മലയാളത്തിൽ ഏറ്റവും ക്വാളിറ്റിയുള്ള ഹിറ്റ് സിനിമകളുണ്ടായ വർഷമാണ് 2024. മഞ്ഞുമ്മൽ ബോയ്‌സ്, ആവേശം, പ്രേമലു… അങ്ങനെ, ഇന്റർനാഷനൽ നിലവാരമുള്ള ഒരുപാട് ഹിറ്റ് സിനിമകൾ സംഭവിച്ച വർഷം. അതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഭ്രമയുഗമാണ്.
ഭ്രമയുഗം ഒരു ബോൾഡ് സിനിമയായി തോന്നി. മമ്മൂക്ക അത്തരമൊരു കാരക്റ്റർ ചെയ്യുന്നതും ചാത്തൻ എന്ന ആശയവുമൊക്കെയായി നേറ്റീവ് ആയ സെറ്റിങ് അപ്പും ഒരു ഹൊറർ സിനിമ ബ്ലാക്ക് ആന്റ് വൈറ്റിൽ ചെയ്യാൻ കാണിക്കുന്ന ഗട്ട്‌സും അത് പുൾ ഓഫ് ചെയ്യാനുള്ള ടീമും ആർട്ടിസ്റ്റുകളും അത്രയും ഭീകരമായ കൺവിക്ഷനുമെല്ലാം ഭ്രമയുഗത്തെ മലയാളത്തിലെ ബെഞ്ച് മാർക്ക് സിനിമയാക്കി മാറ്റുന്നു.
ഇന്റർനാഷനൽ അപ്പീൽ സ്വഭാവത്തിലുള്ള സ്‌റ്റോറി ടെല്ലിങിന്റെയും അത്തരം സ്‌ക്രീൻ റൈറ്റിങ്ങിന്റെയും പ്രത്യേകതയുള്ള, ജോണർ സ്‌പെസിഫിക്കായ ഒരു സിനിമ വളരെ നല്ല രീതിയിൽ സ്‌പെയ്‌സ് ചെയ്യപ്പെടുക എന്നത് ഏറെ പ്രധാനമാണ്. ഉദാഹരണത്തിന് മഞ്ഞുമ്മൽ ബോയ്സ് ഒരു സർവൈവൽ ത്രില്ലർ എന്ന തരത്തിലുള്ള ജോണർ സിനിമയാണ്. അത് മനോഹരമായി കേരള സെറ്റിങ്ങിൽ പ്ലേസ് ചെയ്യപ്പെട്ടു എന്നതാണ് ആ സിനിമയുടെ വിജയം. അതുകൊണ്ടാണ് അതിന് ക്രിട്ടിക്കൽ ക്വാളിറ്റിയും അപ്പീലും അതേസമയം, കൊമേഴ്‌സ്യൽ വാല്യുവുമുള്ള സിനിമയായി നിലനിൽക്കാൻ കഴിയുന്നത്.
ഭ്രമയുഗമാകട്ടെ യൂണിവേഴ്സൽ ജോണറിലുള്ള ഹൊറർ ഫിലിമാണ്. ബ്ലാക്ക് ആന്റ് വൈറ്റിൽ ഇവിടുത്തെ ഒരു ഇല്ലത്തേക്ക് പ്ലേസ് ചെയ്ത്, ചാത്തൻപോലെ വളരെ നേറ്റീവായ സെറ്റിങ്ങുകളെ ഉപയോഗപ്പെടുത്തി അവതരിപ്പിക്കുകയാണ് ചെയ്തത്. ഹൊറർ സിനിമകളെ തീർത്തും കൊമേഴ്‌സ്യലായി നമുക്ക് ട്രീറ്റ് ചെയ്യാൻ കഴിയും. അത്തരം jump scare horror സിനിമകൾക്ക് ആളുകളെ പേടിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടാകൂ. എന്നാൽ, ഭ്രമയുഗം പേടിപ്പിക്കുന്ന സിനിമ എന്നതിനേക്കാൾ അറ്റ്‌മോസ്ഫറിക്കലായ ഹൊറർ സിനിമയാണ്. Jump scare വച്ച് തിയേറ്ററിലെത്തുന്നവരെ ഞെട്ടിക്കുക എന്നതല്ല ആ സിനിമയുടെ അപ്രോച്ച്. അത്, ഹൊറർ ജോണറിനെ സംബന്ധിച്ച് കുറെക്കൂടി പക്വമായ പോയന്റ് ഓഫ് വ്യൂ ആണ്. ഒരു സർഫസ് ലെവൽ ഹൊറർ എന്നതിനപ്പുറത്തേക്ക് കുറെക്കൂടി ഡീപ്പർ ആയ സമീപനം പുലർത്തുന്ന, ഹൊററിനൊപ്പം ആളുകളെ ഉടനീളം കൊണ്ടുപോകുന്ന സിനിമ. നായകന്റെ കൂടെ, അയാളുടെ സർവൈവലിനായി നമ്മൾ നോക്കിയിരിക്കുകയാണ്. അതേസമയം, ഹൊറർ എലമെന്റുകൾ നമ്മളെ ഹോണ്ട് ചെയ്യും. ഇതെല്ലാം കൺവിൻസിങ്ങായി എക്‌സിക്യൂട്ട് ചെയ്തു.
ഈ കാലത്ത് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയ്ക്കുപോലും 50 കോടി രൂപയിലേറെ കളക്ഷൻ കിട്ടുന്ന ഇൻഡസ്ട്രിയാണ് മലയാള സിനിമ എന്ന് തെളിയിക്കപ്പെട്ട വർഷം കൂടിയാണ് 2024.
മമ്മൂട്ടിയെപ്പോലൊരു സൂപ്പർ സ്റ്റാറിനെ വില്ലൻ ഗെറ്റപ്പിലേക്ക് പ്ലേസ് ചെയ്ത് അതിനുള്ളിൽ ചാത്തൻ എന്നൊരു ഐഡിയ ചേർത്തുവക്കുന്നു, മമ്മൂട്ടി എന്ന നടൻ അത് ചെയ്യുന്നു എന്ന ഫാക്ടർ വളരെ പ്രധാനപ്പെട്ടതാണ്. എവിടെ വേണമെങ്കിലും കോംപ്രമൈസ് ചെയ്യാനും കൊമേഴ്‌സ്യൽ ഗിമ്മിക്കുകൾ ചേർത്ത് കളറാക്കാനും കുറച്ചുകൂടി ഡീറ്റെയ്ൽഡായി പ്രസന്റ് ചെയ്യാനും കഴിയുന്ന ഒരിടത്തുനിന്നാണ് സംവിധായകൻ രാഹുൽ സദാശിവനും ടെക്‌നിക്കൽ ടീമുമെല്ലാം ഇതൊരു ബ്ലാക്ക് ആന്റ് വൈറ്റിലുള്ള അറ്റ്‌മോസ്ഫിയറിക് ഹൊറർ സിനിമയാണ് എന്നൊരു ബോധ്യത്തിലേക്ക് എത്തുന്നത്. ആളുകളെ ഞെട്ടിക്കാനുള്ള ഹൊറർ സിനിമയല്ല ഇത് എന്ന കൃത്യമായ തീരുമാനം നന്നായി എക്‌സിക്യൂട്ട് ചെയ്ത്, ആ ഒറ്റ ബോധ്യത്തിൽ ഉടനീളം ഉറച്ചുനിന്ന് ഇങ്ങനെയൊരു സിനിമ ചെയ്യുന്നു എന്നതാണ് ഭ്രമയുഗത്തെ ബഞ്ച് മാർക്ക് സിനിമയാക്കുന്നത്.
ഈ കാലത്ത് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയ്ക്കുപോലും 50 കോടി രൂപയിലേറെ കളക്ഷൻ കിട്ടുന്ന ഇൻഡസ്ട്രിയാണ് മലയാള സിനിമ എന്ന് തെളിയിക്കപ്പെട്ട വർഷം കൂടിയാണ് 2024. ഇത് ഒരു വലിയ തുടക്കമാണ്. വരും വർഷങ്ങളിൽ വളരെ വലിയ മാറ്റങ്ങൾ മലയാള സിനിമാ വ്യവസായത്തിലുണ്ടാകാൻ സാധ്യതയുണ്ട്. വരാൻ പോകുന്ന സിനിമകളുടെ ക്വാളിറ്റി അതിഭീകരമായി മാറാൻ പോകുകയാണ് 2025ലും അതിനുശേഷവും. ആ മാറ്റത്തിന്റെ സൂചനയാണ് 2024-ൽ ഇറങ്ങിയ, മേൽ പറഞ്ഞ എല്ലാ സിനിമകളും. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് എന്നെ സംബന്ധിച്ച് ഭ്രമയുഗമാണ്.