‘ഫുൾ പ്ലേറ്റ്’ എന്ന സിനിമയിൽ നിന്നുള്ള രംഗം

കഴിഞ്ഞ വർഷത്തെ മികച്ച
ചില ഇന്ത്യൻ സിനിമകളിലൂടെ…

IFFK-യിൽ ‘ഇന്ത്യൻ സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചില സിനിമകളെ മുൻനിർത്തി, സമകാലിക ഇന്ത്യൻ സിനിമയുടെ സൗന്ദര്യശാസ്ത്രപരവും രാഷ്ട്രീയവുമായ ഇടപെടലുകൾ വിശകലനം ചെയ്യുന്നു, ഈ വിഭാഗത്തിന്റെ സെലക്ഷൻ കമ്മിറ്റി അംഗം കൂടിയായ പി. പ്രേമചന്ദ്രൻ.

IFFK-യിൽ ‘ഇന്ത്യൻ സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്കുള്ള ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനായി സമർപ്പിക്കപ്പെട്ടിരുന്നത് വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള ഇരുനൂറോളം സിനിമകളാണ്. സെലക്ഷൻകമ്മിറ്റി അംഗം എന്ന നിലയിൽ, ആ സിനിമകളിലൂടെ കടന്നുപോയപ്പോൾ അനുഭവവേദ്യമായ, സമകാലിക ഇന്ത്യൻ സിനിമയുടെ ശക്തിദൗർബല്യങ്ങളെ തൊട്ടുകാട്ടാനാണ് ഇവിടെ ശ്രമിക്കുന്നത്.

സമകാലിക ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള വിചാരങ്ങൾ, പ്രാഥമികമായും പല നിലകളിലുള്ള ഉത്കണ്ഠകളും ആകുലതകളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നവയാണ്. ‘ഇന്ത്യൻ സിനിമ’ എന്ന ലേബലിൽ വിദേശങ്ങളിൽ വാണിജ്യവിജയത്തിനായി മത്സരിക്കുന്നവയും ഫെസ്റ്റിവൽ സർക്യൂട്ടുകളിൽ സഞ്ചരിക്കുന്നവയും തമ്മിലുള്ള വ്യത്യാസങ്ങൾ നേർത്തുവരുന്നത് ആശ്ചര്യമുളവാക്കുന്നതാണ്.

ഇന്ത്യയുടെ സവിശേഷമായ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അടക്കം വലിയ മാധ്യമ പരിലാളനയോടെ അവതരിപ്പിക്കപ്പെടുന്നത് ഭരണകൂടങ്ങളുടെ ഒത്താശയോടെ നിർമ്മിക്കപ്പെടുന്നതും പ്രചാരണ സ്വഭാവമുള്ളതുമായ വാണിജ്യസിനിമകളാണ്. അന്തരാഷ്ട്ര മത്സരവിഭാഗങ്ങളിൽ പോലും അത്തരം സിനിമകൾ ഇടം പിടിക്കുകയും പ്രേക്ഷകരെ അസ്വസ്ഥരാക്കുകയും ചെയ്യുന്നു. നേരത്തെ കലാമൂല്യമുള്ള സിനിമകൾ മാത്രം സഞ്ചരിച്ചിരുന്ന പാതകളിൽ പോലും ഇത്തരത്തിലുള്ള പ്രൊപ്പഗാണ്ട സിനിമകളും വാണിജ്യോത്പനങ്ങളും നിറയുന്നു.

അതേസമയം, സമകാലിക ഇന്ത്യൻ സിനിമയിൽ ആവിഷ്കൃതമായിട്ടുള്ള സവിശേഷമായ ചില പരീക്ഷണങ്ങൾ, ആഖ്യാന മാതൃകകൾ, പ്രമേയതലത്തിൽ അടിസ്ഥാന മനുഷ്യരുടെ ജീവിതത്തോടുള്ള ചേർന്നുനിൽപ്പ്, അദൃശ്യരായ മനുഷ്യരുടെ പ്രത്യക്ഷീകരണം തുടങ്ങിയവ അങ്ങേയറ്റമുള്ള ആഹ്ളാദവും നമ്മിലുളവാക്കും. സിനിമയെ പുതിയ കാലത്തിന്റെ ആഖ്യാനവഴികളിൽ സ്ഥാപിക്കാനൊരുങ്ങുന്ന ഗൗരവമാർന്ന ചലച്ചിത്ര പരിശ്രമങ്ങൾ ഇന്ത്യൻ സിനിമയുടെ ഭാവിയെ സംബന്ധിക്കുന്ന ആകുലതകൾക്ക് മറ്റൊരു തലത്തിൽ വിരാമമിടുന്നുണ്ട്.

ഇന്ത്യയുടെ സവിശേഷമായ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അടക്കം വലിയ മാധ്യമ പരിലാളനയോടെ അവതരിപ്പിക്കപ്പെടുന്നത് ഭരണകൂടങ്ങളുടെ ഒത്താശയോടെ നിർമ്മിക്കപ്പെടുന്നതും പ്രചാരണ സ്വഭാവമുള്ളതുമായ വാണിജ്യസിനിമകളാണ്.
ഇന്ത്യയുടെ സവിശേഷമായ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അടക്കം വലിയ മാധ്യമ പരിലാളനയോടെ അവതരിപ്പിക്കപ്പെടുന്നത് ഭരണകൂടങ്ങളുടെ ഒത്താശയോടെ നിർമ്മിക്കപ്പെടുന്നതും പ്രചാരണ സ്വഭാവമുള്ളതുമായ വാണിജ്യസിനിമകളാണ്.

എൻ എഫ് ഡി സിയുടെ കാവിത്തിരശ്ശീല

ഇന്ത്യയിലെ കലാസിനിമകളുടെ ഏറ്റവും പ്രധാന പിന്തുണകളിലൊന്ന് നാഷണൽ ഫിലിം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റേതായിരുന്നു. ഇന്ത്യൻ സിനിമയെ ലോക ചലച്ചിത്ര ഭൂപടത്തിൽ അടയാളപ്പെടുത്തിയ മഹത്തായ സിനിമകളിൽ പലതും അങ്ങനെയുണ്ടായതാണ്. ഇന്ന് NFDC ധനസഹായം നൽകുന്ന സിനിമകൾ എപ്രകാരത്തിലുള്ളതാണ് എന്നറിയുമ്പോഴാണ് 'ഔദ്യോഗികമായി' ഇന്ത്യൻ സിനിമ എത്തിച്ചേർന്ന പതനം തിരിച്ചറിയാനാവുക. നേരത്തെ സൂചിപ്പിച്ച പ്രചാരണ സ്വഭാവത്തിലുള്ള, ജാതീയവും മതപരവുമായ വേർതിരിവുകളെ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന, ശ്രേഷ്ഠവത്കരിച്ച് അവതരിപ്പിക്കുന്ന പൗരാണിക മൂല്യബോധത്തെ പുനരാനയിക്കാൻ ഉദ്യമിക്കുന്ന, പുതിയകാല ജീവിതസങ്കീർണ്ണതകളെ കേവല വൈകാരിക തള്ളലുകളാൽ മറച്ചുവെക്കാൻ ബോധപൂർവ്വം ഇടപെടുന്ന സിനിമകൾക്ക് മാത്രമായി ആ പിന്തുണ ഇന്ന് പരിമിതപ്പെടുന്നു. കൃത്യമായ രാഷ്ട്രീയ അജൻഡകൾ പിൻപറ്റി, വിഷയവും ആഖ്യാനവും മാത്രമല്ല, ചലച്ചിത്രകലയുടെ സർവ്വ സവിശേഷതകളും സങ്കുചിതമാവുന്നു. ആ ഭീതിദമായ കാഴ്ചകൾ കൂടിയാണ് സമകാലിക ഇന്ത്യൻ സിനിമകളിലൂടെ കണ്ണോടിക്കുമ്പോൾ നമ്മെ ഭയപ്പെടുത്തുക.

ഫെസ്റ്റിവലിന് മാത്രമുള്ള സിനിമകൾ

ഫെസ്റ്റിവലുകൾക്കു മാത്രമായി നിർമ്മിക്കപ്പെടുന്ന ഒരുതരം സിനിമകളും സമീപകാലത്തായി പെരുകിവരുന്നു. ചലച്ചിത്രകലയുടെ ഒരു തരത്തിലുള്ള സൗന്ദര്യാത്മക മാനങ്ങളെയും സ്വർശിക്കാത്ത കേവല വൈയക്തികാഖ്യാനങ്ങൾ ഒരു തരത്തിലുള്ള വിനിമയവും സാധ്യമാകാതെ പരാജയപ്പെടുന്നു. ഡിജിറ്റൽ സാങ്കേതികതയുടെ കാലത്തെ സൗകര്യങ്ങളെ ലളിതമായി കൂട്ടിയോജിപ്പിക്കുമ്പോഴും ആഖ്യാനത്തിലോ പ്രമേയത്തിലോ അവ ലളിതമായിരിക്കാൻ പാടുപെടുന്നു. ബോധപൂർവ്വം സ്വീകരിക്കുന്ന പരീക്ഷണയുക്തികൾ നിറംകെട്ടുപോവുകയോ കേവലകാഴ്ചകളായി നിർജീവമാവുകയോ ചെയ്യും.

ദുർഗ്രഹമാവുന്നതിനായി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത വിഗ്രഹഭഞ്ജകർ, ചലച്ചിത്രകലയെ പരീക്ഷണത്തിന്റെ വിളഭൂമിയാക്കാൻ മെനക്കെടുന്നവരാണ്. വിനിമയം ചെയ്യപ്പെടുക എന്നത് അപ്പോൾ ചലച്ചിത്രത്തിന്റെ മൗലിക സ്വഭാവമേ അല്ലാതാവുന്നു. വ്യത്യസ്ത ആസ്പെക്ട് റേഷ്യോകൾ പ്രയോജനപ്പെടുത്തുക, വൈവിധ്യമുള്ള ഡിജിറ്റൽ ഗാഡ്ജറ്റുകളെ സമന്വയിപ്പിക്കുക, കളറിനൊപ്പം കറുപ്പും വെളുപ്പും ദൃശ്യങ്ങൾ സന്നിവേശിപ്പിക്കുക, മനുഷ്യർ തമ്മിലുള്ള ദീർഘസംഭാഷണങ്ങളെ അങ്ങനെ തന്നെ പകർത്തിക്കാണിക്കുക, ദുർഗ്രഹമാവുന്നതിനായി അപ്രതീക്ഷിതമായ കട്ടുകളും ചേർച്ചകളും ഒരുക്കുക, അപ്രസക്തമായ വസ്തുക്കളെയും മറ്റും ദീർഘസമയം നിരീക്ഷിക്കുക തുടങ്ങി ഫെസ്റ്റിവൽ സിനിമാലക്ഷണങ്ങളെ വികലമായി പകർത്തിയുണ്ടാക്കുന്ന സിനിമകളുടെ പ്രളയവും കാണാതിരിക്കാനാവില്ല. പ്രമേയസ്വീകരണത്തിലോ പ്രതിപാദനത്തിലോ ചലച്ചിത്രകലയോടുപോലും അവ നീതിപുലർത്താതെ പോകുന്നു. അപ്പോഴും ഇത്തരം വ്യക്തിഗത ആഖ്യാനങ്ങൾ ഒരു ഫെസ്റ്റിവൽ ഫോർമാറ്റിനെ പിൻപറ്റാൻ ശ്രമിക്കയും ചെയ്യുന്നു.

ഫെസ്റ്റിവലുകൾക്കു മാത്രമായി നിർമ്മിക്കപ്പെടുന്ന ഒരുതരം സിനിമകൾ സമീപകാലത്തായി പെരുകിവരുന്നുണ്ട്. ചലച്ചിത്രകലയുടെ ഒരു തരത്തിലുള്ള സൗന്ദര്യാത്മക മാനങ്ങളെയും സ്വർശിക്കാത്ത കേവല വൈയക്തികാഖ്യാനങ്ങളാണിവ.

അതേസമയം, ഇന്ത്യൻ സിനിമകൾ സവിശേഷമായി, ഇന്നുവരെ പറയാൻ ശ്രമിക്കാത്ത പ്രമേയങ്ങളിലേക്കും ജീവിതങ്ങളിലേക്കും സഞ്ചരിക്കുന്നു എന്നതും ആഹ്ളാദകരമാണ്. ആദിവാസി- ദലിത് ജീവിത സങ്കീർണ്ണതകൾ, വ്യത്യസ്ത ലൈംഗികാഭിരുചിയുള്ള മനുഷ്യരുടെ അഭിലാഷങ്ങളും സംഘർഷങ്ങളും, ഒറ്റപ്പെട്ട ഗ്രാമീണ മനുഷ്യരുടെയും ഗോത്രജീവിതത്തിന്റെയും ഉൾപ്പൊരുളുകൾ, പരിസ്ഥിതിയെയും അതിജീവനത്തെയും കുറിച്ചുള്ള വേവലാതികൾ, ഫാഷിസ്റ്റ് രാഷ്ട്രീയത്തോടുള്ള പ്രതിഷേധം തുടങ്ങിയവ മുമ്പില്ലാത്ത വിധം ചലച്ചിത്രത്തിന്റെ പ്രമേയതലത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം പ്രകടമാണ്. സ്ത്രീപക്ഷ ആഖ്യാനങ്ങൾക്ക് ഇന്ത്യൻ സിനിമയിൽ വന്നുകൊണ്ടിരിക്കുന്ന പ്രാധാന്യവും എടുത്തുപറയേണ്ടതാണ്. സ്ത്രീകൾ സംവിധാനം ചെയ്ത സിനിമകളും നാളിതുവരെയുണ്ടാകാത്ത രീതിയിൽ ഇന്ത്യൻ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഇന്ന് വരുന്നുണ്ട്.

വൈവിധ്യങ്ങളുടെ
കാലിഡോസ്കോപ്പ്

നാഗരാജ് മഞ്ജുളെ നിർമ്മാണ പങ്കാളിയായ സബർ ബോണ്ട (Cactus Pears) പോയ വർഷത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മധുരതരമായ കനികളിൽ ഒന്നാണ്. മരുഭൂമിയിലെ കള്ളിമുൾ ചെടിയിലുണ്ടാവുന്ന പഴമാണ് സബർ ബോണ്ട. നിറഞ്ഞ മധുരമുള്ള ഒന്ന്! കള്ളിമുൾ ചെടിയും അതിലെ മധുരമുള്ള ഫലവും കഠിനമായ സാഹചര്യങ്ങളിൽ തങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ പരസ്പര സ്നേഹത്തിന്റെ ആഖ്യാനമാകുന്നു. രോഹൻ പരശുറാം കാനവാഡെ (Rohan Parashuram Kanawade) സംവിധാനം ചെയ്ത സബർ ബോണ്ട 2025- ൽ, സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ (Sundance Film Festival) ഗ്രാൻഡ് ജൂറി പ്രൈസ് ​നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മറാത്തി സിനിമയാണിത്.

അച്ഛന്റെ മരണശേഷം മുംബെയിൽ നിന്ന് ഗ്രാമത്തിലെ തങ്ങളുടെ വസതിയിലേക്ക് മൃതദേഹവുമായി വരികയാണ് ആനന്ദും അമ്മയും. മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് പത്തു ദിവസം ആനന്ദിന് ഗ്രാമത്തിൽ, പ്രാക്തനമായ ആചാരാനുഷ്ഠാനങ്ങൾ പിന്തുടർന്ന് താമസിക്കേണ്ടിവരുന്നു. ആംബുലൻസിൽ ഇരിക്കെത്തന്നെ ചിത്രത്തിന്റെ സൂക്ഷ്മതയിലേക്ക് സംവിധായകൻ പ്രക്ഷകരെ നയിക്കുന്നുണ്ട്. ആനന്ദ് ധരിച്ചിരിക്കുന്ന കറുപ്പു നിറമുള്ള ബനിയൻ മാറ്റാൻ അമ്മ അയാളോട് പറയുന്നുണ്ട്; അത് ആചാരവിരുദ്ധമാണെന്നതിനാൽ. അയാൾ അമ്മയെ ബോധ്യപ്പെടുത്തും; അത് കറുപ്പല്ല, ഗ്രേ ആണെന്ന്. ഗ്രാമത്തിലെത്തിയ അയാളോട് വീണ്ടും ഒരു ബന്ധു ആ വസ്ത്രം മാറാൻ നിർബന്ധിക്കും. ആനന്ദിന്റെ ഗ്രേ വാദം അവിടെ വിലപ്പോവില്ല. അയാൾക്കത് മാറ്റേണ്ടിവരുന്നു.

ഗേ ബന്ധത്തിന്റെ സൂക്ഷ്മവും ലോലവുമായ തലങ്ങളിലൂടെ യാഥാർത്യബോധത്തോടെയാണ് സബർ ബോണ്ട സിനിമ എന്ന സഞ്ചരിക്കുന്നത്.
ഗേ ബന്ധത്തിന്റെ സൂക്ഷ്മവും ലോലവുമായ തലങ്ങളിലൂടെ യാഥാർത്യബോധത്തോടെയാണ് സബർ ബോണ്ട സിനിമ എന്ന സഞ്ചരിക്കുന്നത്.

കറുപ്പിലും വെളുപ്പിലും മാത്രം കാര്യങ്ങൾ കാണുന്ന മനുഷ്യർക്ക് അതിനിടയിലെ നിറങ്ങൾ അജ്ഞാതമാണ്. യഥാർത്ഥത്തിൽ ആനന്ദ് ഗേ ആണ്. (ഗേ /ഗ്രേ) അയാളുടെ മുൻകൂട്ടുകാരൻ ബന്ധം ഉപേക്ഷിച്ചുപോയതിലുള്ള മനോവ്യഥയിലുമാണയാൾ. ഗ്രാമത്തിൽ വെച്ച് അയാൾ കണ്ടുമുട്ടുന്ന, തൊട്ടയൽവാസിയായ ബാല്യയായിരുന്നു മടുപ്പിക്കുന്ന ആചാരാനുഷ്ഠാനങ്ങൾക്കിടയിൽ അയാളുടെ ഏകാശ്വാസം. ബാല്യയ്ക്കൊപ്പം ആടുകളെ മേയ്ക്കാനും പാൽ കൊടുക്കാനും അയാൾ ഒപ്പം കൂടും. വീട്ടുകാരുടെ വിവാഹാലോചനകൾക്ക് നിന്നു കൊടുക്കാത്ത ബാല്യയും ആനന്ദിന്റെ ഇഷ്ടങ്ങളുടെ കൂട്ടുകാരനാവും. അവർ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ഉൾപ്പൊരുളുകളിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്. തന്റെ കൃഷിയും ആടുകളെയും ഉപേക്ഷിച്ച് ആനന്ദിനൊപ്പം ബാല്യയും നഗരത്തിലേക്ക് ചേക്കേറും.

ഗേ ബന്ധത്തിന്റെ സൂക്ഷ്മവും ലോലവുമായ തലങ്ങളിലൂടെ എത്രമാത്രം യാഥാർത്ഥ്യബോധത്തോടെയാണ് സിനിമ സഞ്ചരിക്കുന്നത് എന്നതാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുക. മകന്റെ അഭിലാഷങ്ങൾക്ക് ഒപ്പം നിൽക്കുന്ന ആനന്ദിന്റെ മാതാപിതാക്കളുടെ വിശാലതയാണ് നമ്മെ വിസ്മയിപ്പിക്കും വിധം സിനിമ അനാവരണം ചെയ്യുന്നത്.

ദ എലീഷ്യൻ ഫീൽഡ് (The Elysian Field) അന്തർദേശീയ തലത്തിൽ ശ്രദ്ധനേടിയ ഖാസി ഭാഷയിലുള്ള സിനിമയാണ്. ദേശീയ പുരസ്കാര ജേതാവായ പ്രദീപ് കുർബ (Pradip Kurbah) സംവിധാനം ചെയ്ത ഈ ചിത്രം മോസ്കോ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനും സംവിധായകനുള്ള പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

ദുർഗ്രഹമാവുന്നതിനായി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത വിഗ്രഹഭഞ്ജകർ, ചലച്ചിത്രകലയെ പരീക്ഷണത്തിന്റെ വിളഭൂമിയാക്കാൻ മെനക്കെടുന്നവരാണ്. വിനിമയം ചെയ്യപ്പെടുക എന്നത് അപ്പോൾ ചലച്ചിത്രത്തിന്റെ മൗലിക സ്വഭാവമേ അല്ലാതാവുന്നു.

ഗ്രീക്ക് പുരാണങ്ങളിൽ മരണശേഷം പുണ്യം ചെയ്തവരെത്തിച്ചേരുന്ന സ്വർഗ്ഗീയമായ ഇടമാണ് 'എലീഷ്യൻ ഫീൽഡ്’. മേഘാലയയിലെ വിശാലമായ ഒരു കുന്നിൻപുറത്ത് ഗ്രാമവാസികൾ ഒഴിഞ്ഞുപോയ ഒരു ഗ്രാമത്തിൽ അവശേഷിക്കുന്ന ആറു മനുഷ്യരാണ് ഈ സിനിമയിലുള്ളത്. അവിടെ പ്രതിഫലിക്കുന്ന വ്യത്യസ്ത ഋതുക്കളുടെ പശ്ചാത്തലത്തിൽ, ആ മനുഷ്യർക്കിടയിലെ ദൃഢബന്ധവും അതിൽ നിന്നുളവാകുന്ന സങ്കീർണ്ണതകളും ജീവിതത്തിന്റെ അസ്തിത്വത്തെ തന്നെ നിർവ്വചിക്കാൻ പ്രേരിപ്പിക്കുന്നതാണ്. മരണവും വിരഹവും ഒറ്റപ്പെടലും പ്രണയവും പ്രതീക്ഷയും അവർക്കിടയിലുണ്ട്. ചലച്ചിത്രകലയ്ക്ക് മാത്രം സാധ്യമാവുന്ന സർറിയലിസ്റ്റിക് ഭാവനാലോകമാണത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് നൂറു വയസ്സുതികയുന്ന 2047- ലെ സംഭവങ്ങൾ എന്ന നിലയിലാണ് സിനിമയിലെ മനുഷ്യരുടെ ജീവിത സംഘർഷങ്ങൾ ദ എലീഷ്യൻ ഫീൽഡ് പകർത്തുന്നത്.

സമൂഹത്തിലെ സാധാരണ മനുഷ്യരുടെ കഠിനമായ ജീവിതപ്രതിസന്ധികളുടെ, അവരനുഭവിക്കുന്ന അപമാനങ്ങളുടെ, കടന്നുപോകുന്ന ജീവിതപ്രതിസന്ധികളുടെ, അതിജീവനത്തിനായുള്ള പിടച്ചിലുകളുടെ കലാപരമായ ആവിഷ്കാരമാകുന്നുണ്ട് തനശ്രീ ദാസും സൗമ്യാനന്ദ സാഹിയും ചേർന്ന് സംവിധാനം ചെയ്ത ബംഗാളി ചിത്രം ഷാഡോ ബോക്സ് (Shadowbox). സൈനികർ അവരുടെ കർത്തവ്യത്തിന്റെ ബാക്കിപത്രമായ മെഡലുകളും മറ്റും സൂക്ഷിക്കുന്ന പെട്ടിക്കാണ് ഷാഡോ ബോക്സ് എന്ന് വിളിക്കുന്നത്. മായയുടെ ഭർത്താവ്, മുൻ സൈനികനായ സുന്ദറിന് എന്നാൽ സൈനിക ജീവിതം സമ്മാനിച്ചത് സവിശേഷമായ ചില മനോവിഭ്രാന്തികളാണ്. ഏതോ കലാപത്തിലെയോ യുദ്ധത്തിലെയോ ദാരുണമായ ദൃശ്യങ്ങളാണ് അയാളുടെ മനോനില തെറ്റിച്ചത്. ഒരു തൊഴിൽ ചെയ്യാൻ പോലും കഴിയാത്ത അയാൾ കോളേജ് ലാബുകളിലേക്ക് തവളകളെ പിടിച്ചു കൊടുത്താണ് സമയം ചെലവഴിക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് നൂറു വയസ്സുതികയുന്ന 2047- ലെ സംഭവങ്ങൾ എന്ന നിലയിലാണ് സിനിമയിലെ മനുഷ്യരുടെ ജീവിതസംഘർഷങ്ങൾ ദ എലീഷ്യൻ ഫീൽഡ് പകർത്തുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന് നൂറു വയസ്സുതികയുന്ന 2047- ലെ സംഭവങ്ങൾ എന്ന നിലയിലാണ് സിനിമയിലെ മനുഷ്യരുടെ ജീവിതസംഘർഷങ്ങൾ ദ എലീഷ്യൻ ഫീൽഡ് പകർത്തുന്നത്.

മകൻ ദേബുവിന് അയാളുടെ ചെയ്തികൾ സ്കൂളിൽ കൂട്ടുകാർക്കിടയിൽ അപമാനം ഉണ്ടാക്കുന്നുണ്ട്. മായ പലവിധത്തിലുള്ള തൊഴിലുകൾ ചെയ്ത് കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്നു. പുരുഷാധികാര ലോകത്ത്, അതിന്റെ അധികാരഘടനയിൽ താൻ ജീവനേക്കാളധികം സ്നേഹിക്കുന്നവർക്കുപോലും തന്നെ മനസ്സിലാക്കാൻ സാധിക്കാത്ത ഒരു സാമൂഹിക ഘടനയിൽ ഒറ്റയ്ക്ക് ദൃഢചിത്തയായി എല്ലാ പ്രതിസന്ധികളെയും അഭിമുഖീകരിക്കുകയാണവർ. നിശ്ചയദാർഢ്യത്തോടെയുള്ള അവരുടെ അതിജീവന പോരാട്ടങ്ങളാണ് ഷാഡോ ബോക്സിലുള്ളത്.

വെനീസിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടിയ അനുപമാ റോയിയുടെ സോങ് ഓഫ് ഫർഗോട്ടൻ ട്രീസ് (Songs of forgotten trees) ലോക സിനിമയിൽ സമീപകാലത്ത് ശ്രദ്ധനേടിയ ചിത്രമാണ്. മുംബൈ നഗരത്തിൽ താമസിക്കുന്ന രണ്ടു യുവതികളുടെ ജീവിതവഴികളിലൂടെ ഓർമ്മ/മറവി, നഗരം/ഗ്രാമം, പ്രകൃതി/ മനുഷ്യൻ എന്നിങ്ങനെയുള്ള വൈരുദ്ധ്യങ്ങളെ ചേർത്തുവെച്ച് സഞ്ചരിക്കുകയാണ് സംവിധായിക. അങ്ങേയറ്റം യഥാതഥമായ ആഖ്യാനമാണ് ഈ സിനിമയെ സവിശേഷമാക്കുന്നത്.

തനിഷ്ഠ ചാറ്റർജി സംവിധാനം ചെയ്ത ഫുൾ പ്ലേറ്റ് (Full Plate) എന്ന ബംഗാളി സിനിമ അമ്രീൻ എന്ന മുസ്ലിം വീട്ടമ്മയുടെ കഥയാണ്. ഒരു സാധാരണ വീട്ടമ്മ നേടിയെടുക്കുന്ന ആത്മവിശ്വാസത്തിന്റെയും സ്വയംതിരിച്ചറിവിന്റെയും ആഖ്യാനമാണിത്.

കിഷന്റെയും പ്രിയയുടെയും സമാന്തരമായി നീങ്ങുന്ന നഗരജീവിതത്തെ അടയാളപ്പെടുത്തുന്ന ഇഷാൻ ഘോഷിന്റെ മിറാഷ് (Mirage) ശ്രദ്ധേയമായ മറ്റൊരു ഇന്ത്യൻ സിനിമയാണ്. കിഷൻ ബീഹാറിൽ നിന്നും തൊഴിൽ തേടി കൽക്കത്തയിൽ എത്തിയിരിക്കയാണ്. പ്രിയയാകട്ടെ, കുടിയനും ക്രൂരനുമായ തന്റെ പങ്കാളിയിൽ നിന്നും രക്ഷപെട്ട് ഒരു കുഞ്ഞുമായി കൽക്കത്തയിൽ തനിയെ താമസിക്കുന്നു. അവരുടെ ജീവിതസമരങ്ങളും അതിജീവനശ്രമങ്ങളുമാണ് സിനിമ ഒരു ഡോക്യുമെന്ററിയിലെന്ന വണ്ണം പകർത്തുന്നത്. അതിൽ പക്ഷേ, സ്നേഹവും സൗഹൃദവും ഇഷ്ടങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും ഇടകലർന്നിട്ടുണ്ട്. അത് നമ്മെ പൊള്ളിക്കുകതന്നെ ചെയ്യും. കൽക്കത്ത നഗരത്തെ അതിന്റെ തനിമയിൽ യാഥാർത്ഥ്യബോധത്തോടെ മിറാഷ് പകർത്തിയിട്ടുണ്ട്. ഇരുവരുടെയും കൂട്ടുകാർ, അവരുടെ ജീവിതവീക്ഷണങ്ങൾ പ്രതീക്ഷകൾ… മരീചിക എന്ന ശീർഷകത്തിൽ ഇതെല്ലാം പരസ്പരം ബന്ധിതമായിരിക്കുന്നു. നഗരത്തിലെ തിരക്കുകളിലും തുരുത്തുകളിലും അലയുന്ന അവർ സിനിമയ്ക്കൊടുവിൽ അടുത്തെത്തുന്നെങ്കിലും പരസ്പരം അറിയുന്നില്ല. ഡിജിറ്റൽ ഫിലിം മേക്കിങ്ങിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയും അതിവേഗം സഞ്ചരിച്ചും ദൃശ്യം / ശബ്ദം എന്നിവയെ സമഞ്ജസമായി കണ്ണിചേർത്തും മിറാഷ് മനോഹരമായ അനുഭവം തീർക്കുന്നുണ്ട്.

പ്രഭാഷ് ചന്ദ്രയുടെ അലാവ് (Hearth And Home / Alaav) വൃദ്ധയായ അമ്മയെ പരിചരിക്കുന്ന എഴുപതുകാരന്റെ ദൈനംദിന ജീവിതമാണ് പകർത്തുന്നത്. അത് സംഗീതസാന്ദ്രമായും ലളിതമായും മന്ദമായും ഒഴുകുന്നു. ദാർശനികമായ ഉയരത്തിൽ ജീവിതത്തിന്റെ ലാളിത്യത്തെ പകർത്തുകയാണ് അലാവ്.

പ്രഭാഷ് ചന്ദ്രയുടെ അലാവ് വൃദ്ധയായ അമ്മയെ പരിചരിക്കുന്ന എഴുപതുകാരന്റെ ദൈനംദിന ജീവിതമാണ് പകർത്തുന്നത്. അത് സംഗീതസാന്ദ്രമായും ലളിതമായും മന്ദമായും ഒഴുകുന്നു.
പ്രഭാഷ് ചന്ദ്രയുടെ അലാവ് വൃദ്ധയായ അമ്മയെ പരിചരിക്കുന്ന എഴുപതുകാരന്റെ ദൈനംദിന ജീവിതമാണ് പകർത്തുന്നത്. അത് സംഗീതസാന്ദ്രമായും ലളിതമായും മന്ദമായും ഒഴുകുന്നു.

രവി ശങ്കർ കൗശിക് സംവിധാനം ചെയ്ത ഫ്ലെയിംസ് (Flames) മനോഹരമായി ചിത്രീകരിച്ച സിനിമയാണ്. ദലിത് സമൂഹം ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നേരിടുന്ന വിവേചനവും പീഡനങ്ങളും ഒരു കുട്ടിയുടെ കണ്ണിലൂടെ പറയാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. മികച്ച ഷോട്ടുകൾ, ഇരുളിന്റെയും വെളിച്ചത്തിന്റെയും മനോഹരമായ മേളനം, അസാധാരണ മികവുള്ള ശബ്ദപഥം, അപരിചിതമായ കഥാപാത്രസൃഷ്ടി എന്നിവയെല്ലാം ഈ സിനിമയെ ശ്രദ്ധേയമാക്കുന്നു. എന്നാൽ ഈ ചിത്രം IFFK-യിൽ പ്രദർശിപ്പിക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകുകയുണ്ടായില്ല.

തനിഷ്ഠ ചാറ്റർജി സംവിധാനം ചെയ്ത ഫുൾ പ്ലേറ്റ് (Full Plate) എന്ന ബംഗാളി സിനിമ അമ്രീൻ എന്ന മുസ്ലിം വീട്ടമ്മയുടെ കഥയാണ്. ഒരു സാധാരണ വീട്ടമ്മ നേടിയെടുക്കുന്ന ആത്മവിശ്വാസത്തിന്റെയും സ്വയംതിരിച്ചറിവിന്റെയും ആഖ്യാനമാണിത്. ഭർത്താവിനു സംഭവിച്ച ഒരപകടത്തിനുശേഷം കുടുംബഭാരം ഏറ്റെടുക്കേണ്ടിവരുന്ന അമ്രീന് നേരിടാനുണ്ടായിരുന്നത് സാമ്പത്തിക വെല്ലുവിളികൾ മാത്രമല്ല, സമൂഹത്തിലും മതത്തിലും പ്രബലമായ പുരുഷാധികാരത്തിന്റെ ശാസനകളും കൂടിയായിരുന്നു.

അരവിന്ദ് ശിവ സംവിധാനം ചെയ്ത തമിഴ് സിനിമ ദ ടാബ്ലറ്റ് (The Tablet) കാണാതാവുന്ന ഒരു ഗുളികയുടെ പിന്നാമ്പുറകഥകളാണ് തിരയുന്നത്. അതിലൂടെ ഒരമ്മയും മകനും അനുഭവിക്കുന്ന ഒറ്റപ്പെടലും നിസ്സഹായതയും കൂടി വെളിവാകുന്നു. ഇതിവൃത്തത്തെ അത്രമാത്രം ഒതുക്കി സംയമനത്തോടെ പറഞ്ഞിരിക്കുന്നതാണ് ശ്രദ്ധേയം. ഉന്നയിക്കുന്ന വിഷയത്തിന്റെ സാമൂഹിക മാനങ്ങളിളല്ല, അതിൽ ഉൾപ്പെടുന്ന വ്യക്തികളുടെ മനോസംഘർഷങ്ങളിലാണ് സിനിമ ഊന്നുന്നത്.

ദലിത് സമൂഹം ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നേരിടുന്ന വിവേചനവും പീഡനങ്ങളും ഒരു കുട്ടിയുടെ കണ്ണിലൂടെ പറയുകയാണ്, രവിശങ്കർ കൗശിക് സംവിധാനം ചെയ്ത ഫ്ലെയിംസ്.
ദലിത് സമൂഹം ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നേരിടുന്ന വിവേചനവും പീഡനങ്ങളും ഒരു കുട്ടിയുടെ കണ്ണിലൂടെ പറയുകയാണ്, രവിശങ്കർ കൗശിക് സംവിധാനം ചെയ്ത ഫ്ലെയിംസ്.

ആഖ്യാനത്തിൽ വലിയ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള തിയേറ്റർ (സംവിധാനം: നിഷാന്ത് കലിദിന്ദി), സ്ത്രീപക്ഷകാഴ്ചപ്പാടുകൾ ആഴത്തിൽ മുദ്രിതമായ ഷേപ്പ് ഓഫ് മൊമോ (സംവിധാനം: ത്രിബേണി റായ്), വലിയ ചൂഷണങ്ങൾ നടക്കുന്ന കർണ്ണാടക ഗ്രാമത്തിന്റെ കഥപറയുന്ന ടൈഗേർസ് പോൺഡ് (സംവിധാനം: നടേഷ് ഹെഗ്ഡെ) തുടങ്ങി നിരവധി സിനിമകൾ കഴിഞ്ഞവർഷത്തെ മികച്ച ഇന്ത്യൻ സിനിമകളുടെ കണക്കെടുക്കുമ്പോൾ സവിശേഷം ശ്രദ്ധിക്കപ്പെടുന്നവയാണ്.

ചലച്ചിത്രഭാഷയിൽ ആഴത്തിലുള്ള പുതുമകൾ തിരഞ്ഞും, ആഖ്യാനത്തിൽ വൈവിധ്യപൂർണ്ണമായ വഴികൾ തേടിയും ഇതുവരെ ഖനനം ചെയ്യാത്ത ഇതിവൃത്തങ്ങളും പ്രമേയങ്ങളും ചികഞ്ഞും വെളിവെളിച്ചത്തിലേക്ക് ഇറങ്ങിനിൽക്കാൻ പലതുകൊണ്ടും കഴിയാതിരുന്ന മനുഷ്യരെ ക്യാമറയുടെ മുന്നിൽ നിർത്തിയും സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ ആകാശം മുട്ടെ ഉയർത്തിവെച്ചും ഇന്ത്യൻ സിനിമകൾ അതിന്റെ പ്രയാണപാതയിൽ മുകളിലേക്കുതന്നെയാണ് ഓരോ അടിവെപ്പിലും പാദമൂന്നുന്നത്.

Comments