അപമാനിക്കപ്പെടുന്ന അവരാണ്​ സിനിമ സെറ്റിലെ ശരിയായ നായകർ

ഓരോ സിനിമ സെറ്റിലും സാഹചര്യം അനുസരിച്ച് തമ്പുരാന്മാർക്ക് മാറ്റം ഉണ്ടാകാറുണ്ട്. എന്നാൽ തമ്പുരാൻ ആരായാലും മുൻനിരയിൽ എന്തിനും തയാറായി നിൽക്കുന്ന ചാവേറുകൾ ആണ് നാം ലൈറ്റ് ബോയ്‌സ് എന്ന കൊളോണിയൽ പ്രയോഗത്തിലൂടെ അപമാനിക്കുന്ന, സിനിമ സെറ്റിലെ ശരിയായ നായകർ...വെള്ളിത്തിരക്കുപുറകിലെ കാഴ്​ചകൾ പകർത്തുകയാണ്​ ക്യാമറാമാനും സംവിധായകനും എഴുത്തുകാരനുമായ വേണു

വേണു

മ്മുടെ നാട്ടിൽ സിനിമ നിർമ്മാണരംഗത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴെല്ലാം സർവസാധാരണമായി ഉപയോഗിക്കുന്ന പ്രയോഗമാണ് ‘പ്രൊഡ്യൂസർ മുതൽ ലൈറ്റ് ബോയ്‌സ് വരെ' എന്നത്. ഇതുകൊണ്ട് അർത്ഥമാക്കുന്നത് ഏറ്റവും പ്രധാനി മുതൽ ഏറ്റവും താഴെയുള്ളവർ വരെ എന്നാണെന്ന് വ്യക്തമാണ്. ഇത് ഏത് വിവരദോഷി കണ്ടുപിടിച്ചതാണെന്ന് അറിയില്ല. പക്ഷെ ധാരാളം വിവരദോഷികൾ ഇന്നും ഇത് നിർബാധം വാക്യത്തിൽ പ്രയോഗിക്കുന്നത് കേൾക്കാം. എറ്റവും പ്രധാനി ആരാണെന്ന സംശയം അവിടെ നിൽക്കട്ടെ. അത് നിർമ്മാതാവോ സംവിധായകനോ കഥാകൃത്തോ താരങ്ങളോ ആരെങ്കിലും ആകട്ടെ. അതുമല്ലെങ്കിൽ സ്റ്റണ്ട് മാസ്റ്ററോ ഡാൻസ് മാസ്റ്ററോ ആരുമാകട്ടെ, ആ തർക്കം നമുക്ക് പിന്നെത്തീർക്കാം. കാരണം ഓരോ സിനിമ സെറ്റിലും സാഹചര്യം അനുസരിച്ച് തമ്പുരാന്മാർക്ക് മാറ്റം ഉണ്ടാകാറുണ്ട്. എന്നാൽ തമ്പുരാൻ ആരായാലും മുൻനിരയിൽ എന്തിനും തയാറായി നിൽക്കുന്ന ചാവേറുകൾ ആണ് നാം ലൈറ്റ് ബോയ്‌സ് എന്ന കൊളോണിയൽ പ്രയോഗത്തിലൂടെ അപമാനിക്കുന്ന, സിനിമ സെറ്റിലെ ശരിയായ നായകർ.

ലൈറ്റ് ബോയ്‌സ്, പ്രൊഡക്ഷൻ ബോയ്‌സ്, സെറ്റ് ബോയ്‌സ്, സ്‌പോട്ട് ബോയ്‌സ് തുടങ്ങിയ ബോയ്‌സ് പ്രയോഗങ്ങൾ ഇൻഡ്യൻ സിനിമ ബ്രിട്ടീഷ് കൊളോണിയൽ രീതി ഇന്നും തുടർന്നു പോരുന്നതിന്റെ നാണംകെട്ട ഉദാഹരണങ്ങളാണ്. ഇത് കണ്ടുപിടിച്ച ഇംഗ്ലണ്ടിൽ അവരാരും പ്രായപൂർത്തിയായ സാങ്കേതിക പ്രവർത്തകരെ ബോയ്‌സ് എന്ന് പേരുവിളിച്ച് അപമാനിക്കാറില്ല. ലൈറ്റിംഗ് അസിസ്സ്റ്റന്റസ് എന്നാണ് അവരുടെ പേര്. അവക്ക് മറ്റൊരു വിളിപ്പേരുമുണ്ട്, സ്പാർക്‌സ്, തീപ്പൊരി എന്നർത്ഥം!

മണി

ചില സ്ഥലങ്ങളിൽ പ്രത്യേകിച്ച് നാട്ടുപ്രദേശങ്ങളിൽ ഷൂട്ടിംഗിന് പോകുമ്പോൾ നാട്ടുകാരിൽ ചിലർ സഹായികളായി കൂടാറുണ്ട്. അവരിൽ ചിലർ തുടക്കം മുതൽ ഷൂട്ടിംഗ് തിരുന്നതുവരെ ആഴ്ചകളോളം ദിവസവും ലൊക്കേഷനിൽ ഉണ്ടാകും. എല്ലാ കാര്യത്തിനും സഹായമായി കൂടെ കാണും. അതിൽ ചിലരൊക്കെ ഇങ്ങനെ അവിചാരിതമായി വന്ന്, സിനിമയിൽ തുടർന്നും ജോലി ചെയ്ത് സ്ഥിരം സിനിമാക്കാരായവരും ഉണ്ട്. പലരും ഒരു സിനിമ കൊണ്ട് നിർത്തിയവരാണ്.

ഒരിക്കൽ ഒരു സിനിമാലൊക്കേഷനിൽ ആ ഭാഗത്തുള്ള ഒരാൾ ജോലിക്കു കൂടി. മണിയെന്നാണ് പേര്. ചെറുപ്പമാണ്. മണി എപ്പോഴും എന്തുജോലിയും ചെയ്യാൻ റെഡിയായി നിന്നു. മരത്തിൽ കയറാനും കമ്പികെട്ടാനും ആളെ മാറ്റാനും കോഴിയെ പിടിക്കാനും എല്ലാത്തിനും മണി വേണം. ഓരോ ഷോട്ട് കഴിയുമ്പോഴും മണീ - മണീ എന്ന വിളി കേൾക്കാമായിരുന്നു. രാവിലെ ലൊക്കേഷനിൽ ആദ്യം എത്തുന്നത് മണിയാണ്. രാത്രി അവസാനം പോകുന്നതും മണിയാണ്. ഒരു മാസം കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞു. എല്ലാവരും തിരികെ പോകാനുള്ള തിരിക്കിലാണ്. ഈ സമയത്ത് ഏറ്റവും തിരക്ക് പ്രൊഡക്ഷൻ കൺട്രോളർക്കും കാഷ്യർക്കും ആണ്. എല്ലാവർക്കും എന്തെങ്കിലും കൊടുക്കാതെ പറ്റില്ല. ഫണ്ട് വന്നിട്ടില്ല തുടങ്ങിയ പതിവ് പല്ലവികൾക്കിടെയിൽ ഉളള ഫണ്ട് അത്യാവശ്യക്കാർക്കായി വീതിച്ചുകൊടുത്ത് ഒന്ന് നടുവ് നിവർത്തിയപ്പോൾ മണി മാത്രം പോയിട്ടില്ല എന്ന് പ്രൊഡക്ഷൻ കൺട്രോളർ കണ്ടു. മണിക്ക് കൊടുക്കാൻ കാശില്ല.
എന്താ മണീ പോകണ്ടേ എന്ന് കൺട്രോളർ ചോദിച്ചു.
മണി ഒന്ന് മടിച്ചു.
എന്താ കാര്യം പറ..
അല്ല, സിനിമയിൽ ജോലി ചെയ്യുന്നതിന് കാശ് കൊടുക്കുകേലേ? എനിക്കൊന്നും കിട്ടീല്ല.
പിന്നെ, കാശു കൊടുക്കാതെങ്ങനെയാ ജോലി ചെയ്യുന്നത്? എല്ലാരും കാശുകൊടുക്കും. അല്ലാതെ എങ്ങനെയാ...... പക്ഷേ മണിയുടെ കാര്യത്തിൽ അങ്ങനെയല്ല. മണി നമ്മടെ സ്വന്തം ആളല്ലേ, മണി കാശൊന്നും തരണ്ട. മണി പൊയ്‌ക്കോ....
മണി പോയി.വേണു

സിനിമാറ്റോഗ്രാഫർ, സംവിധായകൻ, എഴുത്തുകാരൻ. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും എന്നിവ പുസ്തകങ്ങൾ.

Comments