ഭൂതം വർത്തമാനം ഭയം പെണ്ണുങ്ങൾ

ഹൊറർ മൂവിയെന്ന നിലയിൽ ‘ഭൂതകാലം’ ഉല്പാദിപ്പിച്ച ഭാവുകത്വപരിസരങ്ങളെ അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള പഠനങ്ങളാണ് മിക്കവാറും ഈ ചലച്ചിത്രത്തെ സംബന്ധിച്ച് ഉണ്ടായിട്ടുള്ളത്. അത്തരം പഠനങ്ങൾക്കുള്ളിൽ പലപ്പോഴും സിനിമ മുന്നോട്ടുവച്ച അധികാരവ്യവസ്ഥയുടെ പ്രശ്‌നവിഷയങ്ങൾ അഭിസംബോധന ചെയ്യപ്പെടാതെ അദൃശ്യമായി തീരുന്നു.

ഭൂതകാലങ്ങൾ കഴിഞ്ഞുപോയ ജീവിതങ്ങളുടെ അന്ത്യമോ വിരാമമോ അല്ല. ഭാവിയിലേക്കും വർത്തമാനത്തിലേക്കും നിരന്തരമായി പിന്തുടരുന്ന ജൈവികാവബോധമാണ്. എല്ലാ കാലങ്ങളിലും നിലനിൽക്കുന്ന ചരിത്രാനുഭവങ്ങൾ പല നിലകളിൽ ഭാവികാലങ്ങളിലേക്ക് സഞ്ചരിക്കാറുണ്ട്. വ്യവസ്ഥകളുടെ കയറ്റിറക്കങ്ങളും അവയേൽപ്പിക്കുന്ന അധികാരബലങ്ങളും അവ രൂപപ്പെടുന്ന കാലങ്ങളിൽ മാത്രമായി ചുരങ്ങിപ്പോവുന്നില്ല. മുമ്പോട്ടു സഞ്ചരിക്കുന്ന പല കാലങ്ങളിലേക്ക് അവയെല്ലാം തന്നെ നീട്ടിവെയ്ക്കപ്പെടുന്നു. സമകാലിക ഭൂതകാലങ്ങളെന്ന റൊമീലാ ഥാപ്പറിന്റെ പ്രയോഗം തന്നെ ഇത്തരം ചരിത്രാവസ്ഥകളെ രേഖപ്പെടുത്തുന്നു. തമ്മിൽ കൂടിക്കലർന്ന് പ്രവർത്തിക്കുന്ന, ഇടമുറിയാത്ത കാലങ്ങളുടെ തുടർച്ചകളേയും കണ്ണികളേയും ചേർത്തുവെച്ചുകൊണ്ട് ഭൂതാവിഷ്ടമായ വർത്തമാനകാലങ്ങളെ രേഖപ്പെടുത്തുന്ന ചലച്ചിത്രമാണ് ഭൂതകാലം.

സമകാലിക മലയാളസിനിമ പല നിലകളിൽ ഭാവുകത്വ വ്യതിയാനങ്ങളുടേതു കൂടിയാണ്. കേന്ദ്രീകൃതമല്ലാത്ത കഥാഘടന, നായകത്വത്തിന്റെ നിരാകരണം, കഥാപാത്രങ്ങളെ ക്രിയാരംഗമാക്കിയുള്ള കഥപറച്ചിൽ രീതി, അരികുജീവിതങ്ങളെ അഭിസംബോധന ചെയ്യുന്ന ആഖ്യാനം, സ്വന്തം ശബ്ദങ്ങളുള്ള സ്ത്രീകളും, കീഴാളരും, മാറുന്ന സൗന്ദര്യസങ്കല്പങ്ങൾ എന്നിങ്ങനെ പലതരത്തിലുള്ള മാറ്റങ്ങളെ പുതിയ കാലസിനിമകൾ സ്വാംശീകരിക്കുന്നുണ്ട്. ഏറെക്കുറെ നാലുകെട്ടുകളിലും പൂമുഖങ്ങളിലും മാത്രമായി സഞ്ചരിച്ചിരുന്ന കുടുംബഘടന പുറം കാഴ്ചകളിൽനിന്നും അടുക്കളകളുടെ അകം കാഴ്ചകളിലേക്കും വരാന്തകളുടെ പിന്നാമ്പുറങ്ങളിലേക്കും ഫോക്കസു ചെയ്യുന്നു. ജോജി, ആർക്കറിയാം, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോലുള്ള ചലച്ചിത്രങ്ങൾ വീട്ടകങ്ങളുടെ പല കവാടങ്ങളെയും പൊതുസമൂഹത്തിന്റെ ദൃശ്യാനുഭൂതികളിലേക്ക് തുറന്നിടുകയായിരുന്നുവെങ്കിൽ തുറന്നിട്ട ഇത്തരം കാഴ്ചകളുടെ ഉള്ളകങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു ഭൂതകാലം.

അടുക്കളയിൽ ആവർത്തിക്കപ്പെടുന്ന വിരസജീവിതങ്ങളുടെ നേർക്കാഴ്ചകളെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആവിഷ്‌ക്കരിച്ചപ്പോൾ വർത്തമാനകാലങ്ങളെ നെടുകയും കുറുകയും പിളർക്കുന്ന അധികാരബലങ്ങളെ ഭൂതകാലം കണ്ടെടുത്തു. ഹൊറർ മൂവിയെന്ന നിലയിൽ ഭൂതകാലം ഉല്പാദിപ്പിച്ച ഭാവുകത്വപരിസരങ്ങളെ അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള പഠനങ്ങളാണ് മിക്കവാറും ഈ ചലച്ചിത്രത്തെ സംബന്ധിച്ച് ഉണ്ടായിട്ടുള്ളത്. അത്തരം പഠനങ്ങൾക്കുള്ളിൽ പലപ്പോഴും സിനിമ മുന്നോട്ടുവച്ച അധികാരവ്യവസ്ഥയുടെ പ്രശ്‌നവിഷയങ്ങൾ അഭിസംബോധന ചെയ്യപ്പെടാതെ അദൃശ്യമായി തീരുന്നു. അത്തരം പ്രശ്‌നങ്ങളെ കണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ഈ ലേഖനം.

'ഭൂതകാലത്തിൽ' ഷെയിൻ നിഗമും രേവതിയും
'ഭൂതകാലത്തിൽ' ഷെയിൻ നിഗമും രേവതിയും

അമ്മയും മകനും മുത്തശ്ശിയുമടങ്ങുന്ന ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളെ ഭീതികലർന്ന പ്രതീതിയിലൂടെ അവതരിപ്പിക്കുന്ന ചലച്ചിത്രമാണ് ഭൂതകാലം. വിഷാദരോഗം അനുഭവിക്കുന്ന അമ്മയും, മരണാസന്നയായ മുത്തശ്ശിയും മാനസികസംഘർഷങ്ങൾ നേരിടുന്ന മകനും ചേർന്ന് രൂപപ്പെടുത്തുന്ന കുടുംബാന്തരീക്ഷമാണ് ചലച്ചിത്രാഖ്യാനസന്ദർഭം. മുടിയഴിച്ചിട്ടുവരുന്ന മുത്തശ്ശിയെ കണ്ട് ഭയപ്പെടുന്ന ചെറുമകനെ അവതരിപ്പിക്കുന്ന ആദ്യരംഗം തന്നെ സാമ്പ്രദായിക യക്ഷിചലച്ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നു. എന്നാൽ വീടിന്റെ ഘടനയെ സൂക്ഷ്മമായി പരിശോധിച്ചാൽ പൂമൂഖത്തിരിക്കുന്ന ഭീമാകാരനായ ആൺപ്രേതരൂപിയും കിടപ്പുമുറിയിലും അടുക്കളയിലും തളയ്ക്കപ്പെട്ട സ്ത്രീപ്രേതരൂപികളുടെ കരച്ചിലും ചേർന്ന് സൃഷ്ടിക്കുന്ന അന്തരീക്ഷം പരമ്പരാഗത യക്ഷിസിനിമകളെ മാറ്റിവരയ്ക്കുന്നു. അമ്മയുടെ വിഷാദരോഗവും, മകന്റെ കുറ്റബോധവും, മരിച്ചുപോവുന്ന അമ്മൂമ്മയും, പൂമുഖത്തിരിക്കുന്ന പുരുഷപ്രേതരൂപങ്ങളുടെ കൂടി സൃഷ്ടിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. കാലാകാലങ്ങളായുള്ള പുരുഷാധിപത്യങ്ങൾ പ്രയോഗിക്കുന്ന അധികാരങ്ങളുടെ ബലങ്ങൾ തന്നെയാണ് അമ്മയുടെ വിഷാദരോഗമായി മാറുന്നത്. വ്യക്തിഗതമായ ഇത്തരം രോഗാവസ്ഥകൾ ദീർഘകാലമായി നിലനിൽക്കുന്ന അധികാരപ്രയോഗങ്ങളുടെ ഉല്പന്നമാണ്. അതുകൊണ്ടുതന്നെയാണ് ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞുപോയവരും ചലച്ചിത്രത്തിലുടനീളം തങ്ങളുടെ ഒച്ചകൾ കേൾപ്പിക്കുന്നത്.

ഭൂതകാലം സിനിമയിൽ ഷെയിൻ നിഗം
ഭൂതകാലം സിനിമയിൽ ഷെയിൻ നിഗം

കഥപറയുന്ന പെണ്ണുങ്ങൾ

ഇതിലെ ഓരോ സ്ത്രീകഥാപാത്രങ്ങളും ഓരോരോ കഥകളാണ്. അടുക്കളയിലും കിടപ്പുമുറികളിലും വീടിന്റെ അന്തഃപ്പുരങ്ങളിലും കേൾക്കുന്ന ഓരോ നിലവിളികൾക്കും ഓരോ ചരിത്രമുണ്ട്. പുരുഷാധിപത്യത്തോട് ഏറ്റുമുട്ടാനോ പ്രതികരിക്കാനോ കഴിയാതെ നിലവിളികൾ മാത്രമായി എരിഞ്ഞുതീർന്ന പെണ്ണുങ്ങൾ അവരവരുടെ ജീവിതങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോഴുള്ള കാഴ്ചകളാണ് ഭൂതകാലം രേഖപ്പെടുത്തുന്നത്. അർദ്ധരാത്രിയിൽ പ്രവർത്തിക്കുന്ന വാഷിംഗ്‌മെഷീൻ, അടുക്കളയിൽ നിന്നും കുളിമുറിയിൽനിന്നും കേൾക്കുന്ന ശബ്ദങ്ങൾ, പാത്രത്തിന്റെ ഒച്ചകൾ എന്നിവയെല്ലാം ചേർന്നുകൊണ്ടാണ് ചലച്ചിത്രം ഭീതികലർന്ന അനുഭവങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നത്. ചലച്ചിത്രത്തിലെ വിനു ഭയപ്പെടുന്നതും അർദ്ധരാത്രിയിലും അസമയത്തും കേൾക്കുന്ന ഇത്തരം ഒച്ചകളെയാണ്. കൂടുതൽ സൂക്ഷ്മമായി ചലച്ചിത്രത്തിന്റെ ദൃശ്യഭാഷകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഇത്തരം ശബ്ദങ്ങളെല്ലാം തന്നെ അടുക്കളകൾക്കുള്ളിൽ സമയത്തിന്റെ അതിർത്തികളില്ലാതെ പണിയെടുക്കുന്ന പെണ്ണുങ്ങളുടേതാണെന്ന് തിരിച്ചറിയാനാവും. ആദ്യ കാഴ്ചയിൽ പ്രേതാനുഭവങ്ങളുടേതെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഓരോ കാഴ്ചകളും അടുക്കളകളുടെ ഉള്ളിൽ ജോലി ചെയ്യുന്ന പെണ്ണുങ്ങളുടെ യാഥാർത്ഥ്യങ്ങളാണ്. അർദ്ധരാത്രിയിൽ കറങ്ങുന്ന വാഷിംഗ്‌മെഷീൻ ഇത്തരം യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചകളെ സൂചിപ്പിക്കുന്നു.

ഭൂതകാലങ്ങളിൽ ഓരോ പെണ്ണുങ്ങളും നേരിട്ട പ്രതിസന്ധികൾ പുരുഷാധിപത്യത്തിന്റെ തുടർച്ചകൾ വഹിക്കുന്ന വിനുവിന് ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാകുന്നു. അർദ്ധരാത്രിയിൽ ഒറ്റയ്‌ക്കൊരു മുറിയിൽ അകപ്പെടുന്ന വിനുവിന്റെ രംഗം ചലച്ചിത്രത്തിൽ കടന്നുവരുന്നുണ്ട്. അടച്ചിട്ട മുറിക്കുള്ളിൽ അയാൾ അനുഭവിക്കുന്ന ഭീതിയും ശ്വാസം മുട്ടലും കാലാകാലങ്ങളായി പുറം ലോകങ്ങൾ (പൊതുഇടം) നിഷേധിക്കപ്പെട്ട പെണ്ണുങ്ങളുടെ വീർപ്പുമുട്ടലുകളാണ്. ഭൂതകാലത്തിലെ അടിച്ചമർത്തപ്പെട്ട ഓരോ കഥകളും വീടിനുള്ളിലെ പലതരം ഒച്ചകളായി പുറത്തേക്കു വരുന്നു. അത്തരം അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾ വർത്തമാനകാലങ്ങളുമായി നടത്തുന്ന സംഘർഷങ്ങളാണ് പലതരം ഒച്ചകളായി സിനിമയിൽ മുഴങ്ങിക്കേൾക്കുന്നത്.

അർദ്ധരാത്രിയിൽ പ്രവർത്തിക്കുന്ന വാഷിംഗ്‌മെഷീൻ, അടുക്കളയിൽ നിന്നും കുളിമുറിയിൽനിന്നും കേൾക്കുന്ന ശബ്ദങ്ങൾ, പാത്രത്തിന്റെ ഒച്ചകൾ എന്നിവയെല്ലാം ചേർന്നുകൊണ്ടാണ് ചലച്ചിത്രം ഭീതികലർന്ന അനുഭവങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നത്.
അർദ്ധരാത്രിയിൽ പ്രവർത്തിക്കുന്ന വാഷിംഗ്‌മെഷീൻ, അടുക്കളയിൽ നിന്നും കുളിമുറിയിൽനിന്നും കേൾക്കുന്ന ശബ്ദങ്ങൾ, പാത്രത്തിന്റെ ഒച്ചകൾ എന്നിവയെല്ലാം ചേർന്നുകൊണ്ടാണ് ചലച്ചിത്രം ഭീതികലർന്ന അനുഭവങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നത്.

ഭൂതാവിഷ്ടമായ വീട്

സാമ്പ്രദായിക കുടുംബസങ്കല്പത്തിന്റെ ആവിഷ്‌കാര ഘടനയാണ് വീട്. വീടിന്റെ ഓരോ ഇടങ്ങളിലും പിതൃരൂപങ്ങളുടെ കോയ്മകളും പ്രവർത്തനങ്ങളും നിലനിൽക്കുന്നുണ്ട്. പുറം കാഴ്ചകളിൽ ശാന്തവും സുന്ദരവും സമാധാനപരവുമായി ചിത്രീകരിക്കുന്ന കുടുംബഘടനയെയാണ് പലപ്പോഴും സാമ്പ്രദായിക ചലച്ചിത്രങ്ങൾ പിൻതുടർന്നിട്ടുള്ളത്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി വീടിന്റെ ഘടനാപരമായ ആധിപത്യങ്ങളെ പോലും ചോദ്യം ചെയ്യുന്ന നിലയിലുള്ള കാഴ്ചകളെ അഭിസംബോധന ചെയ്യുവാൻ ഭൂതകാലത്തിന് കഴിയുന്നുണ്ട്.

ചലച്ചിത്രത്തിലെ ഏറ്റവും സംഘർഷഭരിതമായ അവസാനരംഗത്തിൽ പൂമുഖത്തിരിക്കുന്ന പുരുഷനായ പ്രേതരൂപവും കിടപ്പുമുറിയിലെ നിശബ്ദതയിലും ഇരുട്ടിലുമുള്ള സ്ത്രീയായ പ്രേതരൂപവും വീടിന്റെ അധികാരസ്വരൂപത്തെ വ്യക്തമാക്കുന്നുണ്ട്. ഘടനാപരമായും പ്രത്യയശാസ്ത്രപരമായും കുടുംബത്തിന്റെ അധികാരക്രമങ്ങളെ ശക്തമാക്കുന്ന തരത്തിലാണ് വീടും കുടുംബവും നിലനിൽക്കുന്നത്. വീടിന്റെ ഘടന തന്നെ പിതൃകോയ്മകളെ പിന്തുടരുന്നവയാണ് പിന്നാമ്പുറത്തെ വെളിച്ചം കയറാത്ത അടുക്കളയും. പൂമുഖത്തെ ചാരുകസേരയും എല്ലാം ചേർന്ന് നിർമ്മിക്കുന്ന ഘടന അടിസ്ഥാനപരമായി സ്ത്രീവിരുദ്ധമാണ്. ഇത്തരം ഘടനകൾ തന്നെ ജനാധിപത്യ സമൂഹത്തെ സംബന്ധിച്ച് ഭീതി ജനകമാണെന്ന ഓർമ്മയാണ് ചലച്ചിത്രം നൽകുന്നത്. ചന്ദനം മണക്കുന്ന പൂന്തോട്ടവും ചന്ദ്രികമെഴുകിയ മണിമുറ്റവും ഉമ്മറത്തമ്പിളി നിലവിളക്കും ഉച്ചത്തിൽ സന്ധ്യയ്ക്ക് നാമജപവുമായി (അച്ചുവേട്ടന്റെ വീട്) അവതരിപ്പിക്കപ്പെട്ട വീടകങ്ങളിൽ നാമജപം മാത്രമല്ല പെണ്ണുങ്ങളുടെ ഉച്ചത്തിലുള്ള നിലവിളികൾ കൂടി ഉണ്ടായിരുന്നുവെന്ന് ഭൂതകാലം രേഖപ്പെടുത്തുന്നു. ഇത്തരം ഘടനകൾ തന്നെ ജനാധിപത്യ സമൂഹത്തെ സംബന്ധിച്ച് ഭീതി ജനകമാണെന്ന ഓർമയാണ് ചലച്ചിത്രം നൽകുന്നത്.

വിനുവിന്റെ വീട്ടിലേക്ക് ഇടയ്ക്കിടയ്ക്ക് മതിൽക്കെട്ടുകൾക്ക് വെളിയിൽ നിന്ന്​നോക്കുന്ന അയൽവാസിയായ ഒരു സ്ത്രീയെ സിനിമ അവതരിപ്പിക്കുന്നുണ്ട്. അയൽവീടുകളിലേക്കൊളിഞ്ഞു നോക്കുന്ന സാമ്പ്രദായിക നോട്ടമെന്ന നിലയിലാണ് ആദ്യകാഴ്ചയിൽ ഇത് നമുക്ക് അനുഭവപ്പെടുക. എന്നാൽ ചലച്ചിത്രത്തിന്റെ രാഷ്ട്രീയത്തെ വ്യക്തമാക്കുന്ന ക്രിയാത്മകമായ നോട്ടമാണ് അയൽക്കാരിയായ സ്ത്രീയുടേത്. സൈക്കോളജിസ്റ്റിന്റെ അന്വേഷണത്തിൽ അയൽവാസിയായ സ്ത്രീ വിനുവിന്റെ പ്രശ്‌നങ്ങൾക്ക് കാരണം വീടാണെന്ന് പറയുന്നു. ഈ വീട്ടിൽ താമസിച്ചിരുന്നവർക്കെല്ലാം പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അവർ സൂചിപ്പിക്കുന്നു. പലരും ആത്മഹത്യ ചെയ്തു. ചിലർ അതിൽ നിന്നും രക്ഷപ്പെട്ട് ദുരന്തമനുഭവിച്ച് ജീവിക്കുന്നു. എന്നിങ്ങനെയുള്ള അയൽക്കാരിയുടെ വിവരണങ്ങൾ യഥാർത്ഥത്തിൽ കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങളെ തിരിച്ചറിയുന്ന പെൺകാഴ്ചകളാണ്. വിനുവിന്റെ പ്രതിസന്ധികളെ വ്യക്തിഗതപ്രശ്‌നങ്ങളായി ചിത്രീകരിക്കുന്ന ആണധികാരവും വീടിന്റെയും അധികാരത്തിന്റെയും പ്രശ്‌നങ്ങളിലൂടെ വിനുവിനെ തിരിച്ചറിയുന്ന അയൽക്കാരിയും രണ്ടുതരം നോട്ടങ്ങളെയാണ് ഉല്പാദിപ്പിക്കുന്നത്.

വ്യവസ്ഥാപിത പുരുഷാധിപത്യസമൂഹം യാഥാർത്ഥ്യങ്ങളെ തിരിച്ചറിയുന്ന വ്യക്തികളെ ഭ്രാന്തരാക്കി മാറ്റുന്നതിന് തെളിവാണ് അമ്മാവന്റെ ഇടപെടലുകൾ.
ചലച്ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിൽ ഒന്നാണ് ക്ലൈമാക്‌സ്. വീട്ടിനുള്ളിലെ ഓരോ ഇടങ്ങളിലുമുള്ള പ്രേതരൂപികൾ, ആത്മഹത്യ ചെയ്യാനായി കെട്ടിത്തൂക്കിയ കയറ്, വീട്ടിനുള്ളിലെ പല തരത്തിലുള്ള പേടിപ്പിക്കുന്ന ഒച്ചകൾ, വെളിച്ചമില്ലാത്ത പശ്ചാത്തലം, ഭയപ്പെട്ടുനിൽക്കുന്ന അമ്മയും മകനും എന്നിവയെല്ലാം ചേർന്ന് രൂപപ്പെടുത്തുന്ന ഭീതിയാണ് അവസാനരംഗത്തെ സംഘർഷഭരിതമാക്കുന്നത്. വീട്ടകങ്ങൾക്കുള്ളിൽ തളച്ചിടപ്പെട്ട എല്ലാ ഭൂതകാല വ്യവസ്ഥകളും വർത്തമാനകാലങ്ങളോട് ഏറ്റുമുട്ടുന്നു. വിരാട് രൂപങ്ങളായി പൂമുഖത്തിരിക്കുന്ന പ്രേതരൂപിയായ പുരുഷൻ സമഗ്രാധിപത്യത്തിന്റെ പ്രതിനിധിയാണ്. വീടിന്റെ ഉള്ളിൽ നിന്ന്​പുറത്തുകടക്കാനാവാത്ത വിധം അമ്മയെയും മകനെയും ഈ ആധിപത്യരൂപം തടഞ്ഞുനിർത്തുന്നു. വീട്ടിൽ നിന്നും ആദ്യം രക്ഷപ്പെടുന്നത് അമ്മ തന്നെയാണ്. പിന്നീടാണ് മകൻ പുറത്തിറങ്ങുന്നത്. വളരെ പ്രയാസപ്പെട്ട് വീട്ടിൽനിന്ന്​പുറത്തിറങ്ങുന്ന മകനെ ബലിഷ്ഠവും അഴുകിയതുമായ കൈകൾ തടയുന്നുണ്ട്. ഇത്തരം വിലക്കുകൾ കാലാകാലങ്ങളായി വീടകങ്ങളെ സമഗ്രമായി ഭരിക്കുന്ന പുരുഷാധിപത്യവ്യവസ്ഥകൾ രൂപപ്പെടുത്തുന്നതാണ്. പുറത്തേക്കുള്ള വാതിലുകളെ തുറക്കാനാവാത്തവിധം അവ തിരിച്ചുപിടിക്കുന്നു. എല്ലാ സാമൂഹികതകളെയും ഇല്ലാതാക്കിക്കൊണ്ട് വീടുകളുടെ ഉള്ളിൽ തളച്ചിടപ്പെട്ട ജീവിതങ്ങൾ വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് നിരന്തരം നടത്തുന്ന സംവാദമാണ് ഭൂതകാലം എന്ന ചലച്ചിത്രം.

'ഭൂതകാലത്തിൽ' രേവതി
'ഭൂതകാലത്തിൽ' രേവതി

പരമ്പരാഗത ഹൊറർ സിനിമകൾ ഭീതിയുണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്ന യാതൊരു ദൃശ്യാനുഭവങ്ങളും ഈ ചലച്ചിത്രത്തിലില്ല. കരിംപൂച്ചയുടെ നോട്ടവും പട്ടിയുടെ കരച്ചിലും വവ്വാലുകളും രക്തംകുടിക്കുന്ന രക്ഷസ്സുകളും വരുന്ന ഹൊറർ ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷയല്ല ഭൂതകാലം പിൻതുടരുന്നത്. നിത്യജീവിതത്തിലെ പലതരം യാഥാർത്ഥ്യങ്ങളെ തികച്ചും പരിചിതമായ സ്ഥലകാലങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയും അവയ്ക്ക് അപരിചിതമായ ചലനം നൽകി ഭയം ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. അത്തരം ഭയങ്ങൾ യഥാർത്ഥത്തിൽ കുടുംബങ്ങൾക്കുള്ളിൽ സ്വാസ്ഥ്യമായിരിക്കുന്ന ആണധികാരങ്ങൾ രൂപപ്പെടുത്തുന്നവ കൂടിയാണ്. ഭൂതകാലം ഒരു പ്രേതസിനിമയല്ല. അതിൽ പ്രേതങ്ങളുമില്ല. ജീവിച്ചിരിക്കുന്നവരും ജീവിച്ചിരുന്നവരും കൂടിച്ചേർന്ന് നടത്തുന്ന വിനിമയങ്ങളാണ് ചലച്ചിത്രാഖ്യാനത്തെ സചേതനമാക്കുന്നത്.

കണ്ണട ആവർത്തിച്ചുവരുന്ന ഒരു പ്രതീകമായി ചലച്ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മുത്തശ്ശിയുടെ മരണശേഷം കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന കണ്ണട താഴെ വീണ് പൊട്ടുന്നു. മുത്തശ്ശിമാർ കണ്ടുകൊണ്ടിരുന്ന കാഴ്ചവട്ടങ്ങളാണ് ഇവിടെ താഴെ വീണ് ഉടഞ്ഞുപോവുന്നത്. ചലച്ചിത്രവും ഇതേ നിലയിൽ പരമ്പരാഗതമായ നോട്ടങ്ങളുടെ കണ്ണടകളെ പൊട്ടിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ സാമ്പ്രദായികമായി പ്രേതസിനിമകളെ കാണുന്ന കണ്ണട വെച്ച് ഭൂതകാലത്തിലെ കാഴ്ചകളെ കാണാനാവില്ല. കാലാകാലങ്ങളായുള്ള പ്രേതസിനിമകൾ ഭയപ്പെടുത്തിയ മിത്തിക്കൽ സന്ദർഭങ്ങളിൽ നിന്ന്​ മാറിനിന്നുകൊണ്ട് നമ്മെ ആരാണ് ഭയപ്പെടുത്തുന്നതെന്നും എന്തിനാണ് ഭയപ്പെടുത്തുന്നതെന്നുമുള്ള ചോദ്യം ഈ ചലച്ചിത്രം ഉന്നയിക്കുന്നു. കുടുംബങ്ങളിൽ ഭദ്രമായി കുടിയിരിക്കുന്ന ആണധികാരങ്ങളുടെ ചരിത്രത്തെ തെളിച്ചത്തിലേക്കെത്തിക്കുന്നു. ഗൃഹാതുരതയും സ്വപ്നങ്ങളുമായി പടർന്നു പന്തലിച്ച ഭൂതകാലക്കുളിരുള്ള ആഖ്യാനങ്ങളുടെ മറുപുറങ്ങളെ വ്യക്തമാക്കിത്തരുന്നു.


Summary: ഹൊറർ മൂവിയെന്ന നിലയിൽ ‘ഭൂതകാലം’ ഉല്പാദിപ്പിച്ച ഭാവുകത്വപരിസരങ്ങളെ അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള പഠനങ്ങളാണ് മിക്കവാറും ഈ ചലച്ചിത്രത്തെ സംബന്ധിച്ച് ഉണ്ടായിട്ടുള്ളത്. അത്തരം പഠനങ്ങൾക്കുള്ളിൽ പലപ്പോഴും സിനിമ മുന്നോട്ടുവച്ച അധികാരവ്യവസ്ഥയുടെ പ്രശ്‌നവിഷയങ്ങൾ അഭിസംബോധന ചെയ്യപ്പെടാതെ അദൃശ്യമായി തീരുന്നു.


Comments