1991-ലാണ് ഗുണ ഷൂട്ടിംഗ് നടക്കുന്നത്. കമൽ ഹാസൻ ആണ് കൊടൈക്കനാലിൽ ഈ സ്ഥലം, കേവ് കണ്ടുവച്ചത്. അന്ന് ഡെവിൾസ് കിച്ചൺ എന്നൊക്കെയായിരുന്നു കേവ്സിനെ വിളിച്ചിരുന്നത്. ഷൂട്ടിംഗ് വളരെ പാടായിരുന്നു.
കമൽ ഈ സ്ഥലം-കേവ്സ് കണ്ടുവെച്ചതിന് ശേഷം, ഇതിന്റെ ഡയറക്ടർ സന്താന ഭാരതി, പ്രൊഡ്യൂസർ അലമേലു സുബ്രഹ്മണ്യം, കമൽ, ഞാൻ ഇത്രേം പേര് ആ സ്ഥലം കാണാൻ വീണ്ടും പോയി. ഡയറക്ടർക്ക് അങ്ങോട്ട് ഇറങ്ങാൻപോലും പറ്റിയില്ല. പുള്ളിക്ക് തലകറങ്ങി. അങ്ങനെ അവിടെ ഷൂട്ടിങ് വേണ്ട എന്ന് തീരുമാനിച്ചു. കമൽ എൻ്റെടുത്ത് ചോദിച്ചു നടക്കുകില്ലേന്ന്? ഞാൻ പറഞ്ഞു, പോസിബിൾ ആണ്. പക്ഷേ, അതിനനുസരിച്ച് ആളുകൾക്കൊക്കെ പൈസ കൊടുക്കണം. നല്ല റിസ്ക്കുള്ളതല്ലേ? അങ്ങനെ എല്ലാവർക്കും ഡബിൾ ബാറ്റയൊക്കെ കൊടുത്തിട്ടാണ് ഷൂട്ട് ചെയ്തത്.
മഞ്ഞുമ്മൽ ബോയ്സിലും ഗുണയിലും അവർ കിടക്കുന്ന ആ സ്ഥലമുണ്ടല്ലോ. അങ്ങോട്ടിറങ്ങുന്ന വഴിയാണ് ഏറ്റവും ബുദ്ധിമുട്ട്. വഴിയിലെല്ലാം ഞങ്ങൾ കയറൊക്കെ അടിച്ച് ഇറങ്ങാൻ ലാഡറൊക്കെ ഉണ്ടാക്കി, ആ വഴിയൊന്നും കാണിക്കാൻ പറ്റാതായിപ്പോയി. മൂന്ന് മണിക്കൂറുവേണം സാധനങ്ങളൊക്കെ താഴെയിറക്കാൻ. അത്രയ്ക്ക് ബുദ്ധിമുട്ടായിരുന്നു.
പത്തു ദിവസത്തോളമെടുത്തു ഷൂട്ട് ചെയ്യാൻ. കാരണം അങ്ങോട്ട് ചെല്ലുമ്പോഴത്തേക്ക് 12 മണിയാവും. പിന്നെ രണ്ട് മൂന്ന് മണിക്കൂറല്ലേ ഷൂട്ട്.
സിനിമയിൽ കാണുന്നത് പോലല്ല, ഒട്ടും വെളിച്ചമില്ല. നമ്മുടെ ലൈറ്റ്സ് വെച്ചാണ് ഷൂട്ട് ചെയ്തത്. ഗുണ ഭയങ്കര റിസ്കായിരുന്നു. സീരിയസ് റിസ്കായിരുന്നു. അവിടേക്ക് ഇറങ്ങുന്ന സ്ഥലത്ത് ഒരാൾടെ ഗ്രേവ് ഉണ്ട്. അവിടെ എഴുതി വെച്ചിട്ടുണ്ട്, ചെമ്പകനാടാർ എന്നു പറയുന്ന ഒരാൾ അതിൻന്റെയകത്ത് വീണ് മരിച്ചു പോയി. മൂന്ന് ദിവസം കഴിഞ്ഞാണ് ബോഡി കിട്ടിയത് എന്നൊക്കെ. ആളുകൾ അങ്ങോട്ട് പോകുന്നതിനുമുൻപ് അവിടെ വിളക്ക് വെക്കാൻ തുടങ്ങി. അവസാനം ഇയാള് അവിടത്തെ വലിയ ദൈവമായി.