ഉടൽ അളവും പെൺ ജീവിതവും; കാഴ്​ചക്കപ്പുറത്തേക്ക്​ ഒരു സിനിമ

ഒരു മുലഞെട്ടിനുചുറ്റും ആറു പേരെയും സംവിധായികയായ ശ്രുതി ശരണ്യം കയ്യൊതുക്കത്തോടെ കൊരുത്തിടുമ്പോൾ, വ്യത്യസ്ത വലിപ്പമുള്ള ആറിതൾ പൂ പോലെ ചിത്രം പ്രേക്ഷകർക്കുമുന്നിൽ ഇതൾ പൂക്കുന്നു, കായ്ക്കുന്നു, തളിർക്കുന്നു.

സ്ത്രീകളെ കാണുന്ന മാത്രയിൽ അവരുടെ മുലകളിലേയ്ക്ക് നോട്ടം പോയിരുന്ന ഒരു കൗമാരക്കാരൻ ഉണ്ടായിരുന്നു. കണക്ക് ട്യൂഷൻ കഴിഞ്ഞുള്ള സന്ധ്യകളിൽ കാവാലത്തേക്കുള്ള ബസിന് കണ്ണെറിഞ്ഞിരിക്കുമ്പോൾ, ചുറ്റും മുഴങ്ങുന്ന ‘ജാക്കി' കഥകളിലെ വീരനായകന്മാരെ കണ്ട്​ അത്ഭുതം കൂറുമായിരുന്ന ഒരു ജീവൻ.

എന്നാൽ ‘തൊടലും പിടിക്കലും' ഉണ്ടാക്കുന്ന ട്രോമ എത്ര വലുതാണ് എന്ന് അവനു മനസിലായത്, മറ്റൊരു ബസ് യാത്രയ്ക്കിടെ തനിക്ക്​ ഇടത്​ ഇരുന്ന വൃദ്ധന്റെ ചുളിവ് വീണ കൈകൾ സ്വന്തം തുടയിലേയ്ക്ക് നീണ്ടതോടെയാണ്. മുലകളുടെ വലുപ്പത്തിന്റെ, ആകൃതിയുടെ അടിസ്ഥാനത്തിൽ പെണ്ണിനെ അടയാളപ്പെടുത്തുന്നവരുടെ ഇടയിൽ അതേ മുലകളുടെ അളവുകളുടെ പേരിൽ ഒരു സിനിമ- ബി 32'' മുതൽ 44'' വരെ.

ആറു വ്യത്യസ്ത മുലകൾ.
ആറു ജീവിതങ്ങൾ.
പല കാലത്ത് അവർ അനുഭവിക്കേണ്ടി വന്ന അബ്യൂസുകൾ, അവരുടേതായ പ്രശ്‌നങ്ങൾ, അവ സമ്മാനിക്കുന്ന ട്രോമകൾ.

വലിയ മുലകളുള്ള പെണ്ണുങ്ങൾ ‘പോക്കാ’ണെന്നും ചെറിയ മുലകളുള്ള പെണ്ണുങ്ങൾ ‘മറ്റേത്' ആണെന്നും കേട്ടിട്ടുള്ളവർക്ക് തിയറ്ററിന്റെ തണുപ്പിലിരിക്കേ അതൊക്കെ ഇങ്ങനെ തികട്ടി വരുമെന്നുറപ്പാണ്.

മുല- അടുത്ത തലമുറയ്ക്ക് ആഹാരം ഉറപ്പാക്കാൻ സഹായിക്കുന്ന ചില പ്രത്യേക കോശങ്ങളും കലകളും അധികമുണ്ടെന്നതൊഴിച്ചാൽ, സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുവായി ഉള്ള ഒരു അവയവം. എന്നാൽ അതിൽ ഒരു വിഭാഗത്തിന്റെ ജീവിതം, തൊഴിൽ, തിരഞ്ഞെടുപ്പ്, മറ്റുള്ളവർക്ക് അവരെപ്പറ്റിയുള്ള അഭിപ്രായം എന്നിവയിലടക്കം, ആ അവയവത്തെ ചുറ്റിപ്പറ്റിയുള്ള പൊള്ളയായ ധാരണകൾ കൈകടത്തുക എന്നുപറഞ്ഞാൽ?

കഴിവിനപ്പുറം ഉടൽ അളവുകൾ വേദികളുടെ ലഭ്യതയെ നിർണയിക്കുന്നതിൽ ഒരു ശരികേടില്ലേ? നൃത്തം ചെയ്യാൻ വേദിയിൽ കയറുന്നതിനു മുൻപ് തനിക്ക് മാത്രം ചില എക്‌സ്ട്രാ ഫിറ്റിംഗ്‌സ് കിട്ടിയിരുന്നതായി സംവിധായിക ഒരു അഭിമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു. ഈ സിനിമയിലും ഉണ്ട് അത്തരം ഒരു കഥാപാത്രം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ‘പെണ്ണുടൽ സങ്കൽപ്പങ്ങളോട്' ചേരാൻ പറ്റാതെ സംഘർഷം അനുഭവിക്കുന്ന ഒരാൾ.

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 2020 ൽ 2.3 ദശലക്ഷം സ്ത്രീകൾക്കാണ് സ്തനാർബുദം സ്ഥിരീകരിച്ചത്. അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും അമേരിക്കയിൽ കണ്ടുപിടിക്കപ്പെടുന്ന അർബുദങ്ങളുടെ മൂന്നിൽ ഒന്നും ബ്രസ്റ്റ് കാൻസറാണ്.

ജീവിതം മുഴുവൻ എത്ര മറച്ചുപിടിക്കാൻ ശ്രമിച്ചാലും, ഷാളിട്ടു പുതപ്പിക്കാൻ ശ്രമിച്ചാലും അബ്യൂസുകൾക്ക് വഴിമരുന്നിടുന്ന അതേ അവയവം, ആയുസ്സിന്റെ മധ്യാഹ്നത്തിൽ കാലനായി മാറുന്ന അവസ്ഥ. മുലകളിലൂടെ വിരുന്നെത്തിയ ആ മരണത്തെ തൽക്കാലത്തേയ്ക്ക് ചെത്തിയെറിഞ്ഞ്​ ജീവൻ കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ഉയിരിന്റെ കഥയും ചിത്രം പറയുന്നു.

ശ്രുതി ശരണ്യം
ശ്രുതി ശരണ്യം

ഇങ്ങനെ ഒരു മുലഞെട്ടിനുചുറ്റും ഈ ആറു പേരെയും സംവിധായികയായ ശ്രുതി ശരണ്യം കയ്യൊതുക്കത്തോടെ കൊരുത്തിടുമ്പോൾ, വ്യത്യസ്ത വലിപ്പമുള്ള ആറിതൾ പൂ പോലെ ചിത്രം പ്രേക്ഷകർക്കുമുന്നിൽ ഇതൾ പൂക്കുന്നു, കായ്ക്കുന്നു, തളിർക്കുന്നു.

കഥകൾക്കായി തിരഞ്ഞെടുത്ത വിഷയങ്ങൾ പോലെ, പ്രധാന കഥാപാത്രങ്ങളെ ആദ്യമായി അവതരിപ്പിക്കുമ്പോൾ അവരുടെ ‘സൈസ്' സ്‌ക്രീനിൽ വരുന്നതും കാണാൻ പുതുമ തോന്നി. പ്രകടനത്തിലേയ്ക്ക് വരികയാണെങ്കിൽ, ക്യാമറയ്ക്ക് മുന്നിൽ ‘അഭിനയിക്കുന്നു' എന്ന തോന്നൽ ജനിപ്പിക്കാൻ അഭിനേതാക്കൾ ഭൂരിഭാഗവും അമ്പേ പരാജയപ്പെട്ടു എന്ന് പറയാതെ വയ്യ.

സ്‌ക്രീനിലെ സാഹചര്യങ്ങളോട് ചേർന്നുപോകുന്ന സുദീപ് പാലനാടിന്റെ സംഗീതവും മികച്ചുനിന്നു. ആറു വ്യത്യസ്ത ജീവിതങ്ങൾ എന്ന തോന്നൽ ജനിപ്പിക്കാതെ കഥാപാത്രങ്ങളെ സൂക്ഷ്മമായി കൂട്ടി നെയ്ത തിരക്കഥയും കയ്യടി അർഹിക്കുന്നു. വനിതാ സംവിധായകർക്കായുള്ള സാംസ്‌കാരിക വകുപ്പിന്റെയും കെ.എസ്​.എഫ്​.ഡി.സിയുടെയും പദ്ധതിക്കുകീഴിൽ നിർമിക്ക​പ്പെട്ട ചിത്രമാണ് ബി 32'' മുതൽ 44'' വരെ.

സംവിധായികയുടെ ഒരു എഫ്ബി പോസ്റ്റിലെ വരികൾ കടമെടുത്താൽ ‘പൊതുജനങ്ങളുടെ പണത്തിൽ നിർമിക്കപ്പെട്ട' ഒരു സംരംഭം.

നമ്മടെ പടം നമ്മൾ കണ്ടില്ലെങ്കിൽ എങ്ങനെ ആണ്? എന്ന ചിന്തയുടെ പുറത്തോ, നാളെ ചർച്ച ചെയ്യപ്പെടാൻ ഇടയുള്ള ഒരു സിനിമ തിയേറ്ററിൽ തന്നെ ആസ്വദിക്കാൻ കഴിഞ്ഞു എന്ന മേനിപറച്ചിലിന്റെ സാധ്യത പരിഗണിച്ചോ ഈ ചിത്രം തിയേറ്ററുകളിൽ തന്നെ കാണേണ്ടതാണ്.

മീശ വച്ചവരുടെ മാത്രം തലയിൽ വരച്ചിട്ടുള്ളതാണ് സിനിമ എന്ന ചിന്തകൾക്ക് മാറ്റം വരണമെങ്കിൽ ക്യാമറക്ക് മുന്നിലും പിന്നിലുമായി 75 ശതമാനത്തോളം സ്ത്രീകൾ അണിനിരന്ന ഇതുപോലുള്ള ധീരമായ കാൽവെപ്പുകൾ വിജയിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവർ വെട്ടിത്തെളിച്ചുപോയ വഴിയിലൂടെ നടക്കാൻ പിറകിൽ ആളുണ്ടാകൂ.


Summary: ഒരു മുലഞെട്ടിനുചുറ്റും ആറു പേരെയും സംവിധായികയായ ശ്രുതി ശരണ്യം കയ്യൊതുക്കത്തോടെ കൊരുത്തിടുമ്പോൾ, വ്യത്യസ്ത വലിപ്പമുള്ള ആറിതൾ പൂ പോലെ ചിത്രം പ്രേക്ഷകർക്കുമുന്നിൽ ഇതൾ പൂക്കുന്നു, കായ്ക്കുന്നു, തളിർക്കുന്നു.


കരോൾ ത്രേസ്യാമ്മ അബ്രഹാം

കഥാകൃത്ത്​, എഴുത്തുകാരൻ.

Comments