"യേ ദോസ്തി ഹം നഹീം തോടെങ്കെ. തോടെങ്കെ ദം മഗർ തേരെ സാഥ് നാ ചോടെങ്കെ…" ഷോലെയിലെ ഈ ഗാനം ഒരു ഉത്തേജിത കാലസ്മരണയായി നമ്മൾ പലരുടെയും മനസ്സിലുണ്ടാകും. ഇഴപിരിയാനാകില്ല എന്നു കരുതിയിരുന്ന ആൺസൗഹൃദത്തിൻ്റെ സ്മരണയുടെ ഓർമ്മ. ഈ പാട്ടിനു ചേർന്നുപോകുന്ന ദൃശ്യങ്ങൾ സൗഹൃദത്തിന്റെ ഉന്മാദഭാവത്തെ അനുഭവവേദ്യമാക്കുന്നതാണ്. സൈഡ് കാരിയറുള്ള പഴയ സ്കൂട്ടറിലാണ് വീരുവിൻ്റെയും ജയയുടെയും സഞ്ചാരം.
80-കളിൽ ഷോലെ ഞാൻ ആദ്യമായി കാണുന്നത് വിഎച്ച്എസ് കാസറ്റിലാണ്. അന്ന് ഹീറോ സൈക്കിളിൽ സുഹൃത്തുക്കളുമായി ഡബ്ൾസ് പോകുന്ന കാലം. വീട്ടിൽ നിന്നും സ്കൂളിൽ നിന്നും രക്ഷപ്പെട്ട് സൈക്കിളിൽ ഡബ്ൾ വെച്ച് തൃശ്ശൂർ നഗരം കറങ്ങിയിരുന്ന കാലം. കൃത്യമായി പറഞ്ഞാൽ 83-ലാണ് ഷോലെ കാണുന്നത്. സിനിമ റീലീസ് ചെയ്തിട്ട് എട്ടു വർഷം കഴിഞ്ഞിരുന്നു. അപ്പോഴേക്കും ഷോലെ കൾട്ട് ക്ലാസ്സിക്കായി മാറിക്കഴിഞ്ഞിരുന്നു. കോൺട്രാക്ടർ കുമാരേട്ടന്റെ മകൻ പ്രശാന്ത് വീട്ടിൽ കൂട്ടുകാർക്കായി വിഎച്ച്എസിൽ സിനിമ പ്രദർശനം നടത്തിയിരുന്നു. അഞ്ചാറു പേരു കാണും. നിശ്ചിത സമയത്താണ് വിഎച്ച്എസ് പടം കാണിക്കുക. അങ്ങനെയാണ് മലയാളത്തിലെ ക്ലാസിക്കുകളും ജയൻ പടങ്ങളും ഹിന്ദി പടങ്ങളും ഹോളിവുഡ് വെസ്റ്റേൺ പടങ്ങളും കണ്ടിരുന്നത്.
തിയറ്ററിൽ സിനിമ കാണുന്നതിനേക്കാൾ കൂടുതൽ അക്കാലത്ത് വിഎച്ച്എസിലാണ് സിനിമ കണ്ടിരുന്നത്. തൊട്ടുപിന്നാലെ വീട്ടിലും ആദ്യം വിസിപിയും പിന്നെ വി.സി.ആറും വന്നുചേർന്നു. വീഡിയോ കാസറ്റ് ലെൻഡിങ് ലൈബ്രറി. വീടുകളിൽ വീഡിയോ കാസറ്റ് കൊണ്ടുവരുന്നവർ. അങ്ങനെ തുടരെ തുടരെ പലവട്ടം ഷോലെ മറ്റുള്ളവരുടെയൊപ്പവും ഒറ്റയ്ക്കും കാണാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാവരും ഉറങ്ങിയശേഷം ഒറ്റയ്ക്കിരുന്ന് രാത്രി കാണുന്ന സിനിമകളുടെ കൂട്ടത്തിലും ഷോലേ കണ്ടിട്ടുണ്ട്. ഒരു വിഷാദ ഗാനം പോലെയുള്ള ജയഭാധുരിയുടെ വിധവയായ കഥാപാത്രത്തെ എനിക്കിഷ്ടമായിരുന്നു. അതിനു നേരെ എതിർസ്വഭാവത്തിലുള്ള ഹേമാമാലിനിയുടെ ബസന്തിയെന്ന നാടോടി പെൺകുട്ടിയുടെ നിറഞ്ഞുകവിയൽ കൗമാരകാമനകളെ ഉദ്ദീപിപിച്ചിരുന്നു.

ധര്‍മേന്ദ്രയുടെ വീരുവിനെക്കാൾ അമിതാഭ് ബച്ചൻ്റെ ജയ് ആയിരുന്നു ഹീറോയിക് പരിവേഷമുള്ള കഥാപാത്രമെന്ന് ഓർക്കുന്നു. പക്ഷേ രണ്ടുകൈ നഷ്ടപ്പെട്ട സഞ്ജയ് കുമാറിന്റെ ഠാക്കൂർ കഥാപാത്രത്തോടായിരുന്നു ഒരല്പം ആരാധന കൂടുതൽ.
ആ രംഗം ഓർക്കുന്നു. വീരുവും ജയ്-യും ഗബ്ബറിൻ്റെ റൗഡികളുമായുള്ള ഏറ്റുമുട്ടലിൽ ആദ്യ ക്ഷണത്തിൽ തോൽക്കുന്നു. അപ്പോൾ നിലത്ത് വീണു കിടക്കുന്ന തോക്ക് എന്തുകൊണ്ട് എല്ലാം കണ്ടുനിന്നിരുന്ന ഠാക്കൂർ എടുത്തുതന്നില്ല എന്ന് വീരു രോഷം കൊള്ളുന്നുണ്ട്. ഉദ്വേഗഭരിതമായ ആ രംഗത്ത്, ഇയാൾ എന്താണ് ഈ തോക്കെടുത്തു നൽകാതിരുന്നത് എന്ന് പ്രേക്ഷകരും അന്ധാളിച്ചു നിൽക്കുന്നു. പിന്നെയാണ് ആ യാഥാർത്ഥ്യം വെളിപ്പെടുന്നത്. ഠാക്കൂറിന്റെ രണ്ടു കൈകളും ഗബ്ബർ സിംഗ് വെട്ടിമാറ്റിയതാണ്.
GST- യ്ക്ക് ‘ഗബ്ബർ സിംഗ് ടാക്സ്’ എന്ന ഇരട്ടപേര് നൽകിയത് എത്ര അർത്ഥവർത്തായാണ്. ഫെഡറലിസത്തിന്റെ രണ്ടു കൈയും ഛേദിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന സർക്കാരുകളുടെ നിസ്സഹായാവസ്ഥ ബോധ്യപ്പെടാൻ മറ്റൊരു രൂപകവും വേണമെന്നില്ല.
GST- യ്ക്ക് ‘ഗബ്ബർ സിംഗ് ടാക്സ്’ എന്ന ഇരട്ടപേര് നൽകിയത് എത്ര അർത്ഥവർത്തായാണ്. ഫെഡറലിസത്തിന്റെ രണ്ടു കൈയും ഛേദിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന സർക്കാരുകളുടെ നിസ്സഹായാവസ്ഥ ബോധ്യപ്പെടാൻ മറ്റൊരു രൂപകവും വേണമെന്നില്ല. ഗബ്ബറിനെപ്പോലെ ഇത്രമേൽ ഇന്ത്യക്കാരുടെ മനസ്സിൽ പതിഞ്ഞ മറ്റൊരു വില്ലൻ കഥാപാത്രവുമുണ്ടാകില്ല.
ഷോലെയിലെ ഇരട്ടത്വം (Duality) സിനിമയുടെ ഇതിവൃത്തത്തെ ചലനാത്മകമാക്കുന്നു. വീരുവും ജയ്-യും വിരുദ്ധ സ്വഭാവക്കാരാണ്. ബഹിർമുഖനായ വീരുവും അന്തർമുഖനായ ജയ്-യും. അതുപോലെതന്നെയാണ് രാധയും ബസന്തിയും. രാധ വിധവയായ ഠാക്കൂർ. ഹിന്ദു വിധവകളുടെ മര്യാദകൾ പാലിച്ചുജീവിക്കുന്നു. പക്ഷെ രാധയുടെയുള്ളിൽ തിരയടിക്കുന്ന തൃഷ്ണകൾ സൂക്ഷ്മം അവരുടെ നോട്ടങ്ങളിൽ പ്രതിഫലിക്കുന്നു. സന്ധ്യക്ക് വിളക്കുവെയ്ക്കുന്ന രാധയുടെ ചലനങ്ങൾ വിഷാദഭരിതമാണ്. ഹേമമാലിനിയുടെ ബസന്തി രാധയുടെ നേർഎതിർവശത്താണ്. അവരണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളും ഈ വിരുദ്ധസ്വഭാവത്തെ പ്രകടമാക്കുന്നു. ഗ്രാമീണ യുവതിയായ ബസന്തി ഊർജ്വസലയായ കഥാപാത്രമാണ്. ക്ലൈമാക്സ് രംഗത്തെ കൊഴുപ്പിക്കുന്നതും കാമുകനായ വീരുവിനെ രക്ഷിക്കാനുള്ള ബസന്തിയുടെ നൃത്തച്ചുവടുകളാണ്.

ഠാക്കൂറും ഗബ്ബർ സിംഗും പോലീസും കൊള്ളക്കാരനുമായി വൈരുദ്ധ്യം പ്രകടമാക്കുന്നു. യഥാർത്ഥത്തിൽ ഠാക്കൂറിന്റെ ഗബ്ബർ സിംഗിനോടുള്ള പ്രതികാരമാണ് വീരുവും ജയ്-യും നിർവഹിക്കുന്നത്. വില്ലന്മാർക്കുള്ള ഇൻഡക്സാണ് (Index) അംജദ് ഖാന്റെ ഗബ്ബർ സിങ്. ചമ്പൽ കൊള്ളക്കാരെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ എഴുപതുകളിൽ മാത്രമല്ല, എൺപതുകളിലും പ്രചാരത്തിലുണ്ടായിരുന്നു. ഡൽഹിയിലേക്ക് കേരള എക്സ്പ്രസിൽ പോകുന്ന ഓരോ മലയാളിയും ചമ്പൽ പ്രദേശത്തെ മൊട്ടക്കുന്നുകാടുകളിൽ ഒരു ഗബ്ബർ സിംഗിനെ എപ്പോഴും പ്രതീക്ഷിച്ചിരിക്കണം.
ഗബ്ബറിന്റെ ഡയലോഗുകൾ സുപ്രസിദ്ധങ്ങളായി. "അരെയോ സാംബ..." പിന്നീട് പലതവണയും ആവർത്തിക്കപ്പെട്ടു. ഇന്ന് യുട്യൂബിൽ ഷോർട്സ് വരുന്നതിനുംമുമ്പ് ഗബ്ബർ തഗ് ലൈഫുകൾ തുണ്ടുകളായിക്കഴിഞ്ഞിരുന്നു.
"കിതനെ ആദ്മി ദേ ..." എന്ന് തുടങ്ങി "ഈ പിസ്‌തോൾ മേയ്ൻ തീൻ ജിന്ദജി ഔർ തീൻ മൗത്.." എന്നുള്ള ഉദ്വേഗത്തെ കനപ്പിക്കാൻ പാകത്തിലുള്ള ഗബ്ബർ ഡയലോഗുകളും ദൃശ്യപംക്തികളും ഷോലെയിലെ ദൃശ്യസന്നിവേശത്തെ വാണിജ്യസിനിമകൾക്ക് ഒരു ഫോർമുലയാക്കി മാറ്റി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷമാണ് ഷോലെ റീലീസാകുന്നതെങ്കിലും ഇതിന്റെ തിരക്കഥ, കാസ്റ്റിങ്, ഷൂട്ടിംഗ് എന്നിവയെല്ലാം അതിനും മുമ്പേ പൂർത്തീകരിച്ചിരുന്നു. അടിയന്തരാവസ്ഥാ കാലമായതിനാൽ ക്ളൈമാക്സ് രംഗം മാറ്റി. ഠാക്കൂർ പ്രതികാരം തീർക്കുന്നതിനുപകരമായി പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നതാണ് മാറ്റിയ പരിസമാപ്തി.
ഷോലെയിലെ ഹൈ ആംഗിൾ ദൃശ്യങ്ങൾ അന്തരീക്ഷത്തെ സംഘർഷമുറ്റിയതാക്കുന്നു. ‘തീൻ ആദ്മി തീൻ ഗോലി’ എന്ന പ്രസിദ്ധമായ ദൃശ്യസീക്വൻസിൽ ഷോട്ട് കട്ട് ചെയ്യുമ്പോഴും ഗബ്ബർ സിങ്ങിൻെറ മുഖത്തെ ക്രൂരത ഭയം പടർത്തുന്നതാണ്. മൂന്ന് കൂട്ടാളികളെയും ശിക്ഷിക്കാനായി അവരുടെ കഴുത്തിൽ തോക്കുവെയ്ക്കുന്നു. ഓരോരുത്തരും ആദ്യ റൗണ്ടിൽ വെടിയേൽക്കാതെ രക്ഷപ്പെടുന്നു. മൂന്നാമത്തെ ആളിനോട് ചോദിക്കുന്നു; “തേരാ ക്യാ ഹോഗാ കാലിയ…" .
തോക്ക് പൊട്ടുന്നില്ല. ഗബ്ബർ സിങ് ഉറക്കെയുറക്കെ ചിരിക്കുന്നു. ചുറ്റും ആ അട്ടഹാസം മാത്രം. ഈ രംഗം ഗബ്ബർ സിംഗിന്റെ അറുത്ത കൈയ്ക്ക് ഉപ്പുതേയ്ക്കാത്ത ക്രൂരതയെ പൊലിപ്പിക്കുന്നു. ഒടുവിൽ മൂന്നു പേരും വെടിയറ്റുവീഴുന്നു. "ജോ ഡർ ഗയ സംജോ മർ ഗയ...".
ഷോലെയിൽ കൾട്ട് ഡയലോഗാണ്. നായകരേക്കാൾ വില്ലൻ കൾട്ടായി മാറിയ ചലച്ചിത്രമാണ്. തുടർന്നു വന്ന അംജദ് ഖാന്റെ ഷാനും ഖുർബാനിയും ഷോലെയിലെ അഭിനയത്തോട് കിടപിടിക്കാൻ പറ്റുന്നതായിരുന്നില്ല. മലയാളത്തിൽ പി.ജി. വിശ്വംഭരന്റെ ‘ഈ ലോകം ഇവിടെ കുറെ മനുഷ്യർ’ എന്ന സിനിമയിൽ അംജദ് ഖാൻ അഭിനയിക്കാൻ വരുമ്പോഴേക്കും അദ്ദേഹം ഹാസ്യ റോളുകൾ അഭിനയിക്കുന്ന നടനായി മാറിയിരുന്നു.

ഷോലെ കൾട്ട് ക്ലാസ്സിക്കാവുന്നത് എൺപതുകളോടെയാണ്. 1975-ൽ ഇറങ്ങിയെങ്കിലും അക്കാലത്തെയും അതിജീവിച്ചാണ് ഷോലെ കൾട്ട് സിനിമയായി മാറിയത്. വെസ്റ്റേൺ സിനിമയുടെ ചേരുവകളെ രമേശ് സിപ്പിക്ക് തദ്ദേശീയവൽക്കരിക്കാൻ കഴിഞ്ഞുവെന്നതാണ് ഈ സിനിമയുടെ വിജയത്തിന് ഒരു കാരണം. ചമ്പൽകൊള്ളക്കാരെക്കുറിച്ചുള്ള ഭീതിതമായ കഥകൾ അക്കാലത്ത് പരന്നിരുന്നു. ഇത്തരം പ്രതികാരകഥകളെ സിനിമയുടെ ഇതിവൃത്തത്തിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞതിലൂടെ ഒരു പുത്തൻ വാണിജ്യ ഫോർമുല പിറന്നു. ബോംബെ ചിത്രങ്ങളുടെ ആഖ്യാനശൈലിയും പാട്ടുകൾക്ക് നൽകിയ പ്രാധാന്യവും സ്റ്റണ്ടും നായകചിത്രീകരണവും ചേർത്തുവെയ്ക്കുന്നതോടെ തികച്ചും ഇന്ത്യനായ വെസ്റ്റേൺ കൾട്ടായി ഷോലെ രൂപാന്തരപ്പെടുകയായിരുന്നു. കുറസോവയുടെ സെവൻ സമുറായിയും ഷോലെയുടെ രൂപകല്പനയിൽ വലിയ സ്വാധീനമായിട്ടുണ്ട്.
‘ഷോലെ’യുടെ 50ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു ഇറാനിയൻ പത്രം ഫുൾ പേജ് ഫീച്ചർ നൽകിയത് ഇറാനിയൻ എംബസി എക്സ് വഴി അറിയിക്കുകയുണ്ടായി.
സലിം ഖാൻ- ജാവേദ് അക്തർ കൂട്ടുകെട്ട് തിരക്കഥയിൽ ബോളിവുഡിൽ പുതിയൊരു യുഗം തുടങ്ങുകയായിരുന്നു. ‘രോഷാകുലനായ ചെറുപ്പക്കാരൻ’ എന്നത് എഴുപതുകളിലെ യുവതത്വത്തിന്റെ മുഖമുദ്രയാകുന്നു. അമിതാഭിന്റെ കഥാപാത്രത്തിലൂടെ ഈയൊരു സവിശേഷഭാവത്തെയും ഷോലെയുടെ ആഖ്യാനസവിശേഷതയിലേക്ക് ഉൾച്ചേർക്കാനായി. നിയമപാലകനായിരുന്ന ഠാക്കൂർ നിയമത്തിന്റെ നിസ്സഹായാവസ്ഥ തിരിച്ചറിയുകയും തന്നെയും തന്റെ കുടുംബത്തെയും തകർത്ത കൊള്ളക്കാരനെ നിയമബാഹ്യമായ വഴിയിലൂടെ മാത്രമേ പ്രതികാരം വീട്ടാൻ കഴിയുകയുള്ളൂ എന്നും മനസ്സിലാക്കിയാണ് ജയിൽ പുള്ളികളായിരുന്ന വീരുവിന്റെയും ജയ്‍യുടെയും സഹായം തേടുന്നത്. ഷോലെയ്ക്ക് ശേഷമാകണം പ്രതികാരവാഞ്ജ പ്രമേയമായിരുന്ന ചലച്ചിത്രങ്ങൾ കൂടുതൽ ഹിംസോന്മുഖമായി നിയമബാഹ്യമായ പോംവഴികൾ തേടുന്നത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷമാണ് ഷോലെ റീലീസാകുന്നതെങ്കിലും ഇതിന്റെ തിരക്കഥ, കാസ്റ്റിങ്, ഷൂട്ടിംഗ് എന്നിവയെല്ലാം അതിനും മുമ്പേ പൂർത്തീകരിച്ചിരുന്നു. അടിയന്തരാവസ്ഥാ കാലമായതിനാൽ ക്ളൈമാക്സ് രംഗം മാറ്റി. ഠാക്കൂർ പ്രതികാരം തീർക്കുന്നതിനുപകരമായി പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നതാണ് മാറ്റിയ പരിസമാപ്തി. അച്ചടക്കവും ഭരണകൂടത്തിലുള്ള വിശ്വാസ്യതയും പ്രമാദമാക്കിയിരുന്ന അടിയന്തരാവസ്ഥക്കാലത്ത് നിയമാതീതമായ നീതിയാണ് ഷോലെ ആഘോഷിക്കുന്നത്. അവസാനരംഗം മാറ്റിയെങ്കിലും ഇന്ത്യൻ നിയമവ്യവസ്ഥയുടെ 'നീർവീര്യാവസ്ഥ'യാണ് സിനിമ പ്രകടമാക്കുന്നത്. പകരത്തിനുപകരം എന്ന നിലയിലാണ് പ്രതികാരം നടപ്പാക്കപ്പെടുന്നത്. നേരത്തെ സൂചിപ്പിച്ചപോലെ വിരുദ്ധ ഭാവങ്ങൾ ഇതിവൃത്തത്തിൽ ഉൾച്ചേർന്നിരിക്കുന്നു.
മൗത്തോർഗനിൽനിന്നു വരുന്ന വിഷാദഭരിതമായ ഈണമാണ് പശ്ചാത്തല സംഗീതത്തിൽ പ്രധാനമാകുന്നതെങ്കിലും ആഘോഷ തിമിർപ്പുകളുടെ ഗാനങ്ങളാണ് ഉത്സവപ്രതീതി നൽകുന്നത്. ‘ഹോളി കേ ദിൻ’ എന്ന ഉത്സവഗാനവും ‘മെഹ്ബൂബ മെഹ്ബൂബ’ എന്ന ഇന്ത്യൻ റോക്ക് ഗാനവും ഏറെ ജനപ്രിയമായ ഹിപ്പ് ഹോപ്പ് സംഗീതമായിരുന്നു. സ്റ്റണ്ട്, അതുപോലെ കുതിരയോട്ടം, ഗാനതിമിർപ്പുകൾ, ഗ്രാമീണ ജീവിതം. മൊട്ടക്കുന്നുകളായ കൊള്ളക്കാരുടെ വാസകേന്ദ്രം - നാടോടിത്തം നിറഞ്ഞ ദൃശ്യാനുഭവം തുടങ്ങിയവ ഷോലെയ്ക്ക് പ്രത്യേക മിഴിവ് നൽകുന്നു. ബോംബെ സിനിമ- പിൽക്കാലത്ത് ബോളിവുഡ് - ഷോലെയിലൂടെ പുതിയൊരു ഫോക്‌ലോർ സൃഷ്ടിക്കുകയായിരുന്നു. എന്താണ് ബോളിവുഡിന്റെ കൾട്ട് ക്ലാസിക്ക് ചേരുവകൾ എന്നത് കാണിച്ചുതരുകയായിരുന്നു.

വാലറ്റം: ‘ഷോലെ’യുടെ 50ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു ഇറാനിയൻ പത്രം ഫുൾ പേജ് ഫീച്ചർ നൽകിയത് ഇറാനിയൻ എംബസി എക്സ് വഴി അറിയിക്കുകയുണ്ടായി. സിനിമ നിർമാണത്തിലും പ്രദർശനത്തിലും ചില കർശന ഉപാധികൾ വെയ്ക്കുന്ന ഇറാനിയൻ ഇസ്ലാമിക് റിപ്പബ്ളിക് ഷോലെയുടെ അമ്പതാം വർഷം ആഘോഷമാക്കിയത് കൗതുകരമായ വാർത്തയാണ്. ഷോലെ കടൽ കടന്ന് മറ്റു പല ദേശങ്ങളിലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിങ് ഉപാധികൾ താരതമ്യേന അവികസിതമായിരുന്ന കാലത്താണ് രാജ് കപൂർ റഷ്യയിലും ഷോലെ ഇറാനിലും ഹിറ്റാകുന്നത്. ഇന്ത്യൻ സിനിമകളുടെ ലോകസഞ്ചാരത്തിന് വിപണിക്കതീതമായി വഴികളുണ്ടെന്നു സാരം.

