‘ബിരിയാണി’ക്ക്​ സദാചാര സെൻസറിങ്​; തിയറ്റർ പ്രദർശനാനുമതി നിഷേധിച്ചു

സെക്​സ്​ ഉണ്ടെന്നും കളിച്ചാൽ തിയറ്ററിന്​ നാണക്കേടാണെന്നും പറഞ്ഞ്​,​ ദേശീയ- അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ‘ബിരിയാണി’ എന്ന സിനിമക്ക്​ കോഴിക്കോ​ട്ടെ ആശീർവാദ്​ സിനിമാസ്​ പ്രദർശനാനുമതി നിഷേധിച്ചു. എന്നാൽ, സംഭവം വിവാദമായപ്പോൾ, വെള്ളിയാഴ്​ച വൈകീട്ട്​ പ്രദർശിപ്പിക്കാമെന്നു സമ്മതിക്കുകയും ചെയ്​തു. ‘ബിരിയാണി’ കേരളത്തിൽ പൊതുവേ ഒരു അവഗണന നേരിടുന്നു​ണ്ടെന്ന്​ സംവിധായകൻ സജിൻ ബാബു

Think

സംസ്ഥാന, ദേശീയ, അന്തർദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ ബിരിയാണി ക്ക്​ ആശീർവാദ്​ സിനിമാസിന്റെ സദാചാര സെൻസറിങ്. സിനിമയിൽ സെക്​സ്​ ഉണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ ആശിർവാദ് തിയറ്ററിൽ വെള്ളിയാഴ്​ച പ്രദർശനം റദ്ദാക്കിയത്​. സംഭവം വിവാദമായതിനെതുടർന്ന്​ വെള്ളിയാഴ്​ച വൈകീട്ട്​ സിനിമ പ്രദർശിപ്പിക്കാമെന്ന്​ തിയറ്ററുടമ സമ്മതിച്ചു.

പണം വാങ്ങി തിയറ്റർ ലിസ്റ്റും പത്രത്തിൽ ഷോ ടൈമും വന്നതിനുശേഷം സദാചാര പ്രശ്‌നം പറഞ്ഞ്​ പ്രദർശനം ക്യാൻസൽ ചെയ്​ത വിവരം സംവിധായകൻ സജിൻ ബാബുവാണ് അറിയിച്ചത്: ‘‘ഇന്നുരാവിലെയാണ്​ ഡിസ്ട്രിബ്യൂട്ടർ വിളിച്ചു പറഞ്ഞത്​, പടം കളിക്കാൻ പറ്റില്ലെന്ന്. സെക്‌സ് കൂടുതലാണ്​ എന്ന കാരണമാണ്​ പറഞ്ഞത്​. കളിച്ചാൽ തിയറ്ററിന് നാണക്കേടണത്രേ. ഇവർ ഏത് കാലഘട്ടത്തിലാണ്​ ജീവിക്കുന്നത്​? എന്ത് വൃത്തികേടാണ് സിനിമയിലുള്ളതെന്ന് മനസിലാകുന്നില്ല. കൂടുതൽ വിശദീകരണത്തിന്​ ആൻറണി പെരുമ്പാവൂരിന്റെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ ‘ഇന്റർകോസ് സീൻ ഉണ്ട്​’ എന്നുപറഞ്ഞ്​ കട്ട്​ ചെയ്യുകയായിരുന്നു​. ആൻറണി തന്നെയാണോ ഇതുപറഞ്ഞതെന്ന്​ വ്യക്​തമല്ല’’; സജിൻ ബാബു തിങ്കിനോട് പറഞ്ഞു.

‘‘രണ്ട്​ പ്രദർശനങ്ങൾ ചാർട്ട്​ ചെയ്യുകയും പോസ്​റ്റർ ഒട്ടിക്കുകയും ചെയ്​തശേഷമാണ്​ പ്രദർശനാനുമതി നിഷേധിച്ചത്​. അവരോട് ആരാണ് സിനിമ കാണാൻ പറഞ്ഞത്. സിനിമ തുടങ്ങുമ്പോഴല്ലെ കാണേണ്ടത്. അതിനുമുമ്പ് അവർ പ്ലേ ചെയ്യേണ്ട കാര്യമില്ലല്ലോ. സെൻസർ ബോർഡ് ക്ലിയർ ചെയ്ത എ സർട്ടിഫിക്കറ്റ് പടമാണ് ബിരിയാണി. കളഎന്ന പടവും എ സർട്ടിഫിക്കറ്റ് ആണല്ലോ. അതിന് കുഴപ്പമില്ല. ഇതിനെന്തോ കുഴപ്പമുണ്ട് എന്ന നിലയിലാണ് സംസാരിച്ചത്. എനിക്ക് നല്ല സങ്കടം തോന്നി. നമുക്ക് ഇതിനെതിരെ എന്തു ചെയ്യാൻ പറ്റും. ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. അത്രയല്ലേ നമുക്ക് ചെയ്യാൻ പറ്റൂ’’; സജിൻ ബാബു പറയുന്നു.

‘‘നിരവധി ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ കിട്ടിയ പടമാണിത്​. മികച്ച നടിക്ക്​ കനി കുസൃതിക്ക്​ സ്റ്റേറ്റ് അവാർഡ്​ കിട്ടി. മോസ്‌കോ ഫെസ്റ്റിലും മികച്ച നടിക്കുള്ള അവാർഡ് കിട്ടി. ഇത്തരമൊരു സിനിമയെ സദാചാരം പറഞ്ഞ്​ വിലക്കുന്നത്​ എന്തിനാണെന്ന് മനസിലാകുന്നില്ല. ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ പടം കാണാൻ തിയറ്ററിൽ പോയിരുന്നു. ഷോ ഇല്ലെന്നും കളിക്കില്ലെന്നും പറഞ്ഞു വിടുകയായിരുന്നു. പിന്നെ ഡിസ്ട്രിബ്യൂട്ടറും വിളിച്ചു പറഞ്ഞു. കേരളത്തിൽ മുപ്പതോളം തിയറ്ററുകളിൽ കളിക്കുന്ന പടമാണ്. എറണാകുളം, തിരുവനന്തപുരം, തലശ്ശേരി എന്നിവിടങ്ങളിൽ പ്രദർശനം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ടെ ആശീർവാദിൽ മാത്രമാണ് വിലക്ക്​. ഈ സിനിമ കേരളത്തിൽ പൊതുവേ ഒരു അവഗണന നേരിടുന്നുണ്ട്. ഇതുവരെ കളിച്ചിടത്തൊക്കെ നല്ല പ്രതികരണമാണ് ലഭിച്ചത്. ഐ.എഫ്.എഫ്.കെയിലും മറ്റു നിരവധി ഫെസ്റ്റിവലിലും കളിച്ച പടമാണ്. എന്നിട്ടും നൈറ്റ് ഷോയൊന്നും കിട്ടിയില്ല. വളരെ കുറച്ച് ഷോകൾ മാത്രമാണ് തരുന്നത്. അതെന്തുകൊണ്ടാണ്?’’; സജിൻ ബാബു ചോദിക്കുന്നു.

‘‘കാണാൻ ആളില്ലാത്തതുകൊണ്ടാണ്​ സിനിമ പ്രദർശിപ്പിക്കാതിരുന്നത് എന്ന തിയറ്റർ മാനേജർ സണ്ണി ജോസിന്റെ വിശദീകരണം വാസ്​തവവിരുദ്ധമാണ്​. പ്രശ്‌നം എല്ലാവരും ഏറ്റെടുത്തു. ആരൊക്കെയോ ഇടപെട്ടു. ഇതേതുടർന്നാണ്​ അദ്ദേഹം എന്നെ വിളിച്ച്​ ‘ആളുണ്ടെങ്കിൽ വൈകുന്നേരം കളിക്കും’ എന്നു പറഞ്ഞത്. ആളില്ല എന്ന്​ കള്ളം പറയുകയാണ്. എന്റെ സുഹൃത്തുക്കൾ തന്നെ എട്ടോളം പേർ തിയറ്ററിൽ പോയിരുന്നു.

ഇത്തവണ ദേശീയ ചലച്ചിത്ര അവാർഡിൽ, പ്രത്യേക ജൂറി പരാമർശം നേടിയ ചിത്രമാണ്​ ബിരിയാണി. റോമിൽ നടന്ന രാജ്യാന്തര ഫെസ്റ്റിവലിൽ പ്രീമിയർ നടത്തുകയും അവിടെ നിന്നുള്ള ഏഷ്യാറ്റിക്ക്​ നെറ്റ്പാക്ക് അവാർഡ് നേടുകയും ചെയ്​തു. മോസ്​കോ രാജ്യാന്തര മേള, കാലിഫോർണിയ ടിബുറോൺ ഫെസ്​റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടു. സ്പെയിനിലെ മാഡ്രിഡ് ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്​ കനി കുസൃതിയായിരുന്നു.

ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ്, മികച്ച തിരക്കഥക്ക്​പത്മരാജൻ പുരസ്‌ക്കാരം എന്നിവയും ബിരിയാണിയ്ക്ക് ലഭിച്ചു. ലോകത്തിലെ മികച്ച 15 ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ മോസ്‌കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിലേക്കും അമേരിക്ക, ഫ്രാൻസ്, ജർമനി, നേപ്പാൾ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്കും ബിരിയാണി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സാമൂഹിക ചുറ്റുപാടുകൾ തീർത്ത മതിൽക്കെട്ടുകൾക്കിടയിൽ വീർപ്പുമുട്ടുന്ന ഖദീജ എന്ന മുസ്​ലിം യുവതിയുടെ ആത്മസംഘർഷങ്ങളാണ് പ്രമേയം.


Summary: സെക്​സ്​ ഉണ്ടെന്നും കളിച്ചാൽ തിയറ്ററിന്​ നാണക്കേടാണെന്നും പറഞ്ഞ്​,​ ദേശീയ- അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ‘ബിരിയാണി’ എന്ന സിനിമക്ക്​ കോഴിക്കോ​ട്ടെ ആശീർവാദ്​ സിനിമാസ്​ പ്രദർശനാനുമതി നിഷേധിച്ചു. എന്നാൽ, സംഭവം വിവാദമായപ്പോൾ, വെള്ളിയാഴ്​ച വൈകീട്ട്​ പ്രദർശിപ്പിക്കാമെന്നു സമ്മതിക്കുകയും ചെയ്​തു. ‘ബിരിയാണി’ കേരളത്തിൽ പൊതുവേ ഒരു അവഗണന നേരിടുന്നു​ണ്ടെന്ന്​ സംവിധായകൻ സജിൻ ബാബു


Comments