അടുത്തു കണ്ടതിൽ വളരെ ആകർഷകമായി തോന്നിയ ചിത്രം ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാകാണ്ഡമാണ്. അവസാനം വരെ ശ്വാസം പിടിച്ചിരുന്ന് കണ്ട സിനിമ. അഭിനയ മികവു കൊണ്ടും പ്രമേയം കൊണ്ടും അനുയോജ്യമായ പശ്ചാത്തലമികവു കൊണ്ടും ശ്രദ്ധേയം.
ഒരു വനത്തിന്റെ നിഗൂഢത പോലെ, ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ നിഗൂഢതയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഓരോ അഭിനേതാവും അവർ കൈകാര്യം ചെയ്ത കഥാപാത്രങ്ങൾക്ക് നൽകേണ്ട ഇമോഷനുകൾ വളരെ സമർത്ഥമായും ഒതുക്കത്തോടെയുമാണ് അവതരിപ്പിച്ചിട്ടുള്ളത്.
വിജയരാഘവന്റെ അഭിനയമികവ് എടുത്തു പറയേണ്ടുന്ന ഒന്നാണ്. ആസിഫും അപർണയും ജഗദീഷും ഒട്ടും പിറകിലല്ലാതെ തങ്ങളുടെ കഥാപാത്രങ്ങളെ വിജയിപ്പിച്ചിട്ടുണ്ട്. തനിക്കാവശ്യമുള്ളത് ഓർക്കാനും വേണ്ടാത്തത് മറക്കാനുമുള്ള സൗകര്യത്തിൽ ജീവിക്കുന്ന അച്ഛനും (വിജയരാഘവൻ) അനുസരണയുള്ള മകനും (ആസിഫ്) തമ്മിലുള്ള ബന്ധത്തിനിടയിൽ തന്റെ ഇടത്തിലെ നിഗൂഢതകളിലേക്ക് ശക്തമായ പെൺനോട്ടമായ് മകന്റെ ഭാര്യ (അപർണ ബാലമുരളി) മാറുമ്പോഴും അച്ഛനും മകനും തമ്മിലുള്ള പരസ്പരധാരണ തന്നെയാണ് ഈ സിനിമയിലെ ഹൈലൈറ്റായി അനുഭവപ്പെട്ടത്. വരും കാലത്ത് നിരവധി അംഗീകാരങ്ങൾ തേടിയെത്താവുന്ന സിനിമ കൂടിയാണിത്.