മികച്ച സിനിമയ്ക്കുള്ള സുവർണചകോരം നേടിയ 'ഉതമ'യുടെ കാഴ്ച

ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലുള്ള സ്‌പെല്ലിൽ നമുക്കോർക്കാൻ, ജാഗ്രതപ്പെടാൻ, അവസാനിക്കാത്ത ജീവിതപോരാട്ടങ്ങളുടെ സ്മരണയുണർത്താൻ, തിരിച്ചുവരവുകളെ പ്രതീക്ഷിച്ചിരിക്കാൻ ഒരു ചലച്ചിത്രം. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവർണചകോരം നേടിയ ചിത്രമാണ് അലജന്ദ്രൊ ലോസ ഗ്രിസി സംവിധാനം ചെയ്ത ബൊളീവിയൻ സിനിമ ‘ഉതമ’.

തെക്കെ അമേരിക്കയിലെ കെച്ചുവാ (Que-chua) വിശ്വാസമനുസരിച്ച് ആന്റിയൻ കഴുകന് (condor) ജീവിതലക്ഷ്യം നഷ്ടപ്പെട്ടുകഴിഞ്ഞാൽ അത് പർവതത്തിന്റെ ഉച്ചിയിലേക്ക് പറക്കുകയും ചിറകുകൾ അടയ്ക്കുകയും അന്ത്യമാഗ്രഹിച്ച് പാറയിലേക്ക് കുതിക്കുകയും ചെയ്യുന്നു. ഒരുതരം ആത്മഹത്യ. ‘ഉതമ’ (UTAMA) യിലെ പ്രധാന കഥാപാത്രമായ വിർജിനിയോയുടെ (Jose Calcina) ജീവിതയാത്രയ്ക്ക് ഏറെ യോജിക്കുന്ന ഗംഭീര രൂപകമായി ഇതു മാറുന്നു.

27-മത്​ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവർണചകോരം നേടിയ ചിത്രമാണ് അലജന്ദ്രൊ ലോസ ഗ്രിസി (Alejandro Loayza Grisi) സംവിധാനം ചെയ്ത ബൊളീവിയൻ സിനിമ ഉതമ. കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതിനശീകരണത്തിന്റേയും ആഗോള സന്ദർഭത്തിലേക്കു തുറക്കുന്ന ദൃഷ്ടാന്തമായി വികസിക്കുന്ന സിനിമ ജീവന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ആകുലതകൾ പങ്കുവയ്ക്കുന്നു. തദ്ദേശീയ ജനതകളുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും വേണ്ടിയുള്ള പിടച്ചിലിന്റെ സമകാലിക സന്ദർഭത്തിൽ ചിത്രം പ്രസക്തമാവുന്നു.

വിർജിനിയോയും ഭാര്യ സിസി (Luisa Guispe) യും ബൊളീവിയയുടെ ഉൾനാടൻ മലമേട്ടിൽ ലാമ (llama) കളെ പോറ്റി ജീവിക്കുകയാണ്. മഴയുടെ സാന്നിധ്യമറിഞ്ഞിട്ട് മാസങ്ങൾ കടന്നുപോയതിനാൽ വരൾച്ചയുടെ പിടിയാലാണ് അവിടമാകെ. നാഴികകൾക്കപ്പുറത്തുള്ള കിണർ വറ്റിവരണ്ടിരിക്കുന്നു. വളരെ അകലത്തുള്ള അരുവി മാത്രമാണ് ഒരേയൊരു ആശ്രയം. സ്വതവേ ചുമയുടെ അസുഖമുള്ള വിർജിനിയോവിന്റെ രോഗം അധികരിച്ചതോടെ സംഗതികൾ വഷളാവാൻ തുടങ്ങി. പേരമകനായ ക്ലവറിന്റെ (Santos Choque) അവിചാരിതമായ വരവുകൂടിയായതോടെ ശാന്തമായി പോയിക്കൊണ്ടിരുന്ന അവരുടെ ജീവിതത്തിൽ സംഘർഷങ്ങൾ തിടംവയ്ക്കുന്നു.

തീർത്തും സാധാരണമായ ഇത്തരമൊരു സന്ദർഭത്തെ എഴുത്തുകാരൻ കൂടിയായ സംവിധായകൻ തന്റെ കന്നി ഫീച്ചർ സിനിമ സംരംഭമായ ഉതമയിലൂടെ നിലനിൽപ്പിന്റെ വലിയ ആഖ്യാനമാക്കിത്തീർക്കുന്നതാണ് നാം കാണുന്നത്. പല തവണ കേട്ട ഒരു കഥ തന്നെയാണ് സൂക്ഷ്മമായ സിനിമാറ്റിക് പരിചരണത്തിലൂടെ സംവിധായകൻ മികച്ച ദൃശ്യാനുഭവമാക്കിത്തീർത്തിരിക്കുന്നത്. ഒപ്പം തിളക്കമുള്ള, അകൃത്രിമമായ മൂർച്ചയോടെയുള്ള ഒരു വിമർശനവും.

വിശാല പ്രകൃതിദൃശ്യങ്ങളുടെ വിരുന്നൊരുക്കലിന്റെ മനോഹാരിതക്കപ്പുറം തനിക്ക് പറയാനുള്ളത് ആ ഫ്രെയിമുകൾക്കുള്ളിൽ തന്നെ സാധിക്കുന്നുവെന്നതാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. സൂക്ഷ്മമായ ഫ്രെയിമിങ്ങിന്റെ പിന്തുണയാലാണ് സംവിധായകൻ ഇത്​സാക്ഷാത്കരിക്കുന്നത്. ഒപ്പം വർണങ്ങളുടേയും ശബ്ദത്തിന്റേയും അർത്ഥപൂർണമായ മിശ്രണം. പ്രശസ്ത സിനിമാട്ടോഗ്രാഫറായ ബാർബറ അൽവാരസിന്റെ (Barbara Alvarez ) ക്യാമറയിൽ വിരിഞ്ഞ ഇമേജുകൾ ആഹ്‌ളാദത്തിന്റേയും സന്താപത്തിന്റേയും ജീവിതാവസരങ്ങളെ ഉൾവഹിക്കുന്നവയാണ്. അവ സ്വച്ഛമായിരിക്കുമ്പോൾ തന്നെ അസുഖകരവും ആയിരിക്കുന്നു. യഥാർഥ ജീവിതത്തിലും ദമ്പതികളായ, പ്രൊഫഷനുകളല്ലാത്ത ഗിസ്പി (Guispe) യുടേയും കാൽസിന (Calcina) യുടേയും ഗംഭീരമായ പെർഫോമൻസിന്റെ ബലത്തിൽ ജീവിതനിമിഷങ്ങളെ പിന്തുടരുന്ന ആകാംക്ഷയുടെ നിമിഷങ്ങൾ സൃഷ്ടിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. ആസന്നമരണത്തെ ധ്യാനാത്മകമായി ദൃശ്യക്കൂട്ടുകൾ പിന്തുടരുന്നതായി പ്രേക്ഷകർക്കനുഭവപ്പെടുന്നു.

തന്റെ കൂടിവരുന്ന ചുമ വരൾച്ചയ്‌ക്കൊപ്പം പ്രയാസം സൃഷ്ടിച്ചിട്ടും പാർപ്പിടം വിടാൻ വിർജിനിയോ തയ്യാറാവുന്നില്ല. ആശുപത്രിയിലേയ്ക്ക് പോകാനും ചികിത്സ തേടാനുമുള്ള പേരക്കുട്ടിയുടെ നിർബന്ധത്തെ അവിടെത്തന്നെ ജീവിച്ചു മരിക്കാനുള്ള തന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതിരോധത്താൽ ആ വൃദ്ധൻ മറികടക്കുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തങ്ങളുടെ ഭാഷയും തനതുസംസ്‌കാരവും നിലനിർത്താനുള്ള തീവ്രമായ അഭിവാഞ്ഛ വൃദ്ധദമ്പതികളിൽ പ്രകടമാണ്. വിർജിയോവിൽ സവിശേഷമായും. കെച്ചുവാ ജനത ദശകങ്ങളായി വിധേയമാവുന്ന ലാറ്റിനമേരിക്കൻ ഏകീകരണത്തിന്റേയും സ്വാംശീകരണത്തിന്റേയും ചെറുത്തുനിൽപ്പുരാഷ്ട്രീയം അന്തർലീനമാണ് ദമ്പതികളുടെ ഈ നിരാസങ്ങളിൽ. കെച്ചുവാ ഭാഷ സംസാരിക്കാൻ കഴിയുന്ന റിയൽ ജീവിതപങ്കാളികളെയാണ് സംവിധായകൻ ഗ്രിസി കാസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് എടുത്തു പറയേണ്ടതുണ്ട്. ഇളക്കാൻ പറ്റാത്ത നരവംശശാസ്ത്രപരമായ സവിശേഷതയും ആധികാരികതയും അവരുടെ വിനിമയങ്ങളിൽ പ്രകടമാണ്.

പ്രദർശനപരമല്ലാത്ത സ്‌നേഹത്തിന്റെ മനോഹരനിമിഷങ്ങൾ അവർക്കിടയിലുള്ള സംഭാഷണരഹിതമായ വിനിമയങ്ങളിൽ കാണാം. സ്വഭാവികമായ അടുപ്പത്തോടെ ജീവിക്കുന്ന അവരുടെ കാഴ്ചപ്പാടുകൾ സ്വയം ഉരുവം കൊള്ളുന്നതിന്റെ ഉന്മേഷങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തദ്ദേശീയമായ തനതുജീവിതത്തിന്റെ തിരിച്ചുപിടിക്കലുകൾ കോളനീകരണത്തിനെതിരായ സ്വാഭാവികമായ ചെറുത്തുനിൽപ്പുകളെ സൂചിപ്പിക്കുന്നുണ്ട്. അകലത്തുള്ള പർവത അടരുകളുടെ ദീർഘമായ ടേക്കുകൾ പ്രകൃതിഭംഗിയുടെ ആസ്വാദനത്തുവേണ്ടി മാത്രമല്ല, നഷ്ടപ്പെടാനിരിക്കുന്ന ജീവിതത്തെക്കുറിച്ച് ഓർമപ്പെടുത്താൻ കൂടിയാണ്. വരണ്ട ബൊളീവിയൻ താഴ്‌വാരങ്ങളുടെ ദൃശ്യങ്ങൾ വാചാലമാണ്. കുടുംബാംഗങ്ങളോടും സ്വന്തം മണ്ണിനോടും അടിത്തട്ടു മനുഷ്യർ ഉണ്ടാക്കുന്ന ബന്ധങ്ങളുടെ തീവ്രത സിനിമയിലുണ്ട്. ആ ബന്ധങ്ങൾ ഇല്ലാതാവുന്നതോടെ ജീവിതം തന്നെ ഇല്ലാതാവുന്നു എന്നവർ തിരിച്ചറിയുന്നു. ലോകത്തെവിടേയും അതങ്ങനെയാണ്. വരണ്ട ഭൂമിയിലേക്ക് താൻ വളർത്തുന്ന ലാമകളെ ഭർത്താവ് നയിക്കുമ്പോൾ കുടിവെള്ളത്തിനുവേണ്ടിയുള്ള നിലയ്ക്കാത്ത നടത്തത്തിലായിരിക്കും ഭാര്യ.

കൊച്ചുജീവിതങ്ങളിലേയ്ക്കാണ് സംവിധായകൻ കണ്ണോടിയ്ക്കുന്നത്. എല്ലാ വ്യതിയാനങ്ങളുടേയും താപനങ്ങളുടേയും തിക്തഫലം അനുഭവിക്കാൻ വിധിക്കപ്പെട്ട നിസ്വജീവിതങ്ങളിലേയ്ക്ക്. നീണ്ടുനിൽക്കുന്ന വരൾച്ചയുടെ പശ്ചാത്തലത്തൽ കഴിയുന്നവരിലേക്ക്. മഴദൈവത്തെ പ്രീതിപ്പെടുത്താൻ ലാമകളിലൊന്നിനെ കുരുതി കൊടുത്തിട്ടും ഗ്രീമീണർക്ക് മഴ ലഭിക്കുന്നില്ല. അകലെ ഗ്രാമത്തിലുള്ള പമ്പിൽ നിന്നുള്ള വെള്ളം നിലയ്ക്കുന്നതാടെ ഗ്രാമം പ്രതിസന്ധിയാലാവുന്നു. നാഗരികതയുടെ നിർബന്ധപൂർവ്വമായ കടന്നുവരവിൽ വംശനാശം വന്നുകൊണ്ടിരിക്കുന്ന ജനതകളുടെ ആകുലതകൾ പ്രാദേശിക ആവാസവ്യവസ്ഥയുമായി ഗ്രാമീണർ നെയ്‌തെടുക്കുന്ന അഴകാർന്ന ബന്ധങ്ങളുടെ ഉചിതമായ ദൃശ്യവിന്യാസം സാധിച്ചെടുക്കുന്നുണ്ട്.

വിശാലമായ ആകാശത്തിന്റേയും പ്രകൃതിയുടെ വിസ്മയം ജനിപ്പിക്കുന്ന ദൃശ്യങ്ങളുടേയും ബാക്ക്‌ഡ്രോപ്പിലാണ് ജീവിതം ചിത്രീകരിക്കപ്പെടുന്നത്. കെച്ചുവാ ദമ്പതികൾക്കിടയിലള്ള ബന്ധത്തിന്റെ ഇഴയടുപ്പവും ഗാഢതയും സംവിധായകൻ ഊഷ്മളതയോടെ ചിത്രീകരിച്ചിട്ടുണ്ട്. നോട്ടങ്ങളായും അർത്ഥപൂർണമായ മൗനങ്ങളായും അവർക്കിടയിൽ കൈമാറ്റം ചെയ്യപ്പെടുന്ന പാരസ്പര്യത്തന്റേയും വിശ്വാസനിറവിന്റേയും നിമിഷങ്ങൾ. ജലാശയങ്ങൾ ഓർമ മാത്രമായി മാറുന്ന വരണ്ട ഭൂമികയിൽ ഇത് ആഹ്‌ളാദം പകരുന്നു. നമ്മൾ ഇവിടം വിടുകയാണെങ്കിൽ നമ്മുടെ സ്ഥലം നിശ്ശബ്ദതയിൽ ആയിത്തീരും എന്ന് ഗ്രാമീണരിൽ ഒരാൾ പറയുന്നുണ്ട്. വാസയോഗ്യമല്ലാതായിത്തീരുമ്പോഴും ഉതമ വിട്ടുപോവൽ അവർക്ക് അചിന്ത്യമായിരിക്കുന്നത് അതുകൊണ്ടുകൂടിയാണ്. കുടിലിനു പുറത്തു നിറയുന്ന ശൂന്യതയുടെ ആവരണത്തെ അവർ തട്ടിയകറ്റുന്നത് ഈ പാരസ്പര്യത്തിന്റെ ആഴമുള്ള ഉണ്മയാലാണ്.

ജീവിതത്തെ ഭൗതികമായി സൗകര്യപ്പെടുത്തുന്ന ഒന്നും അവശേഷിച്ചിട്ടില്ലാത്ത അവിടെ തുടരാൻ ഒരു കാരണവും സാധാരണ ഗതിയിൽ ഇല്ലെന്നു തോന്നാവുന്ന അവസ്ഥയാണവർക്ക്. അപ്പോഴും അവിടം വിടാൻ അവരോട് ആജ്ഞാപിക്കാൻ, നിർദ്ദേശിക്കാൻ ആർക്ക് അധികാരം? അതവരുടെ വീടാണല്ലോ. ആവാസസ്ഥലമാണല്ലോ. സിനിമയുടെ ആഖ്യാനം മുന്നേറുന്നത് കൊച്ചു ചേഷ്ടകളിലൂടേയും സംഭാഷണരഹിതമായ ചുറ്റുപാടുകളുടെ ചിത്രീകരണത്തിലൂടെയുമാണ്. അതാണ് ഈ ചലച്ചിത്രത്തിന്റെ ശക്തിയായും മാറുന്നത്. സൂക്ഷ്മമായ അംശങ്ങളെ ക്യാമറ പിന്തുടരുന്നതുവഴിയാണ് കഥ വികസിക്കുന്നത്. വൃദ്ധദമ്പതികളുടെ ജീവിതത്തിലേയ്ക്ക് പ്രേക്ഷകരെ കൂടെ നടത്തുന്നത് നിശ്ചലചിത്രങ്ങളിലെന്ന പോലെ ഓരോ ഫ്രെയിമിലുമുള്ള ഇത്തരം സൂക്ഷ്മ വിശദാംശങ്ങളാണ്. ഒരോ ദിവസത്തിന്റെ തുടക്കത്തിലും ലാമകളെ മേയ്ക്കാൻ പുറപ്പെടുമ്പോൾ അഭിമാനപൂർവം വിർജിനിയോ എടുത്തണിയുന്ന തൊപ്പിയായാലും, പ്രഭാതത്തിൽ കൊച്ചു കിടക്കമുറിയിലെ വെവ്വേറെ കട്ടിലിൽ ഉണരുമ്പോൾ ദമ്പതികൾ കൈമാറുന്ന ഊഷ്മളമായ പരസ്പരനോട്ടത്തിലായാലും ക്യാമറ കഥയെ നടത്തുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ഒരു ജനതയ്ക്ക് നഷ്ടപ്പെടുന്ന ചില നിമിഷങ്ങളെ പിടിച്ചുവെക്കുകയാണ് സംവിധായകൻ. അനുനാദത്തിലാവുന്ന നിമിഷങ്ങൾ നിറഞ്ഞതാണ് അവരുടെ ദാമ്പത്യം. അവരുടെ പുരാവൃത്തങ്ങളെ, വിശ്വാസങ്ങളെ ഉചിതമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കെച്ചുവാ വിശ്വാസമനുസരിച്ച് ഒരു ആന്റിഗൻ കഴുകൻ മരിക്കുന്നത് എങ്ങനെയെന്ന് വിർജിനിയോ പേരക്കുട്ടിയായ ക്ലവറിനോട് പറയുന്നുണ്ട്. കൂടുതലായൊന്നും ചെയ്യാനില്ലാതെ അന്ത്യമായെന്നു ബോധ്യപ്പെടുമ്പോൾ മലമുകളിൽ പോയി നിപതിക്കുന്നു. എല്ലാം പ്രിയപ്പെട്ടവർക്കായി നൽകിയ ശേഷം തനിക്കും അതുപോലെ സ്വന്തം മണ്ണിലേയ്ക്ക് പതിയ്ക്കണമെന്ന് വിർജിനിയോ ആഗ്രഹിക്കുന്നു.

സിനിമയിലെ ഓരോ ഷോട്ടും വശ്യമനോഹരമാണ്. സൂക്ഷ്മതയാർന്നതാണ്. വൃദ്ധദമ്പതികളുടെ തൊലിപ്പുറത്തുള്ള കുഞ്ഞു ചുളിവുകൾ മുതൽ വരണ്ട പീഠഭൂമിയിലെ വിണ്ടുകീറൽ വരെ ബർബാര അൽവാരസ് (Barbara Alvarez) സൂക്ഷ്മമായി ഒപ്പിയെടുത്തിട്ടുണ്ട്. വെള്ളത്തിൽ പ്രതിഫലിക്കുന്ന തന്റെ മുഖത്തിന്റെ ഇമേജിൽ സൂക്ഷിച്ചുനോക്കുന്ന വിർജിനിയോ പിന്നിൽ പ്രത്യക്ഷപ്പെടുന്ന കഴുകന്റെ നിഴൽ കാണുന്നുണ്ട്. പ്രകാശത്തിൽ കുളിച്ചുകൊണ്ട് നിൽക്കുന്ന പർവതത്തിലേക്ക് നടക്കുന്ന വിർജിനിയോവിന് ലഭിക്കുന്നത് മാലാഖരൂപമാണ്. വിചിത്രരൂപിയായ തൊങ്ങലുകൾ പോലെയുള്ള പിങ്ക് ടാഗുകൾ അണിഞ്ഞ ലാമകൾ. ഈ ദൃശ്യങ്ങൾ ആവാഹനശേഷിയുള്ളതും മാജിക്കൽ റിയലിസത്തിന്റെ ടച്ച് നൽകുന്നവയുമാണ്. സ്റ്റിൽ ഫോട്ടാഗ്രാഫറായി തന്റെ കരിയർ ആരംഭിച്ച സംവിധായകൻ ഗ്രിസി കൈയടക്കത്തോടെ അവ ഉപയോഗപ്പെടുത്തി എന്ന് പറയാം.

അപ്പൂപ്പന്റെ മലമേട്ടിലേക്കുള്ള ലാ പസ് (La Paz) നഗരത്തിൽ നിന്നുള്ള പേരമകൻ ക്ലവറിന്റെ വരവ് ആധുനിക വീക്ഷണത്തിന്റെ വരവു കൂടിയാണ്. തന്റെ അപ്പൂപ്പന്റെ കെച്ചുവാ ഭാഷ പൂർണമായി മനസ്സിലാക്കാൻ കഴിയാത്ത ക്ലവറിന് കൊളോണിയൽ ഭാഷയായ സ്പാനിഷ് അവരുടെ വിനിമയങ്ങളിൽ മധ്യവർത്തി ഭാഷയാവുന്നു. കാറ്റിന്റെ മർമരങ്ങളും ലാമകളുടെ മുരളലുകളും നിറഞ്ഞ ശബ്ദപഥം പേരമകൻ വരുന്നതാടെ മോട്ടോർ ബൈക്കിന്റേയും മൊബൈൽ ഫോണിന്റേയും കൂടി ശബ്ദം കലർന്നതായി മാറുന്നു. നഗരത്തിൽ തനിക്ക് ഒന്നും ചെയ്യാനില്ല എന്നതാണ് പേരമകന്റെ വിളിയോടുള്ള വിർജിനിയോവിന്റെ വിസമ്മതത്തിന്റെ അടിസ്ഥാനം. താൻ അവസാനശ്വാസം വിടുമ്പോൾ ഭാര്യയും തന്നോടൊപ്പം വിട പറയണമെന്ന വിർജിനിയോവിന്റെ ആഗ്രഹത്തിൽ ആൺമേധാവിത്തപരമായ സ്പർശമുണ്ടെന്ന് നിരീക്ഷിക്കാവുന്നതാണ്. അതു സ്വാഭാവികമായ ക്യാരക്ടറൈസേഷന്റെ ഭാഗമായി കരുതാം.

ചിത്രം മൊത്തത്തിൽ മനുഷ്യർക്കുള്ള ഒരു താക്കീതായി അനുഭവപ്പെടുന്നു. ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലുള്ള സ്‌പെല്ലിൽ നമുക്കോർക്കാൻ, ജാഗ്രതപ്പെടാൻ, അവസാനിക്കാത്ത ജീവിതപോരാട്ടങ്ങളുടെ സ്മരണയുണർത്താൻ, തിരിച്ചുവരവുകളെ പ്രതീക്ഷിച്ചിരിക്കാൻ ഒരു ചലച്ചിത്രം. വിഷമഞ്ഞ ചാലിച്ച സൂര്യനു നേരെ നടന്നടുക്കുന്ന ആദ്യസീൻ പ്രതിപാദ്യത്തിലേക്ക് ചിറകുവിരിക്കുന്ന പ്രവേശികയാണ്. മരുവൽക്കരിക്കപ്പെട്ട മലമേട്ടിലൂടെ ലാമക്കൂട്ടത്തെ തെളിച്ചുപോകുന്ന സിസ അവസാനസീനിൽ ഇടിമുഴക്കങ്ങൾ കേൾക്കുന്നുണ്ട്. അത്​ മഴയുടെ വരവാകാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആദ്യബാധിതരായ തദ്ദേശീയജനതയുടെ നിലനിൽപ്പിനായുള്ള പൊരുതലാണ്​ ഓസ്‌കാർ നോമിനേഷൻ ലഭിച്ച ഉതമ.

ചിത്രത്തിൽ വിർജിനിയോവിന്റെ ആയാസപ്പെട്ടുള്ള ശ്വാസോച്ഛ്വാസം അയാൾ ഉള്ള ഓരോ സീനിന്റേയും സൗണ്ട് ട്രാക്കിലുണ്ട്. ഒരു പക്ഷേ, പ്രേക്ഷകരുടേയും.

Comments