിൽ പലപ്പോഴും സ്ഥാനം പിടിച്ചിട്ടുണ്ട്. ഫിലിം സൊസൈറ്റി മുഖേന സമർപ്പിക്കപ്പെടുന്ന പേരുകളിലാണ് സാധാരണ കാണികൾക്ക് പാസ് അനുവദിക്കുക. സാമർഥ്യക്കാർ നേരത്തെ വല്ല പത്രസ്ഥാപനവുമായും മീഡിയ സുഹൃത്തുക്കളുമായും ബന്ധപെട്ട് പാസ്​ തരപ്പെടുത്തും. റിപ്പോർട്ട്‌ ചെയ്യാനൊന്നുമല്ല, അതൊരു അലങ്കാരമാണ്, പലർക്കും. മേള റിപ്പോർട്ട്‌ ചെയ്യുന്ന സ്വന്തം ലേഖകരിൽ സുഹൃത്തുക്കളായ ചിലർ, ഏതെങ്കിലും തിയേറ്ററിൽ സിനിമ കഴിഞ്ഞിറങ്ങുമ്പോൾ കൈക്കു പിടിക്കും. സിനിമ കാണാൻ പറ്റിയില്ലെന്നും എന്താണ് അതേക്കുറിച്ച് പറയാനുള്ളതെന്നും കുശലം പറഞ്ഞ്​, നമ്മുടെ ഉള്ളിലുള്ളത് ചോർത്തും. എന്നിട്ട് റിപ്പോർട്ട്‌ ചെയ്യും. കേരളത്തിലെ മേളകളിലായിരുന്നു ഈ പ്രവണത കൂടുതൽ.

അകത്ത്, ഡിസീക്കായുടെ ഉമ്പർട്ടോ ഡി പൊടിപൊടിച്ചു. ഇറ്റലി നഗരത്തിലെ ദാരിദ്രരായ വൃദ്ധന്മാരുടെ ജീവിത നിസ്സഹായാവസ്ഥ ചിത്രീകരിക്കുന്ന സിനിമ.

1993-ലാണെന്നുതോന്നുന്നു, എന്നോടുള്ള അടുപ്പം കൊണ്ട് പാസ് തരപ്പെടുത്താനുള്ള ആ ഉപായം പറഞ്ഞുതന്നത്. ​ദിവാകരമേനോൻ, അന്ന് ജാമിയ മില്ലിയ സർവകലാശാലയിൽ അധ്യാപകനാണ്. അദ്ദേഹത്തിന്റെ കെെവശം രണ്ടു പാസുണ്ട്. എന്റേതുപോലെ, ഒരു ഫ്രഞ്ച് ബുൾഗാൻ മേനോനുമുള്ളതിനാൽ ഛായയിൽ സാമ്യം തോന്നും. അതാണ് ഉപായത്തിന്റെ ന്യായം. നേരിട്ട് അദ്ദേഹത്തെ എനിക്കറിയില്ല. എം.എ. റഹ്​മാന്റെ, ബഷീർ ദി മാൻ ഡോക്യുമെന്ററിയുടെ ക്യാമറമാൻ അദ്ദേഹമാണ് എന്നറിയാം. സഹദേവന്റെ അറിയിപ്പുമൂലം ഞാനറിയാത്ത ദിവാകരമേനോൻ സാറിനെ ഉപഹാർ തിയേറ്ററിനു മുമ്പിൽ കണ്ടുമുട്ടി. അദ്ദേഹം സ്നേഹപൂർവം സമാന താടിക്കാരന് ഒരു ഡലിഗേറ്റ്മാല കൈമാറി. ഞാൻ നന്ദി പറഞ്ഞു. ആ ഫോട്ടോയിൽ ഉള്ളയാളെ ഞാൻ സൂക്ഷിച്ചുനോക്കി. താടിയുടെയും കവിളെല്ലിന്റെയും സാമ്യം കൊണ്ട്, പെട്ടെന്ന് ആളെ തിരിച്ചറിയാതെ സെക്യൂരിറ്റിയുടെ കണ്ണുവെട്ടിക്കാം. മെറ്റൽ ഡിറ്റക്ടർ കൊണ്ട് ഉഴിയുമ്പോൾ സ്വല്പം ജാഗ്രത വേണമെന്നേയുള്ളൂ. സിനിമ കാണാം എന്ന സന്തോഷം എനിക്കുണ്ടായി, മാത്രമല്ല, മേനോനെപോലുള്ള ഒരാളുടെ ചങ്ങാത്തം കിട്ടിയതിലുള്ള ആഹ്ലാദവും. അങ്ങനെ, അക്കൊല്ലം മേനോന്റെ അപരനായ ഒരു ഡലിഗേറ്റായി ഞാൻ മാറി.പാഠഭേദം വളരെ നന്നായി വായിക്കപ്പെടുന്ന കാലമായിരുന്നു, എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും. വാക്ക്, പാഠഭേദം തുടങ്ങിയ സമാന്തര പ്രസിദ്ധീകരണങ്ങൾ സ്ഥിരമായി വായിച്ചും ഇടയ്ക്കൊക്കെ അവയിൽ എഴുതിയും കേരളത്തിലെ അക്കാലത്തെ ചില സാമാന്തര പ്രസാധകരോട് സുഹൃദ്ബന്ധമുണ്ട്. സംവാദാത്മകവും സാംസ്കാരികവുമായ നിരവധി ചർച്ചകൾക്ക്, പാഠഭേദം തുടക്കമിടുകയുണ്ടായി.

‘നയി ദില്ലി’യിലെയും വിശിഷ്യ ചലച്ചിത്രമേള സ്ഥലത്തെയും ഭക്ഷ്യപേയങ്ങളുടെ വിലനിലവാരം കൂടുതലാണ്. തിളച്ച വെള്ളവും ചായപ്പൊടിയും ചീനിയും (പഞ്ചസാര) വേറെയായിട്ടാണ് കിട്ടുക. രണ്ടോ മൂന്നോ പേർക്ക് കുടിക്കാനുള്ളതുണ്ടാവും. ഒരു സിനിമയ്ക്ക് കേറുംമുമ്പേ ചായ കുടിക്കാൻ ഷാജിയോടൊപ്പം പോയി. സുഹൃത്ത് റഊഫും കൂടെ. വല്ലാതെ മുട്ടുമ്പോൾ ഒരു ചായ. ഉച്ചയ്ക്ക് മിനിമം ചാവൽ - ദാൽ - റൊട്ടി. മിനിമം ലഹരി. ഇതാണ് ഭക്ഷണത്തിന്റെ ദിനസരി.

വിറ്റോറിയ ഡിസീക്ക

ചായ കുടിച്ച കാഷിന്റെ പെരുപ്പം കേട്ടപ്പോൾ ഷാജിക്ക് അരിശം വന്നു. എങ്കിൽ നമുക്ക് ബാക്കിയുള്ള പഞ്ചസാരയും പൊടിയും പൊതിഞ്ഞെടുക്കാം എന്നായി ഷാജി. അതുപോലെ ചെയ്ത് പൊതി പാൻറ്​ കീശയിലിട്ട് അടുത്ത സിനിമയ്ക്ക്.

വിറ്റോറിയ ഡിസീക്കയുടെ സിനിമ ഇറ്റാലിയൻ നവറിയലിസത്തിൽ ശ്രദ്ധേയമാണ്. ആ സിനിമകളുടെ റിട്രോസ്പെക്റ്റീവ് മേളയിൽ ഒരിനമാണ്. ഉമ്പർട്ടോ ഡി എന്ന സിനിമയ്ക്കാണെന്ന് തോന്നുന്നു, ഞങ്ങൾ ക്യൂവിൽ. ഷാജിയുടെ ഊഴമായപ്പോൾ മെറ്റൽ ഡിറ്റക്ടർ ഒച്ചവച്ചു. സെക്യൂരിറ്റി വിശദമായി ഷാജിയെ പരിശോധിക്കാൻ ആയുമ്പോഴേക്ക്, നാടകീയമായി അദ്ദേഹം, സരസമായ മട്ടിൽ, പാൻറ്​ പൊക്കറ്റിൽ പൊതിഞ്ഞുവച്ച ചായപ്പൊടിയുടെയും പഞ്ചസാരയുടെയും പൊതി വലിച്ചെടുത്തു, കടലാസുപൊതി തുറന്ന്​ നിലത്തു തൂവി.
"സോറി സാർ, യെ ചായ് ഓർ ചീനി ഹേ...' എന്ന ഷാജിയുടെ തമാശ കേട്ടപ്പോൾ സെക്യൂരിറ്റി പോലും ചിരിച്ചുപോയി. അകത്ത്, ഡിസീക്കായുടെ ഉമ്പർട്ടോ ഡി പൊടിപൊടിച്ചു. ഇറ്റലി നഗരത്തിലെ ദാരിദ്രരായ വൃദ്ധന്മാരുടെ ജീവിത നിസ്സഹായാവസ്ഥ ചിത്രീകരിക്കുന്ന സിനിമ. ആ സിനിമയിൽ, പരസ്പര രക്ഷകരാണല്ലോ ഉമ്പർട്ടോയും തന്റെ വളർത്തുനായും. നിവൃത്തിയില്ലാത്ത ഒരു ഘട്ടത്തിൽ നായയെ ഉപേക്ഷിക്കാൻ തുനിയുന്ന ഉമ്പർട്ടോയുടെ പ്രവൃത്തി തിരിച്ചറിയുന്ന നായ യജമാനനോട് കാണിക്കുന്ന ഒരവിശ്വാസത്തിന്റെ രംഗമുണ്ട്. ജീവിതത്തിൽ, ഇന്നേവരെ ഇതുപോലൊന്ന് ഒരു സിനിമയിലും കണ്ടിട്ടില്ല. മൃഗവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനുഷ്യർ തമ്മിലുള്ളതിനേക്കാൾ ദൃഢമാണ്.

ഉമ്പർട്ടോ ഡി

സിനിമ കഴിഞ്ഞ്​ ഉപഹാർ തിയേറ്ററിന് പുറത്തിറങ്ങി ഒരു സിഗരറ്റ് പുകയ്ക്കാൻ ആളില്ലാമൂലയിലേയ്ക്ക് പോയപ്പോൾ, തന്റെ പാൻറ്​ പോക്കറ്റിൽ നിന്ന്​ ഷാജി ഒരു പയിൻറ്​ വിസ്കിയുടെ കുപ്പി ഉയർത്തിക്കാട്ടി, "കാണുവിൻ മഹജനങ്ങളെ' എന്ന്​ഞങ്ങളെ അഭിസംബോധന ചെയ്തപ്പോഴാണ്, ആശാൻ കാണിച്ച നാടകീയമായ സമർഥ്യത്തിന്റെ പൊരുൾ പിടികിട്ടിയത്. റഊഫ് പറഞ്ഞതോർക്കുന്നു, "അപ്പോഴേ സംശയമുണ്ട്, മെറ്റൽ ഡിറ്റക്ടർ പഞ്ചസാരയെ പേടിക്കുമോയെന്ന്?'.
ഏതായാലും, മേളയിലെ സെക്യൂരിറ്റിക്കാരുടെ കൂർമബുദ്ധിയോർത്ത് ഉള്ളിൽ ചിരിപൊട്ടി. ഇനി അങ്ങേർക്ക് സഹതാപം തോന്നിയതാകുമോ?

നിർഭാഗ്യമെന്നു പറയട്ടെ, പിറ്റേന്നു രാവിലെ ഷോയ്ക്ക് കയറവേ സെക്യൂരിറ്റി ഓഫീസർ, പ്രൊഫ. ദിവാകരമേനോന്റെ ഡെലിഗേറ്റ് പാസ്​ തിരിച്ചറിഞ്ഞു പിടിച്ചുവാങ്ങി. എങ്കിലും അയാൾക്ക് എന്നോട് പ്രതികാരമൊന്നും തോന്നിയില്ല, എന്നതുതന്നെ മഹാഭാഗ്യം. അതോടെ മേനോന്റെ "അപര'നായ ഞാൻ ചലച്ചിത്രോത്സവത്തിൽ നിന്ന്​ താൽക്കാലികമായി പുറത്തായി.

വിദേശ സംവിധായകർ, ഇവിടുത്തെ കാണിസമൂഹത്തിന്റെ മേന്മയെ പുകഴ്ത്താറുണ്ട്. സത്യത്തിൽ, അതിനൊരു കാരണം, ബ്യൂറോക്രസിയുടെ പിടിയിലല്ല നമ്മുടെ മേളകൾ എന്നുകൂടിയാണ്.

1993-ലെ മേളയിലാണ് ഇതൊക്കെ സംഭവിക്കുന്നത്.
രണ്ടും മൂന്നും ദിവസങ്ങൾക്കുശേഷം വീണ്ടും അലച്ചിൽ. റഊഫും കൂടെയുണ്ട്. ഇനി നാം എങ്ങനെ സിനിമ കാണും? ഇന്ന് പാസ്​ ശരിയാവുമോ? റഊഫാണ് ഗവേഷണം നടത്തി ആ വിദ്യ കണ്ടെത്തിയത്. സിരിഫോർട്ടിലേ പറ്റൂ. മൾട്ടിപർപ്പസീവായ ഹാൾ എന്ന നിലയ്ക്ക് അതിന്റെ നിർമിതി മറ്റൊരു തരത്തിലാണ്.
മൂന്നാലുദിവസം പാസ് കിട്ടാതെ അലഞ്ഞു നടക്കുന്നവരുടെ അഭാവം മൂലം പലപ്പോഴും ഹാൾ പകുതിയോളം ഒഴിഞ്ഞുകിടക്കും. ഡൽഹിയുടെ കൊടും തണുപ്പിൽ മലയാളികളടക്കമുള്ള പരശ്ശതം പേർ മേള പകുതിയാവോളവും പാസ്​ അന്വേഷിച്ച് അലഞ്ഞുനടക്കും. കട്ടുകയറിയും നേരത്തെ കയറിയിരുന്നും പലരും പാസിന്റെ അഭാവം നികത്തും. ഡൽഹിയിലെ ബ്യൂറോക്രാറ്റുകളിൽ പാസ്​ കിട്ടിയവരിൽ കുറച്ചുപേർ മാത്രമേ സിനിമയ്ക്കുണ്ടാവൂ.

കേരളത്തിലെ ചലച്ചിത്രമേളകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന തങ്ങളുടെ ചിത്രങ്ങൾ പരിചയപ്പെടുത്തുന്ന വിദേശ സംവിധായകർ, ഇവിടുത്തെ കാണിസമൂഹത്തിന്റെ മേന്മയെ പുകഴ്ത്താറുണ്ട്. സത്യത്തിൽ, അതിനൊരു കാരണം, ബ്യൂറോക്രസിയുടെ പിടിയിലല്ല നമ്മുടെ മേളകൾ എന്നുകൂടിയാണ്. ഡിജിറ്റൽ സംവിധാനം വന്നതോടെ ആ പ്രക്രിയ കുറേക്കൂടി ജനാധിപത്യപരമാകുന്നതയാണ് അനുഭവം.

സിരിഫോർട്ടിന്റെ സ്ക്രീൻ നിൽക്കുന്ന മുൻഭാഗത്തൂടെ ഹാളിലേയ്ക്ക് കടക്കാൻ പറ്റും എന്ന റഊഫിന്റെ കണ്ടെത്തൽ പരീക്ഷിക്കാൻ തീരുമാനിച്ചു. സിനിമ തുടങ്ങി, ഹാളിൽ ലൈറ്റ് അണച്ചതിനു ശേഷമേ പണി പറ്റൂ. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്നാണല്ലോ പ്രമാണം. സ്ക്രീൻ വച്ച ഡയസിലൂടെ അരികുപറ്റി മെല്ലെ ഒരു കവർച്ചക്കാരനെപോലെ ഹാളിലേക്ക് ചുരുണ്ട് നടക്കും. തെളിച്ചമുള്ള രംഗങ്ങൾ വരാതിരിക്കണേ എന്നായിരിക്കും പ്രാർഥന. സ്‌ക്രീൻ നിൽക്കുന്നതിന്റെ അരികുപറ്റി നടന്ന്​ മെല്ലെ താഴെക്കിറങ്ങി, മുന്നിൽ ഇരുട്ടിൽ കിട്ടിയ ഒരു കസേരയിൽ ഇരിക്കും. കണ്ണിനു വെളിച്ചം തുറന്നുകിട്ടുമ്പോൾ മെല്ലെ സൗകാര്യപ്രദമായ ഇടത്തിലേയ്ക്ക് മാറും. ചമ്മൽ തീർന്നു, മാന്യനായ ഒരു കാണിയായി ഉള്ളിൽ മാറാൻ കുറച്ചു സമയമെടുക്കും. പിന്നെ നാമറിയാതെ ഒളിഞ്ഞുനോട്ടക്കാരന്റെ കളിയിലേയ്ക്ക് അറിയാതെ പ്രവേശിക്കും.

ഗാബ്ബേ സിനിമയിൽ നിന്നും

ഇതുപോലെ നുഴഞ്ഞുകയറി റിപ്പോർട്ട്‌ ചെയ്ത സിനിമകൾ ഇന്നുമോർക്കുന്നു; 1993-ലെ ഒരു ജനയുഗം വാരികയിലെഴുതിയത്: ചൈനീസ്​ സിനിമ മോമ (അമ്മ), ഇറ്റാലിയൻ ചിത്രം സ്റ്റോളൻ ചിൽഡ്രൻസ്. മോമ, ബ്ലാക് & വൈറ്റ് ചിത്രമാകയാൽ ഉള്ളിലേയ്ക്കുള്ള നുഴഞ്ഞുകയറ്റം കുറച്ചൂടെ സുഗമമായി. മാത്രമല്ല, തിയേറ്ററിലേക്ക് പ്രവേശിക്കുന്ന നേരത്ത്, സിനിമയിൽ ഇരുണ്ടുപെയ്യുന്ന മഴയായിരുന്നു.

ഭർത്താവുമായി അകന്നുകഴിയുന്ന ഒരമ്മയുടെയും മകനായ കൊച്ചുബാലന്റെയും സങ്കടകരമായ കഥ പറയുന്ന ഈ സിനിമ ആധുനിക ചൈനയുടെ ദരിദ്രവും സ്ത്രീവിരുദ്ധവുമായ നിലപാടുകളെ തുറന്നുകാട്ടി. സ്റ്റോളൻ ചിൽഡ്രൻസ്, കുറ്റവാളികളെന്നു മുദ്രകുത്തപ്പെട്ട രണ്ടു കുട്ടികളെയും അവരെ സംരക്ഷിക്കാനേൽപ്പിച്ച ഒരു പൊലീസുകാരന്റെയും കഥയാണ്. തൊണ്ണൂറുകളിലെ ഇറ്റലിയിൽനിന്നുള്ള ഒരു സാധാരണ സിനിമ. ഇറ്റലിയുടെ മനോഹരമായ കടൽ തീരദേശങ്ങളുടെ ഭംഗിയാണ് ഇപ്പൊഴും ആ സിനിമയെക്കുറിച്ചോർക്കവേ മനസ്സിൽ വരുന്നത്.

ആന്ദ്രെ തർക്കൊവ്​സ്​കിയുടെ ദി സാക്രിഫൈസ് എന്ന വിഖ്യാത സിനിമ ഈ മേളയിലാണ് ആദ്യമായി കണ്ടത്. ഫിൻലൻഡിലെ വിഖ്യാത സംവിധായകൻ അകികൗരിസ്മാകിയുടെ ബൊഹീമിയൻ ലൈഫ് എന്റെ കാഴ്ചയെ സ്വാധീനിച്ച മികച്ച സിനിമകളിൽ ഒന്നാണ്. അതുപോലെ ചില ബർഗ്​മാൻ സിനിമകളും.

മറ്റൊരു ഡൽഹി ഫെസ്റ്റിവലിലാണ് മുഹ്സി​ൻ മക്മൽ ബഫിന്റെ സിനിമകൾ മിക്കതും കണ്ടത്. അദ്ദേഹത്തിന്റെ ഗാബ്ബേ എന്ന സിനിമയിൽ പേർഷ്യൻ കാവ്യത്തിന്റെ സൗന്ദര്യവും ആധുനിക മനുഷ്യരുടെ പ്രണയസംഘർഷവും ഒരുപോലെ കുടികൊള്ളുന്നു. മക്മൽബഫിനെ ആ മേളയിൽ കണ്ടതോർക്കുന്നു.

ക്രിസ്​റ്റോഫ്​ കീസ്​ലോവ്​സ്​കി / Photo : kieslowski.com.pl. .pinteres

പോളിഷ് സംവിധായകനായ ക്രിസ്​റ്റോഫ്​ കീസ്​ലോവ്​സ്​കിയുടെ സിനിമകൾക്ക് രണ്ടു മുഖമുണ്ട്. മിത്തോളജിയോടുള്ള അതിന്റെ ബന്ധം ബർഗ്​മാൻ സിനിമയെ ഓർമിപ്പിച്ചെന്നിരിക്കും. അതേസമയം, പുതിയ മനുഷ്യന്റെ സങ്കീർണമായ ഭാഗധേയമാണ് അവയുടെ പ്രശ്നപരിസരം. എന്റെ മനസിൽനിന്നും ശരീരത്തിൽനിന്നും ഇതുവരെ വിട്ടുപോകാത്ത സിനിമകളാണ്, അദ്ദേഹത്തിന്റെ ബ്ലൈൻഡ് ചാൻസ്, ക്യാമറ ബഫ് പോലുള്ളവ.

അധ്യാപകജീവിതത്തിൽ കവിതയും നാടകങ്ങളും നോവലുമൊക്കെ പഠിപ്പി ക്കുമ്പോൾ, ക്ലാസിൽ സിനിമകൾ ഉദാഹരിച്ചാണ്, പലപ്പോഴും വിശദീകരിക്കാറ്​. കീസ്​ലോവ്​സ്​കിയുടെ ബ്ലൈൻഡ് ചാൻസും ഡെക്കലോഗും കണ്ട് ഡൽഹിയുടെ തണുപ്പിൽ ആമോദം പൂണ്ടുനടന്നത് മറന്നിട്ടില്ല. മോശയുടെ പത്ത് കല്പനകളിലെ മനുഷ്യരും ആധുനിക മനുഷ്യരും തമ്മിലുള്ള അന്തരം ഏറെ വലുതാണ്. മുതലാളിത്തവൽക്കരണവും വ്യവസായവൽക്കരണവും ജീവിതം എന്ന സ്ഥല-കാല ഘടനയിൽ വരുത്തിയ മാറ്റം, മിത്തോളജിയുടെ കാലവുമായി താരതമ്യപ്പെടുത്തിയാൽ വലുതാണ്. എന്നാൽ, ഈ അന്തരങ്ങൾക്കിടയിലും മനുഷ്യന്റ വൈകാരികവും സ്വത്വപരമായ വൈചിത്ര്യങ്ങളും എവിടൊക്കെയോ കൂടിക്കുഴയുന്നിടത്താണ് സിനിമയുടെ ക്ലാസിക്​ ടച്ച്​ ലഭ്യമാവുക. കീസ്​ലോവ്​സ്​കിയുടെയും പോളിഷ് സംവിധായകൻ ആൻദ്രേ വൈദ്യയുടേയുമൊക്കെ സിനിമകൾ ഈ ദ്വിത്വസാധ്യത മുതലെടുക്കുന്നവയാണ്. വൈദ്യയുടെ, ആഷസ് & ഡയമണ്ട്സും, എവെരിതിങ് ഫോർ സെയിലും ഒക്കെ ലോകസിനിമയിൽ ക്ലാസിക്​ രാഷ്ട്രീയത്തെ തന്നെ നിർമിച്ചു.

മഗ്‌രിബിൽ നിന്നും, ജപ്പാനിൽ നിന്നും തുർക്കിയിൽ നിന്നും ആഫ്രിക്കയിൽ നിന്നും സ്പെയിനിൽ നിന്നുമൊക്കെയുള്ള പുതിയ സിനിമകകൾ തെല്ലൊന്നുമല്ല എന്റെ കാഴ്ചയെ ഉടക്കിയത്.

ഒരു അധ്യാപകൻ എന്ന നിലയ്ക്ക് ഇതര കലാവ്യവഹാരങ്ങൾ സൃഷ്ടിച്ചുവയ്ക്കുന്ന മനുഷ്യകഥകളും അവയുടെ പരിചരണ പരീക്ഷണ സാധ്യതകളുമൊക്കെ കൂട്ടിക്കുഴച്ച്​ ക്ലാസിനെ മികച്ചതാക്കാൻ കഴിയണം. എല്ലാ വിദ്യാർഥികളെയും ഇത് ഒരുപോലെ രസിപ്പിക്കുമെന്ന അഭിപ്രായമൊന്നും എന്റെയനുഭവത്തിലില്ല. എന്നാൽ ഒരുകൂട്ടം ചിന്താപരരായവരുടെയും കലയുടെയും വ്യവഹാരങ്ങളുടെയും വൈകാരികമായ സമ്മിശ്രണത്തിൽ തല്പരരുമായവരുടെയും ഒരു കൂട്ടത്തെ ഇത് സ്വാധീനിക്കും. അന്തർവൈജ്ഞാനികമായ ഒരു അധ്യായന പരിസരത്തിൽ, തിയേറ്ററും സിനിമയും ചിത്രകലയുമൊക്കെ ഏത് പഠനവ്യവഹാരത്തിന്റെയും മാർഗരേഖയാവണം. കരിക്കുലത്തിന്റെ "ബിനാലെ സാധ്യത'യെ ഉപയോഗപ്പെടുത്താൻ കഴിയണം. ഇത്തരുണത്തിൽ, എന്റെ കൂട്ടിനെത്തിയ ഈ ലോകസംവിധായകരൊക്കെ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ നിന്നുമാണ്. അവിടങ്ങളിലെ കൊട്ടകകളിൽ വച്ചാണ്. ഇവരെ കൂടാതെ ആഫ്രോ- അമേരിക്കൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ സംവിധായകരെയും അവരുടെ സിനിമകളും അറിയുന്നതും അങ്ങനെത്തന്നെ.

തൊണ്ണൂറുകൾ അവസാനിക്കുന്നതോടെ ഡൽഹി മേള യാത്രകൾ കുറഞ്ഞു. 2000- ത്തിലാണെന്നു തോന്നുന്നു, ഡൽഹി രാജ്യാന്തര മേളയിലേക്കുള്ള എന്റെ അവസാനയാത്ര. അതിന്​ സുപ്രധാനമായ ചില കാരണങ്ങളുണ്ടായിരുന്നു.1995-ലാണെന്നു തോന്നുന്നു കേരളത്തിൽ ഐ.എഫ്.എഫ്.കെ. തുടങ്ങി. കേരളത്തിലെ രാജ്യാന്തരമേളകൾ ഏറെ ശ്രദ്ധേയമായിരുന്നു. പുതിയ ലോക സിനിമകളും പാക്കേജുകളും ആകർഷണീയ മട്ടിലുള്ള ഇന്ത്യൻ പനോരമയും മത്സര സിനിമകളും കൊണ്ട് ഏറെ ബൃഹത്തായിരുന്നു ആദ്യകാല മേളകൾ. ഡൽഹിയിലെ പോലെ ബ്യൂറോക്രസിയുടെ ഇടപെടൽ കുറവായിരുന്നു. നല്ല ഹോമേജുകളും പാക്കേജുകളും മൂന്നാംലോക സിനിമയ്ക്കുള്ള പ്രാധാന്യവും എടുത്തുപറയത്തക്കതാണ്. ഏഷ്യൻ - ആഫ്രിക്കൻ - ലാറ്റിനമേരിക്കൻ ഫോക്കസുകൾ കാണികളുടെ കാഴ്ചയുടെ രാഷ്ട്രീയത്തെ കുറേക്കൂടി ഉള്ളുള്ളതാക്കി.

മഗ്‌രിബിൽ നിന്നും, ജപ്പാനിൽ നിന്നും തുർക്കിയിൽ നിന്നും ആഫ്രിക്കയിൽ നിന്നും സ്പെയിനിൽ നിന്നുമൊക്കെയുള്ള പുതിയ സിനിമകകൾ തെല്ലൊന്നുമല്ല എന്റെ കാഴ്ചയെ ഉടക്കിയത്. അകിരോ കുറസോവയുടെ മിക്ക സിനിമകളും ഫിലിം സൊസൈറ്റി കാലത്തുതന്നെ കാണുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ അവസാന ചിത്രമായ ഡ്രീംസ് തിരുവനന്തപുരം മേളയിൽ നിന്നാണെന്ന് തോന്നുന്നു, കണ്ടത്.

തുർക്കിയിൽനിന്ന്​ ഗംഭീരമായ രാഷ്ട്രീയ സിനിമകളുണ്ട് -യിൽമാസ് ഗുനെയെപ്പോലുള്ളവരുടെ. എന്നാൽ പുതിയ തുർക്കി സിനിമകളുടെ രാഷ്ട്രീയം തന്നെ മാറുന്നുണ്ട്. ഒമർ കാവൂറിന്റെ ജേർണി ഓഫ് ഔവർ ഹാൻഡ് പോലുള്ള പുതിയ സിനിമകൾ, ആഗോളകാലത്ത് സൂഫിസത്തിലേയ്ക്കും കവിതയിലേയ്ക്കുമൊക്കെ മടങ്ങിപ്പോകാനുള്ള ട്രെൻഡ് പോലെയാണ് ഇതൊക്കെ തോന്നിപ്പിക്കുന്നത്. അബുൽ ഫാസിൽ ജലീലിയുടെ, ഡാൻസ് ഓഫ് വിൻഡ് ഒരു പാവം സിനിമയാണ്, പരിചരണത്തിൽ. ഡോക്യു- ഫിക്ഷൻ രീതിയിലാണ് പരിചരണം.

ഇറാൻ സിനിമയുടെ സുവർണ കാലത്തിനുശേഷവും, അവിടുത്തെ ദരിദ്രവും തൊഴിൽരംഗത്തെ ലിംഗനീതിയുടെ പ്രശ്നങ്ങളുമൊക്കെ ഇറാനിലുണ്ട് എന്നു സൂ ചിപ്പിക്കുന്നു ഈ ജനുസുകൾ. തേനും പാലുമൊഴുകുന്ന ദേശമൊന്നുമല്ല, ഇറാൻ എന്നുതന്നെയാണ്​ അവിടുത്തെ വിശ്രുത സംവിധായകരുടെ പല സിനിമകളും വിളിച്ചുപറയുന്നത്. എത്ര ശക്തമായ നിബന്ധനകൾക്കിടയിലും, പരിമിതികളിൽനിന്ന്​ അവർ നിർമിച്ച ഒരു സിനിമാപരീക്ഷണമുണ്ട്. ഒരു കാലത്ത് ഐസൻസ്റ്റീനിന്റെ വലിയ സിനിമാരൂപങ്ങൾ കാണിയെ അത്ഭുതപ്പെടുത്തിയപോലെ ഇറാൻ സിനിമയിലെ പരീക്ഷണങ്ങൾ പുതിയ കാലത്തെ കാണികളെ കുറച്ചെങ്കിലും ചിന്തിപ്പിച്ചേക്കാം. പരീക്ഷണ വ്യഗ്രതയോടെ മാത്രമേ ചരിത്രത്തിലെന്നും സിനിമ അതിന്റെ പുതിയ വഴികൾ വെട്ടിത്തുറന്നിട്ടുള്ളൂ.

തിരുവനന്തപുരത്തുവച്ച്​ അബുൽ ഫാസിൽ ജലീലിയുമായി നടത്തിയ അഭിമുഖത്തിൽ, ചെലവ് ചുരുക്കി പൊള്ളുന്ന യഥാർഥ്യങ്ങളെ എങ്ങനെ സിനിമയാക്കാം എന്ന നയം അദ്ദേഹം വ്യക്തമാക്കി. മൂന്നാം ലോകത്തിന്റെ പരീക്ഷണ സിനിമകൾ, യൂറോപ്യൻ സിനിമകളുടെ വൻ സാങ്കേതിക പകിട്ടുകളെ എങ്ങനെ മറികടക്കുന്നുവെന്നും.

ഏഷ്യൻ -ആഫ്രിക്കൻ സിനിമകൾ പലപ്പോഴും പുലർന്നുപോരുന്നത്, യൂറോപ്യൻ സാംസ്‌കാരിക തലസ്ഥാനങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ സഹവർത്തിത്വത്തോടെയാണ്. സാമ്പത്തിക സ്വാധീനം സാസ്‌കാരിക പ്രക്രിയയെകൂടി സ്വാധീനിക്കുക പതിവാണ്. അതുകൊണ്ടുതന്നെ സിനിമയുടെ രാഷ്ട്രീയത്തിൽ മൂന്നാംലോക രാജ്യങ്ങൾക്ക് വിട്ടുവീഴ്ചകൾക്ക് വിധേയമാകേണ്ടിവരും. ഇവയൊക്കെ കൂടുതൽ അറിയാനും ചർച്ചാവിഷയമാക്കാനും കേരളത്തിലെ ആദ്യകാല മേളകൾ ശ്രദ്ധിച്ചിരുന്നു. ആഫ്രിക്കയിൽ നിന്നുമുള്ള സെമ്പൻ ഓസ്മാൻ, അബ്ദുറഹിമാൻ സിസാക്കോ തുടങ്ങിയ പുതുസിനിമക്കാർ, പുത്തൻ സാമ്പത്തിക ആഗോളീകരണത്തിന്റെ നീറുന്ന വസ്തുതകൾ സിനിമയാക്കി. ലാറ്റിനമേരിക്കയിൽനിന്നുള്ള ഗ്ലോബർ റോഷയുടെ ചിത്രങ്ങളുടെ ഉത്തരാധുനിക തുടർച്ച പലപ്പോഴും ഇവരുടെയൊക്കെ സിനിമകളിൽ കാണാം.

സിസാക്കൊയുടെ വെയ്റ്റിങ് ഫോർ ഹാപ്പിനെസ്സ്, ബമാക്കോ പോലുള്ള ചിത്രങ്ങൾ, ജനവിരുദ്ധ തുരപ്പൻ ആഗോളീകരണനയങ്ങളെ ജനപക്ഷത്തുനിന്ന് നോക്കിക്കാണുന്നവയാണ്. ചൈന മാർക്കറ്റിന്റെ അതിവ്യാപന രാഷ്ട്രീയം പോലും ആഫ്രിക്കയുടെ പശ്ചാത്തലത്തിൽ സിസാക്കോ വിഷയമാക്കുന്നുണ്ട്. ഹെയ്ത്തി​യിൽനിന്ന്​ പേരുകേട്ട സംവിധായകനായ റൗൾ പെക്ക് ഈ ഗണത്തിൽവരുന്ന മറ്റൊരാളാണ്. ലാറ്റിനമേരിക്കൻ മാജിക് റിയലിസം ഉത്തരാധുനികമട്ടിൽ ചിത്രവൽക്കരിക്കാനുള്ള സാമർഥ്യം ഈ സിനിമകളെ വേറിട്ടതാക്കുന്നു.

മറ്റൊരു തിരുവനന്തപുരം ഫെസ്റ്റിവലിൽ, മുതിർന്ന പോളിഷ് സംവിധായകനായ ക്രിസ്റ്റോഫർ സനൂസിയുടെ പുതിയ സിനിമ ഏറെ വിവാദമായതോർമയുണ്ട്. അദ്ദേഹത്തിന്റെ ഔവർ ഗോഡ്സ് ബ്രദർ എന്ന സിനിമ, കേരളത്തിന്റെ രൂക്ഷമായ ഇടതുപക്ഷ സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. ഓപ്പൺ ഫോറത്തിൽ, സനൂസി കമ്യൂണിസത്തെ അനാദരിക്കുകയും ക്രിസ്​തുമതത്തിന്റെ ഡോഗ്മയോടൊപ്പം കളം മാറുകയുമാണ് ചെയ്യുന്നതെന്ന വിമർശനം ഉണ്ടായി. എന്നാൽ പോസ്റ്റ്‌ ഗോർബച്ചേവ് കാലത്തോട്, സനൂസി ചോദിക്കുന്ന ചോദ്യങ്ങളെ വിമർശകർ അമർത്തുകയാണുണ്ടായത് എന്ന് എന്റെ പക്ഷം.

എലിയ സുലൈമാന്റെ ക്രോണിക്കൾ ഓഫ് ഡിസപ്പിയെർ പോലുള്ള ഒരു സിനിമ, പുതിയ പാലസ്തീൻ യഥാർഥ്യത്തെ പൊള്ളലോടെ കൊണ്ടനുഭവിപ്പിച്ചത് ഓർക്കുന്നു. ഡയസ്പോറയുടെ പുതുകാല അനുഭവങ്ങൾ -അപ്രത്യക്ഷമാകലിന്റെ രാഷ്ട്രീയം - ഒക്കെ ഇത്തരം സിനിമകൾ പുറത്തിട്ടു. കാർലോ സൗറ, മാർത്ത മെസ്രോസ്, പേഡ്രോ അൽമോദോ തുടങ്ങിയവരുടെ വേറിട്ട ശില്പങ്ങൾ... അങ്ങനെ പറഞ്ഞാൽ തീരാത്ത സിനിമകളുടെ വേലിയേറ്റങ്ങൾ..

തുറന്ന മേളകളുടെ കൊടിയേറ്റം

ഐ.എഫ്.എഫ്.കെ.യിൽ, അതുതുടങ്ങിയ കാലംതൊട്ടുതന്നെ ഒരു കാണി എന്ന നിലയ്ക്ക് സജീവമായിരുന്നു. ചലച്ചിത്രമേളയെക്കുറിച്ചുള്ള എഴുത്തും ഈ കാലയളവിൽ സജീവമായി. ഡൽഹിയിലെന്ന പോലെ, ‘യാത്രയുടെ ഹരം' ഹരിച്ചുകിട്ടുന്ന പലതും കേരള മേളയിലുമുണ്ട്. സൗഹൃദങ്ങളുടെ തുടർച്ച തന്നെ, ഒന്നാമത്തേത്. തിയേറ്ററിനകത്ത് ഏതാണ്ട് എല്ലാർക്കും ഒരേ പ്രവർത്തിയാണെങ്കിൽ പുറത്ത് പലതാണ്​. ഓരോ കാലത്തെയും പ്രതിലോമ സാംസ്‌കാരിക നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതികരണവേദി കൂടിയായിരുന്നു ഐ.എഫ്. എഫ്. കെ.

എം. ജി. സർവകലാശാലയിൽ അധ്യാപകനായതോടെ നാടകം, സിനിമ എന്നീ കലാരൂപങ്ങളിലേയ്ക്ക് കൂടുതൽ മുങ്ങിത്താഴാൻ അവസരമുണ്ടായി. സ്കൂൾ ഓഫ് ലെറ്റേഴ്സ്, അതിന്​ വേദിയും സൗഹൃദങ്ങളും തുറന്നിട്ടു. നരേന്ദ്രപ്രസാദ് ലീവിൽ പോയി തിരിച്ചുവന്ന് സർവീസിൽനിന്ന്​ പിരിഞ്ഞുപോകുന്ന കാലമാണത്. വി.സി. ഹാരിസ്, പി. ബാലചന്ദ്രൻ, ഡി. വിനയചന്ദ്രൻ എന്നിവരോടുള്ള സൗഹൃദം നാടക -സിനിമ രംഗത്തുള്ള നിരവധി പേരോടുള്ള സൗഹൃദമായി വളരാൻ സാഹചര്യമൊരുക്കി. രാജ്യാന്തര മേളയുടെ പ്രഖ്യാപനം വന്നാൽ എം.ജി.യിലെ ലെറ്റഴ്സിന് ഉത്സവകാലമായിരുന്നു. ബുള്ളറ്റിൻ കമ്മിറ്റിയിലടക്കം പലതിലും ലെറ്റേഴ്​സിലെ വിദ്യാർഥികളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.

ശബാന അസ്മി, വി.സി ഹാരിസ്. ഐ.എഫ്.എഫ്.കെ. ഓപ്പൺ ഫോറം.

വി.സി. ഹാരിസിന്റെ പ്രേരണ അവർക്ക് വലിയ സഹായമായി. ഹാരിസിന് നമ്മുടെ രാജ്യന്തര ചലച്ചിത്രമേളകളുമായുള്ള ബന്ധം വിലയിരുത്തേണ്ടതുണ്ട്. ഫെസ്റ്റിവലിന്റെ ഉള്ളടക്കം പരിഷ്കരിക്കുന്നത്, പോസ്റ്റ്​ കൊളോണിയൽ ലോകത്തെ അഭിമുഖീകരിക്കുന്ന സിനിമകളുടെ ഉൾപ്പെടൽ, ഫെസ്റ്റിവലിന്റെ മൂന്നാംലോക പരിപ്രേക്ഷ്യം എന്നതുമുതൽ ഫെസ്റ്റിവലിന്റെ ഓപൺ ഫോറം ചുമതല വരെയുള്ള പണികൾ ഹാരിസിനുണ്ടായിരുന്നു. ഓപൺ ഫോറത്തിന്റെ നിത്യ സാന്നിധ്യമായിട്ടായിരിക്കാം ഹാരിസിനെ മേളയ്ക്കുപോകുന്ന പലർക്കും പരിചയം. ലോക സിനിമാരംഗത്തുള്ള മാസ്റ്റർമാരും പുതിയ ലോക സിനിമ സംവിധായകരുമൊക്കെ ഹാരിസിന്റെ നല്ല സുഹൃത്തുക്കളായി മാറിയതിനുപിന്നിൽ, ഓപൺ ഫോറത്തിൽ അദ്ദേഹത്തിന്റെ തന്മയത്വപൂർണമായ ഇടപെടലായിരുന്നു എന്ന് നിരീക്ഷിക്കാം.

ഹാരിസ് തന്നെ അഭിനയിച്ച, രാജീവ്കുമാറിന്റെ ജലമർമരം, സുമ ജോസന്റെ സാരി തുടങ്ങിയ സിനിമകൾ ഞാൻ തിരുവനന്തപുരം മേളയിൽനിന്നാണ് കാണുന്നത്. പി. ബാലചന്ദ്രനും വിനയചന്ദ്രനും മേള കഴിയുവോളം സജീവമായിരുന്നു. ബാലചന്ദ്രന്റെ പാരഡി നാട്യങ്ങളും വിനയചന്ദ്രന്റെ മാസ്മരികമായ ഇടപെടലുകളും വേഷങ്ങളും പല മേളപ്പുറങ്ങളെയും കൊഴുപ്പുള്ളവയാക്കി. 2009-ലാണ്​, ചലച്ചിത്ര അക്കാദമി പുസ്തകം, ലേഖനം എന്നിവയുടെ തെരഞ്ഞെടുപ്പ് ജൂറിയായും എന്നെ ഉൾപ്പെടുത്തി. ശ്രീകുമാർ സെക്രട്ടറിയായ കാലമാണ് ഇതെന്ന് ഓർക്കുന്നു.

എ.അയ്യപ്പൻ

ചലച്ചിത്രമേളകളിലെ എ. അയ്യപ്പന്റെ കുസൃതികളും ഇടപെടലുകളും ഓർമിക്കേണ്ടതുണ്ട്. ഓപൺ ഫോറത്തിൽ അയ്യപ്പൻ പ്രത്യക്ഷപ്പെട്ടാൽ പ്രത്യയശാസ്ത്രപരമോ പ്രതിരോധത്മകമോ ആയ ഒരലമ്പ് പ്രതീക്ഷിക്കാം. സർഗാത്മകമായ അലമ്പുകൾ എന്നും അവയെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. അദ്ദേഹത്തെ എഴുന്നള്ളിച്ചു നടക്കാൻ ഒരു അയ്യപ്പസംഘവുമുണ്ടാവും. സ്വന്തം ജീവിതത്തിൽനിന്ന് പൊട്ടിപ്പുറപ്പെടുന്ന പ്രശ്നങ്ങൾ അപരവൽക്കരിക്കപ്പെട്ട മനുഷ്യരുടെയും വർഗങ്ങളുടെയും കവിതയാക്കി മാറ്റിയതുപോലെ തന്നെയായിരുന്നു ഈ ഇടപെടലുകളുടെ ചേലും.

കള്ളുകുടിക്കാൻ അദ്ദേഹത്തിന് കാശ് കൊടുക്കുന്നതുപോലും പ്രതിരോധാത്മക പ്രകടനങ്ങളോട് സമരസപ്പെട്ടുപോകും എന്ന്​ കരുതിയിരുന്നവരുമുണ്ട്. അയ്യപ്പനെ സേവിച്ച് മദ്യം അടിച്ചുമാറ്റുന്ന ചെറുപ്പക്കാരും ഇല്ലാതില്ല. ചരിത്രത്തിൽ എപ്പോഴെങ്കിലും സംഭവിക്കുന്ന കൾട്ട് മനുഷ്യന്റെ നിറവ് ജോൺ എബ്രഹാമിനെപ്പോലെ കുറച്ചൊക്കെ അയ്യപ്പനിലുണ്ടായിരുന്നു. അയ്യപ്പന്റെ കാവ്യജീവിതം തന്നെയായിരുന്നു അതിനു മുഖ്യകാരണം. മേളയിലെ ‘അയ്യപ്പ സാന്നിധ്യം' എന്നും വാർത്തയായിരുന്നത് അങ്ങനെയാണ്.
അയ്യപ്പന്റെ മനസ്സിൽ എപ്പോഴും ഒരു കുഞ്ഞ് ജീവിച്ചിരുന്നു. അത് തിരിച്ചറിഞ്ഞ കൂട്ടുകാർ അദ്ദേഹത്തെ ഒരിക്കലും വിട്ടുപോയില്ല. എന്നാൽ അതറിയാത്തവർക്ക് അദ്ദേഹം ഒരു നിത്യശല്യവുമായിരുന്നു. മേളകളിൽ അയ്യപ്പന്‌ കണക്കാക്കി വെക്കാറുള്ള തുക അദ്ദേഹം ചോദിച്ചുതന്നെ വാങ്ങുമായിരുന്നു. അത് കിട്ടാതെ വരുമ്പോൾ തമാശരൂപത്തിൽ വാക്കുകളുടെ ഓലപ്പാമ്പിനെയൊക്കെയിറക്കും. എം.ജി.യിൽ അധ്യാപകനായി ചേർന്നശേഷം ഒരിക്കൽ അയ്യപ്പൻ എന്നെ മേളയിൽ ക്കണ്ടപ്പോൾ ഒരു പ്രസ്താവന നടത്തി; "എടോ ഉമറേ, താനിപ്പോൾ യു.ജി.സി. വാങ്ങുന്നയാളാണ്. ഇക്കൊല്ലം മുതൽ നിന്റെ വിഹിതം കൂട്ടിയിരിക്കുന്നു.’
ഇത്ര സ്നേഹനിധിയായ ഒരാൾ അയ്യപ്പനെപോലെ വേറെയുണ്ടാവില്ല.
ആ സ്വാതന്ത്ര്യത്തിന്​ ഒരഴകുണ്ട്.
അദ്ദേഹം മരിച്ചപ്പോൾ രണ്ടു കാര്യങ്ങളാണ് എന്നെ നൊമ്പരപ്പെടുത്തിയത്. ഒന്ന്, ഇങ്ങനെ സമൂഹത്തിൽ കപടമാന്യതയ്ക്കെതിരെ അലോസരമുണ്ടാക്കുന്ന ഒരാൾ ഇനിയില്ല. മറ്റൊന്ന്, അദ്ദേഹം കീശയിൽ ഒരുതുണ്ട് പേപ്പറിൽ എഴുതിസൂക്ഷിച്ച കവിതകൾ.

സിനിമ എന്നും ബിഗ് സ്‌ക്രീനിൽ തന്നെ കാണണം എന്ന വിശ്വാസമാണ് എനിക്കുള്ളത്. ഏത് കലാരൂപത്തിന്റെയും സാങ്കേതിക പദ്ധതിക്ക് അവയുടെ സൗന്ദര്യാവിഷ്കാരവമായി നിതാന്തബന്ധമാണുള്ളത്.

പലരും പലമട്ടിൽ പെർഫോം ചെയ്യുന്ന സ്ഥലങ്ങൾ ഒരുപക്ഷേ സാംസ്കാരിക ചരിത്രത്തിൽ പ്രധാനമാണ്. അതാണ് ഇങ്ങനെയുള്ള കാർണിവൽ സ്‌പേസുകളുടെ പ്രാധാന്യം. പൊതുസ്ഥലങ്ങളുടെയും കാർണിവലുകളുടെയും ചുരുക്കം ജനാധിപത്യ സംസ്കാരത്തെ മന്ദീഭവിപ്പിക്കുന്നു.

മലയാളത്തിൽ പലരുടെയും പ്രത്യേകതയുള്ള സിനിമകൾ കാണുന്നത് ഐ.എഫ്.എഫ്.കെ.യിൽ വച്ചാണ്. ടി.വി. ചന്ദ്രന്റെ മങ്കമ്മ ഡൽഹിയിൽ നിന്ന്​ കണ്ടു എന്നാണോർമ. സൂസന്ന, ഡാനി, പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഗർഷോം പോലുള്ളവ ഓർമയിലേയ്ക്ക് വരുന്നു. അരവിന്ദന്റെ കാഞ്ചനസീത, വീണ്ടും ഒരു മേളയിൽ കണ്ടതോർക്കുന്നു. എത്ര കണ്ടാലും പരിചരണത്തിന്റെ പ്രത്യേകത കൊണ്ട് പുതുതായി തോന്നുന്ന ചില ശില്പങ്ങളുണ്ട്. അവയ്ക്ക് എപ്പോഴും ഒരു ക്ലാസിക്കൽ ടച്ചുണ്ട്. അരവിന്ദന്റെ മിക്ക സിനിമകളും അങ്ങനെയുള്ളവയാണ്. സിനിമ എന്നും ബിഗ് സ്‌ക്രീനിൽ തന്നെ കാണണം എന്ന വിശ്വാസമാണ് എനിക്കുള്ളത്. ഏത് കലാരൂപത്തിന്റെയും സാങ്കേതിക പദ്ധതിക്ക് അവയുടെ സൗന്ദര്യാവിഷ്കാരവമായി നിതാന്തബന്ധമാണുള്ളത്.

മേളകൾക്ക് മനസ്സിൽ ഇപ്പോൾ കൊടിയിറക്കത്തിന്റെ കാലമാണ്. അതിനുകാരണം, കാണിയുടെ ആഘോഷമാക്കി മേള മാറ്റാനുള്ള സ്വാതന്ത്ര്യം പഴയ പോലെ ഇന്നില്ല, എന്നതുതന്നെ. സുഹൃത്തുക്കളുടെ കൊഴിഞ്ഞുപോക്കും പരിണാമവും മറ്റു കാരണങ്ങൾ. സിനിമ കാണാനായി മാത്രം ഓടിനടക്കുന്ന ആൾക്കൂട്ടത്തെപ്പോലെയാണ് ഇന്നത്തെ മേളകൾ തോന്നിപ്പിക്കുക. ഒരു പ്രത്യേക ഡിജിറ്റൽ വെബിനകത്താണ് ഇന്നത്തെ മേളകൾ. അവിടെയും ഒരു ഡിജിറ്റൽ ഡിവൈഡുണ്ട്. കണിശമായ നിയന്ത്രങ്ങൾ കൊണ്ടും ഉന്മാദ ദേശീയതയുടെ ഭീതി കൊണ്ടുമുള്ള നിയന്ത്രണങ്ങൾ വേറെ. ചലച്ചിത്രമേളകൾ മിസ്സാവുന്നത് ഇന്നൊരു നഷ്ടമായി തോന്നാറില്ല.

ഏത് യാത്രയും പുറപ്പാടും ഒരെത്തലുമാണ്. ചലച്ചിത്രോത്സവങ്ങളെപ്പോലും അങ്ങനെ കണ്ടിരുന്ന ഒരു തലമുറയുണ്ട്. ഫിലിം ഫെസ്റ്റിവലുകളിലെ കാണികളുടെ ചരിത്രം(ങ്ങൾ) എഴുതപ്പെടുകയാണെങ്കിൽ എന്തെന്തു കഥകളായിരിക്കും അവശേഷിക്കുക!

എഥൻസിലെ മലഞ്ചരിവുകളിൽ കെട്ടിയുണ്ടാക്കിയ ഭീമാകാരമായ തിയേറ്ററിനെക്കുറിച്ചുള്ള പഠനത്തിൽ കാണികളെക്കുറിച്ചുള്ള ചില പരാമർശങ്ങൾ രസകരമാണ്. ആധികാരികമായ കാഴ്ചയിൽ (authentic spectatorship) രമിക്കുന്നവർ മാത്രമല്ല, കാണികൾ. ഭക്ഷ്യപേയങ്ങൾ കൊറിച്ചും കുടിച്ചും പൂച്ചകരഞ്ഞും കൂക്കിവിളിച്ചും ഒക്കെ പലമട്ടിൽ പെരുമാറുന്ന കാണികളുടെ സമൂഹമാണത്. കാണിസമൂഹമെന്ന കാർണിവൽ അത്രയും വൈചിത്ര്യമേറിയതത്രെ.

ചലച്ചിത്രമേളകളിൽ, ഒരുകാലത്ത് തിയേറ്ററിനകത്തുള്ളവരെക്കാൾ കാണികൾ പുറത്തായിരുന്നു. സംവാദങ്ങളും ബഹളങ്ങളും സൗഹൃദങ്ങളും പ്രതിഷേധങ്ങളും പ്രണയങ്ങളും കൊണ്ട് മുഖരിതമായിരുന്നു പഴയ മേളകളിലെ തിയേറ്റർമുറ്റങ്ങൾ. ഓപൺ ഫോറങ്ങൾ പലപ്പോഴും സംവാദ- വിവാദങ്ങളോടൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്തെ ഓപൺ ഫോറങ്ങളിൽ അധികാരകോയ്മയ്ക്കെതിരെയുള്ള ഒച്ചകൾ മുഴങ്ങിക്കേട്ടു. പിന്നെപ്പിന്നെ ഓപൺ ഫോറങ്ങൾ അകത്തായി. ക്രമേണ ഓപൺ ഫോറങ്ങളിലെ ചർച്ചാവിഷയ സ്വഭാവം തന്നെ മാറി. ഫിലിം ഡിസ്ട്രിബ്യൂഷൻ, ആഗോള വിനിമയ സഹകരണം എന്നൊക്കെയായി അവ പരിണമിച്ചു.

രാജ്യാന്തര ചലച്ചിത്രോത്സവയാത്രകൾ എന്റ പഴയ കാല സിനിമാകാഴ്ചകളുടെയും ചിന്തയുടെയും സ്വാതന്ത്ര്യപ്രകാശനങ്ങളുടെയും സാമൂഹ്യജീവിതത്തിന്റെയും ഭാഗമായിരുന്നു.

ക്യാപിറ്റൽ ആർട്ട്‌ എന്ന നിലയിൽ ചലച്ചിത്രകലയുടെ ആഗോള കച്ചവട സ്വഭാവം വലുതാണ്. ഈ വ്യവസായം സുഗമമാക്കുന്നതിനു കൂടിയാണ് രാജ്യാന്തര ചലച്ചിത്രമേളകൾ. മുതലാളിത്തത്തിന്റെ ലാഭക്കണ്ണും അവസര വിനിയോഗവും ഒത്തുചേരുന്ന കൊളാബറേറ്റീവ് പരിശ്രമങ്ങളാണ് പല മേളകളും. അവയോടൊക്കെയുള്ള കാണികളുടെയും കലാതല്പരരുടെയും സംവാദങ്ങളും പ്രതികരണവും മേളകളിൽ നടക്കുന്നത് കലയോടുള്ള ആഗോളകമായ ജനാധിപത്യപ്രവർത്തനം കൂടിയത്രേ.

ഓരോ കാലവും ആവശ്യപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ അടയാളങ്ങളും ബിംബങ്ങളും വെവ്വേറെയാണ്. രാജ്യാന്തര ചലച്ചിത്രോത്സവയാത്രകൾ എന്റ പഴയ കാല സിനിമാകാഴ്ചകളുടെയും ചിന്തയുടെയും സ്വാതന്ത്ര്യപ്രകാശനങ്ങളുടെയും സാമൂഹ്യജീവിതത്തിന്റെയും ഭാഗമായിരുന്നു. ഓലകൊട്ടകകളിൽനിന്ന്​തിയേറ്ററുകളിലേയ്ക്കും 16 എം.എമ്മുകളിലൂടെ തെരുവുകളിലേയ്ക്കും പിന്നെയും തിയേറ്ററുകളിലേയ്ക്കും പിന്നെപ്പിന്നെ മൾട്ടിപ്ലക്സുകളിലേയ്ക്കും ഒക്കെ നീണ്ടുപോയ, ഒരു മാപ്പിളച്ചെക്കന്റെ ജീവിതകഥയെ വ്യാഖ്യാനിച്ച സ്ഥല -കാലങ്ങളുടെ ഒരു റിട്രോസ്പെക്റ്റീവ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments