മമ്മൂട്ടി, മോഹൻലാൽ, സുരേഷ്​ ഗോപി: തമ്പുരാൻ നായകരുടെ ന്യൂജെൻ പകർന്നാട്ടങ്ങൾ

അരികുവത്കരിക്കപ്പെട്ട മനുഷ്യരും അവരുടെ ജീവിതവും പ്രമേയമാകുന്ന സിനിമകളുണ്ടാകുകയും നായകന്മാർ മനുഷ്യരായി മണ്ണിലേക്കിറങ്ങിവരികയും ചെയ്യുന്ന ഒരു മാറ്റം മലയാള സിനിമയിലുണ്ടാകുന്നുണ്ട്​. ഈ മാറ്റം കച്ചവടസിനിമാ രംഗത്തെ അധീശവിഭാഗത്തിന് അലോസരം ഉണ്ടാക്കി. ഈ പുതുപ്രവണതയെ, പഴയ തമ്പുരാൻ സെൻസിബിലിറ്റിയുടെ ന്യൂജെൻ ആവർത്തനം വഴി പുനഃപ്രതിഷ്​ഠിക്കാനുള്ള ശ്രമമാണ്​ ഇപ്പോൾ നടക്കുന്നത്​.

മുതലാളിത്ത ആധുനികതയുടെ ഏറ്റവും വിലോഭനീയവും സാങ്കേതികബദ്ധവുമായ കലാരൂപം എന്ന നിലയിൽ ചലച്ചിത്രം സാംസ്‌കാരികാധീശത്വമായി സ്വയം മാറാനുള്ള ശേഷി പ്രകടമാക്കിയിട്ടുണ്ട്. ബഹുജനമാധ്യമം എന്ന നിലയിലുള്ള സിനിമയുടെ ജനപ്രിയത മറ്റു കലാരൂപങ്ങളേക്കാൾ ഉപകരണമാക്കലിന് അതിനെ വിധേയമാക്കി. മലയാളത്തിൽ ‘തമ്പുരാൻ സിനിമകൾ’ അരങ്ങുതകർത്ത ഒരു കാലഘട്ടമുണ്ടായിരുന്നു. അഭിനേതാക്കൾ എന്ന നിലയ്ക്കപ്പുറം താരങ്ങൾ സ്‌ക്രീനിൽ നിറഞ്ഞാടിയ കാലം. സ്ത്രീവിരുദ്ധവും ശാസ്ത്രവിരുദ്ധവും ജനവിരുദ്ധവുമായ ആശയങ്ങൾ നിരുപദ്രവകരമെന്ന നിലയിൽ പ്രക്ഷേപിക്കപ്പെട്ട അഭ്രാവിഷ്‌കാരങ്ങൾ.

സിനിമയുടെ ഘടനയിൽ തന്നെ ഉൾച്ചേർന്നിട്ടുള്ള യാഥാർത്ഥ്യ വിരുദ്ധമായ അസ്തിത്വം ഉപയോഗപ്പെടുത്തിയുള്ള കച്ചവടസിനിമകളായിരുന്നു അവ. വലിയ കയ്യടികൾ യുവാക്കളിൽ നിന്ന്​ നേടിയെടുത്ത ചലച്ചിത്രങ്ങളായിരുന്നു, വിനോദത്തിനുവേണ്ടിയുള്ളതെന്ന് വാഴ്ത്തപ്പെട്ട ഈ സിനിമകൾ. ആ സിനിമകളുടെ രാഷ്ട്രീയവും അരാഷ്ട്രീയതയും ഒട്ടൊക്കെ വിശദമായി വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി സൂപ്പർതാര പദവിയിലുള്ള നടന്മാർ നായകന്മാരായി അത്തരം സിനിമകളിൽ നിറഞ്ഞാടിയിരുന്നു. ആ സിനിമകൾ പ്രസരിപ്പിക്കുന്ന ജനപ്രിയ ആശയങ്ങൾ സമൂഹത്തെ സ്വാധീനിക്കുകയും അവരുടെ ഫാൻ ക്ലബ്ബുകൾ അതിനൊപ്പം വളരുകയും ചെയ്തു. കാഴ്ചക്കാരെ വിശ്വാസികളാക്കി മാറ്റാൻ പോപ്പുലർ സിനിമയ്ക്കുള്ള കഴിവ് അപാരമാണന്ന വാസ്തവം ഉറപ്പിക്കപ്പെടുകയായിരുന്നു.

കുട്ടൻ തമ്പുരാനിൽനിന്ന് ​ആറാം തമ്പുരാനിലേയ്ക്ക്

ജനകീയം (people's) ജനപ്രിയം (popular) എന്നിവയെ ഒരേ അർത്ഥത്തിൽ ഉപയോഗിച്ചുകൊണ്ടുള്ള പ്രയോഗങ്ങൾ സാധാരണ വിനിമയങ്ങളിൽ പതിവാണ്. സിനിമയുടെ കാര്യത്തിൽ ജനപ്രിയമായവയെല്ലാം ജനകീയം എന്നു വിശേഷിപ്പിക്കുന്ന സ്ഥിതിയുണ്ടായി. രഞ്ജിത്തും ജോഷിയും ഷാജി കൈലാസുമെല്ലാം ജനകീയ സിനിമകളെടുക്കുന്ന സംവിധായകർ എന്നറിയപ്പെട്ടു. ഇടതുപക്ഷ പുരോഗമന വിഭാഗങ്ങളിൽപ്പെട്ട രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരിൽ ഏറെപ്പേര് ഇതാണ് ജനകീയ സിനിമ എന്ന് കരുതിപ്പോന്നത് ഇത്തരം സിനിമകൾക്ക്‌ വളരാനുള്ള സ്‌പേസുകൾ വിപുലപ്പെടുത്തി. വ്യവസ്ഥാപിത ഇടതുപക്ഷപൊതുബോധം സാമാന്യേന ഇത്തരം ചലച്ചിത്രങ്ങൾക്കൊപ്പമായിരുന്നു. ഗൗരവമായി എടുക്കപ്പെടുന്ന സിനിമകൾ, കണ്ടാൽ മനസ്സിലാകാത്ത സിനിമകളായി വ്യാഖ്യാനിക്കപ്പെട്ടു. ദേവാസുരം, ധ്രുവം, ആര്യൻ, മാഫിയ, നരസിംഹം, ദി കീംഗ്, ആറാം തമ്പുരാൻ, ലേലം, രാവണപ്രഭു, താണ്ഡവംതുടങ്ങി ഏറെ ചിത്രങ്ങൾ തൊണ്ണൂറുകളുടെ ആദ്യം തുടങ്ങി മൂന്നു ദശകങ്ങളിലായി പിറവി കൊണ്ടിട്ടുണ്ട്. കുട്ടൻ തമ്പുരാനിൽനിന്ന്​ആറാം തമ്പുരാനിലേയ്ക്ക് ആഖ്യാനം വഴിമാറിയ നാൾവഴിയാണത്. ഇത്തരം ചിത്രങ്ങൾ ആഘോഷപൂർവം സ്വീകരിക്കപ്പെട്ടതോടെ അതേ സ്വഭാവമുള്ള ഒട്ടേറെ സിനിമകൾ പീന്നീടുമുണ്ടായി. രഞ്ജിത്തിന്റെ തിരക്കഥകൾ ഇത്തരം സിനിമകൾക്ക്‌ ഉത്തമ മാതൃകകളായി വാഴ്ത്തപ്പെട്ടു.

ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ നിന്ന്

തൊണ്ണൂറുകൾ ഇന്ത്യയുടേയും സവിശേഷമായി കേരളത്തിന്റെയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സവിശേഷപരിവർത്തനമുണ്ടായ കാലമാണ്. അതിനൊപ്പമുള്ള നായകസങ്കൽപവും മലയാളത്തിലെ വ്യാപാരസിനിമയിലുണ്ടായി. അതിനുമുമ്പ്​ തിരശ്ശീലയിലെ പ്രധാനികളായിരുന്ന ജയൻ, സോമൻ, സുകുമാരൻ, രതീഷ് എന്നിവർ നിഷ്‌ക്രമിക്കുകയും മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ താരശരീരങ്ങൾ എൺപതുകളുടെ പകുതിയോടെ സജീവമാവുകയും ചെയ്തു. മധ്യവർഗ കഥാപാത്രങ്ങളുടെ വ്യത്യസ്തരൂപങ്ങൾ അവരിലൂടെ പരീക്ഷിക്കപ്പെട്ടു. വിഭിന്ന ആൺഭാവങ്ങൾക്ക്‌ യോജ്യമായ താരശരീരങ്ങൾ എന്ന നിലയിൽ ഇവർക്ക്‌ ഈ മേഖലയിൽ നിറഞ്ഞുനില്ക്കാൻ കഴിഞ്ഞു. തൊണ്ണൂറുകളുടെ പകുതിയോടെ ഇവരുടെ താരസ്ഥാനം ഉറപ്പിക്കപ്പെട്ടിരുന്നു. അവരുടെ അഭിനയമികവ് അതിൽ വലിയ പങ്കുവഹിച്ചു. ശേഷം അപരഹിംസാത്മകമായ ആണത്തം നിറഞ്ഞ സായുധവും സൈനികവുമായ വാർപ്പുമാതൃകകളുടെ പിറവി ഉണ്ടായി. എൺപതുകളും തൊണ്ണൂറുകളും ആഗോളവല്ക്കരണത്തിന്റേയും അതുണ്ടാക്കിയ ഉപഭോഗതൃഷ്ണയുടേയും സ്വാധീനംഎല്ലാ മേഖലകളിലും നിലവിൽ വന്ന ഘട്ടം കൂടിയാണ്. സിനിമയ്ക്ക് നിർമാണത്തിലും പ്രമേയസ്വഭാവത്തിലും സാങ്കേതികമായും സാംസ്‌കാരികമായും വലിയ പരിവർത്തനങ്ങൾ സംഭവിച്ച കാലഘട്ടം. താരപദവി എന്ന പ്രതിഭാസം വ്യാപകമാവുകയും സമൂഹത്തിൽ അതിന് വലിയ പ്രാധാന്യം കൈവരികയും ചെയ്തു. അന്നത്തെ യുവനടന്മാരുടെ അഭിലഷണീയ ഇടമായും ആഗ്രഹപദവിയായും ഈ താരസങ്കൽപം നിലകൊണ്ടു.

മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻ ലാൽ

വിനോദവ്യവസായത്തിന്റെ രാഷ്​ട്രീയം മാറുന്നു

രണ്ടായിരമാണ്ട്​ കടന്നതോടെ വിനോദവ്യവസായത്തിന്റെ പുതുകാഴ്ചകളിലേയ്ക്ക് മലയാളത്തിലെ മുഖ്യധാര സിനിമാലോകവും കടന്നു. വിപണനതന്ത്രത്തോടൊപ്പം മാറിവരുന്ന രാഷ്ട്രീയാവസ്ഥയും ഇതിനെ സ്വാധീനിച്ചിട്ടുള്ളതായി കാണാം. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെത്തന്നെ ഉപയോഗപ്പെടുത്തി ഇരപിടിയൻ ചങ്ങാത്ത മുതലാളിത്തത്തിന്റെ കാമനകളെ തൃപ്തിപ്പെടുത്തുന്ന ആവിഷ്‌കാരങ്ങൾ ഉണ്ടായി. സംഘപരിവാർ ആശയങ്ങൾ സമൂഹത്തിൽ കൂടുതലായി മേൽക്കൈ നേടുന്നതിന് സമാന്തരമായി സൈനികതയെ ഉദ്‌ഘോഷിക്കുന്ന സിനിമകൾ (കീർത്തിചക്ര, മേജർ, കുരുക്ഷേത്ര, മിഷൻ 90 ഡേയ്​സ്​) സ്വീകാര്യമാവുന്നതായി കാണാം. അത്​ ഇന്നെവിടെയെത്തിനിൽക്കുന്നു എന്ന്​ചില സമകാലിക മലയാള സിനിമകൾ പറയും.

സംരക്ഷണവും സുരക്ഷയും ക്ഷേമപ്രവർത്തനങ്ങളും ഏറ്റെടുക്കുന്നു എന്നു ഭാവിക്കുന്ന ആധുനിക ഭരണകൂടങ്ങളുടെ പ്രത്യയശാസ്ത്രമായ രക്ഷാധികാരഭാവം സുഗമമാക്കുന്നതിന് ഇത് എത്രമാത്രം പ്രയോജനപ്പെടുന്നു എന്നു പഠിക്കേണ്ടതുണ്ട്. ലൂസിഫർ, ഭീഷ്മപർവ്വം, പാപ്പൻ എന്നീ ചലച്ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി ഈ പ്രവണതയുടെ രാഷ്ട്രീയം വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്.

ലൂസിഫറിൽ ഭരണത്തിലുള്ള രാഷ്ട്രീയ പാർട്ടിയുടെ രക്ഷകനായി നായകൻ ആഗതനാകുമ്പോൾ ഭീഷ്മപർവ്വത്തിൽ കുടുംബത്തിന്റെ രക്ഷകനായും പാപ്പനിൽ പൊലീസ് സേനയുടെ രക്ഷകനായും നായകകഥാപാത്രം എത്തുന്നു. ഈ വർഷം, 2022 ലാണ് ഭീഷ്മപർവ്വവും പാപ്പനും ഇറങ്ങിയത്. ലൂസിഫർ 2019 ൽ റിലീസ് ആയതാണെങ്കിലും പിന്നീട് രണ്ടര വർഷത്തോളം കോവിഡ് മൂലം കാര്യമായ സിനിമാ നിർമാണം നടന്നിട്ടില്ലാത്തതിനാൽ അവ തുടർച്ചയായ നിർമാണങ്ങളായി കാണാം.

ഏറ്റവും മികച്ച അഭിനേതാക്കളാണ് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും. തിരശ്ശീലയിൽ ആവിഷ്‌കരിക്കുന്ന കഥാപാത്രങ്ങൾക്ക്‌ പ്രേക്ഷകരുടെ ആദരവോ സ്‌നേഹമോ ഭക്ത്യാദരവോ നേടാൻ കഴിയുന്നതിലൂടെ ലഭിക്കുന്നതാണ് താരപദവി. അറുപതു വയസ്സു കഴിഞ്ഞ ശേഷവും അവർ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ദേശീയപുരസ്‌കാരങ്ങൾ വഴി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി വെല്ലുവിളികളുയർത്തുന്ന വൈവിധ്യമാർന്ന കഥാപത്രങ്ങളെ തേടി അവതരിപ്പിക്കുന്നതിൽ കാണിക്കുന്ന താത്പര്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ഈയടുത്ത കാലത്തും നെഗറ്റീവ് ഷെയിഡുള്ള സങ്കീർണ സ്വഭാവികളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി. പ്രേംനസീറും മധുവുമെല്ലാം ഈ പ്രായത്തിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭൂതകാലവും മലയാളസിനിയ്ക്കുണ്ട്. അന്നത്തെ അവസ്ഥയിൽ അവയെല്ലാം സാധാരണ മനുഷ്യരുടെ വേഷങ്ങളായിരുന്നു. ചലച്ചിത്രസ്രഷ്ടാവായ സംവിധായകന്റെ രൂപഭാവസങ്കല്പങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ പെരുമാറാൻ മാത്രമേ ചലച്ചിത്ര അഭിനേതാക്കൾക്ക്‌ കഴിയൂ എന്നത് ഇവിടെ കാണാതിരിക്കുന്നില്ല.

പൃഥ്വീരാജിനേക്കാൾ യുവാവായ മോഹൻലാൽ

ഡ്രഗ് മാഫിയയുടെ സ്വാധീനത്തിൽപ്പെടുന്ന ഭരണരാഷ്ട്രീയപാർട്ടിയേയും അതുവഴി ജനങ്ങളേയും വീരോചിതമായി രക്ഷിക്കുന്ന കഥാപാത്രമായാണ് മോഹൻലാൽ, ആശിർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ലൂസിഫറിൽ വേഷമിടുന്നത്. യുവതാരങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വിരാജും ടൊവിനോയും അഭിനയിക്കുന്നത് ഈ കഥാപാത്രത്തിന്റെ സഹായി ആയോ അനുയായി ആയോ ആണ്.

ലൂസിഫർ സിനിമയുടെ ചിത്രീകരണത്തിനിടെ

രക്ഷകവേഷത്തിലെത്തുന്നത് താരം അവതരിപ്പിക്കുന്ന കഥാപാത്രം തന്നെ. ബുദ്ധിയും മസിൽപവറും ഒരു പോലെ ഉപയോഗിക്കാനറിയുന്ന ഒരു അമാനുഷൻ. അമാനുഷശക്തിയുള്ള തലവനായി വരുന്നത് മോഹൻലാലാണ്. യുവാവായ പൃഥ്വിരാജ് അത്​ മോഹൻലാലിന് വിട്ടുകൊടുക്കുന്നതു പോലെയാണ്. മധ്യവയസ്സ് പിന്നിട്ട താരമാണ് എല്ലാം തികഞ്ഞ നായകനാവാൻ ഉചിതം എന്നും അതിനാണ് അംഗീകാരം ലഭിക്കുക എന്നുമുള്ള മനസ്സിലാക്കലാവണം ഇതിനു പിന്നിൽ. പുതിയ കാലത്തിനു ചേർന്ന സമർഥമായ ചേരുവകൾ നിറഞ്ഞ മുരളി ഗോപിയുടെ കഥയും അതിനൊത്ത പെർഫക്ഷനോടെയുള്ള പൃഥ്വിരാജിന്റെ സംവിധാനവും ഈ സിനിമയെ വലിയ തിയറ്റർ വിജയത്തിലെത്തിച്ചു.
ദൈവത്തിന്റെ സ്വന്തം നാടിന്റെ കഥയെന്ന പരസ്യവുമായി പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

മൈക്കിളപ്പൻ എന്ന പാട്രിയാർക്ക്​

ഭീഷ്മപർവ്വം എന്ന ചിത്രത്തിൽ ഈ രക്ഷകവേഷം മുതിർന്ന പക്വമതിയായ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഭീഷ്മപർവ്വം. ഒരു കുടുംബത്തിന്റെ തലവനായി മാറുന്ന സഹോദരനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിൾ.

ഭീഷ്മ പർവ്വത്തിലെ ഒരു രംഗം

നോട്ടത്തിൽ തന്നെ മറ്റുള്ളവരെ ദഹിപ്പിക്കാൻ ശേഷിയുള്ള ആൾ. വിധേയരായ മറ്റുള്ളവരാൽ വലുതാക്കപ്പെടുന്ന കഥാപാത്രം. ഭീഷ്മപർവ്വത്തിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം മധ്യവയസ് പിന്നിട്ട ആളാണ്. എഴുപത് വയസ് പിന്നിട്ട മമ്മൂട്ടി അത്തരം കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് പൊതുവിൽ സ്വാഭാവികവും പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ഉണ്ടാക്കുന്നതുമാണ്. പക്ഷേ, പേശീബലത്തിലും ധൈര്യത്തിലും ചടുലതയിലും എല്ലാം ആർക്കും വെല്ലാൻ കഴിയാത്ത ഒരു തലവനായ (chieftain)പുരുഷനാണ് അത്. അയാൾ മൈക്കിളപ്പനാണ്. വലിയ അഞ്ഞൂറ്റി കുടുബത്തിന്റെ പാട്രണ് /പാട്രിയാർക്ക്‌. പ്രത്യേകിച്ചും യുവാക്കൾക്കൊന്നും സ്വപ്നം കാണാൻ കഴിയാത്ത ബലത്തിനുടമയായ ഒരാൾ. ലീഡർ എന്ന സ്വത്വം നിരന്തരം ഉത്പാദിപ്പിക്കുന്ന ഒരു നായകവേഷം. ഈ ഗ്രൂപ്പുതലവനെ ആരാധനയോടെ അനുസരിക്കാൻ വിധിക്കപ്പെട്ടവരാണ് കൂടെയുള്ളവർ. എതിർ പാളയത്തിലുള്ളവരും ഇയാളുടെ വീരപരിവേഷത്താൽ ആകർഷിക്കപ്പെട്ട് കഴിയുന്നവരാണ്. ആ വേഷം തന്റേതായ രീതിയിൽ ചെയ്യുകയാണ് മമ്മൂട്ടി. മമ്മൂട്ടി എന്ന മികച്ച അഭിനയശേഷിയുള്ള നടനെ അധീശവ്യവസ്ഥ ഉപയോഗപ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തമായി ഇതിനെ കാണാം.

മക​ളേക്കാൾ കേമൻ പാപ്പൻ

പാപ്പൻ എന്ന ചിത്രത്തിലാകട്ടെ സുരേഷ് ഗോപി ഈ ദൗത്യം ഏറ്റെടുക്കുന്നു. ഒരു കുറ്റാന്വേഷണമാണ് സിനിമയിലെ പ്രമേയം. എല്ലാം തികഞ്ഞവനും ആദർശ ധീരനുമായ പൊലീസ് ഓഫിസർ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നേരത്തെ തന്നെ കഴിവ് തെളിയിച്ചിട്ടുള്ള നടനാണ് സുരേഷ് ഗോപി . ഈ ചിത്രത്തിൽ അയാൾ റിട്ടയർ ചെയ്ത പോലിസ് ഓഫീസറാണ്. ആർ.ജെ. ഷാന്റെ രചനയിൽ സീനിയർ സംവിധായകനായ ജോഷിയാണ് പാപ്പൻ സംവിധാനം ചെയ്തത്. ജോഷി ഇവിടെ കാലികമായ മാറ്റം വരുത്തി എന്നു പറയാം.

പാപ്പനിലെ ഒരു രംഗം

ഇവിടെ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ചെയ്യാനുള്ളതും നേരത്തെ പറഞ്ഞ ആശയം തന്റേതായ രീതിയിൽ പ്രസരിപ്പിക്കുകയാണ്. സർവീസിലുള്ള ഐ.പി.എസ്. ഓഫീസറേക്കാൾ ബഹുകേമനായിരിക്കും സുരേഷ് ഗോപി അവതരിപ്പിക്കുന്ന റിട്ടയേർഡ്‌ പൊലീസ് ഓഫീസർ എബ്രഹാം മാത്യു എന്നു പ്രത്യേകം പറയേണ്ടതില്ല. തന്റെ മകളാണ് കേസന്വേഷിക്കുന്ന ഐ.പി.എസ്. ഓഫീസർ എന്നതിനാൽ ഇവിടെ പാപ്പനുമാണ് അയാൾ. തന്ത ചമയേണ്ട ആവശ്യം പോലുമില്ല. വളർത്തുമകൾക്ക്​ നിഴലായി ഒപ്പമുണ്ട്. നേരത്തെ കേസ് അന്വേഷിച്ച അയാൾക്ക്‌ എല്ലാമറിയാമെന്ന് മാത്രമല്ല, എല്ലാം നേരിടാനുള്ള കായികശേഷിയുമുണ്ട്. പൊലീസ് ഓഫീസറായ മകൾ റിട്ടയർ ചെയ്ത പൊലീസ് ഓഫീസറായ പാപ്പനെക്കാൾ കഴിവ് കുറഞ്ഞവളാക്കപ്പെടുന്നു. പൊലീസ് ബുദ്ധിയുടെ കാര്യത്തിൽ പാപ്പനോളം വരാൻ പാടില്ല മകൾ. ഭാവനയും സാഹസികതയും എല്ലാം പാപ്പനാകണം കൂടുതൽ.

ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി പാർട്ടി
നേതാവാകുന്നത് മുഖ്യമന്ത്രിയുടെ സ്വന്തം ചോയ്‌സ് എന്ന നിലയിലാണ്. പാർട്ടി ജനാധിപത്യം ഒന്നും നല്ലവനായ അയാളുടെ കാര്യത്തിൽ ബാധകമല്ല. പാപ്പനിലാകട്ടെ സർവീസ് നിയമങ്ങൾക്കപ്പുറം പോയി കാര്യങ്ങൾ ചെയ്യാൻ വിരമിച്ച പൊലിസ് ഓഫീസർക്ക് കഴിയുന്നു. മൈക്കിളപ്പന് തർക്കങ്ങൾ കയ്യൂക്കിന്റെ ബലത്തിൽ തീർക്കുന്നതിന് കഴിയും. നിയമത്തെ മറികടക്കാനുള്ള ആൾക്കൂട്ടാംഗീകാരത്തിന്റെ ലൈസൻസ് ആണത്. അമ്പത്താറിഞ്ച് നെഞ്ചളവുള്ള രാഷ്ട്രീയ നായകർക്കുമാത്രമല്ല നിയമം ബാധകമല്ലാത്തത്.

കീഴാളതയുടെ സ്​ക്രീൻ ആഖ്യാനങ്ങൾ

സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടേയും ദലിത് പ്രസ്ഥാനങ്ങളുടേയും ഇടപെടലുകളുടെ തുടർച്ചയായി ഉണ്ടായ പുതിയ ഭാവുകത്വം മലയാളസിനിമയിൽ ഒരു ദശകം മുമ്പേ ഇതിനിടെ പ്രതിഫലിക്കപ്പെട്ടു തുടങ്ങിയിരുന്നു. അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതത്തിലെ സങ്കടങ്ങളും പ്രതിരോധവും സർഗാത്മകതയും ആവിഷ്‌കരിക്കപ്പെടുന്ന സിനിമകൾ ഉണ്ടായി. അതിന്റെ ഭാഗമായി നായകന്മാർ മണ്ണിലേക്കിറങ്ങിവന്നു. ഇവ ശ്രദ്ധിക്കപ്പെട്ടു. പ്രേക്ഷകരിലേയ്ക്ക് അവ എത്തി. അവർക്ക് ‘തമ്പുരാൻ സിനിമ’കളുടെ പരിഹാസ്യതയും പ്രതിലോമതയും വെളിപ്പെട്ടത് ഈ സിനിമകൾ കണ്ടതോടെയാണ്.

കമ്മട്ടിപ്പാടം

ട്രാഫിക്ക്, കമ്മട്ടിപ്പാടം, കുമ്പളങ്ങി നൈറ്റ്‌സ്, ആമേൻ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഉയരെ, തണ്ണീർ മത്തൻ ദിനങ്ങൾ, വികൃതി, മൂത്തോൻ, ഹെലൻ, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ... ഇങ്ങനെ ജീവിതം പറയുന്ന ലളിതമായ ആവിഷ്‌കാരങ്ങൾ പിറന്നു. മലയാളി പ്രേക്ഷകസമൂഹത്തിന്റെ സിനിമാ നായകസങ്കൽപം ഉടച്ചുവാർക്കുന്നതിന് പ്രാപ്തമായ ഒരു മാറ്റം. പക്ഷേ, ഈ മാറ്റം കച്ചവടസിനിമാ രംഗത്തെ അധീശവിഭാഗത്തിന് അലോസരം ഉണ്ടാക്കി. സാമ്പ്രദായികമായ നായക അപ്രമാദിത്വത്തെ വെല്ലുവിളിച്ച കീഴാളകഥാപാത്രങ്ങളും സ്ത്രീദൃശ്യതയും അവർക്ക് പ്രശ്‌നമായിരുന്നു.

ഇതോടൊപ്പം, ചലച്ചിത്രങ്ങളിലെ അധീശത്വ ബന്ധങ്ങളെ വിശകലനം ചെയ്യുന്ന കീഴാളവിചാരങ്ങളും സ്ത്രീവാദപ്രരിപ്രേക്ഷ്യങ്ങളും ഉള്ള പുതുപഠനങ്ങൾ വന്നു. പൊതുവിൽ വിമർശനാത്മക അന്വേഷണങ്ങളുടെ വർധനവുണ്ടായി. മലയാളസിനിമ വച്ചുപുലർത്തുന്ന വരേണ്യമായ വ്യവഹാരമാതൃകകളോട് കലഹിക്കുന്ന പഠനങ്ങൾ എണ്ണത്തിൽ കുറവായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടു. അവ ചലച്ചിത്രനിരൂപണത്തിന്റെ സാംസ്‌കാരികപാഠങ്ങളായി നിലകൊണ്ടു. സിനിമാപഠനങ്ങളിലെ പ്രധാന പ്രവണതകളായി ഇവ മാറി. ഈയൊരു ഭാവുകത്വത്തെ മറികടക്കുക എന്നൊരു ലക്ഷ്യം കൂടി നേരത്തെ സൂചിപ്പിച്ച സൂപ്പർ നായക സിനിമകൾക്കുണ്ട്. അഭിലഷണീയമായി രൂപപ്പെട്ട ഒരു പ്രവണതയെ അട്ടിമറിക്കുന്നതാണിത്. മണ്ണിൽ കാലുറപ്പിച്ചുനില്ക്കുന്ന സിനിമകൾ പ്രസരിപ്പിക്കുന്ന അത്തരം അന്തരീക്ഷം തകർത്താലേ ഈ സിനിമകൾക്കു
നിലനിൽപ്പുള്ളൂ. മണ്ണിന് മണവും ചൂരുമുള്ള അത്തരം ജീവിതാവിഷ്‌കാരങ്ങൾ മലയാളസിനിമാ പ്രേക്ഷകരുടെ അനുഭൂതിസ്ഥാനമായി ഉയർത്തിക്കൊണ്ടുവരാൻ പക്ഷേ കഴിഞ്ഞില്ല.

കീഴാളരുടെ സന്നിഹിതത്വത്തേയും ഉടലടയാളങ്ങളേയും സ്വീകാര്യമാക്കുന്ന തുടർ സിനിമാ പ്രവർത്തനങ്ങൾ വേണ്ടത്ര ഉണ്ടായില്ല. ആദ്യമലയാള ചിത്രത്തിൽ നായികയായി അഭിനയിച്ച ദലിത് അഭിനേത്രിക്ക് നാടുവിടേണ്ടിവന്ന നാടാണ് കേരളം. അത് വംശഹത്യാ കാമനകൾ ശക്തിപ്പെടുന്നൊരു കാലത്ത് നിരന്തരം പുതുസൃഷ്ടികളിലൂടെ ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, അധീശതാരശരീരത്തെ സ്ഥിരപ്പെടുത്താനുദ്ദേശിക്കുന്ന ചലച്ചിത്രരചനകൾ അപ്രത്യക്ഷമായില്ല. തിരമലയാളത്തിന്റെ കാഴ്ചാനുഭവങ്ങൾവീണ്ടും പുതിയ ആണത്തഘോഷണങ്ങളിലമർന്നു. ദൃശ്യരതിയെ അധികാരരതിയിലേക്ക് ഉയർത്താനൂക്കുന്ന പുതിയ ചലച്ചിത്രങ്ങൾ രംഗപ്രവേശം ചെയ്തു.

പുത്തൻ സാ​ങ്കേതികതയുടെ പേശീബലപ്രയോഗങ്ങൾ

മൂലധനചാലകതയും എല്ലാ മേഖലകളിലും സ്വാധീനവുമുള്ള സിനിമാ രംഗത്തെ സമ്പന്നമായ വിഭാഗമാണ് താരങ്ങളുടെ സഹായത്തോടെ ഈ നിർമാണങ്ങൾ നടത്തുന്നത്. സമഗ്രാധിപത്യപരമായ നോക്കുപാടുകളെ പ്രച്ഛന്നമായി സിനിമയിൽ സന്നിവേശിപ്പിക്കാൻ ഈ ലോബിയ്ക്ക് സാധിക്കുന്നുണ്ട്. വിരാട് പുരുഷന്റെ വിശ്വനായകരൂപവും അവരുടെ അവതാരലീലകളും സാങ്കേതികമേന്മയോടെ പുതുക്കപ്പെട്ടു. ആക്ഷൻ സീക്വൻസുകൾ, പ്രൊഡക്ഷൻ ഡിസൈൻ, ടെകനിക്കൽ പെർഫെക്ഷൻ, എഡിറ്റിംഗ്, പഞ്ച് ഡയലോഗ്, സ്റ്റണ്ട് കൊറിയോഗ്രാഫി എന്നിങ്ങനെ വിവിധ മേഖലകളിൽ നവീനത വരുത്തി മലയാളത്തിലെ പണംവാരി പടങ്ങൾ അതിജീവിച്ചു. റോബോട്ടിക് കാമറകൾ സിനിമയുടെ കാമനാതലത്തിൽ ഫോക്കസ് ചെയ്തു. അതിന്റെ ഫലമാണ് ആഗോള കലക്ഷനിൽ മുന്നിട്ടുനില്ക്കുന്ന സമീപവർഷങ്ങളിലിറങ്ങിയ മോഹിതരൂപസൃഷ്ടികൾ.

റോബോട്ടിക് ക്യാമറ ഉപയോഗിച്ച് ഭീഷ്മ പർവ്വത്തിലെ രംഗം ചിത്രീകരിക്കുന്നു

തങ്ങൾ നിർണയിക്കുന്ന അധികാരബന്ധങ്ങൾക്കകത്തുമാത്രമേ ചലച്ചിത്രരംഗമാകെ ചലിക്കാവൂ എന്ന തീർപ്പുകളുമായാണിവർ ഇക്കാലത്തും പ്രവർത്തിക്കുന്നത്.

കഥാപാത്ര(താര)ത്തിനനുകൂലമായുള്ള പ്രേക്ഷകരുടെ വൈകാരികമായ ഉൾച്ചേരലിനെ ലക്ഷ്യം വച്ചുള്ള ദൃശ്യവിന്യാസമാണ് പുതിയ സാങ്കേതികത പ്രദാനം ചെയ്യുന്നത്. ആധുനികമായ ചിത്രസന്നിവേശരീതികൾ ഇതിനായി ഉപയോഗപ്പെടുത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കാനാണ് സംവിധായകർ ശ്രമിക്കുന്നത്. ഇതിൽ ഏറ്റവും വിജയിക്കുന്ന സംവിധായകർ കച്ചവടസിനിമാരംഗത്ത് വിരാജിക്കുന്നു. സിനിമാത്മകതയിൽ കൂടുതൽ ശ്രദ്ധിച്ച് ചലച്ചിത്രത്തെ കുറ്റമറ്റതാക്കിത്തീർക്കാൻ ഈ ന്യൂജെൻ തമ്പുരാൻ സിനിമ പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട്. അതിനാൽ, സിനിമയെ ഗൗരവമായി വിലയിരുത്തുന്നവരിൽ ചിലരിൽ പോലും ഈ ഘടകത്തെ മുൻനിർത്തി
അനുകൂലപ്രതികരണം ഉണ്ടാക്കാൻ ഇവർക്ക്‌ കഴിയുന്നുണ്ട്. ശബ്ദത്തിന്റെ സവിശേഷമായ പ്രയോഗംവഴി പ്രേക്ഷകർക്കുമേൽ നായകന്റെ പേശിബലപ്രകടനത്തിന് കൂടുതൽ ഇഫക്റ്റുണ്ടാക്കുന്നു. നാടകീയ മുഹൂർത്തങ്ങളെ ധ്വനിസമ്പന്നമാക്കി ഈ ശബ്ദഘോഷം മുന്നേറുന്നു. ദൃശ്യപരമായ ചലനാത്മകതയ്ക്ക് ആവേഗവും ചടുലതയും നല്കി നായകകേന്ദ്രത്തിനുചുറ്റും കറങ്ങുന്ന മണ്ഡലമാണ് ഇവയെല്ലാം വഴി സൃഷ്ടിക്കപ്പെടുന്നത്.

ഒരൊറ്റ രാത്രികൊണ്ട് നിസ്വരുടെ ചേരികൾ ഒഴിപ്പിക്കാൻ കഴിവുള്ള നമ്പർ തമ്പുരാന്മാരെ പുനഃപ്രതിഷ്ഠിക്കുന്നതിന് മുഖപ്രസാദം നഷ്ടപ്പെട്ട കുലദൈവങ്ങളെ പുതിയ രീതിയിൽ കുടിയിരുത്താനുള്ള ശ്രമങ്ങൾ അണിയറയിൽ ഒരുങ്ങിയതിനാണ് നാം സാക്ഷികളാകുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ ദിവ്യത്വം നിറഞ്ഞ ഉടൽരൂപങ്ങളായി കാണുന്ന ബോധം അങ്ങനെ വേരറ്റുപോകാതെ ഉറപ്പിച്ചുനിർത്താനാണ് ശ്രമം. അതിനെ നിഷ്‌കളങ്കമായ ഒന്നായി കാണാനാവില്ല. പ്രായമായ താരങ്ങളെ പുതുക്കിയെടുത്തുണ്ടാക്കുന്ന ഇത്തരം രക്ഷാധികാരി നായകകഥാപാത്രങ്ങൾ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുയോജ്യമാം വിധം രൂപപ്പെട്ടതാണെന്നുകാണാം. യുവജന സംഘടനകൾ മുമ്പ് പ്രകടിപ്പിച്ചിരുന്ന സമരവീര്യം നശിച്ച് ചില നിരുപദ്രവകരമായ പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. തങ്ങളെ നയിക്കുന്ന ഭയങ്കരമാനശക്തിയുള്ള പാർട്ടിനേതൃത്വത്തെ തിരുത്താനുള്ള ശേഷി ഇന്ന്​ ഒരു യുവജന സംഘടനയ്ക്കും ഇല്ല എന്ന വാസ്തവം കാണുക. അവർ വൃദ്ധനേതൃത്വത്തേക്കാൾ ചിന്തയിലും പ്രവൃത്തിയിലും വൃദ്ധരായിത്തീർന്നിരിക്കുന്നു. തങ്ങൾക്ക് നേതൃത്വത്തെ മറികടക്കാനോ തിരുത്താനോ ആവില്ലെന്ന് അവർ തന്നെ സമ്മതിച്ച മട്ടാണ്. അല്ലെങ്കിൽ അവരെ അത്തരത്തിൽ പരുവപ്പെടുത്തുകയും ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഒരു ഇടതുപക്ഷ രാഷ്ടീയ പാർട്ടിയുടെ നേതൃത്വത്തിനു പോലും ഇത്​ നിഷ്​പ്രയാസം ചെയ്യാൻ സാധിക്കുന്ന വിധം ശ്രേണീബദ്ധമായ ഒരന്തരീക്ഷം ഇവിടെ സംജാതമായിട്ടുണ്ട്. രാജ്യത്തുള്ള അതോറിറ്റേറിയൻ ഭരണകൂടത്തിന്റെ സാന്നിധ്യം തങ്ങളിലേയ്ക്ക് അരിച്ചുകയറ്റുന്ന പേടിയുടെ വലയത്തിനുള്ളിലാണ് യുവജനവും. തമ്പുരാൻ സിനിമകളുടെ ഈ സമകാലികപതിപ്പ് വ്യവസ്ഥയുടെ ആനുകൂല്യം പറ്റി നിലനിൽക്കാനാഗ്രഹിക്കുന്ന എല്ലാ പാർട്ടികൾക്കും പിന്തുണയ്ക്കാൻ പറ്റുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ ഇത്തരം ക്യാരക്ടറൈസേഷന് സാർവത്രിക പിന്തുണ ലഭിയ്ക്കുന്നു.അധികാരികളുടെ ഭാവനകളാൽ നിർമിക്കപ്പെട്ട വ്യാജബലഹീനതകളെ പ്രശ്‌നവത്കരിക്കാതെ യുവത്വംഅതു അബോധമായി സ്വീകരിക്കുകയാണ് ചെയ്യുന്നത്. അമാനുഷമായ ഒരു ഫ്യൂററെ സങ്കൽപിക്കുകയും അത്​ വെള്ളിത്തിരയിൽ കണ്ട്​സായൂജ്യമടയുകയും ചെയ്യുന്ന യുവാക്കളെ നിലനിർത്തുകയാണ് ഇവിടെ ലക്ഷ്യം.

ഈ ഒരു കഥാപാത്രപരിസരം താരപദവിയുടേയും വ്യവസ്ഥാപിതത്വത്തിന്റേയും തുടർച്ചയെ സാധ്യമാക്കുന്ന ഒന്നാണ്. ടെലിവിഷൻ ഷോകളിലും സിനിമാപ്രമോഷൻ പരിപാടികളിലേയും മുതിർന്ന താരത്തിന്റെ ശരീരഭാഷയും യുവതാരങ്ങളുടെ പ്രകീർത്തനങ്ങളും ശ്രദ്ധിച്ചാൽ ഇക്കാര്യം കൂടുതൽ ബോധ്യപ്പെടും. തന്നെപ്പറ്റിയുള്ള യുവ അഭിനേതാക്കളുടെ പുകഴ്ത്തലുകൾ ആസ്വദിച്ചിരിക്കുന്ന അമാനുഷ താരത്തെ അവിടെ കാണാം. പ്രകീർത്തനങ്ങൾ പലപ്പോഴും അഭിനയമികവിനെ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്നതല്ലെന്നതാണ് വാസ്തവം. താരം അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ അമാനുഷ സ്വഭാവത്തിന് അതിലൊരിടമുണ്ട്. അത് ഒരു തരത്തിലുള്ള വിധേയത്വം സൃഷ്ടിക്കുന്നു. (പാർവതിയെപ്പോലുള്ള ചില അഭിനേത്രികൾ ഇതിനപവാദമായി ഉണ്ടെന്നത് വിസ്മരിക്കുന്നില്ല).

താരസംഘടനയായ എ.എം.എം.എയുടെ ഘടനയിലും പ്രവർത്തനങ്ങളിലുമുള്ള ശ്രേണീകരണത്തിലും ഇത്​ പ്രതിഫലിക്കുന്നു. തല മുതിർന്ന താരങ്ങളുടെ തണലിൽമാത്രം നിൽക്കാനും തൊഴിലെടുക്കാനും തുനിയുന്ന അഭിനേതാക്കൾ. ഇവയെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ആശയലോകം നിലനിൽക്കുന്നുണ്ട്. അതിനെ പ്രമോട്ട് ചെയ്യുംവിധമാണ് ന്യൂജെൻ കച്ചവട സിനിമകൾ പിറക്കുന്നത്.

‘കുലപതി’യുടെ കഥയോടെ മാത്രം തുടങ്ങുന്ന ഓണപ്പതിപ്പുകളും വാർഷിക പതിപ്പുകളുമാണല്ലോ നമുക്കുള്ളത്. വ്യവസ്ഥയ്‌ക്കെതിരായുള്ള വിമർശനങ്ങൾ അവസാനിപ്പിച്ച സെലിബ്രിറ്റികളെയാണ് മാധ്യമങ്ങൾക്കും
പഥ്യം. സിനിമയിൽ മാത്രമായി അതിനൊരു മാറ്റമുണ്ടാവുക വിഷമമാണ്.

Comments