ആയിഷ: ഹൃദയം കൊണ്ട് ജയിച്ച ഒരു വിപ്ലവത്തിന്റെ കഥ

രണ്ട് ഭാഷ, രണ്ട് പ്രായം, രണ്ട് നാട്, രണ്ടു ജീവിതം.. എന്നിട്ടും ആയിഷയുടെ നിറയുന്ന കണ്ണുകൾ മാമയും മാമയുടെ നിറയുന്ന കണ്ണുകൾ ആയിഷയും വിരലുകൾ കൊണ്ട് ഒപ്പുന്ന നിമിഷത്തിൽ എക്കാലത്തേയ്ക്കും തങ്ങളെ ചേർത്തു നിർത്താൻ പോന്ന ഒരു കാരണം അവർ കണ്ടെത്തിയിരിക്കണം. ഈ സ്‌നേഹത്തിന്റെ കഥയാണ് ആയിഷ എന്ന സിനിമ.

രിത്രം നിർമ്മിച്ചത് ഒരാളല്ല, ഒരു കൂട്ടവുമല്ല, അത് ഓരോരുത്തരുടെയുമാണ്. അതിൽ, എഴുതപ്പെട്ടവ, പറഞ്ഞുകേട്ടവ, നമ്മുടെ പരിസരങ്ങളിൽ കണ്ടവ മാത്രം നമ്മളറിഞ്ഞു. അറിഞ്ഞതിലും എത്രയേറെ അറിയാതെ പോയി. നിലമ്പൂർ ആയിഷ കേരളത്തിനൊപ്പം മുന്നേറിയ ഒരു ചരിത്രമാണ്, പിന്നാലെ വരാനിരിക്കുന്ന എല്ലാപെണ്ണുങ്ങൾക്കുമായി വഴി വെട്ടിത്തെളിച്ച് അവർ മുന്നേ നടന്നു. ഇത് ജീവിതമല്ല എന്നു തിരിച്ചറിഞ്ഞ് ഏതാനം ദിവസങ്ങൾ കൊണ്ട് ദാമ്പത്യം അവസാനിപ്പിക്കാൻ തീരുമാനമെടുക്കുമ്പോൾ ആയിഷയ്ക്ക് പ്രായം പതിമൂന്ന് വയസ്സ്. രക്ഷിക്കാൻ വരാത്ത ഒരു ദൈവവും ശിക്ഷിക്കാനും വരേണ്ട, എന്നു പറഞ്ഞ് അരങ്ങിൽ കയറിയ ആയിഷ, അഭിനയത്തിൽ സ്വന്തം ഇടം കണ്ടെത്തുക മാത്രമായിരുന്നില്ല, വരും കാലത്തിനുവേണ്ടി അരങ്ങൊരുക്കുക കൂടിയായിരുന്നു. ഗ്രാമങ്ങൾ തോറും കയറിയിറങ്ങി സ്‌കൂളിന്റെ, ആശുപത്രിയുടെ ആവശ്യത്തെക്കുറിച്ച് നാടകങ്ങളിലൂടെ അവർ ഓർമ്മിപ്പിച്ചു. വെടിയുണ്ടയ്ക്കു പോലും തകർക്കാനാവാത്ത നിലമ്പൂർ ആയിഷയുടെ നിശ്ചയദാർഢ്യം, കമ്യൂണിസവുമായി ചേർന്നങ്ങനെ ഒരു കാലഘട്ടത്തിന്റെ ചരിത്രമായി...
ഇത് നമ്മൾ അറിഞ്ഞ നിലമ്പൂർ ആയിഷ.

നിരന്തരസമരങ്ങളുടെ, പോരാട്ടങ്ങളുടെ, കമ്യൂണിസത്തിന്റെ വളർച്ചയുടെ, ഈ കേരള ചരിത്രം മാറ്റി നിർത്തി മറ്റൊരു ആയിഷയെയാണ് സംവിധായകൻ ആമിർ പള്ളിക്കൽ ആയിഷ എന്ന സിനിമയിലൂടെ കാട്ടിത്തരുന്നത്. ജീവിത പ്രാബ്ദങ്ങൾ കൊണ്ട് നാടക ജീവിതം ഉപേക്ഷിച്ച് ഗദ്ദാമയായി സൗദിയിൽ കഴിഞ്ഞകാലത്തെ ആയിഷയെ. സിനിമയിലെ ആയിഷയിൽ ജീവിതമെത്ര, ഭാവനയെത്ര എന്നു കൃത്യമായി വേർതിരിച്ചെടുക്കാനാവില്ലെങ്കിലും ആയിഷ എന്ന കനലിന്റെ ചൂട് സിനിമയിലേയ്ക്കും പടരുന്നുണ്ട്. അതിലുപരി ഹൃദയംകൊണ്ട് ആയിഷ ജയിച്ച വിപ്ലവത്തിന്റെ കഥയാണ് ആയിഷ എന്ന സിനിമ.

നാടകത്തിന്റെ അരങ്ങിൽ നിന്നെന്നപോലെ ജീവിതത്തിന്റെ അരങ്ങിൽ നിന്നും എപ്പോൾ വേണമെങ്കിലും ഇറങ്ങികൊടുക്കേണ്ടി വരുമെന്ന് ആയിഷയ്ക്കറിയാമായിരുന്നു, അവർ അതിന് ഒരുക്കവുമായിരുന്നു. എന്നാൽ സൗദിയിലൊരു രാജകുടുംബത്തിന്റെ നെടുംതൂണായ മാമ എന്ന് എല്ലാവരും വിളിക്കുന്ന വൃദ്ധയ്ക്ക് മരണം അത്ര നിസാരമായിരുന്നില്ല, അതിനും മുൻപേ, കഴിഞ്ഞകാലത്തിന്റെ സന്തോഷങ്ങളിലേയ്ക്ക് അവർക്ക് ഒരിക്കൽ കൂടി സഞ്ചരിക്കണമായിരുന്നു, വാർധക്യവും രോഗവും ഏകാന്തതയും സമ്മാനിച്ച ശൂന്യത സ്‌നേഹം കൊണ്ട് നിറയ്ക്കണമായിരുന്നു. ആയിഷ തനിക്കുവേണ്ടി
കരുതിയ കഫൻ പുട, മാമയിലെത്തും വരെയുള്ള ദൂരമാണ് ആയിഷ എന്ന സിനിമ.

ആയിഷയും മാമയും തമ്മിൽ സാമ്യങ്ങളേക്കാളേറെ അന്തരങ്ങളാവും ഉണ്ടാവുക. ബാല്യം മുതൽ ദാരിദ്രത്തോട് പൊരുതി ജീവിച്ച, ഇപ്പോഴും ജീവിക്കാനായി പൊരുതുന്ന ആയിഷ, എക്കാലവും സമ്പത്തിലും സമൃദ്ധിയിലും ജീവിച്ച മാമ. കൗമാരത്തിന്റെ തുടക്കത്തിൽ വയറ്റിലൊരു കുഞ്ഞുമായി, ഓർക്കാൻ നല്ലതൊന്നുമില്ലാതെ ദാമ്പത്യം അവസാനിപ്പിച്ചു പോന്നവളായിരുന്നു ആയിഷ, മാമയോ അന്ത്യനിമിഷംവരെ തന്റെ പ്രിയതമന്റെ ഓർമകളിൽ ആശ്വാസം കണ്ടെത്തിയവൾ... രണ്ട് ഭാഷ, രണ്ട് പ്രായം, രണ്ട് നാട്, രണ്ടു ജീവിതം.. എന്നിട്ടും ആയിഷയുടെ നിറയുന്ന കണ്ണുകൾ മാമയും മാമയുടെ നിറയുന്ന കണ്ണുകൾ ആയിഷയും വിരലുകൾ കൊണ്ട് ഒപ്പുന്ന നിമിഷത്തിൽ എക്കാലത്തേയ്ക്കും തങ്ങളെ ചേർത്തു നിർത്താൻ പോന്ന ഒരു കാരണം അവർ കണ്ടെത്തിയിരിക്കണം. ഈ സ്‌നേഹത്തിന്റെ കഥയാണ് ആയിഷ എന്ന സിനിമ. ആയിഷയുടെ കഥയെ മാമയുടെ കഥയാക്കി മാറ്റുകയായിരുന്നു മാമയായി സ്‌ക്രീനിൽ എത്തിയ മോണ തവിൽ. സിറിയൻ സ്വദേശിയായ മോണ തവിൽ യു.എ.ഇയിലാണ് താമസം. മുൻപ് സീരീസുകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള മോണ ഓഡിഷനിലൂടെയാണ് ആയിഷയിലെത്തുന്നത്. ആയിഷയിൽ നിന്ന് കാണികളുടെ മനസ്സിലിടം കണ്ടെത്തുന്നതിൽ മോണയ്ക്ക് ഭാഷയോ, ദേശമോ ഒരു പ്രശ്‌നമായതേയില്ല. മഞ്ജു വാര്യർ ആയിഷയായി തന്റെ ഭാഗം ഭംഗിയാക്കി. നിഷ എന്ന ഗദ്ദാമയായെത്തിയ രാധിക, ആബിദ് ആയി എത്തിയ എസ്.വി. കൃഷ്ണ ശങ്കർ, ഹംസയായി എത്തിയ ഷംസുദ്ദീൻ, പല രാജ്യങ്ങിൽ നിന്നുള്ള നടീനടന്മാർ തുടങ്ങി മറ്റ് അഭിനേതാക്കളും സിനിമയോട് ചേർന്നുനിന്നു.

വാർധക്യത്തിൽ വേണ്ടത് ചികിത്സയും വിശ്രമവും മാത്രമല്ല, പ്രായമാകാൻ കൂട്ടാക്കാത്ത മനസ്സിനു വേണ്ട സന്തോഷങ്ങൾ കൂടിയാണെന്ന് ഓർമ്മിപ്പിക്കുന്നു ഈ സിനിമ. പുസ്തകമായിരുന്നെങ്കിൽ വീണ്ടും ഒന്നുകൂടി വായിച്ച്, അടിവരയിടാമായിരുന്നു എന്നു തോന്നിപ്പിക്കും വിധം മനോഹരമാകുന്നുണ്ട് ചിലയിടങ്ങളിൽ ഡയലോഗുകൾ. ആഷിഫ് കക്കോടിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രഫി.

നിലമ്പൂർ ആയിഷയെ കേരളത്തിനു പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല, സിനിമയിലെ ആയിഷയെ പ്രേക്ഷകർക്കും. അപ്പോൾ പിന്നെ സിനിമയ്ക്കവസാനമുള്ള പരിചയപ്പെടുത്തൽ വേണ്ടിയിരുന്നോ എന്നൊരു സംശയം തോന്നി. കുറച്ചുകൂടിയൊന്നു വെട്ടിയൊതുക്കിയിരുന്നെങ്കിൽ സിനിമ ഒന്നുകൂടി മനോഹരമാകുമായിരുന്നു എന്നും. നിലമ്പൂർ ആയിഷയുടെ ബയോപിക് എന്ന രീതിയിൽ സിനിമയെ സമീപിക്കേണ്ടതുമില്ല. എങ്കിലും മാമയ്ക്കും ആയിഷയ്ക്കുമൊപ്പം പ്രേക്ഷകന്റെയും കണ്ണു നിറയുന്നിടത്ത് സിനിമയും വിജയച്ചു എന്നു പറയാം.

സ്വപ്നങ്ങളിലേയ്ക്ക് പോകാനൊരുങ്ങുന്ന ഒരാളെ തടയരുത്, അത് സ്നേഹം കൊണ്ടാണെങ്കിൽ പോലും, തടഞ്ഞാൽ പിന്നൊരിക്കലും ആ ബന്ധം പഴയതുപോലെയാവില്ല എന്ന് മാമ പിന്നെയും പിന്നെയും ഓർമ്മിപ്പിക്കുന്നുണ്ട്, അതെ, മനുഷ്യർ അവരുടെ സ്വപ്നങ്ങളിലേയ്ക്ക് ഇറങ്ങി നടക്കട്ടെ ...

Comments