‘നമുക്കെല്ലാവർക്കും ജീവിതത്തിൽ പിന്തുടരാൻ ഒരു സ്വപ്നമുണ്ടായിരിക്കും. ആ സ്വപ്നം സാക്ഷാത്കരിക്കാനായിരിക്കും ജീവിതയാത്ര തുടങ്ങുക. ചിലർ അതിൽ വിജയിക്കും; മറ്റു ചിലർ വിജയിക്കില്ല. സ്വപ്നം സാക്ഷാൽകരിക്കാനുള്ള ഈ അന്വേഷണത്തെ ചുറ്റിപ്പറ്റിയാണ് എന്റെ സിനിമകൾ രചിച്ചിട്ടുള്ളത്'...‘സ്വപ്നങ്ങളെ ദൃഢനിശ്ചയത്തോടെ പിന്തുടരാനും യാഥാർത്ഥ്യമാക്കി മാറ്റാനുമുള്ള ധൈര്യവും ആത്മവിശ്വാസവും അപൂർവം ആളുകളിൽ മാത്രമേ ഉണ്ടാവൂ’ - ബുദ്ധദേബ് ദാസ്ഗുപ്ത പറയുന്നു.
ശത്രുത നിറഞ്ഞ ലോകത്ത് ജീവിക്കുന്ന സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളാണ് കവിയും സ്വപ്നജീവിയുമായ അദ്ദേഹം സിനിമയിൽ കൈകാര്യം ചെയ്യുന്നത്. ആദ്യചിത്രമായ ‘ദൂരത്വ', തുടർന്നു വന്ന ‘ഗൃഹയുദ്ധ', ‘അന്ധി ഗലി' എന്നിവ ഒരു തരത്തിൽ സമാനതയുള്ള ചിത്ര ത്രയമാണ്. കൽക്കത്തയെ പശ്ചാത്തലമാക്കി റായ്, സെൻ ചിത്രങ്ങളെ മാതൃകയാക്കി നിർമിച്ച ഇവയിൽ ബംഗാളിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തെയും അതിന്റെ പരാജയത്തെയും ആണ് മുഖ്യപ്രമേയമാക്കി സ്വീകരിച്ചിട്ടുള്ളത്.
വർഗരഹിത സമൂഹമെന്ന സ്വപ്നം പിൻതുടർന്ന ഏതാനും വ്യക്തികളുടെ മോഹഭംഗവും നൈരാശ്യവും അദ്ദേഹം ചിത്രീകരിക്കുന്നു. എല്ലാ രംഗത്തും പടർന്നു പന്തലിച്ച അഴിമതിയും സ്വാർഥതയും അവരെ അസ്വസ്ഥരാക്കുന്നു. അവർ നഗരത്തിൽ ഗതികിട്ടാപ്രേതങ്ങളെപ്പോലെ അലഞ്ഞുതിരിയുന്നു. അതേസമയം വ്യവസ്ഥയോട് സന്ധിചെയ്ത് പുതിയ സുഖങ്ങളിൽ അഭിരമിക്കുന്ന ഭൂതകാലത്തെ ചങ്ങാതിമാരെ അവർ ഒഴിവാക്കുന്നു. വിപ്ലവാവേശകാലത്തെ "പഴയ കാൽപ്പനികത'യെ കളിയാക്കുന്ന അവരിൽ പലർക്കും ഇന്ന് നല്ല ഉദ്യോഗവും പദവികളുമൊക്കെ ഉണ്ട്.
‘ഞാൻ റിയലിസ്റ്റിക് സിനിമയാണ് കാണാൻ ഇഷ്ടപ്പെടുന്നത്; പക്ഷെ അത്തരം സിനിമകൾ ഉണ്ടാക്കാൻ എനിക്ക് താത്പര്യമില്ല. സ്വപ്നങ്ങളും അൽപം മാജിക്കും അൽപം യാഥാർഥ്യങ്ങളും ഒരു ഗ്ലാസിലിട്ടു നന്നായി കുലുക്കുക അതാണ് എന്റെ സിനിമ '
ബംഗാളിലെ തീവ്രവാദ രാഷ്ട്രീയത്തിന്റെ പശ്ചാത്തലമുള്ള ഈ മൂന്നു ചിത്രങ്ങളിലും വ്യത്യസ്ത കഥകളാണെങ്കിലും ആദർശങ്ങളുടെയും രാഷ്ട്രീയപ്രതിബദ്ധതയുടെയും തിരോധാനത്താൽ നിരാശ ബാധിച്ച ഇടതുബോധമുള്ള നായകരാണ് മൂന്നിലും. അവർ നടത്തുന്ന ഒളിച്ചോട്ടം ഉത്തരവാദിത്തങ്ങളിൽനിന്നുള്ള, ജീവിതത്തിൽനിന്നു തന്നെയുള്ള, ഒളിച്ചോട്ടമായി മാറുന്നുണ്ട്. ‘തഹദേർ കഥ’ (അവരുടെ കഥ) യിൽ ശിബ് നാഥ് സിംഗ് എന്ന സ്വാതന്ത്ര്യസമരസേനാനിയായി മിഥുൻ ചക്രബർത്തിയാണ് അഭിനയിക്കുന്നത് . സ്വാതന്ത്ര്യം ലഭിച്ച് പതിനൊന്നു വർഷം കഴിഞ്ഞാണ് സിംഗ് ജയിൽമോചിതനായി വീട്ടിലേക്കു മടങ്ങുന്നത്. സ്വതന്ത്ര ഇന്ത്യയിൽ സ്വന്തം അവസ്ഥ മാത്രം ഏറെ മെച്ചപ്പെടുത്തിയ പ്രാദേശിക രാഷ്ട്രീയക്കാരനാണ് പഴയ സുഹൃത്ത്. അയാളോടൊപ്പം തുടർന്നുപ്രവർത്തിക്കാൻ അദ്ദേഹം തയ്യാറല്ല. കാരണം, യഥാർത്ഥ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെ സ്വപ്നം തകർന്നു പോയെങ്കിലും ആദർശത്തിൽനിന്ന് വ്യതിചലിക്കാൻ ഷിബ് നാഥ് ഒരുക്കമല്ല. മിഥുൻ ചക്രബർത്തിക്ക് മികച്ച നടന്നുള്ള ദേശീയ അവാർഡ് ലഭിച്ച ചിത്രമാണിത്.
‘ഞാൻ റിയലിസ്റ്റിക് സിനിമയാണ് കാണാൻ ഇഷ്ടപ്പെടുന്നത്; പക്ഷെ അത്തരം സിനിമകൾ ഉണ്ടാക്കാൻ എനിക്ക് താത്പര്യമില്ല. സ്വപ്നങ്ങളും അൽപം മാജിക്കും അൽപം യാഥാർഥ്യങ്ങളും ഒരു ഗ്ലാസിലിട്ടു നന്നായി കുലുക്കുക അതാണ് എന്റെ സിനിമ ' - കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ ഗുപ്ത പറഞ്ഞതാണിത്.
കുടുംബവും ജോലിയും സുരക്ഷിത സ്ഥാനങ്ങളും ഉപേക്ഷിച്ച് അനിശ്ചിതത്വതിന്റെയും ഫാന്റസികളുടെയും മനസ്സിനെ അലട്ടുന്ന ഒഴിയാബാധകളുടെയും പിറകെ പോകുന്നവർ, സാധാരണ ജീവിതത്തിനു കൊള്ളാത്തവർ എന്ന മുദ്ര കിട്ടുന്നവർ, ബഹിഷ്‌കൃതർ, കുടുംബവും സുഹൃത്തുക്കളും തിരസ്‌കരിക്കുകയോ, തെറ്റിദ്ധരിക്കുകയോ ചെയ്യുന്നവർ ഇങ്ങനെയുള്ള കഥാപാത്രങ്ങളെയാണ് അദ്ദേഹം ചിത്രങ്ങളിൽ ആവിഷ്‌കരിക്കുന്നത്.
നീതി എങ്ങനെ നേടിയെടുക്കാമെന്ന് ഈ കഥാപാത്രങ്ങൾക്ക് അറിയില്ല. എങ്കിലും അവർ ഒരിക്കലും പരാജയപ്പെടുന്നില്ല; അവർ ഒരിക്കലും വിജയിക്കുന്നുമില്ല. എന്നുവച്ച് അവർ സ്വപ്നം കാണുന്നത് ഒരിക്കലും നിർത്തുന്നില്ല
മുഖ്യധാരയുടെ പുറത്തുള്ള ഇക്കൂട്ടരുടെ പക്ഷത്താണ് എപ്പോഴും സംവിധായകൻ നിലകൊള്ളുന്നത്. ഉദാഹരണത്തിന് ‘ഉത്തര'യിലെ നവവധുവും കുള്ളനും‘ചരാചറി'ലെ പക്ഷിപിടുത്തക്കാരനും ഇക്കൂട്ടത്തിൽ പെടും. പക്ഷികളെ കൂട്ടിലിടുന്നത് സഹിക്കാൻ കഴിയാത്ത പക്ഷിപിടുത്തക്കാരൻ അവയെ തുറന്നുവിട്ടു പിന്നീട് പിച്ച തെണ്ടുന്ന അവസ്ഥയിലാവുന്നു. സമ്മതമില്ലാതെ, മീര എന്ന പ്രതിശ്രുതവധുവിന്റെ സമ്പാദ്യം ഉപയോഗിച്ച് തന്റെ പഴയ സ്‌കൂളിന് ചെലവേറിയ ഒരു ജനാല ഉണ്ടാക്കിക്കൊടുക്കുന്ന ബിമൽ എന്ന നായകനെ ഒടുവിൽ അവൾ തിരസ്‌കരിക്കുന്നു; എന്നാൽ സംവിധായകന്റെ അനുതാപം എപ്പോഴും അയാൾക്കൊപ്പമാണ്.
വലിയ മോഹങ്ങളും നേട്ടങ്ങളുമൊന്നും ആവശ്യമില്ലെന്നു വിചാരിക്കുന്ന, തെരുവിലെ പോക്കറ്റടിക്കാരനോടും പത്രക്കാരനോടും ചങ്ങാത്തത്തിലാവുന്ന, സുമന്ത (രാഹുൽബോസ് അഭിനയിക്കുന്നു) എന്ന കഥാപാത്രമാണ് ‘കാൽപുരുഷി’ലെ നായകൻ. സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കാത്തതിന് ഭാര്യ അയാളെ നിരന്തരം കുറ്റപ്പെടുത്തുന്നുണ്ട്. എന്നിട്ടും ‘കാര്യങ്ങളൊക്കെ എങ്ങനെയുണ്ട് ' എന്ന് അച്ഛന്റെ പ്രേതം ചോദിക്കുമ്പോൾ, താൻ ‘ആസ്വദിച്ചങ്ങനെ ജീവിക്കുന്നു ' എന്നാണയാൾ മറുപടി പറയുന്നത്. ഭാര്യയേയും മകനെയും വിട്ട് സ്വന്തം ഭ്രമങ്ങൾക്കുപിറകെ പോകുന്ന ഒരു ദന്തഡോക്ടറുടെ കഥയാണ് ‘ലാൽ ദര്ജ ' യിലുള്ളത്.
പ്രശാന്തമായ നൈസർഗികാന്തരീക്ഷത്തെ അക്രമവും തിന്മയും നിയമവാഴ്ച്ചയില്ലായ്മയും ചേർന്ന് കലുഷമാക്കുന്നതിന്റെ ദൃശ്യങ്ങളാണ് ‘ഉത്തര'യിൽ. ഗ്രാമീണ ഭാരതത്തിലെ ഒരു കിറുക്കൻ രാജാവിനെയും മുന്നി എന്ന ഞാണിന്മേൽ കളിക്കാരിയെയും കുറിച്ചാണ് ചൂണ്ടൽ അഥവാ കെണി എന്നർത്ഥമുള്ള ‘തോപ്പ് ' എന്ന ചിത്രം. കുടുംബം, സമൂഹം, സമ്പദ്വ്യവസ്ഥ ഇവയോടൊന്നും പൊരുത്തപ്പെടാത്ത ആളുകളാണ് ദാസ്ഗുപ്തയുടെ സിനിമകളിലുള്ളത്. പക്ഷെ ഈ ചിത്രങ്ങൾ രാഷ്ട്രീയമാണ്. നീതി എങ്ങനെ നേടിയെടുക്കാമെന്ന് ഈ കഥാപാത്രങ്ങൾക്ക് അറിയില്ല. ‘എങ്കിലും അവർ ഒരിക്കലും പരാജയപ്പെടുന്നില്ല; അവർ ഒരിക്കലും വിജയിക്കുന്നുമില്ല. എന്നുവച്ച് അവർ സ്വപ്നം കാണുന്നത് ഒരിക്കലും നിർത്തുന്നില്ല’- ദേബര്ഷി ഘോഷ് നിരീക്ഷിക്കുന്നു.
പശ്ചിമ ബംഗാളിലെ തെക്കൻ ജില്ലയായ പുരുളിയ കുന്നുകളും ചെമ്മണ്ണും പുൽമൈതാനങ്ങളും നിറഞ്ഞ പ്രദേശമാണ്. അവിടെ ജനിച്ച ദാസ്ഗുപ്തയുടെ മിക്ക ചിത്രങ്ങളുടെയും പശ്ചാത്തലം പുരുളിയ തന്നെ. കൂടാതെ നാടോടികളും അവരുടെ സംസ്‌കാരവും അദ്ദേഹത്തിനു ഏറെ പ്രിയപ്പെട്ട വിഷയങ്ങളാണ്. നാടൻ കലകൾ, ഇന്ദ്രജാലം, സഞ്ചരിക്കുന്ന ആട്ടക്കാർ, പാട്ടുകാർ, ബാവുൽ ഗായകർ ഇവരൊക്കെ ചിത്രങ്ങളിൽ കടന്നുവരുന്നു. ഫോക്ക് ഘടകങ്ങളോട് ഋത്വിക് ഘട്ടക്കിനെപ്പോലെതന്നെ ദാസ്ഗുപ്തയ്ക്കും മമതയുണ്ട്. യഥാർത്ഥ പുലിയോട് മത്സരിക്കേണ്ടിവരുന്ന ‘ബാഗ് ബഹാദൂറി' ലെ പാവം പുലിക്കളിക്കാരനെ ഓർക്കുക. ‘കാൽപുരുഷ് ', ‘തോപ്പ് ' എന്നീ സിനിമകളിലെ ആട്ടക്കാരെയും പാട്ടുകാരെയും.
‘അവാർഡുകൾ ആരു കാര്യമായെടുക്കും? സ്വന്തം ഭാര്യക്കുപോലും ഓർമയുണ്ടാവില്ല ഏതൊക്കെ അവാർഡുകൾ കിട്ടി എന്ന്’
ഗ്രാമീണമായ ഒരുതരം നിഷ്‌കളങ്കതയെ ഈ ഫോക്ക്കലകൾ പ്രതിനിധീകരിക്കുന്നുണ്ട്. അവയോടുള്ള ആരാധന അദ്ദേഹം മറച്ചു വെക്കുന്നില്ല: ‘ഉത്തരയിൽ നിങ്ങൾ കാണുന്ന ജുമൂർ നർത്തകർ ആണ് പുരുളിയയിലെ എന്റെ ആരാധനാപാത്രങ്ങൾ. അവർ ആടും; പാടും; ഒരിക്കലും കാശ് ചോദിക്കില്ല.....പുലിക്കളിക്കാർ മുഹറം മുതൽ ദുർഗാപൂജവരെ കൊല്ലം മുഴുവനും സഞ്ചരിച്ചുകൊണ്ടേയിരിക്കും, അവരും ഞങ്ങളുടെ വീരകഥാപാത്രങ്ങളാണ്. വീരകഥാപാത്രങ്ങളെക്കുറിച്ച് ഇന്ന് സങ്കല്പങ്ങൾ മാറി.’‘ഭൗതിക വസ്തുക്കളോട് വല്ലാതെ ഭ്രമമില്ലാത്ത ആളുകളെയാണ് എനിക്കിഷ്ടം. അവർ വികാരത്തിന് പ്രാധാന്യം നൽകുന്നവരും സഹൃദയരുമായിരിക്കും. വല്ലാത്ത പ്രായോഗികവാദികളായ, കണക്കുകൂട്ടലുകൾ നടത്തുന്ന ആളുകളെ എനിക്കിഷ്ടമല്ല' എന്ന് ദാസ്ഗുപ്ത പറയുന്നുണ്ട്.
സെലിബ്രിറ്റികളായി അറിയപ്പെടുന്നവരിൽ നിന്ന് ഏറെ വ്യത്യസ്തനാണ് ഇദ്ദേഹം. ഏറെ ശ്രദ്ധിക്കപ്പെടുന്ന ഇടങ്ങളിൽപ്പോലും ശ്രദ്ധിക്കപ്പെടാതെ ഒഴിഞ്ഞുമാറാൻ ശ്രദ്ധിച്ച മനുഷ്യൻ. ദേശീയ- അന്തർദേശീയ ഫെസ്റ്റിവലുകളിൽ ഏറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും അവാർഡുകളെ അദ്ദേഹം ഗൗരവത്തിലെടുക്കാറില്ല: ‘അവാർഡുകൾ ആരു കാര്യമായെടുക്കും? സ്വന്തം ഭാര്യക്കുപോലും ഓർമയുണ്ടാവില്ല ഏതൊക്കെ അവാർഡുകൾ കിട്ടി എന്ന്’ -ഇതാണ് നിലപാട്. അവാർഡുകൾ കിട്ടിയ ഡയറക്ടർ എന്ന് പൊതുവേദികളിൽ പരിചയപ്പെടുത്തുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല.
കഴിഞ്ഞ വർഷം ‘തോപ്പ് ' എന്ന സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ ദി ഹിന്ദുവിന്റെ ലേഖകനോട് അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്: ‘ഞാൻ സന്തോഷവാനല്ല. അതിന് ദൈവത്തിനു നന്ദി. കാരണം ഈ സന്തോഷമില്ലായ്മ എന്റെ സർഗാത്മക ഊർജത്തിന് രാസത്വരകമായി പ്രവർത്തിക്കുന്നുണ്ട്. വാസ്തവത്തിൽ സന്തോഷത്തെ എനിക്ക് ഭയമാണ്.'
വ്യതിരിക്തമായ ഒരു ശൈലിയിലൂടെ തന്റേതായ ഒരിടം ലോക സിനിമയിൽ നിർമിച്ചെടുത്തശേഷമാണ് ബുദ്ധദേബ് ദാസ്ഗുപ്ത എന്ന പ്രതിഭാശാലി ഇപ്പോൾ വിടവാങ്ങിയിരിക്കുന്നത്.
ഇത് അദ്ദേഹത്തിന്റെ വ്യത്യസ്തതയുടെ ഒരു ദൃഷ്ടാന്തമാണ്. കോളേജിലെ സാമ്പത്തികശാസ്ത്ര അധ്യാപനം നിർത്തി സിനിമയിലേക്ക് വരാൻ പ്രേരിപ്പിച്ച ഒരു ഘടകം താൻ പഠിപ്പിക്കുന്ന സാമ്പത്തിക ശാസ്ത്രവും സമൂഹത്തിലെ യഥാർത്ഥ സാമ്പത്തികാവസ്ഥയും തമ്മിലുള്ള പൊരുത്തക്കേട് വലുതാണ് എന്ന തിരിച്ചറിവാണ്. സംഗീതം, സാഹിത്യം, ചിത്രകല ഇവയുടെ സ്വാധീനത്താൽ ഏകാന്തതയെ ഏറെ ഇഷ്ടപ്പെടുന്ന ദാസ്ഗുപ്ത അതിനെ ജീവിതത്തിന്റെ ഒരു പ്രധാന ഘടകമായി പരിഗണിക്കുന്നു.
റായ്, സെൻ, ഘട്ടക്ക് എന്നീ ത്രിമൂർത്തികളെ തുടർന്ന് ഇന്ത്യൻ നവതരംഗസിനിമയിൽ കടന്നുവന്ന ഗൗതം ഘോഷ്, അപർണാ സെൻ എന്നിവർക്കൊപ്പമാണ് ബുദ്ധദേബ് സിനിമാസപര്യ ആരംഭിച്ചത്. കൽക്കത്താ ഫിലിം സൊസൈറ്റിയിൽ കണ്ട സിനിമകളിൽ നിന്നുള്ള പ്രചോദനമാണ് അത് സ്വയം പഠിക്കാനും പ്രയോഗിക്കാനും അദ്ദേഹത്തിന് നിമിത്തമായത്. ബംഗാളിലെ മുഖ്യധാരാ സിനിമയുടെ സാധാരണ പ്രേക്ഷകർക്ക് ഏറെയൊന്നും പരിചയമില്ലെങ്കിലും, ദീർഘകാലമായി സിനിമാരംഗത്ത് കനപ്പെട്ട രചനകൾ നടത്തുകയും വ്യതിരിക്തമായ ഒരു ശൈലിയിലൂടെ തന്റേതായ ഒരിടം ലോക സിനിമയിൽ നിർമിച്ചെടുക്കുകയും ചെയ്തതിനു ശേഷമാണ് ബുദ്ധദേബ് ദാസ്ഗുപ്ത എന്ന പ്രതിഭാശാലി ഇപ്പോൾ വിടവാങ്ങിയിരിക്കുന്നത്.
കേരളത്തോട് സവിശേഷ ആഭിമുഖ്യമുള്ള ഗുപ്ത, ചലച്ചിത്രോത്സവങ്ങളിൽ ജൂറിയായും മേളകളിൽ ക്ഷണിതാവായും നിരവധി തവണ കേരളത്തിൽ വന്നിട്ടുണ്ട്. അരവിന്ദന്റെ സിനിമയുടെ ആരാധകനായ അദ്ദേഹത്തിന് മലയാളത്തിൽ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 2016 മാർച്ചിൽ തളിപ്പറമ്പ സർ സയ്ദ് കോളേജിൽ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ അദ്ദേഹം ഈ ലേഖകനോട് പ്രകടിപ്പിച്ചുകേട്ട ഈ ആഗ്രഹം നിർഭാഗ്യവശാൽ നടക്കാതെ പോയി എന്ന ദുഃഖം ഈ അനുസ്മരണം എഴുതുമ്പോഴുണ്ട്.
ബുദ്ധദേബ് ദാസ്ഗുപ്ത: 2021 ജൂൺ 10ന് 77ാം വസ്സിൽ അന്തരിച്ചു. സിനിമാ സംവിധായകനും തിരക്കഥ രചയിതാവും കവിയും നോവലിസ്റ്റും. 1944ൽ ബംഗാളിന്റെ തെക്കൻ ജില്ലയായ പുരുളിയയിൽ ജനിച്ചു. റെയിൽവേയിൽ ഡോക്ടറായിരുന്ന അച്ഛന്റെ ഒമ്പതു മക്കളിൽ മൂന്നാമൻ. കൽക്കത്താ സർവകലാശാലയിൽ ധനതത്വശാസ്ത്രം പഠിച്ച് പിന്നീട് കോളേജിൽ അധ്യാപകനായി. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ചാണ് ചലച്ചിത്ര രചനയിലേക്ക് തിരിഞ്ഞത്. ഇരുപതോളം കഥാചിത്രങ്ങളും പതിനഞ്ചോളം ഡോക്യുമെൻററി/ടെലിവിഷൻ ചിത്രങ്ങളും രചിച്ചു. മിക്ക ചിത്രങ്ങൾക്കും ദേശീയ- അന്തർദേശീയ പുരസ്‌കാരങ്ങൾ. 2008 ൽ സ്‌പെയ്‌നിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലൈഫ്‌ടൈം അച്ചീവ്‌മെൻറ് അവാർഡ്. ടൊറന്റോ ചലച്ചിത്രോത്സവത്തിലെ മാസ്റ്റേഴ്‌സ് വിഭാഗത്തിൽ ലോകത്തെ മികച്ച 10 സംവിധായകരുടെ സിനിമകൾ പ്രദർശിപ്പിക്കുന്ന കൂട്ടത്തിൽ അഞ്ചു സിനിമകൾ പ്രദർശിപ്പിക്കാൻ അവസരം കിട്ടിയ ഒരേയൊരു ഇന്ത്യൻ സംവിധായകൻ. വെനീസ് ഫിലിം ഫെസ്റ്റിവലിൽ ‘ഉത്തര 'യ്ക്ക് സ്‌പെഷൽ ഡയറക്ടർ അവാർഡ്. ഗോൾഡൻ അഥീന അവാർഡ് ആദ്യമായി ലഭിച്ച ഇന്ത്യക്കാൻ. അഞ്ചു ചിത്രങ്ങൾക്ക് മികച്ച ഫീച്ചർചിത്രങ്ങൾക്കുള്ള ദേശീയ അവാർഡ്, രണ്ടു ചിത്രങ്ങൾക്ക് മികച്ച ബംഗാളി ഫീച്ചർ ചിത്രങ്ങൾക്കുള്ള ദേശീയ അവാർഡ്. ഭാര്യ: സോഹിനി ഗുപ്ത. മക്കൾ: രാജേശ്വരി, അളകനന്ദ. അളകനന്ദ ക്ലാസിക്കൽ പിയാനോ ആർട്ടിസ്റ്റും സംഗീത സംവിധായികയും ആണ്.
ഫീച്ചർ ഫിലിമുകൾ: ദൂരത്വ (1978), നീം അന്നപൂർണ (1979) ഗൃഹയുദ്ധ (1982) അനധി ഗലി (1984), ഫേര (1988), ബാഗ് ബഹാദൂർ (1989), തഹദേർ കഥ (1992), ചരാചർ (1993), ലാൽ ദര്ജ (ചുവന്ന വാതിൽ, 1997), ഉത്തര (ഗുസ്തിക്കാർ-2000), മന്ദ മായെർ ഉപാഖ്യാൻ (കുസൃതിക്കാരിയുടെ കഥ- 2002), സ്വപ്‌നെർ ദിൻ (2004), കാൽപുരുഷ് (2008), ജനാല (2009), മുക്തി (2012), അൻവർ കാ അജബ് കിസ്സാ (2013), തോപ്പ് (ചൂണ്ടൽ-2017), ഉറോജഹാജ് (പറക്കൽ, 2018). ഡോക്യുമെൻററി/ടെലിവിഷൻ ചിത്രങ്ങൾ: ദി കോണ്ടിനൻറ് ഓഫ് ലവ് (1968), ധോലേർ രാജാ ഖിലോദേർ നാട്ട (1973), ഫിഷർമെൻ ഓഫ് സുന്ദർബൻ (1974), ശരത്ചന്ദ്ര (1975), റിഥം ഓഫ് സ്റ്റീൽ (1981), ഇന്ത്യൻ സയൻസ് മാർച്ചസ് എഹെഡ് (1984), വിഗ്യാൻ ഓ താർ ആവിഷ്‌കാർ (1980), സ്റ്റോറി ഓഫ് ഗ്ലാസ് (1985), ഇന്ത്യ ഓൺ ദി മൂവ് (1985), സെറാമിക്‌സ് (1986), ആരണ്യക് (1996), കണ്ടംപെററി ഇന്ത്യൻ സ്‌കൾപ്ചർ (1987), ഹിസ്റ്ററി ഓഫ് ഇന്ത്യൻ ജൂട്ട് (1990). കവിതാസമാഹാരങ്ങൾ: ഗവിർ അരലെ, കൊഫിൻ കിമ്പ സൂട്ട് കേസ്,ഹിംജോഗ, ച്ഛാത് കഹാനി, റോബട്ടർ ഗാൻ, ശ്രേഷ്ഠ കബിത, അനന്യ കബിത.▮