ഒരു പൂർണ സ്ക്രീൻ ബേസ്ഡ് ചിത്രം, അതും റിയലിസ്റ്റിക് ആയ പ്രൊഡക്ഷൻ ഡിസൈനും ലൊക്കേഷനും ഉപയോഗിച്ച് വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം സമ്മാനിച്ച ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ഒരു ചിത്രം, എന്നതു തന്നെയായിരിക്കും സീ യു സൂൺ എന്ന ഓണച്ചിത്രത്തിൽ ആകാംക്ഷ ജനിപ്പിച്ച ആദ്യ ഘടകം. എന്നാൽ ഒരു സ്ക്രീൻ ബേസ്ഡ് ചിത്രം എന്നോ വെറുമൊരു ലോക്ക്ഡൗൺ കാല പരീക്ഷണം എന്നോ ഉള്ള വിശേഷണങ്ങളെ അപ്രസക്തമാക്കുകയും, പരിമിതപ്രതീക്ഷകളെ അതിശയിപ്പിക്കുകയും ചെയ്യുന്ന, ഒരു ലക്ഷണമൊത്ത സിനിമ എന്നു നിസ്സംശയം പറയാവുന്ന ചിത്രമായി ഉയർത്തപ്പെട്ടിരിക്കുന്നു സീ യു സൂൺ.
ഈ കോവിഡ് കാലത്ത് ലോകത്തെമ്പാടും എഴുത്തുകാരും സംവിധായകരും മറ്റു സാങ്കേതികപ്രവർത്തകരും പല പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോൾ, ചുരുക്കം ചില സൃഷ്ടികൾ ഒഴികെ ബാക്കിയെല്ലാം പരിമിതികളുടെ സാക്ഷ്യപത്രങ്ങളാവുകയും പ്രേക്ഷകരുടെ ഉദാരതയിൽ അഭയം കണ്ടെത്തുകയും ചെയ്യുമ്പോഴാണ് ഒരു പരീക്ഷണചിത്രം പരിമിതികളെ അതിലംഘിച്ചു ഒരു പുതിയപാത തേടുന്നത്.
ഹൈ റെസൊല്യൂഷൻ ക്യാമറയും എഡിറ്റിംഗ് സോഫ്റ്റ്വെയറും യൂട്യൂബും ആർക്കും ലഭ്യമാണെന്നിരിക്കെ ഷൂട്ട് ചെയ്യാനുള്ള പരിമിതികൾക്കുള്ളിൽ നിന്ന് എങ്ങനെ ഒരു സിനിമ ഉണ്ടാക്കാം എന്നതല്ല മറിച്ച് പരിമിതികൾ ദൃശ്യമാകാത്ത രീതിയിൽ സാങ്കേതികത്തികവോടെ എങ്ങനെ ഒരു കഥ പറയാം, പുതിയ കാലത്തേക്ക് വേണ്ടി തങ്ങളുടെ ദൃശ്യഭാഷ എങ്ങനെ പരിഷ്കരിക്കാം എന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നവർ വളരെ വിരളമാണ്.
‘സെർച്ചിങ്’ എന്ന സ്ക്രീൻ ബേസ്ഡ് ഹോളിവുഡ് ചിത്രം സൺഡാൻസ് ഉൾപ്പെടെ ലോകത്തെ പല ചലച്ചിത്രമേളകളിലും പ്രദർശിപ്പിക്കുകയും ബോക്സ് ഓഫീസിൽ 75 മില്യൺ ഡോളറിലേറെ കളക്ഷൻ നേടുകയും ചെയ്തത് ചരിത്രമാണ്.
ടെക്നോളജി ഉപയോഗിച്ച് കഥ പറയുന്ന ത്രില്ലർ സിനിമയാണ് സെർച്ചിങ്. അതൊരു ലോക്ഡൗൺ കാല സിനിമയല്ല. ആ സിനിമ ചെയ്യുമ്പോൾ കോവിഡ് പോലുള്ള പ്രശ്നങ്ങൾ ആരുടേയും ചിന്തകളിൽ പോലുമില്ല. ആഖ്യാനം പൂർണമായും സ്ക്രീനിലൂടെ കാണിക്കുന്ന സെർച്ചിങ് ഒരു പുതിയ genre ലോകസിനിമയ്ക്ക് തുറന്നുകൊടുത്തു.
മലയാളത്തിലെ ചില സ്ക്രീൻ-ബേസ്ഡ് പരീക്ഷണങ്ങൾ
‘മൺറോതുരുത്ത്’ എന്ന ചിത്രം സംവിധാനം ചെയ്ത മനു പി എസ് യൂട്യൂബിലൂടെ റിലീസ് ചെയ്ത ഹ്രസ്വചിത്രം ‘എറർ’ ആണ് മലയാളത്തിൽ പുറത്തിറങ്ങിയ ലോക്ക്ഡൗൺ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്. ത്രില്ലർ ഫോർമാറ്റിൽ ഒരുക്കിയിരിക്കുന്ന ‘എറർ’ പുരോഗമിക്കുന്നത് രണ്ട് സുഹൃത്തുക്കളുടെ ഒരു വീഡിയോ ചാറ്റിലൂടെയാണ്. ആ സംഭാഷണത്തിനൊടുവിൽ അവരിലൊരാൾക്ക് നേരിടുന്ന ദുരന്തം ക്യാമറയിലൂടെ അവളുടെ സുഹൃത്തും പ്രേക്ഷകരായ നമ്മളും നിസ്സഹായരായി കാണേണ്ടി വരുന്നതാണ് കഥാന്ത്യം. കഥാപാത്രങ്ങളും സംവിധായകനും മറ്റ് ടെക്നിഷ്യൻസും തങ്ങളുടെ വീടുകളിലിരുന്ന് കൃത്യമായ തയാറെടുപ്പുകളോടെ ഷൂട്ട് ചെയ്ത ഈ കൊച്ചു ത്രില്ലർ ഒട്ടേറെ സിനിമാമോഹികൾക്ക് പ്രചോദനമാകേണ്ടതാണ്.
ലോക്ഡൗൺ കാലത്ത് ചെയ്ത ചിത്രമല്ലെങ്കിലും ഒരു ചെറിയ സ്പോർട്സ് ആക്ഷൻ ക്യാമറയും പരിമിതമായ എഡിറ്റിംഗും കൊണ്ടെങ്ങനെ ഒരു മുഴുനീള സിനിമ ചെയ്തെടുക്കാം എന്ന് കാണിച്ചുതരുന്ന ഒരു കൊച്ചു, വലിയ സിനിമയാണ് ‘കള്ളനോട്ടം’. ‘ഒറ്റമുറിവെളിച്ചം’ എന്ന സംസ്ഥാന അവാർഡ് നേടിയ സിനിമ സംവിധാനം ചെയ്ത രാഹുൽ റിജി നായർ ആണ് ഈ സിനിമയ്ക്ക് പിന്നിൽ. ഒരു കടയിൽ നിന്ന് സി.സി.ടി.വി. ആയി ഉപയോഗിക്കുന്ന ഗോപ്രൊ എന്ന ആക്ഷൻ ക്യാമറ മോഷ്ടിച്ച് രക്ഷപെടുന്ന രണ്ടു കുട്ടികൾ അതുവെച്ച് ഒരു സിനിമ ഷൂട്ട് ചെയ്യുന്നതാണ് പ്രമേയം. കളിയായിതുടങ്ങുന്ന ‘കള്ളനോട്ടം’ പിന്നീട് സാമൂഹികവിഷയങ്ങളിലേക്കുകൂടി കടന്ന് ഒരു വേദനയായി അവസാനിക്കുന്നു.
സീ യു സൂൺ! എന്ന ത്രില്ലർ
കടുത്ത നിയന്ത്രണങ്ങൾ കലാകാരന്മാരുടെ നിലനില്പിനുതന്നെ വെല്ലുവിളിയായി തുരടുമ്പോഴാണ് മഹേഷ് നാരായണനും ഫഹദ് ഫാസിലും സംഘവും കോവിഡ് കാലത്തെ മികച്ച OTT റിലീസുമായെത്തുന്നത്. ഈ ചിത്രം മലയാളസിനിമയ്ക്ക് പകർന്നേക്കാവുന്ന ആത്മവിശ്വാസം ചെറുതല്ല.
ദുബായിലെ ഒരു ബാങ്കിൽ ജോലിചെയ്യുന്ന ജിമ്മി (റോഷൻ മാത്യു) ഡേറ്റിംഗ് ആപ്പായ ടിൻഡറിൽ അനു (ദർശന രാജേന്ദ്രൻ) എന്ന യുവതിയുമായി പരിചയപ്പെടുന്നു. ഒരു പ്രേമബന്ധത്തിൽ നിന്ന് പുറത്തുവന്ന് പുതിയൊരു കൂട്ട് തേടുന്ന ജിമ്മി ഒരു എടുത്തുചാട്ടക്കാരനാണെന്ന് ആദ്യസംഭാഷണത്തിൽ തന്നെ വ്യക്തമാകുന്നുണ്ട്. പരിചയപ്പെട്ട അടുത്തനിമിഷത്തിൽ തന്നെ വീഡിയോ ചാറ്റ് ചെയ്യാനാവശ്യപ്പെടുന്ന ജിമ്മിയോട് “താൻ എല്ലാം വളരെ പെട്ടെന്നാണല്ലോ” എന്ന് ദേഷ്യഭാവത്തിൽ അനു ചോദിക്കുന്നു. ജിമ്മിയുടെ ഈ പ്രകൃതവും പരിചയപ്പെട്ട ഒരാഴ്ചക്കുള്ളിൽ തന്നെ വീഡിയോ ചാറ്റിലൂടെ ജിമ്മി നടത്തുന്ന വിവാഹാഭ്യർത്ഥനയും അമ്മയുടെ(മാല പാർവതി) മനസ്സിൽ ആശങ്ക വളർത്തുന്നു.
ജിമ്മിയുടെ പ്രകൃതം അറിയാവുന്ന അമ്മ ബന്ധുവായ കെവിനോട് (ഫഹദ് ഫാസിൽ) അനുവിന്റെ കുടുംബപശ്ചാത്തലവും മറ്റും അന്വേഷിക്കാനേൽപ്പിക്കുന്നു. കെവിൻ സൈബർ സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്യുന്ന ഒരു ടെക്കിയാണ്. അനുവിനെക്കുറിച്ച് കൂടുതലൊന്നുമറിയാത്ത ജിമ്മിയും കെവിനോട് അവളുടെ സോഷ്യൽ മീഡിയ, കോൾ ഡീറ്റെയിൽസ് പരിശോധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്താൻ ആവശ്യപ്പെടുന്നു. ഇതൊക്കെ എളുപ്പത്തിൽ ഹാക്ക് ചെയ്തെടുക്കാൻ കഴിവുള്ള കെവിൻ പക്ഷെ അന്യരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനെ അനുകൂലിക്കുന്നില്ല. അവരുടെ ആവശ്യം മനസില്ലാമനസോടെ അംഗീകരിക്കുകയും എന്നാൽ പ്രത്യേകിച്ചൊന്നും ചെയ്യാതെ അനുവിന്റെ ‘റെക്കോർഡ് ക്ലീൻ’ ആണെന്ന് മറുപടി കൊടുക്കുകയും ചെയ്യുന്നു.
കഥാപാത്രങ്ങളുടെ വ്യക്തിത്വം
സിനിമയിലെ എല്ലാ പ്രധാന കഥാപാത്രങ്ങളും അവരവരുടേതായ വ്യക്തിത്വം നിലനിർത്തുന്നവരാണ്. കെവിൻ തനിക്ക് അർഹമായ ബഹുമാനം കിട്ടുന്നില്ലെന്ന് കരുതുന്ന, ആരെയും കൂസാത്ത പ്രകൃതമുള്ള ഒരു പ്രൊഫെഷണലാണ്. കാഴ്ചയിലും കെവിന്റെ വാക്കുകളിലും നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത കെവിന്റെ സ്വഭാവത്തിലെ തലങ്ങൾ മാനേജരായ സഞ്ജനയുടെ വാക്കുകളിലൂടെ തിരക്കഥ നമുക്ക് മുന്നിൽ തുറന്നുകാണിക്കുന്നുണ്ട്. ഓഫീസ് മീറ്റിങ്ങിൽ രൂക്ഷമായ ഭാഷയിൽ തമ്മിൽ ഏറ്റുമുട്ടുമെങ്കിലും അതൊന്നും സൗഹൃദത്തിനപ്പുറത്തേക്ക് നീളുന്ന അവരുടെ ബന്ധത്തെ ബാധിക്കുന്നില്ല എന്ന് അവരുടെ ചാറ്റും ഫോൺ സംഭാഷണങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
അനു തുടക്കം മുതൽ തന്നെ ഒരു ദുരൂഹ കഥാപാത്രമായിട്ടാണ് നമുക്ക് അനുഭവപ്പെടുക. അനുവിന്റെ പുതപ്പ് മൂടിയുള്ള രഹസ്യമായ വീഡിയോ ചാറ്റ്, വിഡിയോയിൽ വ്യക്തമല്ലാത്ത ബാക്ക്ഗ്രൗണ്ട്, വീട്ടുകാരോട് പ്രേമത്തിന്റെ കാര്യം പറയാനുള്ള മടി ഇവയെല്ലാം അനുവിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത അധികരിപ്പിക്കുന്നുണ്ടെങ്കിലും അവളുമായുള്ള അഗാധപ്രേമത്തിലായിരിക്കുന്ന ജിമ്മിയുടെ കാഴ്ച്ചയിൽ ഇതൊന്നും വരുന്നില്ല. ജിമ്മിയുടെ മനസ്സിൽ പുത്തൻ പ്രേമം ഉണ്ടാക്കിയിരിക്കുന്ന confirmation bias അവന്റെ മനസ്സ് കാണാൻ ആഗ്രഹിക്കുന്നതുമാത്രമേ അവനെ കാണിക്കുന്നുള്ളു. അനു എന്ന പ്രോഗ്രസ്സിവ് ആയി വെളിപ്പെടുത്തുന്ന കഥാപാത്രത്തെക്കുറിച്ച് വ്യത്യസ്തമായ ചിത്രങ്ങളാണ് നമ്മുടെ മനസ്സിൽ മിന്നിമറയുന്നത്. അനു യഥാർത്ഥത്തിൽ ആരാണെന്നും ജിമ്മിയോട് അവൾക്കുള്ള അടുപ്പത്തിന്റെ ആഴം എന്താണെന്നും വെളിപ്പെടുന്നത് ചിത്രത്തിന്റെ അവസാനഭാഗങ്ങളിലാണ്.
ജിമ്മിയുടെ കാര്യമെടുത്താൽ ഒരു ശരാശരി മലയാളി പുരുഷന്റെ എല്ലാ അരക്ഷിതാബോധവും സ്ത്രീവിരുദ്ധതയും കൊണ്ടു നടക്കുമ്പോൾ തന്നെ മനസ്സിൽ നന്മയുടെ അംശമുള്ള ഒരു ചെറുപ്പക്കാരനാണ്. താൻ പ്രേമിക്കുന്ന പെൺകുട്ടിയുടെ മുൻബന്ധങ്ങൾ വളഞ്ഞ വഴിയിലൂടെ അന്വേഷിക്കുന്നതുമുതൽ കാൾ ഗേൾ എന്ന പ്രയോഗം വരെ ജിമ്മിയുടെ കഥാപാത്രത്തിന്റെ സ്ഥിരത അടയാളപെടുത്തുമ്പോൾ, ജിമ്മിക്ക് തന്റെ കസിനുമായുള്ള സുഹൃദ്ബന്ധം, അനുവിന് അവന്റെ സംഭാഷണങ്ങൾ നൽകുന്ന സുരക്ഷിതത്വം എന്നിവ കൊടുക്കുന്ന വിരുദ്ധമാനങ്ങൾ നിസ്സാരമല്ല.
ടെക്നോളജിയും സ്വകാര്യത എന്ന മിത്തും
ഇക്കാലത്ത് വ്യക്തിയുടെ സ്വകാര്യത എന്നത് എത്ര വലിയ കെട്ടുകഥയാണ് എന്നതാണ് സീ യു സൂൺ മുന്നോട്ടുവെയ്ക്കുന്ന സവിശേഷമായ സാമൂഹിക പ്രശ്നം. സിനിമയുടെ കഥ സ്പർശിച്ചുപോകുന്ന മറ്റ് വിഷയങ്ങൾ മുൻപ് പല മലയാളചിത്രങ്ങളും കൈകാര്യം ചെയ്തവയാണെങ്കിൽ പ്രൈവറ്റ് മെസ്സേജിങ് ആഖ്യാനത്തിനായി ഉപയോഗിക്കുന്ന ഈ ചിത്രം നാം പ്രൈവറ്റ് എന്ന് കരുതുന്ന ചാറ്റുകളിലും മെസ്സേജുകളിലും ഉള്ള സുരക്ഷാസുഷിരങ്ങളെ കുറിച്ചും സ്വകാര്യതാരാഹിത്യത്തെ കുറിച്ചുമുള്ള യാഥാർഥ്യങ്ങൾ അതിശയോക്തിയില്ലാതെതന്നെ വരച്ചുകാട്ടുകയാണ് ചെയ്യുന്നത്.
കെവിൻ തന്റെ കമ്പനി മേധാവികളുമായി ആധാർ വിവരങ്ങളുടെ പ്രൈവസിയെപ്പറ്റി തർക്കത്തിലേർപ്പെടുന്ന രംഗം ഉൾപ്പെടെ ടെക്നോളജിയെ പ്രതിപാദിക്കുന്ന എല്ലാം വളരെ സ്വാഭാവികമാണ്. അമേരിക്കൻ പൗരനായ താങ്കൾക്ക് സ്ഥലം വിൽക്കാൻ സൗകര്യത്തിന് പെട്ടെന്ന് ആധാർ കാർഡ് കിട്ടുന്നു, എന്നാൽ പാവപ്പെട്ട ഒരാൾക്ക് അത് ഒരാഴ്ച കഴിഞ്ഞാലും കിട്ടുന്നില്ല എന്നയാൾ വാദിക്കുന്നു.
സോഷ്യൽമീഡിയ അക്കൗണ്ട്സ് ഉൾപ്പെടെ ഒരു ഫോണിലൂടെയും ലാപ്ടോപ്പിലൂടെയും ഒരാൾ നടത്തുന്ന എല്ലാ ഇടപെടലുകളും കൈമാറുന്ന എല്ലാ സന്ദേശങ്ങളും വെറും സെക്കൻഡുകൾക്കുള്ളിൽ എങ്ങനെ ഹാക്ക് ചെയ്തെടുക്കാൻ കഴിയും എന്നത് പല സിനിമകളിലും ഏറ്റവുമൊടുവിൽ ‘സേക്രഡ് ഗെയിംസ്’, ‘ദി ഫാമിലി മാൻ’, ‘പാതാൾ ലോക്’ എന്നീ വെബ് സീരീസുകളിലും നമ്മൾ കണ്ടതാണ്. അതൊക്കെ ചെയ്യുന്നത് പോലീസ്, രഹസ്യാന്വേഷണ ഏജൻസികളായിരുന്നെങ്കിൽ ഇവിടെ അത് ചെയ്യുന്നത് വ്യക്തികൾ അവരുടെ സ്വകാര്യ ആവശ്യങ്ങൾക്കായാണ്. സഞ്ജന അനുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യുന്നതും ഫോണിലെ ഡാറ്റ ചോർത്തുന്നതും കെവിന്റെ ബന്ധങ്ങളിൽ അവൾക്ക് സംശയമുള്ളതുകൊണ്ടാണ്.
ഇതെഴുതിക്കൊണ്ടിരുന്നപ്പോൾ യാദൃശ്ചികമായി കാണാനിടയായ ഒരു വാർത്ത ‘സീ യൂ സൂൺ’ എന്ന പേരിൽ ഒരു ഫേക്ക് ഫേസ്ബുക്ക് പേജ് സിനിമ കാണിക്കാനെന്ന വ്യാജേന വ്യക്തികളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുന്നു എന്നതാണ്!
വിർച്വൽ റിയാലിറ്റിയും ബന്ധങ്ങളും
വിർച്വൽ റിയാലിറ്റി എന്നത് തന്നെയാണ് ഇക്കാലത്തെ ഏറ്റവും വലിയ റിയാലിറ്റി. വിർച്വൽ ലോകത്ത് പ്രൊഫെഷണലും പേഴ്സണലുമായ ബന്ധങ്ങൾ എത്രത്തോളം ഊഷ്മളമാക്കാൻ കഴിയും എന്നത് സാമൂഹിക അകലത്തിന്റെ ഇക്കാലത്ത് നാം അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ്. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ സീ യു സൂൺ ഇന്നത്തെ നാഗരികജീവിതത്തിന്റെ നേർചിത്രമാകുന്നുണ്ട്. സംഭാഷണങ്ങളിൽ നിലനിർത്തിയിരുന്ന ചടുലത, കഥാസന്ദർഭങ്ങൾ അവതരിപ്പിക്കുന്നതിൽ സ്വീകരിച്ചിരിക്കുന്ന വേഗം എല്ലാം ഇന്നത്തെ ചാറ്റിങ് വേഗതയോട് ചേർന്നുനിൽക്കുന്നവ തന്നെ. ആർക്കും വേണ്ടത്ര സമയമില്ല. കെവിൻ ചാറ്റ് ചെയ്യുന്നത് ഓഫീസ് പ്രസന്റേഷൻ നടക്കുമ്പോഴാണ്. ജിമ്മി ടിൻഡറിൽ പെൺകുട്ടികളുടെ പ്രൊഫൈലുകൾ നോക്കുന്നതും വീഡിയോ ചാറ്റ് ചെയ്യുന്നതും കസ്റ്റമർ കോൾ അറ്റൻഡ് ചെയ്യുന്നതിനിടയ്ക്കാണ്.
ഒരു സ്ക്രീൻ-ബേസ്ഡ് സിനിമയുടെ രീതികൾക്കനുസരിച്ച് അഭിനയിക്കുക എന്നത് ഈ സിനിമയിലെ മൂന്ന് പ്രധാന അഭിനേതാക്കൾക്ക് അവർ മുൻപ് അഭിമുഖീകരിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു വെല്ലുവിളിയായിരുന്നിരിക്കണം. ഫഹദിന്റെ അഭിനയത്തിൽ ആ വെല്ലുവിളി ആസ്വദിക്കുന്ന ഒരു നടന്റെ ഗൂഢമായ സന്തോഷം വെളിപ്പെടുന്നുണ്ട്. മൂത്തോനിലും കപ്പേളയിലും നമ്മൾ കണ്ട റോഷൻ മാത്യു അല്ല ഒരുപക്ഷെ സീ യു സൂണിൽ കാണുക. ഇതുവരെ ചെറിയ കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന ദർശന രാജേന്ദ്രൻ ഈ സിനിമയിലെ പ്രകടനത്തോടെ മറ്റൊരു നായികയുടെ വരവറിയിക്കുന്നു.
അതുപോലെതന്നെ പ്രധാനമായ ഒരു കാഴ്ചയാണ് കഥാപാത്രങ്ങൾ മാറ്റങ്ങളിലൂടെ കടന്നുപോകുന്നതും ചിന്തകളെ നവീകരിക്കുന്നതും. സ്ത്രീകളെ സ്വന്തം സന്തോഷത്തിനായി ഉപയോഗിക്കുന്നവനായി സഞ്ജന വിശേഷിപ്പിക്കുന്ന കെവിൻ ചൂഷണം ചെയ്യപ്പെട്ട മറ്റൊരു സ്ത്രീയുടെ അവസ്ഥ കണ്ട് തകർന്നുപോകുന്നതും ജിമ്മി പക്വതയോടെ അനുവുമായുള്ള ബന്ധത്തെ തന്റെ മുൻധാരണകളിൽനിന്ന് വിടുവിക്കുന്നതും ഹൃദ്യമായ കാഴ്ചകൾ തന്നെയാണ്.
ചിത്രത്തിലെ കഥാപാത്രങ്ങൾ തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതും ബന്ധങ്ങൾ നിലനിർത്തുന്നതും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുമെല്ലാം തമ്മിൽ നിരന്തരം നടത്തുന്ന കമ്മ്യൂണിക്കേഷൻ വഴിയാണ്. അതുകൊണ്ടുതന്നെ സ്ക്രീൻ-ബേസ്ഡ് മൂവി എന്നത് ഈ ചിത്രത്തിന് വെറുമൊരു മാർക്കറ്റിംഗ് ഗിമ്മിക്കോ പുതുമകൊണ്ടുവരാനുള്ള ഒരു ആലങ്കാരിക ഉപാധിയോ അല്ല, മറിച്ച് ഈ കഥയ്ക്ക് ഏറ്റവും ചേരുന്ന ഫോർമാറ്റ് തന്നെയാണ്.
ഇതൊരു ലോക്ഡൗൺ കാലത്തെ പരീക്ഷണം എന്ന മുൻവിധിയോടെ കാണേണ്ട ചിത്രമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം ഒന്നിലും വിട്ടുവീഴ്ച ചെയ്യാതെ പറയാനുദ്ദേശിച്ച കാര്യങ്ങൾ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഫോർമാറ്റിൽ കൃത്യമായി പറഞ്ഞു പോകുന്ന ഒരു ചിത്രമാണിത്. വിർച്വൽ ജീവിതം കാണിക്കുന്ന ചിത്രം അവസാനിക്കുന്നത് കഥാപാത്രങ്ങളുടെ യാഥാർത്ഥജീവിതം തിയറ്റർ സ്ക്രീനിൽ കാണാം എന്ന പ്രതീക്ഷയോടെയാണ്.
സീ യൂ സൂൺ, മഹേഷ് നാരായണൻ!