കെ.കെ. മഹാജൻ: ബോളിവുഡിലെ ആദ്യ സൂപ്പർസ്റ്റാർ ക്യാമറാമാൻ

ഒരു വിഭാഗം സിനിമയും അദ്ദേഹത്തിന്റെ ക്യാമറക്ക് അന്യമായിരുന്നില്ല. മൃണാൾ സെൻ, കുമാർ ഷാഹ്‌നി, ബാസു ചാറ്റർജി....ഏതു സംവിധായകന്റെയും ഭാഷ അനായാസം ആ ക്യാമറ സംസാരിക്കും. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വന്ന സാങ്കേതിക പ്രവർത്തകരെ ബഹുമാനിക്കാൻ ഹിന്ദി സിനിമാ ലോകത്തെ പഠിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു. ആ ബഹുമാനം ഇന്നും അവർക്ക് കിട്ടുന്നുമുണ്ട്- ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ക്യാമറാന്മാരിൽ ഒരാളായ കെ.കെ. മഹാജനെ ഓർക്കുകയാണ് എഴുത്തുകാരനും ക്യാമറാമാനുമായ വേണു

വേണു

ന്ത്യൻ സിനിമയിലെ എക്കാലത്തേയും മികച്ച ക്യാമറമാൻ ആരാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം എളുപ്പമാവില്ല. പക്ഷേ അതിലൊരാൾ കെ.കെ. മഹാജൻ ആയിരിക്കും എന്ന് നിസ്സംശയം പറയാൻ പറ്റും.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യകാല വിദ്യാർത്ഥികളിലൊരാളായിരുന്നു മഹാജൻ. പിൽക്കാലത്ത് കലാസിനിമാരംഗത്ത് പ്രശസ്തരായ മണി കൗൾ, കുമാർ ഷാഹ്നി, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം തുടങ്ങിയവരുടെ സമകാലീനനും. കുമാർ ഷാഹ്നിയുടെ ഡിപ്ലോമ ചിത്രമായ Glass panes ന്റെ ക്യാമറമാൻ മഹാജനായിരുന്നു. ഉജ്വല ഫോട്ടോഗ്രാഫിയിലൂടെ കാണികളെ സ്തബ്ദരാക്കിയ ചെറിയ സിനിമയായിരുന്നു അത്. Glass panes കാണാനിടയായ മൃണാൾ സെൻ തന്റെ പുതിയ ചിത്രമായ "ഭുവൻ ഷോം' ഷൂട്ട് ചെയ്യാൻ മഹാജനെ ക്ഷണിച്ചു. അതോടെ ഇന്ത്യൻ സിനിമാ ഛായാഗ്രണത്തിൽ പുതിയ കാലഘട്ടം ആരംഭിച്ചു.

ആദ്യ സിനിമക്കുതന്നെ ദേശീയ അവാർഡ് നേടിയ അപൂർവം ക്യാമറമാൻമാരിൽ ഒരാളായിരുന്നു മഹാജൻ. കെ.വി. ആനന്ദാണ് ഓർമ വരുന്ന മറ്റൊരാൾ. മഹാജൻ ഒരിക്കൽ പോലും ഏതെങ്കിലും പ്രത്യേക തരത്തിലുള്ള സിനിമയിൽ അഭയം തേടിയ ആളല്ല. ഒരു വിഭാഗം സിനിമയും തനിക്കന്യമല്ല എന്ന് സിനിമ ജീവിതത്തിലുടനീളം കാണിച്ചു കൊടുത്തു. തട്ടുപൊളിപ്പൻ ബോളിവുഡ് ചിത്രങ്ങൾ തുടങ്ങി മധ്യസിനിമയോ, അർത്ഥമധ്യ സിനിമയോ, നവതരംഗ സിനിമയോ, ആർട്ട് ഹൗസ് സിനിമയോ അല്ലെങ്കിൽ ഇതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും തരം സിനിമയോ ഒന്നും അദ്ദേഹത്തിന് അപരിചിത മേഖലകളായിരുന്നില്ല.

മൃണാൾ സെന്നിനൊപ്പം കെ.കെ. മഹാജൻ / Photo: mrinalsen.org

ഓരോ സിനിമക്കും ആ സിനിമ അർഹിക്കുന്ന പ്രാധാന്യം മാത്രമേ കൊടുക്കാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഓരോ സിനിമയും ക്യാമറാമാനോട് ആവശ്യപ്പെടുന്നത് ഒരേ കാര്യങ്ങളല്ല എന്നും , അത് മനസ്സിലാക്കി വേണം ഒരു സിനിമയിൽ ക്യാമറമാൻ പ്രവർത്തിക്കാൻ എന്നും അദ്ദേഹം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ ഉത്തമ വിശ്വാസമാണ് അവിശ്വനീയമായ വ്യത്യസ്തതയുള്ള പല ചിത്രങ്ങളും അനായാസം കൈകാര്യം ചെയ്യാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. മഹാജൻ ചെയ്ത സിനിമകളും അവയുടെ സംവിധായകരുടെ പട്ടികയും കണ്ടാൽ ആർക്കും ഇത് ബോധ്യമാകും.

‘ഉസ്‌കീ റോട്ടി'യും ‘മായാ ദർപ്പണും' ചെയ്ത ക്യാമറമാനാണ് ‘കൽക്കട്ട 71' ചെയ്തത് എന്നുപറഞ്ഞാൽ മനസ്സിലാക്കാം. എന്നാൽ ഇതേ ക്യാമറമാൻ തന്നെയാണ് ‘ചിത്ത് ചോറും' ‘ഛോട്ടി സീ ബാത്തും' ചെയ്തത്. ബാസു ചാറ്റർജിയുടെ സിനിമ എന്താണോ ആവശ്യപ്പെടുന്നത് അതാണ് ആ സിനിമകളിൽ ചെയ്തിട്ടുള്ളത്. മൃണാൾ സെന്നിന് വേണ്ടതെന്താണോ, അതാണ് അവിടെ കൊടുത്തത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് കുമാർ ഷാഹ്നിയുടെ ചലച്ചിത്ര വീക്ഷണം. മായാ ദർപ്പണിന്റെയോ തരംഗിന്റെയോ ഭാഷയിലല്ല മണി കൗൾ സംസാരിക്കുന്നത്. എന്നാൽ ഇവരോരുത്തരുടേയും ഭാഷ അനായാസം സംസാരിക്കാൻ മഹാജന് നിസ്സാരമായി സാധിക്കുന്നു. ഇതൊരു ചെറിയ കാര്യമല്ല. സിനിമയെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഒരാൾക്കേ ഇത് സാധ്യമാകൂ. ബോളിവുഡിലെ ആദ്യ സൂപ്പർ സ്റ്റാർ ക്യാമറമാൻ കെ.കെ. മഹാജനായിരുന്നു. അദ്ദേഹം തന്നെയായിരുന്നു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വന്ന സാങ്കേതിക പ്രവർത്തകരെ ബഹുമാനിക്കാൻ ഹിന്ദി സിനിമാ ലോകത്തെ പഠിപ്പിച്ചതും. ആ ബഹുമാനം ഇന്നും അവർക്ക് കിട്ടുന്നുമുണ്ട്.

പൂനെയിൽ സിനിമ പഠിക്കുന്ന കാലത്തെ ഏറ്റവും സന്തോഷകരമായ അനുഭവങ്ങളിലൊന്ന് അവിടെ ഇടക്കിടെ വന്നുപോകുന്ന സിനിമ ലോകത്തെ മഹത്‌വ്യക്തികളുമായി ഇടപെടാൻ കഴിയുക എന്നതായിരുന്നു. ഔദ്യോഗികമായി പഠിപ്പിക്കാൻ വരുന്നവരും വെറുതേ വരുന്നവരും ഉണ്ടാവും. ലോക പ്രശസ്ത സംവിധായകരും കലാകാരന്മാരും ഒരുകാലത്ത് അവിടെ നിരന്തരം വന്നു പോകാറുണ്ടായിരുന്നു. എല്ലാ വർഷവും ഛായാഗ്രഹണ വിദ്യാർത്ഥികൾ താൽപര്യപൂർവം കാത്തിരുന്ന ഒരു സന്ദർശകൻ കെ. കെ. മഹാജനായിരുന്നു. അദ്ദേഹം പ്രത്യേകിച്ച് ഒന്നും പഠിപ്പിക്കാറില്ല. വേണമെങ്കിൽ നോക്കിക്കണ്ട് പഠിച്ചോ എന്നൊരു രീതി. ആരോടും ഒന്നിനോടും പ്രത്യേകിച്ച് ഒരു മമതയും കാണിക്കാത്ത രീതി. സംശയമോ ചാഞ്ചാട്ടമോ ജോലിക്കാര്യത്തിൽ തീരെയില്ല. ഒരു പ്രൊഫഷണൽ സ്റ്റുഡിയോ ഷൂട്ട് എങ്ങനെയാണോ അതുപോലെയാണ് ക്ലാസ്. കുട്ടികളല്ലേ, കുറച്ച് മയത്തിൽ പോരേ എന്ന ചിന്തയൊന്നും ഇല്ല. മഹാജന്റെ പ്രാക്ടിക്കൽ ക്ലാസുകൾ അറിവിന്റെ ലോകത്തേക്ക് ഒരുപാട് കുട്ടികളുടെ കണ്ണ് തുറപ്പിച്ചു. ഛായാഗ്രഹണത്തിന്റെ രസതന്ത്രവും, വെളിച്ചത്തിന്റെ വ്യതിയാനങ്ങളും മാത്രമല്ല, സിനിമയിൽ ഛായാഗ്രാഹകന്റെ നയതന്ത്രവും ഞങ്ങളിൽ പലരും പഠിച്ചത് മഹാജന്റെ നിശബ്ദമായ ചില തുറിച്ച് നോട്ടങ്ങളിൽ നിന്നാണ്.

മഹാജൻ അവസാനമായി ഷൂട്ട് ചെയ്ത സിനിമയുടെ പേര് ‘എക്തി നൊദീർ നാം' എന്നായിരുന്നു. ഒരു നദിയുടെ പേര് എന്നർത്ഥം. പ്രശസ്ത ബംഗാളി സംവിധായകൻ ഋത്വിക് ഘട്ടക്കിന്റെ ജീവിതത്തെ ആസ്പദമാക്കി അനൂപ് സിംഗ് സംവിധാനം ചെയ്ത പടം. തൊണ്ടയിൽ കാൻസർ ബാധിച്ചതുമൂലം അത് പൂർത്തിയാക്കാൻ മഹാജന് സാധിച്ചില്ല. ചികിത്സയുടെ പാർശ്വഫലമായി അദ്ദേഹത്തിന്റെ സംസാരശേഷി പൂർണമായും നഷ്ടപ്പെട്ടു. ആ ചിത്രത്തിന്റെ ബാക്കി ഭാഗങ്ങൾ ഞാനാണ് പൂർത്തിയാക്കിയത്.

കെ.കെ. മഹാജൻ മൃണാൾ സെന്നിനൊപ്പം 'കോറസിൻറെ' ചിത്രീകരണത്തിനിടെ / Photo: mrinalsen.org

വിദ്യാർത്ഥി ജീവിതത്തിനുശേഷം അപൂർവ സന്ദർഭങ്ങളിലേ ഞാൻ മഹാജൻ സാബിനെ നേരിട്ട് കണ്ടിട്ടുള്ളൂ. അവസാനം കണ്ടത് തിരുവനന്തപുരത്താണ്. ഇൻഡ്യൻ സൊസൈറ്റി ഓഫ് സിനിമട്ടോഗ്രാഫേഴ്‌സ് എന്ന സംഘടനയുടെ വിശിഷ്ട അംഗത്വം സ്വീകരിക്കാൻ വി.കെ മൂർത്തി, വിൻസെന്റ് മാസ്റ്റർ എന്നിവരോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം. കാൻസർ അദ്ദേഹത്തിന്റെ ശരീരം തളർത്തിയിരുന്നു. സംസാരിക്കാനാവാത്തത് മനസ്സിന്റെ ഉന്മേഷവും കുറച്ചിരുന്നു. പത്തുദിവസം തിരുവനന്തപുരത്ത് നെടുമങ്ങാട്ട് താമസിച്ചിട്ടാണ് അദ്ദേഹവും ഭാര്യയും മടങ്ങിയത്. പത്ത് ദിവസത്തെ ആയുർവേദ ചികിത്സ അത്ഭുതങ്ങളൊന്നും കാണിച്ചില്ലെങ്കിലും യുവവൈദ്യൻ, മനസ്സ് തളരാൻ പാടില്ല, നമ്മൾ നമ്മുടെ ജീവിതം സാധാരണ പോലെ മുന്നോട്ടുകൊണ്ട് പോകണം, എന്തെങ്കിലുമൊക്കെ എഴുതാൻ ശ്രമിക്കണം എന്നെല്ലാം ഉപദേശിച്ചുകൊണ്ടിരുന്നു. വൈദ്യന്റെ മുമ്പിൽ നിശ്ശബ്ദനായി തുറിച്ചുനോക്കിയിരുന്ന മഹാജൻ സാബിന്റെ ചുണ്ടിന്റെ കോണിലെ പരമപുച്ഛം ഞാൻ കണ്ടു. ഈ വൈദ്യനറിയില്ല, തന്റെ മുമ്പിലിരിക്കുന്ന ഈ മനുഷ്യൻ ഒന്നിനേയും ഭയപ്പെടാത്ത ആളാണെന്ന്, ജിവിതത്തിലൊരു കാര്യത്തിനും ഒരു പരിധിക്കപ്പുറം യാതൊരു പ്രാധാന്യവും കൊടുക്കാത്ത ആളാണെന്ന്, ഇത് ഇന്ത്യൻ സിനിമ കണ്ട എറ്റവും വലിയ തന്റേടിയാണെന്ന്.വേണു

സിനിമാറ്റോഗ്രാഫർ, സംവിധായകൻ, എഴുത്തുകാരൻ. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും എന്നിവ പുസ്തകങ്ങൾ.

Comments