കാമമെന്നും പ്രണയമെന്നും കലാപമെന്നും കഥകളിഭ്രമമെന്നും

‘‘എം.ജി.ആറിന്റെ അച്ഛൻ ഗോപാലമേനോന് സ്മാർത്തവിചാരത്തിനുശേഷമാകാം, നാടുവിട്ടു പോകേണ്ടിവന്നുവെന്ന് അനുമാനിക്കാം. അദ്ദേഹവും സത്യഭാമയും തമ്മിലുള്ള വിവാഹത്തിലൂടെ എം. ജി.ആർ എന്ന നടനും രാഷ്ട്രീയനേതാവും ഉണ്ടായി. എം. ജി.ആറിനെ പോലെയുള്ള നടനൊപ്പം പാശത്തിൽ അഭിനയിച്ച ആ നടിക്ക് പിന്നെന്ത് സംഭവിച്ചു?’’- എസ്. ബിനുരാജ് എഴുതുന്ന ‘മിക്സഡ് ബാഗ്’ തുടരുന്നു.

Mixed Bag- 12

1962-ൽ ഇറങ്ങിയ എം.ജി.ആർ ചിത്രമായ പാശത്തിന് ഒരു പ്രത്യേകതയുണ്ട്.

കേരളചരിത്രത്തിലെ അവിസ്മരണീയമായ, എന്നാൽഅഭിശപ്തമായ ഒരു അനാചാരവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന രണ്ടുപേർ അഭിനയിച്ചു എന്നതാണ് പാശത്തിൻ്റെ സവിശേഷത. ഇതിൽ ഒരു സാധുപെൺകുട്ടിയുടെ വേഷത്തിൽ അഭിനയിച്ച നടിയുടെ ആദ്യചിത്രമായിരുന്നു പാശം. പക്ഷേ നായകനായ എം.ജി.ആറിന്റെ കഥാപാത്രം മരിക്കുന്ന ചിത്രത്തെ അദ്ദേഹത്തിന്റെ ആരാധകർ അംഗീകരിക്കാത്തതിനാലാവും, ചിത്രം ബോക്സോഫിസിൽ പരാജയപ്പെട്ടു. അതുകൊണ്ടാവാം ഈ നടിയും ശ്രദ്ധിക്കപ്പെട്ടില്ല.

എം.ജി.ആർ

1917 ജനുവരി 17ന് ശ്രീലങ്കയിലെ കാൻഡിയിലാണ് മരുതൂർ ഗോപാലൻ രാമചന്ദ്രൻ ജനിക്കുന്നത്. പിൽക്കാലത്ത് രാമചന്ദ്രൻ ചലച്ചിത്ര നടനാവുകയും എം. ജി.ആർ എന്ന ചുരുക്കപ്പേരിൽ പ്രസിദ്ധനാവുകയും ചെയ്തു. എം. ജി.ആർ തന്റെ ജനനത്തീയതി വളരെ രഹസ്യമായി വച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മുരുകൻ ടാക്കീസ് ഉടമയുമായ പരമശിവ മുതലിയാർ 1978 ജനുവരി 17ന്, അതായത് എം. ജി.ആറിന് 60 വയസ് പൂർത്തിയായ ദിവസം, പത്രങ്ങളിൽ വലിയ പരസ്യം നൽകി മക്കൾ തിലകത്തിന് സർപ്രൈസ് കൊടുത്തുകളഞ്ഞു. എങ്കിലും തൻ്റെ ജനനവർഷം 1917 ആണോ 1918 ആണോ എന്നതിൽ ഉറപ്പില്ലെന്ന് എം. ജി.ആർ പിന്നീട് പറഞ്ഞിരുന്നു.

സമ്പന്നമായ മേലകത്ത് കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ മേലകത്ത് ഗോപാലമേനോൻ. തന്റെ ആത്മകഥയായ 'നാൻ ഏൻ പിറന്തേൻ' എന്ന പുസ്തകത്തിൽ എം. ജി.ആർ അമ്മ മരുതൂർ സത്യഭാമയെ കുറിച്ച് വിശദമായി പറയുന്നുണ്ടെങ്കിലും അച്ഛനെ കുറിച്ച് വളരെ കുറച്ച് മാത്രമേ പരാമർശമുള്ളു. ഏക്കർകണക്കിന് നെൽവയലും തടിവ്യാപാരവുമുള്ള കൊല്ലങ്കോടിന് സമീപത്തെ വടവന്നൂരിലെ സമ്പന്ന വെള്ളാളർ കുടുംബത്തിൽ നിന്നായിരുന്നു എം. ജി.ആറിന്റെ അമ്മ മരുതൂർ സത്യഭാമ. ഗോപാലമേനോന്റെ മൂന്നാം ഭാര്യയായിരുന്നു ഇവർ. ഇത്രയും സമ്പന്ന കുടുംബത്തിൽ പെട്ട ഒരു പെൺകുട്ടിയെ മൂന്നാം കെട്ടായി വിവാഹം കഴിച്ചുകൊടുക്കേണ്ടി വന്നുവെങ്കിൽ ആ കുടുംബത്തിന് സമ്പത്തിന് ക്ഷയമുണ്ടായതായി അനുമാനിക്കാം. അതുമല്ലെങ്കിൽ ജാതകപ്രശ്നമോ അന്നത്തെ സവിശേഷ സാഹചര്യങ്ങളോ ആവാം. എന്തായാലും അത് ഒരു ‘ഭാഗ്യജാതക’മുള്ള ഒരു കുട്ടിയുടെ പിറവിക്ക് കാരണമായി എന്നത് സത്യമാണല്ലോ. മൂന്നാം വിവാഹമായതുകൊണ്ടാവും സ്വസമുദായത്തിൽ നിന്നല്ലാതെ വെള്ളാളരിൽ നിന്നള മേനോൻ വിവാഹം ചെയ്തതെന്നും അനുമാനിക്കാം.

ആദ്യഭാര്യയായ ഇരിങ്ങാലക്കുട വട്ടപ്പറമ്പിൽ മീനാക്ഷിയമ്മയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയശേഷം മേനോൻ വീണ്ടും വിവാഹം കഴിച്ചുവെങ്കിലും ആ പെൺകുട്ടി പെട്ടെന്ന് മരിച്ചു പോയി. തുടർന്ന് മൂന്നാമതായി മരുതൂർ സത്യഭാമയെ വിവാഹം കഴിച്ചു.

എം. ജി.ആറിന്റെ അമ്മ മരുതൂർ സത്യഭാമ

സ്ഥാനം കൊണ്ട് അംഗരഥ ശങ്കുണ്ണി മന്നാടിയാരുടെ മകൻ ഗോപാലമേനോൻ മോശക്കാരനായിരുന്നില്ല. മന്നാടിയാർ നായർ എന്ന സമുദായത്തിൽ പെട്ടയാളാണ് ഗോപാലമേനോൻ എന്ന് പഴയ ചില ചരിത്രരേഖകളിൽ കാണുന്നു. അദ്ദേഹത്തിന്റെ അച്ഛൻ മന്നാടിയാരും അമ്മ നായരും ആവാം. മരുമക്കത്തായവ്യവസ്ഥ തുടർന്നിരുന്ന നായർ സമുദായത്തിൽ പെട്ടവർ അമ്മയുടെ കുടുംബപ്പേരോ ജാതിപ്പേരോ ആണ് പേരിനൊപ്പം ചേർത്തിരുന്നത്.

പഠനത്തിൽ മിടുക്കനായ ഗോപാലമേനോൻ കൊച്ചി സർക്കാരിന് കീഴിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥനായി നിയമിതനായി. അരൂർ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ അദ്ദേഹം മജിസ്ട്രേട്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് 'ദ്രാവിഡം പാടിയ തിരൈപ്പടങ്ങൾ' എന്ന ലേഖനത്തിൽ അരന്തൈ നാരായണൻ എഴുതുന്നു.

സമ്പന്ന കുടുംബത്തിലെ പ്രമാണിയുടെ സന്താനമായതുകൊണ്ടുതന്നെ ഗോപാലമേനോൻ ആരെയും വകവച്ചിരുന്നില്ല. നാട്ടുകാര്യങ്ങളിൽ ഇടപെടാനും തീർപ്പുകൽപ്പിക്കാനും അദ്ദേഹം അസാമാന്യമായ വൈഭവം ചെറുപ്പത്തിലേ പ്രകടിപ്പിച്ചിരുന്നുവെന്ന് തമിഴ് സിനിമാലോകത്തെ കുറിച്ച് ഏറെ എഴുതിയിട്ടുള്ള എഴുത്തുകാരൻ ചാരു നിവേദിത തന്റെ 'തീരാ കാതലി' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഇതിന് ഉദാഹരണമായി ഒരു സംഭവവും അദ്ദേഹം ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. എം. ജി.ആറിന്റെ അമ്മ പറഞ്ഞ് എം. ജി.ആർ കേട്ടതോ മറ്റോ ആണ് ഈ സംഭവം.

ഒരിക്കൽ നാട്ടിലെ കുളക്കടവിൽ വച്ച് ഒരു നമ്പൂതിരി യുവാവ് പൂർണനഗ്നനായി ഒരു നായർ യുവതിയെ പിടിച്ചു നിർത്തി സംസാരിക്കുന്നത് യുവാവായ ഗോപാലമേനോൻ കാണാനിടയായി. തന്റെ കൈയിലുള്ള ചൂരൽ കൊണ്ട് നഗ്നനായ നമ്പൂതിരിയുടെ പൃഷ്ഠം നോക്കി മേനോൻ നല്ല അടി വച്ചു കൊടുത്തു. ഒരു നായർ നമ്പൂതിരിയെ തല്ലുന്നത് അന്ന് വലിയ വിപ്ലവമാണ്. സ്വാഭാവികമായും ഇത് കുറെ കോലാഹലമുണ്ടാക്കിയെങ്കിലും മേനോൻ കുലുങ്ങിയില്ലത്രെ.

എം. ജി.ആറും വിദ്വാൻ വി. ലക്ഷ്മണനും/ photo: antrukandamugam

മജിസ്ട്രേട്ടായി സേവനമനുഷ്ഠിക്കുമ്പോൾ ഭൂമി തർക്കവുമായി ബന്ധപ്പെട്ട ഒരു കേസിൽ മേനോനെ സ്വാധീനിക്കാൻ ഒരു കൂട്ടർ ശ്രമിച്ചു. വഴങ്ങാതെ വന്നപ്പോൾ അദ്ദേഹത്തെ ഉദ്യോഗത്തിൽ നിന്നും നീക്കാൻ അവർ ശ്രമം തുടങ്ങി. തൽക്ഷണം ഗോപാലമേനോൻ രാജി നൽകി എന്നാണ് 'മക്കൾ തിലകം എം. ജി.ആർ' എന്ന പുസ്തകത്തിൽ വിദ്വാൻ വി. ലക്ഷ്മണൻ എഴുതിയിട്ടുള്ളത്. എം. ജി.ആറിന്റെ സഹായിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു വിദ്വാൻ വി. ലക്ഷ്മണൻ. അദ്ദേഹത്തോട് ഇതെല്ലാം പറഞ്ഞത് എം. ജി.ആർ തന്നെയാണ്. ഇത് എം. ജി.ആർ തന്റെ അമ്മയോ ബന്ധുക്കളോ പറഞ്ഞ് അറിഞ്ഞതാവും. തന്റെ ആത്മകഥയിൽ എം. ജി.ആർ അച്ഛനെ കുറിച്ച് മൗനം പാലിക്കുന്നുണ്ടെങ്കിലും അടുത്ത സുഹൃത്തുക്കളോട് അഭിമാനത്തോടെ അദ്ദേഹത്തെ കുറിച്ച് പറ‍ഞ്ഞിരുന്നു എന്നല്ലേ മനസിലാക്കേണ്ടത്?

പക്ഷേ ഇങ്ങനെ തന്റേടിയും അഭിമാനിയുമായ ഗോപാലമേനോൻ വല്ലാത്തൊരു കെണിയിൽ പെട്ടു. വിധവയായ ഒരു നമ്പൂതിരി യുവതിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടു എന്ന കാരണത്താൽ അന്നത്തെ ആചാരമനുസരിച്ച് ഗോപാലമേനോൻ ഭ്രഷ്ടനായി. ഇത് കേരളത്തിലെ ആദ്യത്തെ സ്മാർത്തവിചാരമെന്നാണ് നമ്പൂതിരി സമുദായത്തിന്റെ വെബ് സൈറ്റിൽ പറയുന്നത്. ഇത് നടന്നത് 1903-ൽ കുന്നംകുളത്തിനടുത്തുള്ള ഒരു ഇല്ലത്തുവച്ചാണ്. താനുമായി സംസർഗ്ഗത്തിൽ ഏർപ്പെട്ട 15 പുരുഷന്മാരുടെ പേര് ആ യുവതി സ്മാർത്തവിചാരവേളയിൽ വെളിപ്പെടുത്തി. പല ജാതിയിൽപെട്ട പല തൊഴിലുകൾ ചെയ്യുന്ന 15 പേരിൽ ഗോപാലമേനോനും ഉൾപ്പെട്ടു.

ഭ്രഷ്ടയാക്കപ്പെട്ട നമ്പൂതിരി യുവതിയെ ചാലക്കുടിപ്പുഴയുടെ തീരത്തുള്ള ഒരു കെട്ടിടത്തിലാണത്രെ പിന്നീട് താമസിപ്പിച്ചത്. ഇവർക്കുള്ള ചെലവും മറ്റും കൊച്ചീ രാജ്യത്തുനിന്നു തന്നെ നൽകിയിരുന്നു.

അവൾ പേരു പറഞ്ഞു,
പിന്നെ അവരുടെ ജീവിതം
മാറിപ്പോയി

സ്മാർത്തവിചാരത്തിനുശേഷം ഗോപാലമേനോൻ തമിഴ്നാട്ടിലേക്ക് പോയെന്നും പിന്നീട് അവിടെ വച്ചാണ് സത്യഭാമയെ വിവാഹം കഴിച്ചതെന്നും സംശയിക്കാം. ഭ്രഷ്ടനാക്കപ്പെട്ടതിനാൽ സ്വസമുദായത്തിൽ നിന്ന് വിവാഹബന്ധം മേനോന് സാധ്യമായിരിക്കില്ല. 1911-ലാണ് മേനോൻ - സത്യഭാമ ദമ്പതികളുടെ മൂത്ത മകൻ ചക്രപാണി ജനിക്കുന്നത്. ചക്രപാണിക്കുശേഷം ഇവർക്ക് ഒരു മകൾ കൂടി ജനിച്ചു. അതിനു​ശേഷമാണ് 1917-ൽ രാമചന്ദ്രൻ ജനിക്കുന്നത്. പെൺകുട്ടിക്ക് തങ്കം എന്നായിരുന്നു പേര്. 1903-ൽ സ്മാർത്തവിചാരം നടന്നു എന്നത് വസ്തുതയാണെങ്കിൽ ഇതിനു ശേഷമാവാം ഗോപാലമേനോൻ സത്യഭാമയെ വിവാഹം കഴിച്ചതെന്ന് അനുമാനിക്കാം.

എം. ജി.ആറിന്റെ അച്ഛൻ ഗോപാലമേനോൻ

പക്ഷേ അന്ന് തമിഴ്നാട് എന്നു പറയുന്നത് മറ്റൊരു ദേശമോ സംസ്ഥാനമോ അല്ല. അന്ന് തമിഴ്നാടും ഇന്നത്തെ കേരളത്തിലെ മലബാർ പ്രദേശങ്ങളെ പോലെ ബ്രിട്ടീഷ് ഇന്ത്യയിലെ മദിരാശി പ്രസിഡൻസിയുടെ ഭാഗമാണ്. സത്യഭാമ വടവന്നൂരിലെ വെള്ളാള സമുദായത്തിൽ നിന്നുള്ളതാകയാലും കൊല്ലങ്കോട് അന്ന് കൊച്ചീരാജ്യത്തിന് പുറത്താകയാലും മേനോൻ സ്വന്തം ദേശം വിട്ട് വിവാഹബന്ധം സ്ഥാപിച്ചു എന്നു പറയാം. പക്ഷേ മജിസ്ട്രേറ്റ് ഉദ്യോഗത്തിലിരുന്ന മേനോൻ അതിനു ശേഷം അന്ന് സിലോൺ എന്നറിയപ്പെട്ട ഇന്നത്തെ ശ്രീലങ്കയിൽ പോയത് എന്തിനാവും? അച്ഛന് യാത്രകൾ ഇഷ്ടമുള്ളതുകൊണ്ട് എന്നാണ് ചക്രപാണി ഇതിനെക്കുറിച്ച് പറഞ്ഞതെന്ന് 'എം ജി ആർ ഒരു തമിഴരെ' എന്ന പുസ്തകത്തിൽ രാജു പുലവർ എന്ന എഴുത്തുകാരൻ എഴുതുന്നു.

അവിടെ ഒരു സ്കൂളിലാണ് അദ്ദേഹത്തിന് ജോലി കിട്ടിയത്. കേരളത്തിലെ മൂന്നാർ പോലെ കാൻഡി മനോഹരമായ തോട്ടം മേഖലയാണ്. നിരവധി തമിഴ് കുടിയേറ്റ തൊഴിലാളികൾ അന്ന് അവിടെയുണ്ട്. അവരുടെ കുട്ടികൾ പഠിച്ചിരുന്ന സ്കൂളിലാവണം മേനോൻ ജോലി ചെയ്തത്. എം. ജി.ആർ ജനിച്ച ശേഷം ഗോപാലമേനോനും കുടുംബവും കേരളത്തിലേക്ക് മടങ്ങിവന്നു. എം. ജി.ആറിന് രണ്ടര വയസുള്ളപ്പോൾ മേനോൻ മരിച്ചു. അധികം വൈകാതെ എം. ജി.ആറിന്റെയും ചക്രപാണിയുടെയും ഏക സഹോദരി തങ്കവും മരിച്ചു.

ഗോപാലമേനോന്റെ ജീവിതവും സ്മാർത്തവിചാരവുമായും ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ പിന്നെയും ബാക്കിയാവുന്നുണ്ട്. അന്ന് സ്മാർത്തവിചാരത്തിൽ വിചാരണക്കിരയാകുന്ന സ്ത്രീ ഏതു പുരുഷന്റെ പേര് പറഞ്ഞാലും അയാൾ ഭ്രഷ്ടനാവും. മേനോന്റെ പൂർവകാലം നോക്കുമ്പോൾ അദ്ദേഹം ചിലരുമായി ഇടഞ്ഞുവെന്ന് നമ്മൾ മനസിലാക്കിയതാണല്ലോ. സ്വത്തു തർക്കത്തിലെ നിലപാടും അതിനുമുമ്പ് വഷളൻ നമ്പൂതിരിയെ തല്ലിയ സംഭവവും ഓർക്കുക. സ്മാർത്തവിചാരത്തിലെ പട്ടികയിൽ മേനോനെ മനഃപൂർവം പെടുത്തിയതാണോ എന്ന് സംശയിക്കാവുന്ന മറ്റ് ചില സംഗതികൾ കൂടിയുണ്ട്.

കുട്ടികളുടെ ജനനത്തിനുശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങി എന്നതുതന്നെ ആദ്യത്തെ കാരണം. മറ്റൊന്ന്, അദ്ദേഹത്തിന്റെ മരണശേഷം സത്യഭാമയും കുട്ടികളും കേരളത്തിൽ തന്നെ കുറച്ചു കാലം ഉണ്ടായിരുന്നു എന്നത്. ഭ്രഷ്ട് കൽപ്പിക്കപ്പെട്ട ഒരാൾക്ക് അന്നത്തെ സാഹചര്യത്തിൽ സ്വദേശത്തേക്ക് മടങ്ങിവരാനോ അയാളുടെ കുടുംബത്തിന് നാട്ടിൽ നിൽക്കുവാനോ പ്രയാസമാണ്.

മരുതൂർ സത്യഭാമയും കുട്ടികളും പിന്നീട് തമിഴ്നാട്ടിലെ കുംഭകോണത്തേക്ക് പോകുന്നുണ്ട്. അതിനുകാരണം സാമ്പത്തികപ്രശ്നം തന്നെയാണ്. മരുമക്കത്തായം പിന്തുടർന്ന ഈ കുടുംബത്തിലെ കുട്ടികളായ രാമചന്ദ്രനും ചക്രപാണിക്കും സ്വത്തൊന്നും ലഭിച്ചില്ല. താൻപോരിമയുള്ള സ്ത്രീയായിരുന്നു സത്യഭാമ. സഹോദര സ്ഥാനത്തുള്ളയാളും അകന്ന ബന്ധുവുമായ വേലു നായരാണ് സത്യഭാമയെയും കുട്ടികളെയും തമിഴ്നാട്ടിലെ കുംഭകോണത്ത് എത്തിക്കുന്നത്. ഏതോ ഒരു ഘട്ടത്തിൽ സത്യഭാമ വേലുനായരെ ചെരുപ്പുകൊണ്ട് തല്ലുന്നത് എം. ജി.ആർ ഓർക്കുന്നുണ്ട്. വർഷങ്ങൾക്കുമുമ്പ് വേലുനായർ സത്യഭാമയെ ഇതുപോലെ തല്ലിയതിന്റെ പ്രതികാരമായിരുന്നത്രെ അത്. കടുത്ത പട്ടിണിയിലും മരിക്കാതെ ആ കുടുംബം പിടിച്ചു നിന്നതിനുപിന്നിൽ സത്യഭാമയുടെ തന്റേടം ഒന്നു കൊണ്ടു മാത്രമാണ്.

പിന്നീട് സത്യഭാമയുടെ സഹോദരൻ നാരായണൻ നായരാണ് എം. ജി.ആറിനെയും സഹോദരൻ ചക്രപാണിയെയും മധുര ഒറിജിനൽ ബോയ്സ് കമ്പനി എന്ന നാടകക്കമ്പനിയിൽ എത്തിക്കുന്നത്. അതാണ് മക്കൾ തിലകത്തിന്റെ മുതൽ നടിപ്പ് തട്ടകം. സത്യഭാമയുടെ സഹോദരനെ കുറിച്ച് പറയുമ്പോൾ വീണ്ടും അന്ന് നിലവിലുണ്ടായിരുന്ന സങ്കീർണമായ ജാതിബന്ധങ്ങളെ കുറിച്ച് എഴുതേണ്ടി വരും. സത്യഭാമ വെള്ളാളർ ആണെങ്കിൽ സഹോദരൻ നാരായണൻ നായർ ആയത് എങ്ങനെ? മരുതൂർ സത്യഭാമയുടെ അച്ഛന് നായർ സ്ത്രീയിലുണ്ടായ മകനാവാം നാരായണൻ നായർ. ഇതൊക്കെ ചികഞ്ഞെടുക്കാൻ ഇന്ന് ചരിത്രരേഖകളും ലഭ്യമല്ല.

ഒരു മലയാളിയാണ് താനെന്ന് പറയാൻ എം. ജി.ആറിന് മടിയായിരുന്നു. തന്റെ പൂർവികർ പൊള്ളാച്ചിയിലെ കൊങ്ങുനാട് വെള്ളാളരിൽ പെട്ട മന്നാടിയാർമാരാണ് എന്നാണ് 'എം ജി ആർ ഒരു തമിഴരെ' എഴുതിയ രാജു പുലവരോട് എം. ജി.ആർ പറഞ്ഞിട്ടുള്ളത്. കരുണാനിധിയുമായുള്ള അകൽച്ചക്കുശേഷമാണ് തന്റെ മലയാളി സ്വത്വം എം. ജി.ആർ മറച്ചുവയ്ക്കാൻ കൂടുതൽ ശ്രമിച്ചതെന്നും രാജു എഴുതുന്നു.

കാമം, വിചാരണ, പലായനം, ആത്മഹത്യ

ഗോപാലമേനോനെ സ്മാർത്തവിചാരമെന്ന കെണിയിൽ പെടുത്തിയതാണോ എന്ന് നിശ്ചയമില്ല. പക്ഷേ, 1905-ലെ കുപ്രസിദ്ധമായ താത്രീ സ്മാർത്തവിചാരത്തിനുശേഷം തന്നെ ഭോഗിച്ചുവെന്ന് വിചാരണത്തിനിരയാവുന്ന സ്ത്രീ പറയുന്ന പുരുഷന്മാർക്കും തങ്ങളുടെ ഭാഗം പറയാൻ അവസരം ലഭിച്ചു. 64 പുരുഷന്മാരുടെ പേരുകൾ താത്രി പറഞ്ഞുവെങ്കിലും അന്നത്തെ വ്യവസ്ഥയനുസരിച്ച് അവർക്കാർക്കും അവരുടെ ഭാഗം വാദിക്കാൻ അവസരമുണ്ടായിരുന്നില്ല. ആ പുരുഷൻമാരുടെ രഹസ്യഭാഗങ്ങളിലെ അടയാളങ്ങൾ മുതൽ അവർ നൽകിയ സമ്മാനങ്ങൾ വരെ വള്ളിപുള്ളി വിടാതെ താത്രി പറഞ്ഞതിനാലും അങ്ങനെ ഒരു ചോദ്യം ഉയർന്നില്ല.

താത്രി പറഞ്ഞ പേരുകളിൽ പെട്ട കുഞ്ഞിരാമൻ നമ്പീശൻ എന്ന കഥകളി പാട്ടുകാരൻ ഭ്രഷ്ടനായി. അദ്ദേഹം നാടുവിട്ടുകാശിക്കു പോയി. മടങ്ങി വന്നില്ല. കാവുങ്ങൽ ശങ്കരപ്പണിക്കർ എന്ന പ്രസിദ്ധ കഥകളി നടനും താത്രീ സ്മാർത്തവിചാരത്തിൽ ഭ്രഷ്ടനായി.

“ആരെയായിരുന്നു അവൾക്കാവശ്യം? കീചകനെയോ ആ വേഷം കെട്ടിയ ശങ്കരപ്പണിക്കരെയോ? ” എന്ന് എം. ഗോവിന്ദൻ സർപ്പം എന്ന കഥയിൽ ചോദിക്കുന്നുണ്ട്. കീചകവേഷത്തിൽ തന്നെ തന്റെയടുത്ത് എത്തണമെന്ന് കാവുങ്ങലിനോട് താത്രി ശാഠ്യം പിടിച്ചുവെന്നാണ് കേൾവി. കഥകളിയോട് അസാധാരണമായ കമ്പമായിരുന്നു താത്രിക്ക്. ശങ്കരപ്പണിക്കരുടെ കീചകവേഷം പ്രസിദ്ധമായിരുന്നു. ഭ്രഷ്ടനായ കാവുങ്ങൽ കണ്ണീർ വീണ തന്റെ കഥകളിപ്പെട്ടിയുമായി നാടുവിട്ടു.

‘പരിണയം’ സിനിമയിൽ നിന്ന്

കൊല്ലവർഷം 1091-ൽ, അതായത് 1916-ലാവാം, അദ്ദേഹം പാലക്കാട്ട് വലിയ പാടത്ത് ഭാര്യാഗ്രഹത്തിൽ സ്ഥിരതാമസമാക്കി. അവിടെ കുറച്ചുനാൾ കഥകളിയോഗം നടത്തി കാലം കഴിച്ചു. കൊല്ലവർഷം 1111 മിഥുനത്തിൽ അതായത് 1936-37 ജൂലായിലോ ജൂണിലോ പനി പിടിച്ചു മരിച്ചു. പരിണയം എന്ന ചിത്രത്തിൽ ഇദ്ദേഹത്തിൻ്റെ അനുഭവമാണ് എം.ടി മനോഹരമായി സന്നിവേശിപ്പിച്ചത്.

ഇതുപോലെ സ്മാർത്തവിചാരണ ഉയർത്തിവിട്ട വിലാപങ്ങൾ ഏറെയാണ്. ചിലർ നാടുവിടുകയും ചിലർ ആത്മഹത്യ ചെയ്യുകയും ഉണ്ടായിട്ടുണ്ട്. കുടുംബത്തോടെയുള്ള ആത്മഹത്യകളും സംഭവിച്ചിരിക്കാം. നീണ്ടുപോയ സ്മാർത്തവിചാരണയുടെ ചെലവുകാരണം സാമ്പത്തികമായി തകർന്നുപോയ ഇല്ലങ്ങളുടെ കഥയും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല.

കുറിയേടത്ത് താത്രിക്ക്
പിന്നെ എന്ത് സംഭവിച്ചു?

“നാഗപ്പാലകൾ പൂത്തുനിറയുന്ന കറുത്തപക്ഷങ്ങളിൽ ഒടുങ്ങാത്ത സർപ്പകാമങ്ങൾക്ക് നടുവിൽ, ഉറയൂരിയ മണിനാഗം പോലെ ഒരു കന്യക കിടന്നു. പൊൻപൂക്കുല ഞൊറി കൊണ്ട് മാർവിടം മറച്ച ആ സ്വർണ്ണനാഗത്തിനു ചുറ്റും കാളകൂടം ചീറ്റുന്ന പുരുഷകാമങ്ങൾ ഫണം വിടർത്തിയാടി” !താത്രിക്കുട്ടിയുടെ സ്മാർത്തവിചാരത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ ഇങ്ങനെ എഴുതുന്നു. താത്രിയുടെ ഇല്ലമായ കുറിയേടത്തിന്റെയും അടുത്തുള്ള കണ്ടഞ്ചാത മനയുടെയും അതിരിടുന്നത് ചിത്രകുടക്കല്ലുകൾ ഒക്കെയുള്ള ലക്ഷണമൊത്ത സർപ്പക്കാവായിരുന്നു.

ഇങ്ങനെ ഭാവനയുടെ നിറം പിടിപ്പിച്ച ചരിത്രമായും കഥയായും പാട്ടായും ചലച്ചിത്രമായുമെല്ലാം താത്രിക്കുട്ടി നമ്മുടെ മനസുകളിൽ നിറഞ്ഞാടിയിട്ടുണ്ട്. പക്ഷേ താത്രിക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നുള്ള വസ്തുനിഷ്ഠമായ അന്വേഷണങ്ങൾ വളരെ കുറച്ചു മാത്രമേ നടന്നിട്ടുള്ളു. 1882 ജനുവരി ഏഴ് ചൊവ്വാഴ്ച തൃക്കേട്ട നക്ഷത്രത്തിലാണത്രെ താത്രിയുടെ ജനനം. ഇത് ചില ജ്യോത്സ്യന്മാർ പ്രശ്നം വച്ച് കണ്ടെത്തിയ നഷ്ടജാതകമാണെന്ന് പറയപ്പെടുന്നു. 1897-ൽ, തന്റെ പതിനഞ്ചാം വയസിൽ താത്രി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഈ കുഞ്ഞ് തൃശൂർ സനാന ആശ്രമത്തിൽ എൽസി എന്ന പേരിൽ വളരുമ്പോഴാണ് താത്രിയുടെ വിവാഹമെന്നും പറയപ്പെടുന്നു.

“തൃശൂർ മിഷൻ ക്വാർട്ടേഴ്സിലെ ആൾ സെയിന്റ്സ് സി എസ് ഐ പള്ളിയിലെ മാമ്മോദിസ രജിസ്റ്ററിൽ 1905 ഡിസംബർ മാസത്തിൽ 10 വയസുള്ള ഒരു ഹിന്ദു പെൺകുട്ടി എൽസി എന്ന പേരിൽ ജ്ഞാനസ്നാനം സ്വീകരിച്ചതായി രേഖയുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ കോളത്തിൽ പുറജാതി എന്നാണ് രേഖപ്പെടുത്തി കാണുന്നത്”. ഇത് അഡ്വ. ബിജു കൈപ്പൻ പ്ലാക്കൻ എഴുതിയ കുറിയേടത്ത് താത്രിവിചാരത്തിന്റെ കാണാപ്പുറങ്ങൾഎന്ന പുസ്തകത്തിൽ നിന്നാണ്. എൽസി എന്ന ഈ കുട്ടിയും തടത്തിൽ തോമസ് എന്ന വ്യക്തിയും തമ്മിൽ ഇതേ പള്ളിയിൽ വച്ച് 1911 ആഗസ്റ്റ് 29ന് വിവാഹിതരായ രേഖയും ഇവിടെയുണ്ടെന്ന് ഈ പുസ്തകത്തിൽ പറയുന്നു. കുശിനിക്കാരനായിരുന്ന തോമസ് പിന്നീട് ദന്തവൈദ്യനായി. ഡെന്റൽ മെക്കാനിക്ക് ആയിരിക്കാനാണ് സാധ്യതയെന്നും അക്കാലത്ത് തൃശൂർ ഭാഗത്ത് ഡെന്റൽ മെക്കാനിക്കുകളും ഡെന്റിസ്റ്റ് എന്നാണ് അറിയപ്പെട്ടതെന്നും അഡ്വ ബിജു ഈ പുസ്തകത്തിൽ പറയുന്നു.

എൽസി- തോമസ് ദമ്പതികളുടെ ഒരു മകളായ ഗ്രേസ് ഡാർളി ആന്റണി നെറ്റോ എന്ന റെയിൽവേ ജീവനക്കാരനെ വിവാഹം കഴിച്ചു. അവർ പോത്തന്നൂരിലേക്ക് പോയി.

തീരാത്ത കഥകൾ,
അന്വേഷണങ്ങൾ

എം.ജി.ആറിന്റെ അച്ഛൻ ഗോപാലമേനോന് സ്മാർത്തവിചാരത്തിനുശേഷമാകാം, നാടുവിട്ടു പോകേണ്ടിവന്നുവെന്ന് അനുമാനിക്കാം. അദ്ദേഹവും സത്യഭാമയും തമ്മിലുള്ള വിവാഹത്തിലൂടെ എം. ജി.ആർ എന്ന നടനും രാഷ്ട്രീയനേതാവും ഉണ്ടായി. എം. ജി.ആറിനെ പോലെയുള്ള നടനൊപ്പം പാശത്തിൽ അഭിനയിച്ച ആ നടിക്ക് പിന്നെന്ത് സംഭവിച്ചു?

ഈ നടി പി. ഭാസ്ക്കരന്റെ ഭാഗ്യജാതകം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയ സംഭവം പറഞ്ഞിട്ടുണ്ട്.

“യാക്കൂബ് സാഗർ എന്നൊരു വൻ തടിവ്യവസായിയുണ്ടായിരുന്നു. ബോംബെയിലും ജപ്പാനിലും ബിസിനസ് നടത്തുന്ന യാക്കൂബിന്റെ ബാപ്പ അറബിയും അമ്മ കോഴിക്കോട്ടുകാരിയുമാണ്. യാക്കൂബ് പി. ഭാസ്ക്കരനുമായി ചേർന്ന് ചിത്രസാഗർ ഫിലിംസ് ഉണ്ടാക്കി".

അക്കാലത്തെ ചലച്ചിത്രനടികളിൽ മിക്കവരുമായും അടുത്ത ബന്ധം പുലർത്തിപ്പോന്ന യാക്കൂബ് സാഗറാണ് ഒരിക്കൽ ഈ നടിയെ പി. ഭാസ്ക്കരന് പരിചയപ്പെടുത്തിയതെന്നും അടുത്ത ദിവസം തന്നെ ക്യാമറാ ടെസ്റ്റ് നടത്തി പി. ഭാസ്ക്കരൻ ഈ നടിയെ ഭാഗ്യജാതകത്തിലേക്ക് തിരഞ്ഞെടുത്തുവെന്നും ചലച്ചിത്രവൃത്തങ്ങളിൽ പരമു അണ്ണൻ എന്ന പേരിൽപ്രസിദ്ധനായ ശോഭനാ പരമേശ്വരൻ നായർ പറഞ്ഞിട്ടുണ്ട്.

ഇനി പി. ഭാസ്ക്കരന്റെ ആത്മകഥയിൽ ഭാഗ്യജാതകത്തെ കുറിച്ച് പറയുന്ന ഭാഗം ഒന്ന് നോക്കാം: “1962-ൽ പുറത്തിറങ്ങിയ ഭാഗ്യജാതകത്തിൽ അഭിനയിച്ച ഈ നടി റെയിൽവേ ഉദ്യോഗസ്ഥനായ അച്ഛൻ ആന്റണിക്കും അമ്മ ഗ്രേസിക്കുമൊപ്പം ഏറെക്കാലമായി പോത്തന്നൂരിലായിരുന്നു താമസിച്ചിരുന്നത്. റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കലാമേളകളിൽ നാടകാഭിനയം തുടങ്ങിയ ആ പെൺകുട്ടി പിന്നീട് എസ്.എസ്. രാജേന്ദ്രന്റെ നാടകത്തിലെ നടിയായി.”.

1990 ജനുവരി 21ന് മലയാള മനോരമയുടെ സൺഡേ സപ്ലിമെന്റിൽ ഈ നടിയുമായി രാമചന്ദ്രൻ നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ നടി തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്:
“അമ്മയുടെ കുടുംബം നമ്പൂതിരിമാരായിരുന്നു. അമ്മ ഗ്രേസി. അമ്മയുടെ അമ്മയുടെ പേര് ഗായത്രിയെന്നോ മറ്റോ ആണ്. മതം മാറിയതാണ്. അമ്മമ്മയുടെ അച്ഛൻ തോമസ്, തൃശൂരിൽ ഡന്റിസ്റ്റ് ആയിരുന്നു. അമ്മയും ഞാനും കൂടി തൃശൂരിലെ ഇല്ലം ഒരിക്കൽ കാണാൻ ചെന്നെങ്കിലും അകത്തു കയറ്റിയില്ല. അന്നെനിക്ക് എട്ടു വയസോ മറ്റോ ആയിരുന്നു”

എന്നാൽ വർഷങ്ങൾക്കുശേഷം നടി ഇത് നിഷേധിക്കുന്ന ലേഖനവും വന്നു. എന്നാൽ വർഷങ്ങൾക്കുമുമ്പ് നാന സിനിമാവാരികയിൽ ഇതേ നടിയുടെ ആത്മകഥ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ തന്റെ നമ്പൂതിരി ബന്ധം നടി തുറന്നെഴുതിയിട്ടുണ്ട്. 1975-ലാണ് 'ഞാനും എന്റെ നിഴലുകളും' എന്ന പേരിൽ അത് പ്രസിദ്ധീകരിച്ചത്.

എന്തായാലും കേരളത്തിന്റെ സാമുദായിക ചരിത്രത്തിൽ ഇപ്പോഴും വെന്തുനീറുന്ന അധ്യായമാണ് സ്മാർത്തവിചാരം. അതുമായി ബന്ധപ്പെട്ട ചില ശാപങ്ങൾ ഇപ്പോഴും പിന്തുടരുന്നതായി ചില കുടുംബങ്ങൾ വിശ്വസിക്കുന്നു. വിചാരണക്കിരയായവരുടെയും വിചാരണ ചെയ്തവരുടെയും ആത്മാവുകൾ തലമുറകളോളം അസ്വസ്ഥതയുടെ വിത്തുകൾ വിതച്ചു കൊണ്ടിരിക്കുന്നുണ്ടാവാം.

Comments