പ്രേമം
പൂത്തുലയുന്ന
ബെത്‌ലഹേം

പ്രേക്ഷകർ വിശ്വാസമർപ്പിച്ചുകഴിഞ്ഞ ഗിരീഷ് എ.ഡി. ഗ്യാരണ്ടിയിലെ എല്ലാ വ്യവസ്ഥകളും നിറവേറ്റുന്ന, ‘wholesome entertainer’ എന്ന വിശേഷണത്തോട് നീതിപുലർത്തുന്ന മികച്ച ചലച്ചിത്രാനുഭവമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്: ജോയൽ ബേസിൽ എഴുതുന്നു. Movie Review: Bethlehem Kudumba Unit

2019- ലെ തന്റെ ആദ്യ സിനിമയായ തണ്ണീർമത്തൻ ദിനങ്ങൾ മുതൽ തുടർന്നുവന്ന സൂപ്പർ ശരണ്യയും ഐ ആം കാതലനും പ്രേമലുവുമടക്കം ഓരോ സിനിമയും, അത്രയധികം റിപ്പീറ്റ് വാല്യൂവുള്ള എന്റർടെയ്നഴ്സായി സമ്മാനിച്ച അപൂർവം സമകാലിക മലയാള സംവിധായകരിൽ ഒരാളാണ് ഗിരീഷ് എ.ഡി.

റോം-കോമുകളുടെ (Romantic comedies) മർമ്മമറിയുന്ന ഗിരീഷും അതേ ജോണറിലെ (genre) തമ്പുരാനായ നിവിൻ പോളിയും ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഒന്നിക്കുമ്പോൾ മികച്ചതിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല. പ്രേക്ഷക മനക്കോട്ടയ്ക്ക് കോട്ടം തട്ടിക്കാത്ത, കോട്ടുവായിടാൻ അനുവദിക്കാത്ത, അടിമുടി കിടിലൻ റോം- കോമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് (BKU).

കറുകുറ്റി/ അങ്കമാലി പ്രദേശത്തെ ഇടത്തരം ക്രിസ്ത്യൻ സാമൂഹ്യ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. മലയോരപ്രദേശമായ മുണ്ടക്കയത്തുനിന്ന് ഇവിടേക്ക് താമസം മാറി വരുന്ന ആഷ്‌ലിയും കുടുംബവും പുതിയ സാഹചര്യവുമായി ഇണങ്ങുന്ന രംഗങ്ങളാണ് കഥാരംഭമെങ്കിലും പത്തോ പന്ത്രണ്ടോ വയസ്സ് പ്രായവ്യത്യാസമുള്ള ആഷ്‌ലി - ജസ്റ്റിൻ പ്രണയം തന്നെയാണ് പ്രധാന കഥാതന്തു.

സമീപകാലത്തിറങ്ങിയ ചിത്രങ്ങളിലെ ഓവർറേറ്റഡെന്നോ തെറ്റെന്നോ തോന്നലുണ്ടാക്കിയിട്ടുള്ള രംഗങ്ങളെയോ കഥാപാത്രങ്ങളെയോ സ്പൂഫ് മാതൃകയിൽ നർമ്മത്തിൽ പൊതിഞ്ഞ് വിമർശിക്കുന്നതിൽ ഗിരീഷ് എ.ഡി. എന്നും ഉത്സാഹം കാണിച്ചിട്ടുണ്ട്.

മുൻ ഗിരീഷ് എ.ഡി. ചിത്രങ്ങൾ പോലെതന്നെ ഒറ്റവരിയിൽ പറയാവുന്ന ഒരു കഥയെ സൂക്ഷ്മവിശദാംശങ്ങൾ നിറഞ്ഞ രംഗങ്ങളിലൂടെ തനതും സ്വാഭാവികവുമായ രീതിയിൽ അവതരിപ്പിക്കുന്ന പതിവുശൈലി തന്നെയാണ് BKU-വിലും. വലിയ സംഘർഷങ്ങളോ അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളോ ഇല്ലാത്ത, അടുത്തതെന്ത് എന്നൂഹിക്കാൻ സാധിക്കുന്ന കഥാഗതി തിരഞ്ഞെടുക്കുമ്പോഴും, ഒരു നിമിഷം പോലും പ്രേക്ഷക ശ്രദ്ധ മാറാത്ത കഥാപ്രപഞ്ചം സൃഷ്ടിക്കുന്നതിലെ സംവിധാനമികവ് ഇവിടെയും കാണാം. സംഭാഷണങ്ങളിലെ മികവും നർമ്മം കൈവിടാത്ത അവതരണവുമാണ് ഇതിനെ സഹായിക്കുന്ന പ്രധാന ഘടകങ്ങൾ. BKU- വിന് മുൻപ് പ്രേമലുവിലും ഗിരീഷിന്റെ സഹരചയിതാവായിരുന്ന കിരൺ ജോസിയും ഇക്കാര്യങ്ങളിൽ സംവിധായകനൊപ്പം കയ്യടിയർഹിക്കുന്നുണ്ട്.

ഏറ്റവും ജൈവികമായി വികസിക്കുന്ന പ്രണയത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങൾ കൃത്യതയോടെ എഴുതപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്റേത്. സാധാരണഗതിയിൽ ഒരു പാട്ടും, നായികയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്ന കുറച്ച് ഷോട്ടുകളും ഉപയോഗിച്ച് എളുപ്പത്തിൽ അടിസ്ഥാനമുണ്ടാക്കിയെടുക്കുന്ന തിരശ്ശീലയിലെ പ്രണയബന്ധങ്ങൾക്ക് ഒരപവാദമാണ് BKU- വിലെ ആഷ്‌ലി- ജസ്റ്റിൻ പ്രണയം.

2014-ൽ ഇറങ്ങിയ ജൂഡ് ആന്തണി ജോസഫിന്റെ ഓം ശാന്തി ഓശാനയ്ക്കുശേഷം ഒരു heteronormative പ്രണയത്തിലെ പെൺ നോട്ടം (female gaze) ഇത്ര ഭംഗിയായി ചിത്രീകരിച്ച ഒരു മുഖ്യധാരാ സിനിമ മലയാളത്തിലുണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. കമിതാകൾക്കിടയിൽ ആദ്യം രൂപപ്പെടുന്ന റൊമാന്റിക് ടെൻഷനും തുറന്നുപറച്ചിലും തുടർന്ന് ബന്ധത്തിലുണ്ടാകുന്ന മാറ്റങ്ങളും അടയാളപ്പെടുത്തുന്നതിൽ ചിത്രം പൂർണ്ണമായും വിജയിച്ചിട്ടുണ്ട്.

നിവിൻ പോളി, മമിത ബൈജു. തന്റെ tailor made റോളായ ജസ്റ്റിനിൽ നിവിൻ തകർത്താടുമ്പോൾ മമിത ബൈജു ആഷ്‌ലിയായി കളം പിടിക്കുന്നു.
നിവിൻ പോളി, മമിത ബൈജു. തന്റെ tailor made റോളായ ജസ്റ്റിനിൽ നിവിൻ തകർത്താടുമ്പോൾ മമിത ബൈജു ആഷ്‌ലിയായി കളം പിടിക്കുന്നു.

കോമിക് വില്ലന്മാർ പൊതുവേ ഗിരീഷ് എ.ഡി. ചിത്രങ്ങളുടെ മുഖമുദ്രയാണ്. രവി പത്മനാഭനും അജിത് മേനോനും ആദിയുമെല്ലാം മികച്ച ഉദാഹരണങ്ങൾ. പക്ഷേ BKU- വിൽ കാര്യങ്ങൾ കുറച്ചു വ്യത്യസ്തമാണ്. കേവലം ഒരു വ്യക്തി എന്നതിനപ്പുറം പ്രണയത്തിലെ പങ്കാളികളുടെ പ്രായവ്യത്യാസത്തെ ചൊല്ലി ഇന്നും നിലനിൽക്കുന്ന സാമൂഹ്യ/ കുടുംബ അപ്രീതിയാണ് (taboo) പ്രധാന വില്ലൻ. പ്രധാന കഥയുമായി വൃത്തിയായി ഇഴുകിച്ചേർന്നുകിടക്കുന്ന ഉപകഥകളിലൂടെ (subplots) പ്രീ ക്ലൈമാക്സിൽ ഒരു ഫൈനൽ ഷോഡൗൺ (final showdown) സൃഷ്ടിച്ച് ഈ അഭാവത്തെ ചിത്രം ബുദ്ധിപരമായി മറികടക്കുന്നുണ്ട്. സംവിധായകന്റെ മുൻ സിനിമകളിലുള്ള യാത്ര എന്ന trope- ഉം BKU-വിലുണ്ട്. ഇത്തവണ യാത്ര ഗോവയിലേക്കാണ്.

സമീപകാലത്തിറങ്ങിയ ചിത്രങ്ങളിലെ ഓവർറേറ്റഡെന്നോ (over-rated) തെറ്റെന്നോ തോന്നലുണ്ടാക്കിയിട്ടുള്ള രംഗങ്ങളെയോ കഥാപാത്രങ്ങളെയോ സ്പൂഫ് (spoof) മാതൃകയിൽ നർമ്മത്തിൽ പൊതിഞ്ഞ് വിമർശിക്കുന്നതിൽ ഗിരീഷ് എ.ഡി. എന്നും ഉത്സാഹം കാണിച്ചിട്ടുണ്ട്. സൂപ്പർ ശരണ്യയിലെ അർജ്ജുൻ റെഡ്ഡി സ്പൂഫായ അജിത് മേനോൻ എന്ന കഥാപാത്രം തന്നെ ഏറ്റവും മികച്ച ഉദാഹരണം.

70-ാമത് ദേശീയ ചലച്ചിത്ര അവാർഡ്സിൽ മികച്ച നടനുള്ള അവാർഡ് ഒരാൾ അലറി നേടിയതിലെ വിരോധാഭാസം ശ്യാം മോഹൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പരകായ പ്രവേശ സ്പൂഫായി അവതരിപ്പിച്ചതാണ് അവയിൽ ഏറ്റവും രസകരമായി തോന്നിയത്. സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മീമുകളും ട്രോളുകളും catch phrase- കളും സന്ദർഭത്തിനനുയോജ്യമായ രീതിയിൽ കൃത്യമായി ഇണക്കിചേർത്ത് BKU-വിലും ചിരി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

ചെയ്തെടുക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ജോണറുകളിൽ ഒന്നായ റോം-കോം തുടർച്ചയായി നാലഞ്ച് തവണ വിജയമാക്കുന്നത് ഒരു ജീനിയസ്സിന്റെ അടയാളമാണെന്ന് പറഞ്ഞാലും അതിശയോക്തിയല്ല.

സംഗീത് പ്രതാപിന്റെ ഷോർട്ട് ഫിലിം മേക്കർ കഥാപാത്രത്തിന്റെ ചില സംഭാഷണങ്ങളും സുരേഷ് കൃഷ്ണയുടെ സംഘട്ടനരംഗത്തിലെ ചാട്ടവുമെല്ലാം ഒട്ടനേകം റഫറൻസുകളിൽ ചിലത് മാത്രം. ഇവയ്ക്ക് രണ്ടിനും പുറമേ മ്യൂസിക് റഫറൻസുകളും ഗിരീഷ് ചിത്രങ്ങളിൽ പതിവാണ്. പ്രേമലുവിൽ അത് യുവൻ ശങ്കർ രാജ ആയിരുന്നെങ്കിൽ BKU- വിൽ ദ ബ്രീഡേഴ്സ് ബാൻഡിലേക്കും മണി ശർമ ഗാനങ്ങളിലേക്കും എത്തിനിൽക്കുന്നു. ഇത്തരം സ്പൂഫ്/ റഫറൻസ് മാതൃകയിൽ വരുന്ന കാര്യങ്ങൾ എല്ലാ വിഭാഗം പ്രേക്ഷകർക്കും മനസ്സിലായില്ലെങ്കിൽ കൂടി ആർത്തു ചിരിക്കാൻ മറ്റനേകം നർമ്മ നുറുങ്ങുകൾ സംഭാഷണത്തിലുടനീളമുണ്ട്.

അങ്ങേയറ്റം വിശ്വസനീയമായ പ്രകടനങ്ങളിലൂടെ അഭിനയിച്ചവരെല്ലാം വേഷങ്ങൾ മികച്ചതാക്കി. തന്റെ tailor made റോളായ ജസ്റ്റിനിൽ നിവിൻ തകർത്താടുമ്പോൾ മമിത ബൈജു ആഷ്‌ലിയായി കളം പിടിക്കുന്നു. കേവലം ഒരാഴ്ച മുൻപ് മാത്രം പുറത്തിറങ്ങിയ വെങ്കി അറ്റ്ലൂരിയുടെ സൂര്യ ചിത്രം വിശ്വനാഥ് & സൺസിലും പ്രായ വ്യത്യാസമുള്ള നായകനുമായി പ്രണയത്തിലാവുന്ന മമിതാ ബൈജുവിനെ കാണാം. എന്നിട്ടുപോലും ആ വേഷത്തോടോ മുൻവേഷങ്ങളോടോ യാതൊരു സാമ്യവും തോന്നിക്കാത്ത തരത്തിൽ ആഷ്‌ലിയെ മമിത ഗംഭീരമാക്കി.

സംഗീത് പ്രതാപ്, റോഷൻ ഷാനവാസ്, സുരേഷ് കൃഷ്ണ, ഷമീർ ഖാൻ തുടങ്ങിയവർ ജസ്റ്റിന്റെ കൂട്ടാളികളായി കസറുമ്പോൾ ശ്രിന്ദ, മീനാക്ഷി രവീന്ദ്രൻ എന്നിവരടങ്ങുന്ന മൊറേലി സിസ്റ്റേഴ്സും മറുവശത്ത് പ്രകടനം മിന്നിക്കുന്നുണ്ട്. ശ്യാം മോഹൻ, വിനയ് ഫോർട്ട്‌, ദേവദത്ത്, പാർവതി അയ്യപ്പദാസ്, ബിന്ദു പണിക്കർ, ജയശങ്കർ കരിമുട്ടം, വെട്ടുക്കിളി പ്രകാശ് തുടങ്ങി തിരശ്ശീലയിൽ വന്നുപോകുന്ന ഓരോരുത്തരും അങ്ങേയറ്റം സ്വാഭാവികതയോടെ പ്രകടനങ്ങളുടെ മാറ്റ് കൂട്ടിയിട്ടുണ്ട്.

പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്ന വിഷ്ണു വിജയുടെ സംഗീതവും ആകാശ് ജോസഫ് വർഗീസിന്റെ ചിത്രസംയോജനവും ചിത്രത്തിന് മികച്ച ഒഴുക്ക് സമ്മാനിക്കുന്നുണ്ട്. വിനായക് ശശികുമാറും സുഹൈൽ കോയയും എഴുതിയ പാട്ടുകൾ തുടങ്ങുന്നതും അവസാനിക്കുന്നതും പ്രേക്ഷകന് തിരിച്ചറിയാനാവാത്ത വിധം കഥാഗതിയുമായി പറ്റിച്ചേർന്നു പോകുന്നവയാണ്.

നിവിൻ പോളി, മമിത ബൈജു.
നിവിൻ പോളി, മമിത ബൈജു.

കണ്ണിനിമ്പമേകുന്ന നിറങ്ങളടങ്ങിയ warm tonality-യിലൂടെ BKU-വിന്റെ ദൃശ്യങ്ങൾ അജ്മൽ സാബു മികച്ചതാക്കി. ഫീൽ ഗുഡ് ലേബലിൽ സാധാരണയായി ഇറങ്ങുന്ന ചിത്രങ്ങളിൽ കണ്ടുവരുന്ന പരസ്യചിത്രങ്ങൾക്ക് സമാനമായ പ്രൊഡക്ഷൻ ഡിസൈനും കളർ ഗ്രേഡിങ്ങും ചിത്രത്തിലില്ല എന്നത് അഭിനന്ദനാർഹമാണ്. യഥാക്രമം ആഷിക് എസും കളർ പ്ലാനറ്റ് സ്റ്റുഡിയോസും നിർവഹിച്ചിരിക്കുന്ന ഇക്കാര്യങ്ങൾ ദൃശ്യങ്ങൾക്ക് സ്വപ്നസദൃശ്യമെന്ന തോന്നൽ (dreamy feel) ഉണ്ടാക്കുമ്പോൾ തന്നെ യാഥാർത്ഥ്യബോധം കൈവിടാത്തതാണ്. നായകകഥാപാത്രം ഉപയോഗിക്കുന്ന പഴയ ഫോർഡ് ഐക്കൺ കാറിന്റെ തിരഞ്ഞെടുപ്പ് മുതൽ മുറ്റത്ത് വലിയ ബോഗയിൻവില്ല ചെടിയുള്ള ജസ്റ്റിന്റെ വീടിൽ വരെ ഈ ശ്രദ്ധ കാണാം. ധന്യ ബാലകൃഷ്ണന്റെ വസ്ത്രാലങ്കാരവും റോണക്സ് സേവിയറിന്റെ ചമയവും ദൃശ്യങ്ങളുടെ മാറ്റുകൂട്ടുന്നുണ്ട്.

ഒരേ റൂട്ടിലോടുന്ന ബസ്, ആഴമില്ലാത്തതും പ്രവചിക്കാൻ കഴിയുന്നതുമായ കഥാപരിസരം തുടങ്ങിയ ആക്ഷേപങ്ങൾ ഗിരീഷ് എ.ഡി. സിനിമകളെക്കുറിച്ച് ചില സ്യൂഡോ ബുദ്ധിജീവികളിൽ (pseudo-intellectuals) നിന്ന് കേട്ടിട്ടുണ്ട്. പക്ഷേ ചെയ്തെടുക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ജോണറുകളിൽ ഒന്നായ റോം-കോം തുടർച്ചയായി നാലഞ്ച് തവണ വിജയമാക്കുന്നത് ഒരു ജീനിയസ്സിന്റെ അടയാളമാണെന്ന് പറഞ്ഞാലും അതിശയോക്തിയല്ല. അത്യന്തം സംഭവബഹുലമായ ബ്രഹ്മാണ്ഡകഥ എന്നതിനുപകരം ഓരോ രംഗങ്ങളിലെയും സൂക്ഷ്മ വിശദാംശങ്ങളും (nuances/ detailing) നർമ്മവുമാണ് ഗിരീഷ് ചിത്രങ്ങൾ ആവർത്തിച്ചാവർത്തിച്ച് കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. BKU-വും ഇതിൽ നിന്ന് വിഭിന്നമല്ല.

ചുരുക്കത്തിൽ, പ്രേക്ഷകർ വിശ്വാസമർപ്പിച്ചുകഴിഞ്ഞ ഗിരീഷ് എ.ഡി. ഗ്യാരണ്ടിയിലെ എല്ലാ വ്യവസ്ഥകളും നിറവേറ്റുന്ന, ‘wholesome entertainer’ എന്ന വിശേഷണത്തോട് നീതിപുലർത്തുന്ന മികച്ച ചലച്ചിത്രാനുഭവമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

Comments