മൊറോക്കൻ സംവിധായികയായ മറിയം തൗസാനിയുടെ 2025- ലെ ചിത്രമാണ് IFFK-യിൽ പ്രദർശിപ്പിച്ച കല്ലേ മലാഗ (Calle Malaga). സ്പാനിഷിൽ കല്ലേ മലാഗയെന്നാൽ മലാഗ തെരുവ്. സ്പെയിനിൻ്റെ തെക്കൻ തീരത്തുള്ള തുറമുഖ നഗരമാണ് മലാഗ. ജിബ്രാൾട്ടർ കടലിടുക്കിനിക്കരെ മൊറോക്കോയിലുള്ള റ്റാൻജിയർ പട്ടണത്തിലാണ് മലാഗ തെരുവും സിനിമയുടെ ഇടവും.
ആഫ്രിക്കയിൽനിന്ന് യൂറോപ്പിലേക്കുള്ള കുടിയേറ്റച്ചുവടുകളാണ് റ്റാൻജിയർ നിറയെ എന്ന് തൗസാനി ചിത്രാരംഭത്തിൽ കുറിച്ചു കാട്ടുന്നുണ്ട്. ഇവിടെ ആഫ്രിക്കയും യൂറോപ്പും തമ്മിൽ 13 കിലോമീറ്ററിന്റെ അടുപ്പവും അകലവുമാണ്. മരിയ ആഞ്ജലസും മകൾ ക്ലാരയും തമ്മിലും ജിബ്രാൾട്ടറിനിരുപുറവുമുള്ള അറ്റ്ലാൻ്റിക്, മെഡിറ്ററേനിയൻ കടലുകൾ തമ്മിലും ഈ അടുപ്പവും അകലവുമുണ്ട്. സാമ്രാജ്യനഗര സൗകര്യങ്ങളൊട് വഴങ്ങാതെ മുൻ കോളനിരാജ്യ സംസ്കാരം ഏറ്റിനില്ക്കുന്ന ചിത്രത്തിൽ ഇതൊക്കെയും ശ്രദ്ധയിൽ വരും.
മരിയയുടെ മുഖത്ത് കൗതുകസ്മേരം ഒഴിയാറില്ല. സ്പാനിഷ് വംശജയായ അവർ മലാഗ തെരുവിലെ മൊറോക്കക്കാരായ ഓരോ കച്ചവടക്കാരോടും കൂട്ടാണ്. ചിരിച്ചുരസിച്ചാണ് വാങ്ങലും വില്ക്കലും. എന്തും നമ്മളെ ചിരിപ്പിച്ചു പറയുന്നത് മരിയയുടെ ജീവിതരീതിയാണ്. വളരെ സീരിയസായ ക്ലാരയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു ഭാഗവും ന്യായമാണ്. രണ്ടു ശരികൾ തമ്മിലെ പോരാണ് മറിയം തൗസാനി പറയുക.
സർഗാത്മകതയാണ് മനുഷ്യജീവിതത്തിൻ്റെ കാതൽ എന്നതിന്റെ മെറ്റഫറായി കല്ലേ മലാഗ എന്ന ചലച്ചിത്രം മാറുന്നു.
അച്ഛൻ മകളുടെ പേരിൽ എഴുതിവച്ച് മരിച്ചുപോയ വീട്ടിൽനിന്ന് ഇറങ്ങാൻ മടിക്കുന്ന മരിയയുടെ സത്യാഗ്രഹസമരമാണ് സിനിമയുടെ പ്രത്യക്ഷമുഖം. ഡിവോഴ്സിന്റെ വികാരഭാരവും കടുത്ത ധനഭാരവുമുള്ള ക്ലാര കാണുന്ന സ്വാഭാവിക വഴി റ്റാൻജിയറിലെ വീടും വീട്ടുസാധനങ്ങളും വിറ്റ് മഡ്രിഡിലെ തന്റെ വീട്ടിലേക്ക് എൺപതുകാരി അമ്മയെ കൊണ്ടുപോവുകയാണ് അല്ലെങ്കിൽ അമ്മയെ വൃദ്ധമന്ദിരത്തിലാക്കുകയാണ്. മഡ്രിഡിൽ വന്നാൽ മരിയയ്ക്ക് കൊച്ചുമക്കൾ നല്ല കൂട്ടാവും. വീട്ടുസാധനങ്ങളെല്ലാം അവൾ പഴവിലയ്ക്ക് വില്ക്കുന്നു. എന്നാൽ താൻ മഡ്രിഡിലേക്കില്ല, വൃദ്ധസദനത്തിലേക്കുമില്ല, തന്നെ ബലത്താൽ ഇറക്കിവിടാനേ കഴിയൂ എന്നാണ് മകളോടുള്ള മരിയയുടെ സമരം.

മേൽതന്തുവെ തൊട്ടുനിന്ന് വയസ്സായവരുടെ ജീവിതോന്മേഷത്തെ സമൃദ്ധബിംബങ്ങളിൽ ചിത്രപ്പെടുത്തുകയാണ് തൗസാനി. ജീവിതത്തെ എവിടെനിന്നും ഏതുനിമിഷവും ഒരാൾക്ക് വീണ്ടെടുക്കാമെന്ന് നമുക്കു മുന്നിൽ മരിയ കണ്ടെത്തുകയാണ്. ക്ലാര വീടുകാലിയാക്കി വിറ്റ സാധനങ്ങൾ ഓരോന്നായി പണം കിട്ടുന്ന മുറയ്ക്ക് പഴയ സാധനങ്ങളുടെ വ്യാപാരിയായ അബ്സലാമിൽനിന്ന് തിരിച്ചെടുക്കുമ്പോൾ അയാളോട് ചേർന്ന് പ്രണയജീവിതവും തിരിച്ചുപിടിക്കുകയാണ്. എൺപതു വയസ്സിൽ അവരുടെ കണ്ണുകളിലും ഉടലാകെയും രതി നിറയുന്നു. അബ്സലാമുമായി പങ്കിടുന്ന കാമോത്സാഹങ്ങൾ അടുത്ത കൂട്ടുകാരിയായ സമപ്രായക്കാരി കന്യാസ്ത്രീ ജോസെഫയോട് പറയുമ്പോൾ ആ പാവം കുരിശുവരച്ച് നെടുവീർപ്പിടുന്നു. വൃദ്ധരാകുന്നതോടെ ശരീരാനന്ദങ്ങൾ അവസാനിക്കുന്നല്ലെന്ന് യൂറോപ്പ് പോലും മനസ്സിലാക്കി വരുന്നതേയുള്ളൂ. സ്വന്തം മനോദേഹങ്ങളുടെ മൂല്യത്തെ വീണ്ടും കണ്ടുപിടിക്കുന്നതാണ് മരിയയുടെ അതിജീവനം. അതിജീവനത്തെക്കാൾ പുതുജീവനമാണത്. പ്രണയം അതിൻ്റെ മാധ്യമവും രൂപകവുമാണ്.
മരിയയും അബ്സലാമുമായി കടപ്പുറത്തും റസ്റ്ററന്റുകളിലും കളിസ്ഥലത്തുമൊക്കെ കറങ്ങുന്നു. വീട്ടിലവർ ടി.വിയിൽ സ്പാനിഷ് ലാലിഗ കാണാൻ ആളെ കൂട്ടുന്നു. ഒപ്പം ബിയറും ഭക്ഷണവും വിറ്റ് വരുമാനമുണ്ടാക്കുന്നു. ബാർസയുടെയും റയലിന്റെയും അത്‌ലറ്റിക്കോയുടെയും ഗോളുകളെയും നീക്കങ്ങളെയും ആവേശാരവങ്ങളാക്കുന്നയിടമായി വീട് മാറുന്നു. അബ്സലാമിൽനിന്ന് തിരികെ വാങ്ങിയ വിളക്കും മേശയും ഗ്രാമഫോണുമൊന്നും പഴയ സാധനങ്ങളല്ലാതാവുന്നു. ഹൃദയംകൊണ്ട് പുതുക്കിയ അവയൊക്കെയും പുതിയജീവിതത്തിന്റെ ഭൗതികവും ആത്മീയവുമായ നിർമ്മിതിവസ്തുക്കളാവുന്നു. പരസ്പരം പരിവർത്തിപ്പിച്ചുകൊണ്ടാണ് മരിയയും അബ്സലാമും നിമിഷങ്ങളെ സ്വാഗതം ചെയ്യുക. ഏതു പ്രേമത്തിലും അതുണ്ടാവാം. ചിത്രത്തിന്
അവരുടെ പ്രേമത്തോട് ആദരവാണ്.
മറുനാട്ടിലെ സുഖങ്ങളിൽ മക്കളും ഇന്നാട്ടിലെ ഒറ്റയാവലിൽ വൃദ്ധരും എന്ന ഫോർമുലയിൽ നമ്മുടെ നാട്ടിലിറങ്ങുന്ന സെന്റിമെന്റൽ സിനിമകളിൽനിന്ന് ‘മലാല തെരുവ്’ വഴിതിരിയുന്നു.
യൂറോപ്യൻ കത്തോലിക്കയായ മരിയയും ആഫ്രിക്കൻ മുസ്ലീമായ അബ്സലാമും തമ്മിലെ പ്രണയം അസാധാരണമൊന്നുമല്ല. എന്നാൽ വംശത്തിന്റെയും മതത്തിൻ്റെയും പകപടർത്തി നേടുന്ന എത്ര രാജ്യങ്ങൾ വേണമെങ്കിലും ഭൂപടം നിവർത്തിയാൽ ഇപ്പോഴും കാണാം. നമ്മുടെ ഉപവൻകരയും ഭേദമല്ലല്ലോ. മരിയയും അബ്സലാമും എൺപതിലെ പ്രണയത്തിൻ്റെ റ്റാൻജിയർ കടൽത്തിരനുരകളിൽ, തിരശ്ശീലയിൽ അതിനെ അലിയിക്കുന്നു.
മറുനാട്ടിലെ സുഖങ്ങളിൽ മക്കളും ഇന്നാട്ടിലെ ഒറ്റയാവലിൽ വൃദ്ധരും എന്ന ഫോർമുലയിൽ നമ്മുടെ നാട്ടിലിറങ്ങുന്ന സെന്റിമെന്റൽ സിനിമകളിൽനിന്ന് മലാല തെരുവ് വഴിതിരിയുന്നത് കല മൂലം മാത്രമല്ല. കല്ലേ മലാഗയിലെ മകൾ ഒട്ടുമേ വില്ലത്തിയല്ല. അവസാന ഷോട്ടിൽ ആടുന്ന കസേരയിലെ നിസ്സഹായതയിലിരുന്ന് വിങ്ങിപ്പൊട്ടുന്ന അവളിലാണ് സിനിമ നമ്മളെയെത്തിക്കുക.

വൻനഗരത്തിൽ പണഞെരുക്കത്തിൽ പെട്ടുകിടക്കുന്ന ക്ലാരയ്ക്ക് ന്യായമുള്ള പരിഹാരമാണ് അപഹരിക്കപ്പെടുന്നത്. അവളുടെ മുഖം അപ്രസന്നമായേ ഏതു ദൃശ്യത്തിലുമുള്ളു. മരിയയാവട്ടെ, ആരോടും സഹതാപം ചോദിക്കുന്നില്ല. അവൾ വീട്ടിലെ വൈകുന്നേരങ്ങൾ എൽ ക്ലാസിക്കോ സ്റ്റേഡിയമാക്കുകയാണ്. കുറെയാളുകൾക്ക് രസഭൂമിയൊരുക്കിയാണ് അവൾ തന്നിടത്തെ പ്രതിരോധിക്കുക. മരിയ പഴയതിനെയല്ല സംരക്ഷിക്കുക, പുതുതായി സൃഷ്ടിച്ച തന്നെയും കാമുകനെയും ചുറ്റുവട്ടത്തെയുമാണ്. സർഗാത്മകതയാണ് മനുഷ്യജീവിതത്തിൻ്റെ കാതൽ എന്നതിന്റെ മെറ്റഫറായി ഈ ചലച്ചിത്രം മാറുന്നു. തന്റെ അമ്മൂമ്മയ്ക്ക് തന്നെ മറിയം തൗസാനി ചിത്രം സമർപ്പിച്ചിരിക്കുന്നു.
