തിയറ്ററുകൾ തുറക്കുന്നത് സന്തോഷകരമായിട്ടുള്ള കാര്യമാണ്. പക്ഷേ, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് തിയറ്ററിലേക്ക് പ്രവേശനം എന്നു പറയുമ്പോൾ സിനിമ കാണുന്ന പ്രേക്ഷകരെ അത് വല്ലാതെ പരിമിതപ്പെടുത്തുന്നുണ്ട്. കേരളത്തിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ആളുകൾ എന്നു പറയുമ്പോൾ, സിനിമയുടെ സ്ഥിരം പ്രേക്ഷകരായ കുട്ടികളും ചെറുപ്പക്കാരുമൊക്കെ അതിനകത്തു നിന്ന് ഒഴിവാക്കപ്പെടുമെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കേ പ്രവേശനം സാധ്യമാവൂ എന്ന നിബന്ധന തീർച്ചയായും പുനരാലോചിക്കേണ്ട സംഗതിയാണെന്നും ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 48 ൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഉണ്ണികൃഷ്ണൻ പറഞ്ഞു.
""ഈ സാഹചര്യം കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ മന്ത്രിയോട് സംഘടനകളൊക്കെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മന്ത്രി ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടിട്ട് അതിലൊരു തീരുമാനം പറയാം എന്നാണ് പറഞ്ഞിരിക്കുന്നത്. 50 ശതമാനം ഒക്യുപ്പൻസിയിൽ തുടങ്ങുന്നതിൽ തെറ്റൊന്നുമില്ല. കാരണം, ആദ്യവ്യാപനം കഴിഞ്ഞിട്ട് തീയേറ്ററുകൾ തുറന്നപ്പോൾ 50 ശതമാനമായിരുന്നു. ആ ഒരു സാഹചര്യത്തിലും ചില സിനിമകൾ കാര്യമായിട്ട് കളക്റ്റ് ചെയ്യുകയും ചെയ്തു. മെല്ലെ മെല്ലെ ആളുകൾക്കും പൊതുസമൂഹത്തിനും തിയറ്ററുകൾക്കും വ്യവസായത്തിനുമൊക്കെ ആത്മവിശ്വസമുണ്ടാവുന്ന മുറയ്ക്ക് അത് ഉയർത്തി 100 ശതമാനമാക്കാവുന്നതാണ്. ഇപ്പോൾ ആന്ധ്രപ്രദേശിലും തെലങ്കാനയിലും കർണാടകയിലും 100 ശതമാനമാണ് പ്രവേശനം. അവിടെയൊന്നും കാര്യമായ രോഗവ്യാപനം ഉണ്ടായതായി വാർത്തകളില്ല. ചില സിനിമകൾ വലിയ വിജയമാകുന്നുണ്ട്. തമിഴ്‌നാട്ടിൽ ഇപ്പോൾ 50 ശതമാനമാണ്. 50 ശതമാനത്തിൽ ഡോക്ടർ എന്ന സിനിമ വലിയ വിജയമാണ് നേടിയിരിക്കുന്നത്. അത് അടുത്ത മാസത്തോടെ 100 ശതമാനമാക്കാൻ തമിഴ്നാട് സർക്കർ തീരുമാനിച്ചിട്ടുമുണ്ട്. അതുകൊണ്ട്, 50 ശതമാനമെന്ന നിബന്ധനയിൽ അപാകതയന്നുമില്ല. പക്ഷേ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കേ പ്രവേശനം സാധ്യമാവൂ എന്ന നിബന്ധന തീർച്ചയായും പുനരാലോചിക്കേണ്ട സംഗതിയാണ് എന്നു തോന്നുന്നു.''
""വീട്ടിനകത്ത് വളരെ ഡൊമസ്റ്റിക്കേറ്റഡ് ആയിട്ടുള്ള ഒരു ഓഡിയൻസ് ഉണ്ടായിട്ടുണ്ട്. വീട്ടിലിരുന്ന് സിനിമ കാണുക, പിന്നെ, ഈ കാലയളവിൽ ഇത്തരം പ്ലാറ്റ്ഫോമുകളിലേക്കായി മാത്രം കഥകൾ ആലോചിക്കുക, ഏറ്റവും ഫലപ്രദമായി എക്‌സിക്യൂട്ട് ചെയ്യുക...പക്ഷേ അത് എനിക്കു തോന്നുന്നത്, ഈ കാലം ആവശ്യപ്പെടുന്നൊരു സംഗതിയാണ്. കോവിഡാനന്തരം, അങ്ങനെ പറയാവുന്നൊരു കാലമുണ്ടെങ്കിൽ, പതുക്കെ പതുക്കെ കോവിഡിൽ നിന്ന് നമ്മൾ വെളിയിൽ വരുന്നതോടു കൂടി കുറേക്കൂടി തുറസ്സായ, വലിയ സ്‌കെയിലിലുള്ള സിനിമകൾ നിർമിക്കപ്പെടുകയും അത് തിയറ്ററുകളിൽ കാണുകയും ചെയ്യുകയും ഒപ്പം ഇത്തരം സിനിമകൾ, മറ്റു പ്ലാറ്റ്‌ഫോമുകൾ ലക്ഷ്യമാക്കുന്ന സിനിമാനിർമാണം തുടരുകയും ചെയ്യും എന്നെനിക്കു തോന്നുന്നു.''
തീയേറ്ററുകൾ സജീവമാകുന്നതോടു കൂടി വലുപ്പമുള്ള, കുറേക്കൂടി വലിയ ക്യാൻവാസിൽ കുറേക്കൂടി ആളുകളെ ഉൾക്കൊള്ളുന്ന, കുറേക്കൂടി വലിയ കാഴ്ച്ചകൾ ഒരുക്കുന്ന സിനിമകൾ മെല്ലെ മെല്ലെ ഉണ്ടാവുകയും അത് തിയറ്ററുകളിൽ സർവൈവ് ചെയ്യുകയും ചെയ്യും. പിന്നെ, നമ്മൾ എപ്പോളും പറയുന്നത് പോലെ സിനിമ എന്ന മാധ്യമത്തിന്റെ ശക്തി നിൽക്കുന്നത് കളക്ടീവ് വ്യൂവിങ്ങിലാണ് എന്നുള്ളതിൽ ഒരു സംശയവും വേണ്ട. ഒരുതരം നൈരന്തര്യം ആവശ്യപ്പെടുന്ന കാഴ്ച്ചയുമാണത്. പോസ് ബട്ടൺ അടിച്ച് പലപ്പോഴായി കാണുന്ന, മുറിഞ്ഞുമുറിഞ്ഞ് കാണുന്ന കാഴ്ച്ചകളിൽ നിന്ന്, ഒറ്റയടിക്ക് കണുക എന്ന, സിനിമ ആവശ്യപ്പെടുന്നൊരു കമ്മിറ്റ്‌മെന്റുണ്ട്. അവിടെയാണ് സിനിമയുടെ ശക്തി നിലകൊള്ളുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അതു കൊണ്ട് ഇത്തരം രണ്ട് ഫോർമാറ്റുകളും സർവൈവ് ചെയ്യും, അത് രണ്ടും അതിന്റേതായ വളർച്ച ഇനിയങ്ങോട്ട് നേടുകയും ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്.
പൂർണ്ണ രൂപം വായിക്കാം വെബ്സീൻ പാക്കറ്റ് 48 ൽ