‘കെവിൻ ചേട്ടനെ കാണാനില്ല' - നിസഹായതയുടെ ഏറ്റവും ദൈന്യമായ അവസ്ഥയിലാണ് നിന്നാണ് നീനു അത് പറഞ്ഞത്. 2018-ൽ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് കരഞ്ഞു കൊണ്ട് നീനുവിന് ചാനലുകാരോട് പറയാനായത് അതുമാത്രമാണ്. മറ്റൊന്നും പറയാനോ ചെയ്യാനോ അവർക്കാവുമായിരുന്നില്ല. കൂടെ വീട്ടുകാരില്ല, ബന്ധുക്കളില്ല. സാധാരണക്കാർക്ക് പ്രാപ്യമാവേണ്ട പൊലീസ് സ്റ്റേഷനിൽ ചെന്ന് പറഞ്ഞിട്ട് പ്രതികരണവുമില്ല...
രണ്ടാം ദിവസം, കൊല്ലപ്പെട്ട നിലയിൽ കെവിനെ കണ്ടെത്തി. ഇതര ജാതിയിൽ പെട്ട നീനുവിനെ വിവാഹം ചെയ്തതിന്റെ പേരിൽ നീനുവിന്റെ സഹോദരനും പിതാവും ചേർന്ന് നടത്തിയ കൊലപാതകം.
ഭീഷ്മ പർവം (Bheeshma Parvam) നീനുവിന്റെയോ കെവിന്റെയോ കഥയല്ല. എന്നാൽ കെവിനും നീനുവിനും സമർപ്പിച്ചാണ് ചിത്രം തുടങ്ങുന്നത്. നീനുവിന്റെ കഥ ചിത്രത്തിന്റെ തുടക്കത്തിൽ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഒരർഥത്തിൽ ജാതിയും ദുരഭിമാനവുമുണ്ടാക്കുന്ന കോൺഫ്‌ളിക്ട് ആണ് സിനിമയുടെ കഥ.
പുതിയ കഥയൊന്നുമല്ല ഭീഷ്മപർവം പറയുന്നത്. എന്നാൽ കഥ ഈ ചിത്രത്തിൽ ശ്രദ്ധിക്കപ്പെടേണ്ട കഥാപാത്രമേയല്ല, അത് അമൽ നീരദിന്റെ സ്റ്റൈൽ തന്നെയാണ്. എന്ന് പറയുമ്പോൾ സ്ലോ മോഷൻ മാത്രമല്ല. കുറഞ്ഞ സീനുകളിൽ, കുറിയ ഡയലോഗുകളിൽ കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ് ചെയ്‌തെടുക്കുന്നതിലും മിനിമൽ കാര്യങ്ങൾ കൊണ്ട് മാസ് സൃഷ്ടിക്കുന്നതിലും ആ സ്‌റ്റൈൽ കാണാം.
കൊച്ചിയിലെ പഴയ തറവാട്ടുകാരായ അഞ്ഞൂറ്റി കുടുംബത്തിലെ കാരണവരാണ് മൈക്കിൾ (മമ്മൂട്ടി). കലുഷിതമായ ഭൂതകാലത്തിനുശേഷം മൈക്കിളിന്റെ കീഴിൽ കുടുംബം സ്വസ്ഥമായി കഴിയുകയാണ്. എന്നാൽ കുടുംബത്തിൽ വീണ്ടും പ്രശ്‌നങ്ങളുണ്ടാവുന്നതോടെ മൈക്കിളിന് വീണ്ടും പഴയ രീതിയിലേക്ക് പോവേണ്ടി വരുന്നു.
അമൽ നീരദ് - മമ്മൂട്ടി ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന സ്റ്റൈൽ പൂർണമായും നൽകുന്ന ചിത്രമാണ് ഭീഷ്മ പർവം. മമ്മൂട്ടിയുടെ സ്‌റ്റൈൽ ഏറ്റവും ഗാംഭീര്യത്തോടെ ഉപയോഗിക്കാനറിയുന്ന സംവിധായകനാണ് അമൽ നീരദ്. മമ്മൂട്ടിയുടെ അസാന്നിധ്യത്തിൽ പോലും ‘മൈക്കിൾ' എന്ന പവറിനെ അനുഭവിക്കാനാവുന്ന തരത്തിലാണ് കഥാപാത്രത്തിന്റെ അവതരണം. സത്യത്തിൽ ഒരുപാട് സീനിലൊന്നും മൈക്കിൾ വരുന്നില്ലെങ്കിലും അത് തിരിച്ചറിയാതിരിക്കുന്നത് ആ കഥാപാത്രത്തിന്റെ മികവുകൊണ്ട് കൂടിയാണ്.
ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളും വ്യക്തമായ വ്യക്തിത്വത്തോടെ ഉൾപ്പെടുത്തിയവയാണ്. മികച്ച പ്രകടനമാണ് ഓരോ താരങ്ങളും കഥാപാത്രങ്ങൾക്കായി നടത്തിയത്. സൗബിൻ ഷാഹിർ ഒരേ അഭിനയ ശൈലിയുടെ പേരിൽ വിമർശിക്കപ്പെട്ട നടനാണ്. അതിൽ നിന്ന് ഒരു കുതറലിനുള്ള ശ്രമം സൗബിൻ ഈ ചിത്രത്തിൽ നടത്തിയിട്ടുണ്ട്. ശ്രീനാഥ് ഭാസിയും ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ഇരുവരുടേയും സീനുകൾ ഇമോഷനലി നന്നായി വർക്ക് ചെയ്തവയാണ്. ഷൈൻ ടോം ചാക്കോയുടെതാണ് എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം.
കെ.പി.എ.സി. ലളിത, നെടുമുടി വേണു എന്നീ അഭിനേതാക്കളുടെ അവസാന കഥാപാത്രങ്ങൾ എന്നതിന് പുറമേ മികച്ച നെഗറ്റീവ് റോളുകൾ എന്ന തരത്തിലും ശ്രദ്ധേയമാണ് ചിത്രത്തിൽ ഇരുവരുടേയും കഥാപാത്രങ്ങൾ.
ദിലീഷ് പോത്തൻ, സൃന്ദ, ജിനു ജോസഫ്, വീണ നന്ദകുമാർ, നാദിയ മൊയ്ദു, മാല പാർവതി, ലെന, അനസൂയ ഭരദ്വാജ് തുടങ്ങിയ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.
കഥക്കപ്പുറം സംഭവങ്ങളെയും അവ അവതരിപ്പിച്ച രീതികളെയുമാണ് ചിത്രം ഫോക്കസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വളരെ പതുക്കെയുള്ള കഥാഗതിയാണെങ്കിലും ഒരിടത്തും ചിത്രം ബോറടിപ്പിക്കില്ല. ഓരോ കഥാപാത്രങ്ങളെയും കൊണ്ടുവന്ന് പരിചയപ്പെടുത്തിയാണ് ചിത്രം മുന്നോട്ട് പോവുന്നത്. അതിനൊപ്പം മൈക്കിൾ എന്ന കഥാപാത്രവും വളരുന്നു. എന്നാൽ മൈക്കിൾ എന്ന നായക് കഥാപാത്രത്തിനൊത്ത എതിരാളിയായി സുദേവിന് മാറാനായില്ല എന്നത് ഒരു പോരായ്മയാണ്. ഈ ഒരു പ്രശ്‌നം കുറച്ചൊക്കെ ക്ലൈമാക്‌സിനെയും ബാധിച്ചിട്ടുണ്ട്.
ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രാഹണവും സുഷിൻ ശ്യാമിന്റെ സംഗീതവുമാണ് ചിത്രത്തിന്റെ മൊത്തം മൂഡിനെ നിർണയിക്കുന്നതാണ്. 1980-കളിൽ നടക്കുന്ന കഥയെ മികച്ച രീതിയിൽ പായ്ക്ക് ചെയ്യുന്ന പശ്ചാത്തല സംഗീതവും ദൃശ്യങ്ങളുമാണ് ഇരുവരും ഒരുക്കിയത്. പാട്ടുകളും ചിത്രത്തിന് എക്‌സട്രാ ബൂസ്റ്റ് നൽകുന്നവയാണ്.
ട്രൈലറിൽ സൂചിപ്പിച്ചത് പോലെ ഗോഡ് ഫാദർ റെഫറൻസിൽ തന്നെയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ആദ്യ രംഗങ്ങളിൽ ആഘോഷം നടക്കുന്ന വീടിന്റെ രംഗങ്ങളിൽ തുടങ്ങി ക്ലൈമാക്‌സിൽ വരെ ഗോഡ് ഫാദറിന്റെ റഫറൻസുകൾ കാണാമെങ്കിലും പൂർണമായും കൊച്ചിയിലേക്ക് അഡാപ്റ്റ് ചെയ്ത കഥയാണ് ഭീഷ്മ പർവം പറയുന്നത്.