അതിരുവിട്ടുകുതിക്കുന്നു, മലയാള സിനിമയുടെ ‘ആവാസവ്യൂഹ’ങ്ങൾ

ചിരസമ്മതശൈലികളെ പൂർണമായും തകർക്കുന്ന ടെക്‌നിക്കലി ക്യൂറേറ്റഡ് ആയ സിനിമാറ്റിക് ഭാഷയും കുറിക്കുകൊള്ളുന്ന സറ്റയറിക്കൽ ആഖ്യാനവുമാണ്​ ‘ആവാസവ്യൂഹം’ എന്ന സിനിമയിലുള്ളത്​. മോക്കുമെന്ററിയും സയൻസ് ഫിക്ഷനും ഫാന്റസിയും തുടങ്ങി നിരവധി ഴോണറുകളുടെ സവിശേഷതകൾ അനുഭവഭേദ്യമാകുന്നുണ്ട് സിനിമയിൽ. കെട്ടുകഥയുടെ ഭാവനാതലങ്ങളിലൂടെ പോയി സമകാലികരാഷ്ട്രീയം പറയുന്നതും അതിൽ ഡോക്യുമെന്ററി ഫോർമാറ്റിന്റെ ഉചിതമായ പ്രയോഗം വഴി വസ്തുനിഷ്ഠാംശത്തെ ഫലപ്രദമായി സന്നിവേശിപ്പിക്കുന്നതും ബ്രില്യന്റായ ഒന്നായി തന്നെ വിലയിരുത്തപ്പെടണം.

പാരിസിലെ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ പ്രദർശനശാലയിൽ പകുതി തവളയും പകുതി മനുഷ്യനുമായ ഒരു ജീവിയുടെ അസ്ഥികൂടം. അപൂർവ്വമായ സ്പിഷീസുകളുടെയും ജീവികളുടേയും ശേഷിപ്പുകൾക്കിടെ അനേകരെ ആകർഷിക്കുന്ന പ്രദർശനവസ്തുവായ ഈ അസ്ഥികൂടത്തിന്റെ വിവിധ അവയവഭാഗങ്ങളിൽനിന്നും ജീവന്റെ തുടിപ്പുകൾ വളർന്നുവരുന്ന ദൃശ്യത്തോടെയാണ് ഈ വർഷത്തെ ഏറ്റവും നല്ല ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ച ആവാസവ്യൂഹം (The Arbit Documentation of an Amphibian Hunt ) അവസാനിക്കുന്നത്.

പ്രസ്തുത ജീവിയെ കണ്ടെത്തിയതും അതു തന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോയതും കേരളത്തിലെ പുതുവൈപ്പിനിലാണെന്ന് മ്യൂസിയത്തിലെ വിവരണത്തിലൂടെ നാമറിയുന്നു. സമാധാനപരമായ സമരങ്ങൾപോലും ഭീകരമായി അടിച്ചമർത്തപ്പെടുന്ന പ്രദേശമായി നാം അറിഞ്ഞിട്ടുള്ള പ്രദേശമാണ് പുതുവൈപ്പ്. നിരോധനാജ്ഞ ഇടയ്ക്കിടെ നിലവിൽവരുന്ന സ്ഥലം. കൊച്ചിയിലെ അഴീക്കോടും പുതുവൈപ്പിനിലും ഉണ്ടായിരുന്ന ഈ ജീവി കൊല്ലപ്പെട്ടതും അവിടെ വച്ചുതന്നെയാണ്. ജൈവികചരിത്രം പ്രദർശനശാലയിലെ ഒരു വസ്തു ആയിമാറുന്ന കാലത്തെ ചലച്ചിത്രമായി ആവാസവ്യൂഹം അടയാളപ്പെടുന്നു. പ്രകൃതിയും മനുഷ്യനുമായി ജീവിതപ്പെടുന്ന ഒരു പൊടിപ്പിനെ ഇഹലോകത്തും സൈബർപരലോകത്തും ഊറ്റിയെടുക്കലിന്റെ ഉഭയജീവിതം നയിക്കുന്ന ആധുനിക മനുഷ്യൻ ചെയ്യുന്നതെന്താണെന്ന് തികച്ചും നവീനമായി പറഞ്ഞുവയ്ക്കുകയാണ് ആവാസവ്യൂഹം എന്ന സിനിമ.

ക്രിഷാന്ദ് സംവിധാനവും ഡിസൈനും നിർവഹിച്ച് നിർമിച്ചിരിക്കുന്ന ആവാസവ്യൂഹം മലയാളത്തിൽ ഒട്ടും പരീക്ഷിച്ചിട്ടില്ലാത്ത പ്രമേയവും ആഖ്യാനരീതിയും ഉള്ള സിനിമയാണ്. കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ഫലപ്രദമായി ഉപയോഗപ്പെടുത്തിയ സിനിമ ഫിക്ഷനും ഡോക്യുമെന്ററിക്കും ഡോക്യുഫിക്ഷനും ഫാന്റസിത്രില്ലറിനും ഇടയിലെവിടെയോ ആണ് നിൽക്കുന്നത്. സങ്കീർണമായ യാഥാർത്ഥ്യത്തെ സൂക്ഷ്മമായി ആവിഷ്‌കരിക്കാൻ നിയതവും സാമ്പ്രദായികവുമായ ഏതെങ്കിലുമൊരു ഘടനയിലേയ്ക്ക് ഒതുങ്ങേണ്ടതില്ല ആഖ്യാനം. ചൂഷണത്തിന്റെ രീതികളും സമ്പ്രദായങ്ങളും നവീനമായി മുന്നേറുമ്പോൾ അടിത്തട്ടുജീവികളുടെ ജീവിതത്തെ അടയാളപ്പെടുത്താൻ പുതുരീതികൾ ആവശ്യമായിവരും. ആധുനികനെന്ന് കരുതപ്പെടുന്ന മനുഷ്യൻ എത്ര നിരാർദ്രനാണ് തന്റെ ചെയ്തികളിൽ എന്ന് ഈ ചിത്രം ഭംഗിയായി കാണിച്ചുതരുന്നു.

മനുഷ്യൻ സൃഷ്ടിച്ച ഭരണസംവിധാനവും നീതിനിർവഹണ സംവിധാനവും മതങ്ങളും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും എല്ലാം തന്നെ രക്തദാഹിത്വത്തിന്റെ ഭിന്നരൂപങ്ങളായി പ്രവർത്തനക്ഷമമാകുമ്പോൾ ജീവികൾ അതിന്റെ ഇരകളായി ഒടുങ്ങുകയും മ്യൂസിയത്തിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്യുന്നു. ഏതെങ്കിലുമൊരു ചൂഷണ ഇടപാടിന്റെ ഇടനിലക്കാരായി മാറാത്ത ഒന്നും ആരും ഇവിടെയില്ല. പ്രണയങ്ങളെ അവർ ക്രൂരമായി ഇല്ലാതാക്കും. ആഹ്‌ളാദങ്ങളെ ഞെരിച്ചമർത്തും. സൗഹൃദങ്ങളെ കുഴിച്ചുമൂടും. എല്ലാറ്റിനും പരിഷ്‌കൃതചൂഷണവ്യവസ്ഥയ്ക്ക് അതിന്റേതായ സംവിധാനങ്ങളുണ്ട്.

പ്രകൃതിയും മനുഷ്യനും മതവും ശാസ്ത്രവും ഭരണകൂടവും മാധ്യമങ്ങളും രാഷ്ട്രീയവും എല്ലാം ചേർന്ന ഒരു ആവാസവ്യവസ്ഥയെയാണ് സിനിമ വിശകലനം ചെയ്യുന്നത്. വാർത്തകളെ തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് സ്‌തോഭജനകങ്ങളായ വിവരവിഭവങ്ങളാക്കുന്ന മാധ്യമങ്ങൾ. നിസ്സംഗമായി വിവരശേഖരണം നടത്തുന്ന ശാസ്ത്രം. തങ്ങളുടെ പൊള്ളയായ വിഭജനാശയങ്ങളുടെ സുവിശേഷങ്ങളിൽ അഭിരമിക്കുന്ന വിവിധ കച്ചവട മതവിശ്വാസസ്ഥാപനങ്ങൾ. ഇടനിലക്കാരന്റെ കൗശലം കാട്ടി ഉപജീവനം കഴിക്കുന്ന ജീർണിച്ച കക്ഷിരാഷ്ട്രീയക്കാർ. എവിടെനി​ന്നെത്തി എന്ന് ആർക്കും അറിഞ്ഞുകൂടാത്ത ജോയി കാണുന്ന ലോകം ഇതൊക്കെയാണ്. സ്വന്തം ഐഡന്റിറ്റിയെപ്പറ്റി ഒന്നുമറിഞ്ഞുകൂടാത്തവനാണ് ജോയി. ആധാറും റേഷൻകാർഡും ഒന്നുമില്ലാത്ത ഒരു ജീവി. മത്സ്യത്തിനും തവളയ്ക്കുമെന്നപോലെ അതിന്റെ ആവശ്യം അയാൾക്കുമില്ല. അല്ലെങ്കിൽ അയാളെ അങ്ങനെയാക്കിത്തീർത്തവർക്ക് അങ്ങനെ പറയുന്നതാണ് സൗകര്യം.

അഭിമുഖങ്ങളുടേതായ ഡോക്യുമെന്ററി ഭാഗങ്ങളിലൂടെ ജീവിതത്തിന്റെ ചലനാത്മകതയിലേക്കും സംഘർഷങ്ങളിലേയ്ക്കും പോകുന്നതാണ് ആഖ്യാനത്തിന്റെ ഒരു രീതി. വിവിധ അധ്യായങ്ങളായാണ് അവ വിന്യസിക്കപ്പെട്ടിട്ടുള്ളത്. 2015 മുതൽ 2023 വരെയുള്ള കാലത്ത് സംഭവിക്കുന്നത് എന്ന രീതിയിൽ അത് കാലപരമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആ കാലളവിലെ വിവിധ സന്ദർഭങ്ങൾ. സാമൂഹ്യജീവിതത്തിന്റെ ആന്തരികസംഘർഷങ്ങളിലേയ്ക്ക് പ്രേക്ഷകരെ കൈപിടിച്ചുനടത്തുന്ന ഉചിതമായ പ്രവേശികകളായാണ് നിശ്ചലതയിലേയ്ക്ക് ഘനീഭവിക്കപ്പെടുന്ന അഭിമുഖസീനുകൾ. പക്ഷേ, അവയിലേക്ക് സാകൂതം നാം കാതോർക്കാതിരിക്കില്ല. കണ്ണ് പായിക്കാതിരിക്കില്ല. അവ വിവിധ മനുഷ്യരുടെ വിചാരങ്ങളും വ്യാഖ്യാനങ്ങളുമാണ്. ജോയിയുടെ ജീവിതത്തെക്കുറിച്ചാണ് അവരെല്ലാവരും നമ്മോട് പറയുന്നത്. അതു അവരവരുടെ ജീവിതത്തെക്കുറിച്ചുള്ള അനുഭവവിവരണങ്ങളുമാണ്. അതുവഴി അനാവരണം ചെയ്യപ്പെടുന്നത് അവരുൾപ്പെടുന്ന സമൂഹത്തിന്റെ ചരിത്രജിവിതവുമാണ്.

കടലോരജീവിതത്തിന്റെ സന്ദിഗ്‌നാവസ്ഥകളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന അവരുടെ ജീവിതകാമനകളുടെ സഞ്ചാരപഥങ്ങളുമാണത്. ലിസ്സിയും സുശീലൻവാവയും മുരളിയും മധുസ്മിതയും പ്ലാങ്കുമെല്ലാം അവർ ബന്ധപ്പെട്ട ജോയി എന്ന വിചിത്രജീവിയെക്കുറിച്ചുപറയുന്നു. അവരുടെ നിരിക്ഷണങ്ങളുടെ സന്ദർഭങ്ങൾക്കിടയ്ക്കാണ് ജോയിയെ നാം പരിചയപ്പെടുന്നത്. പരിഷ്‌കൃതജിവിതം അന്യമായ കേവലം ഒരു ജീവി മാത്രമെന്ന് തോന്നിപ്പിക്കുന്ന ജോയി. ഒരു പക്ഷേ, കടലിലും കരയിലും ജീവിതം സാധ്യമായ ഒരാൾ. മനുഷ്യനായും പ്രകൃതിയായും കണക്കാക്കാവുന്ന ഒരു അസ്തിത്വം.

പശ്ചിമഘട്ടത്തിന്റെ പ്രാന്തങ്ങളിൽ അപൂർവ്വമായ ജീവികളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നു എന്നത് നമ്മുടെ അറിവാണ്. Western ghats 2015 എന്ന ആമുഖഭാഗത്ത് പശ്ചിമഘട്ടത്തിന്റെ ചില ഭാഗങ്ങളിൽ കണ്ടുവരുന്ന വിചിത്ര സ്പിഷീസായ ഉഷ്ണമേഖല തവളകളെക്കുറിച്ച് ഗവേഷണത്തിനായെത്തുന്ന ഒരു ടീമിന്റെ കണ്ടെത്തലുകളും അനുഭവങ്ങളുമാണുള്ളത്. അഭിമുഖചിത്രീകരണത്തിന്റെ യഥാതഥദൃശ്യങ്ങളോടെയാണ് സിനിമയുടെ തുടക്കം. കണ്ടെത്തലുകളെക്കുറിച്ചുള്ള വിവരണങ്ങളും അനുഭവങ്ങളും . കാട്ടുചോലകളിലൂടെയും കാട്ടരുവികളിലുടെയുമുള്ള അവരുടെ അന്വേഷണയാത്രയിൽ സഹായിയായി കൂടെയുള്ള ജോയിയെ നാം കാണുന്നു. മനുഷ്യർക്ക് അദൃശ്യമായിരിക്കുന്ന ഇടങ്ങളിലുള്ള ജീവികളെ വിളിച്ചുവരുത്താനുള്ള അയാളുടെ കഴിവാകണം അയാളെ അവർക്കൊപ്പം ചേർത്തത്. അയാളുടെ ഈ കഴിവ് അവർക്കിടയിൽ ചർച്ചയാവുന്നു. ഗവേഷകരും പരിസ്ഥിതിപ്രവർത്തകരും ജോയിയുടെ ഈ കഴിവിനെപ്പറ്റി വാചാലരാകുന്നുണ്ട് (പുതുവൈപ്പ്-2019).ജോയിയുടെ ജൈവചങ്ങാത്തങ്ങളിൽ ലിസ്സിയെന്ന പെൺകുട്ടിയെയും നാം കാണുന്നു. ആദിമമായ കാമനകളുടെ തീരങ്ങളിൽ അവരണയുന്നതും.

ലിസ്സി -അഴീക്കോട് 2017 എന്ന പേരിലുള്ള സിനിമയുടെ ആദ്യ അധ്യായത്തിലൂടെ കടന്നുപോകുന്ന പ്രേക്ഷകർ ലിസിയുടെ ജീവിതം പറച്ചിലിന് സാക്ഷിയാകുന്നു. ജോയിയെക്കുറിച്ചും ചെമ്മീൻ തൊഴിലാളിയായിരുന്ന തന്നെക്കുറിച്ചുമുള്ള അവളുടെ ആഖ്യാനങ്ങൾ അതീവസ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ട്. ചെമ്മീൻ കിള്ളുന്ന തൊഴിലിൽ ഏർപ്പെട്ടുകൊണ്ടിരിക്കവേയാണ് സജീവൻ എന്ന തരകൻ അഥവാ ബോട്ടുടമ അവളോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. അവളുടെ ഇഷ്ടത്തിന് വിപരീതമായി അച്ഛന്റേയും അമ്മയുടേയും പിന്തുണയോടെ വീട്ടിൽ പെണ്ണുകാണാൻ വരുന്ന സജീവനോട് അയാളുടെ ക്രിമിനൽ പശ്ചാത്തലം സൂചിപ്പിച്ച് തന്റെ അനിഷ്ടം തുറന്നുപറയുന്നുണ്ട് ലിസ്സി. പെണ്ണുകാണൽ സമയത്തുതന്നെ കൂളായി ഇഷ്ടക്കേട് തുറന്നുപറയുന്ന ലിസ്സി പ്രേക്ഷകരുടെ മനസ്സിൽ കരുത്തുറ്റ സ്ത്രീകഥാപാത്രമായിത്തീരുന്നു. ചേട്ടനും അനിയനും കൂടിയുള്ള പെണ്ണുകാണൽ യാത്രയിലെ അവരുടെ സംഭാഷണങ്ങളിൽനിന്നും തങ്ങളുടെ ആണഹന്തയെ ധിക്കരിച്ച ലിസ്സിയുടെ വിട് അക്രമിക്കുന്ന പ്രവൃത്തിയിൽനിന്നും അവരുടെ ക്രിമിനൽ മാനസികാവസ്ഥ മറുപുറത്ത് നമുക്ക് അനുഭവഭേദ്യമാകുന്നു. സജീവനും അനുജനുംഅക്രമിക്കാനൊരുങ്ങുമ്പോൾ തടയുന്നത് കരുത്തനായ ജോയിയാണ് . അഭിമാനക്ഷതം സംഭവിച്ച അനുജൻ മുരളി സ്ഥിരം ഗുണ്ടയായ പ്ലാങ്കിനെയും സംഘത്തേയും ജോയിയെ അക്രമിക്കാൻ എർപ്പാടാക്കുന്നു. ലിസ്സിയുടെ അച്ഛനായ കൊച്ചുരാഘവന് തന്നോടൊപ്പം മീൻപിടിക്കാൻ കൂട്ടുവരുന്ന ജോയിയുടെ മീനിനെ ശബ്ദമുണ്ടാക്കി വിളിക്കാനുള്ള വിചിത്രമായ കഴിവ് വെളിപ്പെടുന്നു. മീനിനെ വരുത്തുന്ന ജോയിയുടെ ആ സൂത്രപ്പണിയെപ്പറ്റി കൊച്ചുരാഘവൻ ആശ്ചര്യപ്പെടുന്നു. മീൻവില്പനയിലെ ഇടനിലക്കാരുടെ ചൂഷണത്തിൽ കൊച്ചുരാഘവന് ജീവിതം മുമ്പോട്ട് കൊണ്ടുപോകാൻ കഴിയാതാവുന്നു. വരത്തനായ ജോയിയെ ഭീഷണിപ്പെടുത്തിവിടാനുള്ള സജീവന്റേയും അനുജന്റേയും ശ്രമങ്ങൾ പരാജയപ്പെടുന്നതോടെ അവർ വീണ്ടും അക്രമത്തിന് കോപ്പുകൂട്ടുന്നു. രാത്രിയിൽ ജോയിയെ അക്രമിക്കാൻ ശ്രമിക്കുന്നതിനിടെ സജീവൻ കൊല്ലപ്പെടുന്നു. ചുവന്ന താടിവേഷത്തിലുള്ള ജോയിയെ നാം കാണുന്നു. ജോയി കടലിലേയ്ക്ക് അപ്രത്യക്ഷനാകുന്നു.

വാവ -പുതുവൈപ്പ് 2018 എന്ന രണ്ടാം അധ്യായത്തിൽ സുശീലൻ വാവയാണ് ജീവിതംപറയുന്നത്. ഡിഗ്രിവരെ പഠിച്ച സുശീലൻ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വിവിധ ജോലികൾ ചെയ്ത ആളാണ്. കാർഷികലോണെടുത്ത് ചെമ്മീൻ കൃഷി നടത്തിയതും അതു തകർന്നപ്പോൾ പെട്ടെന്ന് പണം കിട്ടാനിടയുള്ള മൾട്ടിലെവൽ മാർക്കറ്റിംഗിലേയ്ക്ക് പോകുന്നതുമായ അനുഭവങ്ങൾ. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലാണ് ഈ മാർക്കറ്റിംഗും. ഗ്രീൻ എന്റർപ്രണർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യവസായി ഇന്റർനെറ്റ് ഡൊമൈനിൽ പണം നിക്ഷേപിക്കുന്ന മണിചെയിൻ മോഡൽ പരിപാടി നടത്തുന്ന ആളാണ്. വാലൂ ആ ഡഡ് സൈബർ നെറ്റിന്റെ ചതിയിൽപ്പെട്ടു കുത്തുപാളയെടുത്ത വാവ എവിടെയോ പോയിവരുന്ന വേളയിലാണ് ബീച്ചിൽ തീരത്തണഞ്ഞ ഒരാളെ കാണുന്നതും ആശുപത്രിയിൽ എത്തിക്കുന്നതും. അയാളുടെ വൃത്തികെട്ട നാറ്റവും ശാരീരികപ്രത്യേകതകളും ശ്രദ്ധയിൽപ്പെടുന്ന ഡോക്ടർ അയാളുടെ ശരീരത്തിനുള്ളിൽ ജീവിക്കുന്ന പുഴുക്കളെ കണ്ടെത്തുന്നു. പരിശോധനയ്ക്കായി സാമ്പിൾ പൂനയിലെ ലാബിലേയ്ക്കും അവിടുന്ന് ഹൈദരാബാദിലേയ്ക്ക് ജനറ്റിക് മാപ്പിംഗിനായും അയയ്ക്കുന്നു. അയാളെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്ന വാവ അയാളുടെ അതിവിചിത്രമായ പെരുമാറ്റങ്ങളും കഴിവും ശ്രദ്ധിക്കുന്നു. സവിശേഷമായ ചില ശബ്ദങ്ങൾ ഉണ്ടാക്കി മീൻ വരുത്താനുള്ള അയാളുടെ കഴിവ് വാവയെ ആഹ്‌ളാദചിത്തനാക്കുകയും അയാളത് കച്ചവടത്തിന്റെ പുരോഗതിയ്ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. വ്യാപാരം മെച്ചപ്പെടുന്നു. ജോയിയെ പരിചയപ്പെടുന്ന മാവോയിസ്റ്റ് അനുഭാവി കൊച്ചുരാമൻ ജോയിയെ പ്രസ്ഥാനത്തിലേയ്ക്ക് അടുപ്പിയ്ക്കാൻ ശ്രമിക്കുന്നു.

ജോയിയുടെ വിചിത്രമായ പെരുമാറ്റത്തിൽ സംശയാലുവായ വാവ അയാളുടെ ചെയ്തികൾ പിന്തുടർന്ന് നിരീക്ഷിക്കുന്നു. പുതുവൈപ്പിലെ മുതലാളിയായ ബാലൻ വാവയെ കടം തിരിച്ചുകൊടുക്കാത്തതിന്റെ പേരിൽ വിരട്ടുകയും ജോയി സജീവന്റെ കൊലയാളിയാണെന്ന് പറയുകയും ചെയ്യുന്നു. സമരങ്ങൾക്കും യോഗങ്ങൾക്കും ദൃക്‌സാക്ഷിയാകുന്ന ജോയി പിന്നീട് പ്രസംഗങ്ങൾ തനിച്ചിരിക്കുമ്പോൾ സ്വയം ആവർത്തിക്കുന്നു . ഭരണഘടന,മാവോയിസ്റ്റ്,144, ഉൽക്കണ്ഠ ,യു.എ.പി. എ തുടങ്ങിയ അപരിചിതമായ വാക്കുകൾക്കുമേൽ ജോയി ആശയക്കുഴപ്പത്തിലാകുന്നു. പരിസ്ഥിതി നാശത്തേയും വികസനത്തേയും കുറിച്ചറിയുന്നു. കടൽ മത്സ്യത്തൊളിലാളികളിൽനിന്നും കാട് ആദിവാസികളിൽനിന്നും അന്യമായിക്കൊണ്ടിരിക്കുന്നതായി കേൾക്കുന്നു. എല്ലാം അയാൾക്കന്യമായ ഈ ലോകത്തെ കാര്യങ്ങൾ. ജോയിയുടെ കഴിവിന്റെ ബലത്തിൽ സമ്പന്നനായിത്തീരുന്ന സുശീലൻവാവ ബോട്ടുകളുടെയും വള്ളങ്ങളുടെയും ഉടമയായിത്തീരുകയും അന്നദാനവും ഉത്സവനടത്തിപ്പുമായി പ്രമാണിത്തത്തിലേയ്ക്ക് കടക്കുകയും ചെയ്യുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലത്ത് മീൻ പിടിച്ചു എന്നപേരിൽ ജോയിയും കൊച്ചുരാമനും പോലീസ് കസ്റ്റഡിയിലാകുന്നു. ഇതറിഞ്ഞ കൊല്ലപ്പെട്ട സജീവന്റെ അനുജൻ മുരളി എസ്. ഐ. ആന്റണിയ്ക്കും സഹ പൊലീസുകാർക്കും കൈക്കൂലി കൊടുത്ത് ജോയിയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ കസ്റ്റഡിയിൽനിന്ന്​ വിടുവിക്കുന്നു. ജോയിയെ കാണാൻ വരുന്ന ലിസ്സിയും വാവയും ബിജുവുമെല്ലാം പൊലീസിന്റെ കാപട്യപൂർണ്ണമായ തനതുകളികൾക്ക് സാക്ഷികളാകുന്നു. ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ മർദ്ദനത്തിന് വിധേയമാക്കിയശേഷം "തീവ്രവാദി 'യും "ദേശീയവിരുദ്ധനു'മായ ജോയിയെ മുരളിയ്ക്കും കൂട്ടർക്കും കൈകാര്യം ചെയ്യാനായി പൊലിസ് തന്ത്രപൂർവം വഴിയിൽ ഇറക്കിവിടുന്നു. അവനുനേരെ വെടിയുതിർത്ത അവർക്ക് അതിനുശേഷം അവനെ കണ്ടെത്താൻ കഴിയാതാകുന്നു. ജോയി മിസ്സിംഗ് ആവുന്നു.

മുരളി -പുതുവൈപ്പ് 2020 എന്ന മൂന്നാം അധ്യായത്തിൽ പുതുവൈപ്പിലെ മധുസ്മിതയാണ് അനുഭവം പറയുന്നത്. കുടുംബശ്രീ പ്രവർത്തകയാണ് തനിച്ചു ജീവിയ്ക്കുന്ന അവൾ. നാലു വർഷം മുമ്പു നടന്ന സംഭവമാണ് മധുസ്മിത ഓർത്തു പറയുന്നത്. ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചത്തിയ അവൾ വീട്ടിനുള്ളിൽ പേടിപ്പെടുത്തുന്ന വിചിത്രജീവിയെക്കണ്ട് പുറത്തേയ്ക്ക് ഓടുന്നു. ജീവിയെക്കുറിച്ച് പല ഭാഷ്യങ്ങൾ വരുന്നു. ഡോൾഫിനെന്നും മ്യൂട്ടേഷൻ സംഭവിച്ച കാൻസർ രോഗിയെന്നും മാലാഖയെന്നും അവതാരമെന്നും മറ്റും. അതു ലോകത്തെങ്ങും വാർത്തയാകുന്നു. ചാനലുകളിൽ ചർച്ചകൾ കൊഴുക്കുന്നു. വീട് പോലീസ് വലയിലാകുന്നു. കലക്ടർ കാണാനെത്തുന്നു. പള്ളീലച്ചൻമാർ ഹാലേലുയ്യ പാടി ദൈവരൂപം പ്രത്യക്ഷമായിരിക്കുന്നു എന്നു പറയുന്നു. ഹിന്ദുത്വകക്ഷിക്കാർ മിത്തോളജിയെ കൂട്ടുപിടിച്ച് അവതാരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ചരിത്രകാരൻമാരും ശാസ്ത്രജ്ഞരും വ്യാഖ്യാനങ്ങളിൽ മുഴുകുന്നു. ആരും ആ ജീവിയോട് ആശയവിനിമയം സാധ്യമാണോ എന്ന് ആരായാൻ തുനിയുന്നില്ല. സംശയത്തിൽ ലിസ്സിയും വാവയും കാണാൻ പോകുന്നു. അവർ ജോയിയെ തിരിച്ചറിയുന്നു. ക്രിസ്ത്യാനികളും ഹൈന്ദവരും ആയ മതജീവികൾ തമ്മിൽ ഇതിനെച്ചൊല്ലി സംഘട്ടനം നടക്കുന്നു. സർക്കാരിനെ പറ്റിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമമായിപ്പോലും വാഖ്യാനങ്ങൾ വരുന്നു. ജീവികളുമായുള്ള ജോയിയുടെ പാരസ്പര്യത്തെപ്പറ്റി ലിസ്സിയും വാവയും കൊച്ചുരാമനും ഓർമകൾ പുതുക്കുന്നുണ്ട്. കടൽ ജീവികളുമായുള്ള അയാളുടെ വിനിമയബന്ധങ്ങൾ ആശ്ചര്യകരമായി അവർ ഓർമിച്ചെടുക്കുന്നു. പ്ലാങ്കു ജോയിയെ തിരിച്ചറിയുന്നതോടെ മുരളിയുമൊത്ത് കൊല ആസൂത്രണം ചെയ്ത് ഇരുട്ടിന്റെ മറവിൽ നടപ്പാക്കുന്നു. തവളമനുഷ്യൻ കൊല്ലപ്പെട്ടതായി മാധ്യമങ്ങളിലൂടെ ലോകം അറിയുന്നു.

ഉപസംഹാരം -പാരിസ് 2023 എന്ന അവസാനഭാഗം ഭാവിയിൽ പ്രദർശനവസ്തുവായി മാറുന്ന തവളമനുഷ്യന്റെ അസ്ഥികൂടത്തിന്റെ വിവരണങ്ങളിൽ ചെന്നുനിൽക്കുന്നു.

ഡാർക്ക് ഹ്യൂമറിന്റെ പ്രയോക്താവായ അമേരിക്കൻ കാർട്ടൂണിസ്റ്റ് ചാൾസ് ആഡംസിന്റെ What is normal for the spider is chaos for the fly എന്ന വാക്കുകൾ ആരംഭമായുണ്ട് സിനിമയ്ക്ക്. ചിരസമ്മതശൈലികളെ പൂർണമായും തകർക്കുന്ന ടെക്‌നിക്കലി ക്യൂറേറ്റഡ് ആയ സിനിമാറ്റിക് ഭാഷയും കുറിക്കുകൊള്ളുന്ന സറ്റയറിക്കൽ ആഖ്യാനവും ഇതു ശരിവയ്ക്കുന്നു. മോക്കുമെന്ററിയും സയൻസ് ഫിക്ഷനും ഫാന്റസിയും തുടങ്ങി നിരവധി ഴോണറുകളുടെ സവിശേഷതകൾ അനുഭവഭേദ്യമാകുന്നുണ്ട് സിനിമയിൽ പല സന്ദർഭങ്ങളിലായി. കെട്ടുകഥയുടെ ഭാവനാതലങ്ങളിലൂടെ പോയി സമകാലികരാഷ്ട്രീയം പറയുന്നതും അതിൽ ഡോക്യുമെന്ററി ഫോർമാറ്റിന്റെ ഉചിതമായ പ്രയോഗം വഴി വസ്തുനിഷ്ഠാംശത്തെ ഫലപ്രദമായി സന്നിവേശിപ്പിക്കുന്നതും ബ്രില്യന്റായ ഒന്നായി തന്നെ വിലയിരുത്തപ്പെടണം.

പത്ത് വർഷത്തിലൊരിക്കലേ സിനിമാനിർമ്മാണത്തിന്റെ അതിരുകൾ ഭേദിക്കുന്ന ഇത്തരം സിനിമകൾ സംഭവിക്കാറുള്ളൂ എന്ന് ആവാസവ്യൂഹത്തെക്കുറിച്ച് എൻ. എസ്. മാധവൻ ട്വീറ്റ് ചെയ്തത് അതുകൊണ്ടാവണം. രാഷ്ട്രീയമുള്ള സിനിമതന്നെയാണ് തന്റെ സിനിമയെന്നും എന്നാൽ ചിത്രീകരിച്ചിരിക്കുന്നത് ഒരു എന്റർടെയിനറായാണെന്നും അതുകൊണ്ട് തന്നെ എല്ലാതരം പ്രേക്ഷകർക്കും ആസ്വദിക്കാൻ സാധിക്കുന്ന സിനിമയാണിതെന്നും പ്രിയങ്ക രവീന്ദ്രന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ കൃഷാന്ദ് പറയുന്നുണ്ട്. പരിചയിച്ച് ശീലമില്ലാത്ത ദൃശ്യഭാഷക്കൊപ്പം ശക്തമായി പറഞ്ഞു വച്ച രാഷ്ട്രീയമാണത്.

ആധുനിക മനുഷ്യൻ മറന്നുപോയ ജൈവികതയുടെ വേരുതേടിയുള്ള യാത്ര ഇതിലുണ്ട്. അതിജീവനത്തിനായി മനുഷ്യർ നടത്തുന്ന പോരാട്ടങ്ങളുണ്ട്. വികസനതീവ്രവാദികളുടെ ആക്രോശങ്ങളും പ്രതിരോധവുമുണ്ട്. മണ്ണാഴങ്ങളിലേക്ക് പടർന്നു പിടിക്കുന്ന വേരുകളെപ്പോലെ അതിൽ അടിത്തട്ടുജനതയുടെ വിമോചനസ്വപ്നങ്ങളുടെ ജൈവസ്ഥലികളിലേയ്ക്കുള്ള സഞ്ചാരങ്ങളുണ്ട്. പ്രാദേശികമായി തോന്നാവുന്ന വിഷയം ആഗോളമാണ് എന്ന ഒരു സന്ദേശം സിനിമ തരുന്നുണ്ട്. ഇതിലെ പൊളിറ്റിക്കർ സറ്റയർ ഭാഗങ്ങൾ ബഷീറിന്റെ ആഖ്യാനത്തെ പൊതുവേയും "വിശ്വവിഖ്യാതമായ മൂക്കി'നെ സവിശേഷമായും ഓർമപ്പെടുത്തുന്നു. ഇന്റർനെറ്റ് ഡൊമൈനിൽ നിക്ഷേപിച്ച് പരിസ്ഥിതിയെ മെച്ചപ്പെടുത്താനിറങ്ങിയ തട്ടിപ്പു വ്യവസായിയെ കാണിച്ചുതരുന്നുണ്ട്. കടൽത്തീരത്തെ കോർപറേറ്റ് അധിനിവേശങ്ങൾക്കെതിരെ നടക്കുന്ന സമരങ്ങളും അവയെ മാവോയിസ്റ്റ് ചാപ്പകുത്തി അടിച്ചൊതുക്കുന്ന ഭരണകൂട പ്രവൃത്തികളേയും സിനിമ പരോക്ഷമായി ചോദ്യം ചെയ്യുന്നുണ്ട്. പ്രകൃതിയും മനുഷ്യനുമായിരിക്കുന്ന ഉഭയാവസ്ഥയെ ദൈവത്തിന്റേയും സാത്താന്റേയും മതവ്യാപാരികൾ മുതലെടുക്കുന്നതിന്റെ വാസ്തവകഥനമുണ്ട്. ആരുമല്ലാത്ത ഒരാളെ, മീൻ മണക്കുന്ന, ചേറിലും വെള്ളത്തിലും കഴിയുന്ന ഒരാണിനെ തന്റെ പുരുഷനായി സ്വീകരിക്കുന്ന പെണ്ണിന്റെ ആർദ്രതയും സ്‌നേഹവും ചങ്കൂറ്റവുമുണ്ട്.

മികച്ച ഛായാഗ്രഹണവും എഡിറ്റിംഗും ശബ്ദസന്നിവേശവും ഇതിന്റെ സവിശേഷമായ ആഖ്യാനത്തിനൊപ്പം സഞ്ചരിച്ചു. പ്രകൃതിയുടെ വശ്യമായ ഇടങ്ങളെ ക്യാമറ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. ഒപ്പം രൗദ്രതയാർന്ന അതിന്റെ ഭാവമാറ്റങ്ങളും. ജോയിയും ലിസ്സിയും ഒന്നിച്ചുള്ള നേരങ്ങൾ കായലിന്റെ പശ്ചാത്തലത്തിൽ മനോഹരമായി ഫ്രെയിമുകളിൽ ദൃശ്യപ്പെടുത്തിയിരിക്കുന്നു.

ഊരാനെന്ന പാമ്പിന്റെ വിഷത്തെക്കുറിച്ച് മുരളി എന്ന കഥാപാത്രം പറയുമ്പോൾ ഊരാൻ വിഷപ്പാമ്പല്ലെന്നുള്ള ശാസ്ത്രഗവേഷകന്റെ വിവരണത്തിലേയ്ക്ക് ദൃശ്യം കട്ട് ചെയ്യുന്നു. മാർക്കറ്റിംഗിന്റെ ശൃംഖലയെക്കുറിച്ച് വാവ പറയുമ്പോൾ തുമ്പികളുടെ ജീവിതശൃംഖലയെക്കുറിച്ച് ഗവേഷകൻ പറയുന്നതിലേയ്ക്ക് കട്ട് ചെയ്യുന്നുണ്ട്. ബാലൻ എന്ന മുതലാളി കടക്കാരനായ വാവയെ പിടികൂടാൻ വരുന്ന സന്ദർഭത്തിൽ കുളത്തൂപ്പുഴ തവളയെക്കുറിച്ചുള്ള വിശകലനത്തിലേയ്ക്ക് കട്ടുചെയ്യുന്നുണ്ട്. ആ തവളകളെ തിന്നാൻ തെങ്കാശിയിൽ നിന്നു പാമ്പുകളും ആ പാമ്പുകളുടെ മുട്ടകൾ തിന്നാൻ സൈബീരിയയിൽനിന്നും പക്ഷികളും വരുന്നതായി വിവരിക്കുന്നു. ഇത്തരം സംക്രമണക്ഷമമായ ഇന്റർകട്ടുകൾ ചിത്രത്തിൽ ഉടനീളമുണ്ട്. അണലിപോലുള്ള വിഷപ്പാമ്പുകൾ നിർമാണത്തിനുവേണ്ടി അകലെനിന്നും ജെ സി ബിയിൽ കൊണ്ടുവരുന്ന മണ്ണ് വഴിയാണ് കടൽത്തീരത്തെത്തുന്നതെന്ന് വാവ പറയുമ്പോൾ കടൽത്തീരത്തെ വിഷലിപ്തമാക്കുന്ന വികസനവിദ്രോഹത്തിന്റെ അധിനിവേശത്തെയാണ് സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്റേതുതന്നെ. ഛായാഗ്രഹണം വിഷ്ണു പ്രഭാകർ ആണ്. ചിത്രസംയോജനം രാജേഷ് ചെറുമഠം. സംഗീതവും പശ്ചാത്തലസംഗീതവും അജ്മൽ ഹസ്ബുല്ല. സൗണ്ട് മിക്‌സിംഗ് പ്രശാന്ത് പി മേനോൻ. കലാ സംവിധാനം ശ്യാമ ബിന്ദു. ആവാസ വ്യൂഹത്തിൽ അഭിനയിച്ചവർ മിക്കവരും യൂട്യൂബ് കണ്ടന്റുകളിലൂടെ ശ്രദ്ധേയരായവരാണ്. ജോയ് ആയി രാഹുൽ രാജഗോപാലും മുരളിയായി ശ്രീനാഥ് ബാബുവും മികച്ച അഭിനയം കാഴ്ചവച്ചു. ലിസിയായി വേഷമിട്ട നിലീൻ സാന്ദ്ര, വാവയെ അവതരിപ്പിച്ച ഷിൻസ് ഛാൻ, മധുസ്മിതയായി അഭിനയിച്ച ഗീതി സംഗീത, കൊച്ചുരാഘവനായി വന്ന രമേശ് ചന്ദ്രൻ, പ്ലാങ്ക് ആയി അഭിനയിച്ച നിഖിൽ പ്രഭാകർ എന്നിവരെല്ലാം തന്നെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശേഷിയുള്ളവരാണെന്ന് ഈ ചിത്രത്തിലൂടെ തെളിയിച്ചിച്ചുണ്ട്.

Comments