‘ന്യൂനപക്ഷം' എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ആരെയാണ്,
അല്ലെങ്കിൽ എന്താണ്?
ഇത് എഴുതുന്നതിനുമുമ്പ് കുറച്ചധികം പേരോട് ഞാൻ ഇതേ ചോദ്യം ആവർത്തിച്ചിരുന്നു. അവരിൽ സിംഹഭാഗവും ഒന്നോ രണ്ടോ മതങ്ങളിൽ പെട്ട, ജനസംഖ്യയിൽ പ്രാതിനിധ്യം കുറഞ്ഞ ആളുകളാണ് ന്യൂനപക്ഷങ്ങൾ എന്ന അഭിപ്രായക്കാരായിരുന്നു. ചുരുക്കം ചിലരാവട്ടെ സംസാരിക്കുന്ന ഭാഷ, പിന്തുടരുന്ന ജീവിതക്രമങ്ങൾ എന്നിവയിൽ എണ്ണം കുറഞ്ഞവരും ന്യൂനപക്ഷങ്ങളാണ് എന്ന വാദവും മുന്നോട്ടു വച്ചു.
എന്നാൽ അവരിൽ ആരും, തങ്ങളുടെ ലൈംഗിക തിരഞ്ഞെടുക്കലുകളുടെ പേരിൽ, അല്ലെങ്കിൽ സ്വത്വത്തിന്റെ പേരിൽ എണ്ണത്തിൽ കുറഞ്ഞുപോയ വ്യക്തികളെ ന്യൂനപക്ഷങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കണ്ടില്ല.
ഒർസൺ വെൽസ് സിനിമയെ ഒരിക്കൽ വിശേഷിപ്പിച്ചത്, ‘അതിർത്തികളില്ലാത്ത, സ്വപ്നങ്ങളുടെ നീണ്ട റിബൺ' എന്നാണ്. സിനിമ എന്നും അങ്ങനെ തന്നെയാണ്. രക്തരൂക്ഷിതവും പ്രശ്‌നസങ്കീർണവുമായ ചുറ്റുപാടുകളിൽ ഇരുന്നുകൊണ്ടുപോലും നാളെയുടെ നന്മകളെ കാത്തിരിക്കാൻ സിനിമകൾ പ്രേക്ഷകർക്ക് പ്രചോദനം നൽകുന്നു. ഒപ്പം, അതുവരെയും പ്രേക്ഷകർക്ക് അദൃശ്യമായിരുന്ന വിഷയങ്ങളിൽ/പ്രശ്‌നങ്ങളിൽ കൃത്യമായ ധാരണ രൂപപ്പെടുത്താനും ഒന്നോ രണ്ടോ മണിക്കൂറുകളിലൂടെ തന്നെ സിനിമയ്ക്ക് സാധിക്കുന്നു.
കഥാദാരിദ്ര്യം കൊണ്ടും, മിനിമം ഗ്യാരന്റി എന്ന ആകർഷണീയത കൊണ്ടും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ സകല വ്യക്തികളുടെയും ജീവചരിത്രങ്ങൾ സിനിമകളാക്കി കാണികളെ മുഷിപ്പിക്കുന്നു എന്ന ചീത്തപ്പേര് കേട്ടതാണ് ബോളിവുഡും അവിടുത്തെ സംവിധായകരും. എന്നാൽ ചിലപ്പോഴൊക്കെ അവിടെ നിന്ന് കോടികളുടെ കിലുക്കമില്ലാതെ, പണക്കൊഴുപ്പിന്റെ ഗരിമയില്ലാതെ പ്രേക്ഷകരെ തേടി ചില കുഞ്ഞു (വലിയ) ചിത്രങ്ങൾ എത്താറുണ്ട്. അവയാകട്ടെ ആസ്വാദകരെ അമ്പേ ഞെട്ടിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഒന്നാണ് ഹർഷവർധൻ കുൽക്കർണിയുടെ സംവിധാനത്തിൽ കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘ബദായി ദോ' എന്ന ചിത്രം.
വിക്ടോറിയൻ മതങ്ങളുടെ തിരുശേഷിപ്പു പേറുന്ന സാമൂഹിക വ്യവസ്ഥിതി, സ്വവർഗലൈംഗികത എന്നത് ഒരു പാപമായും, സമൂഹത്തിന്റെ സദാചാര വേലിക്കെട്ടുകൾക്കപ്പുറത്തുള്ള ഒന്നായും കണ്ട ഇക്കണ്ട കാലം മുഴുവൻ, ആ വിഭാഗത്തിൽപ്പെട്ടവർ അനുഭവിച്ചുപോന്ന അവഗണനകളും അധിക്ഷേപങ്ങളും അവർണനീയമാണ്. ‘സ്വവർഗ ലൈംഗികത കുറ്റകരമല്ല' എന്ന ചരിത്രപ്രസിദ്ധ വിധി, സുപ്രീം കോടതി പുറപ്പെടുവിച്ച അന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ‘നൂറ്റാണ്ടുകളായി അനുഭവിക്കേണ്ടി വന്ന മാറ്റിനിർത്തലുകളുടെയും അവഗണകളുടെയും പേരിൽ, എൽ ജി ബി ടി ക്യു വിഭാഗത്തിൽ പെട്ടവരോട്, അവരുടെ കുടുംബങ്ങളോട് നമ്മുടെ സമൂഹം മാപ്പ് പറയേണ്ടതായുണ്ട്. സമാന ലിംഗത്തിൽ പെട്ടവരോടോ, ഇരു ലിംഗത്തിലും പെട്ടവരോടോ തോന്നുന്ന ആകർഷണീയത മനുഷ്യന്റെ ലൈംഗികതയുടെ തന്നെ മറ്റൊരു വശമാണ്. അത് തികച്ചും സ്വാഭാവികവുമാണ്. അതുകൊണ്ടുതന്നെ, ഹെറ്ററോസെക്ഷ്വൽ ആയ ഭൂരിപക്ഷത്തിനു ലഭിക്കുന്ന എല്ലാ അവകാശങ്ങളും എൽ ജി ബി റ്റി ക്യു സമൂഹത്തിനും ലഭിക്കേണ്ടതുണ്ട്'.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, പ്രായപൂർത്തിയവർ തമ്മിലുള്ള സ്വവർഗ ലൈംഗികത ഇന്ന് നിയമവിധേയമാണ്. മനുഷ്യന്റെ ലൈംഗികത, അവരുടെ സ്വാതന്ത്ര്യമാണ്, തിരഞ്ഞെടുപ്പുകളാണ്. സമാന ലിംഗത്തിൽ പെട്ടവരോട് താത്പര്യം തോന്നുന്നവരുണ്ട്. ചിലർക്ക് ലൈംഗിക താല്പര്യം ഉണ്ടാവാത്ത അവസ്ഥയും ഉണ്ട്. ഇപ്പറഞ്ഞതെല്ലാം സാധാരണമാണെന്നും ഇതൊന്നും രോഗമല്ലെന്നും തിരിച്ചറിയുന്നിടത്താണ് ഒരു സമൂഹവും അതിലെ മനുഷ്യരും വിശാലമായി ചിന്തിക്കുന്നവരും ദർശനങ്ങളിൽ പുരോഗതി പ്രാപിച്ചവരുമായി മാറുന്നത്.
എന്റെ ലൈംഗികത എന്റെ തിരഞ്ഞെടുപ്പാണ്. ഭൂരിപക്ഷത്തിന്റെ പിന്തുടരലുകളിൽ നിന്ന് മാറി ചിന്തിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടെങ്കിൽ എനിക്ക് സംരക്ഷണമൊരുക്കേണ്ടത് ഇന്നാട്ടിലെ നിയമസംവിധാനങ്ങളാണ്. നിങ്ങളുൾക്കൊള്ളുന്ന ഈ സമൂഹമാണ്. ഭൂരിപക്ഷത്തിന്റെ താല്പര്യത്തിനു വിരുദ്ധമാണ് എന്നുപറഞ്ഞ്, ലൈംഗിക ന്യൂനപക്ഷങ്ങളുടെ തിരഞ്ഞെടുപ്പുകൾ, അവരുടെ അവകാശങ്ങൾ എന്നിവ ഹനിക്കപ്പെടുന്നതിൽ ശരികേടില്ലേ?.
എന്നാൽ സങ്കടകരമെന്ന് പറയട്ടെ, സ്വവർഗ ലൈംഗികത പുലർത്തുന്ന ഒരാളെ അയാളായി കാണുകയും അംഗീകരിക്കുകയും വേണമെന്ന് പരമോന്നത കോടതി പറഞ്ഞിട്ട് നാല് വർഷത്തിലേറെയായെങ്കിലും ഇന്നും സ്വവർഗലൈംഗികത ഒരു ചാവുദോഷമാണ്, അല്ലെങ്കിൽ അതൊരു മാനസിക വൈകൃതമാണ് എന്ന ധാരണ സമൂഹത്തിൽ അടിക്കാടുകളായി ശേഷിക്കുന്നുണ്ട്. ഇത്തരം അടിക്കാടുകളുടെ വേരറുക്കാൻ ‘ബദായി ദോ' പോലുള്ള ചിത്രങ്ങൾ സഹായിക്കുമെന്ന് ഉറപ്പാണ്.
സിനിമയിലെ ശാർദൂൽ ഥാക്കൂർ ഒരു പോലീസ് ഓഫീസറാണ്. വീട്ടുകാരുടെ വിവാഹം എന്ന ആവശ്യത്തെ പ്രതിരോധിയ്ക്കാനാവാതെ വരുന്ന ഒരു അവസ്ഥയിൽ അയാൾ കായിക അധ്യാപികയായ സുമിയെ വിവാഹം കഴിക്കുന്നു. തികച്ചും സാധാരണമായ കഥാഗതി. എന്നാൽ ഈ വിവാഹം ശാർദൂലിനും സുമിയ്ക്കും, തങ്ങളുടെ തിരഞ്ഞെടുപ്പുകൾ സധൈര്യം പിന്തുടരാനുള്ള ലൈസൻസാണ്.
ഹോമോസെക്ഷ്വൽ ആയ ഒരു സ്ത്രീയും പുരുഷനും തമ്മിൽ കല്യാണം കഴിച്ചാൽ?
ചുളിയുന്ന പുരികക്കൊടികൾക്കും അടക്കം പറച്ചിലുകൾക്കും ഇടയിൽ തങ്ങളുടേതായ ഇടം പിടിച്ചു വാങ്ങുന്ന രണ്ടു മനുഷ്യരുടെ കഥയാണ് ചിത്രം.
പ്രണയത്തിന് ആൺ- പെൺ ഭേദമില്ലെന്നും മനുഷ്യർ എന്ന ഒരു കാറ്റഗറി മാത്രമേ ഉള്ളൂ എന്നും പറയുന്ന സിനിമ, ആകർഷണങ്ങൾ, പൊസ്സസ്സീവ്നെസ്, ലൈംഗികത, അബ്യൂസീവ് റിലേഷൻഷിപ്പ് എന്നിവ ഹെറ്ററോസെക്ഷ്വൽ ബന്ധങ്ങളിൽ മാത്രമല്ല എന്നും പറഞ്ഞുവയ്ക്കുന്നു. ലെസ്ബിയൻ റൊമാൻസിനെ ഇക്കിളി രംഗങ്ങൾ കുത്തിനിറച്ചും ഗേ റൊമാൻസിനെ കളിയാക്കലുകൾക്ക് വിട്ടുകൊടുത്തും സിനിമ പിടിച്ചിരുന്ന ഒരു കാലത്തുനിന്ന്, രണ്ടു ജോഡികൾക്കും മനോഹരമായ സംഗീതത്തിന്റെ അകമ്പടിയോടെ അവരുടേതായ ഇടം സമ്മാനിച്ച സംവിധായകനും, പൊതുബോധത്തിനു മുകളിൽ നില്കുന്ന, സമൂഹത്തിന് ഇന്നും ആശയക്കുഴപ്പം സമ്മാനിക്കുന്ന ഒരു കഥാതന്തുവിനെ നർമ്മത്തിന്റെ അകമ്പടിയോടെ ലളിതമായി അവതരിപ്പിച്ച തിരക്കഥാകൃത്തും പ്രത്യേക കയ്യടി അർഹിക്കുന്നു.
വൈവിധ്യമേറിയ സ്‌ക്രിപ്റ്റുകൾ തിരഞ്ഞെടുത്തത് പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നത് ശീലമാക്കിയ രാജ്കുമാർ റാവുവും ഭൂമി പദ്‌നെക്കറും ഈ ചിത്രത്തിലും തങ്ങളുടെ പതിവ് തെറ്റിക്കുന്നില്ല. കഴിക്കുന്ന ആഹാരത്തിന്റെയും സംസാരിക്കുന്ന ഭാഷയുടെയും ധരിക്കുന്ന വസ്ത്രത്തിന്റെയും പേരിൽ
മനുഷ്യർ ചോദ്യം ചെയ്യപ്പെടുന്ന കാലയളവിൽ ഇത്തരം ചിത്രങ്ങൾ സമ്മാനിക്കുന്ന സമാധാനം ചില്ലറയല്ല. പരമോന്നത കോടതി മുന്നോട്ട് വച്ച നവീനമായ ഒരു ചിന്ത, സിനിമാസ്‌ക്രീനുകളിലൂടെ പ്രേക്ഷകരിലെത്തുമ്പോൾ അത് കൂടുതൽ മനസുകളിൽ പുരോഗമനപരമായ ചിന്തകൾക്ക്, വിശാലമായ കാഴ്ചപ്പാടുകൾക്ക് അരങ്ങൊരുക്കുമെന്ന് തീർച്ച.