അധികാര രാഷ്ട്രീയം എന്ന ഹൊറർ, ഭയപ്പെടുത്തും ഭ്രമയുഗം

ഭ്രമയുഗം കേവലം മമ്മൂട്ടി സിനിമയോ അർജുൻ സിനിമയോ അല്ല. അത് പ്രകടനങ്ങളുടെ അനേകായിരം സാധ്യതകളിലേക്ക് വാതിൽകുറക്കുന്ന തിയേറ്ററിക്കൽ അനുഭവമാണ്.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല മുതൽ ടി.ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര വരെ മലയാളിയുടെ വായനാനുഭവങ്ങളിലേക്ക് ഭയം എന്ന വികാരത്തെ കടത്തിവിട്ട ദുർമന്ത്രവാദത്തെയും ആഭിചാരത്തെയും ചാത്തൻസേവയെയുമൊക്കെ അടയാളപ്പെടുത്തുന്ന നിരവധി പുസ്തകങ്ങളുണ്ട്.

ഒരിടത്തൊരിടത്തൊരു മനയുണ്ടായിരുന്നു, അവിടെ ക്രൂരനും ഭീകരരൂപിയുമായ ഒരു മന്ത്രവാദിയുണ്ടായിരുന്നു. അയാളുടെ പക്കമെത്തിയ ഒരാളും ജീവനോടെ മടങ്ങിയില്ല. എന്നാൽ ഒരിക്കൽ വഴിത്തെറ്റി സാധുവായ ഒരു യുവാവ് മന്ത്രവാദിയുടെ മനയിലെത്തി. പിന്നെ... ഇങ്ങനെ പറഞ്ഞുതുടങ്ങുന്ന പഴയ മുത്തശ്ശിക്കഥകളുടെ തിയേറ്ററിക്കൽ അനുഭവമാണ് രാഹുൽ സദാശിവന്റെ ഭ്രമയുഗം.

ഭ്രമയുഗത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കൊടുമൺ പോറ്റി എന്ന കഥാപാത്രം
ഭ്രമയുഗത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കൊടുമൺ പോറ്റി എന്ന കഥാപാത്രം

ആദ്യാവസാനം ബ്ലാക്ക് ആൻഡ് വൈറ്റ് ടോണിലുള്ള സിനിമ ഒരുവേള പോലും പ്രേക്ഷകരെ വിരസതയിലേക്ക് തള്ളിവിടാതെ സിനിമയുടെ ലൂപ്പിലേക്ക് കുരുക്കിയിടുന്നുണ്ട്. അതുതന്നെയാണ് സിനിമയുടെ വിജയവും. ഒരു സ്ഥിരം കെട്ടുകഥ പറച്ചിലല്ല. മറിച്ച്, അധികാരം കയ്യാളുന്നവരെ കുറിച്ച്, പകയെക്കുറിച്ച്, അധികാരത്തിന്റെ വേട്ടയാടലിൽ അസ്ഥിത്വം നഷ്ടപ്പെടുന്ന, അവരവരെ തന്നെ മറന്നുപോകുകയും അടിമയാക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരെ കുറിച്ചുവരെ സിനിമ പ്രേക്ഷകരോട് സംവദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭ്രമയുഗം സാധാരണ മുത്തശ്ശിക്കഥയോ ഹൊറർ സിനിമയോ അല്ല. മറിച്ച് അധികാര രാഷ്ട്രീയമാണ് പ്ലോട്ട്.

അധികാരകേന്ദ്രമായിരുന്നയാൾ ഇല്ലാതയായാൽ അവിടെ ഒന്നും ആരും സ്വതന്ത്രമാകുന്നില്ല. മറിച്ച് പുതിയ രൂപത്തിലും ഭാവത്തിലും അധികാരം രൂപപ്പെടുകയും അടിമകൾ വീണ്ടും സൃഷ്ടിക്കപ്പെടുകയും ചെയ്യും. സിനിമ അവസാനിക്കുമ്പോൾ തിരക്കഥാകൃത്തുകൂടിയായ രാഹുൽ ഇതാണ് പറഞ്ഞുവെക്കുന്നത്. വിരസത നിറയുമ്പോൾ അതിൽ നിന്ന് മോചനം കിട്ടാൻ പകിട കളിയാണ് നല്ലത്. അതേ, അധികാരത്തിന്റെ ചതുരംഗപ്പലകയിൽ സമയവും കാലവും പണയംവെച്ച് ജീവിക്കാൻ പോരടിക്കുന്ന അർജുൻ അശോകന്റെ കഥാപാത്രം അധികാരത്തിന് പുറത്ത് നിൽക്കുന്ന അനവധി മനുഷ്യരുടെ പ്രതീകമാണ്.

മമ്മൂട്ടി അവതരിപ്പിക്കുന്ന കൊടുമൺ പോറ്റി അധികാരത്തിന്റെ മനുഷ്യരൂപമാണ്. അത് കെട്ടുകഥകളിലെ ചാത്തനെ പോലെ, മറ്റുള്ളവരുടെ കാലത്തെയും സമയത്തെയും ജീവനെയും നിയന്ത്രിച്ച് അർമ്മാദിക്കും. 17-ാം നൂറ്റാണ്ടിൽ തെക്കൻ മലബാറിൽ നടക്കുന്ന കഥയാണ് പശ്ചാത്തലം. അവസാനിക്കുന്നത് പുതിയ അധികാരത്തിന്റെ അധിനിവേശം സംഭവിക്കുന്നിടത്താണ്.

ഭ്രമയുഗത്തിൽ അർജുൻ അശോകൻ
ഭ്രമയുഗത്തിൽ അർജുൻ അശോകൻ

ഭ്രമയുഗം ടെക്‌നിക്കലി മികച്ച അനുഭവമാണ്. പശ്ചാത്തല സംഗീതമാണ് സിനിമയുടെ ജീവൻ. ക്രിസ്റ്റോ സേവിയറിന്റെ വിരലുകൾ തിയേറ്ററിലെത്തുന്ന പ്രേക്ഷകരെ സിനിമക്കുള്ളിലേക്ക് വലിച്ചിടുന്നു​. ചിത്രം ഓരോ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴും സംഗീതവും ഒപ്പം വളരുന്നു. ആദ്യ പത്ത് മിനിട്ടിൽ തന്നെ സിനിമ പ്രേക്ഷകരുടേതുകൂടിയാകുന്നു. അതിൽ വിഷ്വൽസ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് കഥ പറച്ചിൽ രീതിയിലെ വിഷ്വൽ ക്വാളിറ്റിയിലും പോരായ്മയും പറയാനില്ല.

ടെക്‌നിക്കൽ പെർഫെക്ഷൻ കഥയോട് എങ്ങനെ ചേരുന്നു എന്നുകൂടി വിലയിരുത്തപ്പെടുത്തേണ്ടതുണ്ട്. ഷെഹ്നാദ് ജെലാലിന്റെ ക്യാമറ കേവലം മികച്ച വിഷ്വലുകൾ പെറുക്കി വെക്കുന്ന രീതിയല്ല സ്വീകരിച്ചിരിക്കുന്നത്. മറിച്ച് കഥക്കും കഥപറച്ചിലിനും കൂടുതൽ സാധ്യതകൾ നൽകി, വൈഡും ക്ലോസപ്പും അവയുടെ വൈകാരിക തീവ്രതയിൽ തന്നെ ഒപ്പിയെടുക്കുന്നുണ്ട്. കൂടുതലും ക്ലോസപ് ഷോട്ടുകളാണ്. കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെ പ്രേക്ഷകരുമായി അടുപ്പിക്കാൻ ഈ രീതി സഹായകമാകുന്നുണ്ട്. ആർട്ട് ഡയറക്ഷൻ, വിഷ്വൽ എഫക്ട്‌സ്, മേക്കപ്പ് തുടങ്ങി സകല മേഖലകളും ഭ്രമയുഗമെന്ന സിനിമാറ്റിക് അനുഭവത്തെ മികച്ചതാക്കുന്നു. ഒരേയൊരു മന, നിറഞ്ഞുനിൽക്കുന്ന ഇരുട്ട്, പെയ്തുകൊണ്ടിരിക്കുന്ന മഴ തുടങ്ങി അടിമുടി പരീക്ഷണം കൂടിയാണ് സിനിമ

അടുക്കും ചിട്ടയുമുള്ള മികച്ച തിരക്കഥ, സംവിധാന മികവ്, എഡിറ്റിങ്ങിലെ മാജിക് തുടങ്ങി അങ്ങേയറ്റം മികച്ച അനുഭവമാകുന്നുണ്ട് ഭ്രമയുഗം. അതിനുമൊക്കെ മുകളിലാണ് പ്രകടനങ്ങൾ. അഞ്ച് കഥാപാത്രങ്ങൾ മാത്രമുള്ള തിരക്കഥ. മൂന്ന് കഥാപാത്രങ്ങൾ മാത്രമാണ് ഉടനീളം സിനിമയിലുള്ളൂ. സിനിമയുടെ ടോട്ടാലിറ്റിക്ക് പ്രാധാന്യം നൽകുന്ന നടനാണ് അർജുൻ അശോകനെന്ന് പലകുറി തോന്നിയിട്ടുണ്ട്. സൗബിൻഷാഹിർ നായകനായ അമ്പിളിയിൽ സെക്കന്റുകൾ മാത്രമുള്ള കഥാപാത്രമായി വന്നുപോയ അർജുൻ ഉദാഹരണം. നടനെന്ന നിലയിൽ അത്ര മികച്ചതെന്ന് പറയത്തക്ക കഥാപാത്രമൊന്നും ഇതുവരെയും അയാൾ ചെയ്തിട്ടില്ല. എന്നാൽ ഭ്രമയുഗം അർജുൻ അശോകന്റെ സിനിമയാണ്.

ഭ്രമയുഗത്തിൽ സിദ്ധാർഥ് ഭരതൻ
ഭ്രമയുഗത്തിൽ സിദ്ധാർഥ് ഭരതൻ

അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വികാരങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അയാളുടെ ഭയം, അതിജീവനം തുടങ്ങി സകല ഇമോഷൻസും പ്രേക്ഷരുടേതുകൂടിയാക്കാൻ അർജുൻ അശോകനെന്ന നടന് സാധിക്കുന്നുണ്ട്. മികച്ച സിനിമകളുടെ സാധ്യതയാണ് രാഹുൽ സദാശിവൻ ഭ്രമയുഗത്തിലൂടെ അർജുന് മുന്നിൽ തുറന്നിടുന്നത്. അർജുനോടൊപ്പം സിദ്ധാർഥ് ഭരതൻ സന്ധിയില്ലാതെ മത്സരിക്കുന്നുണ്ട്. അമൽഡയും മണികണ്ഠൻ ആചാരിയും ചെറുതെങ്കിലും തങ്ങളുടെ ഭാഗം മികച്ചതാക്കി.

മലയാളിയുടെ പലതരം ജീവിതങ്ങളെ അതിന്റെ എല്ലാതരം രസങ്ങളോടും സ്‌ക്രീനിലെത്തിച്ച് കയ്യടി വാങ്ങിയ പ്രതിഭയാണ് മമ്മൂട്ടി. ചന്തുവും, അച്ചൂട്ടിയും, അംബേദ്ക്കറും, ബഷീറും, ഭാസ്‌ക്കരപട്ടേലരും, ബാലൻ മാഷും തുടങ്ങി മമ്മൂട്ടിയിലൂടെ നമ്മളിലേക്കെത്തിയ എത്രയോ കഥാപാത്രങ്ങൾ. മമ്മൂട്ടി വില്ലനാകുന്ന കഥകളിലൊക്കെ ആ കഥാപാത്രങ്ങളെ നമ്മൾ വെറുത്തുപോകുന്നുണ്ട്. ഇവിടെ മനുഷ്യനുമപ്പുറം ഐതിഹ്യകഥളിലെ വില്ലനായി അയാളെത്തുമ്പോൾ സിനിമ പൂർണമായി മമ്മൂട്ടിയുടേതായി മാറുന്നു. ശരീരഭാഷ, സംഭാഷണം, ചിരി തുടങ്ങി ഇന്നുവരെ കാണാത്ത മമ്മൂട്ടിയെ പ്രേക്ഷകർക്ക് സ്‌ക്രീനിൽ കാണാം. ഒരു പരീക്ഷണചിത്രത്തിന്റെ ഭാഗമാകാൻ മടികൂടാതെ ഒരിക്കൽ കൂടി ഈ നടൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു. മലയാള സിനിമയെ പുതിയ തലങ്ങളിലേക്ക് വളർത്താൻ സാധ്യതയുള്ള ഇത്തരമൊരു സിനിമയുടെ ഭാഗമാകാം എന്ന ആ തെരഞ്ഞടുപ്പ് തന്നെ കയ്യടി അർഹിക്കുന്നുണ്ട്.

ഒരേയൊരു മന, നിറഞ്ഞുനിൽക്കുന്ന ഇരുട്ട്, പെയ്തുകൊണ്ടിരിക്കുന്ന മഴ തുടങ്ങി അടിമുടി പരീക്ഷണം കൂടിയാണ് സിനിമ
ഒരേയൊരു മന, നിറഞ്ഞുനിൽക്കുന്ന ഇരുട്ട്, പെയ്തുകൊണ്ടിരിക്കുന്ന മഴ തുടങ്ങി അടിമുടി പരീക്ഷണം കൂടിയാണ് സിനിമ

എന്നാൽ ഭ്രമയുഗം കേവലം മമ്മൂട്ടി സിനിമയോ അർജുൻ സിനിമയോ അല്ല. അത് പ്രകടനങ്ങളുടെ അനേകായിരം സാധ്യതകളിലേക്ക് വാതിൽകുറക്കുന്ന തിയേറ്ററിക്കൽ അനുഭവമാണ്. രാഹുൽ സദാശിവന്റെ മൂന്നാമത്തെ സിനിമയാണിത്. 2022-ൽ പുറത്തിറങ്ങിയ ഭൂതകാലവും പ്രകടനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് മുന്നോട്ട് പോയിരുന്നത്. രണ്ട് സിനിമയിലും കോമൺ ഫാക്ടറായി വരുന്നത് ഭയമെന്ന വികാരമാണ്. ഭൂതകാലത്തിലത് അമാനുഷിക ശക്തികളോടുള്ള ഭയമാണെങ്കിൽ ഭ്രമയുഗത്തിലത് അധികാരത്തോടുള്ള ഭയമാണ്.

Comments