ഉചിതവും വിസ്മയ്കരവുമായ ഭ്രമാത്മകത വിശ്വസനീയമായി ദൃശ്യപ്പെടുത്തി ആകർഷകമാക്കി അവതരിപ്പിക്കപ്പെട്ട സിനിമയാണ് ഭ്രമയുഗം. മമ്മൂട്ടിയുൾപ്പെടെയുള്ള നടന്മാരുടെ അഭിനയമികവും ഇതിനോട് ചേർന്ന് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുമുണ്ട്. പക്ഷേ അപകടകരമായ ചില സാമൂഹ്യ / രാഷ്ട്രീയ ചിന്തകൾ ഒളിച്ചുകടത്തുന്നതും സിനിമയുടെ ഉദ്ദേശ്യങ്ങളിലൊന്നാണ് എന്നത് തിരിച്ചറിയപ്പെടേണ്ടതാണ്.
പിന്തിരിപ്പൻ ആശയങ്ങളെ പൊതുബോധത്തിൽ ചേർക്കാൻ അതീവ ഭ്രമമുള്ള ആളാണ് സംവിധായകൻ രാഹുൽ സദാശിവൻ. ‘ഭൂതകാലം’ എന്ന സിനിമയിലൂടെ മനുഷ്യരുടെ മാനസികപ്രശ്നങ്ങൾ, അവർ താമസിക്കുന്ന വീടിൻ്റെ പ്രത്യേകതകൾ കൊണ്ട് വന്നു ഭവിക്കുന്നതു മാത്രമാണെന്ന് സൈക്യാട്രിസ്റ്റിനെക്കൊണ്ട് വരെ പറയിപ്പിച്ചിട്ടുണ്ട് അദ്ദേഹം. അതിലെ പ്രധാന കഥാപാത്രങ്ങളായ അമ്മയും മകനും സ്ഥിരം സൈക്യാട്രിസ്റ്റുകളെ കാണുന്നവരാണ്. പക്ഷെ അവരൊക്കെ ഇവരെ ചികിൽസിച്ചു ഭേദപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നു. ആ വീടിൻ്റെ ചരിത്രവും കഥകളും അന്വേഷിച്ചു പോകുന്ന സൈക്യാട്രിസ്റ്റിന് ( സൈജു കുറുപ്പ്) കെട്ടുകഥകൾ ആധാരമാക്കിയ മരണകാരണങ്ങളാണ് അറിയാൻ കഴിയുന്നത്. അമ്മയ്ക്കും മകനും വീടുപേക്ഷിച്ച് പോകുകയേ നിവൃത്തിയുള്ളു എന്ന് സംവിധായകൻ തീർപ്പുകൽപ്പിക്കുന്നു. ഇനി ആ വീട്ടിൽ വന്ന് താമസിക്കുന്നവർക്കും മാനസിക അസുഖങ്ങൾ വരുമല്ലോ എന്ന് അമ്മയും മകനും ആശങ്കയോടെ പ്രഖ്യാപിക്കുന്നതോടെയാണ് സിനിമ തീരുന്നത്. ഈ മണ്ടൻ ആശയത്തോട് യോജിക്കുന്ന സൈക്യാട്രിസ്റ്റിനെ സൃഷ്ടിയ്ക്കാൻ ഒരു മടിയുമില്ല സംവിധായകന്. അടുത്ത വീട്ടിലെ താമസക്കാരിയായ ഒരു സാധാരണ വീട്ടമ്മയുടെ വിശ്വാസങ്ങൾ തന്നെയാണ് അയാളുടേയും. അവരുടെ അന്ധവിശ്വാസങ്ങൾ തന്നെയാണ് ശരി എന്ന് ഈ സൈക്യാട്രിസ്റ്റ് അവസാനം വരെയും ഉറപ്പിച്ച് വിശ്വസിക്കുന്നു. ഇതിനു മുൻപ് റെഡ് റെയ്ൻ എന്നൊരു സിനിമ ആവിഷ്ക്കരിച്ചിട്ടുണ്ട് രാഹുൽ സദാശിവൻ. അന്യഗ്രഹജീവികളും പറക്കും തളികകളും സത്യമാണെന്ന് തെളിയിക്കാൻ പാടുപെടുന്നുണ്ട് അദ്ദേഹം ഈ സിനിമ വഴി.
ഭ്രമയുഗത്തിൽ അദ്ദേഹത്തിന് ഉറപ്പിച്ചെടുക്കേണ്ടത് ബ്രാഹ്മണ്യത്തിൻ്റെ മഹിമയാണ്. കൊടുമൺ പോറ്റിയെന്ന, മന്ത്രവാദം നന്നായി പ്രയോഗിക്കാനറിയാവുന്ന, നമ്പൂതിരിയുടെ വേഷം കെട്ടുന്ന, എന്നാൽ പൂണൂലിടാത്ത, തിന്മയുടെ മൂർത്തീഭാവമായ മറ്റൊരാളെ സൃഷ്ടിച്ചുകൊണ്ടാണ് ഇത് സാധിച്ചെടുക്കുന്നത്. അടിയാളരുടെ ദൈവമായ ചാത്തനെ എതിർവശത്ത് പ്രതിഷ്ഠിച്ചാണ് ബ്രാഹ്മണമഹത്വം ആഘോഷിക്കുന്നത്. വൈദിക ദൈവങ്ങൾ കേരളത്തിൽ കുടിയേറുന്നതിനു മുൻപുള്ള പ്രധാന ദൈവങ്ങളിലൊന്നായിരുന്നു ചാത്തൻ. മായാമന്ത്രങ്ങളും തന്ത്രങ്ങളും അവശ്യം കയ്യിലുള്ള ബ്രാഹ്മണർ കേരളത്തിൽ കുടിയേറുമ്പോൾ അതിലും വലിയ വിദ്യകൾ സ്വായത്തമായ ചാത്തനെയായിരുന്നു അവർക്ക് പ്രധാനമായും എതിരിടേണ്ടിവന്നത്, വരുതിയിലാക്കേണ്ടി വന്നത്.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല കഥകളായി വർണ്ണിക്കുന്നത് ഈ ദ്വന്ദയുദ്ധത്തിൻ്റെ ഏടുകളാണ്. ജൈന / ബുദ്ധ ദൈവങ്ങളൊടൊപ്പം (യക്ഷി ഉദാഹരണം) ചാത്തനും ക്ഷേത്രങ്ങളുടെ ഒരു കോണിലേക്ക് ഒതുക്കപ്പെട്ടത് ചരിത്രദൃഷ്ടാന്തം. ചാത്തൻ്റെ തന്നെ അമ്പലങ്ങളുള്ളത് ‘ശാസ്താ’ എന്ന പേർ നൽകി സംസ്കൃതീകരിക്കാനും ശ്രമം നടന്നിട്ടുണ്ട്. ചെങ്ങന്നൂരെ ‘ചാത്തങ്കുളങ്ങര’ അമ്പലം 1930- കൾ കഴിഞ്ഞിട്ടാണ് ‘ശാസ്താംകുളങ്ങര’ ആയത്. അവിടത്തെ ചാത്തനെ നരസിംഹമാക്കി മാറ്റിയിട്ടുമുണ്ട്. ഇനിയും വൈദികദൈവമായി മാറാൻ സാധിക്കാത്ത ‘ഇണ്ടിളയപ്പൻ’ കേരളത്തിൽ പലടത്തും പ്രതിഷ്ഠയായി ഇന്നും നിലനിൽക്കുന്നു. ചാത്തൻ സേവ ഇന്നും കേരളീയരുടെ മായാവിദ്യാചികിൽസയായി നിലനിൽപ്പുണ്ട്.
കേരളത്തിലെത്തിയ ബ്രാഹ്മണരെ വിസ്മയിപ്പിച്ചത് ദേഹം വിട്ട് ദേഹം മാറാനുള്ള (‘കൂടു വിട്ട് കൂടു മാറുക’ എന്ന് വിക്രമാദിത്യൻ കഥകളിൽ) അദ്ഭുതാവഹമായ കഴിവ് ചാത്തനിൽ ആവാഹിച്ചിരിക്കുന്നു എന്ന വിശ്വാസമായിരിക്കണം. അന്നത്തെ തനതുദൈവങ്ങളുടെ അപ്രതിഹതശക്തി ഇവിടെ വന്നെത്തിയവരെ വിഭ്രാന്തിയിലെത്തിച്ചിരിക്കണം. പിന്നീട് വൈദിക ദൈവങ്ങളും ബ്രാഹ്മണരും സമൂഹത്തിൽ പ്രബലശക്തികളായത് ചരിത്രം. എട്ടാം നൂറ്റാണ്ടോടെ ഇത് ഉൽക്കടമായി നടപ്പിലായിരുന്നു. സംഘകാലത്തിൻ്റെ അവസാനം തന്നെ വൈദിക ആചാരങ്ങൾ കേരളത്തിൽ നടപ്പിലായിക്കഴിഞ്ഞിരുന്നത്രെ.
ഊട്ടിയുറപ്പിക്കുന്ന ബ്രാഹ്മണരക്ത മഹത്വം
ചാത്തൻ ബ്രാഹ്മണനായി മാറുന്നതിലെ ആശങ്കയും ഭയവും ആണ് ഭ്രമയുഗം സിനിമയ്ക്ക് മുന്നോട്ട് വെയ്ക്കാനുള്ളത്. ഉപനയനം കഴിയാത്തതുകൊണ്ട് പൂണൂൽ കിട്ടിയിട്ടില്ല ഈ ബ്രാഹ്മണചാത്തന് എന്നത് ആശ്വാസകരം എന്ന രീതിയിലാണ് പാത്രസൃഷ്ടി. ബ്രാഹ്മണർക്ക് പറ്റിയതല്ലാത്ത മദ്യസേവയും ഇറച്ചിതീറ്റയും മഹാ അപരാധം, ഹാ കഷ്ടം എന്ന രീതിയിലാണ് രംഗാവതരണം. പ്രാകൃതമായ രീതിയിൽ ചിക്കൻ തിന്നുന്നത് അതേ പടി ചിത്രീകരിച്ചിട്ടുണ്ട്. നിഷ്ഠൂരതയുടെ, ധ്വംസനാത്മകതയുടെ, കൗടില്യത്തിൻ്റെ ഉടൽരൂപം ചാത്തൻ തന്നെ. ഒരു ബ്രാഹ്മണനായിരിക്കാൻ ഒരു സാദ്ധ്യതയുമില്ല. ഈ മായാരൂപത്തെ എതിരിടാൻ ബ്രാഹ്മണരക്തമുള്ളവർക്കേ സാധിക്കൂ അത്രേ. ഈ പ്രശ്നത്തിന് സിനിമ കണ്ടു പിടിയ്ക്കുന്ന വഴി അടുക്കളക്കാരനിൽ ഈ രക്തം ഉണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്.
കുടമൺ പോറ്റിയ്ക്ക് അടിച്ചുതളിക്കാരിയിൽ (മിക്കവാറും കീഴ് ജാതിക്കാരി) ഉണ്ടായ മകനാണത്രെ അയാൾ. അയാളിൽ ‘കീഴ്ജാതിരക്തം’ എന്തുകൊണ്ടില്ല എന്നൊരു ചോദ്യം ഇവിടെ ആരും ചോദിക്കരുതെന്ന് സിനിമയുടെ ആഖ്യാനം നമുക്ക് താക്കീത് തരുന്നുണ്ട്. കീഴാളനെ ബ്രാഹ്മണനാക്കിയാലേ അയാൾക്ക് താൻപോരിമ കൈവരികയുള്ളു എന്ന പഴയ ആശയം നന്നായി പുതുക്കിയെടുക്കപ്പെടുകയാണിവിടെ. ‘കീഴ്ജാതിരക്തം’ കൊണ്ട് ബ്രാഹ്മണ്യത്തോട് പോരാടാനാവില്ലെന്ന് ശഠിച്ചുകൊണ്ടാണ് സിനിമ പിന്നെ മുന്നേറുന്നത്. മനുഷ്യരാഹിത്യത്തോടും നൃശംസതയോടും പോരാടാൻ ബ്രാഹ്മണരക്തം സിരകളിൽ ഓടണം എന്ന സംഹിത കൃത്യമായി സിനിമ അടിച്ചുറപ്പിക്കുന്നു. കഥയിലെ മറ്റൊരു പ്രധാന കഥാപാത്രമായ, അടിയാളനായ പാണന് ഈ വക സിദ്ധികളൊന്നും കൈവരാൻ യാതൊരു സാദ്ധയതയുമില്ലത്രെ. ബ്രാഹ്മണരക്തം അയാളിലില്ലാത്തതു കൊണ്ടു തന്നെ. ആ കഥാപാത്രത്തെ നിസ്സഹായനായി നോക്കി നിൽക്കാൻ ഏൽപ്പിച്ചിരിക്കയാണ് സംവിധായകൻ. ഐതിഹ്യമാലയിലെ മൂലകഥ ‘ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ചു കുന്തിച്ചു ബ്രഹ്മവുമെനിക്കൊക്കെ’ (പൂന്താനം നമ്പൂരിയുടേതാണ് ഈ വരി) എന്നവരുടേതാക്കി മാറ്റാൻ രാഹുൽ സദാശിവൻ യത്നിക്കുന്നു. ഭ്രമാത്മകത നിർമിതിയിലും സിനിമയിലെ ധാരാളിത്തം കലർന്ന മായാദൃശ്യങ്ങളിലും മമ്മൂട്ടിയെ ഈ വേഷം ഏൽപ്പിക്കുന്നതിലൂടെയും ഈ സത്യങ്ങൾ മറയ്ക്കപ്പെടും എന്ന് അദ്ദേഹത്തിന് കൃത്യമായ അറിവുമുണ്ട്. ഇതിനുവേണ്ടി ഉചിത സംഭാഷണമണയ്ക്കാൻ കൃതഹസ്തനായ ടി. ഡി. രാമകൃഷ്ണൻ്റെ സഹായം തേടിയിട്ടുണ്ട് സംവിധായകൻ. പ്രേക്ഷകർ എളുപ്പം കഥാഗതിയോട് യോജിച്ചുപോകാൻ ഇത് വൻ രീതിയിൽ വഴിവെയ്ക്കുന്നുമുണ്ട്.
ഇനിയത്തെ പാണന്മാർ ആരാണ്?
17-ാം നൂറ്റാണ്ടിൽ നടക്കുന്ന കഥയാണെന്ന് കൃത്യമായി സൂചിപ്പിക്കുന്നുണ്ട് സിനിമയുടെ ആദ്യം തന്നെ. അതുകൊണ്ട് ഇത് ചരിത്രമാണെന്ന് നമ്മൾ ധരിക്കണമോ എന്നൊരു ചോദ്യമുളവാകുന്നുണ്ട്. ഐതിഹ്യമാല ഒരു ചരിത്രപുസ്തകമാണെന്നാണ് സിനിമ സമർത്ഥിക്കുന്നത്. കഥാപാത്രങ്ങളുമായി നേരിട്ട് ഇടപഴകുന്ന പോർച്ചുഗീസുകാരെ കാണിച്ച് ഇത് ഉറപ്പിച്ചെടുക്കുന്നു. ഇന്നത്തെ പാണമാരുടെ /കീഴാളരുടെ ചരിത്രവും ഇവിടെ നിർമിക്കപ്പെടുകയാണ്. സിരകളിൽ ബ്രാഹ്മണരക്തമില്ലാത്ത തേവൻ എന്ന പാണൻ മൃതനാകുകയാണ് കഥയുടെ അവസാനം. ചാത്തൻ ഈ തക്കം നോക്കി അയാളിൽ പ്രവേശിക്കുകയാണ്. നൃശംസതയുടെയും നിഷ്ഠൂരതയുടേയും ദുരധികാരത്തിൻ്റേയും സ്വരൂപമായ ഒരു മോതിരമാണ് ചാത്തന് ആ സ്വഭാവവിശേഷങ്ങൾ ചാർത്തിക്കൊടുക്കാൻ സഹായകമാകുന്നത്. അത് കൈക്കലാക്കാൻ കുശിനിക്കാരൻ ശ്രമിക്കുമ്പോൾ പാണൻ അതിനെ വിലക്കുന്നുണ്ട്. പക്ഷേ ചാത്തൻ പിന്നീട് പാണൻ ആയി മാറുമ്പോൾ ഈ മോതിരം അണിയുന്നുണ്ട്. സിനിമയുടെ അവസാന രംഗങ്ങളിലൊന്നിൽ ഈ മോതിരവുമണിഞ്ഞ് സന്തോഷവാനായി നദീതീരത്ത് നിൽക്കുന്ന ആധുനിക പാണനെ ദൃശ്യപ്പെടുത്തുന്നു. ഇനിയത്തെ പാണന്മാർ / കീഴാളർ പ്രച്ഛന്നവേഷക്കാരാണെന്നും അവർ ദുഷ്ടതയുടെ മോതിരം അണിഞ്ഞവരാണെന്നും കൃത്യമായി വ്യക്തമാക്കുകയാണ് സിനിമ ഇവിടെ. ബ്രാഹ്മണ്യം തീരെയില്ലാത്തവർ കൊള്ളരുതാത്തവരാണെന്ന് സിനിമ നേരത്തെ പറഞ്ഞുവെച്ചതുകൊണ്ട് കേരള സമൂഹത്തിലെ കീഴാളസ്വത്വം സംവിധായകൻ നിർവ്വചിക്കുകയാണ്, ഇപ്രകാരം. പതിനേഴാം നൂറ്റാണ്ടിലെങ്ങോ ദുഷ്ട ചാത്തൻസ്വരൂപം ആവാഹിച്ച് അറുതെമ്മാടിയായി മാറിയവരാണ് പാണരും മറ്റും. അവരെ സൂക്ഷിക്കണം.
ഇതെല്ലാം ചരിത്രത്തിൻ്റെ ഭാഗമാണെന്ന് വ്യക്തമായി പറഞ്ഞുവെക്കുന്നതാണ് സിനിമയുടെ ഏറ്റവും കുടിലമായ സംഹിത. ഐതിഹ്യങ്ങളിൽ ചരിത്രത്തിൻ്റെ അംശങ്ങൾ തീർച്ചയായും ഉണ്ട്. അവയിലെ കഥാപാത്രങ്ങൾ പലപ്പോഴും ചരിത്രപുരുഷന്മാരുമാണ്. ഐതിഹ്യമാലയിലെ ചരിത്രാംശങ്ങളെപ്പറ്റി ഗവേഷണങ്ങളും ധാരാളം നടന്നിട്ടുണ്ട്. പക്ഷേ ‘ഭ്രമയുഗ’ത്തിൽ ഐതിഹ്യ കഥാപാത്രം നേരിട്ട് ചരിത്രത്തിൽ വന്നു കയറുകയാണ്. തികച്ചും സാങ്കൽപ്പികതയുടെ, മായാവിഭ്രാന്തിയുടെ സൃഷിയായ ചാത്തനും പാണനും അടുക്കളക്കാരനും ഒക്കെ അരങ്ങേറിയ ആ കഥ കൃത്യമായ കേരളചരിത്രമാണത്രെ. അടുക്കളക്കാരൻ പോർച്ചുഗീസുകാരുടെ മുന്നിലേക്ക് നടന്നടുക്കുന്നത് ദൃശ്യപ്പെടുത്തിക്കൊണ്ട് സംവിധായകൻ ഇത്തരമൊരു വിഡ്ഢിത്തം പ്രേക്ഷകർക്ക് സമർപ്പിക്കുകയാണ്. ഈ മാന്ത്രികകഥ നടമാടുമ്പോൾ അപ്പുറത്ത് പോർച്ചുഗീസുകാർ ഉണ്ടായിരുന്നത്രെ. അന്ധവിശ്വാസക്കഥാപാത്രങ്ങളെ കൊന്നൊടുക്കാൻ പാശ്ചാത്യർ എത്തിയിരിക്കുന്നു, ദാ നവബോധം ഉണർന്നുയരുന്നു എന്നൊക്കെയുള്ള സൂചനയൊന്നും ഈ ദൃശ്യത്തിനില്ല. ഭ്രാന്തനാണെന്ന് തോന്നി മലയാളികളെ വെറുതെ വെടിവെയ്ക്കുന്നവരാണത്രെ പോർച്ചുഗീസുകാർ. ഈ ചരിത്രബന്ധം നേരത്തെ ദൃശ്യപ്പെടുത്തിയ പാണൻ്റെ സ്വരൂപവുമായി ബന്ധപ്പെടുത്തിയാൽ സംവിധായകൻ്റെ ഉദ്ദേശ്യം വെളിവാകുന്നതാണ്. ധാർഷ്ട്യം കയ്യിലേറ്റിയ പാണന്മാർ / അടിയാളർ 17ാം നൂറ്റാണ്ടു മുതൽ ഇവിടെ നടമാടുകയാണത്രെ. അവരുടെ കൈവിരലുകളിൽ അദൃശ്യമായി ആ ചാത്തൻ മോതിരങ്ങളുണ്ട്, സംവിധായകൻ സ്ഥാപിച്ചെടുക്കുകയാണ്.