ചാല മാർക്കറ്റിലെ തൊഴിലാളികൾ ഫിലിം ഫെസ്റ്റിവലിൽ സെക്സ് സീനുകൾ കാണാൻ ഇടിച്ചു കയറി കതക് തല്ലിപ്പൊളിച്ചെന്ന് സിനിമാ കോൺക്ലേവ് വിവാദങ്ങൾക്കിടെ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറയുകയുണ്ടായി. അടൂർ പ്രസ്താവന തിരുത്തി മാപ്പു പറയണമെന്ന് ചാലയിലെ തൊഴിലാളികളും പ്രതിഷേധിച്ചു.
എന്നാൽ അടൂർ പറഞ്ഞതിനെ തൊഴിലാളികൾക്കെതിരായോ തൊഴിലാളി വർഗ സർവ്വാധിപത്യത്തിനെതിരായോ അല്ല കാണേണ്ടത്. മാധ്യമവ്യാഖ്യാനങ്ങളാണിതെല്ലാം.
ഗൗരവതരമായി സിനിമയെ കാണുന്നവർ പുറത്തു നിൽക്കേണ്ടിവരികയും മാർക്കറ്റിൽ പണിനോക്കുന്ന തൊഴിലാളികൾ വരെ സിനിമയ്ക്ക് ഇടിച്ചുകയറുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്തപ്പോൾ, തന്റെ മേൽനോട്ടത്തിലാണ് IFFK യിൽ ഡെലിഗേറ്റ് പാസ് സംവിധാനം കൊണ്ടുവന്നത് എന്നാണ് അടൂർ വിവക്ഷിച്ചത്. അദ്ദേഹം പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. പറഞ്ഞതിലല്ലാതെ പറഞ്ഞതിന്റെ പലമട്ടിലുള്ള വ്യാഖ്യാനങ്ങളിൽ അദ്ദേഹത്തിന് ഉത്തരവാദിത്തമില്ലല്ലോ.
സ്ത്രീകൾക്കും ദലിതർക്കും എതിരായ പരാമർശങ്ങളെന്ന് നിങ്ങൾ വ്യാഖ്യാനിക്കുകയാണ്. താൻ പറഞ്ഞതിൽ എവിടെയെങ്കിലും എപ്പോഴെങ്കിലും ഈ രണ്ടു കൂട്ടർക്കും എതിരായി പറഞ്ഞത് കാണിച്ചുതരാൻ കഴിയുമോ? അതാണ് അടൂരിന്റെ നിലപാട്.
ശരിയാണ്.
അദ്ദേഹത്തിന്റെ കലാജീവിതത്തിൽ ആകെ പരതിയാൽ പോലും ദലിതർക്കെതിരായോ സ്ത്രീകൾക്കെതിരായോ ഉള്ള കാര്യങ്ങൾ ഒരിക്കലും കാണിച്ചുതരാൻ കഴിയില്ല എന്ന ആത്മവിശ്വാസവും അദ്ദേഹം പറയുന്നതിലുണ്ടാകാം. എന്നാൽ സിനിമയെയും അതിന്റെ രാഷ്ട്രീയത്തെയുമെല്ലാം ഗൗരവമായിക്കണ്ട് അഴിച്ച് പരിശോധിക്കുന്നവർ മറ്റൊരു രീതിയിലാണ് ചിന്തിക്കുന്നത്, സർ.

പാർശ്വവത്കൃതരായ മുഴുവൻ മനുഷ്യരുമുള്ള ലോകത്ത് സ്ത്രീകൾക്കും ദലിതർക്കും എതിരെ സംസാരിക്കുന്നവരുള്ളപ്പോൾ അത്തരം പാതകങ്ങൾ പോലും ഓരോ മിനിട്ടിലും പല തവണ നടക്കുന്ന രാജ്യത്ത് താങ്കളുടെ സിനിമയിലും എന്തു കൊണ്ടത് സംഭവിക്കുന്നില്ല? എന്തുകൊണ്ട് അത്തരം കഥാപാത്രങ്ങൾ കടന്നുവരുന്നില്ല. ആ കഥാപാത്രങ്ങളിലൂടെ ആ വിധ്വംസകശബ്ദം മുഴങ്ങണം. അങ്ങനെ അതിനെതിരെ മനുഷ്യമനഃസ്സാക്ഷിയെ ഉണർത്തിവിടാൻ, വേണ്ടി വന്നാൽ മനുഷ്യരെ അണിനിരത്താനും പ്രതിബദ്ധതയുള്ള കലാകാരർക്ക് കഴിയണം. അത്തരം കാര്യങ്ങൾ കൂടി അടയാളപ്പെടുത്താൻ കഴിഞ്ഞാലേ കലയ്ക്ക് വർത്തമാനത്തിലൂടെ, ചലിക്കുന്ന ഭാവിയുടെ കലയായിരിക്കാൻ യോഗ്യതയുള്ളൂ.
പൊളിറ്റിക്കൽ കറക്ട്നെസ് പാലിക്കുന്നതു തൊട്ട് എന്തിന്റെ പേരിലായാലും മിണ്ടാതിരിക്കാതെ മനുഷ്യത്വത്തെ ലജ്ജിപ്പിക്കുന്ന സംഭവങ്ങൾ സമൂഹത്തിൽ നടപ്പുണ്ടെങ്കിൽ അത് കലയിലും പ്രതിഫലിച്ചു കാണണം. കാണിക്കണം. അത് ആവിഷ്കരിക്കാൻ കലാകാരർ മടിക്കുന്നുണ്ടെങ്കിൽ അതാണ് യഥാർത്ഥ കുറ്റം.
കലാകാരർ അവിടെ തന്റെ സാമൂഹ്യ ഉത്തരവാദിത്വം പാടേ മറക്കുന്നു എന്നർത്ഥം. അതെ, അവരിൽ കണ്ണാടി പോലെ കാലം പ്രതിഫലിക്കുന്നില്ല എന്നർത്ഥം.
അങ്ങനെ സ്ത്രീകൾക്കെതിരെയും ദലിതർക്കെതിരെയുമുള്ള ജീർണിച്ച നാട്ടു നടപ്പുകൾ, കറുത്തവരെന്നും വെളുത്തവരെന്നും വേർതിരിക്കുന്ന വർണവെറി, നമ്മുടെ പശ്ചാത്തലത്തിൽ മനുവാദം എന്നെല്ലാം പറയുന്നവ, ഇതിനെല്ലാം സിനിമ അരങ്ങായാൽ, ആ യാഥാർത്ഥ്യം വിളമ്പുന്ന സിനിമയാണെങ്കിൽ അതോടെ തീരും എത്തിയ മേളകളിലെല്ലാം അവാർഡുകൾ വാങ്ങിക്കൂട്ടി സിനിമയെയും കലാകാരരെയും വാനോളമുയർത്തുന്ന പതിവ്. രജത കമലങ്ങളും സുവർണ ചകോരങ്ങളും മാധ്യമ വാഴ്ത്തുകളും അതോടെ വഴിമാറും.
മതവംശീയത വിതച്ച്, കൊയ്ത്, അധികാരം പിടിക്കുന്ന രാഷ്ട്രീയക്കാർ സ്വന്തം ജന്മഭൂമിയുടെ നെഞ്ചത്ത് നടത്തിയ സ്ഫോടനങ്ങൾ സിനിമയ്ക്ക് വിഷയമായാലോ? നാട്ടിൽ നടന്ന വർഗീയ കലാപങ്ങൾക്കു നേരെ കണ്ണാടി പിടിക്കുന്ന സിനിമ ആയാലോ? എന്തു സംഭവിക്കുമെന്ന് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിലും നാം കണ്ടു. കലാകാരർക്ക് തങ്ങളുടെ കലയെ കാലത്തിന്റെ, സാമൂഹ്യ- രാഷ്ട്രീയ ദിനാന്തരീക്ഷസ്ഥിതികൾക്കു നേരെ പിടിച്ച കണ്ണാടിയാക്കാൻ കഴിയുന്നത് അങ്ങനെയെല്ലാമാണ്.
അതുണ്ടാകണം.
ഒരു ഘട്ടം വരെയുള്ള അടൂരിന്റെ സിനിമകളിൽ സ്വന്തം ചിന്തയിൽ നിന്നുകൊണ്ട് സൃഷ്ടി നിർവ്വഹിക്കുന്ന മാസ്റ്ററുടെ സാന്നിധ്യം തീർച്ചയായും ഉണ്ടായിരുന്നു. അവ മലയാള സിനിമയിൽ പാഠപുസ്തകങ്ങൾ പോലെ നിലനിൽക്കുന്നുമുണ്ട്.
ഒരു കാരണവർ വന്ന് മുത്തശ്ശിക്കഥ പറഞ്ഞു കൊണ്ട് തുടങ്ങുന്ന അടൂരിന്റെ കഥാപുരുഷനിലെ സങ്കേതം തന്നെ നോക്കൂ. വേറിട്ട സിനിമകൾ ചെയ്യാനാഗ്രഹിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയെന്ന പുതുതലമുറ സംവിധായകന്റെ 'ചുരുളി' യിൽ പോലും അത് സ്വാധീനം പോലെ കണ്ടെടുക്കാം. മറ്റൊരു പശ്ചാത്തലത്തിൽ പറയുന്ന സാരോപദേശ മുത്തശ്ശിക്കഥ പോലൊന്ന് സിനിമയുടെ പശ്ചാത്തലത്തിലേക്ക് വിളക്കിച്ചേർക്കുന്നത് അടൂർ അന്നേ ചെയ്തതാണ്.
എന്നാൽ അടൂരിന്റെ സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയം എന്ത്? പോയ കേരളത്തെ കാണിച്ചപ്പോൾ അദ്ദേഹത്തിന്റെ സിനിമകൾക്ക് പകർത്താൻ കഴിയാതെ പോയതെന്ത്? അദ്ദേഹത്തിന്റെ സിനിമകൾ മിണ്ടാതെ വിഴുങ്ങിയത് എന്തെല്ലാം എന്നെല്ലാം ഇനിയും വിലയിരുത്തപ്പെടണം.
അടൂർ തീർച്ചയായും മലയാള സിനിമയിലൂടെ ഇന്ത്യൻ സിനിമാചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു പ്രതിഭാസാന്നിധ്യമാണ്. എന്നാൽ തന്റെ കലാജീവിതത്തിന്റെ പിന്നീടുള്ള ഘട്ടത്തിൽ അദ്ദേഹത്തിന്റെതായി വന്ന കഥാപുരുഷൻ എന്ന ഒറ്റച്ചിത്രം എടുത്താലറിയാം, വിക്കിവിക്കിപ്പറയുന്ന കഥാപാത്രത്തെ നായകനാക്കി എടുത്ത ചിത്രത്തിലൂടെ വിമ്മിവിമ്മി അദ്ദേഹം പറയാൻ ശ്രമിക്കുന്ന മനസ്സിലിരിപ്പും രാഷ്ട്രീയവും എന്തെന്ന്.

സംസാരിക്കുമ്പോഴും രാഷ്ട്രീയം പറയുമ്പോഴും മാത്രമുള്ള വിക്ക്
ഉന്നതകുലജാതന്റെ എല്ലാ പരിവട്ടങ്ങൾക്കും ഗതികേടുകൾക്കുമിടയിലും നാടു നന്നായിക്കാണാനുള്ള ത്വരയിൽ നക്സൽ രാഷ്ട്രീയത്തിലെത്തിപ്പെടുന്ന നായകൻ, നമ്മുടെ കഥാപുരുഷൻ അതിന്റെ പേരിൽ ജയിലറ പൂകേണ്ടി വരുന്നു. പിന്നീട് കഷ്ടിച്ച് പുറത്തിറങ്ങി തറവാട്ടിലെ പഴയ അടിച്ചുതളിക്കാരിയുടെ മകളെ ഒപ്പം കൂട്ടി വെറും ശുദ്ധഗതിയിൽ പലേ പ്രയാസങ്ങൾക്കിടയിലും കഷ്ടപ്പെട്ട് മുന്നോട്ടു പോകുന്നു. അതിനിടയിലാണ് ഊഴം നിന്ന് വഴിക്കുവഴിയായി പഴയ കഥാപാത്രങ്ങൾ അയാൾക്കുമുന്നിലേക്ക് കടന്നുവരുന്നതായി കാണിക്കുന്നത്. അവരിലൂടെ അത്യന്ത നിസ്സംഗതയോടെ അയാൾ കാണുന്നത് വെറും സ്വാർത്ഥതകൾ, സങ്കുചിതത്വങ്ങൾ. അതിലൂടെ സമൂഹത്തിന്റെ പ്രത്യേകിച്ച് ഇടതു രാഷ്ട്രീയത്തിന്റെ സങ്കുചിത സ്വാർത്ഥതകൾ എന്നതായിരിക്കാം അടൂർ വരച്ചു കാണിക്കാൻ ശ്രമിക്കുന്നത്. വിക്കുള്ള നായകനിലൂടെ രാഷ്ട്രീയം പറയാൻ സംവിധായകൻ എന്തിനിങ്ങനെയെല്ലാം വളഞ്ഞു മൂക്കു പിടിക്കുന്നു എന്നു ചിന്തിച്ചാൽ പ്രേക്ഷകരുടെ ഊപ്പാടിളകും.
തിരക്കിട്ട ലോകത്തിന് പ്രത്യേകിച്ചൊരു താൽപര്യമില്ലാത്ത പഴയ വിപ്ലവകാരി. അയാൾക്ക് തന്റെ ആത്മകഥയിലൂടെ സത്യം ലോകത്തോടു വിളിച്ചുപറയാൻ ഒടുവിൽ ഒരു പബ്ലിഷറെ ഒത്തു കിട്ടുന്നു. നമ്മുടെ കഥാപുരുഷൻ എഴുതിയ തന്റെ സത്യജീവിതകഥ കേരളത്തിൽ കമ്യൂണിസ്റ്റു സർക്കാർ വന്നിട്ടത് നിരോധിക്കപ്പെടുന്നതിലേക്കാണ് ഒടുവിൽ കാര്യങ്ങൾ ചെന്നെത്തുന്നത്. എല്ലാ സംഭവങ്ങളും അതിന്റെ തുടർച്ചയിൽ നമ്മൾ കണ്ടു വന്നാലും നിരോധിക്കപ്പെടാൻ മാത്രം എന്തു കാര്യം നോവലിലുണ്ടാകാനാണ് എന്നു ചിന്തിച്ചാൽ പിന്നെയും നമ്മുടെ തല ഫ്യൂസാകുന്നതല്ലാതെ പ്രത്യേകിച്ചൊന്നും സിനിമയിൽ നിന്ന് കിട്ടാനില്ല.
കൃതിക്ക് വിലക്ക്. എന്തായാലും ആ പൊള്ളുന്ന സത്യത്തിലൂടെ വിപ്ലവകാരിക്ക് ഏൽക്കുന്ന തിരിച്ചടി വരച്ചുകാണിക്കുന്നതിലൂടെ സാർത്ഥകമാകുന്ന ചിത്രത്തിന്റെ കഥ- തിരക്കഥ- സാക്ഷാത്കാരം: അടൂർ ഗോപാലകൃഷ്ണൻ.
വിപ്ലവകാരിക്ക് തിരിച്ചടി നേരിടുന്നത് ഒഴിയാബാധ പോലെയാണ് അടൂരിന്. കഥാപുരുഷന്റെ അമ്മാവനും പഴയ വിപ്ലവകാരി തന്നെ. ജയിലിൽ നിന്നിറങ്ങി അടിച്ചു തളിക്കാരിയുടെ മകളിൽ കുട്ടികളുമായി കുടുംബസ്ഥനായി അരിഷ്ടിച്ചു കഴിയുന്ന നായകനു മുന്നിലേക്ക് പഴയ തറവാട്ടിൽ അവകാശിയായ വാസുവമ്മാവൻ (നരേന്ദ്ര പ്രസാദ്) കയറിവരുന്നത് ചിത്രത്തിൽ കാണാം. കമ്യൂണിസ്റ്റുകാരനായി ഒളിവിലും ജയിലിലുമായി കുറേ ജീവിതം പോയതിലെ നഷ്ടബോധമാണ് അയാളുടെ വാക്കുകളിൽ. അസ്ഥിയൊഴുക്കലും പിണ്ഡം വെക്കലും മറ്റുമാണ് അയാൾക്കിനി പ്രതീക്ഷയായി ബാക്കിയുള്ളത്. കമ്യൂണിസം മടുത്ത് മനഃശ്ശാന്തി തേടി കാവിവസ്ത്രത്തിലേക്കു ചുവടുമാറിയ ‘പരമസാധു’വായ ആ മനുഷ്യനിലൂടെ (നരേന്ദ്രപ്രസാദ്) വ്യക്തമായും വലതുപക്ഷത്തു തിരിച്ചെത്തുന്ന നന്മയെയും സമാധാനത്തെയുമാണ് അടൂർ ധ്വനിപ്പിക്കുന്നത്.

നായകന്റെ ഇതേ തറവാട് വിൽപ്പനയ്ക്ക് വരുമ്പോൾ വാങ്ങാനെത്തുന്നത് പുതുപ്പണക്കാരനൊരാൾ (മുകേഷ്). തറവാടിനു മുന്നിൽ അച്ഛനോടൊപ്പം കാർ നിർത്തി ഇടപാട് സംസാരിക്കുന്ന അയാൾക്ക് ഒരേ നിർബന്ധം. മുകളിലെ നിലയിലെ ചിത്രപ്പണികളുള്ള കട്ടിലും തറവാടിന്റെ കൂടെ വില പറഞ്ഞുവാങ്ങണം. കാറിലെ എ.സി തണുപ്പിലിരിക്കുന്ന അച്ഛൻ പണ്ട് അതിലൊന്ന് ഇരുന്നുപോയതിന് അയാളെ കെട്ടിയിട്ട് ജന്മിത്തം തല്ലിച്ചതച്ചതാണ്. ആ ശിൽപവേലകളുള്ള കട്ടിലിൽ കിടന്ന് അയാൾക്ക് മരിക്കണം. അതിനാണ് പുത്തൻപണക്കാരനായ മകനെ വിട്ട് അയാൾ വില പറയാൻ നമ്മുടെ അവശജന്മിയായ നായകന്റെ മുന്നിൽ വന്നുനിൽക്കുന്നത്. ആരുടെ ഓഫറിനെക്കാളും ആയിരം രൂപയെങ്കിലും കൂടുതൽ തരാമെന്നാണ് അയാൾ ഹുങ്ക് പറയുന്നത്. ലോകത്തൊരു നായകനും ഈ ഗതികേടു വരില്ലെങ്കിലും നമ്മുടെ കഥാപുരുഷൻ പാവം ചിരിച്ചുകൊണ്ട് നിൽക്കുന്നു. കാലം മാറി ജനാധിപത്യം വന്നതിന്റെ തണലിൽ കീഴാളന്റെ പിൻതലമുറയിൽ തല പൊക്കുന്ന അഹന്ത നോക്കണേ. അതാണ് അവിടെ അടൂർ പങ്കുവെക്കുന്ന രാഷ്ട്രീയചിന്ത.
കമ്യൂണിസമെല്ലാം വെറും കാപട്യവും അവസരവാദവുമെന്ന് ധ്വനിപ്പിക്കാനാണ് കഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ജന്മി വിപ്ലവകാരി നായകന്റെ മുന്നിലേക്ക് കൂടെപ്പഠിച്ച കൂട്ടുകാരനെ അടൂർ കൂടുതുറന്നുവിടുന്നത്. എന്നെ ഓർമയുണ്ടോ? ഞാൻ തോമസ് തരകൻ എന്ന് പുഞ്ചിരി തൂകി കടന്നുവരുന്ന തോമസ് തരകൻ (ജഗദീഷ്) അന്നത്തെ നക്സൽ ആക്ഷനുകളിൽ ഉൾപ്പെട്ടിരുന്നു എങ്കിലും ചില സ്വാധീനങ്ങളൊക്കെ ഉപയോഗിച്ച് പൊലീസ് നടപടികളിൽനിന്ന് ആദ്യമേ രക്ഷപ്പെട്ട് ഇപ്പോൾ പത്രപ്രവർത്തകനായി വിജയിച്ചരുളുകയാണ്. അയാൾക്ക് യഥാർത്ഥ വിപ്ലവകാരിയായ നമ്മുടെ കഥാപുരുഷൻ്റ തീ പാറുന്ന കഥകൾ കച്ചവടത്തിനുവേണം, അതാണ് വരവിന്റെ ഉദ്ദേശ്യം.
ഇൻ്റർവ്യൂവിനാണെങ്കിൽ വേണ്ട, അല്ലെങ്കിൽ അകത്തേക്കു കയറിയിരിക്കാം, ഒപ്പമിരുന്ന് ഊണുകഴിക്കാം എന്ന മഹത്വവും മനുഷ്യത്വവുമാകുന്നു അവിടെയും നായകൻ.
‘എന്നെ മനസ്സിലായില്ല അല്ലിയോ… വാസുവമ്മാവൻ’ എന്നിങ്ങനെ തറവാടിന്റെ ഉമ്മറത്തേക്ക് കയറി വരുന്ന നരേന്ദ്രപ്രസാദിന്റെ വാസു അമ്മാവനിലൂടെ വിപ്ലവസ്വപ്നത്തിന്റെ തന്നെ നിഷ്ഫലതയാണ് അടൂർ വളഞ്ഞ് മൂക്കു പിടിച്ചെത്തുന്നതെങ്കിൽ മുകേഷിന്റെ പുതുപ്പണക്കാരനിലൂടെ തറവാടിനു തന്നെ വില പറയുന്ന വലിയ സ്വകാര്യ മൂലധനശക്തിയായി വളർന്നു കഴിഞ്ഞ കീഴാളനെയാണ് നാം കാണുന്നത്.

പാവം നായർ അപ്പോഴും പഴയ ഗതികേടിൽ.
ഇത്തരത്തിൽ ഇവിടെ പ്രബലമായ വലതു പക്ഷധാരണകൾക്ക് ചലച്ചിത്ര ഭാഷ്യം ചമയ്ക്കാൻ മുതിരുമ്പോൾ ഒന്നുകിൽ അടൂർ അത് വ്യക്തമായ തന്റെ വലതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നതായി വേണം കരുതാൻ. അല്ലെങ്കിൽ ഇന്നാട്ടിൽ യഥാർത്ഥത്തിലുള്ള വിപ്ലവം നടക്കാതെ പോയതിലും സമത്വലോകം ഇനിയും ഇവിടെ പുലരാതെ പോയതിലുമുള്ള ഒരു കലാകാരന്റെ ആത്മാർത്ഥമായ നൈരാശ്യമായി അതിനെ മനസ്സിലാക്കണം.
ആ നൈരാശ്യം നല്ലതാണ്. എങ്കിലും, നന്മമരങ്ങളായ നായകന്മാരെ ഇറക്കി നായർ തറവാടുകളിലെ കൊടികുത്തിയ ദാരിദ്ര്യ ദൈന്യതകളെയും ഇല്ലായ്മ വല്ലായ്മകളെയും കാണിച്ചുകൂട്ടുന്നത്, തൊഴിലുറപ്പ് പദ്ധതി വന്ന കാലത്തെങ്കിലും, കുറഞ്ഞതായി കാണിക്കുന്ന അടൂർസിനിമ ഒരെണ്ണമെങ്കിലും തുടർന്ന് ഉണ്ടാകാഞ്ഞതെന്ത് എന്ന ചോദ്യവും പ്രേക്ഷകരിൽ അവശേഷിക്കുന്നു. പിന്തിരിപ്പൻ രാഷ്ട്രീയക്ലീഷേകളല്ല, ഉള്ളതുപറയാനാണ് ലക്ഷ്യമെങ്കിൽ അതും കാണിക്കേണ്ടതല്ലേ.
